വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അപ്രതീക്ഷിതമായി കണ്ടെത്തിയ നിധി

അപ്രതീക്ഷിതമായി കണ്ടെത്തിയ നിധി

അപ്രതീക്ഷിതമായി കണ്ടെത്തിയ നിധി

ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സ്ഥലത്ത്‌ നിധി കണ്ടെത്തിയ അനുഭവം നിങ്ങൾക്ക്‌ എന്നെങ്കിലും ഉണ്ടായിട്ടുണ്ടോ? യഹോവയുടെ സാക്ഷികളിൽ ഒരാളായ ഈവ്വൊ ലൊഡിന്‌ അങ്ങനെയൊരു അനുഭവം ഉണ്ടായി. സംഭവം നടന്നത്‌ 2005 മാർച്ച്‌ 27-ാം തീയതി എസ്‌തോണിയയിലാണ്‌. പ്രായംചെന്ന ഒരു സഹവിശ്വാസിയെ, ഒൽമൊ വൊർദ്യൊയെ, ഒരു ഷെഡ്ഡ്‌ പൊളിച്ചുകളയാൻ സഹായിക്കുകയായിരുന്നു ഈവ്വൊ അന്ന്‌. പുറത്തെ ഭിത്തി പൊളിച്ചുമാറ്റിയപ്പോൾ ഒരു പില്ലറിന്റെ ഒരു വശം ഒരു ബോർഡുകൊണ്ട്‌ മറച്ചിരിക്കുന്നത്‌ അവർ ശ്രദ്ധിച്ചു. ആ ബോർഡ്‌ മാറ്റിയപ്പോൾ അവർ എന്താണു കണ്ടത്‌? പലകകൊണ്ടുമറച്ച 4 ഇഞ്ച്‌ വീതിയും 50 ഇഞ്ച്‌ നീളവും 4 ഇഞ്ച്‌ ആഴവുമുള്ള ഒരു വലിയ പൊഴി. (1) അതിൽ അമൂല്യനിധികളുടെ ഒരു ശേഖരം! എന്തായിരുന്നു ആ നിധി? ആരാണ്‌ അത്‌ അവിടെ ഒളിപ്പിച്ചുവെച്ചത്‌?

കട്ടിക്കടലാസ്സുകൊണ്ടുപൊതിഞ്ഞ അനവധി പൊതികൾ അതിലുണ്ടായിരുന്നു. (2) യഹോവയുടെ സാക്ഷികളുടെ സാഹിത്യങ്ങളായിരുന്നു ആ പൊതികളിൽ, (3) എസ്‌തോണിയൻ ഭാഷയിൽ കൈകൊണ്ട്‌ എഴുതിയത്‌. മുഖ്യമായും വീക്ഷാഗോപുരത്തിലെ അധ്യയന ലേഖനങ്ങൾ. 1947 മുതലുള്ളവ അക്കൂട്ടത്തിലുണ്ടായിരുന്നു. എന്നാൽ, ചില പൊതികളിൽ ആരാണ്‌ അത്‌ അവിടെ ഒളിപ്പിച്ചത്‌ എന്നതിന്റെ സൂചനകളുണ്ടായിരുന്നു; അവ ഒൽമൊയുടെ ഭർത്താവ്‌ വിലെം വൊർദ്യൊയെ പോലീസ്‌ ചോദ്യം ചെയ്‌തതിന്റെ രേഖകളായിരുന്നു. അദ്ദേഹം എത്രവർഷം ജയിൽവാസം അനുഭവിച്ചു എന്ന വിവരവും അവിടെനിന്നു ലഭിക്കുകയുണ്ടായി. എന്തുകൊണ്ടാണ്‌ അദ്ദേഹത്തിന്‌ ജയിൽവാസം അനുഭവിക്കേണ്ടിവന്നത്‌?

വിലെം വൊർദ്യൊ സഹോദരൻ യഹോവയുടെ സാക്ഷികളുടെ റ്റൊർട്ടു സഭയിലും പിന്നീട്‌ എസ്‌തോണിയയിലെ (മുമ്പ്‌ സോവിയറ്റ്‌ യൂണിയനിലെ ഒരു റിപ്പബ്ലിക്ക്‌) ഒറ്റെപോ സഭയിലും ഉത്തരവാദിത്വങ്ങൾ വഹിച്ചിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്‌ മുമ്പുതന്നെ അദ്ദേഹം ബൈബിൾസത്യം പഠിച്ചിരുന്നിരിക്കണം. ഏതാനും വർഷങ്ങൾക്കുശേഷം, 1948 ഡിസംബർ 24-ാം തീയതി വൊർദ്യൊ സഹോദരനെ കമ്മ്യൂണിസ്റ്റ്‌ ഭരണകൂടം മതപ്രവർത്തനത്തിന്റെപേരിൽ അറസ്റ്റു ചെയ്‌തു. മറ്റു സാക്ഷികളുടെ വിവരങ്ങൾ ലഭിക്കുന്നതിനുവേണ്ടി രഹസ്യപോലീസ്‌ അദ്ദേഹത്തെ ചോദ്യംചെയ്യുകയും ഉപദ്രവിക്കുകയും ചെയ്‌തു. തന്റെ ഭാഗം വാദിക്കുന്നതിനുള്ള അവസരം നിഷേധിച്ച കോടതി അദ്ദേഹത്തെ പത്തുവർഷത്തെ തടവിനു വിധിച്ച്‌ റഷ്യൻ ജയിലിലേക്ക്‌ അയച്ചു.

1990 മാർച്ച്‌ 6-ാം തീയതിയാണ്‌ അദ്ദേഹം മരിക്കുന്നത്‌, അന്നുവരെയും അദ്ദേഹം യഹോവയോടു വിശ്വസ്‌തനായിരുന്നു. സാഹിത്യം ഒളിപ്പിച്ചുവെച്ചിരിക്കുന്ന കാര്യം അദ്ദേഹത്തിന്റെ ഭാര്യക്ക്‌ അറിയില്ലായിരുന്നു. പോലീസ്‌ ചോദ്യം ചെയ്‌താൽ അവർക്കു കുഴപ്പമൊന്നും സംഭവിക്കാതിരിക്കുന്നതിനുവേണ്ടിത്തന്നെ ആയിരിക്കണം അദ്ദേഹം അതൊന്നും അവരോടു പറയാതിരുന്നത്‌. എന്തുകൊണ്ടാണ്‌ സാഹിത്യം ഒളിച്ചുവെക്കേണ്ടിവന്നത്‌? സോവിയറ്റ്‌ രാഷ്‌ട്രസുരക്ഷാസമിതി, (കെജിബി) പലപ്പോഴും അപ്രതീക്ഷിതമായി യഹോവയുടെ സാക്ഷികളുടെ ഭവനങ്ങളിൽ തിരച്ചിൽ നടത്തും, മതപരമായ സാഹിത്യങ്ങളുണ്ടെങ്കിൽ പിടിച്ചെടുക്കുന്നതിനുവേണ്ടി. കെജിബി മറ്റെല്ലാം എടുത്തുകൊണ്ടുപോയാലും സഹോദരങ്ങൾക്ക്‌ ആത്മീയ ആഹാരം കിട്ടാതെ വരരുത്‌ എന്ന്‌ വൊർദ്യൊ സഹോദരൻ ആഗ്രഹിച്ചിരുന്നിരിക്കണം. അതുകൊണ്ടാണ്‌ അതൊക്കെയും അദ്ദേഹം ഒളിപ്പിച്ചുവെച്ചത്‌. ഒളിപ്പിച്ചുവെച്ചിരുന്ന സാഹിത്യങ്ങൾ മുമ്പും കണ്ടെത്തിയിട്ടുണ്ട്‌. തെക്കൻ എസ്‌തോണിയയിലുള്ള റ്റൊർട്ടുവിൽ 1990-ലെ വേനൽക്കാലത്ത്‌ ഇതുപോലെ ഒളിപ്പിച്ചുവെച്ചിരുന്ന സാഹിത്യങ്ങൾ കണ്ടെത്തുകയുണ്ടായി. അതും വിലെം വൊർദ്യൊ സഹോദരൻതന്നെ ഒളിപ്പിച്ചതായിരുന്നു.

എന്തുകൊണ്ടാണ്‌ ഇവയെ ഒരു നിധി എന്നു വിളിക്കുന്നത്‌? വളരെ പണിപ്പെട്ട്‌ കൈകൊണ്ട്‌ എഴുതി ഭദ്രമായി സൂക്ഷിച്ചുവെച്ചിരുന്ന ഈ സാഹിത്യങ്ങൾ, അന്ന്‌ ലഭ്യമായിരുന്ന ആത്മീയ ആഹാരത്തെ സാക്ഷികൾ എത്ര വിലമതിച്ചിരുന്നു എന്നതിന്റെ ‘വാചാലമായ’ സാക്ഷ്യങ്ങളാണ്‌. (മത്താ. 24:45.) നിങ്ങളുടെ സ്വന്തം ഭാഷയിൽ ഇന്നു നിങ്ങൾക്കു ലഭിക്കുന്ന ആത്മീയകരുതലുകളെ നിങ്ങൾ വിലമതിക്കുന്നുണ്ടോ? എസ്‌തോണിയൻ ഭാഷയിലും മറ്റ്‌ 170-ലധികം ഭാഷകളിലുമുള്ള വീക്ഷാഗോപുരം അവയിലൊന്നാണ്‌.