വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിജയം യഹോവയുടെ ഭരണത്തിന്‌!

വിജയം യഹോവയുടെ ഭരണത്തിന്‌!

വിജയം യഹോവയുടെ ഭരണത്തിന്‌!

‘അത്യുന്നതനായവൻ മനുഷ്യരുടെ രാജത്വത്തിന്മേൽ വാഴുന്നു.’ —ദാനീ. 4:17.

1, 2. മനുഷ്യന്റെ ഭരണം പരാജയപ്പെട്ടതിനുള്ള കാരണങ്ങൾ ഏവ?

മനുഷ്യഭരണം തീർത്തുമൊരു പരാജയമാണെന്നതിന്‌ യാതൊരു സംശയവുമില്ല! ഒരു നല്ല ഭരണം കാഴ്‌ചവെക്കുന്നതിന്‌ ആവശ്യമായ ജ്ഞാനം മനുഷ്യന്‌ ഇല്ല എന്നതുതന്നെയാണ്‌ ആ പരാജയത്തിനൊരു പ്രധാന കാരണം. ഇന്നത്തെ ഭരണാധികാരികളിൽ അനേകരും ‘സ്വസ്‌നേഹികളും ധനമോഹികളും വമ്പുപറയുന്നവരും ധാർഷ്ട്യക്കാരും അവിശ്വസ്‌തരും ഒന്നിനും വഴങ്ങാത്തവരും ഏഷണിക്കാരും ആത്മനിയന്ത്രണമില്ലാത്തവരും നിഷ്‌ഠുരന്മാരും നന്മയെ ദ്വേഷിക്കുന്നവരും വഞ്ചകരും തന്നിഷ്ടക്കാരും അഹങ്കാരത്താൽ ചീർത്തവരും’ ആയിരിക്കുന്നത്‌ മനുഷ്യഭരണത്തിന്റെ പരാജയത്തിന്‌ ആക്കം കൂട്ടിയിരിക്കുന്നു.—2 തിമൊ. 3:2-4.

2 നമ്മുടെ ആദ്യമാതാപിതാക്കൾ ദൈവത്തിന്റെ ഭരണത്തെ തിരസ്‌കരിച്ചു. അതുവഴി സ്വാതന്ത്ര്യം ലഭിക്കുമെന്ന്‌ അവർ കരുതിയിരിക്കാം. പക്ഷേ, അവർ ചെന്നുപെട്ടത്‌ സാത്താന്റെ കൈകളിലാണ്‌. “ഈ ലോകത്തിന്റെ അധിപതി”യായ സാത്താന്റെ നിയന്ത്രണത്തിലുള്ള, മനുഷ്യന്റെ 6,000 വർഷത്തെ ദുർഭരണം മനുഷ്യചരിത്രത്തിലെ ഏറ്റവും മോശമായ ഒരവസ്ഥയിൽ നമ്മെ കൊണ്ടെത്തിച്ചിരിക്കുന്നു. (യോഹ. 12:31) മനുഷ്യന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ച്‌ ഒരു പ്രമുഖ ഗ്രന്ഥം (The Oxford History of the Twentieth Century) ഇങ്ങനെ പറയുന്നു: “ഒരു ആദർശലോകത്തിനുവേണ്ടിയുള്ള അന്വേഷണം” നിരർഥകമാണ്‌. “അതു കണ്ടെത്താനാവില്ലെന്നു മാത്രമല്ല അതു സൃഷ്ടിക്കാനുള്ള ഉദ്യമങ്ങൾ ദുരന്തങ്ങളിലേക്കും ഏകാധിപത്യങ്ങളിലേക്കും യുദ്ധമെന്ന മഹാവിപത്തിലേക്കും വഴിനയിക്കുകയേയുള്ളൂ.” മനുഷ്യഭരണം പരാജയമാണെന്ന വസ്‌തുതയ്‌ക്ക്‌ അടിവരയിടുന്ന വാക്കുകൾ!

3. ആദാമും ഹവ്വായും പാപം ചെയ്‌തില്ലായിരുന്നെങ്കിൽ ഭൂമിയുടെമേലുള്ള ഭരണം എങ്ങനെയുള്ളത്‌ ആയിരിക്കുമായിരുന്നു?

3 മനുഷ്യന്റെ നിത്യക്ഷേമത്തിന്‌ ഉതകുന്നതും സുസ്ഥിരവുമായ ഒരേയൊരു ഭരണസംവിധാനമേയുള്ളൂ—ദൈവത്തിന്റെ ഭരണം. അതാണ്‌ ആദ്യമാതാപിതാക്കൾ തിരസ്‌കരിച്ചത്‌. എത്ര സങ്കടകരം! ആദാമും ഹവ്വായും വിശ്വസ്‌തരായി തുടർന്നിരുന്നെങ്കിൽ ഏതു തരത്തിലുള്ള ഭരണവ്യവസ്ഥയായിരിക്കും ദൈവം നടപ്പിലാക്കുമായിരുന്നത്‌ എന്ന്‌ കൃത്യമായി നമുക്കറിയില്ല. എന്നിരുന്നാലും ഒന്നുറപ്പാണ്‌: സകല മനുഷ്യരും ആദരിക്കുകയും കീഴ്‌പെട്ടിരിക്കുകയും ചെയ്യുന്ന ആ ഭരണസംവിധാനം സ്‌നേഹഭരിതവും പക്ഷപാതരഹിതവും ആയിരിക്കുമായിരുന്നു. (പ്രവൃ. 10:34; 1 യോഹ. 4:8) അതുമാത്രമല്ല, മനുഷ്യർ സർവജ്ഞാനിയായ യഹോവയുടെ ഭരണത്തെ അംഗീകരിച്ചിരുന്നെങ്കിൽ, മനുഷ്യഭരണത്തിന്റെ ഫലമായി ഇന്നു നാം അനുഭവിക്കുന്ന കുഴപ്പങ്ങളും ദുരിതങ്ങളുമൊന്നും ഉണ്ടാകില്ലായിരുന്നു. ദിവ്യാധിപത്യം അഥവാ ദൈവത്താലുള്ള ഭരണം ‘ജീവനുള്ളതിന്നൊക്കെയും തൃപ്‌തിവരുത്തുമായിരുന്നു.’ (സങ്കീ. 145:16) അത്‌ പൂർണതയുള്ള, അത്യുത്തമമായ ഒരു ഭരണമായിരിക്കുമായിരുന്നു എന്നതിനു രണ്ടുപക്ഷമില്ല. (ആവ. 32:4) മനുഷ്യൻ അതിനു പുറംതിരിഞ്ഞത്‌ എത്ര പരിതാപകരം!

4. എത്രത്തോളം പോകാനുള്ള അനുവാദമേ സാത്താനു ലഭിച്ചിട്ടുള്ളൂ?

4 സ്വയം ഭരിക്കാൻ മനുഷ്യനെ അനുവദിച്ചെങ്കിലും തന്റെ സൃഷ്ടികളുടെമേൽ ഭരിക്കാനുള്ള തന്റെ അവകാശം ദൈവം ഒരിക്കൽപ്പോലും വിട്ടുകളഞ്ഞിട്ടില്ല. ശക്തനായ ബാബിലോൺ രാജാവുപോലും, ‘അത്യുന്നതനായവൻ മനുഷ്യരുടെ രാജത്വത്തിന്മേൽ വാഴുന്നു’ എന്ന്‌ അംഗീകരിക്കാൻ നിർബന്ധിതനായി. (ദാനീ. 4:17) ആത്യന്തികമായി ദൈവരാജ്യം ദൈവേഷ്ടം നടപ്പിൽവരുത്തും. (മത്താ. 6:10) എന്നാൽ കുറച്ചുകാലത്തേക്ക്‌ ‘ഈ ലോകത്തിന്റെ ദൈവമായിരിക്കാൻ’ യഹോവ ആ മത്സരിയെ അനുവദിച്ചിരിക്കുന്നു. സാത്താൻ ഉന്നയിച്ച ചോദ്യങ്ങൾക്ക്‌ യുക്തമായ ഒരു മറുപടി കൊടുക്കുന്നതിനുവേണ്ടിയാണത്‌. (2 കൊരി. 4:4; 1 യോഹ. 5:19) എന്നാൽ യഹോവ വെച്ചിരിക്കുന്ന പരിധികൾ ലംഘിക്കാൻ സാത്താന്‌ ഒരിക്കലും സാധിച്ചിട്ടില്ല. (2 ദിന. 20:6; ഇയ്യോ. 1:11, 12; 2:3-6) ദൈവത്തിന്റെ ബദ്ധശത്രുവായ സാത്താൻ ഭരിക്കുന്ന ഒരു ലോകത്തിൽ ജീവിച്ചിട്ടുകൂടി ദൈവത്തിന്‌ കീഴ്‌പെട്ടിരുന്ന വ്യക്തികൾ എല്ലാക്കാലത്തും ഉണ്ടായിരുന്നു.

ദൈവത്തിന്റെ ഭരണം: പുരാതന ഇസ്രായേലിൽ

5. ഇസ്രായേല്യർ ദൈവത്തിന്‌ എന്ത്‌ വാക്കുകൊടുത്തു?

5 ഹാബേലിന്റെ കാലംമുതൽ ഇസ്രായേൽ ജനത രൂപംകൊണ്ട കാലംവരെയുള്ള ചരിത്രം നോക്കിയാൽ വിശ്വസ്‌തരായ അനേകം വ്യക്തികൾ യഹോവയെ ആരാധിക്കുകയും അവന്റെ കൽപ്പനകൾ അനുസരിക്കുകയും ചെയ്‌തതായി നമുക്ക്‌ കാണാം. (എബ്രാ. 11:4-22) മോശയുടെ കാലത്ത്‌, യഹോവ യാക്കോബിന്റെ സന്തതികളുമായി ഒരു ഉടമ്പടിചെയ്‌തു, അങ്ങനെ ബി.സി. 1513-ൽ അവർ ഒരു ജനതയായിത്തീർന്നു—ഇസ്രായേൽ ജനത. അന്ന്‌, യഹോവയെ രാജാവായി അംഗീകരിച്ചുകൊണ്ട്‌, ഞങ്ങളും ഞങ്ങളുടെ മക്കളും “യഹോവ കൽപ്പിച്ചതൊക്കെയും . . . ചെയ്യും” എന്ന്‌ അവർ ദൈവമുമ്പാകെ സമ്മതിച്ചു.—പുറ. 19:8.

6, 7. ഇസ്രായേലിന്റെമേലുള്ള യഹോവയുടെ ഭരണത്തിന്റെ സവിശേഷതകൾ എന്തൊക്കെ ആയിരുന്നു?

6 തന്റെ സ്വന്തജനമായി ഇസ്രായേലിനെ തിരഞ്ഞെടുത്തതിൽ യഹോവയ്‌ക്കൊരു ഉദ്ദേശ്യമുണ്ടായിരുന്നു. (ആവർത്തനം 7:7, 8 വായിക്കുക.) ഇസ്രായേല്യരുടെ ക്ഷേമം മാത്രമല്ല, തന്റെ നാമത്തോടും പരമാധികാരത്തോടും ബന്ധപ്പെട്ട കാര്യങ്ങളുംകൂടി അവന്റെ ഉദ്ദേശ്യത്തിന്റെ ഭാഗമായിരുന്നു; വാസ്‌തവത്തിൽ ഇവയ്‌ക്കായിരുന്നു കൂടുതൽ പ്രാധാന്യം. യഹോവയാണ്‌ ഏക സത്യദൈവമെന്ന വസ്‌തുതയ്‌ക്ക്‌ ഇസ്രായേൽ ജനത സാക്ഷ്യം വഹിക്കേണ്ടിയിരുന്നു. (യെശ. 43:10; 44:6-8) അതുകൊണ്ട്‌ യഹോവ അവരോട്‌ പറഞ്ഞു: “നിന്റെ ദൈവമായ യഹോവെക്കു നീ വിശുദ്ധജനമല്ലോ; ഭൂതലത്തിലുള്ള സകലജാതികളിലും വെച്ചു തനിക്കു സ്വന്തജനമായിരിപ്പാൻ യഹോവ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു.”—ആവ. 14:2.

7 ഇസ്രായേല്യർ അപൂർണരാണ്‌ എന്ന വസ്‌തുത കണക്കിലെടുത്തുകൊണ്ടുള്ള ഭരണമായിരുന്നു യഹോവയുടേത്‌. അതേസമയം അവന്റെ നിയമങ്ങൾ തികവുറ്റതും അവന്റെ മഹനീയ ഗുണങ്ങൾ പ്രതിഫലിപ്പിക്കുന്നതും ആയിരുന്നു. മോശ മുഖേന യഹോവ നൽകിയ കൽപ്പനകൾ യഹോവയുടെ വിശുദ്ധി, നീതിയോടുള്ള അവന്റെ സ്‌നേഹം, തെറ്റുകുറ്റങ്ങൾ പൊറുക്കാനുള്ള അവന്റെ സന്നദ്ധത, അവന്റെ ക്ഷമ എന്നിവ വിശേഷവത്‌കരിക്കുന്നതായിരുന്നു. പിന്നീട്‌, യോശുവയുടെയും അവന്റെ സമകാലികരുടെയും കാലത്ത്‌ ആ ജനത യഹോവയുടെ കൽപ്പനകൾ അനുസരിക്കുകയും സമാധാനവും ആത്മീയ സൗഭാഗ്യങ്ങളും ആസ്വദിക്കുകയും ചെയ്‌തു. (യോശു. 24:21, 22, 31) യഹോവയുടെ ഭരണത്തിന്റെ മഹിമ വിളിച്ചോതുന്നതായിരുന്നു ഇസ്രായേലിന്റെ ചരിത്രത്തിലെ ആ കാലഘട്ടം.

മനുഷ്യഭരണത്തിന്റെ ദാരുണ പരിണതി

8, 9. ബുദ്ധിശൂന്യമായ എന്തുകാര്യമാണ്‌ ഇസ്രായേൽ ആവശ്യപ്പെട്ടത്‌, ഫലം എന്തായിരുന്നു?

8 എന്നാൽ കാലം കഴിഞ്ഞുപോയതോടെ ഇസ്രായേല്യർ ദൈവഭരണത്തിന്‌ എതിരെ പലതവണ മത്സരിക്കുകയും അവന്റെ പരിരക്ഷണം നഷ്ടപ്പെടുത്തുകയും ചെയ്‌തു. ഒടുവിൽ അവർ ശമുവേൽ പ്രവാചകൻ മുഖാന്തരം ഒരു രാജാവിനെ, ഒരു മനുഷ്യഭരണാധികാരിയെ ആവശ്യപ്പെട്ടു. അവരുടെ ആവശ്യം നടത്തിക്കൊടുക്കാൻ യഹോവ ശമുവേലിനോടു പറഞ്ഞു. അതോടൊപ്പം യഹോവ ഇതുകൂടി പറഞ്ഞു: “അവർ നിന്നെയല്ല, ഞാൻ അവരെ ഭരിക്കാതവണ്ണം എന്നെയാകുന്നു ത്യജിച്ചിരിക്കുന്നത്‌.” (1 ശമൂ. 8:7) അവർ ആവശ്യപ്പെട്ടതുപോലുള്ള ഒരു രാജാവിനെ യഹോവ വാഴിച്ചെങ്കിലും, മനുഷ്യന്റെ ഭരണം ദാരുണമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന്‌ അവൻ മുന്നറിയിപ്പു കൊടുക്കുകതന്നെ ചെയ്‌തു.—1 ശമൂവേൽ 8:9-18 വായിക്കുക.

9 യഹോവയുടെ ആ മുന്നറിയിപ്പ്‌ എത്ര സത്യമാണെന്നതിന്‌ ചരിത്രം സാക്ഷി. മനുഷ്യഭരണം ഗുരുതരമായ പ്രശ്‌നങ്ങൾ ഇസ്രായേലിൽ വരുത്തിവെച്ചു, വിശേഷിച്ചും അവരുടെ രാജാക്കന്മാർ അവിശ്വസ്‌തരായിരുന്നപ്പോൾ. ഇസ്രായേലിന്റെ ഈ അനുഭവം മനസ്സിലുണ്ടെങ്കിൽ, യഹോവയെ അറിയാത്ത മനുഷ്യ ഗവണ്മന്റുകൾക്ക്‌ കഴിഞ്ഞകാലത്തുടനീളം മനുഷ്യന്റെ നിത്യക്ഷേമത്തിന്‌ ഉതകുന്ന ഒരു ഭരണം കാഴ്‌ചവെക്കാൻ കഴിയാതിരുന്നത്‌ എന്തുകൊണ്ടാണെന്ന്‌ മനസ്സിലാക്കാവുന്നതേയുള്ളൂ. സമാധാനവും സുരക്ഷിതത്വവും കൊണ്ടുവരാനുള്ള തങ്ങളുടെ ശ്രമങ്ങളെ അനുഗ്രഹിക്കണമേയെന്ന്‌ ചില ഭരണാധികാരികൾ ദൈവത്തോട്‌ അപേക്ഷിക്കാറുണ്ട്‌. എന്നാൽ തന്റെ ഭരണത്തിന്‌ കീഴടങ്ങാൻ മനസ്സില്ലാത്തവരെ ദൈവം അനുഗ്രഹിക്കുമെന്ന്‌ നിങ്ങൾ കരുതുന്നുവോ?—സങ്കീ. 2:10-12.

ദൈവഭരണത്തെ അംഗീകരിക്കുന്ന ഒരു പുതിയ ജനത

10. തിരഞ്ഞെടുക്കപ്പെട്ട ജനത എന്ന നിലയിൽനിന്ന്‌ ദൈവം ഇസ്രായേലിനെ തിരസ്‌കരിച്ചത്‌ എന്തുകൊണ്ട്‌?

10 യഹോവയെ വിശ്വസ്‌തതയോടെ സേവിക്കാൻ ഇസ്രായേൽ ജനത വിസമ്മതിച്ചു. ഒടുവിൽ അവർ ദൈവം നിയോഗിച്ച മിശിഹായെയും തിരസ്‌കരിച്ചു. അപ്പോൾ ദൈവം ഒരു ജനതയെന്ന നിലയിൽ അവരെ തള്ളിക്കളയുകയും ആ ജനതയുടെ സ്ഥാനത്ത്‌ ഒരു പുതിയ ജനതയ്‌ക്ക്‌ രൂപം കൊടുക്കുകയും ചെയ്‌തു. അങ്ങനെയാണ്‌ എ.ഡി. 33-ൽ അഭിഷിക്ത ക്രിസ്‌ത്യാനികളടങ്ങുന്ന ക്രിസ്‌തീയ സഭ രൂപമെടുക്കുന്നത്‌. ആ സഭയാണ്‌ യഹോവയുടെ ഭരണത്തെ അംഗീകരിക്കുന്ന പുതിയ ജനത. പൗലോസ്‌ അതിനെ ‘ദൈവത്തിന്റെ ഇസ്രായേൽ’ എന്നു വിളിക്കുന്നു.—ഗലാ. 6:16.

11, 12. നേതൃത്വമെടുക്കുന്നവരുടെ കാര്യത്തിൽ പുരാതന ഇസ്രായേലും ‘ദൈവത്തിന്റെ ഇസ്രായേലും’ തമ്മിലുള്ള സമാനതകളേവ?

11 ‘ദൈവത്തിന്റെ ഇസ്രായേലിന്‌’ പഴയ ഇസ്രായേൽ ജനതയുമായി സാമ്യങ്ങളും വൈജാത്യങ്ങളും ഉണ്ട്‌. പുരാതന ഇസ്രായേലിൽനിന്നു വ്യത്യസ്‌തമായി ക്രിസ്‌തീയ സഭയ്‌ക്ക്‌ മാനുഷ രാജാക്കന്മാരില്ല, അതുപോലെ പാപികൾക്കായുള്ള മൃഗയാഗങ്ങളുമില്ല. പുരാതന ഇസ്രായേലിൽ മൂപ്പന്മാരുണ്ടായിരുന്നു, ക്രിസ്‌തീയ സഭയിലും മൂപ്പന്മാരുണ്ട്‌ എന്നതാണ്‌ ഒരു സമാനത. (പുറ. 19:3-8) ഈ ക്രിസ്‌തീയ മൂപ്പന്മാർ ആടുകളുടെമേൽ ആധിപത്യം നടത്തുന്നില്ല. മറിച്ച്‌, അവർ സഭയെ മേയ്‌ക്കുകയും താത്‌പര്യത്തോടെ ക്രിസ്‌തീയ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വമെടുക്കുകയും ചെയ്യുന്നു. സഭയിലെ ഓരോ അംഗങ്ങൾക്കും ആദരവും ബഹുമാനവും നൽകിക്കൊണ്ട്‌ ഈ മൂപ്പന്മാർ സ്‌നേഹത്തോടെ അവരോട്‌ ഇടപെടുന്നു.—2 കൊരി. 1:24; 1 പത്രോ. 5:2, 3.

12 ‘ദൈവത്തിന്റെ ഇസ്രായേലിലെ’ അംഗങ്ങളും ‘വേറെ ആടുകളായ’ അവരുടെ സഹകാരികളും ദൈവം പുരാതന ഇസ്രായേലുമായി ഇടപെട്ട വിധം പഠിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നവരാണ്‌. അത്‌, യഹോവയോടും അവന്റെ ഭരണത്തോടും വിലമതിപ്പു വളർത്തിയെടുക്കാൻ അവരെ പ്രചോദിപ്പിക്കുന്നു. (യോഹ. 10:16) ഇസ്രായേൽ രാജാക്കന്മാരുടെ ചരിത്രം പരിശോധിച്ചാൽ അവർ പ്രജകളുടെമേൽ ശക്തമായ സ്വാധീനം ചെലുത്തിയിരുന്നു എന്നു കാണാൻ കഴിയും—ചിലരുടേത്‌ നല്ല സ്വാധീനമായിരുന്നെങ്കിൽ മറ്റു ചിലരുടേത്‌ ദുഷിച്ച സ്വാധീനമായിരുന്നു. ഈ വസ്‌തുത ഇന്ന്‌ ക്രിസ്‌തീയ സഭയിൽ നേതൃത്വമെടുക്കുന്നവർ മനസ്സിൽപ്പിടിക്കുന്നു. ആ രാജാക്കന്മാരെപ്പോലെ ആധിപത്യം നടത്തുന്നില്ലെങ്കിലും തങ്ങൾ എല്ലായ്‌പോഴും മറ്റുള്ളവർക്ക്‌ വിശ്വാസത്തിന്റെ ഉത്തമ മാതൃകകളായിരിക്കണമെന്ന്‌ അവർക്കറിയാം.—എബ്രാ. 13:7.

ഇന്ന്‌ യഹോവ ഭരിക്കുന്ന വിധം

13. ഏതു നിർണായക സംഭവത്തിന്‌ 1914 സാക്ഷ്യംവഹിച്ചു?

13 മനുഷ്യന്റെമേലുള്ള മനുഷ്യന്റെ ആധിപത്യത്തിനു തിരശ്ശീലവീഴാൻ പോകുന്നുവെന്ന്‌ ക്രിസ്‌ത്യാനികൾ ഇന്ന്‌ ലോകത്തെ അറിയിച്ചുകൊണ്ടിരിക്കുകയാണ്‌. 1914-ൽ, യേശുക്രിസ്‌തുവിനെ രാജാവായി വാഴിച്ചുകൊണ്ട്‌ യഹോവ തന്റെ രാജ്യം സ്വർഗത്തിൽ സ്ഥാപിച്ചു. ആ സമയത്ത്‌, ജയിച്ചടക്കി മുന്നേറി “സമ്പൂർണജയം” നേടാൻ യഹോവ യേശുവിന്‌ അധികാരം നൽകുകയും ചെയ്‌തു. (വെളി. 6:2) ഈ പുതിയ രാജാവിനോട്‌, “നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക” എന്നും പറഞ്ഞിരിക്കുന്നു. (സങ്കീ. 110:2) എന്നാൽ, രാഷ്‌ട്രങ്ങൾ യഹോവയുടെ ഭരണാധിപത്യത്തിനു നിരന്തരം പുറംതിരിയുന്ന ദാരുണമായ സ്ഥിതിവിശേഷമാണ്‌ ഇപ്പോഴും നിലനിൽക്കുന്നത്‌. “ദൈവം [യഹോവ] ഇല്ല” എന്ന മട്ടിലാണ്‌ അവരുടെ പ്രവർത്തനങ്ങൾ.—സങ്കീ. 14:1.

14, 15. (എ) ഇന്ന്‌ ദൈവരാജ്യം നമ്മെ ഭരിക്കുന്നത്‌ എങ്ങനെ, ഏതു ചോദ്യങ്ങൾ നാം സ്വയം ചോദിക്കേണ്ടതുണ്ട്‌? (ബി) ദൈവഭരണത്തിന്റെ ശ്രേഷ്‌ഠത ഇന്നു നമുക്ക്‌ ദൃശ്യമായിരിക്കുന്നത്‌ എങ്ങനെ?

14 ‘ദൈവത്തിന്റെ ഇസ്രായേലിലെ’ കുറച്ചുപേർ ഇന്ന്‌ ഭൂമിയിൽ ശേഷിക്കുന്നുണ്ട്‌. യേശുവിന്റെ ഈ അഭിഷിക്ത സഹോദരന്മാർ, “ക്രിസ്‌തുവിനുവേണ്ടിയുള്ള സ്ഥാനപതി”കളായി വർത്തിക്കുന്നു. (2 കൊരി. 5:20) ഇവരെയാണ്‌ വിശ്വസ്‌തനും വിവേകിയുമായ അടിമയായി നിയമിച്ചിരിക്കുന്നത്‌. അഭിഷിക്തർക്കും ഭൂമിയിൽ എന്നേക്കും ജീവിക്കാൻ പ്രത്യാശിക്കുന്ന ലക്ഷക്കണക്കിന്‌ വരുന്ന ക്രിസ്‌ത്യാനികൾക്കും വേണ്ടി ആത്മീയമായി കരുതുക, തക്ക സമയത്തെ ആഹാരം നൽകുക എന്നതൊക്കെയാണ്‌ അവരുടെ നിയോഗം. (മത്താ. 24:45-47; വെളി. 7:9-15) ഈ ക്രമീകരണത്തിന്മേൽ യഹോവയുടെ അനുഗ്രഹം ഉണ്ടെന്നുള്ളതിന്റെ വ്യക്തമായ തെളിവാണ്‌ സത്യാരാധകർ ഇന്ന്‌ അനുഭവിക്കുന്ന സമൃദ്ധമായ ആത്മീയാനുഗ്രഹങ്ങൾ.

15 ആയതിനാൽ, നമുക്കിപ്പോൾ പിൻവരുന്ന ചോദ്യങ്ങൾ സ്വയം ചോദിക്കാൻ കഴിയും: ‘ക്രിസ്‌തീയ സഭയിൽ എനിക്കുള്ള ഉത്തരവാദിത്വങ്ങളെക്കുറിച്ച്‌ എനിക്ക്‌ പൂർണബോധ്യമുണ്ടോ? യഹോവയുടെ ഭരണത്തെ ഞാൻ വേണ്ടവിധത്തിൽ പിന്തുണയ്‌ക്കുന്നുണ്ടോ? യഹോവയുടെ, വാഴ്‌ചയാരംഭിച്ചിരിക്കുന്ന രാജ്യത്തിന്റെ ഒരു പ്രജയായിരിക്കുന്നതിൽ ഞാൻ അഭിമാനംകൊള്ളുന്നുണ്ടോ? ദൈവരാജ്യത്തെക്കുറിച്ച്‌ മറ്റുള്ളവരോടു പറയുന്നതിന്‌ എന്നാലാവുന്നതെല്ലാം ചെയ്യുമെന്ന്‌ ഞാൻ നിശ്ചയിച്ചിട്ടുണ്ടോ?’ ഒരു കൂട്ടമെന്ന നിലയിൽ നാം ഭരണസംഘത്തിൽനിന്നു വരുന്ന നിർദേശങ്ങൾ മനസ്സോടെ സ്വീകരിക്കുകയും സഭയിലെ നിയമിത മൂപ്പന്മാരുമായി സഹകരിച്ചു പ്രവർത്തിക്കുകയും ചെയ്യുന്നു. ഇങ്ങനെ ചെയ്യുമ്പോൾ ദൈവത്തിന്റെ ഭരണത്തോടുള്ള നമ്മുടെ വിധേയത്വം തെളിയിക്കുകയാണ്‌ നാം. (എബ്രായർ 13:17 വായിക്കുക.) ഛിദ്രിച്ച ഈ ലോകത്തിൽ വേറിട്ടൊരു കാഴ്‌ചയാണ്‌ നമ്മുടെ ലോകവ്യാപക ഐക്യം; നീതിനിഷ്‌ഠരും സമാധാനപ്രേമികളുമാണ്‌ ദൈവജനം. ദൈവഭരണത്തോടുള്ള നമ്മുടെ വിധേയത്വത്തിന്റെ സത്‌ഫലങ്ങളാണ്‌ ഇതെല്ലാം. യഹോവയുടെ ഭരണവിധമാണ്‌ അത്യുത്തമമെന്ന വസ്‌തുതയ്‌ക്ക്‌ അടിവരയിട്ടുകൊണ്ട്‌ ഇവയെല്ലാം അവനു പുകഴ്‌ചയേറ്റുന്നു.

യഹോവയുടെ ഭരണംതന്നെ വിജയിച്ചിരിക്കുന്നു!

16. ഇന്നുള്ള സകലരും എന്തു തീരുമാനിക്കേണ്ടിയിരിക്കുന്നു?

16 ഏദെനിൽ ഉയർന്നുവന്ന വിവാദവിഷയങ്ങൾക്ക്‌ തീർപ്പുകൽപ്പിക്കുന്നതിനുള്ള സമയം അതിവേഗം അടുത്തുകൊണ്ടിരിക്കുകയാണ്‌. അതുകൊണ്ട്‌ ഓരോ വ്യക്തിയും ഇപ്പോൾ ഒരു തീരുമാനമെടുക്കേണ്ടിയിരിക്കുന്നു: യഹോവയുടെ ഭരണത്തെ സ്വീകരിക്കുമോ അതോ തുടർന്നും മനുഷ്യഭരണത്തോടുതന്നെ കൂറുപുലർത്തുമോ എന്ന തീരുമാനം. സൗമ്യരായ ആളുകളെ ശരിയായ തീരുമാനം എടുക്കാൻ സഹായിക്കേണ്ടത്‌ നമ്മുടെ കടമയാണ്‌. യഹോവയുടെ ഭരണം വളരെപ്പെട്ടെന്ന്‌ അർമഗെദോനിൽ സാത്താന്റെ നിയന്ത്രണത്തിലുള്ള മാനുഷഗവണ്മെന്റുകളെ നീക്കംചെയ്‌ത്‌ തത്‌സ്ഥാനത്തേക്കു വരും; ശാശ്വതമായ ഒരു ഭരണമായിരിക്കും അത്‌. (ദാനീ. 2:44; വെളി. 16:16) മനുഷ്യഭരണം ഒരു പഴങ്കഥയായി മാറും, ദൈവരാജ്യമായിരിക്കും പിന്നീട്‌ മുഴുഭൂമിമേലും ആധിപത്യം നടത്തുക. അങ്ങനെ ഒടുവിൽ എല്ലാ അർഥത്തിലും ദിവ്യാധിപത്യംതന്നെ വിജയംവരിക്കും!—വെളിപാട്‌ 21:3-5 വായിക്കുക.

17. ഏതു ഭരണം വേണമെന്ന്‌ തീരുമാനിക്കാൻ സൗമ്യരായ ആളുകളെ ഏതു വസ്‌തുതകൾ സഹായിക്കും?

17 യഹോവയുടെ പക്ഷത്ത്‌ നിലയുറപ്പിച്ചുകൊണ്ടുള്ള ഒരു തീരുമാനം ഇതുവരെയും കൈക്കൊണ്ടിട്ടില്ലാത്തവർ ദൈവത്തിന്റെ ഭരണം മനുഷ്യവർഗത്തിനു കൊണ്ടുവരുന്ന നന്മകളെക്കുറിച്ചൊന്ന്‌ ഗൗരവതരമായി ചിന്തിക്കേണ്ടിയിരിക്കുന്നു. ഭീകരത ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്ക്‌ അറുതിവരുത്താൻ മാനുഷാധിപത്യങ്ങൾ അമ്പേ പരാജയപ്പെട്ടിരിക്കുന്നു. എന്നാൽ ദൈവത്തിന്റെ ഭരണം, സകല ദുഷ്ടന്മാരെയും ഈ ഭൂമുഖത്തുനിന്ന്‌ ഉന്മൂലനം ചെയ്യും. (സങ്കീ. 37:1, 2, 9) മനുഷ്യന്റെ വാഴ്‌ച അന്തമില്ലാത്ത യുദ്ധങ്ങൾക്കാണ്‌ വഴിതെളിച്ചിട്ടുള്ളത്‌. എന്നാൽ ദൈവത്തിന്റെ ഭരണമോ, ‘ഭൂമിയുടെ അറ്റംവരെയും യുദ്ധങ്ങളെ നിർത്തൽചെയ്യും.’ (സങ്കീ. 46:9) എന്തിനധികം, മനുഷ്യരും മൃഗങ്ങളും തമ്മിലുണ്ടായിരുന്ന സമാധാനംപോലും ദൈവിക ഭരണത്തിലൂടെ പുനഃസ്ഥാപിക്കപ്പെടും. (യെശ. 11:6-9) മനുഷ്യഭരണത്തിന്‌ അപരിഹാര്യമായിരുന്ന പട്ടിണിയും ദാരിദ്ര്യവും ദൈവിക ഭരണം ഇല്ലായ്‌മ ചെയ്യും. (യെശ. 65:21) സദുദ്ദേശ്യമുള്ള ഭരണാധിപന്മാർക്കുപോലും രോഗവും മരണവും നീക്കംചെയ്യാൻ കഴിഞ്ഞിട്ടില്ല. എന്നാൽ ദൈവം ഭരിക്കുമ്പോൾ പ്രായമായവരും രോഗികളും യൗവനത്തിന്റെ നല്ല നാളുകളിലേക്ക്‌ മടങ്ങിവരും. (ഇയ്യോ. 33:25; യെശ. 35:5, 6) ഈ ഭൂഗ്രഹം ഒരു പറുദീസയായി മാറും! അന്ന്‌, മരണനിദ്രയിലായിരിക്കുന്ന ദശലക്ഷങ്ങൾ തിരികെ ജീവനിലേക്കു വരുകയും ചെയ്യും.—ലൂക്കോ. 23:43; പ്രവൃ. 24:15.

18. ദൈവത്തിന്റെ ഭരണമാണ്‌ ഏറ്റവും നല്ലതെന്നും നാം അതിനുവേണ്ടി നിലകൊള്ളുന്നുവെന്നും നമുക്ക്‌ എങ്ങനെ തെളിയിക്കാം?

18 നമ്മുടെ ആദ്യമാതാപിതാക്കളെ സ്രഷ്ടാവിൽനിന്ന്‌ അകറ്റിയതിലൂടെ സാത്താൻ വരുത്തിവെച്ച സകല ഹാനികളും ദുരിതങ്ങളും ദൈവം നിഷ്‌ഫലമാക്കും. 6,000-ത്തോളം വർഷമായി സാത്താൻ ചെയ്‌തുകൊണ്ടിരിക്കുന്ന പലവിധ ദ്രോഹങ്ങൾ ക്രിസ്‌തുവിന്റെ ഭരണത്തിലൂടെ വെറും 1,000 വർഷത്തിനുള്ളിൽ ദൈവം തുടച്ചുനീക്കും. ദൈവത്തിന്റെ ഭരണത്തിന്റെ ഉത്‌കൃഷ്ടതയ്‌ക്ക്‌ ഇതിൽപ്പരം എന്തു തെളിവാണ്‌ ആവശ്യം! ദൈവത്തിന്റെ സാക്ഷികളായ നാം അവന്റെ ഭരണത്തിനു കീഴ്‌പെട്ടിരിക്കുന്നവരാണ്‌. അതുകൊണ്ട്‌ ഓരോ ദിവസവും ഓരോ മണിക്കൂറും നാം അവന്റെ ആരാധകരും അവന്റെ രാജ്യത്തിന്റെ പ്രജകളും അവന്റെ സാക്ഷികളുമാണെന്ന്‌ തെളിയിച്ചുകൊണ്ടിരിക്കാം. ഒരവസരവും പാഴാക്കാതെ, കേൾക്കാൻ മനസ്സുകാട്ടുന്ന ഏവരോടും യഹോവയുടെ ഭരണമാണ്‌ ഏറ്റവും മികച്ചത്‌ എന്ന്‌ നമുക്ക്‌ അഭിമാനത്തോടെ പറയാം.

ദൈവത്തിന്റെ ഭരണത്തെക്കുറിച്ച്‌ പിൻവരുന്ന തിരുവെഴുത്തുകളിൽനിന്ന്‌ നാം എന്തു പഠിച്ചു?

ആവർത്തനം 7:7, 8

1 ശമൂവേൽ 8:9-18

എബ്രായർ 13:17

വെളിപാട്‌ 21:3-5

[അധ്യയന ചോദ്യങ്ങൾ]

[29-ാം പേജിലെ ചിത്രങ്ങൾ]

യഹോവ തന്റെ ഭരണാധിപത്യം എക്കാലവും തുടർന്നുപോന്നു

[31-ാം പേജിലെ ചിത്രം]

ലോകവ്യാപകമായി നമുക്കിടയിൽ ഐക്യമുള്ളത്‌ നാം യഹോവയുടെ ഭരണത്തിന്‌ മനസ്സോടെ കീഴ്‌പെട്ടിരിക്കുന്നതുകൊണ്ടാണ്‌