വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സിനഗോഗ്‌ യേശുവും ശിഷ്യന്മാരും പ്രസംഗിച്ചിടം

സിനഗോഗ്‌ യേശുവും ശിഷ്യന്മാരും പ്രസംഗിച്ചിടം

സിനഗോഗ്‌ യേശുവും ശിഷ്യന്മാരും പ്രസംഗിച്ചിടം

“പിന്നെ അവൻ ഗലീലയിലൊക്കെയും ചുറ്റിസഞ്ചരിച്ച്‌ അവരുടെ സിനഗോഗുകളിൽ പഠിപ്പിക്കുകയും ദൈവരാജ്യത്തെക്കുറിച്ചുള്ള സുവിശേഷം പ്രസംഗിക്കുകയും . . . ചെയ്‌തു.”—മത്തായി 4:23.

യേശു സിനഗോഗുകളിൽ പോയി പഠിപ്പിച്ചിരുന്നതായി സുവിശേഷങ്ങളിൽ പലയിടങ്ങളിലും പറഞ്ഞിരിക്കുന്നു. യേശു വളർന്നുവന്ന നസറെത്ത്‌ പട്ടണത്തിലെയും അവന്റെ സ്വന്തപട്ടണമെന്നു വിശേഷിപ്പിച്ചിരിക്കുന്ന കഫർന്നഹൂമിലെയും സിനഗോഗുകളിൽ യേശു പഠിപ്പിച്ചിട്ടുണ്ട്‌. അതുപോലെ, മൂന്നര വർഷത്തെ തിരക്കേറിയ ശുശ്രൂഷക്കാലത്ത്‌ സന്ദർശിച്ച പട്ടണങ്ങളിലും ഗ്രാമങ്ങളിലുമെല്ലാം ദൈവരാജ്യത്തെക്കുറിച്ച്‌ പഠിപ്പിക്കാനും പ്രസംഗിക്കാനും യേശു പലപ്പോഴും തിരഞ്ഞെടുത്തത്‌ അവിടങ്ങളിലെ സിനഗോഗുകളാണ്‌. “എല്ലാ യഹൂദന്മാരും ഒരുമിച്ചുകൂടുന്ന സിനഗോഗിലും ആലയത്തിലുമാണ്‌ ഞാൻ പഠിപ്പിച്ചുപോന്നത്‌” എന്ന്‌ യേശു ഒരിക്കൽ പറഞ്ഞു.—യോഹന്നാൻ 18:20.

യേശുവിനെപോലെതന്നെ അവന്റെ അപ്പൊസ്‌തലന്മാരും മറ്റ്‌ ആദിമ ക്രിസ്‌ത്യാനികളും ഈ സിനഗോഗുകളിൽവെച്ചാണ്‌ പലപ്പോഴും ആളുകളെ പഠിപ്പിച്ചിരുന്നത്‌. എങ്ങനെയാണ്‌ ഈ സിനഗോഗുകൾ യഹൂദന്മാരുടെ ആരാധനാകേന്ദ്രങ്ങളായത്‌? യേശുവിന്റെ കാലത്തെ സിനഗോഗുകൾ എങ്ങനെയുള്ളവയായിരുന്നു? നമുക്കു നോക്കാം.

യഹൂദന്മാരുടെ സാമൂഹികകേന്ദ്രം യെരുശലേമിലെ ദേവാലയത്തിൽ നടക്കുന്ന പെരുന്നാളുകളിൽ സംബന്ധിക്കാൻ വർഷത്തിൽ മൂന്നുപ്രാവശ്യം യഹൂദപുരുഷന്മാർ അവിടേക്കു പോകുമായിരുന്നു. എന്നാൽ നിത്യേനയുള്ള ആരാധനയ്‌ക്കായി അവർ കൂടിവന്നിരുന്നത്‌ പ്രാദേശിക സിനഗോഗുകളിലാണ്‌. പലസ്‌തീനിലും പലസ്‌തീനുവെളിയിലുള്ള യഹൂദ കോളനികളിലുമൊക്കെ ഇതുപോലുള്ള സിനഗോഗുകളുണ്ടായിരുന്നു.

സിനഗോഗുകളുടെ ആരംഭം എപ്പോഴായിരുന്നു? ബാബിലോണിയർ യഹോവയുടെ ആലയം നശിപ്പിക്കുകയും യഹൂദന്മാരെ ബാബിലോണിലേക്ക്‌ പ്രവാസികളായി പിടിച്ചുകൊണ്ടുപോകുകയും ചെയ്‌തതിനുശേഷമുള്ള കാലഘട്ടത്തിലാണ്‌ (ബി.സി. 607-537) സിനഗോഗുകൾ നിലവിൽ വന്നത്‌ എന്ന്‌ ചിലർ വിശ്വസിക്കുന്നു. എസ്രാപുരോഹിതൻ, ന്യായപ്രമാണത്തിൽ അറിവും ഗ്രാഹ്യവും നേടാൻ പ്രവാസത്തിൽനിന്നു തിരിച്ചെത്തിയ യഹൂദന്മാരെ ഉദ്‌ബോധിപ്പിച്ചതിനെത്തുടർന്നാണ്‌ സിനഗോഗുകൾ രൂപംകൊണ്ടത്‌ എന്നാണ്‌ വേറൊരു വിശ്വാസം.—എസ്രാ 7:10; 8:1-8; 10:3.

“സിനഗോഗ്‌ എന്ന വാക്കിന്റെ അർഥം, “സമ്മിളിത കൂട്ടം” അഥവാ “സഭ” എന്നാണ്‌. സെപ്‌റ്റുവജിന്റിൽ (എബ്രായ തിരുവെഴുത്തുകളുടെ ഗ്രീക്ക്‌ പരിഭാഷ) അത്‌ ആ അർഥത്തിലാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. എന്നാൽ കാലാന്തരത്തിൽ ആ പദം ആരാധനയ്‌ക്കായി ആളുകൾ കൂടിവരുന്ന കെട്ടിടത്തെ കുറിക്കാൻ ഉപയോഗിച്ചുതുടങ്ങി. എ.ഡി. ഒന്നാം നൂറ്റാണ്ടായപ്പോഴേക്കും, യേശു സന്ദർശിച്ച എല്ലാ പട്ടണങ്ങളിലുംതന്നെ ഒരു സിനഗോഗ്‌ ഉണ്ടായിരുന്നു. നഗരങ്ങളിൽ ഒന്നിലധികം സിനഗോഗുകളുണ്ടായിരുന്നു; യെരുശലേമിലാകട്ടെ നിരവധിയും. ഇവ എങ്ങനെയുള്ള കെട്ടിടങ്ങളായിരുന്നു?

ലളിതമായ ഒരു ആരാധനാസ്ഥലം സിനഗോഗ്‌ പണിയാൻ യഹൂദന്മാർ തിരഞ്ഞെടുത്തിരുന്നത്‌ ഉയർന്ന സ്ഥലങ്ങളായിരുന്നു. സ്ഥലം തീരുമാനിച്ചുകഴിഞ്ഞാൽ അതിന്റെ പ്ലാൻ തയ്യാറാക്കുകയായി. പ്രവേശന കവാടം (1) യെരുശലേമിന്‌ അഭിമുഖമായി വരുംവിധമാണ്‌ പ്ലാൻ തയ്യാറാക്കിയിരുന്നത്‌. ഇത്തരം നിബന്ധനകൾ പിൻപറ്റുക തീർത്തും പ്രയാസമായിവരുന്ന സാഹചര്യങ്ങളിൽ ചില വിട്ടുവീഴ്‌ചകൾ ചെയ്യാറുണ്ടായിരുന്നു.

ആഢംബരങ്ങളില്ലാത്ത ലളിതമായ കെട്ടിടങ്ങളായിരുന്നു സിനഗോഗുകൾ. യഹൂദസമൂഹത്തിന്റെ വിശിഷ്ട സമ്പത്തായി കണക്കാക്കിയിരുന്ന വേദച്ചുരുളുകൾ സൂക്ഷിച്ചിരുന്ന പെട്ടകമായിരുന്നു (2) സിനഗോഗിന്റെ പ്രധാന സവിശേഷത. സിനഗോഗിലെ ഒരു പ്രത്യേക മുറിയിലാണ്‌ (3) പെട്ടകം സൂക്ഷിച്ചിരുന്നത്‌. യോഗസമയത്ത്‌ അത്‌ എടുത്തുകൊണ്ടു വരുകയും അതിനുശേഷം തിരിച്ചുകൊണ്ടുപോയി ഭദ്രമായി വെക്കുകയും ചെയ്‌തിരുന്നു.

പെട്ടകത്തിന്‌ അടുത്ത്‌ സഭയ്‌ക്ക്‌ അഭിമുഖമായി കുറെ ഇരിപ്പിടങ്ങൾ (4) സജ്ജീകരിച്ചിരുന്നു. സിനഗോഗിലെ അധ്യക്ഷന്മാർക്കും മുഖ്യ അതിഥികൾക്കും ഉള്ളതായിരുന്നു ഈ ഇരിപ്പിടങ്ങൾ. (മത്തായി 23:5, 6) ഹാളിന്റെ ഏതാണ്ട്‌ മധ്യത്തിലായി ഒരു പ്ലാറ്റ്‌ഫോമും അതിന്മേൽ ഒരു വായനാപീഠവും ഉണ്ടായിരുന്നു, അതിനടുത്തായി പ്രസംഗകനുള്ള ഒരു ഇരിപ്പിടവും (5). പ്ലാറ്റ്‌ഫോമിന്‌ അഭിമുഖമായി മൂന്നുവശത്തും, കൂടിവരുന്നവർക്കുള്ള ഇരിപ്പിടങ്ങൾ (6).

സിനഗോഗിനുവേണ്ട സാമ്പത്തിക പിന്തുണ നൽകിയിരുന്നത്‌ സ്ഥലത്തെ സഭാംഗങ്ങളാണ്‌. ധനികരും ദരിദ്രരും ഉൾപ്പെടെ എല്ലാവരും സംഭാവനകൾ നൽകിയിരുന്നു. സ്വമേധയാ നൽകപ്പെട്ടിരുന്ന ഈ സംഭാവനകൾ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾക്കും സൂക്ഷിപ്പിനുമായി ഉപയോഗിച്ചിരുന്നു. സിനഗോഗുകളിലെ യോഗങ്ങൾ എങ്ങനെയായിരുന്നു?

സിനഗോഗിലെ ആരാധന സ്‌തുതിഗീതങ്ങൾ, പ്രാർഥന, വേദവായന, പ്രസംഗം, പഠിപ്പിക്കൽ എന്നിവ ഉൾപ്പെടുന്നതായിരുന്നു സിനഗോഗിലെ ആരാധന. ഷേമ (യഹൂദന്മാരുടെ വിശ്വാസപ്രഖ്യാപനം) ചൊല്ലിക്കൊണ്ടാണ്‌ ആരാധന ആരംഭിച്ചിരുന്നത്‌. “യിസ്രായേലേ, കേൾക്ക (ഷേമ); യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ എകൻ തന്നേ” എന്ന തിരുവെഴുത്താണ്‌ ഇതിൽ ആദ്യം ചൊല്ലുന്നത്‌. (ആവർത്തനപുസ്‌തകം 6:4) അങ്ങനെയാണ്‌ ഈ വിശ്വാസപ്രഖ്യാപനത്തിന്‌ “കേൾക്ക” എന്നർഥമുള്ള ഷേമ എന്ന പേരു വന്നത്‌.

തുടർന്ന്‌, തോറയിൽനിന്നുള്ള (മോശ എഴുതിയ ആദ്യത്തെ അഞ്ച്‌ ബൈബിൾ പുസ്‌തകങ്ങൾ) വായനയും വ്യാഖ്യാനവുമാണ്‌. (പ്രവൃത്തികൾ 15:21) പ്രവചന പുസ്‌തകങ്ങളിൽനിന്നുള്ള (ഹാഫ്‌റ്ററസ്‌) വായനയും വിശദീകരണവും പ്രബോധനവുമായിരുന്നു അടുത്തത്‌. ചിലപ്പോൾ സന്ദർശകരിൽ ഒരാളായിരുന്നു ഇത്‌ നിർവഹിച്ചിരുന്നത്‌. ലൂക്കോസ്‌ 4:16-21-ൽ യേശു അങ്ങനെ ചെയ്‌തതായി രേഖപ്പെടുത്തിയിരിക്കുന്നു.

ആ അവസരത്തിൽ യേശുവിനു നൽകപ്പെട്ട ചുരുളിൽ, ഇന്നത്തെ ബൈബിളുകളിൽ കാണുന്നതുപോലെ അധ്യായങ്ങളോ വാക്യങ്ങളോ വേർതിരിച്ചുകൊടുത്തിട്ടില്ലായിരുന്നു. രണ്ടറ്റത്തുനിന്നും ചുരുട്ടിയിരിക്കുന്ന ആ ചുരുൾ നിവർത്തി തനിക്കു വായിക്കാനുള്ള ഭാഗം കണ്ടുപിടിക്കുന്ന യേശുവിനെ ഒന്ന്‌ ഭാവനയിൽ കാണുക. വായനയ്‌ക്കുശേഷം ചുരുൾ വീണ്ടും ചുരുട്ടിവെക്കുമായിരുന്നു.

ഒട്ടുമിക്കപ്പോഴും, എബ്രായ ഭാഷയിലുള്ള ലിഖിതങ്ങളാണ്‌ വായിച്ചിരുന്നത്‌. ഒപ്പം അത്‌ അരാമ്യ ഭാഷയിലേക്ക്‌ ആരെങ്കിലും തർജമ ചെയ്യുമായിരുന്നു. ഗ്രീക്ക്‌ സംസാരിക്കുന്ന സദസ്സിൽ സെപ്‌റ്റുവജിന്റാണ്‌ ഉപയോഗിച്ചിരുന്നത്‌.

നിത്യജീവിതത്തിന്റെ അവിഭാജ്യ ഘടകം യഹൂദ ജനജീവിതവുമായി കെട്ടുപിണഞ്ഞുകിടന്ന ഈ മന്ദിരങ്ങളും അവയോട്‌ ചേർന്നുണ്ടായിരുന്ന കെട്ടിടസമുച്ചയവും വിവിധങ്ങളായ ഉദ്ദേശ്യങ്ങൾക്ക്‌ ഉപകരിച്ചിരുന്നു. കോടതിവ്യവഹാരത്തിന്റെയും തീർപ്പുകളുടെയും നീതിന്യായ വേദിയായിരുന്നു സിനഗോഗുകൾ. സമുദായ യോഗങ്ങളും ഇവിടെ നടത്തിയിരുന്നു. സമ്മേളനങ്ങൾ നടക്കുന്ന അവസരങ്ങളിൽ സിനഗോഗിനോടു ചേർന്നുള്ള തീൻമുറികളിൽ സ്‌നേഹവിരുന്നുകൾ പതിവായിരുന്നു. കെട്ടിടസമുച്ചയത്തിലെ ചില മുറികളിൽ സന്ദർശകർക്കു തങ്ങാനുള്ള സൗകര്യമുണ്ടായിരുന്നു.

മിക്കവാറും എല്ലാ പട്ടണങ്ങളിലുംതന്നെ സിനഗോഗുകളിൽ ഒരു പാഠശാല ഉണ്ടായിരുന്നു. ഒരു വലിയ ക്ലാസ്സുമുറി! അവിടെ അധ്യാപകൻ മെഴുകുഫലകങ്ങളിൽ എഴുതിക്കാണിക്കുന്ന വലിയ അക്ഷരങ്ങൾ വായിക്കാൻ പഠിക്കുന്ന കുറെ കുട്ടികൾ! പാഠശാലകളിലെ ഒരു നിത്യകാഴ്‌ചയായിരുന്നു അത്‌. പ്രാചീന യഹൂദസമൂഹം സാക്ഷരരായിരുന്നതിൽ അതിശയിക്കാനില്ല. സാധാരണക്കാർക്കുപോലും തിരുവെഴുത്തുകൾ സുപരിചിതമായിരുന്നു.

ദിനംതോറുമുള്ള ആരാധനയ്‌ക്കു വേദിയൊരുക്കുകയായിരുന്നു സിനഗോഗുകളുടെ മുഖ്യധർമം. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികളുടെ യോഗങ്ങൾക്ക്‌ യഹൂദ സിനഗോഗുകളിലെ യോഗങ്ങളുമായി വലിയ സാമ്യമുണ്ടായിരുന്നു. പ്രാർഥന, സ്‌തുതിഗീതങ്ങളുടെ ആലാപനം, ബൈബിൾ വായന, ബൈബിൾ ചർച്ചകൾ എന്നിവയിലൂടെ യഹോവയെ ആരാധിക്കുകയായിരുന്നു ക്രിസ്‌തീയ യോഗങ്ങളുടെ ഉദ്ദേശ്യം. സമാനതകൾ വേറെയുമുണ്ടായിരുന്നു. ആരാധനയ്‌ക്കായുള്ള ഈ രണ്ടുക്രമീകരണങ്ങളുടെ കാര്യത്തിലും ചെലവുകൾക്കുള്ള പണം ലഭിച്ചിരുന്നത്‌ സ്വമേധാസംഭാവനകളിലൂടെയാണ്‌. ദൈവവചനം വായിച്ച്‌ വിശദീകരിക്കാനുള്ള പദവി ഏതെങ്കിലും വൈദികവൃന്ദത്തിന്റെ കുത്തകയായിരുന്നില്ല. അതുപോലെ, യോഗങ്ങളുടെ മേൽനോട്ടം സഭാമൂപ്പന്മാർക്കായിരുന്നു.

അന്ന്‌ യേശുവും ശിഷ്യന്മാരും വെച്ച അതേ മാതൃകയാണ്‌ ഇന്ന്‌ യഹോവയുടെ സാക്ഷികളും പിന്തുടരുന്നത്‌. അതുകൊണ്ടുതന്നെ അവരുടെ ആരാധനാലയങ്ങളിൽ (രാജ്യഹാളുകളിൽ) നടക്കുന്ന യോഗങ്ങൾക്കും പുരാതന സിനഗോഗുകളിലെ യോഗങ്ങളുമായി ചില സമാനതകളുണ്ട്‌. എക്കാലവും സത്യത്തെ സ്‌നേഹിച്ചിരുന്നവർ കൂടിവന്നിരുന്നത്‌ ഒരൊറ്റ ലക്ഷ്യത്തിലാണ്‌​—⁠‘ദൈവത്തോട്‌ അടുത്തു ചെല്ലുക.’—യാക്കോബ്‌ 4:8.

[16, 17 പേജുകളിലെ ചിത്രക്കുറിപ്പ്‌]

ഒന്നാം നൂറ്റാണ്ടിലെ ഗാംല സിനഗോഗിന്റെ പ്ലാൻ അനുസരിച്ചാണ്‌ ഇത്‌ പുനർനിർമിച്ചിരിക്കുന്നത്‌

[18-ാം പേജിലെ ചിത്രക്കുറിപ്പ്‌]

സിനഗോഗുകളിലെ പാഠശാലകളിൽ 6-നും 13-നും ഇടയ്‌ക്ക്‌ പ്രായമുള്ള ആൺകുട്ടികളെ വിദ്യ അഭ്യസിപ്പിച്ചിരുന്നു