വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്‌നാനമേൽക്കുക

പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്‌നാനമേൽക്കുക

പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്‌നാനമേൽക്കുക

“ആകയാൽ നിങ്ങൾ പോയി . . . ആളുകളെ ശിഷ്യരാക്കിക്കൊള്ളുവിൻ. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അവരെ സ്‌നാനം കഴിപ്പിക്കുകയും . . . ചെയ്യുവിൻ.”—മത്താ. 28:19, 20.

1, 2. (എ) എ.ഡി. 33-ലെ പെന്തെക്കൊസ്‌ത്‌ നാളിൽ യെരുശലേമിൽ എന്തു സംഭവിച്ചു? (ബി) അവിടെ കൂടിവന്നവരിൽ പലരും സ്‌നാനമേൽക്കാൻ ഇടയായത്‌ എങ്ങനെ?

യെരുശലേം നഗരം ആളുകളെക്കൊണ്ട്‌ നിറഞ്ഞിരിക്കുകയാണ്‌. എ.ഡി. 33-ലെ പെന്തെക്കൊസ്‌ത്‌ പെരുന്നാളിൽ പങ്കെടുക്കാൻ പല ദേശങ്ങളിൽനിന്ന്‌ എത്തിയവർ അവിടെയുണ്ട്‌. അന്ന്‌ രാവിലെ അവിടെ ഒരു അസാധാരണ സംഭവം നടന്നിരുന്നു. അതിനുശേഷം ഇപ്പോൾ പത്രോസ്‌ അപ്പൊസ്‌തലൻ വികാരോജ്ജ്വലമായ ഒരു പ്രസംഗം നടത്തുകയാണ്‌. അവന്റെ വാക്കുകൾ ശ്രോതാക്കളിൽ ശക്തമായ പ്രഭാവംചെലുത്തുന്നു. യഹൂദന്മാരും യഹൂദമതം സ്വീകരിച്ചവരുമായ 3,000-ത്തോളം പേർ അവന്റെ പ്രസംഗം കേട്ട്‌ അനുതപിക്കുകയും ജലസ്‌നാനമേൽക്കുകയും ചെയ്‌തു. അങ്ങനെ അവർ, പുതുതായി രൂപംകൊണ്ട ക്രിസ്‌തീയ സഭയോടു ചേർക്കപ്പെട്ടു. (പ്രവൃ. 2:41) യെരുശലേമിലെ തടാകങ്ങളിലും കുളങ്ങളിലുമൊക്കെയായി ഇത്രയധികം പേർ സ്‌നാനമേൽക്കുന്നതിനെക്കുറിച്ച്‌ ഒന്നോർത്തുനോക്കൂ. അവിടമാകെ ശബ്ദമുഖരിതമായിരുന്നിരിക്കണം.

2 എങ്ങനെയാണ്‌ ഇത്രയധികംപേർ ഒന്നിച്ചു സ്‌നാനമേൽക്കാൻ ഇടയായത്‌? അന്നേ ദിവസം രാവിലെ യേശുവിന്റെ 120-ഓളം ശിഷ്യന്മാർ ഒരു മാളികമുറിയിൽ കൂടിയിരിക്കുകയായിരുന്നു. പെട്ടെന്ന്‌ “ആകാശത്തുനിന്നു കാറ്റിന്റെ ഇരമ്പൽപോലെ ഒരു ശബ്ദമുണ്ടായി.” തുടർന്ന്‌ ശിഷ്യന്മാരെല്ലാം പരിശുദ്ധാത്മാവ്‌ നിറഞ്ഞവരായി. അതിനുശേഷം, യെരുശലേമിൽ ഉണ്ടായിരുന്ന ഭക്തരായ സ്‌ത്രീപുരുഷന്മാർ അവരുടെ അടുക്കൽ വന്നുകൂടി. ശിഷ്യന്മാർ ‘വ്യത്യസ്‌ത ഭാഷകളിൽ സംസാരിക്കുന്നത്‌’ കേട്ട്‌ അവർ ആശ്ചര്യപ്പെട്ടു. യേശുവിന്റെ മരണത്തെക്കുറിച്ചും മറ്റുമുള്ള പത്രോസിന്റെ വാക്കുകൾ ശ്രവിച്ച പലരുടെയും “ഹൃദയത്തിൽ കുത്തുകൊണ്ടു.” അവർ ഇപ്പോൾ എന്തു ചെയ്യണമായിരുന്നു? പത്രോസ്‌ ഇങ്ങനെ ഉദ്‌ബോധിപ്പിച്ചു: “മാനസാന്തരപ്പെട്ടു നിങ്ങൾ ഓരോരുത്തരും യേശുക്രിസ്‌തുവിന്റെ നാമത്തിൽ സ്‌നാനമേൽക്കുവിൻ; അപ്പോൾ പരിശുദ്ധാത്മാവ്‌ എന്ന ദാനം നിങ്ങൾക്കു ലഭിക്കും.”—പ്രവൃ. 2:1-4, 36-38.

3. പെന്തെക്കൊസ്‌ത്‌ പെരുന്നാളിനുവന്ന യഹൂദന്മാരും യഹൂദമതം സ്വീകരിച്ചവരും എന്തു ചെയ്യണമായിരുന്നു?

3 പത്രോസിന്റെ ശ്രോതാക്കളായ യഹൂദന്മാരുടെയും യഹൂദമതം സ്വീകരിച്ചവരുടെയും മതപശ്ചാത്തലത്തെക്കുറിച്ച്‌ ഒന്നു ചിന്തിക്കുക. അവർ യഹോവയെ ആരാധിക്കുന്നവരായിരുന്നു. പരിശുദ്ധാത്മാവിനെ അഥവാ ദൈവത്തിന്റെ പ്രവർത്തനനിരതമായ ശക്തിയെക്കുറിച്ചും അവർക്ക്‌ അറിയാമായിരുന്നു. സൃഷ്ടിയുടെ സമയത്തും പിന്നീടും ദൈവം പരിശുദ്ധാത്മാവിനെ ഉപയോഗിച്ചതിനെക്കുറിച്ച്‌ എബ്രായ തിരുവെഴുത്തുകളിൽനിന്ന്‌ അവർ മനസ്സിലാക്കിയിട്ടുണ്ട്‌. (ഉല്‌പ. 1:2; ന്യായാ. 14:5, 6; 1 ശമൂ. 10:6; സങ്കീ. 33:6) പക്ഷേ അതു മാത്രം പോരായിരുന്നു. രക്ഷയ്‌ക്കുള്ള യഹോവയുടെ മാർഗമായ മിശിഹായെ അവർ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യേണ്ടത്‌ പ്രധാനമായിരുന്നു. അതുകൊണ്ടാണ്‌, അവർ ‘യേശുക്രിസ്‌തുവിന്റെ നാമത്തിൽ സ്‌നാനമേൽക്കണം’ എന്ന്‌ പത്രോസ്‌ എടുത്തുപറഞ്ഞത്‌. പുനരുത്ഥാനം പ്രാപിച്ച യേശു ഏതാനും ദിവസങ്ങൾക്കു മുമ്പ്‌ പത്രോസിനും മറ്റുള്ളവർക്കും, “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ” ആളുകളെ സ്‌നാനം കഴിപ്പിക്കാനുള്ള നിർദേശം നൽകിയിരുന്നു. (മത്താ. 28:19, 20) യേശു നൽകിയ ആ നിർദേശത്തിന്‌ ഒന്നാം നൂറ്റാണ്ടിൽ വലിയ അർഥമുണ്ടായിരുന്നു. ഇന്നും അത്‌ അങ്ങനെതന്നെയാണ്‌. എന്താണ്‌ അതിൽ ഉൾപ്പെട്ടിരിക്കുന്നത്‌?

പിതാവിന്റെ നാമത്തിൽ

4. യഹോവയുമായുള്ള ബന്ധം നിലനിറുത്താൻ ആഗ്രഹിക്കുന്നവർ എന്ത്‌ തിരിച്ചറിയണമായിരുന്നു?

4 നാം മുമ്പു കണ്ടതുപോലെ, പത്രോസിന്റെ ശ്രോതാക്കൾ യഹോവയെ ആരാധിക്കുന്നവരായിരുന്നു. മുമ്പ്‌ അവർക്ക്‌ ദൈവവുമായി ഒരു ബന്ധമുണ്ടായിരുന്നു. അവന്റെ ന്യായപ്രമാണം അനുസരിക്കാൻ ശ്രമിക്കുന്നവരായിരുന്നു അവർ. അതുകൊണ്ടാണ്‌ പല ദേശങ്ങളിൽനിന്ന്‌ അവർ യെരുശലേമിൽ എത്തിയത്‌. (പ്രവൃ. 2:5-11) പക്ഷേ മനുഷ്യരുമായി ഇടപെടുന്നതിനുള്ള തന്റെ വിധത്തിന്‌ ദൈവം മാറ്റംവരുത്തിയിരുന്നു. തന്റെ പ്രത്യേക ജനം എന്ന സ്ഥാനത്തുനിന്ന്‌ യഹോവ യഹൂദന്മാരെ നീക്കംചെയ്‌തിരുന്നു. മേലാൽ, ന്യായപ്രമാണം അനുസരിക്കുന്നതിലൂടെ ദൈവത്തിന്റെ അംഗീകാരം നേടാൻ അവർക്ക്‌ കഴിയുമായിരുന്നില്ല. (മത്താ. 21:43; കൊലോ. 2:14) യഹോവയുമായുള്ള ബന്ധത്തിൽ തുടരാൻ ആഗ്രഹിക്കുന്നെങ്കിൽ അവർ മറ്റുചില കാര്യങ്ങൾ ചെയ്യേണ്ടിയിരുന്നു.

5, 6. ദൈവവുമായി ഒരു ബന്ധത്തിലേക്കു വരാൻ പല യഹൂദന്മാരും യഹൂദമതാനുസാരികളും എന്തു ചെയ്‌തു?

5 ജീവദാതാവായ യഹോവയിൽനിന്ന്‌ തന്റെ ശ്രോതാക്കളെ അകറ്റുന്നതായിരുന്നില്ല പത്രോസിന്റെ വാക്കുകൾ. (പ്രവൃ. 4:24) കാരണം, യഹോവ നല്ലവനും കൃപാലുവുമായ പിതാവാണെന്ന്‌, പത്രോസിനെ ശ്രദ്ധിച്ചവർക്ക്‌ മുമ്പെന്നത്തെക്കാൾ വ്യക്തമായി മനസ്സിലാക്കാൻ കഴിയുമായിരുന്നു. അവരെ വിടുവിക്കാൻ അവൻ മിശിഹായെ അയച്ചു. “നിങ്ങൾ സ്‌തംഭത്തിൽ തറച്ചുകൊന്ന ഈ യേശുവിനെ ദൈവം കർത്താവും ക്രിസ്‌തുവും ആക്കിവെച്ചു” എന്ന്‌ പത്രോസ്‌ തന്റെ ശ്രോതാക്കളോടു പറഞ്ഞു. അതെ, അവരോടുപോലും ക്ഷമിക്കാൻ ദൈവം മനസ്സുകാണിച്ചു. താനുമായി ഒരു നല്ല ബന്ധത്തിൽവരാൻ ആഗ്രഹിക്കുന്നവർക്കായി പിതാവ്‌ ചെയ്‌തിരിക്കുന്ന കാര്യങ്ങൾ വിലമതിക്കാൻ പത്രോസിന്റെ വാക്കുകൾ കേട്ട്‌ സ്‌നാനമേൽക്കുന്നവർക്ക്‌ തീർച്ചയായും കൂടുതലായ കാരണമുണ്ടായിരുന്നു.—പ്രവൃത്തികൾ 2:30-36 വായിക്കുക.

6 യഹോവയാണ്‌ തങ്ങൾക്ക്‌ രക്ഷ പ്രദാനംചെയ്യുന്നതെന്നും യേശുവിലൂടെയാണ്‌ അവനത്‌ നൽകുന്നതെന്നും തിരിച്ചറിയുന്നത്‌ യഹോവയുമായുള്ള ബന്ധത്തിലേക്കു വരുന്നതിൽ ഉൾപ്പെട്ടിരിക്കുന്നുവെന്ന്‌ ആ യഹൂദന്മാരും യഹൂദമതാനുസാരികളും മനസ്സിലാക്കി. അറിഞ്ഞോ അറിയാതെയോ യേശുവിനെ കൊല്ലാൻ കൂട്ടുനിന്നത്‌ ഉൾപ്പെടെയുള്ള തെറ്റുകളെപ്രതി അവർ പശ്ചാത്തപിച്ചത്‌ അതുകൊണ്ടാണ്‌. തുടർന്നുവന്ന ദിവസങ്ങളിൽ “അവർ ഉത്സാഹത്തോടെ അപ്പൊസ്‌തലന്മാരിൽനിന്നു പഠിക്കുകയും” ചെയ്‌തു. (പ്രവൃ. 2:42) ഇപ്പോൾ അവർക്ക്‌ ‘മടികൂടാതെ കൃപാസനത്തെ സമീപിക്കാൻ’ കഴിയും.—എബ്രാ. 4:16.

7. ഇന്ന്‌ അനേകർ ദൈവത്തെക്കുറിച്ചുള്ള ചിന്താഗതിക്ക്‌ മാറ്റംവരുത്തി “പിതാവിന്റെ നാമത്തിൽ” സ്‌നാനമേറ്റിരിക്കുന്നത്‌ എങ്ങനെ?

7 ഇന്ന്‌, വ്യത്യസ്‌ത പശ്ചാത്തലങ്ങളിൽപ്പെട്ട ദശലക്ഷക്കണക്കിന്‌ ആളുകൾ ബൈബിളിൽനിന്ന്‌ യഹോവയെക്കുറിച്ച്‌ പഠിച്ചിരിക്കുന്നു. (യെശ. 2:2, 3) അവരിൽ ചിലർ ഒരിക്കൽ നിരീശ്വരവാദികളോ ഈശ്വരവാദികളോ * ആയിരുന്നു. എന്നാൽ ഒരു സ്രഷ്ടാവുണ്ടെന്നും അവനുമായി ഒരു അടുത്ത ബന്ധത്തിലേക്കുവരാൻ തങ്ങൾക്കാകുമെന്നും അവർ മനസ്സിലാക്കി. മറ്റുചിലർ ത്രിയേകദൈവത്തെ ആരാധിച്ചിരുന്നവരോ വിഗ്രഹാരാധകരോ ആയിരുന്നു. യഹോവ മാത്രമാണ്‌ സർവശക്തനായ ദൈവമെന്ന്‌ മനസ്സിലാക്കിയ അവർ ഇപ്പോൾ അവന്റെ പേരു വിളിച്ച്‌ പ്രാർഥിക്കുന്നു. തന്റെ ശിഷ്യന്മാരാകുന്നവർ പിതാവിന്റെ നാമത്തിൽ സ്‌നാനമേൽക്കേണ്ടതുണ്ട്‌ എന്ന യേശുവിന്റെ നിർദേശത്തിനു ചേർച്ചയിൽ പ്രവർത്തിക്കുകയാണവർ.

8. ആദാമ്യപാപത്തെക്കുറിച്ച്‌ മനസ്സിലാക്കിയവർ പിതാവിനെക്കുറിച്ച്‌ എന്തു തിരിച്ചറിയണമായിരുന്നു?

8 ആദാമിൽനിന്ന്‌ പാപം കൈമാറിക്കിട്ടിയവരാണ്‌ തങ്ങളെന്ന കാര്യവും അവർ പഠിച്ചു. (റോമ. 5:12) ഈ സത്യം അവർ അംഗീകരിക്കണമായിരുന്നു. താൻ രോഗിയാണെന്ന്‌ തിരിച്ചറിയാതിരുന്ന ഒരാളെപ്പോലെയായിരുന്നു അവർ. ഇടയ്‌ക്കിടെ വേദനയോ മറ്റ്‌ രോഗലക്ഷണങ്ങളോ അദ്ദേഹത്തിന്‌ ഉണ്ടായിരുന്നിരിക്കാം. രോഗം കണ്ടുപിടിക്കുന്നതുവരെ, തനിക്ക്‌ രോഗമൊന്നുമില്ലെന്നായിരിക്കാം അദ്ദേഹം കരുതിയത്‌. പക്ഷേ, വാസ്‌തവം അതല്ലായിരുന്നു. (1 കൊരിന്ത്യർ 4:4 താരതമ്യം ചെയ്യുക.) രോഗം കണ്ടുപിടിച്ചപ്പോൾ അദ്ദേഹം എന്തു ചെയ്യണമായിരുന്നു? അതിന്‌ ഫലപ്രദമായ ചികിത്സ ഏതെന്ന്‌ മനസ്സിലാക്കി ചികിത്സിക്കണമായിരുന്നു, അല്ലേ? സമാനമായി, ആദാമിൽനിന്ന്‌ തങ്ങൾക്ക്‌ പാപം കൈമാറിക്കിട്ടിയിരിക്കുന്നു എന്ന കാര്യം ബൈബിളിൽനിന്നു മനസ്സിലാക്കിയ അനേകർ ആ വസ്‌തുത അംഗീകരിച്ചിരിക്കുന്നു. അതിനുള്ള ‘പ്രതിവിധി’ ദൈവത്തിന്റെ പക്കലുണ്ടെന്നും അവർ തിരിച്ചറിഞ്ഞിരിക്കുന്നു. അതെ, പിതാവിൽനിന്ന്‌ അകന്നുപോയിരിക്കുന്നവരെല്ലാം അവരെ ‘സുഖപ്പെടുത്താൻ’ കഴിയുന്നവനിലേക്ക്‌ സഹായത്തിനായി തിരിയേണ്ടതുണ്ട്‌.—എഫെ. 4:17-19.

9. താനുമായി ഒരു ബന്ധത്തിലേക്കുവരാൻ നമ്മെ സഹായിക്കുന്നതിന്‌ യഹോവ എന്തു ചെയ്‌തിരിക്കുന്നു?

9 യഹോവയാം ദൈവത്തിന്‌ ജീവിതം സമർപ്പിച്ച്‌ സ്‌നാനമേറ്റ ഒരു വ്യക്തിയാണോ നിങ്ങൾ? എങ്കിൽ, അവനുമായി വ്യക്തിപരമായ ഒരു ബന്ധമുണ്ടായിരിക്കുന്നത്‌ എത്ര വലിയ ഒരു കാര്യമാണെന്ന്‌ ഇതിനോടകം നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്‌. യഹോവ എത്ര സ്‌നേഹവാനായ പിതാവാണെന്ന്‌ നിങ്ങൾ ഇപ്പോൾ മനസ്സിലാക്കുന്നു. (റോമർ 5:8 വായിക്കുക.) ആദാമും ഹവ്വായും തന്നോട്‌ പാപം ചെയ്‌തെങ്കിലും നാം ഉൾപ്പെടെയുള്ള അവരുടെ സന്തതികൾക്ക്‌ താനുമായി ഒരു നല്ല ബന്ധത്തിലേക്കുവരാൻ യഹോവ മുൻകൈയെടുത്തു പ്രവർത്തിച്ചു. അതിനുവേണ്ടി, തന്റെ പ്രിയപുത്രൻ കഷ്ടം അനുഭവിച്ചു മരിക്കുന്നത്‌ ദൈവത്തിനു കാണേണ്ടിവന്നു. ഇക്കാര്യങ്ങൾ മനസ്സിലാക്കുന്നത്‌, ദൈവത്തിന്റെ അധികാരം അംഗീകരിക്കാനും അവനോടുള്ള സ്‌നേഹത്താൽ പ്രചോദിതരായി അവന്റെ കൽപ്പനകൾ അനുസരിക്കാനും നമ്മെ പ്രേരിപ്പിക്കുന്നില്ലേ? നിങ്ങൾ ഇതുവരേക്കും ദൈവത്തിന്‌ സമർപ്പിച്ച്‌ സ്‌നാനമേറ്റിട്ടില്ലെങ്കിൽ അങ്ങനെ ചെയ്യാൻ ഏറെ കാരണങ്ങളുണ്ട്‌.

പുത്രന്റെ നാമത്തിൽ

10, 11. (എ) യേശുവിനോട്‌ നിങ്ങൾ എത്രമാത്രം കടപ്പെട്ടിരിക്കുന്നു? (ബി) യേശു നമുക്കുവേണ്ടി മരിച്ചതിനെക്കുറിച്ച്‌ നിങ്ങൾക്ക്‌ എന്തു തോന്നുന്നു?

10 പത്രോസ്‌ ജനക്കൂട്ടത്തോട്‌ പറഞ്ഞ വാക്കുകളെക്കുറിച്ച്‌ ഒരിക്കൽക്കൂടി ചിന്തിക്കുക. യേശുവിനെ അംഗീകരിക്കേണ്ടതിന്റെ പ്രാധാന്യം പത്രോസ്‌ എടുത്തുപറഞ്ഞു. ‘പുത്രന്റെ നാമത്തിൽ’ സ്‌നാനമേൽക്കുന്നതുമായി അത്‌ അടുത്തു ബന്ധപ്പെട്ടിരിക്കുന്നു. അന്ന്‌ അതിന്റെ പ്രാധാന്യം എന്തായിരുന്നു? ഇന്നും അത്‌ പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? യേശുവിനെ അംഗീകരിച്ച്‌ അവന്റെ നാമത്തിൽ സ്‌നാനമേൽക്കുക എന്നു പറഞ്ഞാൽ സ്രഷ്ടാവുമായി നമുക്ക്‌ നല്ലൊരു ബന്ധമുണ്ടായിരിക്കുന്നതിൽ അവൻ വഹിക്കുന്ന പങ്ക്‌ തിരിച്ചറിയുകയും വിലമതിക്കുകയും ചെയ്യുക എന്നാണ്‌ അർഥം. യഹൂദന്മാരെ ന്യായപ്രമാണത്തിന്റെ ശാപത്തിൽനിന്നു വിടുവിക്കാൻ യേശു ദണ്ഡനസ്‌തംഭത്തിൽ മരിക്കേണ്ടിയിരുന്നു. എന്നാൽ യേശു മരിച്ചതുകൊണ്ട്‌ അതിലും വലിയ പ്രയോജനമുണ്ടായി. (ഗലാ. 3:13) അതിലൂടെ അവൻ സകല മനുഷ്യർക്കുംവേണ്ടി മറുവില പ്രദാനംചെയ്‌തു. (എഫെ. 2:15, 16; കൊലോ. 1:20; 1 യോഹ. 2:1, 2) അതിനുവേണ്ടി അവന്‌ അന്യായവും അപമാനവും പീഡനവും ഒടുവിൽ മരണവും സഹിക്കേണ്ടിവന്നു. യേശുവിന്റെ ഈ ത്യാഗത്തെ നിങ്ങൾ എത്രമാത്രം വിലമതിക്കുന്നുണ്ട്‌? 1912-ൽ മഞ്ഞുമലയിൽ തട്ടി മുങ്ങിപ്പോയ ടൈറ്റാനിക്‌ കപ്പലിൽ യാത്രചെയ്‌തിരുന്ന ഒരു 12 വയസ്സുകാരനായിരുന്നു നിങ്ങളെന്നു കരുതുക. നിങ്ങൾ ഒരു ലൈഫ്‌ബോട്ടിൽ കയറാൻ ശ്രമിക്കുന്നു. പക്ഷേ അതിൽ സ്ഥലമില്ല. അപ്പോൾ, ആ ബോട്ടിൽ ഉണ്ടായിരുന്ന ഒരാൾ ഭാര്യയെ ചുംബിച്ചിട്ട്‌ കപ്പലിലേക്ക്‌ തിരികെ കയറി നിങ്ങളെ എടുത്ത്‌ ലൈഫ്‌ബോട്ടിൽ ഇരുത്തുന്നു. നിങ്ങൾക്ക്‌ എന്തു തോന്നും? നിങ്ങൾക്ക്‌ അദ്ദേഹത്തോട്‌ പറഞ്ഞാൽ തീരാത്ത നന്ദിയുണ്ടായിരിക്കും! * പക്ഷേ യേശു നിങ്ങൾക്കുവേണ്ടി ചെയ്‌തത്‌ ഇതിലുമൊക്കെ വളരെ വലിയ കാര്യമാണ്‌. അവൻ മരിച്ചതുമൂലം നിങ്ങൾക്കു ലഭിക്കുന്നത്‌ അനന്തമായ ജീവനാണ്‌.

11 ദൈവപുത്രൻ നിങ്ങൾക്കുവേണ്ടി ചെയ്‌തതിനെക്കുറിച്ച്‌ പഠിച്ചപ്പോൾ നിങ്ങൾക്ക്‌ എന്തു തോന്നി? (2 കൊരിന്ത്യർ 5:14, 15 വായിക്കുക.) നിങ്ങൾക്ക്‌ അകമഴിഞ്ഞ നന്ദിതോന്നിയിരിക്കും. ജീവിതം ദൈവത്തിനായി സമർപ്പിക്കാനും, ‘ഇനി നിങ്ങൾക്കായിട്ടല്ല, നിങ്ങൾക്കുവേണ്ടി മരിച്ചവനായിട്ട്‌ ജീവിക്കാനും’ അതു നിങ്ങളെ പ്രചോദിപ്പിച്ചു. യേശുവിന്റെ നാമത്തിൽ സ്‌നാനമേൽക്കുകയെന്നാൽ, യേശു നമുക്കുവേണ്ടി ചെയ്‌തിരിക്കുന്നതിനെ അംഗീകരിക്കുകയും ‘ജീവനായകൻ’ എന്ന അവന്റെ സ്ഥാനത്തിന്‌ കീഴ്‌പെടുകയും ചെയ്യുക എന്നാണ്‌ അർഥം. (പ്രവൃ. 3:15; 5:31) മുമ്പ്‌ നിങ്ങൾക്ക്‌ സ്രഷ്ടാവുമായി യാതൊരു ബന്ധവുമില്ലായിരുന്നു. അതുകൊണ്ടുതന്നെ നിങ്ങൾക്ക്‌ പ്രത്യാശയ്‌ക്കു വകയില്ലായിരുന്നു. എന്നാൽ യേശുവിന്റെ ചൊരിയപ്പെട്ട രക്തത്തിൽ വിശ്വാസമർപ്പിച്ച്‌ സ്‌നാനമേറ്റിരിക്കുന്നതിനാൽ സ്വർഗീയ പിതാവുമായി നിങ്ങൾക്കിപ്പോൾ അടുത്തബന്ധമുണ്ട്‌. (എഫെ. 2:12, 13) “ഒരുകാലത്തു നിങ്ങൾ ദുഷ്‌പ്രവൃത്തികളിൽ മനസ്സുപതിപ്പിച്ചവരായി ദൈവത്തിൽനിന്ന്‌ അകന്നവരും അവന്റെ ശത്രുക്കളും ആയിരുന്നു. ഇപ്പോഴാകട്ടെ, ദൈവം നിങ്ങളെ തന്റെ മുമ്പാകെ വിശുദ്ധരും കളങ്കമില്ലാത്തവരും അനിന്ദ്യരുമായി നിറുത്തേണ്ടതിന്‌, മരണം വരിച്ചവന്റെ ജഡത്താൽ അനുരഞ്‌ജിപ്പിച്ചിരിക്കുന്നു” എന്ന്‌ പൗലോസ്‌ അപ്പൊസ്‌തലൻ എഴുതി.—കൊലോ. 1:21, 22.

12, 13. (എ) പുത്രന്റെ നാമത്തിൽ സ്‌നാനമേറ്റവർ തങ്ങളെ ആരെങ്കിലും വേദനിപ്പിക്കുമ്പോൾ എന്തു ചെയ്യണം? (ബി) യേശുവിന്റെ നാമത്തിൽ സ്‌നാനമേറ്റ ഒരു ക്രിസ്‌ത്യാനിക്ക്‌ എന്ത്‌ ഉത്തരവാദിത്വമുണ്ട്‌?

12 പുത്രന്റെ നാമത്തിൽ സ്‌നാനമേറ്റവരാണെങ്കിലും നിങ്ങളുടെ പാപപ്രവണതകളെക്കുറിച്ച്‌ നിങ്ങൾക്കു നന്നായി അറിയാം. ആ അവബോധം എല്ലായ്‌പോഴും ഉണ്ടായിരിക്കുന്നത്‌ നല്ലതാണ്‌. ഉദാഹരണത്തിന്‌, ആരെങ്കിലും നിങ്ങളെ വേദനിപ്പിക്കുമ്പോൾ, നിങ്ങൾ രണ്ടുപേരും അപൂർണരും പാപികളുമാണെന്ന കാര്യം നിങ്ങൾ ഓർക്കാറുണ്ടോ? നിങ്ങൾക്ക്‌ ഇരുവർക്കും ദൈവത്തിൽനിന്നുള്ള ക്ഷമ ആവശ്യമാണ്‌. അതുകൊണ്ടുതന്നെ നിങ്ങൾ പരസ്‌പരം ക്ഷമിക്കേണ്ടതുണ്ട്‌. (മർക്കോ. 11:25) ഇക്കാര്യം വ്യക്തമാക്കാൻ യേശു ഒരു ദൃഷ്ടാന്തകഥ പറഞ്ഞു. ഒരു രാജാവ്‌ തന്റെ ദാസന്റെ പതിനായിരംതാലന്ത്‌ (ആറുകോടി ദിനാറെ) കടം റദ്ദാക്കിക്കൊടുത്തു. പക്ഷേ പിന്നീട്‌ ഈ ദാസൻ തനിക്ക്‌ 100 ദിനാറെ തരാനുണ്ടായിരുന്ന സഹദാസനെ തടവിലാക്കി. സഹോദരനോടു ക്ഷമിക്കാത്തവന്‌ യഹോവ ഒരിക്കലും ക്ഷമനൽകില്ല എന്ന പാഠം യേശു ഈ ദൃഷ്ടാന്തത്തിലൂടെ പഠിപ്പിച്ചു. (മത്താ. 18:23-35) യേശുവിന്റെ നാമത്തിൽ സ്‌നാനമേൽക്കുന്നവർ അവന്റെ അധികാരത്തിനു കീഴ്‌പെടുന്നവരും അവന്റെ മാതൃക അനുകരിക്കുന്നവരും ആയിരിക്കും. മാത്രമല്ല, മറ്റുള്ളവരോട്‌ ക്ഷമിക്കാൻ മനസ്സുള്ളവരായിരിക്കണം എന്നത്‌ ഉൾപ്പെടെയുള്ള അവന്റെ എല്ലാം ഉപദേശങ്ങളും അവർ അനുസരിക്കുകയും ചെയ്യും.—1 പത്രോ. 2:21; 1 യോഹ. 2:6.

13 അപൂർണരായതിനാൽ നമുക്ക്‌ യേശുവിനെ പൂർണമായി അനുകരിക്കാനാവില്ല. എന്നിരുന്നാലും, ദൈവത്തിന്‌ മുഴുഹൃദയാ അർപ്പിച്ചിരിക്കുന്ന നാം നമ്മുടെ കഴിവിന്റെ പരമാവധി യേശുവിനെ അനുകരിക്കാൻ ആഗ്രഹിക്കുന്നു. പഴയ വ്യക്തിത്വം ഉരിഞ്ഞുകളഞ്ഞ്‌ പുതിയ വ്യക്തിത്വം ധരിക്കാൻ എപ്പോഴും പരിശ്രമിക്കുന്നത്‌ അതിൽ ഉൾപ്പെടുന്നു. (എഫെസ്യർ 4:20-24 വായിക്കുക.) നാം ബഹുമാനിക്കുന്ന ഒരു സുഹൃത്തുണ്ടെങ്കിൽ അദ്ദേഹത്തെ അനുകരിക്കാൻ, അദ്ദേഹത്തിന്റെ ഗുണങ്ങൾ പകർത്താൻ നാം ശ്രമിക്കില്ലേ? യേശുവിന്റെ കാര്യത്തിലും നമുക്ക്‌ അതുതന്നെ ചെയ്യാം, അവനിൽനിന്ന്‌ പഠിക്കുകയും അവനെ അനുകരിക്കുകയും ചെയ്യാം.

14. ദൈവരാജ്യത്തിന്റെ രാജാവ്‌ എന്ന യേശുവിന്റെ അധികാരത്തെ മാനിക്കുന്നു എന്ന്‌ നമുക്ക്‌ എങ്ങനെ കാണിക്കാം?

14 പുത്രന്റെ നാമത്തിൽ സ്‌നാനമേൽക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്നത്‌ എന്താണെന്ന്‌ നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ടെന്ന്‌ മറ്റൊരു വിധത്തിലും കാണിക്കാനാകും. “ദൈവം സകലവും അവന്റെ (യേശുവിന്റെ) കാൽക്കീഴാക്കുകയും സഭയ്‌ക്കുവേണ്ടി അവനെ സകലത്തിന്റെയും ശിരസ്സ്‌ ആക്കുകയും ചെയ്‌തു” എന്ന്‌ തിരുവെഴുത്തുകൾ പറയുന്നു. (എഫെ. 1:22) അതുകൊണ്ട്‌, യേശു സഭയെ നയിക്കുന്ന വിധത്തെ നാം മാനിക്കണം. പ്രാദേശിക സഭയിലെ അപൂർണരായ മനുഷ്യരെയാണ്‌ അതിനായി യേശു ഉപയോഗിക്കുന്നത്‌; വിശേഷിച്ചും ആത്മീയ പക്വതയുള്ള പുരുഷന്മാരെ അതായത്‌ മൂപ്പന്മാരെ. ഇത്തരം പുരുഷന്മാരെ നിയമിച്ചിരിക്കുന്നത്‌ “വിശുദ്ധന്മാരെ യഥാസ്ഥാനപ്പെടുത്തേണ്ടതിനും . . . ക്രിസ്‌തുവിന്റെ ശരീരത്തെ പണിതുയർത്തേണ്ടതിനുംവേണ്ടി”യാണ്‌. (എഫെ. 4:11, 12) അപൂർണ മനുഷ്യർ എന്തെങ്കിലും പിശകുകൾ വരുത്തിയാലും ദൈവരാജ്യത്തിന്റെ രാജാവായ യേശുവിന്‌, തന്റെ സമയത്ത്‌ തന്റേതായ വിധത്തിൽ അത്‌ കൈകാര്യം ചെയ്യാനാകും. നിങ്ങൾക്ക്‌ അതിൽ വിശ്വാസമുണ്ടോ?

15. സ്‌നാനമേൽക്കുന്നെങ്കിൽ നിങ്ങൾക്ക്‌ എന്ത്‌ അനുഗ്രഹങ്ങൾ പ്രതീക്ഷിക്കാം?

15 ചിലർ ഇതുവരേക്കും യഹോവയ്‌ക്ക്‌ സമർപ്പിച്ച്‌ സ്‌നാനമേറ്റിട്ടില്ല. അങ്ങനെയുള്ള ഒരാളാണോ നിങ്ങൾ? പുത്രനെ അംഗീകരിക്കാൻ നമുക്ക്‌ ധാരാളം കാരണങ്ങളുണ്ടെന്നും അവനെ അംഗീകരിക്കുന്നതാണ്‌ അവനോടുള്ള വിലമതിപ്പ്‌ പ്രകടിപ്പിക്കാനുള്ള മാർഗം എന്നും നിങ്ങൾക്ക്‌ ഇപ്പോൾ തോന്നുന്നില്ലേ? പുത്രന്റെ നാമത്തിൽ സ്‌നാനമേൽക്കുന്നെങ്കിൽ മഹത്തായ അനുഗ്രഹങ്ങളാണ്‌ നിങ്ങളെ കാത്തിരിക്കുന്നത്‌.—യോഹന്നാൻ 10:9-11 വായിക്കുക.

പരിശുദ്ധാത്മാവിന്റെ നാമത്തിൽ

16, 17. പരിശുദ്ധാത്മാവിന്റെ നാമത്തിൽ സ്‌നാനമേൽക്കുക എന്നതിന്റെ അർഥമെന്ത്‌?

16 പരിശുദ്ധാത്മാവിന്റെ നാമത്തിൽ സ്‌നാനമേൽക്കുക എന്നതുകൊണ്ട്‌ എന്താണ്‌ ഉദ്ദേശിക്കുന്നത്‌? നാം മുമ്പു കണ്ടതുപോലെ പെന്തെക്കൊസ്‌ത്‌ നാളിൽ പത്രോസിന്റെ വാക്കുകൾ ശ്രവിച്ചവർക്ക്‌ പരിശുദ്ധാത്മാവിനെക്കുറിച്ച്‌ അറിയാമായിരുന്നു. വാസ്‌തവത്തിൽ, ദൈവം അപ്പോഴും പരിശുദ്ധാത്മാവിനെ ഉപയോഗിക്കുന്നു എന്നതിന്റെ തെളിവ്‌ അവരുടെ കൺമുന്നിൽത്തന്നെ ഉണ്ടായിരുന്നു. അന്ന്‌ ‘പരിശുദ്ധാത്മാവ്‌ നിറഞ്ഞവരായി വ്യത്യസ്‌ത ഭാഷകളിൽ സംസാരിക്കാൻതുടങ്ങിയവരിൽ’ ഒരാളായിരുന്നു പത്രോസ്‌. (പ്രവൃ. 2:4, 8) “നാമത്തിൽ” അല്ലെങ്കിൽ “പേരിൽ” എന്ന്‌ പറയുമ്പോൾ അത്‌ അവശ്യം ഒരു വ്യക്തിയെ കുറിക്കണമെന്നില്ല. ഉദാഹരണത്തിന്‌, പല കാര്യങ്ങളും “ഗവണ്മെന്റിന്റെ പേരിൽ” ചെയ്യുന്നതായി നാം കേൾക്കാറുണ്ട്‌. ഗവണ്മെന്റ്‌ ഒരു വ്യക്തിയല്ലല്ലോ! അതുകൊണ്ട്‌, പരിശുദ്ധാത്മാവിന്റെ നാമത്തിൽ സ്‌നാനമേൽക്കുന്ന ഒരാൾ, പരിശുദ്ധാത്മാവ്‌ ഒരു വ്യക്തിയല്ലെന്നും മറിച്ച്‌ യഹോവയുടെ പ്രവർത്തനനിരതമായ ശക്തിയാണെന്നും തിരിച്ചറിയുന്നു. ദിവ്യോദ്ദേശ്യം നടപ്പാക്കുന്നതിൽ പരിശുദ്ധാത്മാവ്‌ വഹിക്കുന്ന പങ്കിനെ അംഗീകരിക്കുന്നെന്ന്‌ പരിശുദ്ധാത്മാവിന്റെ നാമത്തിൽ സ്‌നാനമേൽക്കുന്ന ഒരു വ്യക്തി പ്രകടമാക്കും.

17 ബൈബിൾ പഠനത്തിലൂടെ നിങ്ങൾ പരിശുദ്ധാത്മാവിനെക്കുറിച്ച്‌ മനസ്സിലാക്കിയിട്ടുണ്ട്‌. ഉദാഹരണത്തിന്‌, തിരുവെഴുത്തുകൾ പരിശുദ്ധാത്മാവിനാൽ നിശ്വസ്‌തമാക്കപ്പെട്ടതാണെന്ന്‌ നിങ്ങൾ അറിയാൻ ഇടയായി. (2 തിമൊ. 3:16) ‘സ്വർഗസ്ഥനായ പിതാവ്‌ തന്നോടു ചോദിക്കുന്നവർക്ക്‌ (നിങ്ങൾക്കും) പരിശുദ്ധാത്മാവിനെ നൽകും’ എന്ന വസ്‌തുത, ആത്മീയമായി പുരോഗമിക്കവെ നിങ്ങൾ മനസ്സിലാക്കി. (ലൂക്കോ. 11:13) നിങ്ങളുടെ ജീവിതത്തിൽ പരിശുദ്ധാത്മാവ്‌ പ്രവർത്തിക്കുന്നത്‌ എങ്ങനെയെന്ന്‌ നിങ്ങൾ കണ്ടിട്ടുണ്ടാകും. ഇനി, നിങ്ങൾ ഇതുവരെയും സ്‌നാനമേറ്റിട്ടില്ലെങ്കിലോ? പിതാവ്‌ പരിശുദ്ധാത്മാവിനെ നൽകും എന്ന ഉറപ്പ്‌ യേശു നൽകിയിരിക്കുന്നതുകൊണ്ട്‌ പരിശുദ്ധാത്മാവിന്റെ നാമത്തിൽ സ്‌നാനമേൽക്കുന്നപക്ഷം നിങ്ങളെ കാത്തിരിക്കുന്നത്‌ സമൃദ്ധമായ അനുഗ്രഹങ്ങളാണ്‌.

18. പരിശുദ്ധാത്മാവിന്റെ നാമത്തിൽ സ്‌നാനമേൽക്കുന്നവർക്ക്‌ എന്ത്‌ അനുഗ്രഹങ്ങൾ ലഭിക്കുന്നു?

18 ഇന്നും യഹോവ ക്രിസ്‌തീയ സഭയെ തന്റെ ആത്മാവിലൂടെ നയിക്കുന്നു എന്നതിന്‌ ധാരാളം തെളിവുകളുണ്ട്‌. നമ്മുടെ ഓരോരുത്തരുടെയും ദൈനംദിന പ്രവർത്തനങ്ങളിലും പരിശുദ്ധാത്മാവ്‌ നമ്മെ സഹായിക്കുന്നു. പരിശുദ്ധാത്മാവിന്റെ നാമത്തിൽ സ്‌നാനമേറ്റിരിക്കുന്ന നാം നമ്മുടെ ജീവിതത്തിൽ അതു വഹിക്കുന്ന പങ്ക്‌ തിരിച്ചറിയുകയും അതിനോട്‌ സഹകരിച്ചു പ്രവർത്തിക്കുകയും വേണം. യഹോവയ്‌ക്കുള്ള നമ്മുടെ സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കാൻ കഴിയുന്നത്‌ എങ്ങനെയാണെന്നും അതിൽ പരിശുദ്ധാത്മാവിന്റെ പങ്കെന്താണെന്നും ചിലർ ചിന്തിച്ചേക്കാം. അത്‌ നാം അടുത്ത ലേഖനത്തിൽ പഠിക്കും.

[അടിക്കുറിപ്പുകൾ]

^ ഖ. 7 ദൈവമുണ്ടെന്നു വിശ്വസിക്കുന്ന, എന്നാൽ ദൈവത്തിന്‌ തന്റെ സൃഷ്ടികളുടെ ക്ഷേമത്തിൽ താത്‌പര്യമില്ല എന്നു കരുതുന്നവരാണ്‌ ഈശ്വരവാദികൾ.

^ ഖ. 10 1981 ഒക്‌ടോബർ 22 ലക്കം ഉണരുക!യുടെ (ഇംഗ്ലീഷ്‌) 3-8 പേജുകൾ കാണുക.

നിങ്ങൾ ഓർമിക്കുന്നുവോ?

• പിതാവിന്റെ നാമത്തിൽ സ്‌നാനമേൽക്കുന്നതിൽ എന്ത്‌ ഉൾപ്പെട്ടിരിക്കുന്നു?

• പുത്രന്റെ നാമത്തിൽ സ്‌നാനമേൽക്കുക എന്നാൽ എന്താണ്‌ അർഥം?

• പിതാവിന്റെയും പുത്രന്റെയും നാമത്തിൽ സ്‌നാനമേൽക്കുന്നതിന്റെ പ്രാധാന്യം വിലമതിക്കുന്നുവെന്ന്‌ നിങ്ങൾക്ക്‌ എങ്ങനെ കാണിക്കാം?

• പരിശുദ്ധാത്മാവിന്റെ നാമത്തിൽ സ്‌നാനമേൽക്കുക എന്നതിന്റെ അർഥമെന്ത്‌?

[അധ്യയന ചോദ്യങ്ങൾ]

[10-ാം പേജിലെ ചിത്രക്കുറിപ്പ്‌]

യെരുശലേമിലെ ഇസ്രായേൽ മ്യൂസിയത്തിന്റെ അനുമതിയോടെ

[കടപ്പാട്‌]

എ.ഡി. 33-ലെ പെന്തെക്കൊസ്‌തിനുശേഷം പുതിയ ശിഷ്യന്മാർ പിതാവുമായി ഏതു ബന്ധത്തിലേക്കുവന്നു?