വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒരു ഇടയനും ഒരു ആട്ടിൻകൂട്ടവും

ഒരു ഇടയനും ഒരു ആട്ടിൻകൂട്ടവും

ഒരു ഇടയനും ഒരു ആട്ടിൻകൂട്ടവും

“എന്നെ അനുഗമിച്ചിരിക്കുന്ന നിങ്ങളും പന്ത്രണ്ടുസിംഹാസനങ്ങളിലിരുന്ന്‌ ഇസ്രായേലിന്റെ പന്ത്രണ്ടുഗോത്രങ്ങളെയും ന്യായംവിധിക്കും.”—മത്താ. 19:28.

1. അബ്രാഹാമിന്റെ സന്തതികളോട്‌ യഹോവ എങ്ങനെ ഇടപെട്ടു, മറ്റ്‌ ജനതകളെ യഹോവ അവഗണിച്ചില്ല എന്ന്‌ എന്തു കാണിക്കുന്നു?

യഹോവ അബ്രാഹാമിനെ സ്‌നേഹിച്ചു. അതുകൊണ്ട്‌ അബ്രാഹാമിന്റെ സന്തതിപരമ്പരകളോടും അവൻ ആ വിശ്വസ്‌തസ്‌നേഹം കാണിച്ചു. അബ്രാഹാമിൽനിന്ന്‌ ഉത്ഭവിച്ച ഇസ്രായേൽജനത്തെ 15 നൂറ്റാണ്ടിലേറെക്കാലം തന്റെ തിരഞ്ഞെടുക്കപ്പെട്ട ‘സ്വന്തം ജനമായി’ യഹോവ കരുതി. (ആവർത്തനപുസ്‌തകം 7:6 വായിക്കുക.) മറ്റ്‌ ജനതകളെ യഹോവ തീർത്തും അവഗണിച്ചു എന്നാണോ ഇതിനർഥം? അല്ല. അക്കാലത്ത്‌, യഹോവയെ ആരാധിക്കാൻ ആഗ്രഹിച്ചിരുന്ന ഇസ്രായേല്യരല്ലാത്തവർക്ക്‌ ദൈവത്തിന്റെ ജനത്തോടൊത്ത്‌ ചേരാൻ കഴിയുമായിരുന്നു. ഇങ്ങനെ പരിവർത്തനം ചെയ്‌തവരെ ആ ജനത്തിന്റെ ഭാഗമായിത്തന്നെയാണ്‌ കണക്കാക്കിയിരുന്നത്‌. സ്വന്തം സഹോദരങ്ങളെപ്പോലെ ഇസ്രായേല്യർ അവരോട്‌ ഇടപെടണമായിരുന്നു. (ലേവ്യ. 19:33, 34) ഇത്തരത്തിൽ ഇസ്രായേലിന്റെ ഭാഗമായിത്തീർന്നവർ യഹോവയുടെ നിയമങ്ങളെല്ലാം അനുസരിക്കാൻ ബാധ്യസ്ഥരുമായിരുന്നു.—ലേവ്യ. 24:22.

2. യഹൂദന്മാരെ നടുക്കിയ ഏതു പ്രസ്‌താവനയാണ്‌ യേശു നടത്തിയത്‌? അത്‌ എന്തു ചോദ്യങ്ങൾ ഉയർത്തുന്നു?

2 എന്നാൽ തന്റെ നാളിലെ യഹൂദന്മാരെ നടുക്കിയ ഒരു പ്രസ്‌താവന യേശു നടത്തി: “ദൈവരാജ്യം നിങ്ങളിൽനിന്ന്‌ എടുത്ത്‌ അതിന്റെ ഫലം പുറപ്പെടുവിക്കുന്ന ഒരു ജനതയ്‌ക്കു കൊടുക്കും.” (മത്താ. 21:43) ഏതാണ്‌ ഈ ജനത? ഈ മാറ്റം ഇന്ന്‌ നമ്മെ എങ്ങനെ ബാധിക്കുന്നു?

ഒരു പുതിയ ജനത

3, 4. (എ) പത്രോസ്‌ അപ്പൊസ്‌തലൻ പുതിയ ജനതയെ തിരിച്ചറിയിച്ചത്‌ എങ്ങനെ? (ബി) ആരാണ്‌ പുതിയ ജനത?

3 ഈ പുതിയ ജനത ഏതാണെന്ന്‌ അപ്പൊസ്‌തലനായ പത്രോസ്‌ വ്യക്തമാക്കി. സഹക്രിസ്‌ത്യാനികൾക്ക്‌ അവൻ ഇങ്ങനെ എഴുതി: “നിങ്ങളോ അന്ധകാരത്തിൽനിന്ന്‌ തന്റെ അത്ഭുതപ്രകാശത്തിലേക്ക്‌ നിങ്ങളെ വിളിച്ചവന്റെ സദ്‌ഗുണങ്ങളെ ഘോഷിക്കേണ്ടതിന്‌, ‘തിരഞ്ഞെടുക്കപ്പെട്ട ഒരു വർഗവും രാജകീയ പുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിന്റെ സ്വന്തജനവും’ ആകുന്നു.” (1 പത്രോ. 2:9) മുൻകൂട്ടിപ്പറഞ്ഞിരുന്നതുപോലെ, യേശുവിനെ മിശിഹായായി അംഗീകരിച്ച സ്വാഭാവിക യഹൂദന്മാരായിരുന്നു ഈ പുതിയ ജനതയിലെ ആദ്യ അംഗങ്ങൾ. (മത്താ. 10:6) പിന്നീട്‌, ഇസ്രായേല്യരല്ലാത്ത മറ്റനേകരും ഈ ജനതയുടെ ഭാഗമായിത്തീർന്നു. അതുകൊണ്ടാണ്‌ പത്രോസ്‌, “മുമ്പു നിങ്ങൾ ഒരു ജനമായിരുന്നില്ല; ഇപ്പോഴോ ദൈവത്തിന്റെ ജനമാകുന്നു” എന്നു പറഞ്ഞത്‌.—1 പത്രോ. 2:10.

4 ആരോടാണ്‌ പത്രോസ്‌ ഇക്കാര്യങ്ങൾ പറഞ്ഞത്‌? തന്റെ ലേഖനത്തിന്റെ തുടക്കത്തിൽ അവൻ ഇങ്ങനെ എഴുതി: “മരിച്ചവരിൽനിന്നുള്ള യേശുക്രിസ്‌തുവിന്റെ പുനരുത്ഥാനത്തിലൂടെ . . . സജീവമായ പ്രത്യാശയിലേക്ക്‌ അവൻ (ദൈവം) നമുക്കു പുതുജനനം നൽകിയിരിക്കുന്നു; സ്വർഗത്തിൽ നിങ്ങൾക്കായി കരുതിവെച്ചിരിക്കുന്ന അക്ഷയവും നിർമലവും ഒളിമങ്ങാത്തതുമായ ഒരു അവകാശത്തിലേക്കുതന്നെ.” (1 പത്രോ. 1:3, 4) ഇതിൽനിന്ന്‌, സ്വർഗീയ പ്രത്യാശയുള്ള അഭിഷിക്ത ക്രിസ്‌ത്യാനികളാണ്‌ പുതിയ ജനത എന്നു മനസ്സിലാക്കാം. അവർ ‘ദൈവത്തിന്റെ ഇസ്രായേൽ’ ആണ്‌. (ഗലാ. 6:16) ഈ ആത്മീയ ഇസ്രായേല്യരുടെ എണ്ണം 1,44,000 ആണെന്ന്‌ യോഹന്നാൻ അപ്പൊസ്‌തലൻ ഒരു ദർശനത്തിൽ കണ്ടു. “പുരോഹിതന്മാരായി” സേവിക്കാനും ‘ക്രിസ്‌തുവിനോടുകൂടെ ആയിരംവർഷം രാജാക്കന്മാരായി വാഴാനും’ വേണ്ടി അവരെ “ദൈവത്തിനും കുഞ്ഞാടിനും ആദ്യഫലമായി മനുഷ്യകുലത്തിൽനിന്നു വിലയ്‌ക്കുവാങ്ങിയിരിക്കുന്നു.”—വെളി. 5:10; 7:4; 14:1, 4; 20:6; യാക്കോ. 1:18.

“ഇസ്രായേൽ”—അഭിഷിക്തർക്കു മാത്രമുള്ള വിശേഷണമോ?

5. (എ) ‘ദൈവത്തിന്റെ ഇസ്രായേൽ’ എന്ന പരാമർശം ആരെക്കുറിച്ചാണ്‌? (ബി) “ഇസ്രായേൽ” എന്ന പദം അഭിഷിക്തരല്ലാത്തവരെ കുറിക്കാൻ ഉപയോഗിച്ചിട്ടുണ്ടെന്ന്‌ പറയാനാകുന്നത്‌ എന്തുകൊണ്ട്‌?

5 ഗലാത്യർ 6:16-ൽ പറഞ്ഞിരിക്കുന്ന ‘ദൈവത്തിന്റെ ഇസ്രായേൽ’ അഭിഷിക്ത ക്രിസ്‌ത്യാനികളെ മാത്രമാണ്‌ സൂചിപ്പിക്കുന്നതെന്ന്‌ വ്യക്തം. എന്നാൽ എപ്പോഴെങ്കിലും അഭിഷിക്തരല്ലാത്ത ക്രിസ്‌ത്യാനികളെ കുറിക്കാൻ യഹോവ ഇസ്രായേൽ ജനതയെ ദൃഷ്ടാന്തമായി ഉപയോഗിച്ചിട്ടുണ്ടോ? തന്റെ വിശ്വസ്‌ത അപ്പൊസ്‌തലന്മാരോടുള്ള യേശുവിന്റെ ഈ വാക്കുകൾ അതിന്‌ ഉത്തരം നൽകുന്നു: “എന്റെ പിതാവ്‌ എന്നോട്‌ രാജ്യത്തിനായി ഒരു ഉടമ്പടി ചെയ്‌തിരിക്കുന്നതുപോലെ ഞാനും നിങ്ങളുമായി ഒരു ഉടമ്പടി ചെയ്യുന്നു. അത്‌ നിങ്ങൾ എന്റെ രാജ്യത്തിൽ എന്റെ മേശയ്‌ക്കൽ ഭക്ഷിച്ച്‌ പാനംചെയ്‌ത്‌ സിംഹാസനങ്ങളിലിരുന്ന്‌ ഇസ്രായേലിന്റെ പന്ത്രണ്ടുഗോത്രങ്ങളെയും ന്യായംവിധിക്കേണ്ടതിനത്രേ.” (ലൂക്കോ. 22:28-30) ഇത്‌ സംഭവിക്കുന്നത്‌ ക്രിസ്‌തുവിന്റെ ആയിരംവർഷ വാഴ്‌ചക്കാലത്ത്‌, “പുനഃസൃഷ്ടിയിൽ” അഥവാ “സകലതും പുതുതാക്കപ്പെടുന്ന സമയത്ത്‌” ആണ്‌.—മത്തായി 19:28 വായിക്കുക; അടിക്കുറിപ്പ്‌.

6, 7. ആരെയാണ്‌ മത്തായി 19:28-ലും ലൂക്കോസ്‌ 22:30-ലും ‘ഇസ്രായേലിന്റെ പന്ത്രണ്ടുഗോത്രങ്ങൾ’ എന്നു പരാമർശിച്ചിരിക്കുന്നത്‌?

6 ആയിരംവർഷ വാഴ്‌ചക്കാലത്ത്‌ 1,44,000 പേർ സ്വർഗത്തിൽ രാജാക്കന്മാരും പുരോഹിതന്മാരും ന്യായാധിപന്മാരുമായി സേവിക്കും. (വെളി. 20:4) അവർ ആരെയായിരിക്കും ന്യായംവിധിക്കുകയും ഭരിക്കുകയും ചെയ്യുക? അവർ “ഇസ്രായേലിന്റെ പന്ത്രണ്ടുഗോത്രങ്ങളെ” ന്യായംവിധിക്കും എന്ന്‌ മത്തായി 19:28-ഉം ലൂക്കോസ്‌ 22:30-ഉം പറയുന്നു. ഇവിടെ ‘ഇസ്രായേലിന്റെ പന്ത്രണ്ടുഗോത്രങ്ങൾ’ എന്നു പറഞ്ഞിരിക്കുന്നത്‌ ആരെക്കുറിച്ചാണ്‌? ഭൂമിയിൽ ജീവിക്കാൻ പ്രത്യാശയുള്ള എല്ലാവരെയുമാണ്‌ അത്‌ അർഥമാക്കുന്നത്‌. യേശുവിന്റെ മറുവിലായാഗത്തിൽ വിശ്വാസമർപ്പിച്ചിരിക്കുന്ന, എന്നാൽ രാജകീയ പുരോഹിതവർഗത്തിൽപ്പെടാത്തവരാണ്‌ അവർ. (സ്വാഭാവിക ഇസ്രായേലിലെ 12 ഗോത്രങ്ങളുടെ പട്ടികയിൽ പുരോഹിതഗോത്രമായ ലേവിഗോത്രത്തെ ഉൾപ്പെടുത്തിയിരുന്നില്ല.) ഇവർ 1,44,000 പേരുടെ പൗരോഹിത്യ ശുശ്രൂഷയിൽനിന്ന്‌ ആത്മീയ പ്രയോജനങ്ങൾ നേടാനിരിക്കുന്നവരാണ്‌. പുരോഹിതന്മാരല്ലാത്ത, എന്നാൽ പൗരോഹിത്യ ശുശ്രൂഷയുടെ ഗുണഭോക്താക്കളായ ഇവരും ദൈവത്തിന്റെ ജനമാണ്‌; ദൈവം അവരെ സ്‌നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. പുരാതന കാലത്തെ തന്റെ ജനത്തോട്‌ ദൈവം അവരെ ഉപമിച്ചിരിക്കുന്നത്‌ അതുകൊണ്ടാണ്‌.

7 ഒരു ദർശനത്തിൽ, മഹാകഷ്ടത്തിനു മുമ്പ്‌ അന്തിമമായി മുദ്രയേൽക്കപ്പെട്ട 1,44,000 ആത്മീയ ഇസ്രായേല്യരെ കണ്ടശേഷം യോഹന്നാൻ അപ്പൊസ്‌തലൻ, “സകല ജനതകളിലും” നിന്നുമുള്ള എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്ത ഒരു ‘മഹാപുരുഷാരത്തെയും’ കാണുകയുണ്ടായി. (വെളി. 7:9) ഈ മഹാപുരുഷാരം മഹാകഷ്ടത്തെ അതിജീവിക്കും. അവരോടൊപ്പം ക്രിസ്‌തുവിന്റെ ആയിരംവർഷ വാഴ്‌ചക്കാലത്ത്‌, പുനരുത്ഥാനം പ്രാപിക്കുന്ന കോടിക്കണക്കിന്‌ ആളുകളും ചേരും. (യോഹ. 5:28, 29; വെളി. 20:13) യേശു 1,44,000 സഹഭരണാധിപന്മാരോടൊപ്പം ന്യായംവിധിക്കുന്ന ‘ഇസ്രായേലിന്റെ പന്ത്രണ്ടുഗോത്രങ്ങൾ’ ഇവരാണ്‌.—പ്രവൃ. 17:31; 24:15; വെളി. 20:12.

8. പാപപരിഹാര ദിവസം ചെയ്‌തിരുന്ന കാര്യങ്ങൾ അഭിഷിക്തരും മറ്റുള്ളവരും തമ്മിലുള്ള ബന്ധത്തെ മുൻനിഴലാക്കിയത്‌ എങ്ങനെ?

8 ഇസ്രായേലിൽ വാർഷിക പാപപരിഹാര ദിവസം ചെയ്‌തിരുന്ന കാര്യങ്ങൾ, അഭിഷിക്തരും മറ്റു മനുഷ്യരും തമ്മിലുള്ള ബന്ധത്തെ മുൻനിഴലാക്കുന്നതായിരുന്നു. (ലേവ്യ. 16:6-10) മഹാപുരോഹിതൻ ആദ്യംതന്നെ “തനിക്കും കുടുംബത്തിന്നും വേണ്ടി” പാപയാഗമായി ഒരു കാളയെ അർപ്പിക്കണമായിരുന്നു. അതുപോലെ, യേശുവിന്റെ ബലിയുടെ മൂല്യം അവന്റെ ‘കുടുംബത്തിന്‌,’ അതായത്‌ അവനോടൊപ്പം സ്വർഗത്തിൽ ഉപപുരോഹിതന്മാരാകുന്നവർക്കു വേണ്ടിയാണ്‌ ആദ്യം ഉപയോഗിക്കപ്പെടുന്നത്‌. മാത്രമല്ല, മറ്റ്‌ ഇസ്രായേല്യരുടെ പാപപരിഹാരത്തിനായി അന്ന്‌ രണ്ടു കോലാട്ടുകൊറ്റന്മാരെയും ഉപയോഗിച്ചിരുന്നു. ഇവിടെ പുരോഹിതഗോത്രം 1,44,000 പേരെയും മറ്റ്‌ ഇസ്രായേല്യർ ഭൂമിയിൽ ജീവിക്കാൻ പ്രത്യാശയുള്ള എല്ലാവരെയും ചിത്രീകരിക്കുന്നു. മത്തായി 19:28-ലെ ‘ഇസ്രായേലിന്റെ പന്ത്രണ്ടുഗോത്രങ്ങൾ’ എന്ന പരാമർശം, ആത്മജാതരായ യേശുവിന്റെ ഉപപുരോഹിതന്മാരെ കുറിക്കാനല്ല അവന്റെ മറുവിലയിൽ വിശ്വാസമർപ്പിക്കുന്ന മറ്റെല്ലാവരെയും കുറിക്കാനാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌ എന്ന്‌ ഇത്‌ കാണിക്കുന്നു. *

9. (എ) യെഹെസ്‌കേലിന്റെ ആലയ ദർശനത്തിൽ പുരോഹിതന്മാർ ആരെ ചിത്രീകരിക്കുന്നു? (ബി) പുരോഹിതേതര ഇസ്രായേല്യർ ആരെ ചിത്രീകരിക്കുന്നു?

9 മറ്റൊരു ഉദാഹരണം നോക്കാം. പ്രവാചകനായ യെഹെസ്‌കേലിന്‌ ഒരിക്കൽ യഹോവയുടെ ആലയത്തിന്റെ ഒരു ദർശനം ലഭിച്ചു. (യെഹെ., അധ്യാ. 40-48) ആലയത്തിൽ സേവിച്ചിരുന്ന പുരോഹിതന്മാർ ജനങ്ങളെ ഉപദേശിക്കുകയും അവർക്കാവശ്യമായ തിരുത്തലും ബുദ്ധിയുപദേശങ്ങളും യഹോവയിൽനിന്ന്‌ സ്വീകരിക്കുകയും ചെയ്യുന്നതായി യെഹെസ്‌കേൽ ദർശനത്തിൽ കാണുന്നു. (യെഹെ. 44:23-31) പല ഗോത്രങ്ങളിൽനിന്നുള്ള ആളുകൾ ആരാധനയ്‌ക്കും യാഗങ്ങൾ അർപ്പിക്കാനുമായി വരുന്നതിനെക്കുറിച്ചും അവൻ ദർശനത്തിൽ കാണുകയുണ്ടായി. (യെഹെ. 45:16, 17) ഇവിടെ, പുരോഹിതന്മാർ അഭിഷിക്തരെയും പുരോഹിതേതര ഗോത്രങ്ങളിൽനിന്നുള്ള ഇസ്രായേല്യർ ഭൗമിക പ്രത്യാശയുള്ളവരെയുമാണ്‌ ചിത്രീകരിക്കുന്നത്‌. ഇരുകൂട്ടരും ഐക്യത്തിൽ പ്രവർത്തിക്കുന്നു എന്ന്‌ ഈ ദർശനം വ്യക്തമാക്കുന്നു. എന്നാൽ സത്യാരാധനയ്‌ക്ക്‌ നേതൃത്വം വഹിക്കുന്നത്‌ പുരോഹിതവർഗമാണ്‌.

10, 11. (എ) യേശുവിന്റെ വാക്കുകൾ നമ്മുടെ വിശ്വാസത്തെ ബലപ്പെടുത്തുന്ന വിധത്തിൽ നിവൃത്തിയേറിയിരിക്കുന്നത്‌ എങ്ങനെ? (ബി) വേറെ ആടുകളെക്കുറിച്ച്‌ ഏതു ചോദ്യം ഉയർന്നുവരുന്നു?

10 തന്റെ അഭിഷിക്ത അനുഗാമികളായ “ചെറിയ ആട്ടിൻകൂട്ട”ത്തിൽപ്പെടാത്ത ‘വേറെ ആടുകളെ’ക്കുറിച്ച്‌ യേശു പറയുകയുണ്ടായി. “അവയെയും ഞാൻ നടത്തേണ്ടതാകുന്നു. അവയും എന്റെ സ്വരം ശ്രദ്ധിക്കും; അങ്ങനെ, എല്ലാം ഒരേ ഇടയന്റെ കീഴിലുള്ള ഒരൊറ്റ ആട്ടിൻകൂട്ടമായിത്തീരും,” അവൻ പറഞ്ഞു. (യോഹ. 10:16; ലൂക്കോ. 12:32) ഈ വാക്കുകളുടെ നിവൃത്തി കാണാനാകുന്നത്‌ നമ്മുടെ വിശ്വാസത്തെ എത്രയേറെ ബലപ്പെടുത്തുന്നു! അഭിഷിക്തരുടെ ചെറിയ കൂട്ടവും വേറെ ആടുകളുടെ മഹാപുരുഷാരവും ഐക്യത്തോടെ ഒന്നുചേർന്ന്‌ പ്രവർത്തിക്കുന്നു. (സെഖര്യാവു 8:23 വായിക്കുക.) വേറെ ആടുകൾ ആത്മീയ ആലയത്തിന്റെ അകത്തെ പ്രാകാരത്തിൽ സേവിക്കുന്നില്ല; പക്ഷേ, അവർ ആലയത്തിന്റെ പുറത്തെ പ്രാകാരത്തിൽ സേവിക്കുന്നുണ്ട്‌.

11 ചിലപ്പോഴൊക്കെ വേറെ ആടുകളെ ചിത്രീകരിക്കാൻ ബൈബിളിൽ പുരാതന ഇസ്രായേലിലെ പുരോഹിതന്മാരല്ലാത്തവരെ ഉപയോഗിച്ചിരിക്കുന്ന സ്ഥിതിക്ക്‌ ഭൗമിക പ്രത്യാശയുള്ളവരും സ്‌മാരകചിഹ്നങ്ങളിൽ പങ്കുപറ്റേണ്ടതുണ്ടോ? ഇതിനുള്ള ഉത്തരം നമുക്കിപ്പോൾ നോക്കാം.

പുതിയ ഉടമ്പടി

12. ഏത്‌ പുതിയ നിയമത്തെക്കുറിച്ച്‌ യഹോവ മുൻകൂട്ടിപ്പറഞ്ഞു?

12 തന്റെ ജനത്തോടു ചെയ്യാനിരുന്ന ഒരു പുതിയ നിയമത്തെക്കുറിച്ച്‌ യഹോവ ഇങ്ങനെ പറഞ്ഞു: “ഈ കാലം കഴിഞ്ഞശേഷം ഞാൻ യിസ്രായേൽഗൃഹത്തോടു ചെയ്‌വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: ഞാൻ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും; ഞാൻ അവർക്കു ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും.” (യിരെ. 31:31-33) ഈ പുതിയ നിയമം അഥവാ ഉടമ്പടിയിലൂടെ, അബ്രാഹാമിനോടുള്ള യഹോവയുടെ വാഗ്‌ദാനം മഹത്തരമായ ഒരു വിധത്തിൽ നിവൃത്തിയേറാനിരിക്കുകയായിരുന്നു. അത്‌ നിവൃത്തിയേറുമ്പോൾ അതിന്റെ ഫലം എക്കാലവും നിലനിൽക്കുമായിരുന്നു.—ഉല്‌പത്തി 22:18 വായിക്കുക.

13, 14. (എ) പുതിയ ഉടമ്പടിയിലെ കക്ഷികൾ ആരാണ്‌? (ബി) ഗുണഭോക്താക്കൾ ആരാണ്‌, അവർ ഈ ഉടമ്പടി ‘പ്രമാണിക്കുന്നത്‌’ എങ്ങനെ?

13 യേശു തന്റെ മരണത്തിന്റെ തലേരാത്രിയിൽ ഈ പുതിയ ഉടമ്പടിയെ പരാമർശിച്ചുകൊണ്ട്‌ ഇങ്ങനെ പറഞ്ഞു: “ഈ പാനപാത്രം നിങ്ങൾക്കുവേണ്ടി ചൊരിയപ്പെടാനിരിക്കുന്ന എന്റെ രക്തത്താലുള്ള പുതിയ ഉടമ്പടിയെ അർഥമാക്കുന്നു.” (ലൂക്കോ. 22:20; 1 കൊരി. 11:25) ഈ പുതിയ ഉടമ്പടിയിൽ എല്ലാ ക്രിസ്‌ത്യാനികളും ഉൾപ്പെട്ടിട്ടുണ്ടോ? ഇല്ല. അന്ന്‌ ആ രാത്രിയിൽ ആ പാനപാത്രത്തിൽനിന്നു കുടിച്ച അപ്പൊസ്‌തലന്മാരെപ്പോലെയുള്ള ചിലർ പുതിയ ഉടമ്പടിയിലെ കക്ഷികളാണ്‌. * ദൈവരാജ്യത്തിൽ തന്നോടൊപ്പം ഭരിക്കുന്നതിനുവേണ്ടി യേശു അവരുമായി മറ്റൊരു ഉടമ്പടി ചെയ്‌തു. (ലൂക്കോ. 22:28-30) അവർ യേശുവിനോടൊപ്പം അവന്റെ രാജ്യത്തിൽ പങ്കാളികളാകും.—ലൂക്കോ. 22:15, 16.

14 യേശുവിന്റെ രാജ്യത്തിൽ പ്രജകളായി ഭൂമിയിൽ ജീവിക്കുന്നവരുടെ കാര്യമോ? അവർ പുതിയ ഉടമ്പടിയുടെ ഗുണഭോക്താക്കളാണ്‌. (ഗലാ. 3:8, 9) ഈ ഉടമ്പടിയിലെ കക്ഷികളല്ലെങ്കിലും അതിലെ വ്യവസ്ഥകൾ പാലിച്ചുകൊണ്ട്‌ അവർ ഈ ഉടമ്പടി അഥവാ നിയമം ‘പ്രമാണിക്കുന്നു.’ യെശയ്യാ പ്രവാചകൻ ഇത്‌ മുൻകൂട്ടിപ്പറഞ്ഞു: “യഹോവയെ സേവിച്ചു, അവന്റെ നാമത്തെ സ്‌നേഹിച്ചു, അവന്റെ ദാസന്മാരായിരിക്കേണ്ടതിന്നു യഹോവയോടു ചേർന്നുവരുന്ന അന്യജാതിക്കാരെ, ശബ്ബത്തിനെ അശുദ്ധമാക്കാതെ ആചരിക്കയും എന്റെ നിയമം പ്രമാണിച്ചു നടക്കയും ചെയ്യുന്നവരെ ഒക്കെയും തന്നേ, ഞാൻ എന്റെ വിശുദ്ധപർവ്വതത്തിലേക്കു കൊണ്ടുവന്നു, എന്റെ പ്രാർത്ഥനാലയത്തിൽ അവരെ സന്തോഷിപ്പിക്കും.” യഹോവ തുടർന്ന്‌ ഇങ്ങനെ പറഞ്ഞു: “എന്റെ ആലയം സകലജാതികൾക്കും ഉള്ള പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും.”—യെശ. 56:6, 7.

ആർ പങ്കുപറ്റണം?

15, 16. (എ) പുതിയ ഉടമ്പടിയിലെ കക്ഷികൾക്ക്‌ ലഭിക്കുന്ന എന്ത്‌ പദവിയെക്കുറിച്ചാണ്‌ പൗലോസ്‌ പറഞ്ഞത്‌? (ബി) ഭൗമിക പ്രത്യാശയുള്ളവർ സ്‌മാരക ചിഹ്നങ്ങളിൽ പങ്കുപറ്റരുതാത്തത്‌ എന്തുകൊണ്ട്‌?

15 പുതിയ ഉടമ്പടിയിലെ അംഗങ്ങൾക്ക്‌ “അതിവിശുദ്ധത്തിലേക്കു പ്രവേശിക്കാനുള്ള ധൈര്യം കൈവന്നിരിക്കുന്നു” എന്ന്‌ തിരുവെഴുത്തുകൾ പറയുന്നു. (എബ്രായർ 10:15-20 വായിക്കുക.) “ഇളക്കാനാകാത്ത ഒരു രാജ്യം പ്രാപിക്കാനിരിക്കുന്ന”വരാണ്‌ ഇവർ. (എബ്രാ. 12:28) അതുകൊണ്ട്‌ യേശുക്രിസ്‌തുവിനോടൊപ്പം സ്വർഗത്തിൽ രാജാക്കന്മാരും പുരോഹിതന്മാരും ആകാനിരിക്കുന്നവർ മാത്രമേ പുതിയ ഉടമ്പടിയെ പ്രതിനിധാനം ചെയ്യുന്ന ‘പാനപാത്രത്തിൽനിന്ന്‌’ കുടിക്കാവൂ. പുതിയ ഉടമ്പടിയിലെ ഈ കക്ഷികൾ കുഞ്ഞാടുമായി വിവാഹനിശ്ചയം കഴിഞ്ഞവരാണ്‌. (2 കൊരി. 11:2; വെളി. 21:2, 9) എന്നാൽ മറ്റുള്ളവർ സ്‌മാരകാചരണത്തിന്‌ ഓരോ വർഷവും ആദരപൂർവം കൂടിവരുമെങ്കിലും അവർ ചിഹ്നങ്ങളിൽ പങ്കുപറ്റുന്നില്ല.

16 ഭൗമിക പ്രത്യാശയുള്ളവർ സ്‌മാരക ചിഹ്നങ്ങളിൽ പങ്കുപറ്റുന്നില്ലെന്ന കാര്യം മനസ്സിലാക്കാൻ പൗലോസിന്റെ വാക്കുകളും നമ്മെ സഹായിക്കുന്നു. അഭിഷിക്ത ക്രിസ്‌ത്യാനികളോട്‌ അവൻ പറഞ്ഞു: “കർത്താവ്‌ വരുവോളം, നിങ്ങൾ ഈ അപ്പം തിന്നുകയും ഈ പാനപാത്രത്തിൽനിന്നു കുടിക്കുകയും ചെയ്യുമ്പോഴൊക്കെയും അവന്റെ മരണത്തെ പ്രഖ്യാപിക്കുന്നു.” (1 കൊരി. 11:26) “കർത്താവ്‌ വരുവോളം” എന്നു പറഞ്ഞിരിക്കുന്നത്‌ ഏതു സമയത്തെക്കുറിച്ചാണ്‌? തന്റെ അഭിഷിക്ത മണവാട്ടിവർഗത്തിൽ അവസാന അംഗത്തെ സ്വർഗത്തിലേക്കു കൂട്ടിക്കൊണ്ടുപോകാൻ കർത്താവ്‌ ‘വരുന്നതിനെ’ക്കുറിച്ചാണ്‌ ഇവിടെ പറയുന്നത്‌. (യോഹ. 14:2, 3) സ്‌ത്രീയുടെ സന്തതിയിൽ ഭൂമിയിൽ ‘ശേഷിക്കുന്നവർ’ തങ്ങളിൽ എല്ലാവർക്കും സ്വർഗീയ പ്രതിഫലം ലഭിക്കുന്നതുവരെ കർത്താവിന്റെ സന്ധ്യാഭക്ഷണത്തിൽ പങ്കുപറ്റും. (വെളി. 12:17) കർത്താവിന്റെ സന്ധ്യാഭക്ഷണം എക്കാലവും തുടരില്ല എന്ന്‌ ഇതിൽനിന്നു വ്യക്തമാണ്‌. എന്നാൽ, ഭൂമിയിൽ എന്നും ജീവിക്കാൻ പ്രത്യാശയുള്ളവർ ചിഹ്നങ്ങളിൽ പങ്കുപറ്റേണ്ടതുണ്ടെങ്കിൽ ഈ സന്ധ്യാഭക്ഷണം എന്നേക്കും തുടരേണ്ടിവരും.

അവർ “എനിക്കു ജനമായ്‌തീരും”

17, 18. യെഹെസ്‌കേൽ 37:26, 27-ലെ പ്രവചനം നിവൃത്തിയേറിയിരിക്കുന്നത്‌ എങ്ങനെ?

17 തന്റെ ജനത്തിന്റെ ഐക്യത്തെക്കുറിച്ച്‌ യഹോവ ഇപ്രകാരം മുൻകൂട്ടിപ്പറഞ്ഞു: “ഞാൻ അവരോടു ഒരു സമാധാനനിയമം ചെയ്യും; അതു അവർക്കു ഒരു ശാശ്വതനിയമമായിരിക്കും; ഞാൻ അവരെ ഉറപ്പിച്ചു പെരുക്കി അവരുടെ നടുവിൽ എന്റെ വിശുദ്ധമന്ദിരത്തെ സദാകാലത്തേക്കും സ്ഥാപിക്കും. എന്റെ നിവാസം അവരോടുകൂടെ ഉണ്ടാകും; ഞാൻ അവർക്കു ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും.”—യെഹെ. 37:26, 27.

18 ക്രിസ്‌തീയ സമാധാനത്തിന്റെ ഈ ഉടമ്പടിയിലൂടെ ലഭിക്കുന്ന അനുഗ്രഹങ്ങൾ ആസ്വദിക്കാനുള്ള പദവി ദൈവജനത്തിനെല്ലാമുണ്ട്‌. അതെ, അനുസരണമുള്ള തന്റെ എല്ലാ ദാസന്മാർക്കും മഹത്തരമായ ഈ വാഗ്‌ദാനത്തിലൂടെ യഹോവ സമാധാനം ഉറപ്പുനൽകിയിരിക്കുന്നു. അവന്റെ ആത്മാവിന്റെ ഫലം അവരിൽ പ്രകടമാണ്‌. നിർമലമായ ക്രിസ്‌തീയ ആരാധനയാകുന്ന അവന്റെ വിശുദ്ധമന്ദിരം അവരുടെ നടുവിലുണ്ട്‌. എല്ലാത്തരം വിഗ്രഹാരാധനയും ഉപേക്ഷിക്കുകയും യഹോവയെ മാത്രം ആരാധിക്കുകയും ചെയ്‌തുകൊണ്ട്‌ അവർ അവന്റെ ജനമായിത്തീർന്നിരിക്കുന്നു.

19, 20. ‘എന്റെ ജനം’ എന്ന്‌ യഹോവ വിളിക്കുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്നത്‌ ആരാണ്‌? പുതിയ ഉടമ്പടി എന്തു സാധ്യമാക്കിയിരിക്കുന്നു?

19 നമ്മുടെ നാളിൽ ഈ രണ്ടു കൂട്ടരും ഐക്യത്തിൽ പ്രവർത്തിക്കുന്നത്‌ കാണാനാകുന്നത്‌ എത്ര ആഹ്ലാദജനകമാണ്‌! എണ്ണത്തിൽ വർധിച്ചുകൊണ്ടിരിക്കുന്ന മഹാപുരുഷാരത്തിന്‌ സ്വർഗീയ പ്രത്യാശയില്ലെങ്കിലും ആ പ്രത്യാശയുള്ളവരുമായി സഹവസിക്കാനാകുന്നതിൽ അഭിമാനിക്കുന്നവരാണ്‌ അവർ. ദൈവത്തിന്റെ ഇസ്രായേലിനോടു പറ്റിനിൽക്കുകവഴി അവർ, ‘എന്റെ ജനം’ എന്ന്‌ യഹോവ വിളിക്കുന്നവരുടെ ഭാഗമായിത്തീർന്നിരിക്കുന്നു. അവരുടെ കാര്യത്തിൽ പിൻവരുന്ന പ്രവചനം നിവൃത്തിയേറുന്നു: “അന്നാളിൽ പല ജാതികളും യഹോവയോടു ചേർന്നു എനിക്കു ജനമായ്‌തീരും; ഞാൻ നിന്റെ മദ്ധ്യേ വസിക്കും.”—സെഖ. 2:11; 8:21; യെശയ്യാവു 65:22; വെളിപ്പാട്‌ 21:3, 4 വായിക്കുക.

20 പുതിയ ഉടമ്പടിയിലൂടെയാണ്‌ യഹോവ ഇതെല്ലാം സാധ്യമാക്കിയിരിക്കുന്നത്‌. ആത്മീയ അർഥത്തിൽ അന്യജാതിക്കാരായ ദശലക്ഷങ്ങൾ യഹോവയുടെ പ്രിയജനത്തിന്റെ ഭാഗമായിത്തീർന്നിരിക്കുന്നു. (മീഖാ 4:1-5) പുതിയ ഉടമ്പടിയിലെ വ്യവസ്ഥകൾ അംഗീകരിക്കുകയും അവ പാലിക്കുകയും ചെയ്‌തുകൊണ്ട്‌ ഈ ഉടമ്പടി അഥവാ നിയമം ‘പ്രമാണിക്കാൻ’ അവർ ദൃഢനിശ്ചയം ചെയ്‌തിരിക്കുന്നു. (യെശ. 56:6, 7) അങ്ങനെ ദൈവത്തിന്റെ ഇസ്രായേലിനൊപ്പം അവരും നിലനിൽക്കുന്ന സമാധാനവും സമൃദ്ധമായ അനുഗ്രഹങ്ങളും ആസ്വദിക്കുന്നു. അതായിരിക്കട്ടെ നിങ്ങളുടെയും അനുഭവം, ഇന്നും എന്നേക്കും!

[അടിക്കുറിപ്പുകൾ]

^ ഖ. 8 ഇതുപോലെതന്നെ “സഭ” എന്ന പദവും പല അർഥത്തിൽ ഉപയോഗിച്ചിട്ടുണ്ട്‌. മുഖ്യമായും അഭിഷിക്തരെ പരാമർശിക്കാനാണ്‌ അത്‌ ഉപയോഗിച്ചിരിക്കുന്നത്‌. (എബ്രാ. 12:23) എന്നാൽ സ്വർഗത്തിലോ ഭൂമിയിലോ ജീവിക്കാൻ പ്രത്യാശയുള്ള ക്രിസ്‌ത്യാനികളെയെല്ലാം സൂചിപ്പിക്കാനും “സഭ” എന്ന പദം ഉപയോഗിച്ചിരിക്കുന്നു.—2007 ഏപ്രിൽ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 21-23 പേജുകൾ കാണുക.

^ ഖ. 13 യേശു പുതിയ ഉടമ്പടിയുടെ മധ്യസ്ഥനാണ്‌, അതിലെ കക്ഷിയല്ല. മധ്യസ്ഥനായതുകൊണ്ട്‌ സാധ്യതയനുസരിച്ച്‌ അവൻ ചിഹ്നങ്ങളിൽ പങ്കുപറ്റിയില്ല.

നിങ്ങൾ ഓർമിക്കുന്നുവോ?

• 1,44,000 പേർ ന്യായംവിധിക്കുന്ന ‘ഇസ്രായേലിന്റെ പന്ത്രണ്ടുഗോത്രങ്ങൾ’ ആരാണ്‌?

• പുതിയ ഉടമ്പടിയിൽ അഭിഷിക്തരുടെയും വേറെ ആടുകളുടെയും പങ്കെന്ത്‌?

• സ്‌മാരക ചിഹ്നങ്ങളിൽ എല്ലാ ക്രിസ്‌ത്യാനികളും പങ്കുപറ്റേണ്ടതുണ്ടോ?

• നമ്മുടെ കാലത്ത്‌ എന്ത്‌ ഐക്യം കൈവരുമെന്നാണ്‌ മുൻകൂട്ടിപ്പറഞ്ഞിരുന്നത്‌?

[അധ്യയന ചോദ്യങ്ങൾ]

[25-ാം പേജിലെ ഗ്രാഫ്‌/ചിത്രങ്ങൾ]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

അനേകർ ഇന്ന്‌ ദൈവത്തിന്റെ ഇസ്രായേലിനോട്‌ ചേർന്ന്‌ പ്രവർത്തിക്കുന്നു

1950 | 3,73,430

1970 | 14,83,430

1990 | 40,17,213

2009 | 73,13,173