വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌തുവിന്റെ മനോഭാവം ഉള്ളവരായിരിക്കുക

ക്രിസ്‌തുവിന്റെ മനോഭാവം ഉള്ളവരായിരിക്കുക

ക്രിസ്‌തുവിന്റെ മനോഭാവം ഉള്ളവരായിരിക്കുക

‘ക്രിസ്‌തുയേശുവിനുണ്ടായിരുന്ന അതേ മനോഭാവം നിങ്ങൾക്കും ഉണ്ടായിരിക്കട്ടെ.’—റോമ. 15:6.

1. ക്രിസ്‌തുവിന്റെ മനോഭാവം നാം അനുകരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

യേശുക്രിസ്‌തു പറഞ്ഞു: “എന്റെ അടുക്കൽ വരുവിൻ . . . എന്നിൽനിന്നു പഠിക്കുവിൻ. ഞാൻ സൗമ്യതയും താഴ്‌മയും ഉള്ളവനാകയാൽ നിങ്ങൾ ഉന്മേഷം കണ്ടെത്തും.” (മത്താ. 11:28, 29) യേശുവിന്റെ സ്‌നേഹനിർഭരമായ മനസ്സല്ലേ ഈ വാക്കുകളിൽ നാം കാണുന്നത്‌? നമുക്ക്‌ അനുകരിക്കാൻ യേശുവിനെക്കാൾ നല്ലൊരു മാതൃക മറ്റൊരു മനുഷ്യനും വെച്ചിട്ടില്ല. പ്രഭാവശാലിയായ ദൈവപുത്രനായിരുന്നെങ്കിലും അവൻ അനുകമ്പയും ആർദ്രതയും നിറഞ്ഞവനായിരുന്നു, വിശേഷിച്ചും ക്ലേശിതരോട്‌.

2. ഏതുകാര്യങ്ങളാണ്‌ നാം ചർച്ചചെയ്യാൻ പോകുന്നത്‌?

2 ഈ ലേഖനത്തിലും പിൻവരുന്ന രണ്ടുലേഖനങ്ങളിലുമായി ക്രിസ്‌തുവിന്റെ മനോഭാവം വളർത്തിയെടുക്കാനും നിലനിറുത്താനും കഴിയുന്നതെങ്ങനെയെന്നും നിത്യജീവിതത്തിൽ ‘ക്രിസ്‌തുവിന്റെ മനസ്സ്‌’ പ്രതിഫലിപ്പിക്കാൻ കഴിയുന്നതെങ്ങനെയെന്നും നാം പരിചിന്തിക്കുന്നതായിരിക്കും. (1 കൊരി. 2:16) മുഖ്യമായും അഞ്ചുവശങ്ങളായിരിക്കും നാം ചർച്ചചെയ്യുന്നത്‌: യേശുവിന്റെ സൗമ്യതയും താഴ്‌മയും, അവന്റെ ദയ, ദൈവത്തോടുള്ള അവന്റെ അനുസരണം, ധൈര്യം, അവന്റെ നിലയ്‌ക്കാത്ത സ്‌നേഹം.

അവന്റെ സൗമ്യപ്രകൃതം അനുകരിക്കുക

3. (എ) താഴ്‌മയുടെ ഏതു പാഠം യേശു ശിഷ്യന്മാരെ പഠിപ്പിച്ചു? (ബി) ശിഷ്യന്മാരുടെ ദൗർബല്യങ്ങളോട്‌ അവൻ എങ്ങനെ പ്രതികരിച്ചു?

3 അപൂർണരും പാപികളുമായ മനുഷ്യരുടെ ഇടയിൽ ശുശ്രൂഷചെയ്യാൻ പൂർണനായ ഈ ദൈവപുത്രൻ മനസ്സോടെ ഭൂമിയിലേക്കുവന്നു. അവരിൽ ചിലർ തന്നെ കൊല്ലുമെന്നും അവന്‌ അറിയാമായിരുന്നു. എന്നാൽ ഇത്‌ അവന്റെ സന്തോഷത്തെ കെടുത്തിക്കളഞ്ഞില്ല, അവൻ ഒരിക്കലും സംയമനം കൈവിട്ട്‌ പ്രവർത്തിച്ചതുമില്ല. (1 പത്രോ. 2:21-23) മറ്റുള്ളവരുടെ അപൂർണതകൾ നമ്മെ ബാധിക്കുമ്പോൾ യേശുവിന്റെ മാതൃകയിൽ ‘ദൃഷ്ടിയൂന്നുന്നത്‌’ അവനെപ്പോലെ സന്തോഷം നിലനിറുത്താനും ആത്മസംയമനം പാലിക്കാനും നമ്മെ സഹായിക്കും. (എബ്രാ. 12:2) തന്റെ നുകത്തിൻകീഴിൽ വരാനും തന്നിൽനിന്നു പഠിക്കാനും യേശു ശിഷ്യന്മാരെ ക്ഷണിക്കുകയുണ്ടായി. (മത്താ. 11:29) അവനിൽനിന്ന്‌ അവർക്ക്‌ എന്തൊക്കെ പഠിക്കാൻ കഴിയുമായിരുന്നു? യേശു സൗമ്യതയുള്ളവനായിരുന്നു. ശിഷ്യന്മാർ പിഴവുകൾ വരുത്തിയപ്പോൾ അവൻ ക്ഷമയോടെ അവരോട്‌ ഇടപെട്ടു. തന്റെ മരണത്തിന്റെ തലേരാത്രി അവരുടെ കാലുകൾ കഴുകിക്കൊണ്ട്‌ ഒരിക്കലും മറക്കാത്ത ഒരുവിധത്തിൽ, ‘താഴ്‌മയുള്ളവരായിരിക്കാൻ’യേശു അവരെ പഠിപ്പിച്ചു. (യോഹന്നാൻ 13:14-17 വായിക്കുക.) പിന്നീട്‌, പത്രോസിനും യാക്കോബിനും യോഹന്നാനും ‘ഉണർന്നിരിക്കാൻ’ കഴിയാതെവന്നപ്പോൾ യേശു അവരുടെ പരിമിതികൾ മനസ്സിലാക്കിക്കൊണ്ട്‌ അവരോട്‌ ഇടപെട്ടു. “ശിമോനേ, നീ ഉറങ്ങുകയാണോ?” എന്ന്‌ അവൻ ചോദിച്ചു. “നിങ്ങൾ പ്രലോഭനത്തിൽ അകപ്പെടാതിരിക്കാൻ സദാ ഉണർന്നിരുന്നു പ്രാർഥിക്കുവിൻ. ആത്മാവ്‌ ഒരുക്കമുള്ളത്‌; ജഡമോ ബലഹീനമത്രേ,” അവൻ പറഞ്ഞു.—മർക്കോ. 14:32-38.

4, 5. മറ്റുള്ളവരുടെ പിഴവുകളോട്‌ പ്രതികരിക്കുമ്പോൾ യേശുവിന്റെ മാതൃക നമ്മെ എങ്ങനെ സഹായിക്കും?

4 നമ്മുടെയൊരു സഹോദരനോ സഹോദരിയോ പെട്ടെന്നു നീരസപ്പെടുന്ന ഒരാളായിരിക്കാം, അല്ലെങ്കിൽ മറ്റുള്ളവരെക്കാൾ ഒരുപടി മികച്ചുനിൽക്കണമെന്ന ചിന്താഗതിയുള്ള വ്യക്തിയായിരിക്കാം. ഇനി, മൂപ്പന്മാരിൽനിന്നോ അടിമവർഗത്തിൽനിന്നോ ലഭിക്കുന്ന നിർദേശങ്ങൾ അനുസരിക്കാൻ മാന്ദ്യമുള്ളവരായിരിക്കാം ചിലർ. (മത്താ. 24:45-47) ഈ സഹോദരങ്ങളോടുള്ള നമ്മുടെ മനോഭാവം എന്തായിരിക്കും? വിശ്വാസികളല്ലാത്തവർ നമ്മോട്‌ അന്യായവും അനീതിയും പ്രവർത്തിച്ചാൽ നാം അതു ക്ഷമിച്ചുകളയാൻ സന്നദ്ധരായേക്കും; ‘സാത്താന്റെ ലോകത്തിൽനിന്ന്‌ ഇതിൽക്കൂടുതൽ എന്തു പ്രതീക്ഷിക്കാനാണ്‌’ എന്നായിരിക്കും നാം അതിന്‌ ന്യായംപറയുക. എന്നാൽ നമ്മുടെ സഹോദരങ്ങളുടെ ഭാഗത്തുനിന്നാണ്‌ അങ്ങനെയൊരു പിഴവുവരുന്നതെങ്കിൽ, ക്ഷമിക്കാൻ നമുക്ക്‌ ബുദ്ധിമുട്ടുതോന്നാറുണ്ടോ? മറ്റുള്ളവരുടെ തെറ്റുകുറ്റങ്ങൾ നമ്മെ പെട്ടെന്ന്‌ അലോസരപ്പെടുത്തുന്നെങ്കിൽ നാം ഇങ്ങനെ ചോദിക്കേണ്ടതുണ്ട്‌: ‘കൂടുതൽ മെച്ചമായി എനിക്കെങ്ങനെ യേശുവിന്റെ മനോഭാവം പ്രതിഫലിപ്പിക്കാം?’ ശിഷ്യന്മാർ ആത്മീയപക്വതയില്ലാതെ പെരുമാറിയപ്പോൾപോലും യേശുവിന്‌ അവരോടു ദേഷ്യമോ നീരസമോ തോന്നിയില്ല എന്ന കാര്യം ഓർക്കുക.

5 വള്ളത്തിൽനിന്നിറങ്ങി ജലപ്പരപ്പിലൂടെ തന്റെ അടുത്തേക്കുവരാൻ യേശു പത്രോസ്‌ അപ്പൊസ്‌തലനെ ക്ഷണിച്ച സന്ദർഭമൊന്നു ചിന്തിക്കുക. പത്രോസ്‌ വെള്ളത്തിന്മീതെ നടന്നു, പക്ഷേ അൽപ്പദൂരം ചെന്നപ്പോൾ കാറ്റുംകോളും കണ്ടുഭയന്ന്‌ അവൻ മുങ്ങിത്താഴാൻ തുടങ്ങി. യേശു ക്ഷുഭിതനായി അവനോട്‌, “നിനക്കിതുതന്നെ വരണം. ഇതൊരു പാഠമായിരിക്കട്ടെ!” എന്നു പറഞ്ഞോ? ഇല്ല. പകരം, “യേശു ഉടനെ കൈനീട്ടി അവനെ പിടിച്ച്‌ അവനോട്‌, “അൽപ്പവിശ്വാസിയേ, നീ എന്തിനു സംശയിച്ചു?” എന്നു ചോദിച്ചു. (മത്താ. 14:28-31) ഒരു സഹോദരന്റെ വിശ്വാസത്തിന്‌ ക്ഷീണംതട്ടിയിരിക്കുന്നതായി നാം കാണുന്നെങ്കിൽ യേശുവിനെപ്പോലെ ‘സഹായഹസ്‌തം’ നീട്ടിക്കൊണ്ട്‌ അദ്ദേഹത്തിന്റെ വിശ്വാസം ബലപ്പെടുത്താൻ നമുക്ക്‌ ശ്രമിക്കരുതോ? പത്രോസിനോടുള്ള യേശുവിന്റെ സൗമ്യമായ പെരുമാറ്റത്തിൽനിന്ന്‌ നമുക്കു പഠിക്കാനുള്ള ഒരു പാഠം അതാണ്‌.

6. പ്രാമുഖ്യത തേടുന്നതിനെതിരെ അപ്പൊസ്‌തലന്മാരോട്‌ യേശു എന്താണ്‌ പറഞ്ഞത്‌?

6 ആരാണ്‌ വലിയവനെന്നുള്ള ഒരു തർക്കം അപ്പൊസ്‌തലന്മാരുടെ ഇടയിലുണ്ടായിരുന്നു. പത്രോസ്‌ അതിലും ഉൾപ്പെട്ടിരുന്നു. യേശു രാജ്യാധികാരത്തിൽ വരുമ്പോൾ തങ്ങളെ ഇടത്തും വലത്തും ഇരുത്തണമെന്ന ആവശ്യവുമായി യോഹന്നാനും യാക്കോബും അവനെ സമീപിച്ചതറിഞ്ഞ്‌ പത്രോസും മറ്റ്‌ അപ്പൊസ്‌തലന്മാരും അമർഷംപൂണ്ടു. അവർ വളർന്നുവന്ന സാമൂഹികവ്യവസ്ഥിതിയാണ്‌ അവരിൽ ഇങ്ങനെയൊരു മനോഭാവം വളർത്തിയതെന്ന്‌ യേശുവിന്‌ അറിയാമായിരുന്നു. യേശു അവരെ അടുക്കൽവിളിച്ച്‌ പറഞ്ഞു: “ജനതകളുടെ ഭരണകർത്താക്കൾ അവരുടെമേൽ ആധിപത്യം നടത്തുന്നെന്നും പ്രമാണിമാർ അവരുടെമേൽ അധികാരം പ്രയോഗിക്കുന്നെന്നും നിങ്ങൾ അറിയുന്നുവല്ലോ. എന്നാൽ നിങ്ങൾക്കിടയിൽ അങ്ങനെയായിരിക്കരുത്‌; നിങ്ങളിൽ വലിയവനാകാൻ ആഗ്രഹിക്കുന്നവനൊക്കെയും നിങ്ങളുടെ ശുശ്രൂഷകൻ ആയിരിക്കണം. നിങ്ങളിൽ ഒന്നാമനാകാൻ ആഗ്രഹിക്കുന്നവനൊക്കെയും നിങ്ങളുടെ ദാസൻ ആയിരിക്കണം.” തുടർന്ന്‌ തന്റെ ജീവിതത്തിലേക്കു ശ്രദ്ധക്ഷണിച്ചുകൊണ്ട്‌ അവൻ പറഞ്ഞു: “മനുഷ്യപുത്രൻതന്നെയും വന്നത്‌ ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകർക്കുവേണ്ടി തന്റെ ജീവൻ മറുവിലയായി കൊടുക്കാനുമത്രേ.”—മത്താ. 20:20-28.

7. സഭയിൽ ഐക്യം ഉന്നമിപ്പിക്കാൻ നമുക്കോരോരുത്തർക്കും എങ്ങനെ കഴിയും?

7 യേശു ജീവിതത്തിലുടനീളം പ്രകടമാക്കിയ താഴ്‌മയെക്കുറിച്ച്‌ ഓർക്കുന്നത്‌, സഹോദരന്മാർക്കിടയിൽ ‘നമ്മെത്തന്നെ ചെറിയവനായി കരുതാൻ’ നമ്മെ സഹായിക്കും. (ലൂക്കോ. 9:46-48) അങ്ങനെ ചെയ്യുന്നത്‌ ഐക്യം ഉന്നമിപ്പിക്കും. ഒരു വലിയ കുടുംബത്തിന്റെ നാഥനായ യഹോവ തന്റെ മക്കളെല്ലാം ‘ഒത്തൊരുമിച്ചു വസിക്കണമെന്ന്‌’ ആഗ്രഹിക്കുന്നു. (സങ്കീ. 133:1) സത്യക്രിസ്‌ത്യാനികളുടെ ഇടയിൽ ഐക്യമുണ്ടായിരിക്കുമെന്നും അങ്ങനെ “നീ എന്നെ അയച്ചുവെന്നും നീ എന്നെ സ്‌നേഹിച്ചതുപോലെതന്നെ അവരെയും സ്‌നേഹിച്ചുവെന്നും ലോകം” അറിയാനിടയാകും എന്നും പിതാവിനോടുള്ള പ്രാർഥനയിൽ യേശു പറഞ്ഞു. (യോഹ. 17:23) അതുകൊണ്ട്‌ നമ്മുടെ ആ ഐക്യം ക്രിസ്‌തുവിന്റെ അനുഗാമികളാണ്‌ നാം എന്നതിന്റെ തെളിവാണ്‌. മറ്റുള്ളവരുടെ അപൂർണതകളെ നാം യേശു വീക്ഷിച്ചതുപോലെ വീക്ഷിച്ചെങ്കിലേ ആ സ്വരുമ യാഥാർഥ്യമാകൂ. ക്ഷമിക്കാൻ ഒരുക്കമുള്ളവനായിരുന്നു യേശു. മറ്റുള്ളവരോടു ക്ഷമിക്കുന്നതിലൂടെ മാത്രമേ നമുക്കു ക്ഷമ ലഭിക്കുകയുള്ളൂവെന്ന്‌ അവൻ പഠിപ്പിച്ചു.—മത്തായി 6:14, 15 വായിക്കുക.

8. ദീർഘകാലമായി യഹോവയെ സേവിക്കുന്നവരിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

8 ഏറിയകാലമായി ക്രിസ്‌തുവിന്റെ പാത പിന്തുടരുന്ന ആളുകളുടെ വിശ്വാസം അനുകരിച്ചാൽ നമുക്ക്‌ പലതും പഠിക്കാനാകും. യേശുവിനെപ്പോലെ അവരും, സഹോദരങ്ങളെ മനസ്സിലാക്കുന്നു, അവരുടെ അപൂർണതകൾ ഉൾക്കൊള്ളാൻ പലപ്പോഴും അവർക്കാകുന്നു. ‘അശക്തരുടെ ബലഹീനതകളെ ചുമക്കാനും’ സഭയുടെ ഐക്യം ഊട്ടിവളർത്താനും ക്രിസ്‌തുവിനെപ്പോലെ അനുകമ്പ കാണിക്കേണ്ടതുണ്ടെന്ന്‌ അവർക്കറിയാം. ഇതിനുപുറമേ, ക്രിസ്‌തുവിന്റെ മനോഭാവം പകർത്താൻ മുഴുസഭയ്‌ക്കും പ്രചോദനമാകുന്നു ഈ ക്രിസ്‌ത്യാനികളുടെ അനുകമ്പയോടെയുള്ള പെരുമാറ്റം. പൗലോസിന്‌ റോമിലെ ക്രിസ്‌ത്യാനികളോടുണ്ടായിരുന്ന അതേ മനോഭാവമാണ്‌ ഇവർക്ക്‌ സഹോദരങ്ങളോടുള്ളത്‌. റോമിലെ ക്രിസ്‌ത്യാനികൾക്കുള്ള പൗലോസിന്റെ ആശംസ ഇതായിരുന്നു: “നിങ്ങൾ ഒരുമനപ്പെട്ട്‌ ഒരേ വായാൽ നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിന്റെ പിതാവായ ദൈവത്തെ മഹത്ത്വപ്പെടുത്തേണ്ടതിന്‌, ക്രിസ്‌തുയേശുവിനുണ്ടായിരുന്ന അതേ മനോഭാവം നിങ്ങൾക്കും ഉണ്ടായിരിക്കാൻ സഹിഷ്‌ണുതയും ആശ്വാസവും നൽകുന്ന ദൈവം ഇടവരുത്തുമാറാകട്ടെ.” (റോമ. 15:1, 5, 6) ഉവ്വ്‌, ഏകമനസ്സോടെ നാം യഹോവയെ ആരാധിക്കുമ്പോൾ അത്‌ അവന്‌ മഹത്ത്വം കരേറ്റും.

9. യേശുവെച്ച മാതൃക പിന്തുടരാൻ നമുക്ക്‌ പരിശുദ്ധാത്മാവിന്റെ സഹായം വേണ്ടത്‌ എന്തുകൊണ്ട്‌?

9 “താഴ്‌മ” എന്ന ഗുണത്തെ യേശു സൗമ്യതയോടു ബന്ധപ്പെടുത്തി. പരിശുദ്ധാത്മാവിന്റെ ഫലത്തിന്റെ ഭാഗമാണ്‌ സൗമ്യത. അതുകൊണ്ട്‌ യേശുവിന്റെ മാതൃകയെക്കുറിച്ചു പഠിക്കുന്നതിനുപുറമേ നമുക്ക്‌ പരിശുദ്ധാത്മാവിന്റെ സഹായവും ആവശ്യമാണ്‌. എങ്കിൽമാത്രമേ, നമുക്ക്‌ ആ മാതൃക വേണ്ടവിധം അനുകരിക്കാനാകൂ. ദൈവത്തിന്റെ പരിശുദ്ധാത്മാവിനുവേണ്ടി പ്രാർഥിക്കുകയും അതിന്റെ ഫലം—“സ്‌നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, നന്മ, വിശ്വാസം, സൗമ്യത, ആത്മനിയന്ത്രണം”—പുറപ്പെടുവിക്കാൻ യത്‌നിക്കുകയും വേണം. (ഗലാ. 5:22, 23) യേശു കാണിച്ചുതന്ന താഴ്‌മയുടെയും സൗമ്യതയുടെയും മാതൃക അനുകരിക്കുമ്പോൾ നാം സ്വർഗീയപിതാവായ യഹോവയുടെ ഹൃദയത്തിനു സന്തോഷമേകുകയായിരിക്കും ചെയ്യുന്നത്‌.

ദീനദയാലുവായ യേശു

10. യേശു ദയാമയനായിരുന്നു എന്ന്‌ പറയാവുന്നത്‌ എന്തുകൊണ്ട്‌?

10 ദയയും പരിശുദ്ധാത്മാവിന്റെ ഫലത്തിന്റെ ഭാഗമാണ്‌. ദയാവായ്‌പ്‌ യേശുവിന്റെ വ്യക്തിത്വത്തിന്റെ അവിഭാജ്യ ഘടകമായിരുന്നു. തന്നെ ആത്മാർഥതയോടെ തേടിവന്നവരെയെല്ലാം അവൻ ‘കനിവോടെ കൈക്കൊണ്ടു’ എന്ന്‌ ദൈവവചനം പറയുന്നു. (ലൂക്കോസ്‌ 9:11 വായിക്കുക.) ദയാമയനായ യേശു മറ്റുള്ളവരോട്‌ ഇടപെട്ടവിധത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാനാകും? ദയാലുവായ ഒരു വ്യക്തി സൗഹൃദഭാവവും സഹാനുഭൂതിയും ആർദ്രതയും ഉള്ളവനായിരിക്കും. അങ്ങനെയുള്ള ആളായിരുന്നു യേശു. “ഇടയനില്ലാത്ത ആടുകളെപ്പോലെ ദ്രോഹിക്കപ്പെട്ടവരും ചിതറിക്കപ്പെട്ടവരും” ആയവരെക്കണ്ട്‌ അവന്റെ മനസ്സലിഞ്ഞു.—മത്താ. 9:35, 36.

11, 12. (എ) യേശു അനുകമ്പ കാണിച്ചതിന്റെ ഒരു ദൃഷ്ടാന്തം പറയുക. (ബി) ഈ ഉദാഹരണത്തിൽനിന്നും നിങ്ങൾക്ക്‌ എന്തു പഠിക്കാനാകും?

11 ആളുകളോടു തോന്നിയ ദയയും അനുകമ്പയും പ്രവൃത്തിപഥത്തിൽ കൊണ്ടുവരാനും യേശുവിനു കഴിഞ്ഞു. ഉദാഹരണമായി, നീണ്ട 12 വർഷങ്ങളായി രക്തസ്രാവത്താൽ വലഞ്ഞിരുന്ന ഒരു സ്‌ത്രീയോട്‌ യേശു ഇടപെട്ടതെങ്ങനെയെന്നു നമുക്കു നോക്കാം. മോശൈക ന്യായപ്രമാണപ്രകാരം അവളും അവളെ സ്‌പർശിക്കുന്നവരുമെല്ലാം ‘അശുദ്ധരാകും’ എന്ന്‌ അവൾക്ക്‌ അറിയാമായിരുന്നു. (ലേവ്യ. 15:25-27) എന്നിട്ടും അവൾ യേശുവിനെത്തേടിച്ചെന്നു. എന്തുകൊണ്ട്‌? അവനെക്കുറിച്ച്‌ കേട്ട കാര്യങ്ങളും അവൻ ആളുകളോട്‌ ഇടപെടുന്ന വിധവും, അവനു തന്നെ സുഖപ്പെടുത്താനുള്ള കഴിവും മനസ്സുമുണ്ടെന്ന്‌ ഉറച്ചു വിശ്വസിക്കാൻ അവളെ പ്രേരിപ്പിച്ചു. “അവന്റെ വസ്‌ത്രത്തിലൊന്നു തൊട്ടാൽ മതി ഞാൻ സുഖം പ്രാപിക്കും,” അവളുടെ മനസ്സു മന്ത്രിച്ചുകൊണ്ടിരുന്നു. ധൈര്യം സംഭരിച്ച്‌ അവൾ അങ്ങനെ ചെയ്‌തു, ഉടൻതന്നെ സൗഖ്യംവന്നതായി അവൾക്കനുഭവപ്പെടുകയും ചെയ്‌തു.

12 തന്നെ ആരോ സ്‌പർശിച്ചെന്ന്‌ മനസ്സിലാക്കിയ യേശു, അത്‌ ആരാണെന്നറിയാൻ ചുറ്റും നോക്കി. ന്യായപ്രമാണം ലംഘിച്ചതിന്റെ പ്രത്യാഘാതങ്ങളെ ഭയന്നിട്ടായിരിക്കാം അവൾ അവന്റെ കാൽക്കൽവീണു സംഭവിച്ചതെല്ലാം തുറന്നുപറഞ്ഞു. യേശു ആ സാധുസ്‌ത്രീയെ ശകാരിച്ചോ? ഇല്ല. പകരം, “മകളേ” എന്നു വിളിച്ചുകൊണ്ട്‌ അവൻ പറഞ്ഞു: “നിന്റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു. സമാധാനത്തോടെ പൊയ്‌ക്കൊള്ളുക.” (മർക്കോ. 5:25-34) ആ വാക്കുകൾ അവൾക്ക്‌ എത്ര ആശ്വാസം പകർന്നിരിക്കണം!

13. (എ) യേശുവിന്റെ മനോഭാവം പരീശന്മാരുടേതിൽനിന്ന്‌ ഭിന്നമായിരുന്നത്‌ എങ്ങനെ? (ബി)  യേശു കുട്ടികളോട്‌ എങ്ങനെ ഇടപെട്ടു?

13 ഹൃദയശൂന്യരായ പരീശന്മാർ മറ്റുള്ളവരെ ഭാരപ്പെടുത്താനാണ്‌ തങ്ങളുടെ അധികാരം ഉപയോഗിച്ചത്‌, എന്നാൽ യേശു അങ്ങനെ ആയിരുന്നില്ല. (മത്താ. 23:4) അവൻ ക്ഷമയോടെ, ദയാപുരസ്സരം ആളുകളെ യഹോവയുടെ വഴികൾ പഠിപ്പിച്ചു. തന്റെ അനുഗാമികളുടെ ആത്മമിത്രമായിരുന്നു യേശു. അവൻ അവരെ എല്ലായ്‌പോഴും സ്‌നേഹിക്കുകയും കനിവോടെ ഇടപെടുകയും ചെയ്‌തു. (സദൃ. 17:17; യോഹ. 15:11-15) കുട്ടികളും അവന്റെ സാമീപ്യം ഇഷ്ടപ്പെട്ടു, സ്വാഭാവികമായും അവനും അവരുടെ സൗഹൃദം ആസ്വദിച്ചിരുന്നു. തിരക്കുള്ളവനായിരുന്നെങ്കിലും കുഞ്ഞുങ്ങളോടൊപ്പം ചെലവിടാൻ അവൻ സമയം കണ്ടെത്തി. ഒരിക്കൽ, ശിശുക്കളെയുംകൊണ്ട്‌ യേശുവിന്റെ അടുക്കൽവരുന്നതിൽനിന്ന്‌ മാതാപിതാക്കളെ ശിഷ്യന്മാർ തടയുകയുണ്ടായി. തൻപ്രമാണിത്തം ആഗ്രഹിച്ചിരുന്ന അന്നത്തെ മതനേതാക്കന്മാരുടെ വീക്ഷണം അവരെയും സ്വാധീനിച്ചിരുന്നിരിക്കണം. ശിഷ്യന്മാരുടെ ഈ നടപടി പക്ഷേ യേശുവിന്‌ ഇഷ്ടമായില്ല. അവൻ അവരോട്‌: “ശിശുക്കൾ എന്റെ അടുക്കൽ വന്നുകൊള്ളട്ടെ; അവരെ തടയരുത്‌. ദൈവരാജ്യം ഇങ്ങനെയുള്ളവരുടേതത്രേ” എന്നു പറഞ്ഞു. എന്നിട്ട്‌, കുട്ടികളെ ചൂണ്ടിക്കാട്ടി ഒരു പ്രധാനപ്പെട്ട പാഠം അവർക്കു പറഞ്ഞുകൊടുത്തു: “ശിശുവിനെപ്പോലെ ദൈവരാജ്യത്തെ കൈക്കൊള്ളാത്ത ആരും ഒരുപ്രകാരത്തിലും അതിൽ കടക്കുകയില്ല എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.”—മർക്കോ. 10:13-15.

14. നല്ല ശ്രദ്ധലഭിക്കുന്നതിലൂടെ കുട്ടികൾക്കു കിട്ടുന്ന ചില പ്രയോജനങ്ങൾ ഏവ?

14 പണ്ട്‌, യേശു തങ്ങളെ “കൈകളിലെടുത്ത്‌ . . . അനുഗ്രഹിച്ച”കാര്യം ഈ കുട്ടികളിൽ ചിലർ മുതിർന്നശേഷവും ഓർത്തിട്ടുണ്ടാകണം. അത്‌ ഓർത്തപ്പോഴൊക്കെ യേശുവിനോടുള്ള സ്‌നേഹാദരങ്ങളായിരിക്കില്ലേ അവരുടെ മനസ്സിൽ നിറഞ്ഞുനിന്നത്‌? (മർക്കോ. 10:16) അതുപോലെ ഇന്നത്തെ കുട്ടികളും പിന്നീട്‌ പിന്തിരിഞ്ഞു നോക്കുമ്പോൾ, മൂപ്പന്മാരും മറ്റുള്ളവരും അവരുടെ കാര്യത്തിലെടുത്ത നിസ്വാർഥമായ താത്‌പര്യത്തെ നന്ദിയോടെ സ്‌മരിക്കുമെന്നതിനു സംശയമില്ല. ചെറുപ്പംമുതൽക്കേ സഭയിൽനിന്ന്‌ ശ്രദ്ധയും പരിഗണനയുമൊക്കെ കുട്ടികൾക്ക്‌ ലഭിക്കുമ്പോൾ, യഹോവയുടെ ആത്മാവ്‌ അവന്റെ ജനത്തിനിടയിൽ വസിക്കുന്നുണ്ടെന്ന്‌ അവർ തിരിച്ചറിയും. അത്‌ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്‌.

ദയാരഹിതമായ ഒരു ലോകത്തിൽ ദയാവായ്‌പോടെ. . .

15. ഇന്ന്‌ ദയ ദുർലഭമായിരിക്കുന്നതിൽ അതിശയിക്കാനില്ലാത്തത്‌ എന്തുകൊണ്ട്‌?

15 മറ്റുള്ളവരോട്‌ ദയയോടെ ഇടപെടാനുള്ള സമയവും സാഹചര്യവുമൊന്നും ഇല്ലെന്നാണ്‌ അനേകരുടെയും ചിന്ത. അതുകൊണ്ടുതന്നെ സ്‌കൂളിലും ജോലിസ്ഥലത്തും യാത്രയ്‌ക്കിടയിലും ശുശ്രൂഷയിലായിരിക്കുമ്പോഴുമെല്ലാം, ദിവസേനയെന്നോണം നമുക്ക്‌ ദയാരഹിതമായ പെരുമാറ്റം സഹിക്കേണ്ടിവരുന്നു. അത്തരം പെരുമാറ്റങ്ങൾക്ക്‌ ഇരയാകേണ്ടിവരുമ്പോൾ നമുക്ക്‌ ദേഷ്യവും സങ്കടവുമൊക്കെ തോന്നുക സ്വാഭാവികമാണ്‌. എന്നാൽ ഇതൊക്കെയല്ലേ നമുക്ക്‌ ഈ ലോകത്തിൽനിന്നു പ്രതീക്ഷിക്കാനാകൂ! പൗലോസ്‌ നിശ്വസ്‌തതയിൽ എഴുതിയ വാക്കുകൾ സൂചിപ്പിക്കുന്നത്‌ അതല്ലേ? ഈ “അന്ത്യകാലത്ത്‌” നമുക്ക്‌ “സ്വസ്‌നേഹികളും . . . സഹജസ്‌നേഹമില്ലാത്തവരും” ആയ ആളുകളോട്‌ ഇടപെടേണ്ടിവരുമെന്ന്‌ അവൻ മുന്നറിയിപ്പുനൽകി.—2 തിമൊ. 3:1-3.

16. സഭയ്‌ക്കുള്ളിൽ ക്രിസ്‌തുവിനെ അനുകരിച്ച്‌ ദയ കാണിക്കാനാകുന്നത്‌ എങ്ങനെ?

16 ദയയും കനിവും അന്യമായ ഈ ലോകത്തിൽനിന്ന്‌ തികച്ചുംവ്യത്യസ്‌തമായ, ഉന്മേഷദായകമായ ഒരു അന്തരീക്ഷമാണ്‌ ക്രിസ്‌തീയ സഭയ്‌ക്കുള്ളിലേത്‌. യേശുവിനെ അനുകരിച്ചുകൊണ്ട്‌ നമുക്ക്‌ ഓരോരുത്തർക്കും സഭയ്‌ക്കുള്ളിൽ ഊഷ്‌മളമായ, പ്രശാന്തമായ ഒരു അന്തരീക്ഷം നിലനിറുത്തുന്നതിൽ പങ്കുചേരാം. നമുക്കത്‌ എങ്ങനെ ചെയ്യാൻ സാധിക്കും? സഭയിൽ പലരും ആരോഗ്യപ്രശ്‌നങ്ങളോ അല്ലെങ്കിൽ മറ്റു ക്ലേശങ്ങളോ അഭിമുഖീകരിക്കുന്നുണ്ടാകാം. അവർക്ക്‌ ആവശ്യമായ സഹായവും പ്രോത്സാഹനവും നൽകുകയെന്നതാണ്‌ ആദ്യപടി. ഈ “അന്ത്യകാലത്ത്‌” ഇത്തരം പ്രശ്‌നങ്ങൾ ഒന്നിനൊന്നു വർധിക്കുകയാണ്‌ എന്നതു ശരിതന്നെ. എന്നാൽ ഇതൊന്നും പുതിയ കാര്യങ്ങളല്ല. ആദ്യകാല ക്രിസ്‌ത്യാനികൾക്കും ഇതുപോലുള്ള പ്രശ്‌നങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്‌. അങ്ങനെയുള്ളവർക്ക്‌ സാന്ത്വനവും പിന്തുണയും ആവശ്യമായിരുന്നു. അതുകൊണ്ടാണ്‌ അപ്പൊസ്‌തലനായ പൗലോസ്‌ അന്ന്‌ എഴുതിയത്‌: “വിഷാദമഗ്നരെ സാന്ത്വനപ്പെടുത്തുവിൻ; ബലഹീനരെ താങ്ങുവിൻ; എല്ലാവരോടും ദീർഘക്ഷമ കാണിക്കുവിൻ.” (1 തെസ്സ. 5:14) ഈ ബുദ്ധിയുപദേശം നമ്മുടെ നാളിലും പ്രസക്തമല്ലേ? തീർച്ചയായും. പക്ഷേ ഇത്‌ പ്രാവർത്തികമാക്കുന്നതിന്‌ ദയാപരനായ ക്രിസ്‌തുവിനെ നാം അനുകരിക്കേണ്ടതുണ്ട്‌.

17, 18. യേശുവിനെപ്പോലെ ദയാമനസ്‌കരായിരിക്കാൻ കഴിയുന്ന ചില വിധങ്ങളേവ?

17 ‘സഹോദരങ്ങളെ കനിവോടെ കൈക്കൊണ്ട്‌,’ യേശു ഇടപെടുമായിരുന്നതുപോലെ അവരോട്‌ ഇടപെടേണ്ടത്‌ ഒരു ക്രിസ്‌തീയ ഉത്തരവാദിത്വമാണ്‌. അവരെ വർഷങ്ങളായി പരിചയമുണ്ടെങ്കിലും ഇനി അഥവാ ആദ്യമായി കാണുകയാണെങ്കിലും നാം അവരിൽ ഹൃദയംഗമമായ താത്‌പര്യം കാണിക്കണം. (3 യോഹ. 5-8) മറ്റുള്ളവരോട്‌ അനുകമ്പ കാണിക്കാൻ യേശു മുൻകൈ എടുത്തിരുന്നു, നാം ചെയ്യേണ്ടതും അതുതന്നെയല്ലേ? എല്ലായ്‌പോഴും നമ്മുടെ സാമീപ്യം മറ്റുള്ളവർക്ക്‌ ഉന്മേഷം പകരട്ടെ!—യെശ. 32:2; മത്താ. 11:28-30.

18 മറ്റുള്ളവരുടെ ക്ഷേമത്തിൽ ആത്മാർഥമായ താത്‌പര്യം കാണിച്ചുകൊണ്ട്‌ നമുക്കോരോരുത്തർക്കും ദയവുള്ളവരായിരിക്കാം. അതിനുള്ള ചെറിയൊരു അവസരംപോലും പാഴാക്കിക്കളയരുത്‌, അവസരങ്ങൾ കണ്ടെത്താൻ ശ്രമിക്കുക. “സഹോദരസ്‌നേഹത്തിൽ അന്യോന്യം ആർദ്രതയുള്ളവരായിരിക്കുവിൻ. പരസ്‌പരം ബഹുമാനിക്കുന്നതിൽ മുന്നിട്ടുനിൽക്കുവിൻ,” എന്നായിരുന്നു പൗലോസിന്റെ ഉദ്‌ബോധനം. (റോമ. 12:10) ഇതു ചെയ്യുന്നതിന്‌ നാം ക്രിസ്‌തുവിന്റെ മാതൃക അനുകരിക്കേണ്ടതുണ്ട്‌. മറ്റുള്ളവരോട്‌ പരിഗണനയോടെയും ആർദ്രതയോടെയും പെരുമാറുന്നതും ‘നിർവ്യാജസ്‌നേഹം’ കാണിക്കാൻ പഠിക്കുന്നതും അതിൽ ഉൾപ്പെട്ടിരിക്കുന്നു. (2 കൊരി. 6:6) ക്രിസ്‌തു കാണിച്ച ആ സ്‌നേഹത്തെ പൗലോസ്‌ ഇങ്ങനെ വർണിക്കുന്നു: “സ്‌നേഹം ദീർഘക്ഷമയും ദയയുമുള്ളത്‌. സ്‌നേഹം അസൂയപ്പെടുന്നില്ല; ആത്മപ്രശംസ നടത്തുന്നില്ല; വലുപ്പം ഭാവിക്കുന്നില്ല.” (1 കൊരി. 13:4) നമ്മുടെ സഹോദരീസഹോദരന്മാരോട്‌ നീരസം വെച്ചുകൊണ്ടിരിക്കുന്നതിനുപകരം നമുക്ക്‌ പിൻവരുന്ന ആഹ്വാനത്തിനു ചെവികൊടുക്കാം: “തമ്മിൽ ദയയും ആർദ്രാനുകമ്പയും ഉള്ളവരായി ദൈവം ക്രിസ്‌തുമൂലം നിങ്ങളോട്‌ ഉദാരമായി ക്ഷമിച്ചതുപോലെ നിങ്ങളും അന്യോന്യം ഉദാരമായി ക്ഷമിക്കുവിൻ.”—എഫെ. 4:32.

19. ക്രിസ്‌തുവിനെപ്പോലെ ദയയോടെ പെരുമാറുന്നത്‌ ഏതു സത്‌ഫലങ്ങൾ കൈവരുത്തും?

19 എല്ലായ്‌പോഴും, ഏതു സാഹചര്യത്തിലും, ക്രിസ്‌തുവിനെ അനുകരിച്ച്‌ ദയയോടെയും അനുകമ്പയോടെയും ഇടപെടുന്നത്‌ സത്‌ഫലങ്ങൾ കൈവരുത്തും. ആത്മാവിന്റെ സത്‌ഫലം ഏവരിലും ഉളവാക്കിക്കൊണ്ട്‌ പരിശുദ്ധാത്മാവ്‌ സഭയിൽ നിറഞ്ഞുനിൽക്കും. മാത്രമല്ല, നാം യേശുവിന്റെ മാതൃക അനുകരിക്കാൻ ശ്രമിച്ചുകൊണ്ടും, അതു ചെയ്യാൻ മറ്റുള്ളവരെ സഹായിച്ചുകൊണ്ടും സന്തോഷത്തോടെ, ഏകമനസ്സോടെ യഹോവയെ ആരാധിക്കുമ്പോൾ അത്‌ അവന്റെ ഹൃദയത്തെ സന്തോഷിപ്പിക്കും. യേശുവിന്റെ അതേ സൗമ്യതയും ദയാവായ്‌പും നമ്മുടെ പ്രവൃത്തികളിലും നിറയട്ടെ, എല്ലായ്‌പോഴും.

വിശദീകരിക്കാമോ?

• താൻ ‘സൗമ്യതയും താഴ്‌മയും’ ഉള്ളവനാണെന്ന്‌ യേശു പ്രകടമാക്കിയത്‌ എങ്ങനെ?

• താൻ ദയാലുവാണെന്ന്‌ യേശു കാണിച്ചത്‌ എങ്ങനെ?

• ഈ അപൂർണലോകത്തിൽ നമുക്ക്‌ യേശുവിന്റെ സൗമ്യതയും ദയയും അനുകരിക്കാൻ കഴിയുന്ന ചില മാർഗങ്ങളേവ?

[അധ്യയന ചോദ്യങ്ങൾ]

[8-ാം പേജിലെ ചിത്രം]

പത്രോസിന്റെ കാര്യത്തിലെന്നപോലെ, ഒരു സഹോദരന്റെ വിശ്വാസത്തിന്‌ ക്ഷീണമേൽക്കുമ്പോൾ നിങ്ങൾ കൈത്താങ്ങേകുമോ?

[10-ാം പേജിലെ ചിത്രം]

സഭയെ കനിവിന്റെ കേദാരമാക്കാൻ നിങ്ങൾക്ക്‌ എന്തുചെയ്യാൻ സാധിക്കും?