വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പ്രാർഥനകൾ സമ്പുഷ്ടമാക്കാൻ ബൈബിൾ പഠിക്കുക

പ്രാർഥനകൾ സമ്പുഷ്ടമാക്കാൻ ബൈബിൾ പഠിക്കുക

പ്രാർഥനകൾ സമ്പുഷ്ടമാക്കാൻ ബൈബിൾ പഠിക്കുക

‘[യഹോവേ] നിന്റെ ചെവി അടിയന്റെ പ്രാർത്ഥനെക്കു ശ്രദ്ധയുള്ളതായിരിക്കേണമേ.’ —നെഹെ. 1:11.

1, 2. ബൈബിളിലെ ചില പ്രാർഥനകൾ പരിശോധിക്കുന്നത്‌ പ്രയോജനപ്രദമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

പ്രാർഥനയും ബൈബിൾ പഠനവും സത്യാരാധനയുടെ സവിശേഷതകളാണ്‌. (1 തെസ്സ. 5:17; 2 തിമൊ. 3:16, 17) ഒരു പ്രാർഥനപ്പുസ്‌തകം അല്ലെങ്കിലും ബൈബിളിൽ ധാരാളം പ്രാർഥനകൾ അടങ്ങിയിട്ടുണ്ട്‌. ബൈബിളിലെ സങ്കീർത്തനങ്ങൾ പ്രാർഥനകളുടെ ഒരു സമാഹാരമാണ്‌ എന്നുതന്നെ പറയാം.

2 ബൈബിൾ വായിക്കുകയും പഠിക്കുകയും ചെയ്യവെ, നിങ്ങൾ അഭിമുഖീകരിക്കുന്ന സാഹചര്യങ്ങൾക്ക്‌ അനുയോജ്യമായ പ്രാർഥനകൾ നിങ്ങൾ അതിൽ കണ്ടെത്തിയേക്കാം. ബൈബിളിലെ ഈ പ്രാർഥനകളിൽനിന്നുള്ള ആശയങ്ങൾ ഉൾക്കൊള്ളിക്കുകവഴി നിങ്ങൾക്ക്‌ നിങ്ങളുടെ പ്രാർഥനകൾ സമ്പുഷ്ടമാക്കാൻ സാധിക്കും. സഹായത്തിനായി പ്രാർഥിക്കുകയും അതിന്‌ ഉത്തരം ലഭിക്കുകയും ചെയ്‌ത ആളുകളുടെ ധാരാളം ദൃഷ്ടാന്തങ്ങൾ ബൈബിളിലുണ്ട്‌. അവരിൽനിന്നും അവരുടെ പ്രാർഥനകളിൽനിന്നും നിങ്ങൾക്ക്‌ എന്തെല്ലാം പഠിക്കാനാകുമെന്ന്‌ നോക്കുക.

ദൈവത്തോട്‌ ആലോചന ചോദിക്കുക, അവന്റെ ഉപദേശം പിൻപറ്റുക

3, 4. അബ്രാഹാമിന്റെ ദാസന്റെ ദൗത്യം എന്തായിരുന്നു, യഹോവ അവന്റെ പ്രാർഥനയ്‌ക്ക്‌ ഉത്തരം നൽകിയതിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാനാകും?

3 ബൈബിൾ പഠിക്കുമ്പോൾ നിങ്ങൾക്ക്‌ ഒരുകാര്യം വ്യക്തമാകും: പ്രാർഥനയിലൂടെ എല്ലായ്‌പോഴും ദൈവത്തിന്റെ ആലോചന തേടണമെന്ന കാര്യം. ഗോത്രപിതാവായ അബ്രാഹാമിന്റെ പ്രധാന ദാസനുണ്ടായ (സാധ്യതയനുസരിച്ച്‌ എല്യേസരിന്റെ) ഒരനുഭവം ഈ വസ്‌തുതയ്‌ക്കൊരു സാക്ഷ്യമാണ്‌. യിസ്‌ഹാക്കിന്‌ ദൈവഭയമുള്ളൊരു ഭാര്യയെ കണ്ടെത്താൻ അബ്രാഹാം ഈ ദാസനെ മെസൊപ്പൊട്ടേമിയയിലേക്ക്‌ അയച്ചു. അവിടെ എത്തിയ അവൻ, കന്യകമാർ കിണറ്റിൽനിന്ന്‌ വെള്ളംകോരാൻ വരുന്നതു കാണുന്നു, അപ്പോൾ അവൻ യഹോവയോടു പ്രാർഥിക്കുന്നു: “യഹോവേ, ഈ പട്ടണക്കാരുടെ കന്യകമാർ വെള്ളം കോരുവാൻ വരുന്നു . . . നിന്റെ പാത്രം ഇറക്കി എനിക്കു കുടിപ്പാൻ തരേണം എന്നു ഞാൻ പറയുമ്പോൾ: കുടിക്ക; നിന്റെ ഒട്ടകങ്ങൾക്കും കുടിപ്പാൻ കൊടുക്കാമെന്നു പറയുന്ന സ്‌ത്രീ തന്നേ നീ നിന്റെ ദാസനായ യിസ്‌ഹാക്കിന്നു നിയമിച്ചവളായിരിക്കട്ടെ; നീ എന്റെ യജമാനനോടു കൃപചെയ്‌തു എന്നു ഞാൻ അതിനാൽ ഗ്രഹിക്കും.”—ഉല്‌പ. 24:12-14.

4 റിബേക്ക ഒട്ടകങ്ങൾക്കു വെള്ളം കൊടുത്തപ്പോൾ അബ്രാഹാമിന്റെ ദാസന്റെ പ്രാർഥനയ്‌ക്ക്‌ ഉത്തരം ലഭിച്ചു. അധികം താമസിയാതെ അവൾ അദ്ദേഹത്തോടൊപ്പം കനാനിലേക്കു പോകുകയും യിസ്‌ഹാക്കിന്റെ പ്രിയപത്‌നിയായിത്തീരുകയും ചെയ്‌തു. ഇന്ന്‌ ഇതുപോലുള്ള പ്രത്യേക അടയാളങ്ങൾ ദൈവം കാണിച്ചുതരുമെന്നു നിങ്ങൾ പ്രതീക്ഷിക്കരുത്‌. എന്നിരുന്നാലും, നിങ്ങൾ അവനോടു പ്രാർഥിക്കുകയും അവന്റെ ആത്മാവിനാൽ നയിക്കപ്പെടാൻ തീരുമാനിക്കുകയും ചെയ്യുന്നെങ്കിൽ നിങ്ങളുടെ ജീവിതപന്ഥാവിൽ അവൻ നിങ്ങൾക്കൊരു വഴികാട്ടിയായിരിക്കും.—ഗലാ. 5:18.

ഉത്‌കണ്‌ഠകൾ ഇറക്കിവെക്കാൻ പ്രാർഥന സഹായിക്കുന്നു

5, 6. ഏശാവിനെ കണ്ടുമുട്ടുന്നതിനുമുമ്പുള്ള യാക്കോബിന്റെ പ്രാർഥനയിൽ ശ്രദ്ധേയമായത്‌ എന്ത്‌?

5 ഉത്‌കണ്‌ഠകളുടെ ഭാരം കുറയ്‌ക്കാൻ പ്രാർഥനയ്‌ക്കു സാധിക്കും. തന്റെ ഇരട്ട സഹോദരനായ ഏശാവ്‌ വരുന്നുണ്ടെന്നറിഞ്ഞ്‌ പരിഭ്രമിച്ചുപോയ യാക്കോബ്‌ യഹോവയോടു പ്രാർഥിച്ചു: “യഹോവേ, അടിയനോടു കാണിച്ചിരിക്കുന്ന സകലദയെക്കും സകലവിശ്വസ്‌തതെക്കും ഞാൻ അപാത്രമത്രേ . . . എന്റെ സഹോദരനായ ഏശാവിന്റെ കയ്യിൽനിന്നു എന്നെ രക്ഷിക്കേണമേ; പക്ഷേ അവൻ വന്നു എന്നെയും മക്കളോടുകൂടെ തള്ളയെയും നശിപ്പിക്കും എന്നു ഞാൻ ഭയപ്പെടുന്നു. നീയോ: ഞാൻ നിന്നോടു നന്മ ചെയ്യും; നിന്റെ സന്തതിയെ പെരുപ്പംകൊണ്ടു എണ്ണിക്കൂടാത്ത കടൽകരയിലെ മണൽപോലെ ആക്കുമെന്നു അരുളിച്ചെയ്‌തുവല്ലോ.”—ഉല്‌പ. 32:6-12.

6 പ്രാർഥിച്ചശേഷം തന്റെയും കുടുംബത്തിന്റെയും സുരക്ഷയെക്കരുതി യാക്കോബ്‌ ചില മുൻകരുതലുകൾ എടുക്കുന്നുണ്ട്‌. എന്നിരുന്നാലും ഏശാവുമായി സമാധാനബന്ധം സ്ഥാപിക്കാനായപ്പോൾ അവന്റെ പ്രാർഥനയ്‌ക്ക്‌ ഉത്തരം ലഭിച്ചു. (ഉല്‌പ. 33:1-4) യാക്കോബിന്റെ ആ പ്രാർഥനയൊന്ന്‌ മനസ്സിരുത്തി വായിച്ചുനോക്കുക. യാക്കോബ്‌ സഹായത്തിനായി അപേക്ഷിക്കുക മാത്രമല്ല ചെയ്‌തതെന്ന്‌ നിങ്ങൾക്കു മനസ്സിലാകും. വാഗ്‌ദത്ത സന്തതിയിലുള്ള അവന്റെ വിശ്വാസവും ദൈവം തന്നോടുകാണിച്ച സകലദയയ്‌ക്കുമുള്ള നന്ദിയും ആ പ്രാർഥനയിൽ വ്യക്തമായി പ്രതിഫലിച്ചിരുന്നു. ഏതെങ്കിലും വിധത്തിലുള്ള ഭയാശങ്കകൾ നിങ്ങളെയും അലട്ടുന്നുണ്ടോ? (2 കൊരി. 7:5) അങ്ങനെയെങ്കിൽ, യാക്കോബിന്റെ ആ പ്രാർഥനയെക്കുറിച്ച്‌ ചിന്തിക്കുക, പ്രാർഥനയ്‌ക്ക്‌ ഉത്‌കണ്‌ഠകൾ ലഘൂകരിക്കാൻ സാധിക്കുമെന്ന്‌ അത്‌ കാണിച്ചുതരുന്നു. എന്നാൽ സഹായത്തിനായുള്ള അപേക്ഷകളോടൊപ്പം വിശ്വാസം വെളിപ്പെടുത്തുന്ന വാക്കുകളും പ്രാർഥനയിൽ ഉണ്ടായിരിക്കണം.

ജ്ഞാനത്തിനായി പ്രാർഥിക്കുക

7. യഹോവയുടെ വഴികൾ അറിയുന്നതിനുവേണ്ടി മോശ പ്രാർഥിച്ചത്‌ എന്തുകൊണ്ട്‌?

7 യഹോവയെ പ്രസാദിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ ജ്ഞാനത്തിനായി നിങ്ങൾ പ്രാർഥിക്കേണ്ടതുണ്ട്‌. യഹോവയുടെ വഴികൾ അറിയുന്നതിനുവേണ്ടി മോശ അവനോടു പ്രാർഥിക്കുകയുണ്ടായി: “ഈ ജനത്തെ [ഈജിപ്‌റ്റിൽനിന്നു] കൂട്ടിക്കൊണ്ടു പോക എന്നു നീ എന്നോടു കല്‌പിച്ചുവല്ലോ . . . ആകയാൽ എന്നോടു കൃപയുണ്ടെങ്കിൽ നിന്റെ വഴി എന്നെ അറിയിക്കേണമേ; നിനക്കു എന്നോടു കൃപയുണ്ടാകുവാന്തക്കവണ്ണം ഞാൻ നിന്നെ അറിയുമാറാകട്ടെ.” (പുറ. 33:12, 13) പ്രാർഥനയ്‌ക്കുള്ള ഉത്തരമെന്നോണം യഹോവ മോശയ്‌ക്ക്‌ തന്റെ വഴികൾ അറിയിച്ചുകൊടുത്തു. യഹോവയുടെ ജനത്തെ നയിച്ചുകൊണ്ടുപോകാൻ അവന്‌ ആ അറിവ്‌ ആവശ്യമായിരുന്നു.

8. ഒന്നു രാജാക്കന്മാർ 3:7-14 വരെയുള്ള ഭാഗത്തിന്റെ പരിചിന്തനം നിങ്ങൾക്ക്‌ എങ്ങനെ പ്രയോജനം ചെയ്യും?

8 “യഹോവേ, നിന്റെ വഴികളെ എന്നെ അറിയിക്കേണമേ” എന്ന്‌ ദാവീദും പ്രാർഥിച്ചു. (സങ്കീ. 25:4) ഇസ്രായേലിൽ ഭരണം നടത്തുന്നതിനുള്ള ജ്ഞാനത്തിനായി ദാവീദിന്റെ പുത്രനായ ശലോമോനും ദൈവത്തോടു പ്രാർഥിച്ചു. അവന്റെ പ്രാർഥന ദൈവത്തെ പ്രസാദിപ്പിച്ചു, അവൻ ആവശ്യപ്പെട്ട ജ്ഞാനം മാത്രമല്ല ധനവും മഹത്ത്വവുംകൂടെ യഹോവ അവനു നൽകി. (1 രാജാക്കന്മാർ 3:7-14 വായിക്കുക.) നിങ്ങൾക്കു ലഭിക്കുന്ന സേവനപദവികളിൽ ഉൾപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ അപര്യാപ്‌തത തോന്നുന്നെങ്കിൽ ജ്ഞാനത്തിനായി താഴ്‌മയോടെ യഹോവയോട്‌ അപേക്ഷിക്കുക. അപ്പോൾ ആവശ്യമായ അറിവ്‌ സമ്പാദിക്കാനും ഉത്തരവാദിത്വങ്ങൾ ഉചിതമായും സ്‌നേഹപുരസ്സരവും നിർവഹിക്കാനും ദൈവം നിങ്ങളെ സഹായിക്കും.

ഹൃദയത്തിൽനിന്നു പ്രാർഥിക്കുക

9, 10. ശലോമോന്റെ പ്രാർഥനയിൽ ഹൃദയത്തെ പരാമർശിക്കുന്നുണ്ട്‌, അതിൽ പ്രസക്തമായി നിങ്ങൾ കാണുന്നത്‌ എന്ത്‌?

9 ഹൃദയത്തിൽനിന്നുള്ള പ്രാർഥനകൾക്കേ ദൈവം ചെവിചായ്‌ക്കൂ. 1 രാജാക്കന്മാർ 8-ാം അധ്യായത്തിൽ ശലോമോന്റെ ഹൃദയംഗമമായ ഒരു പ്രാർഥന രേഖപ്പെടുത്തിയിട്ടുണ്ട്‌. ബി.സി 1026-ൽ യഹോവയുടെ ആലയ സമർപ്പണത്തോടു ബന്ധപ്പെട്ട്‌ യെരുശലേമിൽ കൂടിവന്ന ജനങ്ങളുടെ മുമ്പാകെയാണ്‌ അവൻ ആ പ്രാർഥന നടത്തിയത്‌. നിയമപെട്ടകം അതിവിശുദ്ധത്തിൽ സ്ഥാപിച്ചപ്പോൾ മേഘം ആലയത്തെ മൂടി. അപ്പോൾ ശലോമോൻ യഹോവയെ സ്‌തുതിച്ചുകൊണ്ട്‌ പ്രാർഥിച്ചു.

10 ശലോമോന്റെ പ്രാർഥനയൊന്ന്‌ അപഗ്രഥിച്ചു നോക്കുക. അതിൽ പലവട്ടം ഹൃദയത്തെ പരാമർശിച്ചിരിക്കുന്നത്‌ നിങ്ങൾക്കു കാണാനാകും. യഹോവയ്‌ക്കു മാത്രമേ ഹൃദയങ്ങളെ ശോധന ചെയ്യാൻ കഴിയൂ എന്ന്‌ ശലോമോൻ അംഗീകരിക്കുന്നു. (1 രാജാ. 8:38, 39) ആ പ്രാർഥന സൂചിപ്പിക്കുന്നതുപോലെ, പാപം ചെയ്‌ത ഒരാൾ ‘പൂർണ്ണഹൃദയത്തോടെ ദൈവത്തിങ്കലേക്കു തിരിഞ്ഞുവരുന്നെങ്കിൽ,’ ക്ഷമ ലഭിക്കുമെന്ന്‌ അയാൾക്ക്‌ പ്രതീക്ഷിക്കാനാകും. ദൈവജനം ശത്രുക്കളുടെ കയ്യിലകപ്പെടുന്ന സാഹചര്യങ്ങളിൽ, അവർ പൂർണഹൃദയത്തോടെ യഹോവയോട്‌ പ്രാർഥിക്കുന്നെങ്കിൽ അവരുടെ അപേക്ഷ ദൈവം കേൾക്കും. (1 രാജാ. 8:48, 58, 61) നിങ്ങളുടെ പ്രാർഥനകൾ ഹൃദയത്തിൽനിന്നുള്ളതായിരിക്കണം എന്ന്‌ ഇതു കാണിക്കുന്നില്ലേ?

നിങ്ങളുടെ പ്രാർഥനകൾ അർഥസമ്പുഷ്ടമാക്കുന്ന സങ്കീർത്തനങ്ങൾ

11, 12. കുറെക്കാലം ആലയത്തിൽപോകാൻ കഴിയാതെവന്ന ലേവ്യന്റെ പ്രാർഥനയിൽനിന്ന്‌ നിങ്ങൾ എന്തു പഠിച്ചു?

11 സങ്കീർത്തനങ്ങളുടെ വിശകലനം നിങ്ങളുടെ പ്രാർഥനകൾ അർഥവത്താക്കും. ദൈവം ഉത്തരമരുളുന്നതുവരെ പ്രത്യാശയോടെ കാത്തിരിക്കാനും അതു നിങ്ങളെ പഠിപ്പിക്കും. പ്രവാസിയായി കഴിയേണ്ടിവന്ന ഒരു ലേവ്യന്റെ ദൃഷ്ടാന്തം ചിന്തിക്കുക. കുറച്ചുകാലം യഹോവയുടെ ആലയത്തിൽ പോകാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. എങ്കിലും അദ്ദേഹം ഇങ്ങനെ പാടി: “എന്റെ ആത്മാവേ, നീ വിഷാദിച്ചു ഉള്ളിൽ ഞരങ്ങുന്നതെന്തു? ദൈവത്തിൽ പ്രത്യാശ വെക്കുക; അവൻ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു എന്നിങ്ങനെ ഞാൻ ഇനിയും അവനെ സ്‌തുതിക്കും.”—സങ്കീ. 42:5, 11; 43:5.

12 ആ ലേവ്യന്റെ മനോഭാവത്തിൽനിന്ന്‌ നിങ്ങൾക്കെന്തു പഠിക്കാനാകും? നീതിനിമിത്തം നിങ്ങൾ തടവിലാക്കപ്പെടുന്ന ഒരു സാഹചര്യത്തിൽ കുറെക്കാലം സഹവിശ്വാസികളോടൊപ്പം ആരാധനാസ്ഥലത്ത്‌ കൂടിവരാൻ നിങ്ങൾക്കു കഴിഞ്ഞെന്നുവരില്ല. ആ കാലയളവിൽ, ദൈവജനത്തോടൊപ്പം വീണ്ടും സജീവമായി സഹവസിക്കാനായി യഹോവ ഇടവരുത്തുന്നതുവരെ, അതായത്‌ യഹോവ നിങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്നതുവരെ ക്ഷമയോടെ കാത്തിരിക്കുക. (സങ്കീ. 37:5) യഹോവയിൽ പ്രത്യാശവെച്ച്‌ അങ്ങനെ കാത്തിരിക്കവെ, ദൈവസേവനത്തിൽ മുമ്പ്‌ നിങ്ങൾ ആസ്വദിച്ച സന്തോഷത്തെയും അനുഗ്രഹങ്ങളെയുംകുറിച്ച്‌ ഓർക്കുകയും സഹിച്ചുനിൽക്കാനുള്ള ശക്തിക്കായി പ്രാർഥിക്കുകയും ചെയ്യുക.

വിശ്വാസത്തോടെ പ്രാർഥിക്കുക

13. യാക്കോബ്‌ 1:5-8-നു ചേർച്ചയിൽ നിങ്ങൾ വിശ്വാസത്തോടെ പ്രാർഥിക്കേണ്ടതെന്തുകൊണ്ട്‌?

13 സാഹചര്യം എന്തുതന്നെയായിരുന്നാലും എല്ലായ്‌പോഴും വിശ്വാസത്തോടെ പ്രാർഥിക്കുക. നിങ്ങളുടെ വിശ്വസ്‌തത പരിശോധിക്കപ്പെടുന്ന സാഹചര്യത്തിൽ ശിഷ്യനായ യാക്കോബ്‌ നൽകുന്ന ബുദ്ധിയുപദേശം മറക്കരുത്‌. പരിശോധനയെ നേരിടാൻ ആവശ്യമായ ജ്ഞാനം നൽകാനുള്ള യഹോവയുടെ പ്രാപ്‌തിയെ ഒട്ടും സംശയിക്കാതെ യഹോവയിലേക്കു തിരിയുക. (യാക്കോബ്‌ 1:5-8 വായിക്കുക.) നിങ്ങളുടെ മനസ്സിനെ മഥിക്കുന്ന ഏതൊരു ചിന്തയെയും ദൈവത്തിന്‌ അറിയാം. തന്റെ ആത്മാവിനാൽ നിങ്ങളെ ആശ്വസിപ്പിക്കാനും വഴിനടത്താനും അവനു കഴിയും. അതുകൊണ്ട്‌ “തെല്ലും സംശയിക്കാതെ,” പൂർണവിശ്വാസത്തോടെ യഹോവയുടെ മുമ്പാകെ ഹൃദയം പകരുക. ദൈവാത്മാവിന്റെ സഹായവും ദൈവവചനത്തിൽനിന്നുള്ള മാർഗദർശനവും സ്വീകരിക്കുക.

14, 15. ഹന്നാ വിശ്വാസത്തോടെ പ്രാർഥിക്കുകയും പ്രവർത്തിക്കുകയും ചെയ്‌തു എന്ന്‌ പറയാവുന്നതെന്തുകൊണ്ട്‌?

14 ലേവ്യനായ എൽക്കാനായുടെ രണ്ടുഭാര്യമാരിൽ (ഹന്നാ, പെനിന്നാ) ഒരാളായിരുന്ന ഹന്നാ വിശ്വാസത്തോടെ പ്രാർഥിക്കുകയും പ്രവർത്തിക്കുകയും ചെയ്‌തു. മക്കളില്ലാതിരുന്ന ഹന്നായെ കുറെ മക്കളുണ്ടായിരുന്ന പെനിന്നാ പരിഹസിക്കുക പതിവായിരുന്നു. സമാഗമനകൂടാരത്തിൽച്ചെന്ന്‌ പ്രാർഥിച്ച ഹന്നാ, യഹോവയ്‌ക്ക്‌ ഒരു നേർച്ചനേർന്നു: തനിക്കൊരു പുത്രൻ ജനിച്ചാൽ അവനെ യഹോവയ്‌ക്കു കൊടുക്കും. പ്രാർഥിച്ചുകൊണ്ടിരുന്ന ഹന്നായുടെ ചുണ്ടനങ്ങിയതല്ലാതെ ശബ്ദം കേൾക്കാനില്ലായിരുന്നു. അതുകണ്ട മഹാപുരോഹിതനായ ഏലി അവൾക്കു ലഹരിപിടിച്ചിരിക്കുകയാണെന്നു വിചാരിച്ചു. അത്‌ അങ്ങനെയല്ലെന്നു പിന്നീടു മനസ്സിലാക്കിയപ്പോൾ അവൻ അവളോടു പറഞ്ഞു: “യിസ്രായേലിന്റെ ദൈവത്തോടു നീ കഴിച്ച അപേക്ഷ അവൻ നിനക്കു നല്‌കുമാറാകട്ടെ.” തന്റെ പ്രാർഥനയ്‌ക്കു ദൈവം എങ്ങനെ ഉത്തരം നൽകുമെന്ന്‌ കൃത്യമായി അറിയില്ലായിരുന്നെങ്കിലും, ഉത്തരം ലഭിക്കുമെന്ന പൂർണ്ണവിശ്വാസം അവൾക്കുണ്ടായിരുന്നു. അതുകൊണ്ട്‌ പിന്നെ അവൾ നിരാശപ്പെട്ടില്ല. “അവളുടെ മുഖം പിന്നെ വാടിയതുമില്ല” എന്ന്‌ ബൈബിൾരേഖ പറയുന്നു.—1 ശമൂ. 1:9-18.

15 ശമുവേൽ ജനിച്ച്‌ മുലകുടിമാറിയശേഷം, സമാഗമനകൂടാരത്തിലെ വിശുദ്ധസേവനത്തിനായി ഹന്നാ അവനെ യഹോവയ്‌ക്കു സമർപ്പിച്ചു. (1 ശമൂ. 1:19-28) ആ സന്ദർഭത്തിൽ അവൾ അർപ്പിച്ച പ്രാർഥനയെക്കുറിച്ചൊന്നു ചിന്തിക്കൂ, അത്‌ നിങ്ങളുടെ പ്രാർഥനകളെ സമ്പന്നമാക്കാൻ സഹായിക്കും. ഹന്നായെപ്പോലെ, ഏതെങ്കിലുമൊരു പ്രശ്‌നത്താൽ നിങ്ങൾ മനസ്സുനീറിക്കഴിയുകയാണോ? എങ്കിൽ, ആ സങ്കടത്തിൽനിന്നു കരകയറാനും ആശ്വാസം ലഭിക്കാനും ഉത്തരംകിട്ടുമെന്ന ബോധ്യത്തോടെ യഹോവയോടു പ്രാർഥിക്കുക.—1 ശമൂ. 2:1-10.

16, 17. നെഹെമ്യാവു വിശ്വാസത്തോടെ പ്രാർഥിക്കുകയും പ്രവർത്തിക്കുകയും ചെയ്‌തതുകൊണ്ട്‌ എന്തു ഫലമുണ്ടായി?

16 ബി.സി. അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന നീതിമാനായ നെഹെമ്യാവും വിശ്വാസത്തോടെ പ്രാർഥിക്കുകയും പ്രവർത്തിക്കുകയും ചെയ്‌തു. അവൻ യഹോവയോട്‌ ഇങ്ങനെ അഭ്യർഥിച്ചു: “കർത്താവേ, നിന്റെ ചെവി അടിയന്റെ പ്രാർത്ഥനെക്കും നിന്റെ നാമത്തെ ഭയപ്പെടുവാൻ താല്‌പര്യപ്പെടുന്ന നിന്റെ ദാസന്മാരുടെ പ്രാർത്ഥനെക്കും ശ്രദ്ധയുള്ളതായിരിക്കേണമേ. ഇന്നു അടിയന്നു കാര്യം സാധിപ്പിച്ചു ഈ മനുഷ്യന്റെ മുമ്പാകെ എനിക്കു ദയ ലഭിക്കുമാറാക്കേണമേ.” (നെഹെ. 1:11) ‘ഈ മനുഷ്യൻ’ എന്ന്‌ നെഹെമ്യാവു പറഞ്ഞത്‌ ആരെക്കുറിച്ചായിരുന്നു? അവൻ പാനപാത്രവാഹകനായി സേവിച്ചിരുന്ന പേർഷ്യൻ രാജാവായ അർത്ഥഹ്‌ശഷ്ടാവിനെക്കുറിച്ച്‌.—നെഹെ. 1:11.

17 ബാബിലോണ്യ പ്രവാസത്തിൽനിന്നു മടങ്ങിപ്പോയ യഹൂദന്മാർ, “മഹാകഷ്ടത്തിലും അപമാനത്തിലും ഇരിക്കുന്നു” എന്നും ‘യെരൂശലേമിന്റെ മതിൽ ഇടിഞ്ഞു’കിടക്കുന്നുവെന്നും കേട്ട നെഹെമ്യാവു ദിവസങ്ങളോളം വിശ്വാസത്തോടെ പ്രാർഥിച്ചു. (നെഹെ. 1:3, 4) ഫലമോ? യെരുശലേമിൽ പോയി മതിൽ പുതുക്കിപ്പണിയാൻ രാജാവ്‌ അവന്‌ അനുമതി നൽകി! (നെഹെ. 2:1-8) ഇത്‌ അവന്റെ പ്രതീക്ഷകൾക്കെല്ലാം അപ്പുറമായിരുന്നു. താമസിയാതെതന്നെ മതിലിന്റെ അറ്റകുറ്റപ്പണികൾ അവൻ പൂർത്തിയാക്കി. നെഹെമ്യാവിന്റെ പ്രാർഥനകൾക്ക്‌ ഉത്തരം ലഭിച്ചത്‌ എന്തുകൊണ്ടായിരുന്നു? അവ സത്യാരാധനയുടെ അഭിവൃദ്ധിക്കുവേണ്ടിയുള്ളതും വിശ്വാസത്തോടെ അർപ്പിക്കപ്പെട്ടതുമായിരുന്നു. നിങ്ങളുടെ പ്രാർഥനയും അങ്ങനെയുള്ളതാണോ?

സ്‌തുതിയും നന്ദിയും അർപ്പിക്കാൻ എപ്പോഴും ഓർക്കുക

18, 19. യഹോവയെ സ്‌തുതിക്കാനും അവന്‌ നന്ദിയേകാനും ഒരു ദൈവദാസന്‌ എന്ത്‌ കാരണങ്ങളുണ്ട്‌?

18 യഹോവയോടു പ്രാർഥിക്കുമ്പോൾ അവനെ സ്‌തുതിക്കാനും അവനു നന്ദിയേകാനും മറക്കരുത്‌. അങ്ങനെ ചെയ്യാൻ കാരണങ്ങൾ അനവധിയാണ്‌. ഉദാഹരണത്തിന്‌ ദാവീദ്‌ സങ്കീർത്തനങ്ങളിലൂടെ യഹോവയുടെ രാജത്വത്തെ പ്രകീർത്തിച്ചു. (സങ്കീർത്തനം 145:10-13 വായിക്കുക.) യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കാൻ ലഭിച്ചിരിക്കുന്ന പദവിയെ വിലയേറിയതായി കരുതുന്നുവെന്ന്‌ പ്രകടമാക്കുന്നതാണോ നിങ്ങളുടെ പ്രാർഥനകൾ? ക്രിസ്‌തീയ യോഗങ്ങൾ, സമ്മേളനങ്ങൾ, കൺവെൻഷനുകൾ എന്നിവയോടും നിങ്ങൾക്കുള്ള നന്ദിയും വിലമതിപ്പും ഹൃദയത്തിന്റെ ഭാഷയിൽ യഹോവയെ അറിയിക്കാൻ സങ്കീർത്തനക്കാരന്റെ വാക്കുകൾ നിങ്ങൾക്കൊരു പ്രചോദനമാകട്ടെ.—സങ്കീ. 27:4; 122:1

19 യഹോവയുമായുള്ള വിലയേറിയ ബന്ധത്തെപ്രതി നിങ്ങൾക്കുള്ള ഹൃദയംനിറഞ്ഞ നന്ദി പിൻവരുംവിധം അവനെ സ്‌തുതിക്കാൻ നിങ്ങളെ പ്രേരിപ്പിക്കും: “കർത്താവേ, വംശങ്ങളുടെ ഇടയിൽ ഞാൻ നിനക്കു സ്‌തോത്രം ചെയ്യും; ജാതികളുടെ മദ്ധ്യേ ഞാൻ നിനക്കു കീർത്തനം ചെയ്യും. നിന്റെ ദയ ആകാശത്തോളവും നിന്റെ വിശ്വസ്‌തത മേഘങ്ങളോളവും വലിയതല്ലോ. ദൈവമേ, നീ ആകാശത്തിന്നു മീതെ ഉയർന്നിരിക്കേണമേ; നിന്റെ മഹത്വം സർവ്വഭൂമിയിലും പരക്കട്ടെ.” (സങ്കീ. 57:9-11) എത്ര ഹൃദയോഷ്‌മളമായ വാക്കുകൾ! സങ്കീർത്തനങ്ങളിൽനിന്നുള്ള ഇത്തരം ഹൃദ്യമായ വാക്കുകൾ നിങ്ങളുടെ പ്രാർഥനയെയും നിറവുള്ളതാക്കട്ടെ!

ആദരവോടെ അപേക്ഷിക്കുക

20. ദൈവത്തോടുള്ള തന്റെ ഭക്ത്യാദരവ്‌ മറിയയുടെ വാക്കുകളിൽ പ്രതിഫലിക്കുന്നത്‌ എങ്ങനെ?

20 ദൈവത്തോടുള്ള ആദരവിന്റെ പ്രതിഫലനമായിരിക്കണം നിങ്ങളുടെ പ്രാർഥനകൾ. മിശിഹായ്‌ക്കു ജന്മമേകും എന്നറിഞ്ഞശേഷമുള്ള മറിയയുടെ പ്രാർഥന അത്തരത്തിലുള്ള ഒന്നായിരുന്നു. സമാഗമനകൂടാരത്തിലെ സേവനത്തിനായി ശമുവേലിനെ സമർപ്പിച്ചുകൊണ്ട്‌ ഹന്നാ നടത്തിയ പ്രാർഥനയ്‌ക്കു സമാനമായിരുന്നു അത്‌. ദൈവത്തോടുള്ള മറിയയുടെ ആദരവ്‌ അവളുടെ വാക്കുകളിൽ കാണുക: “എന്റെ ഉള്ളം യഹോവയെ മഹിമപ്പെടുത്തുന്നു. എന്റെ ആത്മാവ്‌ എന്റെ രക്ഷകനായ ദൈവത്തിൽ ആനന്ദിച്ചുല്ലസിക്കുന്നു.” (ലൂക്കോ. 1:46, 47) യഹോവയോടുള്ള ഭക്ത്യാദരവും സ്‌നേഹവും നിറയുന്ന വാക്കുകളാൽ സമ്പന്നമായിരിക്കട്ടെ നിങ്ങളുടെ പ്രാർഥനകളും! യേശുമിശിഹായുടെ അമ്മയാകാൻ ദൈവഭക്തയായ മറിയയെ തിരഞ്ഞെടുത്തത്‌ എത്ര ഉചിതമാണ്‌.

21. യേശുവിന്റെ പ്രാർഥനകൾ വിശ്വാസത്തിന്റെയും ആദരവിന്റെയും മാതൃക ആയിരുന്നത്‌ എങ്ങനെ?

21 യേശു പൂർണവിശ്വാസത്തോടെയും ആദരവോടെയും പ്രാർഥിച്ചു. ഉദാഹരണത്തിന്‌, ലാസറിനെ ഉയിർപ്പിക്കുന്നതിനുമുമ്പ്‌ യേശു കണ്ണുകളുയർത്തി, “പിതാവേ, നീ എന്റെ അപേക്ഷ കേട്ടതിനാൽ ഞാൻ നിനക്കു നന്ദി നൽകുന്നു. നീ എപ്പോഴും എന്റെ അപേക്ഷ കേൾക്കുന്നുവെന്ന്‌ എനിക്കറിയാം” എന്നു പ്രാർഥിച്ചു. (യോഹ. 11:41, 42) ഇതുപോലെ ആദരവും പൂർണവിശ്വാസവും നിങ്ങളുടെ പ്രാർഥനകളിലും ദൃശ്യമാണോ? യേശു പഠിപ്പിച്ച മാതൃകാപ്രാർഥനയൊന്നു നോക്കുക. ദൈവനാമത്തിന്റെ വിശുദ്ധീകരണം, അവന്റെ രാജ്യത്തിന്റെ ആഗമനം, അവന്റെ ഉദ്ദേശ്യങ്ങളുടെ സാക്ഷാത്‌കാരം എന്നിവ ആ പ്രാർഥനയുടെ സവിശേഷതകളാണെന്ന്‌ നിങ്ങൾ കണ്ടെത്തും. (മത്താ. 6:9, 10) ഇനി നിങ്ങളുടെ പ്രാർഥനകളെക്കുറിച്ചൊന്നു ചിന്തിക്കുക. ദൈവനാമത്തിന്റെ വിശുദ്ധീകരണം, അവന്റെ രാജ്യത്തിന്റെ ആഗമനം, അവന്റെ ഉദ്ദേശ്യങ്ങളുടെ സാക്ഷാത്‌കാരം എന്നിവയ്‌ക്കാണോ നിങ്ങളുടെ പ്രാർഥനയിൽ മുഖ്യസ്ഥാനം? അങ്ങനെ ആയിരിക്കണം.

22. സുവാർത്ത പ്രസംഗിക്കാനുള്ള ധൈര്യം യഹോവ നൽകുമെന്ന്‌ നിങ്ങൾക്ക്‌ ഉറപ്പുണ്ടായിരിക്കാവുന്നത്‌ എന്തുകൊണ്ട്‌?

22 പീഡനങ്ങളും പരിശോധനകളുമൊക്കെ നേരിടുമ്പോൾ നമ്മുടെ പ്രാർഥനകൾ മിക്കപ്പോഴും യഹോവയെ നിർഭയം സേവിക്കാനുള്ള സഹായംതേടിയുള്ള അപേക്ഷകളായിരിക്കും. ‘യേശുവിന്റെ നാമത്തിൽ ഒരിടത്തും ഒന്നും സംസാരിക്കരുതെന്ന്‌’ സൻഹെദ്രിം പത്രോസിനോടും യോഹന്നാനോടും ആജ്ഞാപിച്ചപ്പോൾ അത്‌ അനുസരിക്കാൻ അവർ ധൈര്യപൂർവം വിസമ്മതിച്ചു. (പ്രവൃ. 4:18-20) വിട്ടയയ്‌ക്കപ്പെട്ടശേഷം, സംഭവിച്ചതെല്ലാം അവർ സഹവിശ്വാസികളോടു പറഞ്ഞപ്പോൾ, അവർ ഒരുമനപ്പെട്ട്‌ വചനം പ്രസംഗിക്കാനുള്ള ധൈര്യത്തിനായി യഹോവയോട്‌ അപേക്ഷിച്ചു. ആ പ്രാർഥനയ്‌ക്കുത്തരമായി അവിടെ കൂടിയിരുന്ന ‘എല്ലാവരുടെയുംമേൽ പരിശുദ്ധാത്മാവ്‌ നിറയുകയും അവർ ദൈവവചനം ധൈര്യത്തോടെ പ്രസ്‌താവിക്കുകയും ചെയ്‌തു.’ എത്ര പുളകംകൊള്ളിക്കുന്ന അനുഭവം! (പ്രവൃത്തികൾ 4:24-31 വായിക്കുക.) അതിന്റെ ഫലമായി ആയിരങ്ങൾ യഹോവയുടെ ആരാധകരായിത്തീർന്നു. അതെ, സുവാർത്ത ധൈര്യത്തോടെ പ്രസംഗിക്കാൻ പ്രാർഥന നിങ്ങൾക്കു കരുത്തേകും.

നിങ്ങളുടെ പ്രാർഥനകളുടെ മേന്മ വർധിപ്പിച്ചുകൊണ്ടിരിക്കുക

23, 24. (എ) ബൈബിൾ പഠനത്തിന്‌ നിങ്ങളുടെ പ്രാർഥനകളുടെ മേന്മ വർധിപ്പിക്കാനാകുമെന്നുള്ളതിന്റെ മറ്റു ദൃഷ്ടാന്തങ്ങൾ പറയുക. (ബി) നിങ്ങളുടെ പ്രാർഥനകൾ സമ്പന്നമാക്കാൻ നിങ്ങൾ എന്തുചെയ്യും?

23 ബൈബിൾ വായനയും പഠനവും നിങ്ങളുടെ പ്രാർഥനകളുടെ മേന്മ വർധിപ്പിക്കുമെന്നുള്ളതിന്‌ ഇനിയുമുണ്ട്‌ ഉദാഹരണങ്ങൾ. യോനായുടെ പ്രാർഥനതന്നെ നോക്കാം. അവൻ പ്രാർഥിച്ചതുപോലെ “രക്ഷ യഹോവയുടെ പക്കൽനിന്നു വരുന്നു” എന്ന വസ്‌തുത നിങ്ങളുടെ പ്രാർഥനയിൽ പ്രതിഫലിക്കാറുണ്ടോ? (യോനാ 2:1-10) മൂപ്പന്മാരുടെ സഹായം തേടിയതിനുശേഷവും, ചെയ്‌തുപോയ ഗുരുതരമായ ഒരു പാപത്തെപ്രതി മനംനൊന്തു കഴിയുകയാണോ നിങ്ങൾ? സ്വകാര്യ പ്രാർഥനകളിലൂടെ നിങ്ങളുടെ അനുതാപം യഹോവയെ അറിയിക്കാൻ, തികഞ്ഞ മനസ്‌താപത്തോടെ വികാരാർദ്രമായി പ്രാർഥിച്ച ദാവീദിന്റെ വാക്കുകൾ നിങ്ങളെ സഹായിക്കും. (സങ്കീ. 51:1-12) മറ്റു ചിലപ്പോൾ യിരെമ്യാവു ചെയ്‌തതുപോലെ പ്രാർഥനയിലൂടെ നിങ്ങൾക്ക്‌ യഹോവയെ മഹത്ത്വപ്പെടുത്താനാകും. (യിരെ. 32:16-19) നിങ്ങൾ വിവാഹത്തെക്കുറിച്ചു ചിന്തിക്കുന്നുണ്ടെങ്കിൽ, എസ്രാ 9-ാം അധ്യായത്തിൽ കാണുന്ന പ്രാർഥനയെക്കുറിച്ചു പഠിക്കുകയും യഹോവയോട്‌ അതേക്കുറിച്ച്‌ ഹൃദയംഗമമായി പ്രാർഥിക്കുകയും ചെയ്യുക. അത്‌ “കർത്താവിൽ മാത്രമേ വിവാഹം കഴിക്കാവൂ” എന്ന കൽപ്പന അനുസരിക്കാനുള്ള നിങ്ങളുടെ തീരുമാനത്തെ ശക്തിപ്പെടുത്തും.—1 കൊരി. 7:39; എസ്രാ 9:6, 10-15.

24 ബൈബിളിന്റെ വായനയും പഠനവും ഗവേഷണവും മുടങ്ങാതെ ചെയ്യുക. പ്രാർഥനയിൽ ഉൾപ്പെടുത്താൻ കഴിയുന്ന ആശയങ്ങൾക്കായി തിരയുകയും അവ യഹോവയോടുള്ള നിങ്ങളുടെ യാചനകളിലും കൃതജ്ഞതാസ്‌തോത്രങ്ങളിലും നെയ്‌തുചേർക്കുകയും ചെയ്യുക. ബൈബിളിന്റെ പഠനം മുഖാന്തരം നിങ്ങളുടെ പ്രാർഥനകൾ സമ്പുഷ്ടമാക്കാൻ നിങ്ങൾ ശ്രമിക്കുമ്പോൾ യഹോവയാംദൈവത്തോട്‌ നിങ്ങൾ പൂർവാധികം അടുത്തുചെല്ലും, തീർച്ച.

നിങ്ങളുടെ ഉത്തരമെന്ത്‌?

• ദൈവത്തിന്റെ മാർഗനിർദേശം തേടുകയും അത്‌ പിൻപറ്റുകയും ചെയ്യേണ്ടത്‌ എന്തുകൊണ്ട്‌?

• ജ്ഞാനത്തിനായി പ്രാർഥിക്കാൻ എന്തു നമ്മെ പ്രേരിപ്പിക്കണം?

• സങ്കീർത്തനങ്ങൾ നമ്മുടെ പ്രാർഥനകളുടെ മേന്മയേറ്റുന്നത്‌ എങ്ങനെ?

• വിശ്വാസത്തോടും ആദരവോടുംകൂടെ നാം പ്രാർഥിക്കേണ്ടത്‌ എന്തുകൊണ്ട്‌?

[അധ്യയന ചോദ്യങ്ങൾ]

[8-ാം പേജിലെ ചിത്രം]

അബ്രാഹാമിന്റെ ദാസൻ ദിവ്യ വഴിനടത്തിപ്പിനായി പ്രാർഥിച്ചു. നിങ്ങൾ അങ്ങനെ ചെയ്യുമോ?

[10-ാം പേജിലെ ചിത്രം]

കുടുംബാരാധനയ്‌ക്ക്‌ നിങ്ങളുടെ പ്രാർഥനകൾ സമ്പുഷ്ടമാക്കാനാകും