വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഓരോ ദിനവും ദൈവത്തിന്റെ മഹത്ത്വത്തിനായി വിനിയോഗിക്കുക

ഓരോ ദിനവും ദൈവത്തിന്റെ മഹത്ത്വത്തിനായി വിനിയോഗിക്കുക

ഓരോ ദിനവും ദൈവത്തിന്റെ മഹത്ത്വത്തിനായി വിനിയോഗിക്കുക

“രാവിലെ നിന്റെ ദയ എന്നെ കേൾക്കുമാറാക്കേണമേ . . . ഞാൻ നടക്കേണ്ടുന്ന വഴി എന്നെ അറിയിക്കേണമേ” എന്ന്‌ സങ്കീർത്തനക്കാരനായ ദാവീദ്‌ യഹോവയോട്‌ പ്രാർഥിച്ചു. (സങ്കീ. 143:8) എന്നും രാവിലെ ഒരു പുതുദിവസത്തിനായി യഹോവയ്‌ക്കു നന്ദിപറയുമ്പോൾ, നല്ല തീരുമാനങ്ങളെടുക്കാനും ഉത്തമമായതു പ്രവർത്തിക്കാനും നിങ്ങളെ നയിക്കണമേയെന്ന്‌ ദാവീദിനെപ്പോലെ നിങ്ങൾ യഹോവയോട്‌ അപേക്ഷിക്കാറില്ലേ?

യഹോവയുടെ സമർപ്പിതദാസരായ നാം ‘തിന്നാലും കുടിച്ചാലും മറ്റെന്തു ചെയ്‌താലും സകലവും ദൈവത്തിന്റെ മഹത്ത്വത്തിനായി ചെയ്യാൻ’ ശ്രമിക്കുന്നു. (1 കൊരി. 10:31) ഓരോ ദിവസവും നാം എങ്ങനെ ജീവിക്കുന്നുവെന്നത്‌ പ്രധാനമാണ്‌, കാരണം അത്‌ ഒന്നുകിൽ ദൈവത്തിന്‌ മഹത്ത്വം കരേറ്റും അല്ലെങ്കിൽ അവന്‌ അപമാനം വരുത്തിവെക്കും. ക്രിസ്‌തുവിന്റെ സഹോദരന്മാരെ—വാസ്‌തവത്തിൽ ഭൂമിയിലുള്ള ദൈവദാസന്മാരെ എല്ലാവരെയും—സാത്താൻ “രാവുംപകലും” കുറ്റംചുമത്തിക്കൊണ്ടിരിക്കുകയാണെന്ന്‌ ദൈവവചനം പറയുന്നു. (വെളി. 12:10) അതുകൊണ്ട്‌ സാത്താന്റെ വ്യാജ ആരോപണങ്ങൾക്ക്‌ മറുപടികൊടുക്കാനും “രാവുംപകലും” യഹോവയ്‌ക്ക്‌ വിശുദ്ധസേവനം അർപ്പിച്ചുകൊണ്ട്‌ അവന്റെ ഹൃദയത്തെ സന്തോഷിപ്പിക്കാനും നാം നിശ്ചയിച്ചുറച്ചിരിക്കുന്നു.—വെളി. 7:15; സദൃ. 27:11.

ഓരോ ദിവസവും ദൈവത്തിനു മഹത്ത്വം കരേറ്റാൻ കഴിയുന്ന രണ്ട്‌ പ്രധാനവിധങ്ങളെക്കുറിച്ച്‌ നമുക്ക്‌ ചുരുക്കമായി പരിചിന്തിക്കാം. കാര്യങ്ങൾ മുൻഗണനാക്രമത്തിൽ ക്രമീകരിക്കുക എന്നതാണ്‌ അതിൽ ആദ്യത്തേത്‌. മറ്റുള്ളവരോടു പരിഗണന കാണിക്കുക എന്നതാണു രണ്ടാമത്തേത്‌.

സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കുക

യഹോവയെ സേവിക്കാനുള്ള നമ്മുടെ അദമ്യമായ ആഗ്രഹമാണ്‌ സമർപ്പണത്തിലൂടെ നാം അറിയിച്ചത്‌. അതോടൊപ്പം “നാൾതോറും” അതായത്‌ എന്നേക്കും അവന്റെ വഴികളിൽ നടക്കുമെന്നും നാം അവന്‌ വാക്കുകൊടുത്തു. (സങ്കീ. 61:5, 8) ആ വാക്കു പാലിക്കാൻ നമുക്ക്‌ എങ്ങനെ കഴിയും? ഓരോ ദിനവും യഹോവയോടുള്ള നമ്മുടെ ഹൃദയംഗമമായ സ്‌നേഹം പ്രകടമാക്കാൻ നമുക്ക്‌ എങ്ങനെ സാധിക്കും?

നാം നിറവേറ്റാൻ പ്രതീക്ഷിക്കുന്ന ഉത്തരവാദിത്വങ്ങളെക്കുറിച്ച്‌ യഹോവ തന്റെ വചനത്തിലൂടെ നമുക്കു കാട്ടിത്തരുന്നു. (ആവ. 10:12, 13) 22-ാം പേജിലെ, “ ദൈവദത്ത ഉത്തരവാദിത്വങ്ങൾ” എന്ന ചതുരത്തിൽ അവയിൽ ചിലത്‌ കൊടുത്തിട്ടുണ്ട്‌. അവയെല്ലാം ദൈവദത്ത ഉത്തരവാദിത്വങ്ങളാണ്‌, അതുകൊണ്ടുതന്നെ പ്രധാനവുമാണ്‌. ഒരേസമയം രണ്ടോ അതിൽക്കൂടുതലോ ഉത്തരവാദിത്വങ്ങൾ നിർവഹിക്കേണ്ടിവരുമ്പോൾ ഏതിനാണ്‌ മുൻതൂക്കം കൊടുക്കേണ്ടതെന്ന്‌ എങ്ങനെ തീരുമാനിക്കും?

നാം നമ്മുടെ ആത്മീയകാര്യങ്ങൾക്ക്‌ മുൻതൂക്കം നൽകും. അതിൽ ബൈബിൾ പഠനം, പ്രാർഥന, യോഗങ്ങൾ, ശുശ്രൂഷ എന്നിവയെല്ലാം ഉൾപ്പെടുന്നു. (മത്താ. 6:33; യോഹ. 4:34; 1 പത്രോ. 2:9) എന്നിരുന്നാലും നമുക്ക്‌ മറ്റുകാര്യങ്ങളും ചെയ്യേണ്ടതുണ്ട്‌. ജോലി, സ്‌കൂൾ, മറ്റുവീട്ടുകാര്യങ്ങൾ എന്നിവയ്‌ക്കെല്ലാം സമയം കണ്ടെത്തിയേതീരൂ. എന്നാൽ, ക്രിസ്‌തീയ യോഗങ്ങൾക്കു ഹാജരാകുന്നതുപോലുള്ള ആത്മീയ പ്രവർത്തനങ്ങൾക്കു ഭംഗംവരാത്ത വിധത്തിൽ ഇക്കാര്യങ്ങൾ ക്രമീകരിക്കാൻ നാം പരമാവധി ശ്രമിക്കും. ഉദാഹരണത്തിന്‌, നാം വെക്കേഷൻ പ്ലാൻ ചെയ്യുമ്പോൾ സർക്കിട്ട്‌ മേൽവിചാരകന്റെ സന്ദർശനം, പ്രത്യേക സമ്മേളന ദിനം, സർക്കിട്ട്‌ സമ്മേളനം, ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷൻ എന്നിവ നഷ്ടമാകുന്നില്ലെന്ന്‌ ഉറപ്പുവരുത്തണം. പല ഉത്തരവാദിത്വങ്ങൾ ചിലപ്പോൾ ഒറ്റയടിക്കു നിർവഹിക്കാനാകും. ഉദാഹരണത്തിന്‌, രാജ്യഹാൾ ക്ലീനിങ്‌ ഒരു കുടുംബ പ്രോജക്‌ടായി എടുക്കാനാകും. ജോലിസ്ഥലത്തും സ്‌കൂളിലും ലഭിക്കുന്ന വിശ്രമവേളകൾ സഹപ്രവർത്തകരോടും സഹപാഠികളോടും സാക്ഷീകരിക്കാൻ വിനിയോഗിക്കാവുന്നതാണ്‌. തൊഴിലിന്റെയും വിദ്യാഭ്യാസത്തിന്റെയും സുഹൃത്തുക്കളുടെയും കാര്യത്തിൽ തിരഞ്ഞെടുപ്പുകൾ നടത്തേണ്ടിവരുമ്പോൾ നമ്മുടെ ആരാധനയോടു ബന്ധപ്പെട്ട കാര്യങ്ങളായിരിക്കണം മുമ്പന്തിയിൽ വരേണ്ടത്‌. അതിനു വിഘ്‌നം വരാത്ത രീതിയിലായിരിക്കണം നമ്മുടെ തീരുമാനങ്ങൾ.—സഭാ. 12:13.

മറ്റുള്ളവരോട്‌ പരിഗണന കാണിക്കുക

നാം മറ്റുള്ളവരോട്‌ പരിഗണന കാണിക്കാനും അവർക്ക്‌ നന്മ ചെയ്യാനും യഹോവ ആഗ്രഹിക്കുന്നു. എന്നാൽ സ്വാർഥത കാണിക്കാനാണ്‌ സാത്താൻ പ്രേരണയേകുന്നത്‌. “സ്വസ്‌നേഹികളും” “സുഖഭോഗങ്ങളെ പ്രിയപ്പെടുന്നവരും” ‘ജഡത്തിനുവേണ്ടി വിതയ്‌ക്കുന്നവരുമായ’ ആളുകളെക്കൊണ്ടു നിറഞ്ഞതാണ്‌ അവന്റെ ഈ ലോകം. (2 തിമൊ. 3:1-5; ഗലാ. 6:8) സ്വന്തം പ്രവൃത്തികൾ മറ്റുള്ളവരെ എങ്ങനെ ബാധിക്കുമെന്ന്‌ പലരും ചിന്തിക്കുന്നില്ല. ജഡത്തിന്റെ പ്രവൃത്തികൾ എങ്ങും ദൃശ്യമാണ്‌.—ഗലാ. 5:19-21.

ഇതിൽനിന്നും തികച്ചും വിഭിന്നമാണ്‌ ദൈവാത്മാവിനാൽ പ്രേരിതരായി മറ്റുള്ളവരോട്‌ സ്‌നേഹവും കരുണയും നന്മയും കാണിക്കുന്നവരുടെ മനോഭാവം. (ഗലാ. 5:22) സ്വന്തതാത്‌പര്യങ്ങളെക്കാൾ മറ്റുള്ളവരുടെ താത്‌പര്യങ്ങൾക്കു ശ്രദ്ധകൊടുക്കാൻ ദൈവവചനം നാമോരോരുത്തരെയും പ്രോത്സാഹിപ്പിക്കുന്നു. അതുകൊണ്ട്‌ മറ്റുള്ളവരുടെ കാര്യങ്ങളിൽ നാം സജീവ താത്‌പര്യം കാണിക്കുന്നു. എന്നാൽ അവരുടെ വ്യക്തിപരമായ കാര്യങ്ങളിൽ തലയിടാതിരിക്കാനും നാം ശ്രദ്ധിക്കുന്നു. (1 കൊരി. 10:24, 33; ഫിലി. 2:3, 4; 1 പത്രോ. 4:15) സഹവിശ്വാസികളോട്‌ നാം പ്രത്യേക പരിഗണന കാണിക്കുന്നു. അവിശ്വാസികൾക്കും സഹായഹസ്‌തമേകാൻ നാം ശ്രമിക്കും. (ഗലാ. 6:10) മറ്റുള്ളവരോട്‌ കരുണകാണിക്കാൻ ഇന്നേദിവസം ഏതെങ്കിലും അവസരമുണ്ടോയെന്ന്‌ നോക്കരുതോ?—23-ാം പേജിലെ, “ ഇവരോട്‌ പരിഗണന കാണിക്കുക” എന്ന ചതുരം കാണുക.

പരിഗണന കാണിക്കുന്നതിന്‌ പ്രത്യേക സമയമോ സാഹചര്യമോ ഒന്നും നോക്കേണ്ടതില്ല. (ഗലാ. 6:2; എഫെ. 5:2; 1 തെസ്സ. 4:9, 10) എല്ലാ ദിവസവും മറ്റുള്ളവരുടെ സാഹചര്യങ്ങളെക്കുറിച്ചൊരു അവബോധം നമുക്കുണ്ടായിരിക്കണം, ആവശ്യംവന്നാൽ സഹായിക്കാൻ സന്നദ്ധരായിരിക്കുകയും വേണം, അത്‌ നമുക്ക്‌ അസൗകര്യങ്ങൾ വരുത്തിയേക്കാമെങ്കിലും. നമുക്കുള്ളതെന്തും അത്‌ സമയമോ സമ്പത്തോ അറിവോ അനുഭവപരിചയമോ എന്തായിരുന്നാലും അത്‌ മറ്റുള്ളവരുടെ പ്രയോജനത്തിനായി ഉദാരമായി ഉപയോഗിക്കാൻ നാം ഒരുക്കമുള്ളവരായിരിക്കണം. നാം മറ്റുള്ളവരോട്‌ ഔദാര്യം കാണിക്കുന്നെങ്കിൽ യഹോവയും നമ്മോട്‌ ഔദാര്യം കാണിക്കും.—സദൃ. 11:25; ലൂക്കോ. 6:38.

രാവുംപകലും” വിശുദ്ധസേവനം

“രാവുംപകലും” യഹോവയ്‌ക്ക്‌ വിശുദ്ധസേവനം അർപ്പിക്കുക സാധ്യമാണോ? സാധ്യമാണ്‌, നമ്മുടെ ആരാധനയുടെ സകലവശങ്ങളിലും ക്രമമായും ശുഷ്‌കാന്തിയോടെയും ഏർപ്പെടുന്നെങ്കിൽ. (പ്രവൃ. 20:31) നിത്യേന ദൈവവചനം വായിക്കുകയും ധ്യാനിക്കുകയും ചെയ്‌തുകൊണ്ടും പ്രാർഥനയിൽ ഉറ്റിരുന്നുകൊണ്ടും എല്ലാ യോഗങ്ങൾക്കും എത്തിച്ചേരാൻ ശ്രമിച്ചുകൊണ്ടും കിട്ടുന്ന എല്ലാ അവസരങ്ങളിലും സാക്ഷ്യം നൽകാൻ ഉത്സാഹിച്ചുകൊണ്ടും നമുക്ക്‌ നമ്മുടെ ജീവിതം ആത്മീയ പ്രവർത്തനങ്ങളാൽ, അതായത്‌ വിശുദ്ധസേവനത്താൽ നിറയ്‌ക്കാൻ കഴിയും.—സങ്കീ. 1:2; ലൂക്കോ. 2:37; പ്രവൃ. 4:20; 1 തെസ്സ. 3:10; 5:17.

നാം വ്യക്തിപരമായി യഹോവയ്‌ക്ക്‌ മേൽപ്പറഞ്ഞ വിധത്തിൽ വിശുദ്ധസേവനം അർപ്പിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ അവനെ പ്രീതിപ്പെടുത്താനും സാത്താന്റെ ആരോപണങ്ങൾക്കു മറുപടി കൊടുക്കാനുമുള്ള നമ്മുടെ ആഗ്രഹം നമ്മുടെ ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും പ്രകടമാകും. അങ്ങനെയാകുമ്പോൾ ചെയ്യുന്ന ഓരോ കാര്യത്തിലും അഭിമുഖീകരിക്കുന്ന ഏതൊരു സാഹചര്യത്തിലും യഹോവയുടെ നാമം മഹത്ത്വപ്പെടുത്തുകയെന്നതായിരിക്കും നമ്മുടെ ലക്ഷ്യം. നമ്മുടെ സംസാരത്തിലും പെരുമാറ്റത്തിലും ദൈവികതത്ത്വങ്ങൾ നമ്മെ ഭരിക്കണം; നാം എടുക്കുന്ന തീരുമാനങ്ങൾക്ക്‌ ആധാരമാകേണ്ടതും ഇതേ തത്ത്വങ്ങളായിരിക്കണം. യഹോവ നമ്മോടു കാണിക്കുന്ന കരുതലിനും പിന്തുണയ്‌ക്കും നമുക്ക്‌ എങ്ങനെ നന്ദിയേകാം? അവനിൽ പൂർണമായി ആശ്രയമർപ്പിച്ചുകൊണ്ടും നമ്മുടെ ഊർജവും ശേഷിയുമെല്ലാം അവന്റെ സേവനത്തിൽ ചെലവഴിച്ചുകൊണ്ടും അതു ചെയ്യാനാകും. അതുപോലെ, അപൂർണത നിമിത്തം അവന്റെ നിലവാരങ്ങളിൽ എത്തിച്ചേരാൻ നമുക്ക്‌ കഴിയാതെ വരുമ്പോൾ അവൻ നൽകുന്ന ബുദ്ധിയുപദേശവും ശിക്ഷണവും നാം നിറഞ്ഞ മനസ്സോടെ സ്വീകരിക്കും.—സങ്കീ. 32:5; 119:97; സദൃ. 3:25, 26; കൊലോ. 3:17; എബ്രാ. 6:11, 12.

അതുകൊണ്ട്‌ ഓരോ ദിനവും ദൈവത്തിന്‌ പുകഴ്‌ചയേറ്റുന്നതിനായി നമുക്ക്‌ വിനിയോഗിക്കാം. അങ്ങനെ ചെയ്യുമ്പോൾ ജീവിതം ഉന്മേഷഭരിതമായിരിക്കും. എന്നെന്നും നമ്മുടെ സ്വർഗീയ പിതാവിന്റെ വാത്സല്യപൂർണമായ തണലിൽ കഴിയാനും നമുക്ക്‌ കഴിയും.—മത്താ. 11:29; വെളി. 7:16, 17.

[22-ാം പേജിലെ ചതുരം/ചിത്രങ്ങൾ]

 ദൈവദത്ത ഉത്തരവാദിത്വങ്ങൾ

• പ്രാർഥനാനിരതരായിരിക്കുക.—റോമ. 12:12.

• ദൈവവചനം വായിക്കുക, പഠിക്കുക, സ്വന്തജീവിതത്തിൽ ബാധകമാക്കുക.—സങ്കീ. 1:2; 1 തിമൊ. 4:15.

• സഭയിൽ യഹോവയെ ആരാധിക്കുക.—സങ്കീ. 35:18; എബ്രാ. 10:24, 25.

• സ്വന്തം കുടുംബാംഗങ്ങളുടെ ഭൗതികവും ആത്മീയവും വൈകാരികവുമായ ആവശ്യങ്ങളിൽ ശ്രദ്ധിക്കുക.—1 തിമൊ. 5:8.

• ദൈവരാജ്യത്തിന്റെ സുവാർത്ത പ്രസംഗിക്കുക, ശിഷ്യരെ ഉളവാക്കുക.—മത്താ. 24:14; 28:19, 20.

• നമ്മുടെതന്നെ ശാരീരികവും ആത്മീയവും വൈകാരികവുമായ ആരോഗ്യം ശ്രദ്ധിക്കുക. ഉന്മേഷദായകമായ നല്ല വിനോദങ്ങൾ ആസ്വദിക്കുന്നത്‌ അതിൽപ്പെടുന്നു.—മർക്കോ. 6:31; 2 കൊരി. 7:1; 1 തിമൊ. 4:8, 16.

• സഭയിലെ ഉത്തരവാദിത്വങ്ങൾ നന്നായി നിർവഹിക്കുക.—പ്രവൃ. 20:28; 1 തിമൊ. 3:1.

• വീടും രാജ്യഹാളും നല്ല നിലയിൽ സൂക്ഷിക്കാൻ വേണ്ടത്‌ ചെയ്യുക.—1 കൊരി. 10:32.

[23-ാം പേജിലെ ചതുരം/ചിത്രം]

 ഇവരോട്‌ പരിഗണന കാണിക്കുക

• പ്രായമുള്ള ഒരു സഹോദരനോട്‌, സഹോദരിയോട്‌.—ലേവ്യ. 19:32.

• രോഗമോ മാനസിക വ്യഥകളോ അനുഭവിക്കുന്നവരോട്‌.—സദൃ. 14:21.

• നിങ്ങൾക്കു സഹായിക്കാനാകുന്ന ഒരു സഹവിശ്വാസിയോട്‌.—റോമ. 12:13.

• സ്വന്തം കുടുംബാംഗത്തോട്‌. —1 തിമൊ. 5:4, 8.

• ഇണ മരിച്ചുപോയ ഒരു സഹവിശ്വാസിയോട്‌.—1 തിമൊ. 5:9.

• നിങ്ങളുടെ സഭയിൽ കഠിനാധ്വാനം ചെയ്യുന്ന ഒരു മൂപ്പൻസഹോദരനോട്‌.—1 തെസ്സ. 5:12, 13; 1 തിമൊ. 5:17.