വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘സദ്വർത്തമാനദിവസത്തിൽ’ ശ്രദ്ധാശൈഥില്യം ഒഴിവാക്കുക

‘സദ്വർത്തമാനദിവസത്തിൽ’ ശ്രദ്ധാശൈഥില്യം ഒഴിവാക്കുക

‘സദ്വർത്തമാനദിവസത്തിൽ’ ശ്രദ്ധാശൈഥില്യം ഒഴിവാക്കുക

ഇനിയെന്ത്‌ എന്ന ചിന്തയായിരുന്നു ആ നാലുകുഷ്‌ഠരോഗികളുടെയും മനസ്സിൽ. നഗരവാതിൽക്കൽനിന്ന്‌ ഭിക്ഷയൊന്നും കിട്ടിയില്ല. നഗരത്തിലേക്കു പോയിട്ടും പ്രത്യേകിച്ചു ഗുണമൊന്നുമില്ല; സാധനങ്ങൾക്കൊക്കെ തീപിടിച്ച വില. നരഭോജനം നടന്നതായിപ്പോലും റിപ്പോർട്ടുണ്ട്‌. (2 രാജാ. 6:24-29) ശമര്യയെ കീഴടക്കുന്നതിനുവേണ്ടി സിറിയക്കാർ ഉപരോധം ഏർപ്പെടുത്തിയിരുന്ന സമയമായിരുന്നു അത്‌.

‘എന്തുകൊണ്ട്‌ അരാമ്യരുടെ പാളയത്തിലേക്കു പൊയ്‌ക്കൂടാ? നമുക്കു നഷ്ടപ്പെടാൻ ഒന്നുമില്ലല്ലോ,’ ഒടുവിൽ അവരുടെ തീരുമാനം അതായിരുന്നു. അന്ന്‌ നേരം ഇരുട്ടിയപ്പോൾ അവർ നാലുപേരും അരാമ്യ പാളയത്തിലേക്കു വെച്ചുപിടിച്ചു. പാളയത്തിലെത്തിയ അവർക്ക്‌ അവിടെയെങ്ങും ആരെയും കാണാൻ സാധിക്കുന്നില്ല, കഴുതകളെയും കുതിരകളെയും കെട്ടിയിട്ടിട്ടുണ്ട്‌, എന്നാൽ കാവൽക്കാരെപോലും കാണാനില്ല. അവർ കൂടാരത്തിനുള്ളിലേക്ക്‌ എത്തിനോക്കി, ഇല്ല, അവിടെയും ആരുമില്ല. എന്നാൽ തിന്നാനും കുടിക്കാനും ഇഷ്ടംപോലെ സാധനങ്ങൾ! കിട്ടിയ അവസരം എന്തായാലും അവർ പാഴാക്കിയില്ല. തീർന്നില്ല, സ്വർണവും വെള്ളിയും വസ്‌ത്രങ്ങളും മറ്റ്‌ വിലകൂടിയ സാധനങ്ങളുമെല്ലാം അവിടെക്കിടക്കുന്നു. എടുക്കാവുന്നതത്രയും ചുമന്നുകൊണ്ട്‌ അവർ പുറത്തുവന്നു. അതെല്ലാം ഒളിപ്പിച്ചുവെച്ചിട്ട്‌ അവർ വീണ്ടുംപോയി പാളയത്തിലേക്ക്‌, കൂടുതൽ എടുക്കാനായി. എന്താണു സംഭവം? പട്ടാളക്കാർ ഉപേക്ഷിച്ചുപോയ ഒരു സൈനികതാവളമായിരുന്നു അത്‌. ഒരു വലിയ സൈന്യം ആക്രമിക്കാൻ വരുന്നതിന്റെ ആരവം അത്ഭുതകരമായി യഹോവ അരാമ്യ പാളയത്തിൽ കേൾപ്പിച്ചു. ആക്രമിക്കപ്പെട്ടെന്നു കരുതിയ അരാമ്യർ സകലവും ഉപേക്ഷിച്ച്‌ ഓടിപ്പോകുകയായിരുന്നു.

അനാഥമായ ആ പാളയത്തിൽനിന്ന്‌ വിലപിടിപ്പുള്ള വസ്‌തുക്കൾ വാരിക്കൂട്ടുകയായിരുന്നു ആ നാലുകുഷ്‌ഠരോഗികൾ. അപ്പോഴാണ്‌, ശമര്യമുഴുവൻ പട്ടിണിയിലാണല്ലോ എന്ന ചിന്ത അവരെ പിടികൂടിയത്‌. അവരുടെ മനസ്സാക്ഷി കുത്തിത്തുടങ്ങി. അവർ തമ്മിൽത്തമ്മിൽ: “നാം ചെയ്യുന്നതു ശരിയല്ല; ഇന്നു സദ്വർത്തമാനദിവസമല്ലോ,” എന്നു പറഞ്ഞു. പിന്നെ സമയം കളഞ്ഞില്ല ആ നാലുപേരും ശമര്യയിലേക്കു മടങ്ങി, ആ ‘സദ്വർത്തമാനം’ അവിടെയെങ്ങും അറിയിച്ചു.—2 രാജാ. 7:1-11.

ഇന്നു നാം ജീവിക്കുന്നതും ‘സദ്വർത്തമാനദിവസം’ എന്നു പേരിടാവുന്ന ഒരു കാലഘട്ടത്തിലാണ്‌. ‘യുഗസമാപ്‌തിയുടെ അടയാളത്തിന്റെ’ ഒരു സവിശേഷതയിലേക്കു വിരൽചൂണ്ടിക്കൊണ്ട്‌ യേശു പറഞ്ഞു: “രാജ്യത്തിന്റെ ഈ സുവിശേഷം സകല ജനതകൾക്കും ഒരു സാക്ഷ്യത്തിനായി ഭൂലോകത്തിലെങ്ങും പ്രസംഗിക്കപ്പെടും; അപ്പോൾ അന്ത്യം വരും.” (മത്താ. 24:3, 14) ഇത്‌ നമ്മെ എങ്ങനെയാണു ബാധിക്കുന്നത്‌?

ആകുലതകൾ ഭാരപ്പെടുത്തിയേക്കാം

സ്വർണവും മറ്റു വിലയേറിയ വസ്‌തുക്കളുംകണ്ടു മതിമറന്ന ആ നാലുകുഷ്‌ഠരോഗികൾ കുറച്ചുനേരത്തേക്കാണെങ്കിലും ശമര്യയെ മറന്നു. അവർക്ക്‌ അപ്പോൾ എടുത്തുകൊണ്ടുപോകാൻ സാധിക്കുന്ന വസ്‌തുക്കളിലായിരുന്നു അവരുടെ മനസ്സ്‌. സമാനമായ സാഹചര്യം നമ്മുടെ ജീവിതത്തിലും ഉണ്ടാകുമോ? ‘ഭക്ഷ്യക്ഷാമം’ യുഗസമാപ്‌തിയുടെ അടയാളത്തിന്റെ ഭാഗമാണ്‌. (ലൂക്കോ. 21:7, 11) യേശു തന്റെ അനുഗാമികൾക്ക്‌ ഈ മുന്നറിയിപ്പുനൽകി: “നിങ്ങളുടെ ഹൃദയം അമിതഭക്ഷണത്താലും മദ്യപാനത്താലും ജീവിതത്തിന്റെ ആകുലതകളാലും ഭാരപ്പെട്ടിട്ട്‌ നിനച്ചിരിക്കാത്ത നേരത്ത്‌ ആ ദിവസം പെട്ടെന്നൊരു കെണിപോലെ നിങ്ങളുടെമേൽ വരാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുവിൻ.” (ലൂക്കോ. 21:34) ‘സദ്വർത്തമാനദിവസത്തിലാണു’ നാം ജീവിക്കുന്നത്‌, ഈ വസ്‌തുത മറന്നുപോകാൻ അനുദിന ജീവിതത്തിന്റെ ആകുലതകൾ ക്രിസ്‌ത്യാനികളായ നമുക്ക്‌ ഇടവരുത്തരുത്‌.

വ്യക്തിപരമായ താത്‌പര്യങ്ങൾ തന്നെ കീഴടക്കാതിരിക്കാൻ ശ്രദ്ധിച്ച ഒരു ക്രിസ്‌ത്യാനിയാണ്‌ ബ്ലെസിങ്‌. സ്‌കൂൾവിദ്യാഭ്യാസം പൂർത്തിയാക്കി ഒരു പയനിയറായി സേവിച്ചിരുന്നു അവൾ. പിന്നീട്‌ ബെഥേലിൽ സേവിച്ചിരുന്ന സഹോദരനെ വിവാഹം കഴിക്കുകയും ബെനിൻ ബെഥേൽ കുടുംബത്തിന്റെ ഭാഗമായിത്തീരുകയും ചെയ്‌തു. അവൾ പറയുന്നു: “ഞാനൊരു ഹൗസ്‌കീപ്പറാണ്‌. ഞാൻ ആ നിയമനം വളരെ ഇഷ്ടപ്പെടുകയും ചെയ്യുന്നു.” മുഴുസമയസേവനത്തിൽ ചെലവഴിച്ച 12 വർഷങ്ങൾ സന്തോഷത്തിന്റെ നാളുകളായിരുന്നുവെന്ന്‌ ബ്ലെസിങ്‌ അഭിമാനത്തോടെ പറയും. മാത്രവുമല്ല, നാം ഇപ്പോൾ ജീവിക്കുന്നത്‌ “സദ്വർത്തമാനദിവസ”ത്തിലാണെന്ന കാര്യം മറന്നുപോകാതെ ജീവിക്കാൻ സാധിക്കുന്നതിൽ അവൾ സന്തുഷ്ടയുമാണ്‌.

സമയം കവർന്നെടുക്കുന്ന കാര്യങ്ങൾ സൂക്ഷിക്കുക

തന്റെ 70 ശിഷ്യന്മാരോടായി യേശു പറഞ്ഞു: “കൊയ്‌ത്ത്‌ വളരെയുണ്ട്‌ സത്യം; വേലക്കാരോ ചുരുക്കം. അതുകൊണ്ട്‌ കൊയ്‌ത്തിലേക്കു വേലക്കാരെ അയയ്‌ക്കാൻ കൊയ്‌ത്തിന്റെ യജമാനനോടു യാചിക്കുവിൻ.” (ലൂക്കോ. 10:2) കൊയ്‌തെടുക്കാൻ താമസിച്ചാൽ വിള നശിച്ചുപോകുമല്ലോ? സമാനമാണ്‌ പ്രസംഗപ്രവർത്തനവും; ഉപേക്ഷവിചാരിച്ചാൽ നഷ്ടമാകുന്നത്‌ ആളുകളുടെ ജീവനാണ്‌. അതുകൊണ്ട്‌ യേശു തുടർന്നു പറഞ്ഞു: “വഴിയിൽവെച്ച്‌ ആരെയെങ്കിലും വന്ദനം ചെയ്യാനായി സമയംകളയുകയും അരുത്‌.” (ലൂക്കോ. 10:4) “വന്ദനം ചെയ്യുക” എന്നതിന്റെ മൂലപദം കേവലമൊരു “നമസ്‌കാരം” പറയുന്നതിനെ മാത്രമല്ല അർഥമാക്കുന്നത്‌. ഒരു സുഹൃത്തിനെ കണ്ടുമുട്ടുമ്പോൾ ചെയ്യുന്നതുപോലുള്ള, ആചാരപരമായ ആലിംഗനരീതികളെയും പിന്നീടുള്ള ദീർഘസംഭാഷണത്തെയുംകൂടി അത്‌ അർഥമാക്കുന്നു. അതുകൊണ്ട്‌, പ്രസംഗപ്രവർത്തനത്തിൽനിന്നു ശ്രദ്ധവ്യതിചലിക്കാൻ ഇടയാക്കുന്ന അനാവശ്യകാര്യങ്ങൾ ഒഴിവാക്കിക്കൊണ്ട്‌ സമയം പരമാവധി പ്രയോജനപ്പെടുത്താനാണ്‌ യേശു നിർദേശിച്ചത്‌. അവർക്ക്‌ അറിയിക്കാനുണ്ടായിരുന്ന സന്ദേശം അടിയന്തിരസ്വഭാവമുള്ളതായിരുന്നു.

ശ്രദ്ധാശൈഥില്യത്തിന്‌ ഇടയാക്കുന്ന കാര്യങ്ങൾ കവർന്നെടുക്കുന്ന സമയത്തെക്കുറിച്ചൊന്നു ചിന്തിക്കാം. വർഷങ്ങളോളം മിക്ക സ്ഥലങ്ങളിലും മനുഷ്യന്റെ സമയം പാഴാക്കുന്നതിൽ ഒന്നാം സ്ഥാനത്തു നിന്നിരുന്നത്‌ ടെലിവിഷനാണ്‌. മൊബൈൽ ഫോണിന്റെയും പേഴ്‌സണൽ കമ്പ്യൂട്ടറിന്റെയും കാര്യമോ? ബ്രിട്ടനിൽ 1,000 ആളുകളുടെയിടയിൽ നടത്തിയ ഒരു സർവേ കണ്ടെത്തിയത്‌, “ഒരു ശരാശരി ബ്രിട്ടീഷുകാരൻ, ഒരു ദിവസം 88 മിനിറ്റ്‌ ലാൻഡ്‌ലൈൻ ടെലിഫോണിനും പിന്നെയൊരു 62 മിനിറ്റ്‌ മൊബൈൽ ഫോണിനും, 53 മിനിറ്റ്‌ ഇ-മെയിൽ അയയ്‌ക്കാനും, 22 മിനിറ്റ്‌ ടെക്‌സ്റ്റ്‌ മെസ്സേജുകൾ അയയ്‌ക്കാനും ഉപയോഗിക്കുന്നു” എന്നാണ്‌. ഒരു സഹായ പയനിയർ, ഒരു ദിവസം ശുശ്രൂഷയിൽ ചെലവഴിക്കുന്ന മണിക്കൂറുകളുടെ ഇരട്ടിയിൽ കൂടുതൽ! ഇതുപോലുള്ള കാര്യങ്ങൾക്കായി നിങ്ങൾ എത്ര സമയം ചെലവഴിക്കാറുണ്ട്‌?

സമയം എങ്ങനെ ചെലവിടുന്നു എന്ന കാര്യത്തിൽ ശ്രദ്ധയുള്ളവരായിരുന്ന ഏണസ്റ്റ്‌ സെലീഗറിന്റെയും ഹിൽദഗൊർട്ടിന്റെയും ജീവിതം നോക്കാം. നാസി തടങ്കൽപ്പാളയങ്ങളിലും കമ്മ്യൂണിസ്റ്റ്‌ ജയിലുകളിലുമായി അവർ ഇരുവരും ചെലവഴിച്ച കാലയളവ്‌ കണക്കുകൂട്ടിയാൽ, അത്‌ 40-ലധികം വർഷംവരും. വിട്ടയച്ചശേഷം, മരണംവരെയും ഈ അഭിഷിക്ത ക്രിസ്‌ത്യാനികൾ പയനിയർമാരായി സേവിച്ചു.

ഇവരുമായി കത്തിടപാടുകൾ നടത്താൻ പലരും ആഗ്രഹിച്ചിരുന്നു. കത്തുകൾ വായിക്കാനും മറുപടി അയയ്‌ക്കാനുമായി നല്ലൊരു സമയം അവർക്കു ചെലവഴിക്കാമായിരുന്നു. എന്നാൽ ആത്മീയ കാര്യങ്ങൾക്കാണ്‌ അവർ ജീവിതത്തിൽ ഒന്നാം സ്ഥാനം നൽകിയത്‌.

സ്‌നേഹിതരും ബന്ധുക്കളുമായൊക്കെ ആശയവിനിമയംനടത്താൻ നാം ഓരോരുത്തരും ആഗ്രഹിക്കുന്നുണ്ട്‌, അതിൽ യാതൊരു തെറ്റുമില്ല. അനുദിനജീവിതത്തിന്റെ യാന്ത്രികതയിൽനിന്നും ഇടയ്‌ക്കൊക്കെയൊരു മാറ്റം നല്ലതാണ്‌. എന്നാൽ, സുവാർത്ത പ്രസംഗിക്കാനുള്ള ‘ഈ ദിവസത്തിൽ’ സമയംകൊല്ലികളായ കാര്യങ്ങളെ കൈപ്പിടിയിൽ നിറുത്തേണ്ടതും പ്രധാനമാണ്‌.

സുവാർത്ത സമഗ്രമായി പ്രസംഗിക്കുക

“സദ്വർത്തമാനദിവസ”ത്തിൽ ജീവിക്കുന്നത്‌ എത്രവലിയൊരു അനുഗ്രഹമാണ്‌. ആ നാലുകുഷ്‌ഠരോഗികളും ആദ്യം ചെയ്‌തതുപോലെ നമുക്കു ചെയ്യാതിരിക്കാം, ശ്രദ്ധാശൈഥില്യം ഒഴിവാക്കാം. പിന്നീട്‌ അവർ തെറ്റു മനസ്സിലാക്കിക്കൊണ്ട്‌ “നാം ചെയ്യുന്നതു ശരിയല്ല” എന്നു പറഞ്ഞത്‌ നിങ്ങൾ ഓർക്കുന്നുണ്ടല്ലോ. വ്യക്തിപരമായ അനുധാവനങ്ങളോ സമയം കവർന്നെടുക്കുന്ന മറ്റു കാര്യങ്ങളോ, ശുശ്രൂഷയിൽ പരമാവധി പ്രവർത്തിക്കുന്നതിൽനിന്നു നമ്മെ തടയാൻ നാം അനുവദിക്കുന്നെങ്കിൽ അതു ശരിയല്ല.

ഇക്കാര്യത്തിൽ നല്ലൊരു ഉദാഹരണം നമ്മുടെ മുമ്പിലുണ്ട്‌. തന്റെ ശുശ്രൂഷയുടെ ആദ്യ 20 വർഷങ്ങളിലേക്കു തിരിഞ്ഞുനോക്കിക്കൊണ്ട്‌ അപ്പൊസ്‌തലനായ പൗലോസ്‌ എഴുതി: “[ഞാൻ] ക്രിസ്‌തുവിനെക്കുറിച്ചുള്ള സുവിശേഷം സമഗ്രമായി പ്രസംഗിച്ചിരിക്കുന്നു.” (റോമ. 15:19) ശുശ്രൂഷയിലുള്ള തീക്ഷ്‌ണതയ്‌ക്കു മങ്ങലേൽപ്പിക്കാൻ പൗലോസ്‌ യാതൊന്നിനെയും അനുവദിച്ചില്ല. ഈ “സദ്വർത്തമാനദിവസ”ത്തിൽ രാജ്യസന്ദേശം ഘോഷിക്കുന്നതിൽ പൗലോസിനെപ്പോലെ നമുക്കും ശുഷ്‌കാന്തിയുള്ളവരായിരിക്കാം.

[28-ാം പേജിലെ ചിത്രം]

വ്യക്തിപരമായ താത്‌പര്യങ്ങൾ മുഴുസമയ സേവനത്തിന്‌ തടസ്സമാകാതിരിക്കാൻ ബ്ലെസിങ്‌ ശ്രദ്ധിച്ചു

[29-ാം പേജിലെ ചിത്രം]

സമയം എങ്ങനെ ചെലവഴിക്കണം എന്ന കാര്യത്തിൽ ശ്രദ്ധയുള്ളവരായിരുന്നു സെലീഗർ ദമ്പതികൾ