വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകം മാറ്റിമറിച്ച മനുഷ്യൻ

ലോകം മാറ്റിമറിച്ച മനുഷ്യൻ

ലോകം മാറ്റിമറിച്ച മനുഷ്യൻ

ഈ ഭൂമിയിൽ ജീവിച്ചുമരിച്ച കോടിക്കണക്കിനാളുകളുണ്ട്‌. ഒരു കാൽപ്പാടുപോലും ശേഷിപ്പിക്കാതെ കാലയവനികയ്‌ക്കുള്ളിൽ മറയുകയായിരുന്നു അവരിൽ പലരും. എന്നാൽ ചിലർക്കെങ്കിലും ചരിത്രത്തിന്റെ താളുകളിൽ സ്വന്തമായൊരു കീർത്തിമുദ്ര പതിപ്പിക്കാനായിട്ടുണ്ട്‌. അവരുടെ നേട്ടങ്ങൾ തൊട്ടറിയാത്ത ഒരു ദിവസംപോലും നമ്മുടെ ജീവിതത്തിലില്ലെന്നു പറയാം.

രാവിലെ എഴുന്നേറ്റ്‌ ജോലിക്കുപോകാൻ തയ്യാറെടുക്കുകയാണ്‌ നിങ്ങൾ. ഒരുങ്ങാൻനേരം നിങ്ങൾ സ്വിച്ച്‌ബോർഡിൽ വിരലമർത്തുന്നു. ഉടനെ മുറിയിൽ പ്രകാശം പരക്കുകയായി. ഇറങ്ങാറാകുമ്പോൾ ബസ്സിലിരുന്നു വായിക്കാനായി നിങ്ങൾ ഒരു മാസിക കൈയിലെടുക്കുന്നു. അപ്പോഴാണ്‌ മരുന്നു കഴിക്കുന്ന കാര്യം നിങ്ങൾക്ക്‌ ഓർമവന്നത്‌. ഉടനെ, ഡോക്‌ടർ കുറിച്ചുതന്ന ആ ആന്റിബയോട്ടിക്‌ നിങ്ങൾ കഴിക്കുന്നു. ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ, പ്രതിഭാശാലികളായ എത്ര മഹാന്മാരുടെ കണ്ടുപിടിത്തങ്ങളാണ്‌ നിങ്ങൾക്ക്‌ ഉപകാരപ്പെട്ടത്‌!

മൈക്കൽ ഫാരഡെ 1791-ൽ ജനിച്ച ഇംഗ്ലീഷുകാരനായ ഈ ഭൗതികശാസ്‌ത്രജ്ഞനാണ്‌ ഇലക്‌ട്രിക്‌ മോട്ടോറും ഡൈനാമോയും കണ്ടുപിടിച്ചത്‌. വൈദ്യുതി സാധാരണക്കാരനിലേക്ക്‌ എത്തിച്ചത്‌ അദ്ദേഹത്തിന്റെ ശ്രമങ്ങളാണ്‌.

ത്‌സായ്‌ ലുൻ കടലാസ്‌ നിർമാണരീതി കണ്ടുപിടിച്ചതിനുള്ള ബഹുമതി ഒരു ചൈനീസ്‌ ചക്രവർത്തിയുടെ കൊട്ടാര ഉദ്യോഗസ്ഥനായിരുന്ന ത്‌സായ്‌ ലുന്നിന്‌ അവകാശപ്പെട്ടതാണ്‌. ഏകദേശം എ.ഡി. 105-ലായിരുന്നു ഈ കണ്ടുപിടിത്തം. കടലാസ്‌ വൻതോതിൽ ഉത്‌പാദിപ്പിക്കാൻ ഈ വിദ്യ സഹായകമായി.

ജോഹാനസ്‌ ഗുട്ടൻബെർഗ്‌ ഏതാണ്ട്‌ 1450-ൽ, ജർമൻകാരനായ ഗുട്ടൻബെർഗ്‌ സവിശേഷമായ ഒരു അച്ചടി സംവിധാനം കണ്ടുപിടിച്ചു. ഓരോ അക്ഷരങ്ങൾക്കും, മാറ്റിവെക്കാൻ കഴിയുന്ന വെവ്വേറെ അച്ചുകൾ അദ്ദേഹം ഉണ്ടാക്കി. ചെലവുകുറഞ്ഞ അച്ചടി എന്ന സങ്കൽപ്പം അതോടെ യാഥാർഥ്യമായി. മനുഷ്യന്റെ അറിവിന്റെ ചക്രവാളം വികസിക്കാൻ ഈ മുന്നേറ്റം ഏറെ സഹായിച്ചുവെന്ന്‌ പറയാം.

അലക്‌സാണ്ടർ ഫ്‌ളെമിങ്‌ 1928-ൽ, സ്‌കോട്ട്‌ലൻഡുകാരനായ ഈ ഗവേഷകൻ, ബാക്‌ടീരിയയെ നശിപ്പിക്കാൻ കഴിവുള്ള ആന്റിബയോട്ടിക്‌ കണ്ടുപിടിച്ചു. ഈ പദാർഥത്തിന്‌ അദ്ദേഹം പെൻസിലിൻ എന്ന്‌ നാമകരണം ചെയ്‌തു. ആന്റിബയോട്ടിക്കുകളില്ലാത്ത ഒരു അവസ്ഥ ആധുനിക വൈദ്യശാസ്‌ത്രത്തിന്‌ ഇന്ന്‌ സങ്കൽപ്പിക്കാൻപോലുമാകില്ല.

പ്രതിഭാശാലികളായ ഇത്തരം ചിലരുടെ കണ്ടുപിടിത്തങ്ങൾ ജനജീവിതപരിണാമത്തെ ഒരളവുവരെ സ്വാധീനിച്ചിട്ടുണ്ട്‌ എന്നതിനു തർക്കമില്ല.

എന്നാൽ മനുഷ്യജീവിതത്തെ ഇതിനെക്കാളൊക്കെ സ്വാധീനിച്ച ഒരു വ്യക്തിയുണ്ട്‌. അദ്ദേഹത്തെ മഹാനാക്കിയത്‌ ശാസ്‌ത്രീയരംഗത്തോ ചികിത്സാരംഗത്തോ അദ്ദേഹം കൈവരിച്ച നേട്ടങ്ങളല്ല. ഏതാണ്ട്‌ 2,000 വർഷംമുമ്പ്‌ ജീവിച്ചുമരിച്ച ആ മനുഷ്യൻ വാസ്‌തവത്തിൽ സാധാരണക്കാരിൽ സാധാരണക്കാരനായിരുന്നു. അദ്ദേഹത്തിന്റെ സന്ദേശം നൂറ്റാണ്ടുകൾക്കിപ്പുറം ഇന്നും മാനവരാശിക്ക്‌ പ്രത്യാശയും സാന്ത്വനവുമേകുന്നു. ആ സന്ദേശം ജനഹൃദയങ്ങളിൽ ചെലുത്തിയ പ്രഭാവം കണക്കിലെടുത്താൽ, അദ്ദേഹത്തെപ്പോലെ ചരിത്രത്തിന്റെ ഗതി തിരുത്തിക്കുറിക്കാൻ കഴിഞ്ഞിട്ടുള്ള മറ്റാരുമില്ലെന്ന നിഗമനത്തിലായിരിക്കും നാം ചെന്നെത്തുക.

യേശുക്രിസ്‌തുവാണ്‌ ആ മഹാപുരുഷൻ! അദ്ദേഹം ഘോഷിച്ച സന്ദേശം എന്തായിരുന്നു? ആ സന്ദേശത്തിന്‌ നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കാനാകുമോ?