വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളെത്തന്നെ യഹോവയ്‌ക്കു സമർപ്പിക്കേണ്ടത്‌ എന്തുകൊണ്ട്‌?

നിങ്ങളെത്തന്നെ യഹോവയ്‌ക്കു സമർപ്പിക്കേണ്ടത്‌ എന്തുകൊണ്ട്‌?

നിങ്ങളെത്തന്നെ യഹോവയ്‌ക്കു സമർപ്പിക്കേണ്ടത്‌ എന്തുകൊണ്ട്‌?

‘രാത്രിയിൽ, എന്റെ ഉടയവനായ ദൈവത്തിന്റെ ഒരു ദൂതൻ എന്റെ അരികെനിന്നു.’—പ്രവൃ. 27:23.

1. ഒരാൾ സ്‌നാനം ഏൽക്കുന്നതിനുമുമ്പ്‌ ഏതൊക്കെ പടികൾ സ്വീകരിക്കേണ്ടതുണ്ട്‌, ഏതു ചോദ്യങ്ങളുയരുന്നു?

“യേശുക്രിസ്‌തുവിന്റെ ബലിയുടെ അടിസ്ഥാനത്തിൽ, നിങ്ങൾ സ്വന്തപാപങ്ങൾ സംബന്ധിച്ച്‌ അനുതപിക്കുകയും യഹോവയുടെ ഹിതം ചെയ്യാൻ നിങ്ങളെത്തന്നെ അവനു സമർപ്പിക്കുകയും ചെയ്‌തിരിക്കുന്നുവോ?” സ്‌നാനപ്രസംഗത്തിന്റെ ഒടുവിൽ സ്‌നാനാർഥികളോട്‌ ചോദിക്കുന്ന രണ്ടുചോദ്യങ്ങളിൽ ഒന്നാണിത്‌. എന്തുകൊണ്ടാണ്‌ സത്യാരാധകരായിത്തീരാൻ ആഗ്രഹിക്കുന്ന വ്യക്തികൾ തങ്ങളെത്തന്നെ യഹോവയ്‌ക്ക്‌ സമർപ്പിക്കേണ്ടത്‌? ദൈവത്തിന്‌ സമർപ്പിതരായിരിക്കുന്നതുകൊണ്ട്‌ നമുക്ക്‌ എന്തു പ്രയോജനങ്ങളുണ്ട്‌? സമർപ്പണം നടത്താതെ ഒരുവന്‌ ദൈവത്തെ സ്വീകാര്യമായ വിധത്തിൽ ആരാധിക്കാൻ കഴിയില്ലാത്തത്‌ എന്തുകൊണ്ട്‌? ഉത്തരങ്ങൾ കണ്ടെത്തുന്നതിനായി സമർപ്പണം എന്നാൽ എന്താണെന്ന്‌ നാം ആദ്യംതന്നെ മനസ്സിലാക്കേണ്ടതുണ്ട്‌.

2. ദൈവത്തിന്‌ നമ്മെ സമർപ്പിക്കുക എന്നതിന്റെ അർഥം എന്താണ്‌?

2 ദൈവത്തിന്‌ സമർപ്പിക്കുക എന്നതിൽ എന്താണ്‌ ഉൾപ്പെട്ടിരിക്കുന്നത്‌? ദൈവവുമായുള്ള തന്റെ ബന്ധത്തെ പൗലോസ്‌ വിവരിച്ചത്‌ എങ്ങനെയെന്നു നോക്കുക. അപകടത്തിൽപ്പെട്ട കപ്പലിലെ സഹയാത്രികരോടു സംസാരിക്കവെ ‘എന്റെ ഉടയവൻ’ എന്നാണ്‌ അവൻ യഹോവയെ വിശേഷിപ്പിച്ചത്‌. (പ്രവൃത്തികൾ 27:22-24 വായിക്കുക.) സത്യക്രിസ്‌ത്യാനികളായ എല്ലാവരും യഹോവയ്‌ക്കുള്ളവരാണ്‌. എന്നാൽ ഇതിനു വിപരീതമായി ലോകം “ദുഷ്ടന്റെ” അധീനതയിലാണ്‌. (1 യോഹ. 5:19) ക്രിസ്‌ത്യാനികൾ ഓരോരുത്തരും യഹോവയ്‌ക്കുള്ളവരായിത്തീർന്നത്‌, പ്രാർഥനയിലൂടെ അവർ അവനു സ്വീകാര്യമായ വിധത്തിൽ സമർപ്പണം നടത്തിയപ്പോഴാണ്‌. ഈ സമർപ്പണത്തെ അവർ വ്യക്തിപരമായി എടുക്കുന്ന ഒരു പ്രതിജ്ഞയെന്നു വിളിക്കാനാകും. ഇതേത്തുടർന്നാണ്‌ ജലസ്‌നാനമെന്ന പടി വരുന്നത്‌.

3. യേശുവിന്റെ സ്‌നാനം എന്ത്‌ അർഥമാക്കി, അവന്റെ അനുഗാമികൾക്ക്‌ ആ മാതൃക എങ്ങനെ അനുകരിക്കാം?

3 ദൈവേഷ്ടം ചെയ്യാനായി സ്വയം വിട്ടുകൊടുക്കുന്ന കാര്യത്തിൽ യേശു നമുക്കൊരു മാതൃകവെച്ചു. ദൈവത്തിന്റെ സമർപ്പിത ജനതയായ ഇസ്രായേലിലെ അംഗമായി ജനിച്ചതുകൊണ്ട്‌ യേശു ജനനത്തിങ്കൽത്തന്നെ ദൈവത്തിനു സമർപ്പിക്കപ്പെട്ടവനായിരുന്നു. അതിനാൽ യേശു സ്‌നാനമേറ്റത്‌ തന്റെ സമർപ്പണത്തെ പ്രതീകപ്പെടുത്താനായിരുന്നില്ല. അപ്പോൾപിന്നെ അവൻ സ്‌നാനമേറ്റത്‌ എന്തിനായിരുന്നു? ദൈവവചനം സൂചിപ്പിക്കുന്നതുപോലെ അപ്പോഴവൻ ഇങ്ങനെ പറയുകയായിരുന്നു: “ഇതാ, ഞാൻ വന്നിരിക്കുന്നു . . . ദൈവമേ, നിന്റെ ഇഷ്ടം ചെയ്യാൻ ഞാൻ വന്നിരിക്കുന്നു.” (എബ്രാ. 10:7; ലൂക്കോ. 3:21) അതെ, യേശുവിന്റെ സ്‌നാനം അവന്റെ പിതാവിന്റെ ഇഷ്ടം ചെയ്യാൻ തന്നെത്തന്നെ വിട്ടുകൊടുക്കുന്നതിനെ അർഥമാക്കി. സ്‌നാനമേൽക്കുമ്പോൾ അവന്റെ അനുഗാമികൾ അവന്റെ മാതൃകയാണ്‌ പിന്തുടരുന്നത്‌. എന്നാൽ അവരുടെ കാര്യത്തിൽ സ്‌നാനം, പ്രാർഥനയിൽ അവർ ദൈവത്തിന്‌ സ്വയം സമർപ്പിച്ചുവെന്നതിന്റെ പരസ്യമായ ഒരു പ്രകടനമാണ്‌.

സമർപ്പണത്തിലൂടെ ലഭ്യമാകുന്ന പ്രയോജനങ്ങൾ

4. ദാവീദും യോനാഥാനും തമ്മിലുണ്ടായിരുന്ന സൗഹൃദം, പ്രതിബദ്ധതയെക്കുറിച്ച്‌ നമ്മെ എന്തു പഠിപ്പിക്കുന്നു?

4 ക്രിസ്‌തീയ സമർപ്പണം ഗൗരവമർഹിക്കുന്ന ഒരു കാര്യമാണ്‌. വെറുമൊരു കടപ്പാടിലും പ്രതിബദ്ധതയിലും കവിഞ്ഞ അർഥമുണ്ട്‌ അതിന്‌. സമർപ്പണം നമുക്കു പ്രയോജനം ചെയ്യുന്നത്‌ എങ്ങനെയെന്ന്‌ നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? മനുഷ്യബന്ധങ്ങളിലെ കടപ്പാടും പ്രതിബദ്ധതയും അതിൽ ഉൾപ്പെട്ടിരിക്കുന്നവർക്ക്‌ ഗുണം ചെയ്യുന്നതെങ്ങനെയെന്നു നോക്കിയാൽ സമർപ്പണത്തിന്റെ പ്രയോജനങ്ങൾ എത്ര അധികമാണെന്ന്‌ നമുക്ക്‌ മനസ്സിലാക്കാനാകും. ഒരു സുഹൃദ്‌ബന്ധത്തിന്റെ കാര്യംതന്നെയെടുക്കാം. ഹൃദ്യമായ ഒരു സുഹൃദ്‌ബന്ധം ആസ്വദിക്കണമെങ്കിൽ ഒരു സുഹൃത്ത്‌ എന്ന നിലയിലുള്ള നിങ്ങളുടെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ നിങ്ങൾ ഒരുക്കമുള്ളവനായിരിക്കണം. ഇവിടെയാണ്‌ കടപ്പാട്‌ അല്ലെങ്കിൽ പ്രതിബദ്ധത ആവശ്യമായി വരുന്നത്‌. അതായത്‌, സുഹൃത്തിന്റെ കാര്യങ്ങളിൽ നമുക്കു തോന്നുന്ന ചുമതലാബോധം. ബൈബിളിൽ കാണുന്ന സവിശേഷതയാർന്ന സ്‌നേഹബന്ധങ്ങളിലൊന്നാണ്‌ ദാവീദും യോനാഥാനും തമ്മിലുണ്ടായിരുന്നത്‌. ആ ഉറ്റസ്‌നേഹിതർ പരസ്‌പരം ഒരു സഖ്യത അഥവാ ഉടമ്പടിപോലും ചെയ്യുകയുണ്ടായി. (1 ശമൂവേൽ 17:57; 18:1, 3 വായിക്കുക.) ഇതുപോലെ തീവ്രതയാർന്ന സ്‌നേഹബന്ധങ്ങൾ വിരളമാണെങ്കിലും സുഹൃത്തുക്കൾക്കിടയിൽ കടപ്പാടും ആത്മാർഥതയുമുണ്ടെങ്കിൽ അത്തരം ബന്ധങ്ങളുടെ ഇഴയടുപ്പമേറും.—സദൃ. 17:17; 18:24.

5. തന്റെ നല്ല യജമാനന്റെ കീഴിൽ എന്നും ജീവിക്കാൻ ഒരു അടിമ എന്തു ചെയ്യണമായിരുന്നു?

5 ദൈവം ഇസ്രായേല്യർക്ക്‌ കൊടുത്ത ന്യായപ്രമാണ ഉടമ്പടിയിൽ പ്രതിബദ്ധതയുടെ പ്രയോജനം എടുത്തുകാണിക്കുന്ന ഒരു ഉദാഹരണമുണ്ട്‌. താൻ സേവിച്ചുവരുന്ന നല്ലവനായ യജമാനന്റെ സുരക്ഷിതത്വത്തിൻകീഴിൽ എന്നും കഴിയാൻ താത്‌പര്യപ്പെടുന്ന ഒരു അടിമയ്‌ക്ക്‌ ആ യജമാനനുമായി ശാശ്വതമായ ഒരു കരാറിലേർപ്പെടാൻ കഴിയുമായിരുന്നു. ന്യായപ്രമാണം പറയുന്നു: “എന്നാൽ ദാസൻ: ഞാൻ എന്റെ യജമാനനെയും എന്റെ ഭാര്യയെയും മക്കളെയും സ്‌നേഹിക്കുന്നു; ഞാൻ സ്വതന്ത്രനായി പോകയില്ല എന്നു തീർത്തുപറഞ്ഞാൽ യജമാനൻ അവനെ ദൈവസന്നിധിയിൽ കൂട്ടിക്കൊണ്ടു ചെന്നു കതകിന്റെയോ കട്ടളക്കാലിന്റെയോ അടുക്കൽ നിറുത്തീട്ടു സൂചികൊണ്ടു അവന്റെ കാതു കുത്തി തുളക്കേണം; പിന്നെ അവൻ എന്നേക്കും അവന്നു ദാസനായിരിക്കേണം.”—പുറ. 21:5, 6.

6, 7. (എ) പ്രതിബദ്ധതയുടെ പ്രയോജനങ്ങളെന്ത്‌? (ബി) യഹോവയുമായുള്ള നമ്മുടെ ബന്ധത്തെക്കുറിച്ച്‌ അത്‌ എന്തു വെളിപ്പെടുത്തുന്നു?

6 പ്രതിബദ്ധത അങ്ങേയറ്റം ആവശ്യമുള്ള ഒരു മണ്ഡലമാണ്‌ ദാമ്പത്യം. വിവാഹ ഉടമ്പടിയോടല്ല, വിവാഹ പങ്കാളിയോടാണ്‌ ദാമ്പത്യത്തിൽ പ്രതിബദ്ധത. വിവാഹിതരാകാതെ ഒരുമിച്ചു കഴിയുന്നവർക്ക്‌ ഒരിക്കലും സുരക്ഷിതത്വബോധം തോന്നുകയില്ല. അവരുടെ മക്കളും ഒരു അരക്ഷിതാവസ്ഥയിൽ ആയിരിക്കും ജീവിക്കുന്നത്‌. എന്നാൽ ദൈവികനിലവാരങ്ങൾക്കു ചേർച്ചയിൽ വിവാഹം ചെയ്‌തവർക്ക്‌, പ്രശ്‌നങ്ങളും പ്രയാസങ്ങളുമുണ്ടാകുമ്പോൾ അവ പരിഹരിച്ചു മുന്നോട്ടുപോകാനുള്ള തിരുവെഴുത്തുപരമായ ഒരു ഉത്തരവാദിത്വം തോന്നും.—മത്താ. 19:5, 6; 1 കൊരി. 13:7, 8; എബ്രാ. 13:4.

7 ബൈബിൾക്കാലങ്ങളിൽ തൊഴിൽ ഉടമ്പടികളിൽനിന്നും വാണിജ്യക്കരാറുകളിൽനിന്നും ആളുകൾ പ്രയോജനം നേടിയിരുന്നു. (മത്താ. 20:1, 2, 8) ഇന്നും അത്‌ സത്യമാണ്‌. ഉദാഹരണത്തിന്‌, ഒരു ബിസിനസ്സ്‌ തുടങ്ങുന്നതിനുമുമ്പോ ഒരു ജോലിയിൽ പ്രവേശിക്കുന്നതിനുമുമ്പോ ഒരു ലിഖിത കരാർ ഉണ്ടാക്കുന്നതുകൊണ്ടുള്ള ഗുണങ്ങളെക്കുറിച്ച്‌ നമുക്കറിയാം. കരാറുകളും പ്രതിബദ്ധതയും അതിൽ ഉൾപ്പെട്ടിരിക്കുന്നവർക്ക്‌ എത്രമാത്രം പ്രയോജനം ചെയ്യുന്നുവെന്ന്‌ നാം മനസ്സിലാക്കി. അവ സുഹൃദ്‌ബന്ധങ്ങൾ, വിവാഹബന്ധം എന്നിവ ദൃഢമാക്കുമെന്നും തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കാൻ ഉതകുമെന്നും നമുക്കറിയാം. പ്രതിബദ്ധതയ്‌ക്ക്‌ ഇത്ര പ്രയോജനങ്ങൾ ഉണ്ടെങ്കിൽ യഹോവയ്‌ക്കുള്ള നിങ്ങളുടെ നിരുപാധിക സമർപ്പണത്തിന്റെ പ്രയോജനങ്ങൾ എത്രയധികമായിരിക്കും! പുരാതനകാലത്ത്‌, യഹോവയ്‌ക്ക്‌ സമർപ്പിതരായിരുന്ന ആളുകൾ എന്തെല്ലാം പ്രയോജനങ്ങൾ ആസ്വദിച്ചു? അവർ യഹോവയ്‌ക്കു ചെയ്‌ത ആ സമർപ്പണം വെറുമൊരു ഉടമ്പടി മാത്രമായിരുന്നില്ല എന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം? നമുക്ക്‌ നോക്കാം.

സമർപ്പണം ഇസ്രായേല്യർക്കു കൈവരുത്തിയ നന്മകൾ

8. ദൈവത്തിനു സമർപ്പിതരായത്‌ ഇസ്രായേലിന്റെ കാര്യത്തിൽ എന്തർഥമാക്കി?

8 ഇസ്രായേൽ ഒരു ജനതയെന്ന നിലയിൽ സമർപ്പിതരായത്‌ അവർ ദൈവമുമ്പാകെ ഒരു പ്രതിജ്ഞ എടുത്തപ്പോഴാണ്‌. സീനായ്‌ മലയുടെ സമീപം യഹോവ അവരെ വിളിച്ചുകൂട്ടി അവരോട്‌ പറഞ്ഞു: “നിങ്ങൾ എന്റെ വാക്കു കേട്ടു അനുസരിക്കയും എന്റെ നിയമം പ്രമാണിക്കയും ചെയ്‌താൽ നിങ്ങൾ എനിക്കു സകലജാതികളിലുംവെച്ചു പ്രത്യേകസമ്പത്തായിരിക്കും.” അപ്പോൾ ജനമെല്ലാം ഏകസ്വരത്തിൽ “യഹോവ കൽപ്പിച്ചതൊക്കെയും ഞങ്ങൾ ചെയ്യും” എന്ന്‌ ദൈവമുമ്പാകെ സത്യംചെയ്‌തു. (പുറ. 19:4-8) ഇസ്രായേൽ ജനത ചെയ്‌ത ഈ സമർപ്പണത്തിൽ, ഒരു കടപ്പാടിന്റെപുറത്ത്‌ എന്തെങ്കിലും ചെയ്യുന്നതിലുപരിയായ കാര്യങ്ങൾ ഉൾപ്പെട്ടിരുന്നു. ഈ സമർപ്പണത്തിലൂടെ അവർ യഹോവയുടേതായി, യഹോവ അവരെ തന്റെ “പ്രത്യേകസമ്പത്തായി” പരിഗണിക്കാനും തുടങ്ങി.

9. ദൈവത്തിനു സമർപ്പിച്ചതുവഴി ഇസ്രായേലിനു ലഭിച്ച പ്രയോജനങ്ങൾ ഏവ?

9 യഹോവയുടെ “സമ്പത്ത്‌” ആയിരുന്നതിനാൽ ധാരാളം പ്രയോജനങ്ങൾ ഇസ്രായേല്യർക്കുണ്ടായി. അവരോട്‌ വിശ്വസ്‌തനായിരുന്ന യഹോവ ഒരു വത്സലപിതാവ്‌ തന്റെ കുട്ടിയെ പരിപാലിക്കുന്നതുപോലെ അവരെ നോക്കിനടത്തി. അവരോട്‌ ദൈവം ചോദിച്ചു: “ഒരു സ്‌ത്രീ തന്റെ കുഞ്ഞിനെ മറക്കുമോ? താൻ പ്രസവിച്ച മകനോടു കരുണ, തോന്നാതിരിക്കുമോ? അവർ മറന്നുകളഞ്ഞാലും ഞാൻ നിന്നെ മറക്കയില്ല.” (യെശ. 49:15) ന്യായപ്രമാണം നൽകി അവൻ അവരെ വഴിനടത്തി, പ്രവാചകന്മാരിലൂടെ അവർക്ക്‌ പ്രോത്സാഹനവും ദൂതന്മാരിലൂടെ അവർക്കു സംരക്ഷണവുമേകി. ഒരു സങ്കീർത്തനക്കാരൻ ഇങ്ങനെ എഴുതി: “അവൻ യാക്കോബിന്നു തന്റെ വചനവും യിസ്രായേലിന്നു തന്റെ ചട്ടങ്ങളും വിധികളും വെളിപ്പെടുത്തുന്നു. അങ്ങനെ യാതൊരു ജാതിക്കും അവൻ ചെയ്‌തിട്ടില്ല.” (സങ്കീ. 147:19, 20; സങ്കീർത്തനം 34:7, 19; 48:14 വായിക്കുക.) തന്റെ സമ്പത്തായിരുന്ന ആ ജനതയെ യഹോവ സംരക്ഷിച്ചതുപോലെ ഇന്ന്‌ തനിക്കു സമർപ്പിക്കുന്ന ഓരോരുത്തരെയും അവൻ കാത്തുപരിപാലിക്കും.

നമ്മെ ദൈവത്തിന്‌ സമർപ്പിക്കേണ്ടത്‌ എന്തുകൊണ്ട്‌?

10, 11. നാം ദൈവത്തിന്റെ അഖിലാണ്ഡ കുടുംബത്തിലാണോ ജനിച്ചത്‌? വിശദീകരിക്കുക.

10 സമർപ്പണത്തെയും സ്‌നാനത്തെയും കുറിച്ച്‌ ചിന്തിക്കുന്ന ചിലരുടെ മനസ്സിൽ ഇങ്ങനെയൊരു ചോദ്യമുദിച്ചേക്കാം: ‘ദൈവത്തിന്റെ ആരാധകനായിരിക്കാൻ ഞാൻ സമർപ്പണം നടത്തിയേതീരൂ എന്നുണ്ടോ?’ ഇതിനുള്ള ഉത്തരത്തിനായി ദൈവമുമ്പാകെയുള്ള നമ്മുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച്‌ നാം മനസ്സിലാക്കേണ്ടതുണ്ട്‌. പൂർവപിതാവായ ആദാം പാപം ചെയ്‌തതിനാൽ ദൈവത്തിന്റെ കുടുംബത്തിലല്ല നാം ജനിച്ചത്‌. (റോമ. 3:23; 5:12) അതുകൊണ്ട്‌ നാം ദൈവത്തിന്റെ അഖിലാണ്ഡ കുടുംബത്തിലെ അംഗങ്ങളാകണമെങ്കിൽ അവനു നമ്മെത്തന്നെ സമർപ്പിക്കേണ്ടതുണ്ട്‌. ഇതൊരു പ്രധാന നിബന്ധന ആയിരിക്കുന്നത്‌ എന്തുകൊണ്ടാണെന്നു നോക്കാം.

11 നമ്മുടെ പിതാക്കന്മാർക്കാർക്കും പൂർണതയുള്ള ജീവൻ, യഥാർഥ ജീവൻ, നമുക്കു പകർന്നുതരാൻ കഴിഞ്ഞില്ല. (1 തിമൊ. 6:19) അതുകൊണ്ടുതന്നെ നാം ദൈവത്തിന്റെ മക്കളായിട്ടല്ല ജനിച്ചത്‌. കാരണം, ആദ്യമാതാപിതാക്കൾ പാപം ചെയ്‌തതോടെ മനുഷ്യവംശം അവരുടെ സ്രഷ്ടാവും സ്‌നേഹനിധിയുമായ സ്വർഗീയപിതാവിൽനിന്ന്‌ വേർപെട്ടുപോയിരുന്നു. (ആവർത്തനം 32:5 വായിക്കുക.) ആ സമയംമുതൽ മനുഷ്യരാശി യഹോവയിൽനിന്ന്‌ അന്യപ്പെട്ടു, അവന്റെ അഖിലാണ്ഡ കുടുംബത്തിനു പുറത്തായി അവരുടെ സ്ഥാനം.

12. (എ) അപൂർണരായ മനുഷ്യർക്ക്‌ ദൈവത്തിന്റെ കുടുംബത്തിന്റെ ഭാഗമായിത്തീരാൻ എങ്ങനെ കഴിയും? (ബി) സ്‌നാനത്തിനുമുമ്പ്‌ നാം ഏതു പടികൾ സ്വീകരിക്കേണ്ടതുണ്ട്‌?

12 എന്നിരുന്നാലും നമ്മെ, വിശ്വസ്‌ത ദാസന്മാരടങ്ങുന്ന അവന്റെ കുടുംബത്തിന്റെ ഭാഗമാക്കാൻ വ്യക്തികളെന്ന നിലയിൽ നമുക്കോരോരുത്തർക്കും അവനോട്‌ അപേക്ഷിക്കാനാകും. * എന്നാൽ പാപികളായിരിക്കെ നമുക്ക്‌ എങ്ങനെ ദൈവത്തിന്റെ കുടുംബത്തിന്റെ ഭാഗമാകാൻ സാധിക്കും? പൗലോസ്‌ എഴുതി: ‘നാം ശത്രുക്കളായിരിക്കുമ്പോൾത്തന്നെ തന്റെ പുത്രന്റെ മരണത്തിലൂടെ ദൈവവുമായി നിരപ്പിലായി.’ (റോമ. 5:10) സ്‌നാനമേൽക്കുകവഴി ദൈവമുമ്പാകെ സ്വീകാര്യമായ നില കൈവരിക്കാനുള്ള ഒരു ശുദ്ധമനസ്സാക്ഷിക്കുവേണ്ടി നാം യഹോവയോട്‌ അപേക്ഷിക്കുകയാണ്‌. (1 പത്രോ. 3:21) എന്നാൽ സ്‌നാനത്തിനുമുമ്പ്‌ നാം സ്വീകരിക്കേണ്ട ചില പടികളുണ്ട്‌. നാം ദൈവത്തെ അറിയണം, അവനിൽ ആശ്രയിക്കാൻ പഠിക്കണം, അനുതപിക്കണം, നമ്മുടെ ജീവിതരീതികളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണം. (യോഹ. 17:3; പ്രവൃ. 3:19; എബ്രാ. 11:6) ഇവയ്‌ക്കുപുറമേ, ദൈവത്തിന്റെ കുടുംബത്തിലെ ഒരംഗമായിത്തീരുന്നതിന്‌ നാം ചെയ്യേണ്ട മറ്റൊരു കാര്യംകൂടിയുണ്ട്‌. അത്‌ എന്താണ്‌?

13. ദൈവത്തിന്റെ കുടുംബത്തിന്റെ ഭാഗമായിത്തീരാൻ ഒരുവൻ അവനു സമർപ്പിക്കേണ്ടതുണ്ട്‌ എന്നു പറയുന്നത്‌ ഉചിതമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

13 ദൈവത്തിൽനിന്ന്‌ അകന്നുപോയ മനുഷ്യകുടുംബത്തിലെ ഒരാൾ ദൈവത്തിന്റെ അംഗീകൃതദാസന്മാരുടെ കുടുംബത്തിലെ അംഗമാകുന്നതിനുമുമ്പ്‌ ആദ്യംതന്നെ യഹോവയ്‌ക്ക്‌ ഒരു വാക്കുകൊടുക്കേണ്ടതുണ്ട്‌. ഇത്‌ എന്തുകൊണ്ടാണെന്നു മനസ്സിലാക്കാൻ നമുക്കൊരു ദൃഷ്ടാന്തം നോക്കാം. അനാഥനായ ഒരു ബാലനെ കണ്ട്‌ ദയതോന്നി ആദരണീയനായ ഒരു മനുഷ്യൻ അവനെ തന്റെ കുടുംബത്തിലേക്ക്‌ ദത്തെടുക്കാൻ ആഗ്രഹിക്കുന്നു. നല്ലവനായ ഒരു പിതാവാണ്‌ അദ്ദേഹം. എങ്കിലും, അവനെ തന്റെ മകനായി സ്വീകരിക്കുന്നതിനുമുമ്പ്‌ ഒരുകാര്യത്തിൽ അവൻ തനിക്കു വാക്കുനൽകണമെന്ന്‌ അദ്ദേഹം ആഗ്രഹിക്കുന്നു. അദ്ദേഹം അവനോട്‌ പറയുന്നു: “എന്റെ മകനായി നിന്നെ സ്വീകരിക്കുന്നതിനുമുമ്പ്‌ ഒരു കാര്യം അറിയാൻ ഞാൻ ആഗ്രഹിക്കുന്നു: എന്നെ നിന്റെ പിതാവായി അംഗീകരിച്ചുകൊണ്ട്‌ നീ എന്നെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുമോ?” അവൻ ഇക്കാര്യത്തിൽ അദ്ദേഹത്തിന്‌ വാക്കുകൊടുക്കുന്നെങ്കിൽ മാത്രമേ ആ കുടുംബത്തിലേക്ക്‌ അവനെ അദ്ദേഹം സ്വീകരിക്കുകയുള്ളൂ. ഇങ്ങനെയൊരു വ്യവസ്ഥ ന്യായയുക്തമാണെന്നു നിങ്ങൾക്കു തോന്നുന്നില്ലേ? ഇതുപോലെ, യഹോവ തന്റെ കുടുംബത്തിലേക്ക്‌ ഒരുവനെ സ്വീകരിക്കണമെങ്കിൽ ആ വ്യക്തി സമർപ്പണം നടത്തിക്കൊണ്ട്‌ അവനു ‘വാക്കുകൊടുക്കേണ്ടതുണ്ട്‌’. ബൈബിൾ ഇപ്രകാരം പറയുന്നു: “നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ സജീവബലിയായി സമർപ്പിക്കുവിൻ.”—റോമ. 12:1, പി.ഒ.സി. ബൈബിൾ.

സമർപ്പണം: ദൈവത്തോടുള്ള സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും തെളിവ്‌

14. സമർപ്പണം സ്‌നേഹത്തിന്റെ ഒരു തെളിവായിരിക്കുന്നത്‌ ഏതുവിധത്തിൽ?

14 യഹോവയോടുള്ള ഹൃദയംഗമമായ സ്‌നേഹത്തിന്റെ ഒരു തെളിവാണ്‌ നമ്മെ അവനു സമർപ്പിക്കുന്നത്‌. നാം അപ്പോൾ ഒരു പ്രതിജ്ഞ എടുക്കുകയാണ്‌. ഒരു വിവാഹപ്രതിജ്ഞയോട്‌ അതിനു ചില സമാനതകളുമുണ്ട്‌. തന്റെ വധുവിനോട്‌ എന്നും വിശ്വസ്‌തനായിരിക്കുമെന്നുള്ള ഒരു ക്രിസ്‌തീയ വരന്റെ പ്രതിജ്ഞ അവളോടുള്ള സ്‌നേഹത്തിന്റെ തെളിവാണ്‌. വിവാഹ ഉടമ്പടിയിൽ കക്ഷിയാകുക എന്നതിലുപരി അവളോടുള്ള പ്രതിജ്ഞാബദ്ധതയാണ്‌ അതിൽ അന്തർലീനമായിരിക്കുന്നത്‌. വിവാഹപ്രതിജ്ഞയെടുക്കാത്തപക്ഷം തനിക്ക്‌ വധുവിനോടൊപ്പം ജീവിക്കാനുള്ള അവകാശമില്ലെന്ന്‌ വരന്‌ അറിയാം. സമാനമായി, ദൈവത്തിനു സമർപ്പണം നടത്താതെ അവന്റെ കുടുംബത്തിന്റെ ഭാഗമായിരിക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങൾ നമുക്ക്‌ മുഴുവനായി ആസ്വദിക്കാനാവില്ല. അതുകൊണ്ട്‌ നല്ല കാരണത്തോടെ നാം നമ്മെ അവനു സമർപ്പിക്കുന്നു. അപൂർണരാണെങ്കിലും നാം ദൈവത്തിനുള്ളവരായിരിക്കാനും എന്തുതന്നെ സംഭവിച്ചാലും അവനോട്‌ വിശ്വസ്‌തരായിരിക്കാനും ആഗ്രഹിക്കുന്നു.—മത്താ. 22:37.

15. സമർപ്പണം വിശ്വാസത്തിന്റെ തെളിവായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

15 ദൈവത്തിനു നമ്മെ സമർപ്പിക്കുന്നത്‌ നമ്മുടെ വിശ്വാസത്തിന്റെ തെളിവുകൂടിയാണ്‌. അത്‌ എങ്ങനെയാണ്‌? യഹോവയിലുള്ള നമ്മുടെ വിശ്വാസം, ദൈവവുമായി അടുത്ത ബന്ധം ഉണ്ടായിരിക്കുന്നതാണ്‌ നമുക്ക്‌ ഏറ്റവും നല്ലത്‌ എന്ന ബോധ്യം നമ്മിലുളവാക്കുന്നു. (സങ്കീ. 73:28) “വക്രവും വഴിപിഴച്ചതുമായ” ഈ തലമുറയിൽ ജീവിക്കുന്ന നമുക്ക്‌ ദൈവത്തോടുകൂടെ നടക്കുന്നത്‌ എല്ലായ്‌പോഴും എളുപ്പമല്ലെന്ന്‌ അറിയാം. എന്നാൽ നാം അതിനായി ചെയ്യുന്ന ശ്രമങ്ങളെ അവൻ പിന്തുണയ്‌ക്കും എന്ന ഉറപ്പ്‌ നമുക്കുണ്ട്‌. (ഫിലി. 2:15; 4:13) നാം അപൂർണരാണ്‌, എന്നാൽ തെറ്റുകൾ വരുത്തുമ്പോൾപ്പോലും യഹോവ നമ്മോട്‌ കരുണയോടെ ഇടപെടുമെന്ന്‌ നാം അറിയുന്നു. (സങ്കീർത്തനം 103:13, 14; റോമർ 7:21-25 വായിക്കുക.) വിശ്വസ്‌തത മുറുകെപ്പിടിക്കാനുള്ള നമ്മുടെ തീരുമാനത്തെ യഹോവ അനുഗ്രഹിക്കുമെന്ന ഉറച്ച വിശ്വാസം നമുക്കുണ്ട്‌.—ഇയ്യോ. 27:5.

സമർപ്പണം: സന്തോഷത്തിലേക്കുള്ള പാത

16, 17. യഹോവയ്‌ക്കു നമ്മെത്തന്നെ സമർപ്പിക്കുന്നത്‌ സന്തുഷ്ടിയിലേക്കു നയിക്കുന്നത്‌ എന്തുകൊണ്ട്‌?

16 യഹോവയ്‌ക്കു സമർപ്പിതരായിരിക്കുന്നത്‌ നമ്മെ സന്തുഷ്ടരാക്കും, കാരണം അതുവഴി നാം നമ്മെ അവനു വിട്ടുകൊടുക്കുകയാണ്‌. “‘വാങ്ങുന്നതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലത്രേ’” എന്ന്‌ യേശു പറഞ്ഞത്‌ ഓർക്കുക. (പ്രവൃ. 20:35) തന്റെ ഭൗമിക ശുശ്രൂഷയുടെ കാലത്ത്‌ കൊടുക്കുന്നതിലുള്ള സന്തോഷം യേശു വേണ്ടുവോളം അനുഭവിച്ചറിഞ്ഞു. ആളുകൾക്ക്‌ നിത്യജീവന്റെ പാത കാണിച്ചുകൊടുക്കുന്നതിനായി, വേണ്ടിവന്നപ്പോഴൊക്കെ അവൻ വിശ്രമവും ആഹാരവും മറ്റു സുഖങ്ങളും ഉപേക്ഷിക്കാൻ തയ്യാറായി. (യോഹ. 4:34) തന്റെ പിതാവിന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നതിൽ യേശു അതീവ തത്‌പരനായിരുന്നു. അവൻ പറഞ്ഞു: ‘ഞാൻ എപ്പോഴും അവനു പ്രസാദകരമായതു ചെയ്യുന്നു.’—യോഹ. 8:29; സദൃ. 27:11.

17 ‘എന്റെ അനുഗാമിയാകാൻ ആഗ്രഹിക്കുന്നവൻ തന്നെത്തന്നെ ത്യജിക്കട്ടെ’ എന്ന്‌ പറഞ്ഞപ്പോൾ സന്തുഷ്ടിദായകമായ ഒരു ജീവിതത്തിലേക്കുള്ള പാത കാണിച്ചുകൊടുക്കുകയായിരുന്നു യേശു. (മത്താ. 16:24) അങ്ങനെ ചെയ്യുന്നത്‌, നമ്മെ യഹോവയുമായി കൂടുതൽ അടുത്ത ഒരു ബന്ധത്തിലേക്കു വരുത്തും. സ്‌നേഹനിധിയായ യഹോവയെക്കാൾ മെച്ചമായി നമുക്കുവേണ്ടി കരുതുന്ന മറ്റാരാണുള്ളത്‌?

18. യഹോവയ്‌ക്കു സമർപ്പിച്ച്‌ അവന്റെ ഇഷ്ടം ചെയ്യുന്നതാണ്‌ മറ്റെന്തിനെക്കാളും സന്തോഷം കൈവരുത്തുന്നതെന്ന്‌ പറയുന്നത്‌ എന്തുകൊണ്ട്‌?

18 യഹോവയ്‌ക്കു സമർപ്പിച്ച്‌ അവന്റെ ഇഷ്ടം ചെയ്‌തുകൊണ്ട്‌ ആ സമർപ്പണത്തിനൊത്തു ജീവിക്കുമ്പോൾ നമുക്ക്‌ കൈവരുന്ന സന്തോഷം അനന്യമാണ്‌. മറ്റ്‌ ആർക്കെങ്കിലുമോ മറ്റ്‌ എന്തിനെങ്കിലുമോ ആത്മാർപ്പണം ചെയ്‌താൽ ഇത്രയും സന്തോഷം നമുക്കു ലഭിക്കില്ല. ഉദാഹരണത്തിന്‌ പലരും ഭൗതികസമ്പത്ത്‌ വാരിക്കൂട്ടാൻ ജീവിതം ഉഴിഞ്ഞുവെക്കുന്നു; പക്ഷേ, യഥാർഥ സന്തോഷവും സംതൃപ്‌തിയും എന്നും അവർക്ക്‌ അന്യമാണ്‌. എന്നാൽ യഹോവയ്‌ക്കു ജീവിതം സമർപ്പിക്കുന്നവർ നിലനിൽക്കുന്ന സന്തോഷവും സംതൃപ്‌തിയും കണ്ടെത്തുന്നു. (മത്താ. 6:24) “ദൈവത്തിന്റെ കൂട്ടുവേലക്കാർ” എന്ന പദവി അവരുടെ മുഖം പ്രകാശിപ്പിക്കും. ഏതെങ്കിലും ഒരു പ്രവർത്തനത്തിനോ സംരംഭത്തിനോ അല്ല അവർ ജീവിതം സമർപ്പിച്ചിരിക്കുന്നത്‌. മറിച്ച്‌ തങ്ങളെ വിലമതിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ദൈവത്തിനാണ്‌. (1 കൊരി. 3:9) അവരുടെ ആത്മത്യാഗത്തെ ദൈവത്തെക്കാൾ നന്നായി മനസ്സിലാക്കാനും വിലമതിക്കാനും മറ്റാർക്കും ആവില്ല. വാർധക്യത്തിലായിരിക്കുന്ന തന്റെ വിശ്വസ്‌തരെ അവൻ യുവത്വത്തിലേക്കു മടക്കിക്കൊണ്ടുവരും. അങ്ങനെ അവർക്ക്‌ എന്നെന്നും അവന്റെ സ്‌നേഹവും കരുതലും ആസ്വദിക്കാനാകും.—ഇയ്യോ. 33:25; എബ്രായർ 6:10 വായിക്കുക.

19. യഹോവയ്‌ക്ക്‌ സമർപ്പിച്ചിട്ടുള്ളവർ ആസ്വദിക്കുന്ന അനുഗ്രഹം എന്താണ്‌?

19 യഹോവയ്‌ക്കു നിങ്ങളുടെ ജീവിതം സമർപ്പിക്കുന്നത്‌ നിങ്ങളെ അവനുമായി അടുത്ത ബന്ധത്തിലേക്കു കൊണ്ടുവരും. “ദൈവത്തോട്‌ അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോട്‌ അടുത്തു വരും” എന്ന്‌ ബൈബിൾ പറയുന്നു. (യാക്കോ. 4:8; സങ്കീ. 25:14) യഹോവയ്‌ക്കുള്ള സമർപ്പണം നമുക്ക്‌ ആത്മവിശ്വാസത്തോടെ ചെയ്യാൻ സാധിക്കുന്നത്‌ എന്തുകൊണ്ടാണെന്ന്‌ അടുത്ത ലേഖനത്തിൽ നാം പഠിക്കും.

[അടിക്കുറിപ്പ്‌]

^ ഖ. 12 ആയിരംവർഷത്തിന്റെ അവസാനമാകാതെ യേശുവിന്റെ ‘വേറെ ആടുകൾ’ ദൈവപുത്രന്മാരാകുകയില്ല. എന്നിരുന്നാലും, അവർ ദൈവത്തിന്‌ സമർപ്പണം നടത്തിയിരിക്കുന്നതിനാൽ ദൈവത്തിന്റെ കുടുംബത്തിലെ അംഗങ്ങളായിരിക്കാനും ‘പിതാവ്‌’ എന്ന്‌ ദൈവത്തെ സംബോധന ചെയ്യാനും അവർക്കു കഴിയും.—യോഹ. 10:16; യെശ. 64:8; മത്താ. 6:9; വെളി. 20:5.

എന്താണ്‌ നിങ്ങളുടെ ഉത്തരം?

• നമ്മെ ദൈവത്തിന്‌ സമർപ്പിക്കുക എന്നാൽ എന്താണ്‌ അർഥം?

• ദൈവത്തിന്‌ സമർപ്പിക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങൾ എന്തെല്ലാം?

• ക്രിസ്‌ത്യാനികൾ യഹോവയുടെ സമർപ്പിത ദാസരായിരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

[അധ്യയന ചോദ്യങ്ങൾ]

[6-ാം പേജിലെ ചിത്രം]

നമ്മുടെ സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കുന്നത്‌ നിലനിൽക്കുന്ന സന്തോഷത്തിലേക്കു നയിക്കും