വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നാം വിജയിച്ചുകാണാൻ അവൻ ആഗ്രഹിക്കുന്നു

നാം വിജയിച്ചുകാണാൻ അവൻ ആഗ്രഹിക്കുന്നു

ദൈവത്തോട്‌ അടുത്തുചെല്ലുക

നാം വിജയിച്ചുകാണാൻ അവൻ ആഗ്രഹിക്കുന്നു

യോശുവ 1:6-9

മക്കൾ ജീവിതത്തിൽ വിജയിക്കാൻ, അർഥപൂർണവും സംതൃപ്‌തിദായകവുമായ ഒരു ജീവിതം അവർ നയിച്ചുകാണാൻ, സ്‌നേഹമുള്ള ഏതൊരു മാതാവും പിതാവും ആഗ്രഹിക്കും. സ്വർഗീയ പിതാവായ യഹോവയാം ദൈവവും തന്റെ ഭൗമിക മക്കൾ വിജയിച്ചുകാണാൻ ആഗ്രഹിക്കുന്നു. ജീവിതത്തിൽ എങ്ങനെ വിജയിക്കാമെന്ന്‌ സ്‌നേഹപൂർവം അവൻ നമുക്കു പറഞ്ഞുതരുന്നു. യോശുവയോട്‌ അവൻ പറഞ്ഞ വാക്കുകൾ അതിന്‌ ഉദാഹരണമാണ്‌. യോശുവ 1:6-9-ൽ രേഖപ്പെടുത്തിയിരിക്കുന്ന ആ വാക്കുകളെക്കുറിച്ച്‌ നമുക്കിപ്പോൾ ചിന്തിക്കാം.

ഈ ചിത്രത്തിലേക്കൊന്ന്‌ കണ്ണോടിക്കുക. മോശയുടെ മരണത്തെത്തുടർന്ന്‌ ബഹുലക്ഷങ്ങൾ വരുന്ന ഇസ്രായേലിന്റെ പുതിയ നേതാവായി യോശുവ തെരഞ്ഞെടുക്കപ്പെട്ടു. ഇസ്രായേല്യരുടെ പൂർവപിതാക്കന്മാരോട്‌ ദൈവം വാഗ്‌ദാനംചെയ്‌ത ദേശത്തേക്കു പ്രവേശിക്കാൻ ഇസ്രായേൽ ജനം തയ്യാറായിനിൽക്കുന്ന സമയം. ദൈവം യോശുവയ്‌ക്ക്‌ ചില നിർദേശങ്ങൾ കൊടുക്കുന്നു. അവ അനുസരിക്കുന്നെങ്കിൽ, അവന്റെ ഉദ്യമങ്ങൾ വിജയിക്കും. എന്നാൽ ആ ഉപദേശങ്ങൾ യോശുവയുടെ മാത്രം പ്രയോജനത്തിനുവേണ്ടിയുള്ളതായിരുന്നില്ല; അവ പിൻപറ്റുന്നെങ്കിൽ നമുക്കും ജീവിതത്തിൽ വിജയിക്കാനാകും.—റോമർ 15:4.

ഉറപ്പും ധൈര്യവുമുള്ളവനായിരിക്കാൻ യഹോവ യോശുവയെ ഉദ്‌ബോധിപ്പിക്കുന്നു—ഒന്നല്ല, മൂന്നുപ്രാവശ്യം. (6, 7,  9 വാക്യങ്ങൾ) ഇസ്രായേൽ ജനതയെ വാഗ്‌ദത്തദേശത്തേക്ക്‌ വിജയകരമായി നയിക്കാൻ യോശുവയ്‌ക്ക്‌ ഉറപ്പും ധൈര്യവും ആവശ്യമായിരുന്നു. എന്നാൽ യോശുവയ്‌ക്ക്‌ എങ്ങനെ അത്‌ ആർജിക്കാൻ കഴിയും?

നിശ്വസ്‌ത ലിഖിതങ്ങളിൽനിന്ന്‌ അവന്‌ ഉറപ്പും ധൈര്യവും ആർജിക്കാനാകുമായിരുന്നു. ‘എന്റെ ദാസനായ മോശ നിന്നോടു കൽപ്പിച്ചിട്ടുള്ള ന്യായപ്രമാണമൊക്കെയും അനുസരിച്ചു നടക്ക’ എന്ന്‌ യഹോവ യോശുവയോടു പറഞ്ഞു. (7-ാം വാക്യം) സാധ്യതയനുസരിച്ച്‌, ആ സമയത്ത്‌ ബൈബിളിന്റെ ഏതാനും ഭാഗങ്ങൾ ലിഖിത രൂപത്തിൽ യോശുവയ്‌ക്ക്‌ ലഭ്യമായിരുന്നു. * എന്നിരുന്നാലും, ദൈവവചനം കൈവശമുണ്ട്‌ എന്ന കാരണത്താൽമാത്രം അവനു വിജയിക്കാനാകുമായിരുന്നില്ല. അതിൽനിന്നും പ്രയോജനം നേടാൻ യോശുവ രണ്ടുകാര്യങ്ങൾ ചെയ്യേണ്ടിയിരുന്നു.

ഒന്നാമതായി, യോശുവ പതിവായി ദൈവവചനത്താൽ തന്റെ ഹൃദയം നിറയ്‌ക്കണമായിരുന്നു. “നീ രാവും പകലും അതു ധ്യാനിച്ചുകൊണ്ടിരിക്കേണം” എന്ന്‌ യഹോവ അവനോട്‌ അരുളിച്ചെയ്‌തു. (8-ാം വാക്യം) ഒരു റഫറൻസ്‌ കൃതി പറയുന്നു: “ദൈവത്തിന്റെ ന്യായപ്രമാണം തന്നോടുതന്നെ ‘മന്ത്രിച്ചുകൊണ്ടും’ അതേക്കുറിച്ച്‌ ‘ഗഹനമായി ചിന്തിച്ചുകൊണ്ടും’ ‘ധ്യാനിച്ചുകൊണ്ടും’ അത്‌ ഓർത്തിരിക്കാൻ യോശുവയോട്‌ കൽപ്പിക്കുകയായിരുന്നു ദൈവം.” ദൈവവചനം ദിവസവും വായിക്കുകയും അതേക്കുറിച്ച്‌ ധ്യാനിക്കുകയും ചെയ്‌തുകൊണ്ട്‌, തന്റെ മുന്നിലുണ്ടായിരുന്ന വെല്ലുവിളികളെ തരണം ചെയ്യാൻ യോശുവയ്‌ക്കു കഴിയുമായിരുന്നു.

രണ്ടാമതായി, ദൈവവചനത്തിൽനിന്ന്‌ പഠിച്ച കാര്യങ്ങൾ അവൻ പ്രാവർത്തികമാക്കണമായിരുന്നു. യഹോവ യോശുവയോട്‌ പറഞ്ഞു: ‘അതിൽ എഴുതിയിരിക്കുന്നതുപോലെ ഒക്കെയും പ്രമാണിച്ചുനടന്നാൽ നിന്റെ പ്രവൃത്തി സാധിക്കും; നീ കൃതാർത്ഥനായും ഇരിക്കും.’ (8-ാം വാക്യം) ദൈവഹിതപ്രകാരം പ്രവർത്തിച്ചാൽ മാത്രമേ യോശുവയ്‌ക്ക്‌ വിജയിക്കാനാകുമായിരുന്നുള്ളൂ. എന്തുകൊണ്ട്‌? യഹോവയുടെ ഹിതം എല്ലായ്‌പോഴും നിവർത്തിക്കപ്പെടും എന്നതാണ്‌ അതിനു കാരണം.—യെശയ്യാവു 55:10, 11.

യഹോവയുടെ ഉപദേശങ്ങൾ യോശുവ അനുസരിക്കുകതന്നെ ചെയ്‌തു. ഫലമോ? യഹോവയുടെ ഒരു വിശ്വസ്‌ത ആരാധകനെന്നനിലയിൽ സംതൃപ്‌തമായ ഒരു ജീവിതം നയിക്കാൻ അവനു കഴിഞ്ഞു.—യോശുവ 23:14; 24:15.

യോശുവയെപ്പോലെ ഒരു സംതൃപ്‌ത ജീവിതം നയിക്കാൻ നിങ്ങൾക്ക്‌ ആഗ്രഹമില്ലേ? നിങ്ങൾ വിജയിച്ചുകാണാൻ യഹോവ ആഗ്രഹിക്കുന്നു. എന്നാൽ, അവന്റെ വചനമായ ബൈബിൾ കൈവശമുള്ളതുകൊണ്ടുമാത്രം നമുക്ക്‌ വിജയിക്കാനാകില്ല. കാലങ്ങളായി ദൈവത്തെ വിശ്വസ്‌തതയോടെ സേവിച്ച ഒരു ക്രിസ്‌ത്യാനി അഭിപ്രായപ്പെടുന്നു: “ബൈബിൾ താളുകളിൽ അച്ചടിച്ചിരിക്കുന്ന ആ അക്ഷരങ്ങൾ അടർത്തിയെടുത്ത്‌ അവ നിങ്ങളുടെ ഹൃദയത്തിൽ പതിപ്പിക്കുക.” അതെ, ദൈവവചനം ദിവസവും നിങ്ങളുടെ ഹൃദയത്തിൽ നിറയ്‌ക്കുകയും പഠിച്ച കാര്യങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്യുമ്പോൾ, യോശുവയെപ്പോലെ നിങ്ങളുടെ ഉദ്യമങ്ങളും വിജയിക്കും.

[അടിക്കുറിപ്പ്‌]

^ ഖ. 7 മോശയുടെ അഞ്ചുപുസ്‌തകങ്ങൾ (ഉല്‌പത്തി, പുറപ്പാട്‌, ലേവ്യപുസ്‌തകം, സംഖ്യാപുസ്‌തകം, ആവർത്തനപുസ്‌തകം), ഇയ്യോബിന്റെ പുസ്‌തകം, ഒന്നോ രണ്ടോ സങ്കീർത്തനങ്ങൾ ഇത്രയുമായിരിക്കാം യോശുവയ്‌ക്ക്‌ ലഭ്യമായിരുന്ന തിരുവെഴുത്തുകൾ.