വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യേശുക്രിസ്‌തുവിന്റെ സന്ദേശം നിങ്ങൾ കൈക്കൊള്ളുമോ?

യേശുക്രിസ്‌തുവിന്റെ സന്ദേശം നിങ്ങൾ കൈക്കൊള്ളുമോ?

യേശുക്രിസ്‌തുവിന്റെ സന്ദേശം നിങ്ങൾ കൈക്കൊള്ളുമോ?

“ഞാൻ വന്നതോ അവർക്കു ജീവൻ ഉണ്ടാകേണ്ടതിനും അതു സമൃദ്ധമായി ഉണ്ടാകേണ്ടതിനുമത്രേ.” —യോഹന്നാൻ 10:10.

യേശുക്രിസ്‌തു ഭൂമിയിൽ വന്നത്‌ തനിക്കായി ഒന്നും നേടാനല്ല, മറിച്ച്‌ മറ്റുള്ളവർക്ക്‌ പലതും നൽകാനാണ്‌. തന്റെ ശുശ്രൂഷയിലൂടെ വിലതീരാത്ത ഒരു സമ്മാനമാണ്‌ അവൻ മനുഷ്യവർഗത്തിന്‌ നൽകിയത്‌—ദൈവത്തെയും ദൈവഹിതത്തെയും കുറിച്ചുള്ള സത്യം വെളിപ്പെടുത്തുന്ന ഒരു സന്ദേശം. ആ സന്ദേശം കൈക്കൊള്ളുന്നവർക്ക്‌ ഇപ്പോൾത്തന്നെ നല്ല ഒരു ജീവിതം നയിക്കാൻ കഴിയും. ദശലക്ഷക്കണക്കിനുവരുന്ന സത്യക്രിസ്‌ത്യാനികളുടെ ജീവിതം അതിനുള്ള സാക്ഷ്യപത്രമാണ്‌. * യേശു പ്രസംഗിച്ച സന്ദേശത്തിന്‌ കാതലായ ഒരു വശമുണ്ട്‌. നമുക്കുവേണ്ടി നൽകപ്പെട്ട അവന്റെ പൂർണതയുള്ള ജീവനെക്കുറിച്ചുള്ളതാണ്‌ അത്‌. അതെ, യേശു നമുക്കായി നൽകിയ ഏറ്റവും വിലപ്പെട്ട സമ്മാനം! ഈ സമ്മാനത്തെ നാം എങ്ങനെ വീക്ഷിക്കുമെന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും നമുക്ക്‌ നിത്യജീവൻ ലഭിക്കുമോ ഇല്ലയോ എന്നു തീരുമാനിക്കപ്പെടുന്നത്‌.

ദൈവവും ക്രിസ്‌തുവും നമുക്കായി നൽകിയത്‌ ശത്രുക്കളുടെ കൈയാൽ താൻ വേദനാകരമായ വിധത്തിൽ മരിക്കേണ്ടിവരുമെന്ന്‌ യേശുവിന്‌ അറിയാമായിരുന്നു. (മത്തായി 20:17-19) എന്നാൽ യോഹന്നാൻ 3:16-ൽ യേശു പറഞ്ഞത്‌, “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്‌ അവനെ നൽകുവാൻ തക്കവണ്ണം ദൈവം ലോകത്തെ അത്രമേൽ സ്‌നേഹിച്ചു” എന്നാണ്‌. താൻ വന്നത്‌ “ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകർക്കുവേണ്ടി തന്റെ ജീവൻ മറുവിലയായി കൊടുക്കാനുമത്രേ” എന്നും യേശു പറഞ്ഞു. (മത്തായി 20:28) ഈ വാക്യങ്ങളിൽ, തന്റെ ജീവനോടു ബന്ധപ്പെട്ട്‌ യേശു നൽകുക, കൊടുക്കുക എന്നീ പദങ്ങൾ ഉപയോഗിച്ചത്‌ എന്തുകൊണ്ടായിരുന്നു?

മനുഷ്യവർഗത്തോടുള്ള ദൈവത്തിന്റെ നിസ്സീമമായ സ്‌നേഹം അവരെ പാപത്തിൽനിന്നും അതിന്റെ പരിണിതഫലങ്ങളായ അപൂർണതയിൽനിന്നും മരണത്തിൽനിന്നും മോചിപ്പിക്കാനുള്ള ക്രമീകരണം ചെയ്യാൻ ദൈവത്തെ പ്രേരിപ്പിച്ചു. അങ്ങനെ, ത്യാഗപൂർണമായ മരണം വരിക്കാൻ ദൈവം തന്റെ ഏകജാത പുത്രനെ ഭൂമിയിലേക്ക്‌ അയച്ചു. യേശു സ്വമനസ്സാലെ തന്റെ പൂർണ മനുഷ്യജീവൻ നമുക്കായി നൽകി. ഇതിനെയാണ്‌ ബൈബിൾ മറുവില എന്നു വിളിക്കുന്നത്‌. മനുഷ്യവർഗത്തിന്‌ ദൈവം നൽകിയ അത്യുദാത്തമായ ദാനം! * നമ്മെ നിത്യജീവനിലേക്കു നയിക്കാൻ അതിനു കഴിയും.

നിങ്ങൾ എന്തു ചെയ്യണം? മറുവില വ്യക്തിപരമായി നിങ്ങൾക്ക്‌ നൽകപ്പെട്ട ഒരു സമ്മാനമാണോ? അതു തീരുമാനിക്കേണ്ടത്‌ നിങ്ങളാണ്‌. ഒരാൾ ഒരു സമ്മാനം നിങ്ങൾക്ക്‌ വെച്ചുനീട്ടുകയാണെന്നു കരുതുക. നിങ്ങൾ കൈനീട്ടി അതു വാങ്ങുമ്പോഴാണ്‌ അത്‌ നിങ്ങളുടേതാകുന്നത്‌. അതുപോലെ മറുവില എന്ന സമ്മാനം യഹോവ നിങ്ങൾക്ക്‌ വെച്ചുനീട്ടുന്നു. നിങ്ങൾ കൈനീട്ടി അത്‌ സ്വീകരിക്കാത്തിടത്തോളം ആ സമ്മാനം നിങ്ങളുടേതാകുകയില്ല.

തന്നിൽ “വിശ്വസിക്കുന്ന”വർക്കാണ്‌ നിത്യജീവൻ ലഭിക്കുന്നത്‌ എന്ന്‌ യേശു പറഞ്ഞു. യേശുവിലുള്ള വിശ്വാസം ജീവിതംകൊണ്ട്‌ തെളിയിക്കേണ്ട ഒന്നാണ്‌. (യാക്കോബ്‌ 2:26) യേശുവിൽ വിശ്വസിക്കുക എന്നാൽ അവൻ പറഞ്ഞതും ചെയ്‌തതുമായ കാര്യങ്ങൾക്ക്‌ അനുസൃതമായി നിങ്ങളുടെ ജീവിതത്തെ അനുരൂപപ്പെടുത്തുക എന്നാണ്‌. അതിന്‌ നിങ്ങൾ യേശുവിനെയും അവന്റെ പിതാവിനെയും അറിയേണ്ടതുണ്ട്‌. യേശു ഒരിക്കൽ ഇങ്ങനെ പറഞ്ഞു: “ഏകസത്യദൈവമായ നിന്നെയും നീ അയച്ച യേശുക്രിസ്‌തുവിനെയും . . . അറിയുന്നതല്ലോ നിത്യജീവൻ.”—യോഹന്നാൻ 17:3.

ഏതാണ്ട്‌ 2,000 വർഷംമുമ്പ്‌ യേശുക്രിസ്‌തു ഘോഷിച്ച ആ സന്ദേശം ലോകമെമ്പാടുമുള്ള ദശലക്ഷങ്ങളുടെ ജീവിതത്തിനു പരിവർത്തനം വരുത്തിയിട്ടുണ്ട്‌. നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും ആ സന്ദേശത്തിൽനിന്ന്‌ പ്രയോജനം നേടാൻ കഴിയും, ഇപ്പോൾ മാത്രമല്ല നിത്യതയിലെന്നും. ആ സന്ദേശത്തെക്കുറിച്ച്‌ കൂടുതലായി അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളെ സഹായിക്കാൻ യഹോവയുടെ സാക്ഷികൾക്ക്‌ സന്തോഷമേയുള്ളൂ.

തുടർന്നുള്ള ലേഖനങ്ങൾ യേശുക്രിസ്‌തുവിനെക്കുറിച്ച്‌ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ നിങ്ങളെ സഹായിക്കും. അതെ, ആ മഹാപുരുഷനെ അടുത്തറിയുന്നത്‌ നിങ്ങളുടെ ജീവിതം ധന്യമാക്കും! (w10-E  04/01)

[അടിക്കുറിപ്പുകൾ]

^ ഖ. 3 ക്രിസ്‌ത്യാനിയാണെന്ന്‌ അവകാശപ്പെടുന്നതുകൊണ്ട്‌ ഒരാൾ ക്രിസ്‌തുവിന്റെ യഥാർഥ അനുഗാമിയാകുന്നില്ല. ദൈവത്തെയും ദൈവഹിതത്തെയും കുറിച്ച്‌ യേശു പഠിപ്പിച്ച സത്യങ്ങൾ അനുസരിച്ച്‌ ജീവിക്കുന്നവരാണ്‌ യേശുവിന്റെ യഥാർഥ അനുഗാമികൾ.—മത്തായി 7:21-23.

^ ഖ. 5 മറുവിലയെന്ന തിരുവെഴുത്ത്‌ ഉപദേശത്തെക്കുറിച്ച്‌ കൂടുതൽ അറിയാൻ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌തകത്തിലെ “മറുവില—ദൈവത്തിന്റെ ഏറ്റവും വലിയ ദാനം” എന്ന 5-ാം അധ്യായം കാണുക.