വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജനഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്ന സന്ദേശം

ജനഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്ന സന്ദേശം

ജനഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്ന സന്ദേശം

“കഫർന്നഹൂമിലെ ആ മഹാനുഭാവൻ ഇന്നും ജനഹൃദയങ്ങളിൽ ഒരു സൗമ്യസാന്നിധ്യമായി നിലകൊള്ളുന്നു. അങ്ങനെയൊരു മഹാവ്യക്തിത്വം ഒരുകാലത്ത്‌ ജീവിച്ചിരുന്നുവെന്നതിന്റെ അനിഷേധ്യമായ സാക്ഷ്യമാണത്‌.” *​—⁠എഴുത്തുകാരനായ ഗ്രെഗ്‌ ഈസ്റ്റർബ്രുക്ക്‌.

വാക്കുകൾക്ക്‌ ഏറെ ശക്തിയുണ്ട്‌. ജ്ഞാനസമ്പുഷ്ടമായ വാക്കുകൾ മനസ്സുകളെ കീഴടക്കും, ഹൃദയങ്ങൾക്ക്‌ പ്രത്യാശ പകരും, ജീവിതങ്ങൾ മാറ്റിമറിക്കും. യേശുവിനെപ്പോലെ അത്രയും കരുത്തോടെ സംസാരിച്ചിട്ടുള്ള വേറൊരാൾ അവനു മുമ്പും ശേഷവും ഉണ്ടായിട്ടില്ല. ഗിരിപ്രഭാഷണം എന്ന പേരിൽ പ്രസിദ്ധമായ യേശുവിന്റെ ജീവവചസ്സുകൾ ശ്രവിക്കാനിടയായ ഒരു വ്യക്തി പിന്നീട്‌ ഇങ്ങനെ എഴുതി: “യേശു ഈ വചനങ്ങൾ പറഞ്ഞുതീർന്നപ്പോൾ ജനക്കൂട്ടം അവന്റെ പഠിപ്പിക്കലിൽ വിസ്‌മയിച്ചു.”—മത്തായി 7:28.

ആ ജീവനസൂക്തങ്ങളിൽ പലതും ലോകമെങ്ങുമുള്ള ആളുകൾക്ക്‌ സുപരിചിതങ്ങളാണ്‌. അർഥസമ്പുഷ്ടവും അതീവ ഹൃദ്യവുമായ ആ വചസ്സുകളിൽ ചിലതാണ്‌ താഴെ കൊടുത്തിരിക്കുന്നത്‌:

“രണ്ടുയജമാനന്മാരെ സേവിക്കാൻ ആർക്കും കഴിയുകയില്ല.”—മത്തായി 6:24.

“മറ്റുള്ളവർ നിങ്ങൾക്കു ചെയ്യണമെന്ന്‌ നിങ്ങൾ ആഗ്രഹിക്കുന്നതൊക്കെയും നിങ്ങൾ അവർക്കും ചെയ്യുവിൻ.”—മത്തായി 7:12.

“കൈസർക്കുള്ളതു കൈസർക്കും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുക്കുക.”—മത്തായി 22:21.

“വാങ്ങുന്നതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലത്രേ.”—പ്രവൃത്തികൾ 20:35.

കേവലം കുറെ ആധ്യാത്മിക സൂക്തങ്ങൾ ഉരുവിടുകയായിരുന്നില്ല യേശു. അവന്റെ വായിൽനിന്നു പുറപ്പെട്ട വചനങ്ങളിൽ ദൈവത്തെക്കുറിച്ചുള്ള സത്യമുണ്ടായിരുന്നു. ജീവിതത്തെ അർഥപൂർണമാക്കാൻ എന്തു ചെയ്യണമെന്ന്‌ അവൻ ആളുകളെ പഠിപ്പിച്ചു. മനുഷ്യന്റെ ദുരിതങ്ങൾക്കുള്ള ഏക പരിഹാരത്തിലേക്ക്‌​—⁠ദൈവരാജ്യത്തിലേക്ക്‌—അവൻ ആളുകളുടെ ശ്രദ്ധ ക്ഷണിച്ചു. തുടർന്നുള്ള താളുകളിൽ ആ സന്ദേശം വിശകലനം ചെയ്യുകയാണു ഞങ്ങൾ. അതു വായിക്കുമ്പോൾ, യേശു ഇന്നും “ജനഹൃദയങ്ങളിൽ ഒരു സൗമ്യസാന്നിധ്യമായി നിലകൊള്ളു”ന്നത്‌ എന്തുകൊണ്ടാണെന്ന്‌ നിങ്ങൾക്കു മനസ്സിലാകും.

[അടിക്കുറിപ്പ്‌]

^ ഖ. 2 ഗലീലയിലെ കഫർന്നഹൂമിനെ യേശുവിന്റെ സ്വന്തപട്ടണമായി വിശേഷിപ്പിച്ചിട്ടുണ്ട്‌.—മർക്കോസ്‌ 2:1.