വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുടുംബജീവിതത്തെക്കുറിച്ച്‌

കുടുംബജീവിതത്തെക്കുറിച്ച്‌

യേശുവിൽനിന്നു പഠിക്കുക

കുടുംബജീവിതത്തെക്കുറിച്ച്‌

കുടുംബജീവിതം സന്തുഷ്ടമാക്കാൻ വിവാഹത്തെക്കുറിച്ച്‌ എന്തു വീക്ഷണമുണ്ടായിരിക്കണം?

പാവനമായ ഒരു ബന്ധമാണ്‌ വിവാഹം. വിവാഹമോചനം അനുവദനീയമാണോ എന്ന ഒരു ചോദ്യം ഉയർന്നപ്പോൾ യേശു പറഞ്ഞത്‌ ഇങ്ങനെയാണ്‌: “ആദിയിൽ അവരെ സൃഷ്ടിച്ചവൻ ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു എന്നും, ‘ഇക്കാരണത്താൽ ഒരു പുരുഷൻ തന്റെ അപ്പനെയും അമ്മയെയും വിട്ട്‌ ഭാര്യയോടു പറ്റിച്ചേരും; അവർ ഇരുവരും ഏകശരീരമായിത്തീരും’ എന്നും നിങ്ങൾ വായിച്ചിട്ടില്ലയോ? അങ്ങനെ, അവർ മേലാൽ രണ്ടല്ല: ഒരു ശരീരമത്രേ. അതിനാൽ ദൈവം കൂട്ടിച്ചേർത്തതിനെ ഒരു മനുഷ്യനും വേർപിരിക്കാതിരിക്കട്ടെ. . . . പരസംഗം എന്ന കാരണത്താലല്ലാതെ ഭാര്യയെ ഉപേക്ഷിച്ച്‌ മറ്റൊരുവളെ വിവാഹം ചെയ്യുന്നവൻ വ്യഭിചാരം ചെയ്യുന്നു.” (മത്തായി 19:4-6, 9) വിവാഹിത ദമ്പതികൾ യേശുവിന്റെ ഈ ബുദ്ധിയുപദേശത്തിനു ചേർച്ചയിൽ പ്രവർത്തിക്കുകയും പരസ്‌പരം വിശ്വസ്‌തരായിരിക്കുകയും ചെയ്യുമ്പോൾ കുടുംബത്തിൽ എല്ലാവർക്കും സന്തോഷവും സുരക്ഷിതത്വബോധവും ഉണ്ടായിരിക്കും.

ദൈവത്തോടുള്ള സ്‌നേഹം കുടുംബസന്തുഷ്ടിക്ക്‌ ഇടയാക്കുന്നത്‌ എങ്ങനെ?

യേശു ഇങ്ങനെ പറഞ്ഞു: “‘നിന്റെ ദൈവമായ യഹോവയെ നീ മുഴുഹൃദയത്തോടും മുഴുദേഹിയോടും മുഴുമനസ്സോടുംകൂടെ സ്‌നേഹിക്കണം.’ ഇതാകുന്നു ഏറ്റവും വലിയതും ഒന്നാമത്തേതുമായ കൽപ്പന.” രണ്ടാമത്തെ വലിയ കൽപ്പന ഏതാണ്‌? യേശു തുടർന്നുപറഞ്ഞു: “നിന്റെ അയൽക്കാരനെ നീ നിന്നെപ്പോലെതന്നെ സ്‌നേഹിക്കണം.” (മത്തായി 22:37-39) യേശു പറഞ്ഞ അയൽക്കാരിൽ നമ്മോട്‌ ഏറ്റവും അടുത്തു സഹവസിക്കുന്നവരായ നമ്മുടെ കുടുംബാംഗങ്ങളും ഉൾപ്പെടുന്നു. ദൈവത്തോടുള്ള സ്‌നേഹം അന്യോന്യം സ്‌നേഹിക്കാൻ നമ്മെ പ്രേരിപ്പിക്കുമെന്നതുകൊണ്ട്‌ ദൈവവുമായുള്ള ഉറ്റബന്ധമാണ്‌ കുടുംബസന്തുഷ്ടിയുടെ താക്കോൽ.

ഭാര്യാഭർത്താക്കന്മാർക്ക്‌ പരസ്‌പരം എങ്ങനെ സന്തോഷം പകരാനാകും?

യേശുവിന്റെ മാതൃക പകർത്തുന്നതിലൂടെ ഒരു ഭർത്താവിന്‌ തന്റെ ഭാര്യയെ സന്തോഷിപ്പിക്കാനാകും. ക്രിസ്‌തീയ സഭ ആലങ്കാരികാർഥത്തിൽ യേശുവിന്റെ ഭാര്യയാണ്‌. ആ സഭയോടുള്ള സ്‌നേഹത്താൽ അവൻ അവൾക്കായി തന്നെത്തന്നെ വിട്ടുകൊടുത്തു. (എഫെസ്യർ 5:25) ‘മനുഷ്യപുത്രൻതന്നെയും വന്നത്‌ ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനത്രേ’ എന്ന്‌ യേശു പറഞ്ഞു. (മത്തായി 20:28) താൻ പരിപാലിക്കുന്നവരോട്‌ യേശു ഒരിക്കലും ഒരു സ്വേച്ഛാധിപതിയെപ്പോലെ പെരുമാറിയില്ല. മറിച്ച്‌ അവർക്ക്‌ ഉന്മേഷം പകരുന്ന രീതിയിലാണ്‌ അവൻ അവരോട്‌ ഇടപെട്ടത്‌. (മത്തായി 11:28) അതുപോലെ ഭർത്താക്കന്മാരും, കുടുംബത്തിൽ തങ്ങളുടെ അധികാരം പ്രയോഗിക്കുന്നത്‌ ദയാപൂർവമായിരിക്കണം.

യേശുവിൽനിന്ന്‌ ഭാര്യമാർക്കും പഠിക്കാനുണ്ട്‌. “ക്രിസ്‌തുവിന്റെ ശിരസ്സ്‌ ദൈവം” ആണെന്നും “സ്‌ത്രീയുടെ ശിരസ്സ്‌ പുരുഷൻ” ആണെന്നും ബൈബിൾ പറയുന്നു. (1 കൊരിന്ത്യർ 11:3) ദൈവത്തിനു കീഴ്‌പെട്ടിരിക്കുന്നത്‌ അപമാനകരമായി യേശു വീക്ഷിച്ചില്ല. തന്റെ പിതാവിനോട്‌ അവന്‌ ആഴമായ ആദരവുണ്ടായിരുന്നു. ‘ഞാൻ എപ്പോഴും അവനു പ്രസാദകരമായതു ചെയ്യുന്നു’ എന്നാണ്‌ യേശു പറഞ്ഞത്‌. (യോഹന്നാൻ 8:29) ദൈവത്തോടുള്ള സ്‌നേഹത്താലും ആദരവിനാലും പ്രേരിതയായി ഭർത്താവിന്റെ ശിരസ്ഥാനത്തിനു കീഴ്‌പെട്ടിരിക്കുന്ന ഒരു ഭാര്യ തന്റെ കുടുംബത്തിന്റെ സന്തുഷ്ടിക്കായി പ്രവർത്തിക്കുന്നുവെന്ന്‌ പറയാനാകും.

യേശു കുട്ടികളോട്‌ ഇടപെട്ട രീതിയിൽനിന്ന്‌ മാതാപിതാക്കൾക്ക്‌ എന്തു പഠിക്കാം?

കുട്ടികളോടൊപ്പം സമയം ചെലവഴിക്കാൻ യേശുവിന്‌ താത്‌പര്യമായിരുന്നു. അവരുടെ വികാരവിചാരങ്ങൾ മനസ്സിലാക്കാനും അവൻ ശ്രമിച്ചു. ബൈബിളിൽ നാം ഇങ്ങനെ വായിക്കുന്നു: ‘യേശു ശിശുക്കളെ തന്റെ അടുക്കലേക്കു വിളിച്ചുകൊണ്ട്‌, “ശിശുക്കൾ എന്റെ അടുക്കൽ വന്നുകൊള്ളട്ടെ” എന്നു പറഞ്ഞു.’ (ലൂക്കോസ്‌ 18:15-17) മറ്റൊരു സന്ദർഭത്തിൽ, യേശുവിലുള്ള തങ്ങളുടെ വിശ്വാസം ഉച്ചത്തിൽ പ്രഖ്യാപിച്ച ചില ബാലന്മാരെ ആളുകൾ കുറ്റപ്പെടുത്തുകയുണ്ടായി. അപ്പോൾ ആ കുട്ടികളെ പ്രശംസിച്ചുകൊണ്ട്‌ വിമർശകരോടായി യേശു ഇങ്ങനെ ചോദിച്ചു: “‘ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽനിന്നു നീ സ്‌തുതി പൊഴിക്കുന്നു’ എന്നു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലയോ?”—മത്തായി 21:15, 16.

യേശുവിൽനിന്ന്‌ കുട്ടികൾക്ക്‌ എന്തു പഠിക്കാൻ കഴിയും?

ആത്മീയ കാര്യങ്ങളിൽ എങ്ങനെ താത്‌പര്യമെടുക്കാമെന്ന്‌ കുട്ടികൾക്ക്‌ യേശുവിനെ നോക്കി പഠിക്കാനാവും. 12 വയസ്സുള്ളപ്പോൾ ഒരിക്കൽ അവൻ “ആലയത്തിൽ . . . ഉപദേഷ്ടാക്കളുടെ നടുവിലിരുന്ന്‌ അവർ പറയുന്നതു കേൾക്കുകയും അവരോടു ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യു”ന്നതായി അവന്റെ മാതാപിതാക്കൾ കണ്ടു. “അവന്റെ വാക്കുകൾ കേട്ടവരെല്ലാം അവന്റെ ഗ്രാഹ്യത്തിലും ഉത്തരങ്ങളിലും വിസ്‌മയിച്ചു” എന്ന്‌ ബൈബിൾ പറയുന്നു. (ലൂക്കോസ്‌ 2:42, 46, 47) എന്നാൽ യേശു തന്റെ അറിവിൽ അഹങ്കരിച്ചില്ല. മറിച്ച്‌, അവൻ തന്റെ മാതാപിതാക്കളെ ആദരിച്ചു. “അവൻ . . . അവർക്കു കീഴ്‌പെട്ടിരുന്നു” എന്ന്‌ തിരുവെഴുത്തുകൾ പറയുന്നു.—ലൂക്കോസ്‌ 2:51.

കൂടുതൽ വിവരങ്ങൾക്ക്‌ ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? * എന്ന പുസ്‌തകത്തിന്റെ 14-ാം അധ്യായം കാണുക.

[അടിക്കുറിപ്പ്‌]

^ ഖ. 14 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്‌.