വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അനുസരണവും ധൈര്യവും കാണിക്കുക: ക്രിസ്‌തുവിനെപ്പോലെ

അനുസരണവും ധൈര്യവും കാണിക്കുക: ക്രിസ്‌തുവിനെപ്പോലെ

അനുസരണവും ധൈര്യവും കാണിക്കുക: ക്രിസ്‌തുവിനെപ്പോലെ

“ധൈര്യപ്പെടുവിൻ! ഞാൻ ലോകത്തെ ജയിച്ചടക്കിയിരിക്കുന്നു.”—യോഹ. 16:33.

1. ദൈവത്തോടുള്ള യേശുവിന്റെ അനുസരണം എത്ര തികവുള്ളതായിരുന്നു?

എല്ലായ്‌പോഴും ദൈവഹിതം ചെയ്‌തവനായിരുന്നു യേശുക്രിസ്‌തു. തന്റെ സ്വർഗീയ പിതാവിനോട്‌ അനുസരണക്കേട്‌ കാണിക്കുന്നതിനെക്കുറിച്ച്‌ അവൻ ചിന്തിച്ചിട്ടുപോലുമില്ല, ഒരിക്കൽപ്പോലും. (യോഹ. 4:34; എബ്രാ. 7:26) എന്നാൽ ഭൂമിയിൽ അവനു നേരിടേണ്ടിവന്ന സാഹചര്യങ്ങൾ ദുഷ്‌കരമായിരുന്നു, അതുകൊണ്ടുതന്നെ അനുസരിക്കുന്നത്‌ അത്ര എളുപ്പവുമല്ലായിരുന്നു. അവന്റെ ശുശ്രൂഷയുടെ തുടക്കംമുതൽക്കേ, സാത്താൻ ഉൾപ്പെടെയുള്ള എതിരാളികൾ അവന്റെ വിശ്വസ്‌തത തകർക്കാൻ ശ്രമിച്ചിരുന്നു. അവർ അതിനായി പല ന്യായങ്ങൾ നിരത്തി അവന്‌ ബോധ്യംവരുത്താൻ ശ്രമിക്കുകയും നിർബന്ധിക്കുകയും ഉപായങ്ങൾ പ്രയോഗിക്കുകയും ചെയ്‌തു. (മത്താ. 4:1-11; ലൂക്കോ. 20:20-25) ഈ ശത്രുക്കൾമൂലം യേശുവിന്‌ അനുഭവിക്കേണ്ടിവന്ന മാനസികവും വൈകാരികവും ശാരീരികവുമായ വേദന ഒട്ടും ചെറുതായിരുന്നില്ല. ഒടുവിൽ, അവർ യേശുവിനെ ഒരു ദണ്ഡനസ്‌തംഭത്തിലേറ്റി വധിക്കുകയും ചെയ്‌തു. (മത്താ. 26:37, 38; ലൂക്കോ. 22:44; യോഹ. 19:1, 17, 18) ഈ ദുരനുഭവങ്ങളിലൂടെയെല്ലാം കടന്നുപോകേണ്ടിവന്നിട്ടും, അവൻ അനുസരണം കൈവിട്ടില്ല. അതെ, അവൻ ‘മരണത്തോളംതന്നെ അനുസരണമുള്ളവനായിരുന്നു.’ഫിലിപ്പിയർ 2:8 വായിക്കുക.

2, 3. യാതനകൾ അനുഭവിച്ചിട്ടും യേശു അനുസരണമുള്ളവനായിരുന്നു, ഇതിൽനിന്നും നമുക്ക്‌ എന്തു പഠിക്കാം?

2 ഒരു മനുഷ്യനെന്ന നിലയിൽ യേശുവിന്‌ അഭിമുഖീകരിക്കേണ്ടിവന്നത്‌ തികച്ചും പുതിയ സാഹചര്യങ്ങളായിരുന്നു. ഇവിടെയും അനുസരണം കാണിക്കേണ്ടത്‌ എങ്ങനെയെന്ന്‌ അവൻ പഠിച്ചു. (എബ്രാ. 5:8) സൃഷ്ടിയുടെ സമയത്ത്‌ അവൻ യഹോവയുടെ അടുക്കൽ “ശില്‌പി”യായി വർത്തിച്ചിരുന്നു, യുഗങ്ങളായുള്ള ഉറ്റബന്ധവും അവന്‌ പിതാവുമായുണ്ടായിരുന്നു. (സദൃ. 8:30) ആ നിലയ്‌ക്ക്‌ യഹോവയെ സേവിക്കുന്ന കാര്യത്തിൽ യേശുവിന്‌ കൂടുതലായി എന്താണു പഠിക്കാനുണ്ടായിരുന്നതെന്ന്‌ ഒരാൾ ചിന്തിച്ചേക്കാം. ഒരു മനുഷ്യനായി ഭൂമിയിലേക്കു വരുകയും ക്ലേശങ്ങളെല്ലാം നേരിട്ടനുഭവിക്കുകയും ചെയ്യുകവഴി തന്റെ വിശ്വസ്‌തത തികവുറ്റതാണെന്ന്‌ അവൻ തെളിയിച്ചു. ദൈവപുത്രനായ അവൻ ആത്മീയമായും വളർന്നു. അവന്റെ ഈ അനുഭവങ്ങളിൽനിന്നും നമുക്ക്‌ എന്തു പഠിക്കാനാകും?

3 ഒരു പൂർണമനുഷ്യനായിരുന്നെങ്കിലും തന്റെ സ്വന്തം കഴിവിൽമാത്രം ആശ്രയിച്ചുകൊണ്ട്‌ അനുസരണം കാണിക്കാൻ അവൻ ശ്രമിച്ചില്ല. പൂർണമായ അനുസരണം കാണിക്കാൻ അവൻ ദൈവത്തിന്റെ സഹായം തേടി, പ്രാർഥനയിലൂടെ. (എബ്രായർ 5:7 വായിക്കുക.) അനുസരണമുള്ളവരായിരിക്കാൻ നാമും താഴ്‌മയോടെ, പ്രാർഥനയിൽ ദൈവത്തിന്റെ സഹായം തേടേണ്ടതുണ്ട്‌. ഇക്കാരണത്താലാണ്‌ അപ്പൊസ്‌തലനായ പൗലോസ്‌ ക്രിസ്‌ത്യാനികളെ ഇങ്ങനെ ഉപദേശിച്ചത്‌: ‘തന്നെത്തന്നെ താഴ്‌ത്തി മരണത്തോളം അനുസരണമുള്ളവനായിത്തീർന്ന’ “ക്രിസ്‌തുയേശുവിന്‌ ഉണ്ടായിരുന്ന അതേ മനോഭാവംതന്നെ നിങ്ങളിലും ഉണ്ടായിരിക്കട്ടെ.” (ഫിലി. 2:5-8) ഒരു ദുഷ്ടസമൂഹത്തിൽ ജീവിക്കുമ്പോഴും മനുഷ്യർക്ക്‌ ദൈവത്തെ അനുസരിക്കാനാകുമെന്ന്‌ യേശുവിന്റെ ജീവിതം തെളിയിച്ചു. യേശു ഒരു പൂർണമനുഷ്യനായിരുന്നു, എന്നാൽ അപൂർണരായ നമ്മെ സംബന്ധിച്ചെന്ത്‌?

അപൂർണതയിലും അനുസരണം

4. ഇച്ഛാസ്വാതന്ത്ര്യം നമുക്ക്‌ എന്ത്‌ അർഥമാക്കുന്നു?

4 ബുദ്ധിശക്തിയും ഇച്ഛാസ്വാതന്ത്ര്യവും ഉള്ളവരായിട്ടാണ്‌ ആദാമിനെയും ഹവ്വായെയും ദൈവം സൃഷ്ടിച്ചത്‌. അവരുടെ മക്കളായ നമുക്കും ഇച്ഛാസ്വാതന്ത്ര്യമുണ്ട്‌. ഇതിനർഥം നല്ലതുചെയ്യണോ തീയതുചെയ്യണോ എന്ന്‌ നമുക്ക്‌ സ്വയം തീരുമാനിക്കാം എന്നാണ്‌. അതായത്‌, ദൈവത്തെ അനുസരിക്കണമോ വേണ്ടയോ എന്ന്‌ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ദൈവം നമുക്കു തന്നിരിക്കുന്നു എന്ന്‌. ഈ സ്വാതന്ത്ര്യം നമുക്ക്‌ ഉത്തരവാദിത്വം കൈവരുത്തുന്നു, ദൈവത്തോട്‌ കണക്കുബോധിപ്പിക്കാൻ നാം ബാധ്യസ്ഥരാണ്‌. ജീവനോ മരണമോ നമുക്ക്‌ ലഭിക്കുന്നത്‌ നമ്മുടെ തീരുമാനങ്ങളെ ആശ്രയിച്ചിരിക്കും. നമുക്കു ചുറ്റുമുള്ളവരുടെ ജീവിതത്തെയും അതു ബാധിക്കും.

5. നമുക്കെല്ലാമുള്ള ഒരു പോരാട്ടമേത്‌, എങ്ങനെ നമുക്കതിൽ വിജയിക്കാനാകും?

5 നാം അപൂർണരായതിനാൽ ദിവ്യനിയമങ്ങൾ അനുസരിക്കുന്നത്‌ എല്ലായ്‌പോഴും എളുപ്പമല്ല. കാരണം, അപൂർണരായ നമുക്ക്‌ സ്വതേ വരുന്ന ഒന്നല്ല അനുസരണം. പൗലോസ്‌ ഇത്‌ അനുഭവിച്ചറിഞ്ഞിരുന്നു. അവൻ എഴുതി: “എങ്കിലും എന്റെ മനസ്സിന്റെ പ്രമാണത്തോടു പോരാടുന്ന മറ്റൊരു പ്രമാണം എന്റെ അവയവങ്ങളിൽ ഞാൻ കാണുന്നു. എന്റെ അവയവങ്ങളിലുള്ള ആ പാപപ്രമാണം എന്നെ അടിമയാക്കിത്തീർക്കുന്നു.” (റോമ. 7:23) മനോവേദനകളും കഷ്ടനഷ്ടങ്ങളും പ്രയാസങ്ങളുമൊന്നും അനുഭവിക്കേണ്ടതില്ലാത്തപ്പോൾ അനുസരണം വളരെ എളുപ്പമാണ്‌. എന്നാൽ, അനുസരിക്കാനുള്ള നമ്മുടെ ആഗ്രഹത്തിനെതിരെ, ‘ജഡമോഹവും, കണ്മോഹവും’ ഉയർന്നുവരുന്നെങ്കിൽ നാം എന്തു ചെയ്യും? നമ്മുടെ അപൂർണതയിൽനിന്നും ‘ലോകത്തിന്റെ ആത്മാവിന്റെ’ സ്വാധീനത്തിൽനിന്നും ഉളവാകുന്ന ഈ ‘മോഹങ്ങൾ’ വളരെ ശക്തമാണ്‌. (1 യോഹ. 2:16; 1 കൊരി. 2:12) ഇവയെ നേരിടുന്നതിന്‌, പ്രതിസന്ധികളോ പ്രലോഭനങ്ങളോ ഉണ്ടാകുന്നതിനു മുമ്പുതന്നെ നാം നമ്മുടെ ‘ഹൃദയത്തെ സ്ഥിരമാക്കി’ അഥവാ ഹൃദയത്തെ ഒരുക്കി, എന്തുതന്നെ സംഭവിച്ചാലും യഹോവയെ അനുസരിക്കുമെന്ന്‌ ദൃഢനിശ്ചയം ചെയ്യണം. (സങ്കീ. 78:8) ഇങ്ങനെ ഹൃദയത്തെ ഒരുക്കി അനുസരണം കാണിക്കുന്നതിൽ വിജയിച്ച അനേകരുടെ ദൃഷ്ടാന്തങ്ങൾ ബൈബിളിലുണ്ട്‌.—എസ്രാ 7:10; ദാനീ. 1:8.

6, 7. ജ്ഞാനപൂർവം തീരുമാനങ്ങളെടുക്കാൻ വ്യക്തിപരമായ പഠനം സഹായിക്കുന്നതെങ്ങനെയെന്ന്‌ ഉദാഹരിക്കുക.

6 നമ്മുടെ ഹൃദയത്തെ ഒരുക്കുന്നതിനുള്ള ഒരു മാർഗം തിരുവെഴുത്തും തിരുവെഴുത്തധിഷ്‌ഠിത പ്രസിദ്ധീകരണങ്ങളും ശുഷ്‌കാന്തിയോടെ പഠിക്കുകയെന്നതാണ്‌. പിൻവരുന്ന സാഹചര്യം ചിന്തിക്കുക: നിങ്ങൾ വ്യക്തിപരമായ പഠനത്തിനുവേണ്ടി നീക്കിവെച്ചിരിക്കുന്ന ഒരു സായാഹ്നം. ദൈവവചനത്തിൽനിന്നു പഠിക്കുന്ന കാര്യങ്ങളൊക്കെ ബാധകമാക്കാൻ യഹോവയുടെ ആത്മാവിന്റെ സഹായത്തിനായി നിങ്ങൾ പ്രാർഥിക്കുന്നു. അടുത്തദിവസം വൈകുന്നേരം ടിവി-യിൽ ഒരു സിനിമ കാണാൻ നിങ്ങൾക്ക്‌ പ്ലാനുണ്ട്‌. അതു വളരെ നല്ല സിനിമയാണെന്നാണ്‌ നിങ്ങൾ കേട്ടിരിക്കുന്നത്‌. എന്നാൽ അതിൽ അല്‌പസ്വല്‌പം അധാർമികതയും അക്രമവുമൊക്കെ ഉണ്ടെന്നും നിങ്ങൾക്കറിയാം.

7 എഫെസ്യർ 5:3-ൽ പൗലോസ്‌ രേഖപ്പെടുത്തിയിരിക്കുന്ന വാക്കുകൾ നിങ്ങൾ ശ്രദ്ധിക്കുന്നു. അവിടെ അവൻ എഫെസ്യർക്ക്‌ എഴുതി: “പരസംഗത്തെയോ ഏതെങ്കിലും അശുദ്ധിയെയോ അത്യാഗ്രഹത്തെയോ കുറിച്ചുള്ള സംസാരംപോലും നിങ്ങളുടെ ഇടയിൽ ഉണ്ടാകരുത്‌; അവ ദൈവദാസന്മാർക്കു യോജിച്ചതല്ല.” ഈ വാക്കുകളെക്കുറിച്ച്‌ നിങ്ങൾ ഗഹനമായി ചിന്തിക്കുന്നു. അതോടൊപ്പം പൗലോസ്‌ ഫിലിപ്പിയർക്കെഴുതിയ വാക്കുകളും നിങ്ങളുടെ ഓർമയിലേക്കുവരുന്നു. (ഫിലിപ്പിയർ 4:8 വായിക്കുക.) ഈ നിശ്വസ്‌ത ഉപദേശങ്ങളെക്കുറിച്ചു നിങ്ങൾ കാര്യമായി ആലോചിക്കുന്നു. ‘എന്റെ മനസ്സും ഹൃദയവും ഇത്തരം പരിപാടികൾ കണ്ടുകൊണ്ട്‌ മലിനമാക്കാൻ ഞാൻ മനഃപൂർവം അനുവദിക്കുന്നെങ്കിൽ ദൈവത്തോട്‌ തികവുറ്റ അനുസരണം കാണിച്ച യേശുവിന്റെ കാലടികൾ പിന്തുടരുകയായിരിക്കുമോ ഞാൻ?’ നിങ്ങൾ സ്വയം ചോദിക്കുന്നു. എന്തായിരിക്കും നിങ്ങളുടെ തീരുമാനം? ആ സിനിമ കാണാൻതന്നെ ആയിരിക്കുമോ?

8. ധാർമികമായും ആത്മീയമായും നാം ഉയർന്ന നിലവാരം കാത്തുസൂക്ഷിക്കേണ്ടത്‌ എന്തുകൊണ്ട്‌?

8 ചീത്ത സഹവാസത്തിന്റെ ദുഷ്‌ഫലങ്ങളെ പ്രതിരോധിക്കാൻ മതിയായ കരുത്തുണ്ട്‌ എന്ന ചിന്തയാൽ നമ്മുടെ ധാർമികവും ആത്മീയവുമായ നിലവാരങ്ങളിൽ അയവുവരുത്തുന്നത്‌ ബുദ്ധിമോശമായിരിക്കും. അക്രമവും അധാർമികതയുമുള്ള വിനോദങ്ങളും ചീത്ത സഹവാസത്തിൽ ഉൾപ്പെടും. അതുകൊണ്ട്‌ എങ്ങും വ്യാപരിച്ചിരിക്കുന്ന സാത്താന്യമനോഭാവത്തിന്റെ ദുസ്സ്വാധീനത്തിൽനിന്ന്‌ നാം നമ്മെയും നമ്മുടെ കുട്ടികളെയും സംരക്ഷിക്കേണ്ടതുണ്ട്‌. കമ്പ്യൂട്ടർ ഉപയോഗിക്കുന്നവർ അതിനെ മാരകമായ കമ്പ്യൂട്ടർവൈറസുകളിൽനിന്ന്‌ സംരക്ഷിക്കാൻ സാധ്യമായ എല്ലാ നടപടികളും കൈക്കൊള്ളാറുണ്ട്‌. അല്ലാത്തപക്ഷം ഈ മാരകവൈറസുകൾ, അതിൽ സംഭരിച്ചുവെച്ചിരിക്കുന്ന വിവരങ്ങൾ നശിപ്പിക്കുകയോ അതിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയോ ചെയ്യും. എന്തിന്‌, ചിലപ്പോൾ വൈറസുകൾ ഒരു കമ്പ്യൂട്ടറിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും അതുപയോഗിച്ച്‌ മറ്റു കമ്പ്യൂട്ടറുകളെ ആക്രമിക്കുകപോലും ചെയ്യുമെന്നും അവർക്കറിയാം. അങ്ങനെയെങ്കിൽ സാത്താന്റെ ‘കുടിലതന്ത്രങ്ങളിൽനിന്ന്‌’ നമ്മെത്തന്നെ സംരക്ഷിക്കാൻ നാം എത്രയധികം ശ്രദ്ധാലുക്കളായിരിക്കണം.—എഫെ. 6:11.

9. അനുദിനം യഹോവയെ അനുസരിക്കുമെന്ന്‌ നാം തീരുമാനിക്കേണ്ടത്‌ എന്തുകൊണ്ട്‌?

9 യഹോവയുടെ വഴികളിൽ നടക്കണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടിവരുന്ന സാഹചര്യങ്ങളെ അനുദിനമെന്നോണം നാം നേരിടുന്നുണ്ട്‌. രക്ഷ സാധ്യമാകണമെങ്കിൽ നാം ദൈവത്തെ അനുസരിച്ച്‌ അവന്റെ നീതിയുള്ള തത്ത്വങ്ങൾക്കനുസൃതം ജീവിക്കേണ്ടതുണ്ട്‌. മരിക്കേണ്ടിവരുന്നെങ്കിൽപ്പോലും യേശുവിനെപ്പോലെ അനുസരിക്കുന്നെങ്കിൽ, നമ്മുടെ വിശ്വാസം യഥാർഥമാണെന്ന്‌ തെളിയിക്കുകയായിരിക്കും നാം. നമ്മുടെ വിശ്വസ്‌തഗതിയെ യഹോവ അനുഗ്രഹിക്കും. യേശു വാഗ്‌ദാനം നൽകി: “അന്ത്യത്തോളം സഹിച്ചുനിൽക്കുന്നവൻ രക്ഷിക്കപ്പെടും.” (മത്താ. 24:13) ഇതിന്‌ യേശുവിനുണ്ടായിരുന്നതുപോലുള്ള ധൈര്യം നാം വളർത്തിയെടുക്കേണ്ടതുണ്ട്‌.—സങ്കീ. 31:24.

യേശു: ധീരതയുടെ ശ്രേഷ്‌ഠമാതൃക

10. ഏതുതരം സമ്മർദങ്ങൾ നമുക്ക്‌ ഉണ്ടായേക്കാം, നാം എന്തു ചെയ്യണം?

10 നമ്മെ വലയം ചെയ്‌തിരിക്കുന്ന ഈ ലോകത്തിന്റെ മനോഭാവങ്ങളാലും ജീവിതരീതിയാലും മലിനപ്പെടാതിരിക്കണമെങ്കിൽ അതിന്റെ ദുസ്സ്വാധീനത്തെ നാം ചെറുക്കണം. അതിന്‌ ധൈര്യം ആവശ്യമാണ്‌. ക്രിസ്‌ത്യാനികളെ യഹോവയുടെ നീതിപാതകളിൽനിന്നു വ്യതിചലിപ്പിക്കുന്ന ഘടകങ്ങളാണ്‌ ധാർമിക-സാമൂഹിക-സാമ്പത്തിക മണ്ഡലങ്ങളിലെ സമ്മർദങ്ങൾ. ഇവകൂടാതെ കുടുംബത്തിൽനിന്നും മറ്റു മതങ്ങളിൽനിന്നുമുള്ള എതിർപ്പും അവർക്ക്‌ നേരിടേണ്ടതുണ്ട്‌. ചില രാജ്യങ്ങളിൽ മുമ്പെന്നത്തെക്കാളും തീവ്രതയോടെ വിദ്യാഭ്യാസസ്ഥാപനങ്ങൾ പരിണാമ സിദ്ധാന്തം പഠിപ്പിക്കുന്നു. നിരീശ്വരവാദത്തിനും ഇന്ന്‌ സ്വീകാര്യത കൂടിവരുന്നു. ഇത്തരം സമ്മർദങ്ങൾ നമുക്കുനേരെ വരുമ്പോൾ ഒന്നും ചെയ്യാതിരിക്കാൻ സാധിക്കുമോ? ഈ സ്വാധീനങ്ങളെ ചെറുക്കാനും അങ്ങനെ നമ്മെ സംരക്ഷിക്കുന്നതിനും ആവശ്യമായ നടപടികൾ നാം സ്വീകരിച്ചേ മതിയാകൂ. ഇക്കാര്യത്തിൽ എങ്ങനെ വിജയം കൈവരിക്കാമെന്ന്‌ യേശുവിന്റെ ദൃഷ്ടാന്തത്തിൽനിന്നും പഠിക്കാം.

11. യേശുവിന്റെ മാതൃകയെക്കുറിച്ചു ധ്യാനിക്കുന്നത്‌ നമുക്കു കൂടുതൽ ധൈര്യം പകരുന്നത്‌ എങ്ങനെ?

11 യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു: “ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ട്‌. എന്നാൽ ധൈര്യപ്പെടുവിൻ! ഞാൻ ലോകത്തെ ജയിച്ചടക്കിയിരിക്കുന്നു.” (യോഹ. 16:33) ലൗകിക സ്വാധീനങ്ങൾക്ക്‌ അവൻ വഴങ്ങിക്കൊടുത്തില്ല. പ്രസംഗനിയോഗം നിർവഹിക്കുന്നതിൽനിന്നു തന്നെ തടയാനോ സത്യാരാധനയോടുള്ള ബന്ധത്തിലും സത്‌പെരുമാറ്റങ്ങളിലുമുള്ള തന്റെ നിലവാരം താഴ്‌ത്താനോ അവൻ ഈ ലോകത്തെ അനുവദിച്ചില്ല, നാമും അങ്ങനെയല്ലേ പ്രവർത്തിക്കേണ്ടത്‌? പ്രാർഥനയിൽ തന്റെ ശിഷ്യന്മാരെക്കുറിച്ച്‌ യേശു പറഞ്ഞു: “ഞാൻ ലോകത്തിന്റെ ഭാഗമല്ലാത്തതുപോലെതന്നെ അവരും ലോകത്തിന്റെ ഭാഗമല്ല.” (യോഹ. 17:16) നിർഭയനായ യേശുവിന്റെ മാതൃകയെക്കുറിച്ചു പഠിക്കുകയും അതേക്കുറിച്ചു ധ്യാനിക്കുകയും ചെയ്യുന്നെങ്കിൽ ഈ ലോകത്തിൽനിന്നു വേറിട്ടുനിൽക്കാനുള്ള ധൈര്യം നമുക്കുണ്ടാകും.

യേശുവിൽനിന്നു ധൈര്യം ആർജിക്കുക

12-14. യേശു ധൈര്യം കാണിച്ചതിന്റെ ചില ഉദാഹരണങ്ങൾ പറയുക.

12 തന്റെ ശുശ്രൂഷയിലുടനീളം അസാധാരണ ധൈര്യം യേശു പ്രകടമാക്കി. ദൈവപുത്രനെന്ന തന്റെ അധികാരം ഉപയോഗിച്ചുകൊണ്ട്‌ നിർഭയനായി അവൻ “ആലയത്തിൽ പ്രവേശിച്ച്‌ അവിടെ വിൽക്കുകയും വാങ്ങുകയും ചെയ്‌തിരുന്നവരെ ഒക്കെയും പുറത്താക്കി; നാണയമാറ്റക്കാരുടെ മേശകളും പ്രാവുവിൽപ്പനക്കാരുടെ പീഠങ്ങളും മറിച്ചിട്ടു.” (മത്താ. 21:12) ഭൂമിയിലെ തന്റെ അവസാന രാത്രിയിൽ പടയാളികൾ അവനെ അറസ്റ്റുചെയ്യാൻ വന്നപ്പോൾ അവൻ ധൈര്യസമേതം മുന്നോട്ടുവന്ന്‌ ശിഷ്യന്മാരുടെ സംരക്ഷണാർഥം ഇങ്ങനെ പറഞ്ഞു: “എന്നെയാണു നിങ്ങൾ അന്വേഷിക്കുന്നതെങ്കിൽ ഇവർ പൊയ്‌ക്കൊള്ളട്ടെ.” (യോഹ. 18:8) അൽപ്പസമയം കഴിഞ്ഞ്‌ അവൻ പത്രോസിനോട്‌ വാൾ ഉറയിലിടാൻ കൽപ്പിക്കുകയുണ്ടായി. അവൻ ആശ്രയംവെച്ചത്‌ ആയുധങ്ങളിലല്ല, യഹോവയിലാണെന്നാണ്‌ അത്‌ കാണിക്കുന്നത്‌.—യോഹ. 18:11.

13 തന്റെ നാളിലെ സ്‌നേഹശൂന്യരായ മതനേതാക്കന്മാരെയും അവരുടെ വ്യാജോപദേശങ്ങളെയും യേശു നിർഭയം തുറന്നുകാട്ടി. “കപടഭക്തരായ ശാസ്‌ത്രിമാരും പരീശന്മാരും ആയുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം! നിങ്ങൾ മനുഷ്യർക്കു സ്വർഗരാജ്യം അടച്ചുകളയുന്നു” എന്ന്‌ യേശു അവരോടു പറഞ്ഞു. അവൻ ഇങ്ങനെയും പറഞ്ഞു: “ന്യായം, കരുണ, വിശ്വസ്‌തത എന്നിങ്ങനെ ന്യായപ്രമാണത്തിലെ ഘനമേറിയ കാര്യങ്ങൾ നിങ്ങൾ അവഗണിച്ചിരിക്കുന്നു . . . നിങ്ങൾ പാനപാത്രത്തിന്റെയും തളികയുടെയും പുറം വൃത്തിയാക്കുന്നു. അവയുടെ അകമോ കൊള്ളയും അമിതത്വവുംകൊണ്ടു നിറഞ്ഞിരിക്കുന്നു.” (മത്താ. 23:13, 23, 25) യേശുവിന്റെ ശിഷ്യന്മാരും അവനെപ്പോലെ ധൈര്യശാലികളാകേണ്ടതുണ്ട്‌, കാരണം അവരെയും വ്യാജമതനേതാക്കന്മാർ പീഡിപ്പിക്കുകയും കൊല്ലുകയുമൊക്കെ ചെയ്‌തേക്കാം.—മത്താ. 23:34; 24:9.

14 ഭൂതങ്ങൾക്കെതിരെയും യേശു ധീരമായ നിലപാടെടുത്തു. ഒരിക്കൽ, ഭൂതഗ്രസ്‌തനായ ഒരു മനുഷ്യനെ യേശുവിന്‌ നേരിടേണ്ടിവന്നു. അയാളെ ആർക്കും ചങ്ങലകൊണ്ടുപോലും ബന്ധിക്കാൻ കഴിഞ്ഞിരുന്നില്ല, അത്ര ഭയങ്കരനായിരുന്നു അയാൾ. നിർഭയനായ യേശു അയാളിലുള്ള ഭൂതഗണങ്ങളെ പുറത്താക്കി. (മർക്കോ. 5:1-13) ഇന്ന്‌, ഇതുപോലുള്ള അത്ഭുതങ്ങളൊന്നും ചെയ്യാൻ ക്രിസ്‌ത്യാനികൾക്ക്‌ ദൈവം ശക്തി നൽകിയിട്ടില്ല. എന്നിരുന്നാലും, നമ്മുടെ പ്രസംഗ-പഠിപ്പിക്കൽ വേലയിലൂടെ, ‘അവിശ്വാസികളുടെ മനസ്സ്‌ അന്ധമാക്കിയിരിക്കുന്ന’ സാത്താനെതിരെ ഒരു ആത്മീയ യുദ്ധം ചെയ്യുകയാണു നാം. (2 കൊരി. 4:4) യേശുവിന്റെ കാര്യത്തിലെന്നപോലെ പോരാട്ടത്തിനുള്ള നമ്മുടെ “ആയുധങ്ങളും ജഡികമല്ല.” രൂഢമൂലമായിരിക്കുന്ന വ്യാജമതവിശ്വാസങ്ങളാകുന്ന “കോട്ടകളെപ്പോലും തകർത്തുകളയാൻതക്ക ശക്തിയുള്ള ദൈവിക ആയുധങ്ങളാണവ.” (2 കൊരി. 10:4) ഈ ആത്മീയ ആയുധങ്ങൾ ഉപയോഗിക്കേണ്ടവിധം സംബന്ധിച്ച്‌ നമുക്ക്‌ യേശുവിൽനിന്നു ധാരാളം പഠിക്കാനുണ്ട്‌.

15. യേശുവിന്റെ ധൈര്യം എന്തിൽ അധിഷ്‌ഠിതമായിരുന്നു?

15 പൊള്ളയായ ഒരു ധൈര്യപ്രകടനമല്ലായിരുന്നു യേശുവിന്റേത്‌. പ്രത്യുത, വിശ്വാസത്തിലധിഷ്‌ഠിതമായ ധൈര്യമായിരുന്നു അവന്റേത്‌. നമ്മുടെ ധൈര്യവും അതുപോലെ വിശ്വാസത്തിലധിഷ്‌ഠിതമായിരിക്കണം. (മർക്കോ. 4:40) അങ്ങനെയെങ്കിൽ യഥാർഥ വിശ്വാസം ആർജിക്കാൻ നമുക്ക്‌ എങ്ങനെ കഴിയും? ഇക്കാര്യത്തിലും യേശുവിനെ നമുക്ക്‌ മാതൃകയാക്കാം. അവന്‌ തിരുവെഴുത്തുകളിൽ ആഴമായ ജ്ഞാനവും അതിൽ അടിയുറച്ച വിശ്വാസവും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ അവന്റെ ആയുധം അക്ഷരാർഥത്തിലുള്ള വാളായിരുന്നില്ല, മറിച്ച്‌ ആത്മാവിന്റെ വാളായിരുന്നു, അതായത്‌ ദൈവവചനം. തിരുവെഴുത്തുകൾ കൂടെക്കൂടെ ഉദ്ധരിച്ചുകൊണ്ട്‌ അവൻ തന്റെ പഠിപ്പിക്കലുകൾക്ക്‌ ആധികാരികത നൽകി. തന്റെ പ്രസ്‌താവനകളിൽ യേശു പലപ്പോഴും ഇങ്ങനെ പറഞ്ഞിരിക്കുന്നതായി കാണാം: ‘എന്ന്‌ എഴുതിയിരിക്കുന്നുവല്ലോ.’ ദൈവവചനത്തിൽ എഴുതപ്പെട്ടിരിക്കുന്നുവെന്നാണ്‌ അതിലൂടെ അവൻ അർഥമാക്കിയത്‌. *

16. അടിയുറച്ച വിശ്വാസം ആർജിക്കാൻ നമുക്ക്‌ എങ്ങനെ കഴിയും?

16 ക്രിസ്‌തുശിഷ്യന്മാർക്ക്‌ പരിശോധനകൾ നേരിടേണ്ടതായിവരും. അപ്പോൾ പിടിച്ചുനിൽക്കാനാവശ്യമായ വിശ്വാസം ആർജിക്കാൻ നമുക്ക്‌ എന്തുചെയ്യാനാകും? അതിന്‌ നിത്യവും ദൈവവചനം വായിക്കുകയും പഠിക്കുകയും ചെയ്യണം. യോഗങ്ങൾക്ക്‌ ഹാജരാകുകയുംവേണം. അങ്ങനെ വിശ്വാസത്തിന്റെ അടിസ്ഥാനമായി വർത്തിക്കുന്ന സത്യങ്ങൾ നമ്മുടെ മനസ്സിൽ പതിപ്പിക്കേണ്ടതുണ്ട്‌. (റോമ. 10:17) പഠിക്കുന്നകാര്യങ്ങളെക്കുറിച്ച്‌ മനനംചെയ്യേണ്ടതും പ്രധാനമാണ്‌. അവ നമ്മുടെ ഹൃദയത്തിന്റെ ഉള്ളറകളിലേക്ക്‌ ആഴ്‌ന്നിറങ്ങട്ടെ! സജീവമായ വിശ്വാസത്തിനുമാത്രമേ നമ്മെ ധീരമായ നടപടികൾക്ക്‌ പ്രചോദിപ്പിക്കാനാകൂ. (യാക്കോ. 2:17) പരിശുദ്ധാത്മാവിനായി നാം പ്രാർഥിക്കേണ്ടതുമുണ്ട്‌. കാരണം, വിശ്വാസമെന്നത്‌ ആത്മാവിന്റെ ഫലത്തിന്റെ ഭാഗമാണ്‌.—ഗലാ. 5:22.

17, 18. സ്‌കൂളിലായിരിക്കെ ഒരു യുവസഹോദരി ധൈര്യം കാണിച്ചതെങ്ങനെ?

17 യഥാർഥ വിശ്വാസം ധൈര്യംപകരുന്നതെങ്ങനെയെന്ന്‌ കിറ്റി എന്നു പേരുള്ള ഒരു യുവസഹോദരി അനുഭവിച്ചറിഞ്ഞു. സ്‌കൂളിൽ കൂട്ടുകാരോട്‌ സുവിശേഷം അറിയിക്കാൻ ലജ്ജിക്കേണ്ടതില്ലെന്ന്‌ ചെറുപ്പംമുതലേ കിറ്റിക്ക്‌ അറിയാമായിരുന്നു. അതിന്‌ അവൾ ആത്മാർഥമായി ആഗ്രഹിക്കുകയും ചെയ്‌തിരുന്നു. (റോമ. 1:16) കൂട്ടുകാരോടു സുവാർത്ത പറയണമെന്ന്‌ ഓരോ സ്‌കൂൾവർഷവും അവൾ തീരുമാനിക്കും. പക്ഷേ, വേണ്ടത്ര ധൈര്യമില്ലാത്തതിനാൽ പിന്മാറുകയാണ്‌ പതിവ്‌. മുതിർന്ന ക്ലാസ്സുകളിലെത്തിയപ്പോൾ അവൾക്ക്‌ മറ്റു സ്‌കൂളുകളിൽ പഠിക്കേണ്ടിവന്നു. “ഇനിയൊരു അവസരവും ഞാൻ നഷ്ടപ്പെടുത്തില്ല, ഇതുവരെ നഷ്ടപ്പെടുത്തിയ അവസരങ്ങൾക്ക്‌ എനിക്ക്‌ അങ്ങനെ പരിഹാരം ചെയ്യണം,” അവൾ നിശ്ചയിച്ചു. ക്രിസ്‌തു കാണിച്ചതുപോലുള്ള ധൈര്യത്തിനായി കിറ്റി പ്രാർഥിച്ചു. അതുപോലെ, നല്ല അവസരങ്ങൾ വീണുകിട്ടണമേയെന്നും അതു വിവേകത്തോടെ ഉപയോഗപ്പെടുത്താൻ സഹായിക്കണമേയെന്നും അവൾ യഹോവയോട്‌ അപേക്ഷിക്കുമായിരുന്നു.

18 സ്‌കൂളിലെ ആദ്യദിവസം കുട്ടികളോരോരുത്തരായി സ്വയം പരിചയപ്പെടുത്താൻ അധ്യാപകൻ ആവശ്യപ്പെട്ടു. പരിചയപ്പെടുത്തിയ കൂട്ടത്തിൽ സ്വന്തം മതമേതാണെന്ന്‌ പലരും പറയുകയുണ്ടായി, എന്നാൽ അതിനോട്‌ വലിയ മമതയൊന്നും ഇല്ലെന്ന്‌ അവർ കൂട്ടിച്ചേർത്തു. താൻ പ്രാർഥിച്ചത്‌ ഇതുപോലൊരു അവസരത്തിനായിട്ടായിരുന്നല്ലോ എന്ന്‌ കിറ്റി അപ്പോഴോർത്തു. അവളുടെ ഊഴം വന്നപ്പോൾ ആത്മവിശ്വാസത്തോടെ അവൾ പറഞ്ഞു: “ഞാൻ യഹോവയുടെ സാക്ഷികളിലൊരാളാണ്‌. ആത്മീയവും ധാർമികവുമായ കാര്യങ്ങളിൽ എന്റെ വഴികാട്ടി ബൈബിളാണ്‌.” അവൾ സംസാരിച്ചുകൊണ്ടിരിക്കെ സഹപാഠികളിൽ ചിലരുടെ മുഖത്ത്‌ പരിഹാസം നിഴലിക്കുന്നത്‌ അവൾ കണ്ടു. എന്നാൽ മറ്റുള്ളവർ ശ്രദ്ധിച്ചുകേൾക്കുകയും പിന്നീട്‌ പലതും അവളോടു ചോദിച്ചറിയുകയും ചെയ്‌തു. സ്വന്തം വിശ്വാസങ്ങൾക്കുവേണ്ടി നിലകൊണ്ടതിന്റെ നല്ലൊരു മാതൃകയായി അധ്യാപകൻ കിറ്റിയെ ചൂണ്ടിക്കാട്ടി. നിർഭയം ശുശ്രൂഷ നിർവഹിച്ച യേശുവിന്റെ മാതൃകയിൽനിന്നു പഠിക്കാൻ കഴിഞ്ഞതിൽ കിറ്റിക്ക്‌ അതിയായ സന്തോഷമുണ്ട്‌.

ക്രിസ്‌തുവിന്റെ അതേ വിശ്വാസവും ധൈര്യവും പകർത്തുക

19. (എ) യഥാർഥവിശ്വാസത്തിൽ എന്ത്‌ ഉൾപ്പെട്ടിരിക്കുന്നു? (ബി) നമുക്കെങ്ങനെ യഹോവയെ സന്തോഷിപ്പിക്കാം?

19 യഥാർഥ ധൈര്യം വിശ്വാസത്തിൽ അധിഷ്‌ഠിതമായിരിക്കണമെന്ന്‌ യേശുവിന്റെ അപ്പൊസ്‌തലന്മാർക്കും അറിയാമായിരുന്നു. അതുകൊണ്ട്‌, അവർ യേശുവിനോട്‌, “ഞങ്ങൾക്കു വിശ്വാസം വർധിപ്പിച്ചുതരേണമേ” എന്ന്‌ അപേക്ഷിക്കുകപോലും ചെയ്‌തു. (ലൂക്കോസ്‌ 17:5, 6 വായിക്കുക.) ദൈവം ഉണ്ട്‌ എന്ന്‌ കേവലം വിശ്വസിക്കുന്നതല്ല യഥാർഥ വിശ്വാസം. യഹോവയുമായി ഒരു ഗാഢബന്ധം വളർത്തിയെടുക്കുന്നത്‌ അതിലുൾപ്പെടുന്നു. ഒരു കൊച്ചുകുട്ടിയും അവന്റെ സ്‌നേഹധനനായ പിതാവും തമ്മിലുള്ളതുപോലുള്ള ഒരു ഗാഢബന്ധം. നിശ്വസ്‌തതയിൽ ശലോമോൻ ഇങ്ങനെ എഴുതി: “മകനേ, നിന്റെ ഹൃദയം ജ്ഞാനത്തെ പഠിച്ചാൽ എന്റെ ഹൃദയവും സന്തോഷിക്കും. നിന്റെ അധരം നേർ സംസാരിച്ചാൽ എന്റെ അന്തരംഗങ്ങൾ ആനന്ദിക്കും.” (സദൃ. 23:15, 16) ഇതുപോലെതന്നെ, നീതിയുള്ള തത്ത്വങ്ങൾക്കായി നാം ധൈര്യപൂർവം നിലകൊള്ളുമ്പോൾ അത്‌ യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കും. ആ തിരിച്ചറിവ്‌ നമുക്ക്‌ കൂടുതൽ ധൈര്യംപകരില്ലേ? അതുകൊണ്ട്‌ നമുക്ക്‌ എല്ലായ്‌പോഴും യേശുവിനെ അനുകരിക്കാം. നീതിക്കുവേണ്ടി ഒരു ധീരനിലപാടെടുക്കാം!

[അടിക്കുറിപ്പ്‌]

വിശദീകരിക്കാമോ?

• അപൂർണരെങ്കിലും അനുസരണം കാണിക്കാൻ എന്തു നമ്മെ സഹായിക്കും?

• യഥാർഥവിശ്വാസം എന്തിൽ അധിഷ്‌ഠിതമാണ്‌, ധൈര്യശാലികളായിരിക്കാൻ ഇതു നമ്മെ എങ്ങനെ സഹായിക്കും?

• നമ്മുടെ അനുസരണവും ക്രിസ്‌തുവിന്റേതുപോലുള്ള ധൈര്യവും എന്ത്‌ സത്‌ഫലങ്ങളിൽ കലാശിക്കും?

[അധ്യയന ചോദ്യങ്ങൾ]

[13-ാം പേജിലെ ചിത്രം]

പ്രലോഭനങ്ങളെ ചെറുക്കാൻ നിങ്ങൾ ‘ഹൃദയത്തെ ഒരുക്കുന്നുണ്ടോ’?

[15-ാം പേജിലെ ചിത്രം]

യേശുവിനെപ്പോലെ വിശ്വാസത്തിലധിഷ്‌ഠിതമായ ധൈര്യം കാണിക്കാൻ നമുക്കു കഴിയും