വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യാഥാർഥ്യങ്ങൾ × കെട്ടുകഥകൾ യേശുവിനെക്കുറിച്ചുള്ള വസ്‌തുതകൾ

യാഥാർഥ്യങ്ങൾ × കെട്ടുകഥകൾ യേശുവിനെക്കുറിച്ചുള്ള വസ്‌തുതകൾ

യാഥാർഥ്യങ്ങൾ × കെട്ടുകഥകൾ യേശുവിനെക്കുറിച്ചുള്ള വസ്‌തുതകൾ

നിങ്ങൾ എന്തു വിചാരിക്കുന്നു? പിൻവരുന്ന പ്രസ്‌താവനകൾ വസ്‌തുതകളോ കെട്ടുകഥകളോ?

യേശു ജനിച്ചത്‌ ഡിസംബർ 25-നാണ്‌.

കാലിത്തൊഴുത്തിൽ മൂന്നുജ്ഞാനികൾ യേശുവിനെ സന്ദർശിച്ചു.

മറിയയ്‌ക്ക്‌ യേശുവല്ലാതെ മറ്റു മക്കളില്ലായിരുന്നു.

യേശു ദൈവത്തിന്റെ അവതാരമായിരുന്നു.

യേശു ദൈവപുത്രനായിരുന്നു.

മേൽപ്പറഞ്ഞ പ്രസ്‌താവനകൾ എല്ലാം ശരിയാണെന്നു വിശ്വസിക്കുന്നവരാണ്‌ മിക്കവരും. ഇനി, സത്യാവസ്ഥ മനസ്സിലാക്കാൻ യാതൊരു മാർഗവുമില്ലെന്ന്‌ ചിന്തിക്കുന്നവരുമുണ്ട്‌. ‘യേശുവിൽ വിശ്വസിച്ചാൽ മതി; ഇതൊക്കെ തെറ്റാണോ ശരിയാണോ എന്നു പരിശോധിക്കേണ്ട കാര്യമൊന്നുമില്ല’ എന്നായിരിക്കാം അവർ കരുതുന്നത്‌.

എന്നാൽ ബൈബിളിന്റെ വീക്ഷണം തികച്ചും വ്യത്യസ്‌തമാണ്‌. “കർത്താവായ യേശുക്രിസ്‌തുവിനെക്കുറിച്ചുള്ള പരിജ്ഞാനം” നേടണമെന്നാണ്‌ അത്‌ നമ്മോടു പറയുന്നത്‌. (2 പത്രോസ്‌ 1:8) സുവിശേഷ വിവരണങ്ങൾ പരിശോധിച്ചാൽ നമുക്ക്‌ ആ പരിജ്ഞാനം നേടാനാകും. കാരണം അവയിൽ യേശുവിനെക്കുറിച്ചുള്ള സത്യമുണ്ട്‌. യാഥാർഥ്യങ്ങളും കെട്ടുകഥകളും വേർതിരിച്ചറിയാൻ ആ വിവരണങ്ങൾ നമ്മെ സഹായിക്കും. അതുകൊണ്ട്‌ സുവിശേഷങ്ങളുടെ വെളിച്ചത്തിൽ മേൽപ്പറഞ്ഞ വിശ്വാസങ്ങൾ നമുക്കൊന്നു വിലയിരുത്താം.

വിശ്വാസം: യേശു ജനിച്ചത്‌ ഡിസംബർ 25-നാണ്‌.

കെട്ടുകഥയോ യാഥാർഥ്യമോ? കെട്ടുകഥ.

യേശു ജനിച്ച മാസമോ തീയതിയോ ബൈബിൾ പറയുന്നില്ല. അപ്പോൾപ്പിന്നെ ഡിസംബർ 25 എങ്ങനെ യേശുവിന്റെ ജന്മദിനമായി? ക്രിസ്‌ത്യാനികളെന്ന്‌ അവകാശപ്പെട്ട ചിലർ, “ഈ ദിവസം തിരഞ്ഞെടുത്തത്‌ . . . സൂര്യന്റെ ദക്ഷിണായനവുമായി ബന്ധപ്പെടുത്തി പുറജാതിക്കാരായ റോമൻജനത ആഘോഷിച്ചിരുന്ന മകരസംക്രാന്തിയുമായി അതിനെ ഏകീഭവിപ്പിക്കാനായിരിക്കണം” എന്ന്‌ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പറയുന്നു. “ശിശിരത്തിലെ പുറജാതീയ കാർഷികോത്സവങ്ങളോടും സൂര്യോത്സവങ്ങളോടും” ബന്ധപ്പെട്ടു നടത്തിയിരുന്ന പല പരിപാടികളും പിന്നീട്‌ ക്രൈസ്‌തവർ കടമെടുത്ത്‌ ക്രിസ്‌തുമസ്സ്‌ ആഘോഷത്തിന്റെ ഭാഗമാക്കുകയായിരുന്നു എന്നും ഈ എൻസൈക്ലോപീഡിയ പറയുന്നു.

ഡിസംബർ 25 തന്റെ ജന്മദിനമായി കൊണ്ടാടുന്നതിനെ യേശു എങ്ങനെയായിരിക്കും വീക്ഷിക്കുന്നത്‌? പിൻവരുന്ന വസ്‌തുതകളെക്കുറിച്ച്‌ ചിന്തിക്കുക: യേശുവിന്റെ ജനനത്തീയതി അജ്ഞാതമാണ്‌. യേശുവിന്റെ ജന്മദിനം ആഘോഷിക്കാൻ ബൈബിളിൽ ഒരിടത്തും പറയുന്നില്ല. ആദ്യകാല ക്രിസ്‌ത്യാനികൾ അത്‌ ആഘോഷിച്ചിരുന്നു എന്നതിനുള്ള യാതൊരു തെളിവുകളും ബൈബിളിലില്ല. എന്നാൽ യേശുവിന്റെ മരണത്തീയതി ബൈബിളിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്‌. ആ ദിനത്തിന്റെ ഓർമ ആചരിക്കാൻ യേശു തന്റെ അനുഗാമികളോട്‌ കൽപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌. * (ലൂക്കോസ്‌ 22:19) ക്രിസ്‌ത്യാനികൾ തന്റെ ജനനത്തിനല്ല, തന്റെ ബലിമരണത്തിന്‌ പ്രാധാന്യം നൽകാനാണ്‌ യേശു ആഗ്രഹിച്ചതെന്നു വ്യക്തം.—മത്തായി 20:28.

വിശ്വാസം: കാലിത്തൊഴുത്തിൽ മൂന്നുജ്ഞാനികൾ (മൂന്നുരാജാക്കന്മാർ എന്നും വിശ്വാസമുണ്ട്‌) യേശുവിനെ സന്ദർശിച്ചു.

കെട്ടുകഥയോ യാഥാർഥ്യമോ? കെട്ടുകഥ.

പുൽത്തൊട്ടിയിൽ കിടക്കുന്ന ഉണ്ണിയേശുവിനെയും സമ്മാനങ്ങളുമായി അവനെ കാണാനെത്തിയ മൂന്നുരാജാക്കന്മാരെയും ചിത്രീകരിക്കുന്ന ‘തിരുപ്പിറവി’ ദൃശ്യങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടാകണം. ഈ ദൃശ്യങ്ങൾക്കു പക്ഷേ യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ല എന്നതാണ്‌ സത്യം.

കിഴക്കുനിന്നുള്ള കുറെപ്പേർ യേശുവിനെ വണങ്ങാനായി ചെന്നിരുന്നു എന്നതു സത്യമാണ്‌. എന്നാൽ അവർ രാജാക്കന്മാരായിരുന്നില്ല, ജ്യോതിഷക്കാരായിരുന്നു. (മത്തായി 2:1) പുൽക്കൂട്ടിൽ കിടക്കുന്ന യേശുവിനെയാണോ അവർ കണ്ടത്‌? അല്ല. അവർ കാണുമ്പോൾ യേശു ഒരു വീട്ടിലായിരുന്നു. യേശു ജനിച്ച്‌ ഏതാനും മാസങ്ങൾക്കുശേഷമാണ്‌ അവർ അവനെ കണ്ടതെന്ന്‌ തെളിവുകൾ സൂചിപ്പിക്കുന്നു.—മത്തായി 2:9-11.

അവർ എത്ര പേരുണ്ടായിരുന്നു? രണ്ട്‌? മൂന്ന്‌? മുപ്പത്‌? അതേക്കുറിച്ച്‌ ബൈബിൾ ഒന്നും പറയുന്നില്ല. അവർ മൂന്നുതരം സമ്മാനങ്ങൾ കാഴ്‌ചവെച്ചു എന്നതായിരിക്കാം സന്ദർശകർ മൂന്നുപേരുണ്ടായിരുന്നു എന്ന വിശ്വാസത്തിന്‌ ആധാരം. * (മത്തായി 2:11) ഈ മൂന്നുപുരുഷന്മാർ മൂന്നുവർഗക്കാരെ പ്രതിനിധാനം ചെയ്യുന്നു എന്നു വിശ്വസിക്കുന്നവരുമുണ്ട്‌. എന്നാൽ അങ്ങനെയൊരു ആശയം തിരുവെഴുത്തുകളിലില്ല. ഈ കെട്ടുകഥ “എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ചരിത്രകാരന്റെ ഭാവനാസൃഷ്ടി”യാണെന്നാണ്‌ ഒരു സുവിശേഷ വ്യാഖ്യാനഗ്രന്ഥം പറയുന്നത്‌.

വിശ്വാസം: മറിയയ്‌ക്ക്‌ യേശുവല്ലാതെ മറ്റു മക്കളില്ലായിരുന്നു.

കെട്ടുകഥയോ യാഥാർഥ്യമോ? കെട്ടുകഥ.

യേശുവിന്‌ കൂടെപ്പിറപ്പുകൾ ഉണ്ടായിരുന്നെന്ന്‌ സുവിശേഷങ്ങൾ സൂചിപ്പിക്കുന്നു. ലൂക്കോസിന്റെ സുവിശേഷത്തിൽ യേശുവിനെ മറിയയുടെ “കടിഞ്ഞൂൽപുത്രൻ” എന്നു വിളിച്ചിരിക്കുന്നു; മറിയയ്‌ക്ക്‌ യേശുവിനെക്കൂടാതെ വേറെയും മക്കൾ ജനിച്ചു എന്നാണ്‌ അതു സൂചിപ്പിക്കുന്നത്‌. * (ലൂക്കോസ്‌ 2:7, പി.ഒ.സി. ബൈബിൾ) നസറെത്ത്‌ പട്ടണത്തിലുള്ള ചിലർ യേശുവിന്റെ കൂടെപ്പിറപ്പുകളെക്കുറിച്ച്‌ പരാമർശിച്ച ഒരു സന്ദർഭം മർക്കോസ്‌ രേഖപ്പെടുത്തുന്നു: ‘ഇവൻ യാക്കോബ്‌, യോസേഫ്‌, യൂദാ, ശിമോൻ എന്നിവരുടെ സഹോദരനല്ലയോ? ഇവന്റെ സഹോദരിമാരും ഇവിടെ നമ്മോടുകൂടെയില്ലയോ?’—മർക്കോസ്‌ 6:3; മത്തായി 12:46; യോഹന്നാൻ 7:5.

സുവിശേഷങ്ങളിൽ ഇങ്ങനെ പറയുന്നുണ്ടെങ്കിലും പല ദൈവശാസ്‌ത്രജ്ഞരും വിശ്വസിക്കുന്നത്‌ യേശു മറിയയുടെ ഏകപുത്രനാണെന്നാണ്‌. യേശുവിന്റെ സഹോദരീസഹോദരന്മാരെന്നു പറഞ്ഞിരിക്കുന്നത്‌ മറിയയുടെയോ യോസേഫിന്റെയോ സഹോദരങ്ങളുടെ മക്കളെക്കുറിച്ചാണെന്ന്‌ ചിലർ അഭിപ്രായപ്പെടുന്നു. * യോസേഫിന്‌ മറ്റൊരു സ്‌ത്രീയിൽ ജനിച്ച മക്കളാണ്‌ അവരെന്ന്‌ കരുതുന്നവരുമുണ്ട്‌. എന്നാൽ മറിയയ്‌ക്ക്‌ യേശുവിനെക്കൂടാതെ മറ്റു മക്കൾ ഇല്ലായിരുന്നെങ്കിൽ, ആ നസറെത്തുകാർ അങ്ങനെ പറയുമായിരുന്നോ? മറിയ ആ കുട്ടികളെ ഗർഭംധരിച്ചിരിക്കുന്ന സമയത്ത്‌ അവരിൽ ചിലർ അവളെ കണ്ടിട്ടുപോലുമുണ്ടാകാം. മറിയയുടെ മക്കളിൽ ഒരാൾമാത്രമാണ്‌ യേശുവെന്ന്‌ ആ പട്ടണവാസികൾക്ക്‌ അറിയാമായിരുന്നു.

വിശ്വാസം: യേശു ദൈവത്തിന്റെ അവതാരമായിരുന്നു.

കെട്ടുകഥയോ യാഥാർഥ്യമോ? കെട്ടുകഥ.

മനുഷ്യാവതാരം ചെയ്‌ത ദൈവമാണ്‌ യേശു എന്ന വിശ്വാസമാണ്‌ ത്രിത്വോപദേശത്തിന്‌ ആധാരം. ഇത്‌ കാലങ്ങളായി നിലനിൽക്കുന്ന ഒരു വിശ്വാസമാണ്‌. എന്നാൽ യേശുവിന്റെ കാലത്ത്‌ ആരും അങ്ങനെ വിശ്വസിച്ചിരുന്നില്ല. എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പറയുന്നു: “ത്രിത്വം എന്ന വാക്കോ ആശയമോ പുതിയനിയമത്തിൽ ഇല്ല. . . . പല വിവാദങ്ങളിലൂടെ കടന്നുപോയിട്ടുള്ള ഈ ഉപദേശം നൂറ്റാണ്ടുകൾകൊണ്ട്‌ രൂപപ്പെട്ടതാണ്‌.”

മനുഷ്യാവതാരമെടുത്ത ദൈവമാണ്‌ യേശു എന്നു പഠിപ്പിക്കുമ്പോൾ മതങ്ങൾ വാസ്‌തവത്തിൽ യേശുവിനെ നിന്ദിക്കുകയാണ്‌. * എങ്ങനെ? ഒരു ഉദാഹരണം കാണുക. കുറെ ജോലിക്കാർ തങ്ങളുടെ സൂപ്പർവൈസറോട്‌ ഒരു അഭ്യർഥന നടത്തുന്നു. എന്നാൽ തനിക്ക്‌ അതിനുള്ള അധികാരമില്ലെന്ന്‌ അദ്ദേഹം അവരോടു പറയുന്നു. അദ്ദേഹം പറഞ്ഞതു സത്യമാണെങ്കിൽ, തന്റെ പരിമിതികൾ മനസ്സിലാക്കി പ്രവർത്തിക്കുന്ന ഒരു നല്ല മനുഷ്യനാണ്‌ അദ്ദേഹം. പറഞ്ഞതു സത്യമല്ലെങ്കിലോ? ആ അഭ്യർഥന നിറവേറ്റിക്കൊടുക്കാൻ അധികാരമുണ്ടെന്നിരിക്കെ, തനിക്ക്‌ ആ അധികാരമില്ലെന്ന്‌ അദ്ദേഹം പറയുന്നത്‌ നുണയായിരിക്കും. അതെ, ആ സൂപ്പർവൈസർ വഞ്ചകനാണെന്നുവരും.

ഇനി, ഇതു ചിന്തിക്കുക: യേശുവിന്റെ രണ്ട്‌ അപ്പൊസ്‌തലന്മാർ, യേശുവിന്റെ രാജ്യത്തിൽ തങ്ങൾക്ക്‌ പ്രമുഖ സ്ഥാനം നൽകണമെന്ന അഭ്യർഥനയുമായി അവനെ സമീപിച്ചപ്പോൾ അവൻ എങ്ങനെയാണ്‌ പ്രതികരിച്ചത്‌? അവൻ അവരോട്‌ ഇപ്രകാരം പറഞ്ഞു: “എന്റെ വലത്തോ ഇടത്തോ ഇരുത്തുന്നതു ഞാനല്ല. ആ സ്ഥാനങ്ങൾ എന്റെ പിതാവ്‌ ആർക്കുവേണ്ടി ഒരുക്കിയിരിക്കുന്നുവോ അവർക്കുള്ളതാണ്‌.” (മത്തായി 20:23) യേശു ശരിക്കും ദൈവമായിരുന്നെങ്കിൽ അവൻ നുണപറയുകയായിരുന്നു എന്നു വരില്ലേ? വാസ്‌തവത്തിൽ, തന്റെ പിതാവിന്റെ അധികാരത്തിനു കീഴ്‌പെട്ടുകൊണ്ട്‌ യേശു എളിമ കാണിക്കുകയായിരുന്നു. അതെ, താൻ ദൈവത്തോടു സമനല്ലെന്ന്‌ അവൻ വ്യക്തമാക്കി.

വിശ്വാസം: യേശു ദൈവപുത്രനായിരുന്നു.

കെട്ടുകഥയോ യാഥാർഥ്യമോ? യാഥാർഥ്യം.

താൻ ആരാണെന്ന്‌ യേശുതന്നെ വ്യക്തമാക്കുകയുണ്ടായി. “ഞാൻ ദൈവത്തിന്റെ പുത്രൻ” എന്ന്‌ അവൻ പറഞ്ഞു. (യോഹന്നാൻ 10:36) ആർക്കുവേണമെങ്കിലും ദൈവത്തിന്റെ പുത്രനാണെന്ന്‌ അവകാശപ്പെടാനാകും എന്നതു ശരിതന്നെ. പക്ഷേ യേശുവിന്റെ അവകാശവാദം തെറ്റായിരുന്നെങ്കിൽ അതിന്റെ അർഥമെന്താണ്‌? അവൻ വലിയൊരു വഞ്ചകനാണെന്നല്ലേ?

യേശു ദൈവപുത്രനാണെന്ന്‌ ദൈവംതന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്‌. “ഇവൻ എന്റെ പ്രിയപുത്രൻ” എന്ന്‌ രണ്ടു സന്ദർഭങ്ങളിൽ ദൈവം പറഞ്ഞു. (മത്തായി 3:17; 17:5) ദൈവം നേരിട്ടു സംസാരിച്ച അപൂർവം സന്ദർഭങ്ങളേ തിരുവെഴുത്തുകൾ രേഖപ്പെടുത്തുന്നുള്ളൂ. അതിൽ രണ്ടെണ്ണവും യേശുവിനെ തന്റെ പുത്രനായി അംഗീകരിച്ചുകൊണ്ടുള്ള ദൈവത്തിന്റെ പ്രസ്‌താവനയാണ്‌! യേശു ദൈവപുത്രനാണ്‌ എന്നുള്ളതിന്‌ ഇതിനെക്കാൾ വലിയ എന്തു തെളിവാണ്‌ വേണ്ടത്‌?

യേശുവിനെക്കുറിച്ചുള്ള നിങ്ങളുടെ ഏതെങ്കിലും ധാരണ ഈ ലേഖനം തിരുത്തിക്കുറിക്കുകയുണ്ടായോ? എങ്കിൽ, സുവിശേഷങ്ങൾ കൂടുതലായി പരിശോധിക്കാൻ ഒരു ശ്രമം ചെയ്യുക. അത്‌ രസകരമായിരിക്കും എന്നു മാത്രമല്ല, പ്രയോജനകരവുമായിരിക്കും. തന്നെയും പിതാവിനെയും കുറിച്ചുള്ള സത്യം മനസ്സിലാക്കുന്നത്‌ “നിത്യജീവൻ” നേടിത്തരുമെന്ന്‌ യേശുതന്നെ പറഞ്ഞിട്ടുണ്ട്‌.—യോഹന്നാൻ 17:3.

[അടിക്കുറിപ്പുകൾ]

^ ഖ. 13 യഹൂദ കലണ്ടറനുസരിച്ച്‌ പെസഹാദിനമായ നീസാൻ 14-നാണ്‌ യേശു മരിച്ചത്‌.—മത്തായി 26:2.

^ ഖ. 18 യേശുവിനെ കാണാനെത്തിയവർ “നിക്ഷേപപാത്രങ്ങൾ തുറന്ന്‌ പൊന്നും കുന്തിരിക്കവും മീറയും അവനു കാഴ്‌ചവെച്ചു” എന്ന്‌ സുവിശേഷകാരനായ മത്തായി രേഖപ്പെടുത്തുന്നു. യേശുവിന്റെ പാവപ്പെട്ട കുടുംബത്തെ സംബന്ധിച്ചിടത്തോളം വിലപിടിപ്പുള്ള ഈ സമ്മാനങ്ങൾ തക്കസമയത്ത്‌ വന്നുചേർന്ന ഒരു സഹായമായിരുന്നു. കാരണം, താമസിയാതെതന്നെ അവർക്ക്‌ അഭയാർഥികളായി ഒരു അന്യദേശത്തേക്കു പോകേണ്ടിവരുമായിരുന്നു.—മത്തായി 2:11-15.

^ ഖ. 21 മറിയ യേശുവിനെ ഗർഭംധരിച്ചത്‌ ദൈവത്തിന്റെ പരിശുദ്ധാത്മാവിനാലായിരുന്നു. എന്നാൽ മറിയയുടെ മറ്റു കുട്ടികൾ ഭർത്താവായ യോസേഫിൽനിന്ന്‌ അവൾക്ക്‌ ജനിച്ചവരാണ്‌.—മത്തായി 1:25.

^ ഖ. 22 എ.ഡി. 383-ൽ പണ്ഡിതനായ ജെറോം ആണ്‌ ഇങ്ങനെയൊരു ആശയം കൊണ്ടുവന്നത്‌. മറിയ നിത്യകന്യകയാണെന്ന്‌ വിശ്വസിക്കുന്നവർ ഈ ആശയം ശരിയാണെന്നു കരുതുന്നവരാണ്‌. തന്റെ ഈ സിദ്ധാന്തം അബദ്ധമായിരുന്നോ എന്ന്‌ ജെറോംതന്നെ പിന്നീട്‌ സംശയം പ്രകടിപ്പിച്ചു. പക്ഷേ അപ്പോഴേക്കും പലരുടെയും മനസ്സിൽ ആ വിശ്വാസം വേരുറച്ചുപോയിരുന്നു. കത്തോലിക്കസഭയാകട്ടെ, അതിനെ ഒരു ഔദ്യോഗിക ഉപദേശമായി സ്വീകരിച്ചിരിക്കുകയാണ്‌.

^ ഖ. 26 ത്രിത്വോപദേശത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്‌ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ? എന്ന ലഘുപത്രിക കാണുക.

[14-ാം പേജിലെ ചതുരം/ചിത്രം]

ഈ വിവരങ്ങൾ നിങ്ങൾക്ക്‌ അറിയാമോ?

യേശു എങ്ങനെയുള്ള ഒരു വ്യക്തിയായിരുന്നു? നിർവികാരനായ, ആരോടും അടുക്കാത്ത, എല്ലാറ്റിനെയും ഒരുതരം വിരക്തിയോടെ കണ്ടിരുന്ന ഒരാളായിരുന്നോ? ആയിരുന്നെന്നു ചിലർ പറയുന്നു. യേശുവിനെക്കുറിച്ചുള്ള പിൻവരുന്ന വിവരങ്ങൾ അവരെ അതിശയിപ്പിച്ചേക്കാം:

• യേശു വിരുന്നുകളിൽ പങ്കെടുത്തു.—യോഹന്നാൻ 2:1-11.

• മറ്റുള്ളവരെ അനുമോദിച്ചു.—മർക്കോസ്‌ 14:6-9.

• കുട്ടികളോടൊത്ത്‌ സമയം ചെലവിട്ടു.—മർക്കോസ്‌ 10:13, 14.

• കണ്ണുനീർ വാർത്തു.—യോഹന്നാൻ 11:35.

• അനുകമ്പ കാണിച്ചു.—മർക്കോസ്‌ 1:40, 41.