വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌തുവിന്റെ യഥാർഥ അനുഗാമികളെന്നു തെളിയിക്കുക

ക്രിസ്‌തുവിന്റെ യഥാർഥ അനുഗാമികളെന്നു തെളിയിക്കുക

ക്രിസ്‌തുവിന്റെ യഥാർഥ അനുഗാമികളെന്നു തെളിയിക്കുക

“നല്ല വൃക്ഷമൊക്കെയും നല്ല ഫലം കായ്‌ക്കുന്നു. ചീത്ത വൃക്ഷമോ ചീത്ത ഫലം കായ്‌ക്കുന്നു.”—മത്താ. 7:17.

1, 2. ക്രിസ്‌തുവിന്റെ യഥാർഥ അനുഗാമികൾ വ്യാജ ക്രിസ്‌ത്യാനികളിൽനിന്ന്‌ വ്യത്യസ്‌തരായിരിക്കുന്നതെങ്ങനെ, വിശേഷിച്ചും ഈ അന്ത്യകാലത്ത്‌?

യേശുവിന്റെ യഥാർഥ അനുഗാമികളെയും അവനെ അനുഗമിക്കുന്നു എന്ന്‌ അവകാശപ്പെടുകമാത്രം ചെയ്യുന്നവരെയും എങ്ങനെ തിരിച്ചറിയാം? അവരുടെ ഫലങ്ങളാൽ, അതായത്‌ അവരുടെ ഉപദേശങ്ങളാലും പ്രവർത്തനങ്ങളാലും. യേശു അതാണു പറഞ്ഞത്‌. (മത്താ. 7:15-17, 20) ആളുകളുടെ മനസ്സിലേക്കും ഹൃദയത്തിലേക്കും ആഴ്‌ന്നിറങ്ങുന്ന കാര്യങ്ങൾ അവരുടെ ജീവിതത്തെ സ്വാധീനിക്കും എന്നതിനു സംശയമില്ല. (മത്താ. 15:18, 19) വ്യാജോപദേശങ്ങളാൽ പഠിപ്പിക്കപ്പെടുന്നവർ “ചീത്ത ഫലം” കായ്‌ക്കും. എന്നാൽ ആത്മീയ സത്യങ്ങളാൽ പരിപോഷിപ്പിക്കപ്പെടുന്നവർ “നല്ല ഫലം” പുറപ്പെടുവിക്കും.

2 ഈ അന്ത്യകാലത്ത്‌ ഈ രണ്ടുഫലങ്ങളും വളരെ വ്യക്തമായി ദൃശ്യമാണ്‌. (ദാനീയേൽ 12:3, 10 വായിക്കുക.) വ്യാജ ക്രിസ്‌ത്യാനികൾക്ക്‌ ദൈവത്തെക്കുറിച്ച്‌ ഒരു വികല വീക്ഷണമാണുള്ളത്‌, അവരുടെ ദൈവഭക്തി പലപ്പോഴും കാപട്യം നിറഞ്ഞതുമാണ്‌. എന്നാൽ ആത്മീയ ഉൾക്കാഴ്‌ച ലഭിച്ചിട്ടുള്ളവർ ദൈവത്തെ “ആത്മാവിലും സത്യത്തിലും” ആരാധിക്കുന്നു. (യോഹ. 4:24; 2 തിമൊ. 3:1-5) ക്രിസ്‌തുസമാന ഗുണങ്ങൾ ജീവിതത്തിൽ പ്രകടമാക്കാൻ അവർ അങ്ങേയറ്റം ശ്രമിക്കുകയും ചെയ്യും. എന്നാൽ വ്യക്തിപരമായി നാം ഓരോരുത്തരെയും സംബന്ധിച്ച്‌ അതു സത്യമാണെന്ന്‌ പറയാൻ സാധിക്കുമോ? സത്യക്രിസ്‌ത്യാനിത്വത്തെ തിരിച്ചറിയിക്കുന്ന അഞ്ചുഘടകങ്ങൾ പരിചിന്തിക്കുമ്പോൾ പിൻവരുന്ന ചോദ്യങ്ങൾ ഉപയോഗിച്ച്‌ ഒരു ആത്മപരിശോധന നടത്തുക: ‘ദൈവവചനവുമായി പൂർണയോജിപ്പിലാണോ എന്റെ പഠിപ്പിക്കലുകളും പ്രവർത്തനങ്ങളും? അവ സത്യത്തിനായി അന്വേഷിക്കുന്നവരെ അതിലേക്ക്‌ ആകർഷിക്കുമോ?’

ദൈവവചനം അനുസരിച്ച്‌ ജീവിക്കുന്നവർ

3. എന്തിലാണ്‌ യഹോവ പ്രസാദിക്കുന്നത്‌, സത്യക്രിസ്‌ത്യാനികൾക്ക്‌ അത്‌ എന്തർഥമാക്കുന്നു?

3 “എന്നോടു ‘കർത്താവേ, കർത്താവേ’ എന്നു പറയുന്ന ഏവനുമല്ല, സ്വർഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവനത്രേ സ്വർഗരാജ്യത്തിൽ കടക്കുന്നത്‌” എന്ന്‌ യേശു പറഞ്ഞു. (മത്താ. 7:21) അതെ, ക്രിസ്‌ത്യാനിയെന്ന്‌ കേവലം അവകാശപ്പെടുന്നതുകൊണ്ടായില്ല, മറിച്ച്‌ ദൈവപ്രീതി ലഭിക്കാൻ ദൈവം ആവശ്യപ്പെടുന്നത്‌ ചെയ്യേണ്ടതുണ്ട്‌. ക്രിസ്‌തുവിന്റെ യഥാർഥ അനുഗാമികൾ അവരുടെ സമസ്‌ത ജീവിതമണ്ഡലങ്ങളിലും ദൈവം ആവശ്യപ്പെടുന്നത്‌ ചെയ്യുന്നു—പണം, ജോലി, വിനോദം, ലോകത്തിന്റെ ജനപ്രീതിനേടിയ ആചാരങ്ങളും ആഘോഷങ്ങളും, വിവാഹം, സഹമനുഷ്യരുമായുള്ള മറ്റ്‌ ഇടപാടുകൾ എന്നിവയിലെല്ലാം. എന്നാൽ വ്യാജ ക്രിസ്‌ത്യാനികൾ ഈ ലോകത്തിന്റെ അഭക്തമായ ചിന്താരീതികളും വഴികളും അനുകരിക്കുന്നു. ഈ അന്ത്യകാലത്ത്‌ ഇവ ഒന്നിനൊന്ന്‌ അധഃപതിച്ചുകൊണ്ടിരിക്കുകയുമാണ്‌.—സങ്കീ. 92:7

4, 5. മലാഖി 3:18-ലെ യഹോവയുടെ വാക്കുകൾ നമ്മുടെ ജീവിതത്തിൽ എങ്ങനെ പ്രാവർത്തികമാക്കാം?

4 പ്രവാചകനായ മലാഖി എഴുതിയതു ശ്രദ്ധിക്കുക: “അപ്പോൾ നിങ്ങൾ നീതിമാനും ദുഷ്ടനും തമ്മിലും ദൈവത്തെ സേവിക്കുന്നവനും സേവിക്കാത്തവനും തമ്മിലുള്ള വ്യത്യാസം വീണ്ടും കാണും.” (മലാ. 3:18) ഈ വാക്യം മനസ്സിൽപ്പിടിച്ചുകൊണ്ട്‌ സ്വയം ചോദിക്കുക: ‘ലോകക്കാരനായ ഒരാളെപ്പോലെയാണോ ഞാൻ, അതോ ഞാൻ വ്യത്യസ്‌തനാണോ? സ്‌കൂളിലോ ജോലിസ്ഥലത്തോ ആയിരിക്കുമ്പോൾ കൂടെയുള്ളവരെപ്പോലെ ആകാനാണോ ഞാൻ എപ്പോഴും ശ്രമിക്കുന്നത്‌? അതോ ദൈവിക നിലവാരങ്ങൾക്കുവേണ്ടി ഞാൻ നിലകൊള്ളുമോ, ആവശ്യമെങ്കിൽ അവയെക്കുറിച്ചു സംസാരിക്കാൻ ഞാൻ ധൈര്യം കാണിക്കുമോ?’ (1 പത്രോസ്‌ 3:16 വായിക്കുക.) സ്വയനീതിക്കാരായി കാണപ്പെടാൻ നാം ആഗ്രഹിക്കുന്നില്ലെങ്കിലും യഹോവയെ സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്യാത്തവരിൽനിന്ന്‌ നാം വ്യത്യസ്‌തരായിരിക്കണം, അത്‌ മറ്റുള്ളവർക്ക്‌ വളരെ വ്യക്തവുമായിരിക്കണം.

5 ഇക്കാര്യത്തിൽ മെച്ചപ്പെടേണ്ടതുണ്ടെന്ന്‌ നിങ്ങൾക്ക്‌ തോന്നുന്നെങ്കിൽ യഹോവയോട്‌ അതേക്കുറിച്ച്‌ പ്രാർഥിക്കരുതോ? അതുപോലെ ക്രമമായി ബൈബിൾ പഠിച്ചും പ്രാർഥിച്ചും യോഗങ്ങൾക്കു ഹാജരായും ആത്മീയമായി ശക്തിപ്പെടാൻ യത്‌നിക്കുക. ദൈവവചനം നിങ്ങൾ ജീവിതത്തിൽ എത്രത്തോളം ബാധകമാക്കുന്നുവോ, “നല്ല ഫലം” പുറപ്പെടുവിക്കുന്നതിൽ നിങ്ങൾ അത്രത്തോളം അഭിവൃദ്ധിപ്പെടും. ദൈവത്തിന്റെ “നാമത്തെ ഘോഷിക്കുന്ന അധരഫലം എന്ന സ്‌തോത്രയാഗം” അർപ്പിക്കുന്നതും അതിൽ ഉൾപ്പെടുന്നു.—എബ്രാ. 13:15.

ദൈവരാജ്യത്തിന്റെ വക്താക്കൾ

6, 7. രാജ്യസന്ദേശത്തോടു ബന്ധപ്പെട്ട്‌ സത്യക്രിസ്‌ത്യാനികളും വ്യാജക്രിസ്‌ത്യാനികളും തമ്മിലുള്ള വ്യത്യാസങ്ങൾ ഏവ?

6 യേശു പറഞ്ഞു: “മറ്റു പട്ടണങ്ങളിലും ഞാൻ ദൈവരാജ്യത്തിന്റെ സുവിശേഷം ഘോഷിക്കേണ്ടതാകുന്നു; അതിനായിട്ടല്ലോ എന്നെ അയച്ചിരിക്കുന്നത്‌.” (ലൂക്കോ. 4:43) ദൈവരാജ്യത്തെ തന്റെ ശുശ്രൂഷയുടെ മുഖ്യ വിഷയമായി യേശു തിരഞ്ഞെടുത്തത്‌ എന്തുകൊണ്ടായിരുന്നു? ആ രാജ്യത്തിന്റെ രാജാവെന്ന നിലയിൽ താൻ, തന്റെ അഭിഷിക്ത സഹോദരന്മാരോടൊപ്പം മനുഷ്യവർഗത്തിന്റെ ദുരിതങ്ങളുടെ മൂലകാരണങ്ങളായ പാപത്തെയും സാത്താനെയും ഇല്ലാതാക്കുമെന്ന്‌ അവന്‌ അറിയാമായിരുന്നു. (റോമ. 5:12; വെളി. 20:10) അതുകൊണ്ടുതന്നെ, ഈ വ്യവസ്ഥിതി അവസാനിക്കുന്നതുവരെ ആ രാജ്യത്തെക്കുറിച്ചു പ്രസംഗിക്കാൻ തന്റെ അനുഗാമികളോട്‌ അവൻ കൽപ്പിച്ചു. (മത്താ. 24:14) ക്രിസ്‌ത്യാനികളെന്ന്‌ അവകാശപ്പെടുക മാത്രം ചെയ്യുന്നവർ ഈ പ്രസംഗവേലയിൽ ഏർപ്പെടുന്നില്ല. അവർക്ക്‌ അത്‌ ചെയ്യാൻ കഴിയില്ല എന്നുള്ളതാണ്‌ വാസ്‌തവം. എന്തുകൊണ്ട്‌? ചുരുങ്ങിയപക്ഷം മൂന്നുകാരണങ്ങളുണ്ട്‌: ഒന്ന്‌, അവർക്ക്‌ മനസ്സിലാകാത്ത കാര്യത്തെക്കുറിച്ച്‌ അവർക്ക്‌ പ്രസംഗിക്കാനാവില്ല. രണ്ട്‌, മറ്റുള്ളവരോട്‌ രാജ്യസത്യം പങ്കുവെക്കുമ്പോൾ ഉണ്ടായേക്കാവുന്ന പരിഹാസത്തെയും എതിർപ്പിനെയും നേരിടാനുള്ള താഴ്‌മയും ധൈര്യവും അവരിൽ മിക്കവർക്കുമില്ല. (മത്താ. 24:9; 1 പത്രോ. 2:23) മൂന്ന്‌, വ്യാജക്രിസ്‌ത്യാനികൾക്ക്‌ പരിശുദ്ധാത്മാവിന്റെ സഹായവുമില്ല.—യോഹ. 14:16, 17.

7 എന്നാൽ ക്രിസ്‌തുവിന്റെ യഥാർഥ അനുഗാമികൾക്ക്‌ ദൈവരാജ്യം എന്താണെന്നും അത്‌ എന്തെല്ലാം ചെയ്യുമെന്നും അറിയാം. മാത്രമല്ല, അവർ ആ രാജ്യത്തോടു ബന്ധപ്പെട്ട കാര്യങ്ങൾക്ക്‌ ജീവിതത്തിൽ ഒന്നാം സ്ഥാനം നൽകുന്നു, യഹോവയുടെ ആത്മാവിന്റെ സഹായത്താൽ അതിനെക്കുറിച്ച്‌ ലോകമെമ്പാടും അവർ ഉദ്‌ഘോഷിക്കുന്നു. (സെഖ. 4:6) ഈ പ്രവർത്തനത്തിൽ നിങ്ങൾക്ക്‌ ക്രമമായ ഒരു പങ്കുണ്ടോ? ശുശ്രൂഷയിൽ കൂടുതൽ സമയം ചെലവഴിച്ചുകൊണ്ടോ അതിന്റെ ഫലപ്രദത്വം വർധിപ്പിച്ചുകൊണ്ടോ രാജ്യഘോഷകനെന്ന നിലയിൽ പുരോഗമിക്കാൻ നിങ്ങൾ ശ്രമിക്കുന്നുണ്ടോ? ശുശ്രൂഷയിൽ ബൈബിൾ വിദഗ്‌ധമായി ഉപയോഗിച്ചുകൊണ്ടാണ്‌ ചിലർ തങ്ങളുടെ ശുശ്രൂഷയുടെ ഗുണമേന്മ വർധിപ്പിച്ചിരിക്കുന്നത്‌. “ദൈവത്തിന്റെ വചനം ജീവനും ശക്തിയുമുള്ളത്‌” എന്ന്‌ അപ്പൊസ്‌തലനായ പൗലോസ്‌ എഴുതി. തിരുവെഴുത്തുകളിൽനിന്ന്‌ ന്യായവാദം ചെയ്യുന്നത്‌ പൗലോസിന്റെ ഒരു പതിവായിരുന്നു.—എബ്രാ. 4:12; പ്രവൃ. 17:2, 3.

8, 9. (എ) ശുശ്രൂഷയിൽ ബൈബിൾ ഉപയോഗിക്കുന്നതിന്റെ മൂല്യം എടുത്തുകാട്ടുന്ന ചില ഉദാഹരണങ്ങൾ പറയുക. (ബി) ദൈവവചനം ഉപയോഗിക്കുന്നതിൽ കൂടുതൽ പ്രാവീണ്യം നേടാൻ നമുക്ക്‌ എങ്ങനെ കഴിയും?

8 വീടുതോറുമുള്ള ശുശ്രൂഷയിലായിരിക്കെ ഒരു സഹോദരൻ കത്തോലിക്കനായ ഒരു വ്യക്തിയെ ദാനീയേൽ 2:44 വായിച്ചുകേൾപ്പിക്കുകയും ദൈവരാജ്യം ഭൂമിയിൽ യഥാർഥ സമാധാനവും സുരക്ഷിതത്വവും കൊണ്ടുവരുന്നത്‌ എങ്ങനെയെന്ന്‌ വിശദീകരിക്കുകയും ചെയ്‌തു. ആ മനുഷ്യൻ ഇങ്ങനെ പ്രതിവചിച്ചു: “തിരുവെഴുത്തിലെ ആശയം വെറുതെ പറയുന്നതിനു പകരം നിങ്ങൾ ബൈബിൾ തുറന്ന്‌ അതു കാണിച്ചുതന്നതിനെ ഞാൻ വളരെയധികം വിലമതിക്കുന്നു.” മറ്റൊരു സഹോദരൻ, ഗ്രീക്ക്‌ ഓർത്തഡോക്‌സ്‌ വിശ്വാസിയായ ഒരു വനിതയെ ഒരു തിരുവെഴുത്ത്‌ വായിച്ചുകേൾപ്പിച്ചപ്പോൾ അവർ കുറെ നല്ല ചോദ്യങ്ങൾ അദ്ദേഹത്തോടു ചോദിച്ചു. ആ സഹോദരനും ഭാര്യയും ബൈബിളിൽനിന്നുതന്നെ അവയ്‌ക്കുള്ള ഉത്തരങ്ങളും കൊടുത്തു. പിന്നീട്‌ ആ സ്‌ത്രീ പറഞ്ഞു: “ഞാൻ നിങ്ങളോടു സംസാരിക്കാൻ സന്നദ്ധയായത്‌ എന്തുകൊണ്ടാണെന്ന്‌ അറിയാമോ? നിങ്ങൾ എന്റെ വീട്ടിൽ ബൈബിളുമായി വരുകയും അതു വായിക്കുകയും ചെയ്‌തതുകൊണ്ടാണ്‌.”

9 നമ്മുടെ ക്രിസ്‌തീയ പ്രസിദ്ധീകരണങ്ങൾ പ്രാധാന്യമുള്ളവയാണ്‌, താത്‌പര്യമുള്ളവർക്ക്‌ നാം അത്‌ കൊടുക്കുകയും ചെയ്യുന്നു. എന്നാൽ ബൈബിളാണ്‌ നമ്മുടെ മുഖ്യ ഉപകരണം. ശുശ്രൂഷയിൽ പതിവായി ബൈബിൾ ഉപയോഗിക്കുന്ന ശീലം നിങ്ങൾക്കില്ലെങ്കിൽ അതൊരു ലക്ഷ്യമാക്കരുതോ? പ്രായോഗികമായി ചെയ്യാൻ സാധിക്കുന്ന ഒരു കാര്യമിതാണ്‌: ദൈവരാജ്യം എന്താണെന്നും അത്‌ പ്രശ്‌നങ്ങൾ പരിഹരിക്കുന്നത്‌ എങ്ങനെയെന്നും വിശദീകരിക്കുന്ന ചില തിരുവെഴുത്തുകൾ തിരഞ്ഞെടുക്കുക. വീടുതോറുമുള്ള ശുശ്രൂഷയിൽ അവ ബൈബിളിൽനിന്ന്‌ വായിച്ചുകേൾപ്പിക്കാൻ എപ്പോഴും തയ്യാറായിരിക്കണം. ആ തിരുവെഴുത്തുകൾ ഉപയോഗിക്കുമ്പോൾ നിങ്ങളുടെ പ്രദേശത്തെ ആളുകൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ ദൈവരാജ്യം പരിഹരിക്കുന്നത്‌ എങ്ങനെയെന്ന്‌ കാണിച്ചുകൊടുക്കുക.

അഭിമാനത്തോടെ ദൈവനാമം വഹിക്കുന്നവർ

10, 11. ദൈവനാമം ഉപയോഗിക്കുന്ന കാര്യത്തിൽ യേശുവിന്റെ മനോഭാവം എന്തായിരുന്നു, എന്നാൽ അവനെ അനുഗമിക്കുന്നുവെന്ന്‌ അവകാശപ്പെടുന്ന അനേകരുടെയും മനോഭാവം എന്താണ്‌?

10 “നിങ്ങൾ എന്റെ സാക്ഷികൾ എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ ദൈവം തന്നേ.” (യെശ. 43:12) യഹോവയ്‌ക്ക്‌ സാക്ഷ്യം വഹിച്ചവരിൽ പ്രഥമഗണനീയൻ യേശുക്രിസ്‌തുവാണ്‌. ദൈവനാമം വഹിക്കുന്നതും അത്‌ പ്രസിദ്ധമാക്കുന്നതും അവൻ ഒരു പദവിയായി കണക്കാക്കി. (പുറപ്പാടു 3:15; യോഹന്നാൻ 17:6; എബ്രായർ 2:12 വായിക്കുക.) തന്റെ പിതാവിന്റെ നാമം പ്രസിദ്ധമാക്കിയതിനാൽ യേശുവിനെ “‘വിശ്വസ്‌ത സാക്ഷി’” എന്ന്‌ വിളിച്ചിരിക്കുന്നു.—വെളി. 1:5; മത്താ. 6:9.

11 ഇതിനു നേർവിപരീതമായ ഒരു മനോഭാവമാണ്‌ ദൈവത്തെയും ദൈവപുത്രനെയും പ്രതിനിധീകരിക്കുന്നവരെന്ന്‌ അവകാശപ്പെടുന്ന അനേകരുടേതും. അവഹേളനാപരമായ നിലപാടാണ്‌ ദൈവനാമത്തോട്‌ അവർക്കുള്ളത്‌. അവരുടെ ബൈബിൾ ഭാഷാന്തരങ്ങളിൽനിന്ന്‌ ദൈവനാമത്തെ അവർ നീക്കിക്കളയുകപോലും ചെയ്‌തിരിക്കുന്നു. ഈയടുത്തകാലത്ത്‌ കത്തോലിക്കാ ബിഷപ്പുമാർക്ക്‌ ലഭിച്ച ഒരു നിർദേശം ഇങ്ങനെയായിരുന്നു: ആരാധനാവേളകളിൽ, “ചതുരക്ഷരിയിലുള്ള ദൈവനാമം (YHWH) ഉപയോഗിക്കുകയോ ഉച്ചരിക്കുകയോ ചെയ്യരുത്‌.” * എത്ര നിന്ദ്യമായ ഒരു ചിന്താഗതി!

12. യഹോവയുടെ ജനം 1931 മുതൽ ഏതുപേരിൽ അറിയപ്പെടാൻ തുടങ്ങി?

12 ക്രിസ്‌തുവിനെയും അവന്‌ മുമ്പുണ്ടായിരുന്ന ‘സാക്ഷികളുടെ വലിയൊരു സമൂഹത്തെയും’ അനുകരിച്ചുകൊണ്ട്‌ സത്യക്രിസ്‌ത്യാനികൾ ദൈവനാമം വഹിക്കുന്നതിൽ അഭിമാനംകൊള്ളുന്നു. (എബ്രാ. 12:1) അതിനൊരു തെളിവാണ്‌ 1931-ൽ ദൈവദാസന്മാർ യഹോവയുടെ സാക്ഷികൾ എന്ന പേര്‌ സ്വീകരിച്ചത്‌. അന്നുമുതൽ അവർ സത്യദൈവത്തിന്റെ നാമത്തിൽ കൂടുതലായി അറിയപ്പെടാൻ തുടങ്ങി. (യെശയ്യാവു 43:10-12 വായിക്കുക.) അങ്ങനെ ക്രിസ്‌തുവിന്റെ യഥാർഥ അനുഗാമികൾ വളരെ സവിശേഷമായ ഒരു വിധത്തിൽ ‘ദൈവത്തിന്റെ നാമം വഹിക്കുന്ന ഒരു ജനമായിത്തീർന്നു.’—പ്രവൃ. 15:14, 17.

13. നാം വഹിക്കുന്ന നാമത്തിനൊത്ത്‌ ജീവിക്കാൻ നമുക്ക്‌ എങ്ങനെ സാധിക്കും?

13 ദൈവത്തിന്റെ നാമത്തിൽ അറിയപ്പെടുന്ന ഒരു ജനത്തിൽനിന്നും പ്രതീക്ഷിക്കുന്ന കാര്യങ്ങൾക്കൊത്ത്‌ നമുക്ക്‌ ഓരോരുത്തർക്കും എങ്ങനെ ജീവിക്കാൻ കഴിയും? വിശ്വസ്‌തതയോടെ ദൈവത്തിനു സാക്ഷ്യംവഹിക്കുക എന്നതാണ്‌ ഒരു സംഗതി. “യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും” എന്ന്‌ പൗലോസ്‌ എഴുതി. “എന്നാൽ തങ്ങൾ വിശ്വസിച്ചിട്ടില്ലാത്തവനെ അവർ എങ്ങനെ വിളിച്ചപേക്ഷിക്കും? തങ്ങൾ കേട്ടിട്ടില്ലാത്തവനിൽ അവർ എങ്ങനെ വിശ്വാസം അർപ്പിക്കും? ആരെങ്കിലും പ്രസംഗിക്കാതെ അവർ എങ്ങനെ കേൾക്കും? അയയ്‌ക്കപ്പെടാതെ അവർ എങ്ങനെ പ്രസംഗിക്കും?” (റോമ. 10:13-15) നമ്മുടെ സ്രഷ്ടാവിന്റെ സൽപ്പേരിനു കളങ്കം ചാർത്തുന്ന അഗ്നിനരകംപോലുള്ള വ്യാജമതോപദേശങ്ങളെ നാം നയത്തോടെ തുറന്നുകാട്ടേണ്ടതുണ്ട്‌. ക്രൂരനായ പിശാചിന്റെ ദുർഗുണങ്ങൾ സ്‌നേഹവാനായ യഹോവയിൽ ആരോപിക്കുകയല്ലേ ഈ വ്യാജോപദേശം?—യിരെ. 7:31; 1 യോഹ. 4:8; മർക്കോസ്‌ 9:17-27 താരതമ്യം ചെയ്യുക.

14. ദൈവത്തിന്റെ നാമം അറിഞ്ഞപ്പോൾ ചിലർ എങ്ങനെ പ്രതികരിച്ചു?

14 സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിന്റെ നാമംവഹിക്കുന്നതിൽ നിങ്ങൾ അഭിമാനംകൊള്ളുന്നുണ്ടോ? ആ പവിത്രനാമത്തെക്കുറിച്ച്‌ അറിയാൻ നിങ്ങൾ മറ്റുള്ളവരെ സഹായിക്കുന്നുണ്ടോ? യഹോവയുടെ സാക്ഷികൾക്ക്‌ ദൈവനാമം അറിയാമെന്ന കാര്യം കേട്ടറിഞ്ഞ പാരീസിലുള്ള ഒരു സ്‌ത്രീ, തന്റെ ബൈബിളിൽനിന്നും ദൈവത്തിന്റെ പേര്‌ കാണിച്ചുതരാൻ സാക്ഷിയായ ഒരാളോട്‌ ആവശ്യപ്പെട്ടു. സങ്കീർത്തനം 83:18 വായിച്ചത്‌ അവളുടെ ജീവിതത്തിൽ വരുത്തിയ മാറ്റം വലുതായിരുന്നു. അവൾ ബൈബിൾ പഠിച്ച്‌ ഒരു സാക്ഷിയായി, ഇപ്പോൾ മറ്റൊരു രാജ്യത്ത്‌ സേവിക്കുന്നു. ഓസ്‌ട്രേലിയയിലെ ഒരു കത്തോലിക്കാ സ്‌ത്രീ, ബൈബിളിൽനിന്ന്‌ ദൈവത്തിന്റെ നാമം ആദ്യമായി കണ്ടപ്പോൾ സന്തോഷംകൊണ്ട്‌ വിതുമ്പിപ്പോയി. കഴിഞ്ഞകുറെ വർഷങ്ങളായി അവൾ ഒരു സാധാരണ പയനിയറായി സേവിക്കുന്നു. ഈ അടുത്തകാലത്ത്‌ ജമെയ്‌ക്കയിലെ സാക്ഷികൾ ഒരു സ്‌ത്രീയെ അവളുടെ സ്വന്തം ബൈബിളിൽനിന്ന്‌ ദൈവനാമം കാണിച്ചുകൊടുത്തു. അപ്പോൾ സന്തോഷംകൊണ്ട്‌ അവളുടെ കണ്ണുനിറഞ്ഞുപോയി. അതുകൊണ്ട്‌ ദൈവനാമം വഹിക്കുന്നതിൽ അഭിമാനിക്കുക, യേശുവിനെപ്പോലെ ആ അനുപമനാമം സകലർക്കും പ്രസിദ്ധമാക്കുക.

ലോകത്തെ സ്‌നേഹിക്കരുത്‌’

15, 16. സത്യക്രിസ്‌ത്യാനികൾ ലോകത്തെ എങ്ങനെ വീക്ഷിക്കുന്നു, ഏതു ചോദ്യങ്ങൾ നാം നമ്മോടു ചോദിക്കണം?

15 “ലോകത്തെയോ ലോകത്തിലുള്ളതിനെയോ സ്‌നേഹിക്കരുത്‌; ഒരുവൻ ലോകത്തെ സ്‌നേഹിക്കുന്നെങ്കിൽ പിതാവിനോടുള്ള സ്‌നേഹം അവനിൽ ഇല്ല.” (1 യോഹ. 2:15) ഈ ലോകവും അതിന്റെ ജഡികമനോഭാവങ്ങളും യഹോവയ്‌ക്കും അവന്റെ പരിശുദ്ധാത്മാവിനും എതിരാണ്‌. അതുകൊണ്ട്‌ ക്രിസ്‌തുവിന്റെ യഥാർഥ അനുഗാമികൾ ലോകത്തിന്റെ ഭാഗമാകാതെ കേവലം മാറിനിൽക്കുക മാത്രമല്ല ചെയ്യുന്നത്‌, മനസ്സുകൊണ്ടുതന്നെ അവർ അതിനെ പരിത്യജിക്കുന്നു. “ലോകവുമായുള്ള സൗഹൃദം ദൈവത്തോടുള്ള ശത്രുത്വം ആകുന്നു” എന്ന യാക്കോബിന്റെ വാക്കുകളുടെ ഗൗരവം അവർക്കറിയാം.—യാക്കോ. 4:4.

16 എണ്ണിയാലൊടുങ്ങാത്ത വാഗ്‌ദാനങ്ങളുമായി ഈ ലോകം നിൽക്കുമ്പോൾ യാക്കോബിന്റെ വാക്കുകൾ അനുസരിക്കുന്നത്‌ ഒരു വെല്ലുവിളിതന്നെയാണ്‌. (2 തിമൊ. 4:10) അതുകൊണ്ട്‌ യേശു തന്റെ ശിഷ്യന്മാർക്കുവേണ്ടി ഇപ്രകാരം പ്രാർഥിച്ചു: “അവരെ ലോകത്തിൽനിന്ന്‌ എടുക്കേണം എന്നല്ല, ദുഷ്ടനായവൻനിമിത്തം അവരെ കാത്തുകൊള്ളേണം എന്നത്രേ ഞാൻ നിന്നോട്‌ അപേക്ഷിക്കുന്നത്‌. ഞാൻ ലോകത്തിന്റെ ഭാഗമല്ലാത്തതുപോലെതന്നെ അവരും ലോകത്തിന്റെ ഭാഗമല്ല.” (യോഹ. 17:15, 16) അതുകൊണ്ട്‌ പിൻവരുന്ന ചോദ്യങ്ങൾ സ്വയം ചോദിക്കുക: ‘ഈ ലോകത്തിന്റെ ഭാഗമല്ലാതിരിക്കാൻ ഞാൻ ആത്മാർഥമായി ശ്രമിക്കുന്നുണ്ടോ? തിരുവെഴുത്തുവിരുദ്ധമായ ആചാരങ്ങളിലും ആഘോഷങ്ങളിലും എന്റെ നിലപാട്‌ എന്താണെന്ന്‌ മറ്റുള്ളവർക്ക്‌ വ്യക്തമായി അറിയാമോ? വ്യാജമതത്തിൽനിന്ന്‌ ഉത്ഭവിച്ചതായിരിക്കില്ലെങ്കിലും ഈ ലോകത്തിന്റെ ആത്മാവ്‌ പ്രതിഫലിപ്പിക്കുന്ന മറ്റുകാര്യങ്ങളിലും എനിക്ക്‌ തിരുവെഴുത്തനുസൃതമായ നിലപാടുണ്ടെന്നു മറ്റുള്ളവർക്ക്‌ അറിയാമോ?’—2 കൊരി. 6:17; 1 പത്രോ. 4:3, 4.

17. യഹോവയുടെ പക്ഷത്തേക്കു വരാൻ സത്യതത്‌പരരെ എന്ത്‌ സഹായിച്ചേക്കാം?

17 നാം ബൈബിളിന്റെ നിലവാരങ്ങളോട്‌ പറ്റിനിൽക്കുമ്പോൾ ലോകത്തിന്റെ അംഗീകാരം നമുക്കു ലഭിക്കില്ല എന്നതു തീർച്ചയാണ്‌. എന്നാൽ ആത്മാർഥതയുള്ള ആളുകൾ അതു ശ്രദ്ധിക്കുകതന്നെ ചെയ്യും. നമ്മുടെ വിശ്വാസം തിരുവെഴുത്തുകളിൽ വേരൂന്നിയതാണെന്നും അത്‌ നമ്മുടെ മുഴുജീവിതത്തിലും വ്യാപരിക്കുന്നതാണെന്നും മനസ്സിലാക്കുന്ന സത്യതത്‌പരരായ ആളുകൾ ഫലത്തിൽ അഭിഷിക്തരോട്‌ ഇങ്ങനെ പറയാൻ പ്രേരിതരായേക്കാം: “ദൈവം നിങ്ങളോടുകൂടെ ഉണ്ടെന്നു ഞങ്ങൾ കേട്ടിരിക്കയാൽ ഞങ്ങൾ നിങ്ങളോടുകൂടെ പോരുന്നു.”—സെഖ. 8:23.

യഥാർഥ ക്രിസ്‌തീയ സ്‌നേഹം കാണിക്കുക

18. യഹോവയോടും അയൽക്കാരനോടും സ്‌നേഹം കാണിക്കുന്നതിൽ എന്ത്‌ ഉൾപ്പെടുന്നു?

18 യേശു പറഞ്ഞു: “നിന്റെ ദൈവമായ യഹോവയെ നീ മുഴുഹൃദയത്തോടും മുഴുദേഹിയോടും മുഴുമനസ്സോടുംകൂടെ സ്‌നേഹിക്കണം,” “നിന്റെ അയൽക്കാരനെ നീ നിന്നെപ്പോലെതന്നെ സ്‌നേഹിക്കണം.” (മത്താ. 22:37, 39) യേശു ഇവിടെ പ്രതിപാദിച്ച സ്‌നേഹം (ഗ്രീക്കിൽ അഗാപെ) കടമ, ഔചിത്യം എന്നിവയുടെയൊക്കെ അടിസ്ഥാനത്തിലുള്ളതും തത്ത്വങ്ങളാൽ ഭരിക്കപ്പെടുന്നതുമായ സ്‌നേഹമാണ്‌. വികാരനിർഭരവും ഊഷ്‌മളവും ഗാഢവുമാണ്‌ പലപ്പോഴും ഈ സ്‌നേഹം. (1 പത്രോ. 1:22) സ്വാർഥതയ്‌ക്ക്‌ കടകവിരുദ്ധവും വാക്കിലും പ്രവൃത്തിയിലും തികച്ചും നിസ്വാർഥവുമാണ്‌ ഈ സ്‌നേഹം.—1 കൊരിന്ത്യർ 13:4-7 വായിക്കുക.

19, 20. ക്രിസ്‌തീയ സ്‌നേഹത്തിന്റെ ശക്തി വെളിപ്പെടുത്തുന്ന ചില അനുഭവങ്ങൾ പറയുക.

19 സ്‌നേഹം ദൈവാത്മാവിൽനിന്ന്‌ ഉളവാകുന്നതായതിനാൽ മറ്റുള്ളവർക്ക്‌ ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ ചെയ്യാൻ അതു സത്യക്രിസ്‌ത്യാനികളെ പ്രാപ്‌തരാക്കുന്നു. അവർക്കിടയിൽ വംശീയവും സാംസ്‌കാരികവും രാഷ്‌ട്രീയവുമായ മതിൽക്കെട്ടുകൾ ഇല്ലാത്തത്‌ ഈ വസ്‌തുതയ്‌ക്കൊരു സാക്ഷ്യമാണ്‌. (യോഹന്നാൻ 13:34, 35 വായിക്കുക; ഗലാ. 5:22) ഇത്തരം സ്‌നേഹം കാണുന്ന സൗമ്യരായ ആളുകൾ സത്യാരാധനയിലേക്ക്‌ ആകർഷിക്കപ്പെടുന്നു. പിൻവരുന്ന ദൃഷ്ടാന്തം അതിനൊരു തെളിവാണ്‌. ഇസ്രായേലിലുള്ള ഒരു യഹൂദ യുവാവ്‌ ആദ്യമായി ക്രിസ്‌തീയ യോഗത്തിന്‌ ഹാജരായപ്പോൾ കണ്ട കാഴ്‌ച അദ്ദേഹത്തിന്‌ അവിശ്വസനീയമായിരുന്നു—യഹൂദരും അറബികളും ഒരുമിച്ചിരുന്ന്‌ യഹോവയെ ആരാധിക്കുന്നു! പിന്നീട്‌ അദ്ദേഹം പതിവായി യോഗങ്ങൾക്കു വന്നുതുടങ്ങി, ഒരു ബൈബിളധ്യയനവും സ്വീകരിച്ചു. നിങ്ങളുടെ സഹോദരങ്ങളോട്‌ നിങ്ങൾക്ക്‌ ഇത്തരത്തിലുള്ള അകമഴിഞ്ഞ സ്‌നേഹമുണ്ടോ? പുതിയതായി രാജ്യഹാളിൽ വരുന്നവരെ അവരുടെ വർഗമോ വർണമോ സാമൂഹിക പശ്ചാത്തലമോ പരിഗണിക്കാതെ നിങ്ങൾ ഹാർദമായി സ്വാഗതം ചെയ്യാറുണ്ടോ?

20 സത്യക്രിസ്‌ത്യാനികളായ നാം എല്ലാവരെയും സ്‌നേഹിക്കാൻ ശ്രമിക്കുന്നു. എൽസാൽവഡോറിലെ ഒരു യുവസഹോദരി 87 വയസ്സുള്ള പള്ളിഭക്തയായ ഒരു സ്‌ത്രീയെ ബൈബിൾ പഠിപ്പിക്കുന്നുണ്ടായിരുന്നു. ഒരു ദിവസം ഗുരുതരമായ രോഗം ബാധിച്ച്‌ ആ സ്‌ത്രീ ആശുപത്രിയിലായി. ആശുപത്രിവിട്ട്‌ വീട്ടിൽ തിരികെവന്ന അവരെ സഹോദരിമാർ സന്ദർശിക്കുകയും അവരുടെ ആഹാരകാര്യങ്ങളിൽ ശ്രദ്ധിക്കുകയും ചെയ്‌തു. ഒരു മാസത്തോളം ഇതു തുടർന്നു. ഈ സമയത്തൊന്നും അവരുടെ പള്ളിയിൽനിന്ന്‌ ആരും അവരെ കാണാൻ എത്തിയില്ല. ഇത്‌ അവരെ ചിന്തിപ്പിച്ചു. അവർ അവരുടെ വിഗ്രഹങ്ങൾ എടുത്തുമാറ്റി, പള്ളിയിൽനിന്ന്‌ രാജിവെച്ചു, ബൈബിൾ പഠനം തുടരുകയും ചെയ്‌തു. അതെ, ക്രിസ്‌തീയ സ്‌നേഹത്തിന്‌ ശക്തിയുണ്ട്‌! വാക്കുകളെക്കാൾ ശക്തമായി അത്‌ ആളുകളുടെ ഹൃദയം കീഴടക്കും.

21. നമ്മുടെ ഭാവി എങ്ങനെ സുരക്ഷിതമാക്കാം?

21 തന്നെ സേവിക്കുന്നുവെന്ന്‌ വെറുതെ അവകാശപ്പെടുന്നവരോട്‌ യേശു പെട്ടെന്നുതന്നെ ഇങ്ങനെ പറയും: “ഞാൻ ഒരിക്കലും നിങ്ങളെ അറിഞ്ഞിട്ടില്ല! അധർമം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ട്‌ പോകുവിൻ.” (മത്താ. 7:23) അതുകൊണ്ട്‌ പിതാവായ യഹോവയെയും അവന്റെ പുത്രനായ യേശുവിനെയും ആദരിക്കുന്ന വിധത്തിൽ നമുക്കു ജീവിക്കാം. യേശു പറഞ്ഞു: “ആകയാൽ എന്റെ ഈ വചനങ്ങൾ കേട്ട്‌ അവ പ്രമാണിക്കുന്ന ഏവനും പാറമേൽ വീടു പണിത വിവേകിയായ മനുഷ്യനോടു തുല്യൻ.” (മത്താ. 7:24) അതെ, നാം ക്രിസ്‌തുവിന്റെ യഥാർഥ അനുഗാമികളാണെന്നു നമ്മുടെ ജീവിതംകൊണ്ടു തെളിയിക്കുന്നെങ്കിൽ, നമുക്ക്‌ ദൈവാംഗീകാരം ലഭിക്കും. പാറമേൽ പണിതാലെന്നപോലെ നമ്മുടെ ഭാവി സുരക്ഷിതമായിരിക്കും.

[അടിക്കുറിപ്പ്‌]

^ ഖ. 11 യെരൂശലേം ബൈബിൾ ഉൾപ്പെടെ ഇംഗ്ലീഷിലുള്ള ചില ആധുനിക കത്തോലിക്കാ പ്രസിദ്ധീകരണങ്ങൾ എബ്രായ ചതുരക്ഷരിയെ യാഹ്‌വെ എന്ന്‌ പരിഭാഷപ്പെടുത്തിയിരിക്കുന്നു.

നിങ്ങൾ ഓർമിക്കുന്നുവോ?

• ക്രിസ്‌തുവിനെ യഥാർഥമായി അനുഗമിക്കുന്നവർ അങ്ങനെ ചെയ്യാത്തവരിൽനിന്ന്‌ വ്യത്യസ്‌തരായിരിക്കുന്നത്‌ എങ്ങനെ?

• സത്യക്രിസ്‌ത്യാനികളെ തിരിച്ചറിയിക്കുന്ന ചില ‘ഫലങ്ങൾ’ എവ?

• ക്രിസ്‌തീയ ഫലം പുറപ്പെടുവിക്കുന്നതിനോടുള്ള ബന്ധത്തിൽ നിങ്ങൾക്ക്‌ എന്ത്‌ ലക്ഷ്യങ്ങൾ വെക്കാൻ സാധിക്കും?

[അധ്യയന ചോദ്യങ്ങൾ]

[13-ാം പേജിലെ ചിത്രം]

ശുശ്രൂഷയിൽ ബൈബിൾ ഉപയോഗിക്കുന്ന ശീലം നിങ്ങൾക്കുണ്ടോ?

[15-ാം പേജിലെ ചിത്രം]

തിരുവെഴുത്തുവിരുദ്ധമായ ആഘോഷങ്ങളിൽ നിങ്ങളുടെ നിലപാട്‌ മറ്റുള്ളവർക്ക്‌ അറിയാമോ?