വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ദൈവസ്‌നേഹത്തിൽ നിങ്ങളെത്തന്നെ കാത്തുകൊള്ളുവിൻ”

“ദൈവസ്‌നേഹത്തിൽ നിങ്ങളെത്തന്നെ കാത്തുകൊള്ളുവിൻ”

“ദൈവസ്‌നേഹത്തിൽ നിങ്ങളെത്തന്നെ കാത്തുകൊള്ളുവിൻ”

“നിത്യജീവൻ പ്രാപിക്കാൻ തക്കവണ്ണം നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിന്റെ കരുണയ്‌ക്കായി കാത്തിരിക്കവെ . . . ദൈവസ്‌നേഹത്തിൽ നിങ്ങളെത്തന്നെ കാത്തുകൊള്ളുവിൻ.”—യൂദാ 20, 21.

1, 2. (എ) യഹോവ നമ്മോട്‌ സ്‌നേഹം കാണിച്ചിരിക്കുന്നത്‌ എങ്ങനെ? (ബി) നാം എന്തുതന്നെ ചെയ്‌താലും യഹോവ നമ്മെ അവന്റെ സ്‌നേഹത്തിൽ കാത്തുകൊള്ളുമോ?

എണ്ണിയാലൊടുങ്ങാത്ത വിധങ്ങളിലാണ്‌ യഹോവയാംദൈവം നമ്മോടു സ്‌നേഹം കാണിച്ചിരിക്കുന്നത്‌. ആ സ്‌നേഹത്തിന്റെ ഏറ്റവും വലിയ തെളിവാണ്‌ മറുവിലയാഗം. മനുഷ്യവർഗത്തിനുവേണ്ടി മരിക്കാൻ സ്വപുത്രനെ ഭൂമിയിലേക്ക്‌ അയയ്‌ക്കാൻപോലും അവൻ മനസ്സുകാണിച്ചു. അത്രയ്‌ക്ക്‌ അവൻ നമ്മെ സ്‌നേഹിച്ചു. (യോഹ. 3:16) നാമെല്ലാം എന്നേക്കും ജീവിക്കണമെന്നാണ്‌ അവന്റെ ആഗ്രഹം. എന്നെന്നും തന്റെ സ്‌നേഹത്തണലിൽ നാം ഉണ്ടായിരിക്കണമെന്നും അവൻ ആഗ്രഹിക്കുന്നു.

2 എന്നാൽ എന്തും ഏതും അനുവദിച്ചുതന്നുകൊണ്ട്‌ യഹോവ നമ്മെ അവന്റെ സ്‌നേഹത്തിൽ കാത്തുകൊള്ളും എന്ന്‌ നമുക്കു വിചാരിക്കാനാകുമോ? ഇല്ല. യൂദാ 20, 21 വാക്യങ്ങളിൽ നാം ഇങ്ങനെ കാണുന്നു: “നിത്യജീവൻ പ്രാപിക്കാൻ തക്കവണ്ണം നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിന്റെ കരുണയ്‌ക്കായി കാത്തിരിക്കവെ . . . ദൈവസ്‌നേഹത്തിൽ നിങ്ങളെത്തന്നെ കാത്തുകൊള്ളുവിൻ.” ഇതിലെ, “ദൈവസ്‌നേഹത്തിൽ നിങ്ങളെത്തന്നെ കാത്തുകൊള്ളുവിൻ” എന്ന പ്രയോഗം ശ്രദ്ധിക്കുക. നമ്മുടെ ഭാഗത്ത്‌ ചില നടപടികൾ ആവശ്യമാണെന്നല്ലേ ഈ വാക്കുകൾ സൂചിപ്പിക്കുന്നത്‌? അങ്ങനെയെങ്കിൽ ദൈവസ്‌നേഹത്തിൽ നിലനിൽക്കാൻ നാം എന്തു ചെയ്യണം?

ദൈവസ്‌നേഹത്തിൽ എങ്ങനെ നിലനിൽക്കാം?

3. പിതാവിന്റെ സ്‌നേഹത്തിൽ നിലനിൽക്കാൻ താൻ എന്തുചെയ്യേണ്ടിയിരുന്നു എന്നാണ്‌ യേശു പറഞ്ഞത്‌?

3 ഉത്തരത്തിനായി നമുക്ക്‌, ഭൂമിയിലെ തന്റെ അവസാന രാത്രിയിൽ യേശു നടത്തിയ ചില പ്രസ്‌താവനകൾ പരിശോധിക്കാം. അവൻ പറഞ്ഞു: “ഞാൻ പിതാവിന്റെ കൽപ്പനകൾ പ്രമാണിച്ച്‌ അവന്റെ സ്‌നേഹത്തിൽ നിലനിൽക്കുന്നു; അതുപോലെ, നിങ്ങളും എന്റെ കൽപ്പനകൾ പ്രമാണിക്കുന്നെങ്കിൽ എന്റെ സ്‌നേഹത്തിൽ നിലനിൽക്കും.” (യോഹ. 15:10) പിതാവുമായി ഒരു നല്ല ബന്ധം സൂക്ഷിക്കുന്നതിന്‌ അവന്റെ കൽപ്പനകൾ അനുസരിക്കേണ്ടത്‌ പ്രധാനമാണെന്ന്‌ യേശുവിന്‌ അറിയാമായിരുന്നു. പൂർണനായ ദൈവപുത്രൻ അങ്ങനെ ചെയ്യേണ്ടിയിരുന്നെങ്കിൽ നമ്മുടെ കാര്യമോ?

4, 5. (എ) യഹോവയെ സ്‌നേഹിക്കുന്നുവെന്ന്‌ കാണിക്കാനുള്ള മുഖ്യമാർഗം ഏതാണ്‌? (ബി) യഹോവയുടെ കൽപ്പനകൾ അനുസരിക്കാതിരിക്കാൻ നമുക്ക്‌ യാതൊരു കാരണവുമില്ല, എന്തുകൊണ്ട്‌?

4 യഹോവയെ അനുസരിച്ചുകൊണ്ടാണ്‌ മുഖ്യമായും നാം അവനോടുള്ള സ്‌നേഹം കാണിക്കുന്നത്‌. അപ്പൊസ്‌തലനായ യോഹന്നാൻ അതേക്കുറിച്ച്‌ ഇങ്ങനെ പറഞ്ഞു: “ദൈവത്തോടുള്ള സ്‌നേഹമോ, അവന്റെ കൽപ്പനകൾ അനുസരിക്കുന്നതാകുന്നു; അവന്റെ കൽപ്പനകൾ ഭാരമുള്ളവയല്ലതാനും.” (1 യോഹ. 5:3) അനുസരിക്കുക എന്നകാര്യം ഇന്നത്തെ ലോകത്തിന്‌ അത്ര പഥ്യമല്ല. എന്നാൽ, “അവന്റെ കൽപ്പനകൾ ഭാരമുള്ളവയല്ല” എന്നു പറഞ്ഞിരിക്കുന്നത്‌ നിങ്ങൾ ശ്രദ്ധിച്ചോ? ചെയ്യാൻ അങ്ങേയറ്റം ബുദ്ധിമുട്ടുള്ള കാര്യങ്ങളല്ല യഹോവ നമ്മോട്‌ ആവശ്യപ്പെടുന്നത്‌.

5 ഈ ഉദാഹരണം ശ്രദ്ധിക്കുക: എടുത്തുപൊക്കാൻ അങ്ങേയറ്റം പ്രയാസമുള്ള എന്തെങ്കിലും ചുമന്നുകൊണ്ടുപോകാൻ ഒരു ഉറ്റ സുഹൃത്തിനോടു നിങ്ങൾ ആവശ്യപ്പെടുമോ? ഒരിക്കലുമില്ല. എന്നാൽ ഓർക്കുക, നമ്മെക്കാളേറെ ദയാലുവും നമ്മുടെ പരിമിതികളെല്ലാം നന്നായി അറിയാവുന്നവനുമാണ്‌ യഹോവ. “നാം പൊടി എന്നു അവൻ ഓർക്കുന്നു.” (സങ്കീ. 103:14) നമുക്ക്‌ ചെയ്യാവുന്നതിനപ്പുറം ഒരിക്കലും അവൻ നമ്മോട്‌ ആവശ്യപ്പെടില്ല. അതുകൊണ്ട്‌ യഹോവയുടെ കൽപ്പനകൾ അനുസരിക്കാതിരിക്കാൻ നമുക്ക്‌ യാതൊരു കാരണവുമില്ല. നാം അവനെ അനുസരിക്കുമ്പോൾ മഹത്തായ ഒരു അവസരമാണ്‌ നമുക്കു കൈവരുന്നത്‌—നമ്മുടെ സ്വർഗീയ പിതാവിനെ നാം ആത്മാർഥമായി സ്‌നേഹിക്കുന്നുവെന്നു കാണിക്കാനുള്ള ഒരു അവസരം.

യഹോവയിൽനിന്നുള്ള ഒരു വിശേഷസമ്മാനം

6, 7. (എ) എന്താണ്‌ മനസ്സാക്ഷി? (ബി) ദൈവസ്‌നേഹത്തിൽ നിലനിൽക്കാൻ മനസ്സാക്ഷി നമ്മെ സഹായിക്കുന്നത്‌ എങ്ങനെയെന്ന്‌ ദൃഷ്ടാന്തീകരിക്കുക.

6 ഇന്നത്തെ ജീവിതത്തിൽ സങ്കീർണമായ പല സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്‌. അതിനോടു ബന്ധപ്പെട്ട്‌ പല തീരുമാനങ്ങളും എടുക്കേണ്ടതായിവരും. ഈ തീരുമാനങ്ങളെല്ലാം ദൈവത്തോടുള്ള അനുസരണം പ്രകടമാക്കുന്നവയാണെന്ന്‌ നമുക്ക്‌ എങ്ങനെ ഉറപ്പാക്കാം? ഇക്കാര്യത്തിൽ നമ്മെ വളരെയധികം സഹായിക്കുന്ന ഒരു സവിശേഷപ്രാപ്‌തി യഹോവ നമുക്കു നൽകിയിട്ടുണ്ട്‌. അതാണ്‌ മനസ്സാക്ഷി. ശരി, എന്താണ്‌ മനസ്സാക്ഷി? നമുക്കുതന്നെയുള്ള ഒരു പ്രത്യേകതരം അവബോധമാണത്‌. നമ്മുടെ ഉള്ളിലുള്ള ഒരു ന്യായാധിപനാണ്‌ മനസ്സാക്ഷി എന്നു പറയാം. നമുക്കു മുമ്പാകെയുള്ള തിരഞ്ഞെടുപ്പുകളെ വിശകലനം ചെയ്യാനും നാം ഇതിനോടകം എടുത്ത നടപടികളെ പുനർവിചിന്തനം ചെയ്‌ത്‌ അവ നല്ലതോ തീയതോ, ശരിയോ തെറ്റോ എന്നൊക്കെ വിലയിരുത്താനും അതു നമ്മെ സഹായിക്കുന്നു.—റോമർ 2:14, 15 വായിക്കുക.

7 മനസ്സാക്ഷിയെ നമുക്കെങ്ങനെ നന്നായി ഉപയോഗപ്പെടുത്താം? ഒരു ദൃഷ്ടാന്തം നോക്കാം. വിശാലമായൊരു വിജനപ്രദേശത്തുകൂടി നടന്നുപോകുന്ന ഒരു സഞ്ചാരിയെപ്പറ്റി ചിന്തിക്കുക. അവിടെയെങ്ങും വഴിത്താരയോ റോഡുകളോ ദിഗ്‌സൂചകങ്ങളോ ഒന്നുമില്ല. എങ്കിലും അദ്ദേഹം തന്റെ ലക്ഷ്യസ്ഥാനത്തേക്കുതന്നെയാണ്‌ നടന്നടുക്കുന്നത്‌. എങ്ങനെയാണ്‌ അതിനു കഴിയുന്നത്‌? അദ്ദേഹത്തിന്റെ കയ്യിൽ ഒരു കോമ്പസ്സ്‌ അഥവാ വടക്കുനോക്കിയന്ത്രം ഉണ്ട്‌. നാലുദിക്കുകളും സൂചിപ്പിച്ചിട്ടുള്ള പ്രതലവും തെറ്റാതെ എപ്പോഴും വടക്കുദിശമാത്രം കാണിക്കുന്ന ഒരു കാന്തസൂചിയും അതിനുണ്ട്‌. ഈ ഉപകരണമില്ലെങ്കിൽ സഞ്ചാരി ആകെ കുഴങ്ങിയതുതന്നെ. ഇതുപോലെയാണ്‌ മനുഷ്യന്റെ കാര്യവും. മനസ്സാക്ഷി ഇല്ലെങ്കിൽ നീതിനിഷ്‌ഠവും സദാചാരപരവുമായ തിരഞ്ഞെടുപ്പുകൾ നടത്താനാകാതെ അവൻ കുഴഞ്ഞുപോകും.

8, 9. (എ) മനസ്സാക്ഷിയുടെ ഏതെല്ലാം പരിമിതികൾ നാം മനസ്സിൽപ്പിടിക്കണം? (ബി) മനസ്സാക്ഷി നമുക്ക്‌ ശരിക്കും ഉപകാരപ്രദമാണെന്ന്‌ ഉറപ്പുവരുത്താൻ നമുക്ക്‌ എന്തു ചെയ്യാനാകും?

8 വടക്കുനോക്കിയന്ത്രത്തിന്റെ കാര്യത്തിലെന്നപോലെ മനസ്സാക്ഷിക്കും അതിന്റേതായ പരിമിതികളുണ്ട്‌. നമ്മുടെ ഉദാഹരണത്തിലെ സഞ്ചാരി തന്റെ കോമ്പസ്സിനടുത്ത്‌ ഒരു കാന്തം വെക്കുന്നെങ്കിൽ അതിന്റെ സൂചി വടക്കുദിശയിൽനിന്നു വ്യതിചലിക്കും. സമാനമായി, നമ്മുടെ ഹൃദയാഭിലാഷങ്ങൾക്ക്‌ കണക്കിലധികം പ്രാധാന്യം കൊടുക്കുന്നപക്ഷം നമ്മുടെ സ്വാർഥമോഹങ്ങൾ മനസ്സാക്ഷിയെ വികലമാക്കാനിടയുണ്ട്‌. “ഹൃദയം എല്ലാറ്റിനെക്കാളും കപടവും വിഷമവുമുള്ള”താണെന്ന്‌ ബൈബിൾ മുന്നറിയിപ്പു നൽകുന്നു. (യിരെ. 17:9; സദൃ. 4:23) ഇനി, നമ്മുടെ സഞ്ചാരിയുടെ കൈവശം ആശ്രയയോഗ്യവും കൃത്യതയുള്ളതുമായ ഒരു ഭൂപടമില്ലെന്നു വിചാരിക്കുക. അങ്ങനെയെങ്കിൽ കോമ്പസ്സുകൊണ്ടുമാത്രം അദ്ദേഹത്തിന്‌ ഒരു ഗുണവും ഉണ്ടാവില്ല. അതുപോലെ, കൃത്യതയുള്ളതും മാറ്റമില്ലാത്തതുമായ ദൈവവചനത്തിൽ ആശ്രയിക്കുന്നില്ലെങ്കിൽ നമ്മുടെ മനസ്സാക്ഷിയും ഏതാണ്ട്‌ പ്രയോജനരഹിതമായേക്കാം. (സങ്കീ. 119:105) എന്നാൽ ഇന്ന്‌ അനേകരും തങ്ങളുടെ ഹൃദയാഭിലാഷങ്ങൾക്ക്‌ അമിതപ്രാധാന്യം നൽകിക്കൊണ്ട്‌ ദൈവവചനത്തിൽ വെച്ചിരിക്കുന്ന നിലവാരങ്ങൾ കാറ്റിൽപ്പറത്തുന്ന ഖേദകരമായ സ്ഥിതിവിശേഷമാണ്‌ നാം കാണുന്നത്‌. (എഫെസ്യർ 4:17-19 വായിക്കുക.) അതുകൊണ്ടാണ്‌ മനസ്സാക്ഷി എന്ന ഒന്നുണ്ടെങ്കിലും ഭീതിജനകമായ പല കാര്യങ്ങളും അവർ ചെയ്‌തുകൂട്ടുന്നത്‌.—1 തിമൊ. 4:2.

9 അവരെപ്പോലെയാകാൻ നാം ഒരിക്കലും ആഗ്രഹിക്കുന്നില്ല. മനസ്സാക്ഷി നമുക്ക്‌ ശരിക്കും ഉപകരിക്കത്തക്കവിധം അതിനെ ഉദ്‌ബുദ്ധമാക്കാനും പരിശീലിപ്പിക്കാനും ദൈവവചനത്തെ നമുക്ക്‌ എല്ലായ്‌പോഴും അനുവദിക്കാം. ദൈവവചനത്തിൽനിന്നു പരിശീലനം സിദ്ധിച്ച മനസ്സാക്ഷിയുടെ സ്വരത്തിനു നാം ചെവികൊടുക്കണം. നമ്മുടെ സ്വാർഥമോഹങ്ങൾ മനസ്സാക്ഷിയുടെ ശബ്ദത്തെ മുക്കിക്കളയാൻ നാം അനുവദിക്കരുത്‌. അതോടൊപ്പം നമ്മുടെ പ്രിയ സഹോദരീസഹോദരന്മാരുടെ മനസ്സാക്ഷിയെ നാം ആദരിക്കുകയും വേണം. ചിലരുടെ മനസ്സാക്ഷി നമ്മുടേതിനെക്കാൾ ലോലമായിരുന്നേക്കാം. ഈ വസ്‌തുത മനസ്സിൽപ്പിടിച്ചുകൊണ്ട്‌ അവരെ ഇടറിക്കാതിരിക്കാൻ നാം ആവുന്നത്ര ശ്രമിക്കുന്നു.—1 കൊരി. 8:12; 2 കൊരി. 4:2; 1 പത്രോ. 3:16.

10. ജീവിതത്തിലെ ഏതു മൂന്നുമണ്ഡലങ്ങൾ നാം ഇനി പരിശോധിക്കും?

10 അനുസരണത്തിലൂടെ യഹോവയോടുള്ള സ്‌നേഹം കാണിക്കാനാകുന്ന മൂന്നു ജീവിതമണ്ഡലങ്ങൾ നമുക്കിനി നോക്കാം. ഈ മൂന്നുമണ്ഡലങ്ങളിലും നമ്മുടെ മനസ്സാക്ഷി ഒരു പങ്കുവഹിക്കുന്നുണ്ട്‌. എന്നാൽ ആദ്യപടിയായി, ബൈബിൾ വെക്കുന്ന പെരുമാറ്റച്ചട്ടങ്ങൾക്കു ചേർച്ചയിൽ മനസ്സാക്ഷിക്കു മാർഗദർശനം നൽകേണ്ടതുണ്ട്‌. പിൻവരുന്ന മൂന്നുവിധങ്ങളിൽ നമുക്ക്‌ യഹോവയെ സ്‌നേഹിക്കാനും അനുസരിക്കാനും കഴിയും: (1) യഹോവ സ്‌നേഹിക്കുന്നവരെ സ്‌നേഹിച്ചുകൊണ്ട്‌ (2) അധികാരത്തെ ആദരിച്ചുകൊണ്ട്‌ (3) ദൈവമുമ്പാകെ ശുദ്ധരായി നിലകൊള്ളാൻ പരമാവധി ശ്രമിച്ചുകൊണ്ട്‌.

യഹോവ സ്‌നേഹിക്കുന്നവരെ സ്‌നേഹിക്കുക

11. നാം യഹോവ സ്‌നേഹിക്കുന്നവരെ സ്‌നേഹിക്കേണ്ടത്‌ എന്തുകൊണ്ട്‌?

11 ഒന്നാമതായി, യഹോവ സ്‌നേഹിക്കുന്നവരെ സ്‌നേഹിക്കുക. സഹവാസത്തെക്കുറിച്ചാണ്‌ നാം ചർച്ചചെയ്യാൻ പോകുന്നത്‌. ഇക്കാര്യത്തിൽ നാം സ്‌പോഞ്ചുപോലെയാണ്‌ വർത്തിക്കുന്നത്‌, അതായത്‌ ചുറ്റുമുള്ളതൊക്കെ ആഗിരണം ചെയ്യാനുള്ള ഒരു പ്രവണത നമുക്കുണ്ട്‌. അപൂർണരായ നമുക്ക്‌ സഹവാസത്തിലൂടെ കൈവരുന്ന ഗുണങ്ങളും ഉണ്ടാകുന്ന ദോഷങ്ങളും നമ്മുടെ സ്രഷ്ടാവിനു നന്നായി അറിയാം. അതുകൊണ്ടാണ്‌ അവൻ ഈ ബുദ്ധിയുപദേശം നൽകിയിരിക്കുന്നത്‌: “ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും; ഭോഷന്മാർക്കു കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും.” (സദൃ. 13:20; 1 കൊരി. 15:33) നമ്മിൽ ആരും ‘വ്യസനിക്കാൻ’ ആഗ്രഹിക്കുന്നവരല്ല, ‘ജ്ഞാനികളാകാനാണ്‌’ നമുക്കിഷ്ടം. അതെങ്ങനെ സാധിക്കും? യഹോവയുടെ കാര്യമെടുക്കുക. അവനെ ഇനിയും ജ്ഞാനിയാക്കാൻ ആർക്കും കഴിയില്ല. യഹോവയെ ദുഷിപ്പിക്കാനും ആർക്കും സാധിക്കുകയില്ല. എങ്കിലും, ആരുമായി സഹവസിക്കുന്നു എന്ന കാര്യത്തിൽ ശ്രദ്ധയുള്ളവനാണ്‌ യഹോവയാം ദൈവം. അപൂർണ മനുഷ്യരിൽ ആരെയാണ്‌ യഹോവ തന്റെ സുഹൃത്തുക്കളായി തിരഞ്ഞെടുക്കുന്നത്‌ എന്നു നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?

12. എങ്ങനെയുള്ളവരെയാണ്‌ യഹോവ സുഹൃത്തുക്കളായി തിരഞ്ഞെടുക്കുന്നത്‌?

12 ഗോത്രപിതാവായ അബ്രാഹാമിനെ യഹോവ ‘എന്റെ സ്‌നേഹിതൻ’ എന്നാണ്‌ വിളിച്ചത്‌. (യെശ. 41:8) വിശ്വസ്‌തനും നീതിമാനും അനുസരണമുള്ളവനും എന്ന ഖ്യാതി അവനുണ്ടായിരുന്നു. (യാക്കോ. 2:21-23) യഹോവ സുഹൃത്തുക്കളായി തിരഞ്ഞെടുക്കുന്നത്‌ ഇങ്ങനെയുള്ളവരെയാണ്‌. ഇന്നും അത്‌ അങ്ങനെതന്നെയാണ്‌. യഹോവപോലും ഇങ്ങനെയുള്ള സുഹൃത്തുക്കളെയാണ്‌ തിരഞ്ഞെടുക്കുന്നതെങ്കിൽ, അപൂർണരായ നാമും അപ്രകാരമല്ലേ ചെയ്യേണ്ടത്‌? എങ്കിലേ നമുക്കു ജ്ഞാനികളോടുകൂടെ നടക്കാനും ജ്ഞാനികളായിത്തീരാനും കഴിയൂ.

13. നല്ല സുഹൃത്തുക്കളെ തിരഞ്ഞെടുക്കാനുള്ള മാനദണ്ഡമെന്താണ്‌?

13 ഇക്കാര്യത്തിൽ നല്ല തിരഞ്ഞെടുപ്പ്‌ നടത്താൻ നിങ്ങളെ എന്തു സഹായിക്കും? ബൈബിൾ ദൃഷ്ടാന്തങ്ങൾ പഠിക്കുന്നത്‌ വലിയൊരു സഹായമാണ്‌. രൂത്തും നവോമിയും തമ്മിലും ദാവീദും യോനാഥാനും തമ്മിലും തിമൊഥെയൊസും പൗലോസും തമ്മിലും ഉണ്ടായിരുന്ന സുഹൃദ്‌ബന്ധങ്ങളെപ്പറ്റി ചിന്തിക്കുക. (രൂത്ത്‌ 1:16, 17; 1 ശമൂ. 23:16-18; ഫിലി. 2:19-22) ഈ സൗഹൃദങ്ങൾ പൂത്തുലയാൻ പ്രമുഖമായൊരു കാരണമുണ്ടായിരുന്നു—യഹോവയോടുള്ള കറതീർന്ന സ്‌നേഹം. നിങ്ങളെപ്പോലെ യഹോവയെ അതിയായി സ്‌നേഹിക്കുന്ന സുഹൃത്തുക്കളെ കണ്ടെത്താൻ നിങ്ങൾക്കാകുമോ? ക്രിസ്‌തീയ സഭയിൽ അത്തരം ധാരാളം സുഹൃത്തുക്കളെ കണ്ടെത്താനാകും. യഹോവയെ അപ്രീതിപ്പെടുത്തുന്നതൊന്നും ചെയ്യാൻ അത്തരം സുഹൃത്തുക്കൾ ഇടവരുത്തുകയില്ല. മറിച്ച്‌, യഹോവയെ അനുസരിക്കാനും ആത്മീയമായി വളരാനും ആത്മാവിൽ വിതയ്‌ക്കാനും അവർ നിങ്ങളെ സഹായിക്കും. (ഗലാത്യർ 6:7, 8 വായിക്കുക.) ദൈവസ്‌നേഹത്തിൽ നിലനിൽക്കാൻ അവർ നിങ്ങൾക്കൊരു തുണയായിരിക്കും.

അധികാരത്തെ ആദരിക്കുക

14. പലപ്പോഴും അധികാരത്തെ ആദരിക്കുന്നത്‌ ബുദ്ധിമുട്ടാക്കിത്തീർക്കുന്നത്‌ എന്താണ്‌?

14 യഹോവയോടു സ്‌നേഹം കാണിക്കാനാകുന്ന രണ്ടാമത്തെ മേഖല അധികാരത്തോടു ബന്ധപ്പെട്ടതാണ്‌. നാം അധികാരത്തെ ആദരിക്കണം. ചിലപ്പോൾ ഇത്‌ വളരെ ബുദ്ധിമുട്ടായിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? അധികാരത്തിലുള്ളവർ അപൂർണരാണ്‌, അതാണൊരുകാരണം. തന്നെയുമല്ല, നാമും അപൂർണരാണ്‌. ജന്മനായുള്ള മത്സരവാസനയോടു നമുക്കൊരു പോരാട്ടവുമുണ്ട്‌.

15, 16. (എ) ദൈവജനത്തെ പരിപാലിക്കാൻ യഹോവ അധികാരപ്പെടുത്തിയിരിക്കുന്നവരെ നാം ബഹുമാനിക്കേണ്ടത്‌ എന്തുകൊണ്ട്‌? (ബി) ഇസ്രായേല്യർ മോശയോട്‌ മത്സരിച്ചതിനെ യഹോവ വീക്ഷിച്ച വിധത്തിൽനിന്ന്‌ നാം എന്തു പഠിക്കുന്നു?

15 അധികാരത്തോട്‌ ആദരവ്‌ കാണിക്കുക അത്ര എളുപ്പമല്ലെങ്കിൽ പിന്നെ എന്തിന്‌ നാം അതു ചെയ്യണം? ഇതിന്റെ ഉത്തരം യഹോവയുടെ പരമാധികാരത്തോടു ബന്ധപ്പെട്ടിരിക്കുന്നു. പരമാധികാരിയായി നിങ്ങൾ ആരെ തിരഞ്ഞെടുക്കും? യഹോവയെ തിരഞ്ഞെടുക്കുന്നെങ്കിൽ അവന്റെ അധികാരത്തെ നാം ആദരിക്കേണ്ടതാണ്‌. നാം അതു ചെയ്യുന്നില്ലെങ്കിൽ യഹോവ നമ്മുടെ ഭരണാധികാരിയാണെന്ന്‌ എങ്ങനെ സത്യസന്ധമായി പറയാനാകും? സാധാരണഗതിയിൽ യഹോവ തന്റെ അധികാരം പ്രയോഗിക്കുന്നത്‌ അപൂർണരായ മനുഷ്യരിലൂടെയാണ്‌. തന്റെ ജനത്തെ പരിപാലിക്കാനുള്ള ഉത്തരവാദിത്വം അവൻ ഏൽപ്പിച്ചിരിക്കുന്നത്‌ അവരെയാണ്‌. അവരോടു നാം മറുത്തുനിൽക്കുന്നെങ്കിൽ, യഹോവ അതിനെ എങ്ങനെ വീക്ഷിക്കും?1 തെസ്സലോനിക്യർ 5:12, 13 വായിക്കുക.

16 ഉദാഹരണത്തിന്‌, ഇസ്രായേല്യർ മോശയ്‌ക്കെതിരെ പിറുപിറുത്തപ്പോൾ യഹോവ അത്‌ തനിക്കെതിരെയുള്ള മത്സരമായിത്തന്നെ വീക്ഷിച്ചു. (സംഖ്യാ. 14:26, 27) ദൈവത്തിനു മാറ്റംവന്നിട്ടില്ല. അധികാരസ്ഥാനങ്ങളിൽ യഹോവ ആക്കിവെച്ചിരിക്കുന്നവരോട്‌ നാം മറുത്തുനിന്നാൽ അത്‌ യഹോവയോടുതന്നെ മത്സരിക്കുന്നതിനു തുല്യമാവില്ലേ?

17. സഭയിൽ ഉത്തരവാദിത്വം വഹിക്കുന്നവരോട്‌ നാം ഏതു മനോഭാവം വളർത്തിയെടുക്കണം?

17 ക്രിസ്‌തീയ സഭയിൽ ഉത്തരവാദിത്വം വഹിക്കുന്നവരോടുള്ള നമ്മുടെ മനോഭാവം എന്തായിരിക്കണമെന്ന്‌ പൗലോസ്‌ അപ്പൊസ്‌തലൻ വ്യക്തമാക്കുന്നു. അവൻ എഴുതി: “നിങ്ങളുടെ ഇടയിൽ നേതൃത്വംവഹിക്കുന്നവരെ അനുസരിച്ച്‌ അവർക്കു കീഴ്‌പെട്ടിരിക്കുവിൻ; എന്തെന്നാൽ അവർ കണക്കുബോധിപ്പിക്കേണ്ടവരാകയാൽ നിങ്ങൾക്കുവേണ്ടി ജാഗരിച്ചിരിക്കുന്നു. ഇത്‌ അവർ നെടുവീർപ്പോടെയല്ല, സന്തോഷത്തോടെ ചെയ്യാൻ ഇടവരുത്തുവിൻ; അല്ലാഞ്ഞാൽ അതു നിങ്ങൾക്കു ദോഷം ചെയ്യും.” (എബ്രാ. 13:17) അനുസരണവും കീഴ്‌പെടാനുള്ള മനസ്സൊരുക്കവും വളർത്തിയെടുക്കാൻ നമ്മുടെ ഭാഗത്ത്‌ നല്ല ശ്രമം ആവശ്യമാണ്‌. ദൈവസ്‌നേഹത്തിൽ നിലനിൽക്കാനാണ്‌ നാം ശ്രമിക്കുന്നത്‌ എന്ന കാര്യം മറക്കാതിരിക്കുക. ആ ലക്ഷ്യം നേടാനുള്ള സകല ശ്രമവും തക്ക മൂല്യമുള്ളതല്ലേ?

യഹോവയുടെ മുമ്പാകെ ശുദ്ധരായി നിലകൊള്ളുക

18. നാം ശുദ്ധരായിരിക്കാൻ യഹോവ ആഗ്രഹിക്കുന്നത്‌ എന്തുകൊണ്ട്‌?

18 യഹോവയുടെ മുമ്പാകെ ശുദ്ധരായി നിലകൊള്ളുക എന്നതാണ്‌ അവനോടു സ്‌നേഹം കാണിക്കാനുള്ള മൂന്നാമത്തെ മാർഗം. കുട്ടികളെ വൃത്തിയായി നടത്താൻ മാതാപിതാക്കൾ ശ്രദ്ധിക്കുന്നതെന്തുകൊണ്ടാണ്‌? കുട്ടിയുടെ ആരോഗ്യത്തിന്‌ അത്‌ അനിവാര്യമാണെന്നതാണ്‌ ഒരു കാരണം. ഇനി, അത്‌ ആ കുടുംബത്തിനു സത്‌പേരാണ്‌. സ്‌നേഹവും ശ്രദ്ധയും ഉള്ളവരാണ്‌ മാതാപിതാക്കളെന്ന്‌ കുട്ടിയെ കാണുമ്പോൾത്തന്നെ നമുക്കു മനസ്സിലാകുകയും ചെയ്യും. സമാനമായ കാരണങ്ങളാലാണ്‌ നാം ശുദ്ധരായിരിക്കാൻ യഹോവ ആഗ്രഹിക്കുന്നത്‌. ശുദ്ധി നമ്മുടെ ക്ഷേമത്തിന്‌ അനിവാര്യമാണെന്നും അത്‌ തനിക്കു മാനം കൈവരുത്തുമെന്നും നമ്മുടെ സ്വർഗീയ പിതാവിന്‌ അറിയാം. ഈ ദുഷിച്ചലോകത്തിൽ നാം വ്യത്യസ്‌തരായി നിലകൊള്ളുന്നതായി നിരീക്ഷിക്കുന്ന മറ്റുള്ളവർ നാം സേവിക്കുന്ന ദൈവത്തിലേക്ക്‌ ആകർഷിക്കപ്പെട്ടേക്കാം. അതുകൊണ്ട്‌ ശുദ്ധരായിരിക്കുക എന്നത്‌ വളരെ പ്രാധാന്യം അർഹിക്കുന്ന ഒരു സംഗതിയാണ്‌.

19. ശാരീരികശുദ്ധി പ്രധാനമാണെന്ന്‌ നാം എങ്ങനെ അറിയുന്നു?

19 ഏതെല്ലാം വിധങ്ങളിലാണ്‌ നാം ശുദ്ധിയുള്ളവരായിരിക്കേണ്ടത്‌? എല്ലാവിധങ്ങളിലും. പുരാതന ഇസ്രായേലിൽ, ശാരീരികശുദ്ധി അനിവാര്യമാണെന്ന്‌ യഹോവ തന്റെ ജനത്തോട്‌ വ്യക്തമായി പറഞ്ഞിരുന്നു. (ലേവ്യ. 15:31) മാലിന്യനിർമാർജനം, പാത്രങ്ങൾ ശുദ്ധിയാക്കുക, കൈകാലുകളും വസ്‌ത്രങ്ങളും കഴുകി വൃത്തിയാക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച്‌ ന്യായപ്രമാണത്തിൽ നിബന്ധനകളുണ്ടായിരുന്നു. (പുറ. 30:17-21; ലേവ്യ. 11:32; സംഖ്യാ. 19:17-20; ആവ. 23:13, 14) ദൈവമായ യഹോവ പരിശുദ്ധനാണെന്ന്‌, അതായത്‌ കളങ്കരഹിതനും പവിത്രനും ആണെന്ന്‌, ഇസ്രായേല്യരെ കൂടെക്കൂടെ ഓർമിപ്പിച്ചിരുന്നു. വിശുദ്ധനായ ദൈവത്തിന്റെ ദാസന്മാരും വിശുദ്ധരായിരിക്കണം.—ലേവ്യപുസ്‌തകം 11:44, 45 വായിക്കുക.

20. ഏതെല്ലാം വിധങ്ങളിൽ നാം ശുദ്ധരായിരിക്കണം?

20 അകമേയും പുറമേയും ഉള്ള ശുദ്ധി അത്യന്താപേക്ഷിതമാണ്‌. വികാരവിചാരങ്ങൾ നിർമലമായിരിക്കാനും നാം ശ്രദ്ധിക്കണം. ലൈംഗിക അരാജകത്വം കൊടികുത്തിവാഴുന്ന ഈ ലോകത്തിൽ യഹോവയുടെ ധാർമിക നിലവാരങ്ങളോടു വിശ്വസ്‌തമായി പറ്റിനിന്ന്‌ ശുദ്ധജീവിതം നയിക്കുന്നവരാണ്‌ നാം. വ്യാജമതത്തിന്റെ കളങ്കമേൽക്കാതെ നമ്മുടെ ആരാധനയെ ശുദ്ധമായി സൂക്ഷിക്കേണ്ടതും വളരെ പ്രധാനമല്ലേ? യെശയ്യാവു 52:11-ലെ നിശ്വസ്‌ത മുന്നറിയിപ്പ്‌ നാം ഒരിക്കലും മറക്കരുത്‌. അവിടെ ഇങ്ങനെ പറയുന്നു: “വിട്ടുപോരുവിൻ; വിട്ടുപോരുവിൻ; അവിടെനിന്നു പുറപ്പെട്ടുപോരുവിൻ; അശുദ്ധമായതൊന്നും തൊടരുതു; നിങ്ങളെത്തന്നേ നിർമ്മലീകരിപ്പിൻ.” സ്വർഗീയ പിതാവ്‌ അശുദ്ധമായി കരുതുന്ന വ്യാജമതമാലിന്യങ്ങളെ സ്‌പർശിക്കുകപോലും ചെയ്യാതെ, ആത്മീയശുദ്ധി കാക്കുന്ന ഒരു ജനതയാണ്‌ നാം. അതുകൊണ്ടാണ്‌ മറ്റുപലതിനുമൊപ്പം ലോകത്തിൽ ഇന്ന്‌ ജനപ്രീതിയാർജിച്ചിട്ടുള്ള വ്യാജമതാഘോഷങ്ങളും വിശേഷദിവസങ്ങളുമൊക്കെ നാം പാടേ ഒഴിവാക്കുന്നത്‌. ശുദ്ധരായി നിലകൊള്ളുക എന്നത്‌ അത്ര എളുപ്പമല്ല. എങ്കിലും യഹോവയുടെ ജനം അതിനായി നല്ല ശ്രമം ചെയ്യുന്നു. അങ്ങനെ ചെയ്യുന്നത്‌ ദൈവസ്‌നേഹത്തിൽ നിലനിൽക്കാൻ അവരെ സഹായിക്കുമെന്ന്‌ അവർക്ക്‌ അറിയാം.

21. നാം ദൈവസ്‌നേഹത്തിൽ നിലനിൽക്കുമെന്ന്‌ നമുക്ക്‌ എങ്ങനെ ഉറപ്പാക്കാം?

21 യഹോവയുടെ സ്‌നേഹത്തിൽ നാം എന്നുമെന്നേക്കും നിലനിൽക്കണമെന്നാണ്‌ അവന്റെ ആഗ്രഹം. എന്നാൽ ആ സ്‌നേഹത്തിൽ നിലനിൽക്കാൻ നാം ഓരോരുത്തരും നമ്മാലാവുന്നത്‌ ചെയ്യുന്നുണ്ടെന്ന്‌ നാം ഉറപ്പുവരുത്തണം. യേശുവിന്റെ മാതൃക അനുകരിക്കുന്നതിലൂടെയും യഹോവയുടെ കൽപ്പനകൾ അനുസരിച്ചുകൊണ്ട്‌ അവനോടുള്ള സ്‌നേഹത്തിനു തെളിവുനൽകുന്നതിലൂടെയും നമുക്ക്‌ അതിനു കഴിയും. അങ്ങനെ ചെയ്‌താൽ “ക്രിസ്‌തുയേശുവിലൂടെയുള്ള ദൈവസ്‌നേഹത്തിൽനിന്ന്‌ നമ്മെ വേർപെടുത്താൻ” ആർക്കും കഴിയില്ല.—റോമ. 8:38, 39.

നിങ്ങൾ ഓർമിക്കുന്നുവോ?

• ദൈവസ്‌നേഹത്തിൽ നിലനിൽക്കാൻ മനസ്സാക്ഷി നമ്മെ സഹായിക്കുന്നത്‌ എങ്ങനെ?

• നാം യഹോവ സ്‌നേഹിക്കുന്നവരെ സ്‌നേഹിക്കേണ്ടത്‌ എന്തുകൊണ്ട്‌?

• അധികാരത്തോടുള്ള ആദരവ്‌ പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

• ദൈവജനത്തിന്‌ ശുദ്ധി എത്ര പ്രധാനപ്പെട്ടതാണ്‌?

[അധ്യയന ചോദ്യങ്ങൾ]

[20-ാം പേജിലെ ചതുരം/ചിത്രം]

സംശുദ്ധമായ ക്രിസ്‌തീയ ജീവിതത്തിന്‌ പ്രചോദനമേകുന്ന ഒരു പുസ്‌തകം

2008-ലെ ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനിൽ 224 പേജുള്ള ദൈവസ്‌നേഹത്തിൽ നിങ്ങളെത്തന്നെ കാത്തുകൊള്ളുവിൻ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പ്രകാശനം ചെയ്‌തു. എന്താണ്‌ ഈ പുതിയ പ്രസിദ്ധീകരണത്തിന്റെ ഉദ്ദേശ്യം? യഹോവയുടെ നിലവാരങ്ങൾ അറിയാനും അത്‌ പിൻപറ്റാനും ക്രിസ്‌ത്യാനികളെ സഹായിക്കുന്നതിനുവേണ്ടിയാണ്‌ ഇതു തയ്യാർ ചെയ്‌തിരിക്കുന്നത്‌. ക്രിസ്‌തീയ ജീവിതം എങ്ങനെയുള്ളതായിരിക്കണം എന്നതിലാണ്‌ ഈ പുതിയ പുസ്‌തകം ശ്രദ്ധകേന്ദ്രീകരിക്കുന്നത്‌. യഹോവയുടെ നിലവാരങ്ങൾക്കു ചേർച്ചയിലുള്ള ജീവിതമാണ്‌ സാധ്യമായതിലേക്കുംവെച്ച്‌ ഏറ്റവും നല്ല ജീവിതമെന്നും അതു ഭാവിയിലെ നിത്യജീവനിലേക്കു വഴിനയിക്കുമെന്നും ഉള്ള ബോധ്യത്തെ അരക്കിട്ടുറപ്പിക്കാൻ “ദൈവസ്‌നേഹത്തിൽ നിങ്ങളെത്തന്നെ കാത്തുകൊള്ളുവിൻ” എന്ന പുസ്‌തകത്തിന്റെ ശ്രദ്ധയോടെയുള്ള പഠനം നമ്മെ സഹായിക്കും.

അനുസരണം ഒരു ഭാരമല്ല, മറിച്ച്‌ യഹോവയെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്നു തെളിയിക്കാനുള്ള ഒരു മാർഗമാണെന്ന്‌ ഈ പുസ്‌തകം നമുക്കു കാണിച്ചുതരും. ‘ഞാൻ യഹോവയെ അനുസരിക്കുന്നത്‌ എന്തുകൊണ്ട്‌?’ എന്നു ചോദിക്കാൻ ഈ പുസ്‌തകം നമ്മെ ഓരോരുത്തരെയും പ്രേരിപ്പിക്കും.

ചിലർ യഹോവയുടെ സ്‌നേഹത്തിൽനിന്ന്‌ അകന്ന്‌ വളരെ പരിതാപകരമായ ഒരു അവസ്ഥയിലേക്കു നിപതിക്കുന്നു. അവർ വിട്ടുപോകുന്നത്‌ ഏതെങ്കിലും ബൈബിളുപദേശത്തിന്റെ പിഴവുനിമിത്തമല്ല, പിന്നെയോ സ്വന്തം സ്വഭാവരീതികളാണ്‌ പലപ്പോഴും അതിനു കാരണം. അങ്ങനെയെങ്കിൽ, അനുദിന ജീവിതത്തിൽ നമ്മെ വഴിനയിക്കുന്ന യഹോവയുടെ നിയമങ്ങളോടും തത്ത്വങ്ങളോടുമുള്ള സ്‌നേഹാദരങ്ങൾ ജ്വലിപ്പിച്ചുനിറുത്തേണ്ടത്‌ എത്ര പ്രധാനമാണ്‌! ശരിയായതിനുവേണ്ടി ഉറച്ചുനിൽക്കാൻ ലോകമെങ്ങുമുള്ള യഹോവയുടെ ജനത്തിന്‌ ഈ പുതിയ പുസ്‌തകം പ്രേരണയേകും എന്നതിൽ യാതൊരു സംശയവുമില്ല. അങ്ങനെ സാത്താൻ നുണയനാണെന്നു തെളിയിച്ചുകൊണ്ട്‌ ദൈവസ്‌നേഹത്തിൽ നിലനിൽക്കാൻ ദൈവജനത്തിന്‌ കഴിയുമാറാകട്ടെ.—യൂദാ 21.

[18-ാം പേജിലെ ചിത്രം]

“ഞാൻ പിതാവിന്റെ കൽപ്പനകൾ പ്രമാണിച്ച്‌ അവന്റെ സ്‌നേഹത്തിൽ നിലനിൽക്കുന്നു; അതുപോലെ, നിങ്ങളും എന്റെ കൽപ്പനകൾ പ്രമാണിക്കുന്നെങ്കിൽ എന്റെ സ്‌നേഹത്തിൽ നിലനിൽക്കും.”