വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭൂമിയിലെ നിത്യജീവൻ: ഒരു ക്രിസ്‌തീയ പ്രത്യാശയോ?

ഭൂമിയിലെ നിത്യജീവൻ: ഒരു ക്രിസ്‌തീയ പ്രത്യാശയോ?

ഭൂമിയിലെ നിത്യജീവൻ: ഒരു ക്രിസ്‌തീയ പ്രത്യാശയോ?

“[ദൈവം] അവരുടെ കണ്ണിൽനിന്നു കണ്ണുനീരെല്ലാം തുടച്ചുകളയും. മേലാൽ മരണം ഉണ്ടായിരിക്കുകയില്ല.”—വെളി. 21:4.

1, 2. ഒന്നാം നൂറ്റാണ്ടിലെ യഹൂദരിൽ അനേകർക്കും ഭൂമിയിലെ നിത്യജീവന്റെ പ്രത്യാശ ഉണ്ടായിരുന്നുവെന്ന്‌ നാം എങ്ങനെ അറിയുന്നു?

ധനവാനും പ്രമാണിയുമായ ഒരു യുവാവ്‌ ഒരിക്കൽ യേശുവിന്റെ അടുക്കൽവന്നു മുട്ടുകുത്തി അവനോടു ചോദിച്ചു: “നല്ല ഗുരോ, നിത്യജീവൻ അവകാശമാക്കാൻ ഞാൻ എന്തു ചെയ്യണം?” (മർക്കോ. 10:17) നിത്യജീവൻ അവകാശമാക്കുന്നതിനെക്കുറിച്ചാണ്‌ ആ ചെറുപ്പക്കാരൻ ചോദിച്ചത്‌ എന്നു ശ്രദ്ധിക്കുക. പക്ഷേ എവിടെ നിത്യം ജീവിക്കുന്നതിനെക്കുറിച്ചാണ്‌ അവൻ ചോദിച്ചത്‌? കഴിഞ്ഞ ലേഖനത്തിൽ നാം കണ്ടതുപോലെ, നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ ദൈവം യഹൂദന്മാർക്ക്‌ പുനരുത്ഥാനത്തിന്റെയും ഭൂമിയിലെ നിത്യജീവന്റെയും പ്രത്യാശ നൽകിയിട്ടുണ്ടായിരുന്നു. ആ പ്രത്യാശ ഒന്നാം നൂറ്റാണ്ടിലെ യഹൂദന്മാരിൽ പലരുടെയും മനസ്സിൽ ജ്വലിച്ചുനിന്നിരുന്നു.

2 യേശുവിന്റെ സുഹൃത്തായിരുന്ന മാർത്ത, മരിച്ചുപോയ തന്റെ സഹോദരനെക്കുറിച്ച്‌, “അവസാനനാളിലെ പുനരുത്ഥാനത്തിൽ അവൻ ഉയിർത്തെഴുന്നേൽക്കുമെന്ന്‌ എനിക്കറിയാം” എന്നു പറഞ്ഞപ്പോൾ അവൻ വീണ്ടും ഈ ഭൂമിയിലേക്ക്‌ ഉയിർത്തെഴുന്നേൽക്കും എന്ന പ്രത്യാശയായിരുന്നു ആ വാക്കുകളിൽ. (യോഹ. 11:24) അന്നാളിലെ സദൂക്യർ പുനരുത്ഥാനത്തിൽ വിശ്വസിച്ചിരുന്നില്ല എന്നതു സത്യമാണ്‌. (മർക്കോ. 12:18) എന്നിരുന്നാലും, യഹൂദമതം—ക്രിസ്‌തീയയുഗത്തിന്റെ ആദ്യനൂറ്റാണ്ടുകളിൽ (ഇംഗ്ലീഷ്‌) എന്ന തന്റെ പുസ്‌തകത്തിൽ ജോർജ്‌ ഫൂട്ട്‌ മൂർ എഴുതി: “ലോകചരിത്രത്തിൽ വഴിത്തിരിവാകുന്ന ഒരു സമയം വന്നെത്തും, അപ്പോൾ മൺമറഞ്ഞ മുൻതലമുറകൾ ഈ ഭൂമിയിലെ ജീവനിലേക്കു വീണ്ടും വരുത്തപ്പെടും എന്ന്‌ ആളുകൾ വിശ്വസിച്ചിരുന്നതായി ബി.സി. ഒന്നും രണ്ടും നൂറ്റാണ്ടുകളിലെ ലിഖിതങ്ങൾ തെളിയിക്കുന്നു.” യേശുവിന്റെ അടുക്കൽ വന്ന ധനികനായ ആ യുവാവ്‌ ഭൂമിയിൽ നിത്യം ജീവിക്കാനാണ്‌ ആഗ്രഹിച്ചത്‌.

3. ഏതൊക്കെ ചോദ്യങ്ങൾ ഈ ലേഖനത്തിൽ പരിചിന്തിക്കും?

3 ഭൂമിയിലെ നിത്യജീവൻ ഒരു ക്രിസ്‌തീയ പഠിപ്പിക്കലാണെന്ന്‌ മിക്ക മതങ്ങളും ബൈബിൾ പണ്ഡിതന്മാരും ഇന്ന്‌ അംഗീകരിക്കുന്നില്ല. മരണാനന്തരം ഒരു ആത്മമണ്ഡലത്തിൽ തുടർന്നു ജീവിക്കുമെന്നാണ്‌ ഒട്ടുമിക്ക ആളുകളും വിശ്വസിക്കുന്നത്‌. അതുകൊണ്ടുതന്നെ ക്രിസ്‌തീയ ഗ്രീക്ക്‌ തിരുവെഴുത്തുകൾ വായിക്കുന്നവരിൽ പലരും “നിത്യജീവൻ” എന്നു കാണുമ്പോഴൊക്കെ ചിന്തിക്കുന്നത്‌, അത്‌ സ്വർഗീയ ജീവിതത്തെ അർഥമാക്കുന്നു എന്നാണ്‌. എന്നാൽ അത്‌ അങ്ങനെയാണോ? നിത്യജീവനെക്കുറിച്ചു സംസാരിച്ചപ്പോൾ യേശു എന്താണ്‌ അർഥമാക്കിയത്‌? അവന്റെ ശിഷ്യന്മാരുടെ വിശ്വാസം എന്തായിരുന്നു? ക്രിസ്‌തീയ ഗ്രീക്ക്‌ തിരുവെഴുത്തുകൾ ഭൂമിയിലെ നിത്യജീവന്റെ പ്രത്യാശയെക്കുറിച്ചു പഠിപ്പിക്കുന്നുണ്ടോ?

‘പുനഃസൃഷ്ടിയിലെ’ നിത്യജീവൻ

4. ‘പുനഃസൃഷ്ടിയിൽ’ എന്തു സംഭവിക്കും?

4 നിത്യജീവനെക്കുറിച്ചുള്ള യേശുവിന്റെ പരാമർശങ്ങൾ ബൈബിളിൽ പലയിടങ്ങളിലും നമുക്കു കാണാനാകും. ഭൂമിയെ ഭരിക്കുക എന്ന ഉദ്ദേശ്യത്തിൽ അഭിഷിക്തക്രിസ്‌ത്യാനികൾ സ്വർഗീയജീവനിലേക്കു പുനരുത്ഥാനം പ്രാപിക്കുമെന്ന്‌ നാം വായിക്കുന്നു. (ലൂക്കോ. 12:32; വെളി. 5:9, 10; 14:1-3) എന്നാൽ എല്ലായ്‌പോഴും അവന്റെ മനസ്സിൽ ഈയൊരു കൂട്ടം മാത്രമല്ല ഉണ്ടായിരുന്നത്‌. നമുക്കിത്‌ എങ്ങനെ അറിയാം? യേശുവിന്റെ ക്ഷണം നിരസിച്ച്‌ ധനികനായ ആ യുവാവ്‌ മടങ്ങിപ്പോയശേഷം യേശു തന്റെ അപ്പൊസ്‌തലന്മാരോട്‌, അവർ രാജാക്കന്മാരായി വാഴുമെന്നും “ഇസ്രായേലിന്റെ പന്ത്രണ്ടുഗോത്രങ്ങളെ” ന്യായംവിധിക്കുമെന്നും പറഞ്ഞു. (മത്തായി 19:28, 29 വായിക്കുക.) ‘ഇസ്രായേലിന്റെ ഈ പന്ത്രണ്ടുഗോത്രങ്ങൾ’ സ്വർഗത്തിൽ രാജ്യാധികാരം പ്രാപിക്കുന്നവർ ഒഴികെയുള്ള മുഴു മനുഷ്യവർഗത്തെയും കുറിക്കുന്നു. (1 കൊരി. 6:2) ‘നിത്യജീവൻ അവകാശമാക്കും’ എന്ന യേശുവിന്റെ പ്രസ്‌താവന, തന്നെ അനുഗമിക്കുന്ന “ഏവനും” ലഭിക്കുന്ന ഒരു പ്രതിഫലത്തിലേക്കു വിരൽചൂണ്ടുന്നു. ഇതെല്ലാം ‘പുനഃസൃഷ്ടിയുടെ’ സമയത്താണ്‌ സംഭവിക്കുക.

5. ‘പുനഃസൃഷ്ടിയെ’ നിങ്ങൾ എങ്ങനെ നിർവചിക്കും?

5 “പുനഃസൃഷ്ടി” എന്നു പറഞ്ഞപ്പോൾ യേശു എന്താണ്‌ അർഥമാക്കിയത്‌? വ്യത്യസ്‌ത ഭാഷാന്തരങ്ങൾ ഈ പദത്തെ എങ്ങനെ വിവർത്തനം ചെയ്‌തിരിക്കുന്നു എന്നു നോക്കുക. ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം ഈ പദത്തെ, “സകലവും പുതുതാക്കപ്പെടുന്ന സന്ദർഭത്തിൽ” എന്നും പരിശുദ്ധ ബൈബിൾ, ഈസി റ്റു റീഡ്‌ വേർഷൻ, “പുതിയ ലോകം സൃഷ്ടിക്കപ്പെടുമ്പോൾ” എന്നും വിവർത്തനം ചെയ്‌തിരിക്കുന്നു. യേശു ഈ പദം ഉപയോഗിച്ചത്‌ പ്രത്യേകിച്ചൊരു വിശദീകരണമില്ലാതെയാണ്‌. ഇതിൽനിന്നും, യഹൂദന്മാർക്ക്‌ അറിയാവുന്ന ഒരു സംഗതിയെക്കുറിച്ച്‌, അവർ നൂറ്റാണ്ടുകളായി വെച്ചുപുലർത്തിയിരുന്ന ഒരു പ്രത്യാശയെക്കുറിച്ചാണ്‌ അവൻ പരാമർശിച്ചതെന്ന്‌ വ്യക്തം. അതായത്‌ ആദാമും ഹവ്വായും പാപം ചെയ്യുന്നതിനുമുമ്പ്‌ ഏദെനിൽ ഉണ്ടായിരുന്ന അവസ്ഥയിലേക്കു ഭൂമി മടങ്ങിവരണമെങ്കിൽ ഒരു പുനഃസൃഷ്ടി കൂടിയേതീരൂ എന്ന്‌ അവർ വിശ്വസിച്ചിരുന്നു. “ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു” എന്ന ദൈവത്തിന്റെ വാഗ്‌ദാനം ‘പുനഃസൃഷ്ടിയിലൂടെ’ നിറവേറും.—യെശ. 65:17.

6. ചെമ്മരിയാടുകളുടെയും കോലാടുകളുടെയും ദൃഷ്ടാന്തം നിത്യജീവന്റെ പ്രത്യാശയെക്കുറിച്ച്‌ എന്തു പഠിപ്പിക്കുന്നു?

6 യുഗസമാപ്‌തിയെക്കുറിച്ചു സംസാരിച്ചപ്പോഴും യേശു നിത്യജീവനെക്കുറിച്ചു പറയുകയുണ്ടായി. (മത്താ. 24:1-3) “മനുഷ്യപുത്രൻ സകല ദൂതന്മാരോടുമൊപ്പം തന്റെ മഹത്ത്വത്തിൽ വരുമ്പോൾ” സംഭവിക്കുന്നതിനെക്കുറിച്ച്‌ അവൻ പറയുന്നു: “അവൻ തന്റെ മഹിമയാർന്ന സിംഹാസനത്തിലിരിക്കും. സകല ജനതകളും അവന്റെ മുമ്പാകെ ഒരുമിച്ചുകൂട്ടപ്പെടും. ഇടയൻ കോലാടുകളിൽനിന്നു ചെമ്മരിയാടുകളെ വേർതിരിക്കുന്നതുപോലെ അവൻ ആളുകളെ തമ്മിൽ വേർതിരിക്കും. അവൻ ചെമ്മരിയാടുകളെ തന്റെ വലത്തും കോലാടുകളെ തന്റെ ഇടത്തും നിറുത്തും.” പ്രതികൂല ന്യായവിധി ലഭിക്കുന്നവർ “നിത്യച്ഛേദനത്തിലേക്കു പോകും.” എന്നാൽ “നീതിമാന്മാരോ നിത്യജീവനിലേക്കും.” ക്രിസ്‌തുവിന്റെ ആത്മാഭിഷിക്ത ‘സഹോദരന്മാരെ’ വിശ്വസ്‌തതയോടെ പിന്തുണയ്‌ക്കുന്നവരാണ്‌ നിത്യജീവൻ ലഭിക്കുന്ന ‘നീതിമാന്മാർ.’ (മത്താ. 25:31-34, 40, 41, 45, 46) അഭിഷിക്തരെ സ്വർഗീയ രാജ്യത്തിൽ ഭരണകർത്താക്കളാകാൻ തിരഞ്ഞെടുത്തിരിക്കുന്നതിനാൽ “നീതിമാന്മാർ” ന്യായമായും ആ രാജ്യത്തിന്റെ ഭൗമിക പ്രജകളായിരിക്കും. യഹോവയാൽ നിയമിതനായ രാജാവ്‌, “സമുദ്രംമുതൽ സമുദ്രംവരെയും നദിമുതൽ ഭൂമിയുടെ അറ്റങ്ങൾവരെയും ഭരിക്കും” എന്നു ബൈബിൾ പറയുന്നു. (സങ്കീ. 72:8) അതെ, ഭൂവ്യാപകമായുള്ള അവന്റെ ഈ പ്രജകൾ ഭൂമിയിൽ നിത്യജീവൻ ആസ്വദിക്കും.

യോഹന്നാന്റെ സുവിശേഷം നൽകുന്ന തെളിവുകൾ

7, 8. ഏതു രണ്ടു പ്രത്യാശയെക്കുറിച്ചാണ്‌ നിക്കൊദേമൊസിനോട്‌ യേശു പറഞ്ഞത്‌?

7 മത്തായിയുടെയും മർക്കോസിന്റെയും ലൂക്കോസിന്റെയും സുവിശേഷവിവരണങ്ങളിൽ യേശു ‘നിത്യജീവൻ’ എന്ന പദം ഉപയോഗിച്ചിട്ടുള്ളതായി കാണാം, ചില ഉദാഹരണങ്ങളും നാം പരിശോധിച്ചു. നിത്യമായ ജീവിതത്തെ കുറിക്കുന്ന യേശുവിന്റെ വാക്കുകൾ ഏതാണ്ട്‌ 17-ഓളം പ്രാവശ്യം യോഹന്നാന്റെ സുവിശേഷത്തിൽ നാം കാണുന്നു. ഭൂമിയിലെ നിത്യജീവന്റെ പ്രത്യാശയെക്കുറിച്ച്‌ യേശു യഥാർഥത്തിൽ എന്താണു പറഞ്ഞതെന്നു മനസ്സിലാക്കാൻ ആ സാഹചര്യങ്ങളിൽ ചിലത്‌ നമുക്കൊന്ന്‌ നോക്കാം.

8 യോഹന്നാന്റെ വിവരണം അനുസരിച്ച്‌, പരീശനായ നിക്കൊദേമൊസിനോടാണ്‌ യേശു ആദ്യമായി നിത്യജീവനെക്കുറിച്ചു പറയുന്നത്‌. യേശു അവനോട്‌, “വെള്ളത്താലും ആത്മാവിനാലും ജനിക്കുന്നില്ലെങ്കിൽ ഒരുവനു ദൈവരാജ്യത്തിൽ പ്രവേശിക്കാനാവില്ല” എന്നു പറഞ്ഞു. അതെ, സ്വർഗരാജ്യത്തിൽ പ്രവേശിക്കുന്നതിന്‌ ഒരു വ്യക്തി ‘വീണ്ടും ജനിക്കേണ്ടതുണ്ട്‌.’ (യോഹ. 3:3-5) എന്നാൽ യേശു അത്രമാത്രമല്ല പറഞ്ഞത്‌. മുഴുമനുഷ്യരെയും കാത്തിരിക്കുന്ന ഒരു പ്രത്യാശയെക്കുറിച്ചും അവൻ പറഞ്ഞു. (യോഹന്നാൻ 3:16 വായിക്കുക.) തന്റെ അഭിഷിക്ത അനുഗാമികൾക്കു സ്വർഗത്തിലെ നിത്യജീവനും മറ്റുള്ളവർക്കു ഭൂമിയിലെ നിത്യജീവനും ലഭിക്കുമെന്നാണ്‌ യേശു അർഥമാക്കിയത്‌.

9. ശമര്യസ്‌ത്രീയോട്‌ ഏതു പ്രത്യാശയെക്കുറിച്ചാണ്‌ യേശു പറഞ്ഞത്‌?

9 യെരുശലേമിൽ നിക്കൊദേമൊസിനോടു സംസാരിച്ചശേഷം യേശു വടക്ക്‌ ഗലീലയിലേക്കു യാത്രയായി. യാത്രാമധ്യേ, ശമര്യയിലെ സുഖാർ പട്ടണത്തിനടുത്തുള്ള യാക്കോബിന്റെ കിണറ്റിങ്കൽവെച്ച്‌ യേശു ഒരു സ്‌ത്രീയെ കണ്ടുമുട്ടി. അവൻ അവളോടു പറഞ്ഞു: “ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവനോ ഒരിക്കലും ദാഹിക്കുകയില്ല. ആ വെള്ളം അവനിൽ, നിത്യജീവനിലേക്കു നിർഗളിക്കുന്ന ഒരു നീരുറവായിത്തീരും.” (യോഹ. 4:5, 6, 14) ഈ വെള്ളം, ഭൂമിയിൽ ജീവിക്കാൻ പ്രത്യാശിക്കുന്നവർ ഉൾപ്പെടെ സകല മനുഷ്യർക്കും നിത്യജീവൻ തിരികെ ലഭിക്കുന്നതിനായി ദൈവം ചെയ്‌തിരിക്കുന്ന കരുതലുകളെ ചിത്രീകരിക്കുന്നു. “ദാഹിക്കുന്നവനു ഞാൻ ജീവജലത്തിന്റെ ഉറവിൽനിന്നു സൗജന്യമായി കുടിക്കാൻ കൊടുക്കും” എന്നു ദൈവംതന്നെ പറയുന്നതായി വെളിപാട്‌ പുസ്‌തകം പ്രസ്‌താവിക്കുന്നു. (വെളി. 21:5, 6; 22:17) അതുകൊണ്ട്‌ യേശു ആ ശമര്യസ്‌ത്രീയോടു നിത്യജീവനെക്കുറിച്ചു പറഞ്ഞപ്പോൾ രാജ്യാവകാശികളായ അഭിഷിക്തർക്കു ലഭിക്കുന്ന നിത്യജീവനും ഭൂമിയിൽ ജീവിക്കാൻ പ്രത്യാശിക്കുന്നവർക്കുള്ള നിത്യജീവനും അവന്റെ മനസ്സിലുണ്ടായിരുന്നു.

10. ബേത്ത്‌സഥയിലെ കുളത്തിങ്കൽ ഒരു മനുഷ്യനെ സൗഖ്യമാക്കിയശേഷം യേശു, തന്റെ വിമർശകരോട്‌ നിത്യജീവനെക്കുറിച്ച്‌ എന്തു പറഞ്ഞു?

10 പിറ്റേവർഷവും യേശു യെരുശലേമിലെത്തി. അപ്പോൾ, ബേത്ത്‌സഥ കുളക്കരയിൽ കിടന്നിരുന്ന രോഗിയായ ഒരു മനുഷ്യനെ അവൻ സുഖപ്പെടുത്തി. തന്നെ വിമർശിച്ച യഹൂദന്മാരോടായി യേശു പറഞ്ഞു: “പിതാവ്‌ ചെയ്‌തുകാണുന്നതല്ലാതെ പുത്രന്‌ സ്വയമായി ഒന്നും ചെയ്യാൻ കഴിയില്ല.” “വിധി മുഴുവനും [പിതാവ്‌] പുത്രനെ ഏൽപ്പിച്ചിരിക്കുന്നു” എന്നു പറഞ്ഞശേഷം അവൻ തുടർന്നു: “എന്റെ വചനം കേൾക്കുകയും എന്നെ അയച്ചവനെ വിശ്വസിക്കുകയും ചെയ്യുന്നവനു നിത്യജീവൻ ഉണ്ട്‌.” യേശു പിൻവരുന്നപ്രകാരവും പറഞ്ഞു: “സ്‌മാരകക്കല്ലറകളിലുള്ള എല്ലാവരും [മനുഷ്യപുത്രന്റെ] ശബ്ദം കേട്ടു പുറത്തുവരുന്ന സമയം വരുന്നു; നന്മ ചെയ്‌തവർ ജീവനായും തിന്മയിൽ തുടർന്നവർ ന്യായവിധിക്കായും പുനരുത്ഥാനം പ്രാപിക്കും.” (യോഹ. 5:1-9, 19, 22, 24-29) ഭൂമിയിൽ നിത്യം ജീവിക്കുകയെന്ന യഹൂദജനതയുടെ പ്രത്യാശ സാക്ഷാത്‌കരിക്കാൻ ദൈവം നിയുക്തനാക്കിയിരിക്കുന്നത്‌ തന്നെയാണെന്നാണ്‌ പീഡകരായ യഹൂദന്മാരോട്‌ യേശു പറയുന്നത്‌. മരിച്ചവരെ ഉയിർപ്പിച്ചുകൊണ്ടായിരിക്കും അവനതു ചെയ്യുക.

11. യോഹന്നാൻ 6:48-51-ലെ യേശുവിന്റെ വാക്കുകളിൽ ഭൂമിയിലെ നിത്യജീവന്റെ പ്രത്യാശ ഉൾപ്പെട്ടിട്ടുണ്ടെന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം?

11 യേശു അത്ഭുതകരമായി നൽകുന്ന ഭക്ഷണം പ്രതീക്ഷിച്ച്‌ ആയിരക്കണക്കിനാളുകൾ ഗലീലയിൽവെച്ച്‌ അവന്റെ പിന്നാലെകൂടി. അപ്പോൾ അവൻ അവരോട്‌ മറ്റൊരുതരം അപ്പത്തെക്കുറിച്ച്‌, അതായത്‌ “ജീവന്റെ അപ്പ”ത്തെക്കുറിച്ചു പറഞ്ഞു. (യോഹന്നാൻ 6:40, 48-51 വായിക്കുക.) “ഞാൻ കൊടുക്കാനിരിക്കുന്ന അപ്പമോ . . . എന്റെ മാംസമാകുന്നു” എന്ന്‌ അവൻ പറഞ്ഞു. യേശു തന്റെ ജീവൻ നൽകിയത്‌ സ്വർഗീയരാജ്യത്തിൽ തന്നോടൊപ്പം ഭരിക്കാനുള്ളവർക്കുവേണ്ടി മാത്രമല്ല, വീണ്ടെടുക്കപ്പെടാവുന്ന മനുഷ്യവർഗ“ലോകത്തിന്റെ ജീവനു വേണ്ടി”യും കൂടിയാണ്‌. ‘ഈ അപ്പം തിന്നുന്നവന്‌’ അതായത്‌ യേശുവിന്റെ യാഗത്തിന്റെ വീണ്ടെടുപ്പുപ്രാപ്‌തിയിൽ വിശ്വസിക്കുന്നവന്‌ നിത്യജീവന്റെ പ്രത്യാശ ഉണ്ടായിരിക്കും. “എന്നേക്കും ജീവിക്കും” എന്നു പറയുമ്പോൾ, അതിൽ മിശിഹൈക ഭരണത്തിൻകീഴിൽ ഭൂമിയിൽ നിത്യം ജീവിക്കാമെന്ന യഹൂദന്മാരുടെ കാലങ്ങളായുള്ള പ്രത്യാശയും ഉൾപ്പെടുന്നു.

12. ‘ഞാൻ ആടുകൾക്കു നിത്യജീവൻ നൽകുന്നു’ എന്ന്‌ എതിരാളികളോട്‌ പറഞ്ഞപ്പോൾ യേശു ഏതു പ്രത്യാശയെക്കുറിച്ചാണ്‌ പറഞ്ഞത്‌?

12 പിന്നെയൊരവസരത്തിൽ, യെരുശലേമിലെ സമർപ്പണോത്സവത്തിന്റെ സമയത്ത്‌ യേശു തന്റെ എതിരാളികളോട്‌ പറഞ്ഞു: “നിങ്ങളോ വിശ്വസിക്കുന്നില്ല; എന്തെന്നാൽ നിങ്ങൾ എന്റെ ആടുകളല്ല. എന്റെ ആടുകൾ എന്റെ സ്വരം ശ്രദ്ധിക്കുന്നു. ഞാൻ അവയെ അറിയുന്നു; അവ എന്നെ അനുഗമിക്കുകയും ചെയ്യുന്നു. ഞാൻ അവയ്‌ക്കു നിത്യജീവൻ നൽകുന്നു.” (യോഹ. 10:26-28) സ്വർഗത്തിലെ ജീവിതത്തെ ഉദ്ദേശിച്ചു മാത്രമാണോ യേശു ഇതു പറഞ്ഞത്‌, അതോ ഭൗമികപറുദീസയിലെ അനന്തമായ ജീവിതം അവന്റെ മനസ്സിലുണ്ടായിരുന്നോ? “ചെറിയ ആട്ടിൻകൂട്ടമേ, ഭയപ്പെടേണ്ട. നിങ്ങളുടെ പിതാവ്‌ രാജ്യം നിങ്ങൾക്കു നൽകാൻ പ്രസാദിച്ചിരിക്കുന്നു” എന്ന്‌ പറഞ്ഞുകൊണ്ട്‌ യേശു തന്റെ അനുഗാമികൾക്ക്‌ ധൈര്യം പകർന്നത്‌ അടുത്തകാലത്താണ്‌. (ലൂക്കോ. 12:32) ഈ സമർപ്പണോത്സവത്തിന്റെ സമയത്തുതന്നെ യേശു ഇങ്ങനെ പറയുന്നു: “ഈ തൊഴുത്തിൽപ്പെടാത്ത വേറെ ആടുകളും എനിക്കുണ്ട്‌; അവയെയും ഞാൻ നടത്തേണ്ടതാകുന്നു.” (യോഹ. 10:16) അതുകൊണ്ട്‌ ആ എതിരാളികളോട്‌ സംസാരിക്കവെ, ‘ചെറിയ ആട്ടിൻകൂട്ടത്തിനുള്ള’ സ്വർഗീയ പ്രത്യാശയും ദശലക്ഷങ്ങൾവരുന്ന ‘വേറെ ആടുകളുടെ’ ഭൂമിയിലെ നിത്യജീവന്റെ പ്രത്യാശയും യേശുവിന്റെ വാക്കുകളിൽ അന്തർലീനമായിരുന്നു.

വിശദീകരണം ആവശ്യമില്ലാത്ത പ്രത്യാശ

13. “നീ എന്നോടുകൂടെ പറുദീസയിൽ ഉണ്ടായിരിക്കും” എന്നു പറഞ്ഞപ്പോൾ യേശു എന്താണ്‌ അർഥമാക്കിയത്‌?

13 സ്‌തംഭത്തിലെ കഠോരവേദന അനുഭവിക്കുന്ന സമയത്തും യേശു മനുഷ്യവർഗത്തിന്റെ പ്രത്യാശയ്‌ക്ക്‌ ഈടുറ്റ ഉറപ്പുനൽകി. യേശുവിനോടൊപ്പം സ്‌തംഭത്തിലേറ്റിയിരുന്ന ഒരു ദുഷ്‌പ്രവൃത്തിക്കാരൻ അവനോട്‌, “യേശുവേ, നീ നിന്റെ രാജ്യത്തിൽ പ്രവേശിക്കുമ്പോൾ എന്നെയും ഓർക്കേണമേ” എന്ന്‌ അപേക്ഷിച്ചു. അപ്പോൾ യേശു പിൻവരുന്ന വാഗ്‌ദാനം അവനു നൽകി: “സത്യമായി ഇന്നു ഞാൻ നിന്നോടു പറയുന്നു: നീ എന്നോടുകൂടെ പറുദീസയിൽ ഉണ്ടായിരിക്കും.” (ലൂക്കോ. 23:42, 43) സാധ്യതയനുസരിച്ച്‌ ആ മനുഷ്യൻ ഒരു യഹൂദനായിരുന്നു. അതുകൊണ്ടുതന്നെ പറുദീസ എന്താണെന്നുള്ളതിന്‌ ഒരു വിശദീകരണം അവന്‌ ആവശ്യമില്ലായിരുന്നു. ഭാവിയിലൊരിക്കൽ ഭൂമിയിൽ നിത്യമായി ജീവിക്കാനാകുമെന്ന പ്രത്യാശയെക്കുറിച്ച്‌ അവന്‌ അറിയാമായിരുന്നു.

14. (എ) സ്വർഗീയ പ്രത്യാശയെക്കുറിച്ചു പറഞ്ഞപ്പോൾ അപ്പൊസ്‌തലന്മാർക്ക്‌ മനസ്സിലാക്കാൻ ബുദ്ധിമുട്ടായിരുന്നെന്ന്‌ എങ്ങനെ അറിയാം? (ബി) എന്നാണ്‌ യേശുവിന്റെ അനുഗാമികൾ സ്വർഗീയ പ്രത്യാശയെക്കുറിച്ച്‌ വ്യക്തമായി മനസ്സിലാക്കിയത്‌?

14 എന്നാൽ വിശദീകരണം ആവശ്യമായ ഒരു സംഗതിയുണ്ടായിരുന്നു: സ്വർഗീയ പ്രത്യാശ. താൻ അവർക്കായി സ്ഥലമൊരുക്കാൻ സ്വർഗത്തിലേക്കു പോകുകയാണെന്ന്‌ യേശു ശിഷ്യന്മാരോട്‌ പറഞ്ഞപ്പോൾ, അവൻ പറഞ്ഞതെന്താണെന്നു മനസ്സിലാക്കാൻ അവർക്കായില്ല. (യോഹന്നാൻ 14:2-5 വായിക്കുക.) പിന്നീടൊരിക്കൽ അവൻ അവരോടു പറഞ്ഞു: “ഇനിയും വളരെ കാര്യങ്ങൾ എനിക്കു നിങ്ങളോടു പറയാനുണ്ടെങ്കിലും ഇപ്പോൾ നിങ്ങൾക്ക്‌ അവ ഗ്രഹിക്കാൻ കഴിയുകയില്ല. എന്നാൽ സഹായിയും സത്യത്തിന്റെ ആത്മാവുമായവൻ വരുമ്പോൾ അവൻ നിങ്ങളെ സത്യത്തിന്റെ പൂർണതയിലേക്കു നയിക്കും.” (യോഹ. 16:12, 13) എ.ഡി. 33-ലെ പെന്തെക്കൊസ്‌തിനുശേഷം, അതായത്‌ ഭാവിരാജാക്കന്മാരായി ദൈവാത്മാവിനാൽ അവർ അഭിഷേകം ചെയ്യപ്പെട്ടതിനുശേഷമാണ്‌ യേശുവിന്റെ അനുഗാമികൾ, തങ്ങളുടെ സിംഹാസനം സ്വർഗത്തിലാണെന്ന്‌ മനസ്സിലാക്കുന്നത്‌. (1 കൊരി. 15:49; കൊലോ. 1:5; 1 പത്രോ. 1:3, 4) സ്വർഗീയ അവകാശത്തിന്റെ പ്രത്യാശ ഒരു വെളിപാടായിരുന്നു. അത്‌ ക്രിസ്‌തീയ ഗ്രീക്ക്‌ തിരുവെഴുത്തുകളിലെ നിശ്വസ്‌തലേഖനങ്ങളുടെ കേന്ദ്രബിന്ദുവായി മാറുകയും ചെയ്‌തു. എന്നാൽ ഈ ലേഖനങ്ങൾ ഭൂമിയിൽ എന്നേക്കും ജീവിക്കുക എന്ന മനുഷ്യവർഗത്തിന്റെ പ്രത്യാശയ്‌ക്ക്‌ പിൻബലമേകുന്നുണ്ടോ?

നിശ്വസ്‌തലേഖനങ്ങൾ നൽകുന്ന തെളിവുകൾ

15, 16. എബ്രായർക്കുള്ള ലേഖനവും പത്രോസിന്റെ വാക്കുകളും ഭൂമിയിലെ നിത്യജീവന്റെ പ്രത്യാശയിലേക്കു വിരൽചൂണ്ടുന്നത്‌ എങ്ങനെ?

15 “സ്വർഗീയ വിളിക്ക്‌ ഓഹരിക്കാരായ വിശുദ്ധ സഹോദരന്മാരേ” എന്നാണ്‌ അപ്പൊസ്‌തലനായ പൗലോസ്‌ എബ്രായർക്കുള്ള ലേഖനത്തിൽ സഹവിശ്വാസികളെ സംബോധന ചെയ്യുന്നത്‌. എന്നിരുന്നാലും, “നാം ഉദ്‌ഘോഷിക്കുന്ന ഭാവിലോകത്തെ,” ദൈവം യേശുവിനു കീഴാക്കിക്കൊടുത്തു എന്നും അവൻ എഴുതി. (എബ്രാ. 2:3, 5; 3:1) “ഭാവിലോകം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന, ക്രിസ്‌തീയ ഗ്രീക്ക്‌ തിരുവെഴുത്തുകളിലെ മൂലഭാഷാപദം (ഗ്രീക്ക്‌ പദം) എല്ലായ്‌പോഴും മനുഷ്യനിവസിതമായ ഭൂമിയെയാണ്‌ കുറിക്കുന്നത്‌. അതുകൊണ്ട്‌ ആ ‘ഭാവിലോകം’ അഥവാ ‘മനുഷ്യനിവസിതമായ ഭൂമി,’ ഭാവിയിൽ യേശുക്രിസ്‌തുവിന്റെ ഭരണത്തിൻ കീഴിൽ ഈ ഭൂമിയിൽ വരാനിരിക്കുന്ന വ്യവസ്ഥിതിയാണ്‌. “നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും” എന്ന ദൈവത്തിന്റെ വാഗ്‌ദാനം യേശു അപ്പോൾ നിറവേറ്റും.—സങ്കീ. 37:29.

16 അപ്പൊസ്‌തലനായ പത്രോസും മനുഷ്യവർഗത്തിന്റെ ഭാവിയെക്കുറിച്ച്‌ എഴുതാൻ നിശ്വസ്‌തനാക്കപ്പെട്ടു. അവൻ എഴുതി: “ഇപ്പോഴത്തെ ആകാശവും ഭൂമിയും അതേ വചനത്താൽ തീക്കായി സൂക്ഷിക്കപ്പെട്ടിരിക്കുന്നു; ന്യായവിധിയുടെയും ഭക്തികെട്ട മനുഷ്യരുടെ നാശത്തിന്റെയും ദിവസത്തിലേക്കുതന്നെ.” (2 പത്രോ. 3:7) ഇന്നത്തെ ഭരണകൂടങ്ങളുടെയും ദുഷ്ടമനുഷ്യസമുദായത്തിന്റെയും സ്ഥാനത്ത്‌ എന്തായിരിക്കും സ്ഥാപിക്കപ്പെടുക? (2 പത്രോസ്‌ 3:13 വായിക്കുക.) ദൈവത്തിന്റെ മിശിഹൈകരാജ്യമാകുന്ന ‘പുതിയ ആകാശവും’ നീതിനിഷ്‌ഠരായ സത്യാരാധകരുടെ മനുഷ്യസമുദായമാകുന്ന ‘പുതിയ ഭൂമിയും.’

17. മനുഷ്യവർഗത്തിന്റെ പ്രത്യാശയെ വെളിപാട്‌ 21:1-4 വർണിക്കുന്നത്‌ എങ്ങനെ?

17 മനുഷ്യവർഗം പൂർണത കൈവരിക്കുന്നതിന്റെ മനോഹരചിത്രങ്ങൾ വരച്ചുകാട്ടിക്കൊണ്ട്‌ നമ്മുടെ ഹൃദയത്തെ പുളകംകൊള്ളിക്കുന്നു വെളിപാടിലെ ദർശനം. (വെളിപാട്‌ 21:1-4 വായിക്കുക.) ഏദെൻ തോട്ടത്തിൽവെച്ച്‌ പൂർണത കളഞ്ഞുകുളിച്ചതുമുതൽ, വിശ്വാസികളായ മനുഷ്യവർഗം കാത്തിരുന്നത്‌ ഈ പ്രത്യാശ സഫലമാകുന്ന നാളുകൾക്കുവേണ്ടിയായിരുന്നു. നീതിമാന്മാരായ ആളുകൾ വാർധക്യത്തിന്റെ ചുളിവുകൾ വീഴാതെ പറുദീസാഭൂമിയിൽ എന്നെന്നും ജീവിക്കും. അതെ, എബ്രായ തിരുവെഴുത്തുകളിലും ക്രിസ്‌തീയ ഗ്രീക്ക്‌ തിരുവെഴുത്തുകളിലും ഉറച്ച അടിസ്ഥാനമുള്ളതാണ്‌ ഈ പ്രത്യാശ. യഹോവയുടെ വിശ്വസ്‌തദാസർക്ക്‌ ഇന്നുവരെയും ഒരു ശക്തിദുർഗമായി നിന്നിരിക്കുന്നു ഈ പ്രത്യാശ.—വെളി. 22:1, 2.

ഉത്തരം പറയാമോ?

• “പുനഃസൃഷ്ടി” എന്നതുകൊണ്ട്‌ യേശു എന്താണ്‌ അർഥമാക്കിയത്‌?

• നിക്കൊദേമൊസിനോട്‌ യേശു എന്തിനെക്കുറിച്ചാണ്‌ പറഞ്ഞത്‌?

• സ്‌തംഭത്തിലേറ്റപ്പെട്ട ദുഷ്‌പ്രവൃത്തിക്കാരന്‌ യേശു ഏതു വാഗ്‌ദാനം നൽകി?

• എബ്രായലേഖനവും പത്രോസിന്റെ വാക്കുകളും ഭൂമിയിലെ നിത്യജീവന്റെ പ്രത്യാശയ്‌ക്ക്‌ പിൻബലമേകുന്നത്‌ എങ്ങനെ?

[അധ്യയന ചോദ്യങ്ങൾ]

[8-ാം പേജിലെ ചിത്രം]

ചെമ്മരിയാടുതുല്യരായവർക്ക്‌ ഭൂമിയിൽ നിത്യം ജീവിക്കാനാകും

[10-ാം പേജിലെ ചിത്രങ്ങൾ]

നിത്യജീവനെക്കുറിച്ച്‌ യേശു മറ്റുള്ളവരോടു പറഞ്ഞു