വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അവൻ ക്ഷമിക്കാൻ പഠിച്ചു

അവൻ ക്ഷമിക്കാൻ പഠിച്ചു

അവരുടെ വിശ്വാസം അനുകരിക്കുക

അവൻ ക്ഷമിക്കാൻ പഠിച്ചു

തന്റെയും ഗുരുവിന്റെയും കണ്ണുകൾ തമ്മിലിടഞ്ഞ ആ നിമിഷം പത്രോസ്‌ ഒരിക്കലും മറക്കില്ല. യേശുവിന്റെ കണ്ണുകളിൽ പത്രോസ്‌ എന്താണു കണ്ടത്‌? വേദനയോ അതോ കുറ്റപ്പെടുത്തലോ? അത്‌ എന്താണെന്ന്‌ ഉറപ്പിച്ചുപറയാൻ നമുക്കാവില്ല. “കർത്താവ്‌ തിരിഞ്ഞ്‌ പത്രോസിനെ നോക്കി” എന്നു മാത്രമേ ബൈബിൾ പറയുന്നുള്ളൂ. (ലൂക്കോസ്‌ 22:61) എന്തായാലും, ആ ഒറ്റനോട്ടംകൊണ്ട്‌ തന്റെ തെറ്റിന്റെ ആഴം പത്രോസിനു മനസ്സിലായി. ഒരിക്കലും ഗുരുവിനെ തള്ളിപ്പറയില്ലെന്ന്‌ അവൻ ആണയിട്ടതാണ്‌; എന്നിട്ടിതാ, ഒടുവിൽ അതുതന്നെ സംഭവിച്ചിരിക്കുന്നു! പത്രോസിന്റെ ജീവിതത്തിലെ അഭിശപ്‌ത നിമിഷമായിരുന്നു അത്‌!

പത്രോസിന്‌ ഒരു തിരിച്ചുവരവ്‌ സാധ്യമല്ലായിരുന്നു എന്നാണോ? ഒരിക്കലുമല്ല. കാരണം, ശക്തമായ വിശ്വാസമുള്ള ഒരാളായിരുന്നു അവൻ. അതുകൊണ്ടുതന്നെ തന്റെ പിഴവുകളിൽനിന്ന്‌ പാഠം ഉൾക്കൊണ്ട്‌ തിരിച്ചുവരാനും ക്ഷമിക്കുന്നതിനെക്കുറിച്ച്‌ തന്റെ ഗുരുവായ യേശുവിൽനിന്ന്‌ അതിശ്രേഷ്‌ഠമായ ഒരു പാഠം പഠിക്കാനും അവനു കഴിയുമായിരുന്നു. നാമോരോരുത്തരും ആ പാഠം പഠിക്കേണ്ടതുണ്ട്‌. പത്രോസ്‌ എങ്ങനെയാണ്‌ അതു പഠിച്ചതെന്ന്‌ അറിയാൻ അവന്റെ ജീവിതത്തിലൂടെ നമുക്കൊന്നു കണ്ണോടിക്കാം.

ക്ഷമയെക്കുറിച്ച്‌ ഏറെ പഠിക്കേണ്ടിയിരുന്ന ഒരാൾ

തുടക്കത്തിൽ പറഞ്ഞ സംഭവത്തിന്‌ ഏതാണ്ട്‌ ആറുമാസം മുമ്പ്‌ തന്റെ സ്വന്തം പട്ടണമായ കഫർന്നഹൂമിൽവെച്ച്‌ പത്രോസ്‌ യേശുവിനോട്‌ ഇങ്ങനെ ചോദിച്ചു: “കർത്താവേ, എന്റെ സഹോദരൻ എന്നോടു പാപം ചെയ്‌താൽ എത്ര തവണ ഞാൻ അവനോടു ക്ഷമിക്കണം? ഏഴുതവണ മതിയോ?” ഏഴുതവണ ക്ഷമിക്കുന്നത്‌ ഒരു വലിയ കാര്യമാണെന്ന്‌ വിചാരിച്ചായിരിക്കാം പത്രോസ്‌ അങ്ങനെ ചോദിച്ചത്‌. കാരണം, മൂന്നുപ്രാവശ്യം ക്ഷമിച്ചാൽ മതിയെന്നാണ്‌ അന്നത്തെ മതനേതാക്കന്മാർ പഠിപ്പിച്ചിരുന്നത്‌. എന്തായിരുന്നു യേശുവിന്റെ മറുപടി? “ഏഴല്ല, എഴുപത്തി ഏഴു തവണ” എന്ന്‌ യേശു അവനോടു പറഞ്ഞു.—മത്തായി 18:21, 22.

ഒരാൾ എത്ര തവണ തെറ്റുചെയ്യുന്നുണ്ട്‌ എന്നതിന്റെ കൃത്യമായ ഒരു രേഖ സൂക്ഷിക്കണമെന്ന്‌ പറയുകയായിരുന്നോ യേശു? അല്ല; മറ്റുള്ളവരോട്‌ ക്ഷമിക്കുന്നതിന്‌ പരിധി വെക്കരുത്‌ എന്നാണ്‌ യേശു ഉദ്ദേശിച്ചത്‌. ക്ഷമിക്കാൻ മനസ്സു കാണിക്കാതെ തെറ്റുകുറ്റങ്ങളുടെ കണക്ക്‌ സൂക്ഷിക്കുന്ന അന്നത്തെ സാമൂഹിക പ്രവണത പത്രോസിനെയും ബാധിച്ചിരുന്നു എന്ന്‌ യേശു അതിലൂടെ വ്യക്തമാക്കി. എന്നാൽ ദൈവം, ക്ഷമിക്കുന്നതിന്‌ പരിധികൾ വെക്കാറില്ല.

എന്തായാലും, പത്രോസ്‌ യേശുവിനോട്‌ മറുത്തൊന്നും പറഞ്ഞില്ല. എന്നാൽ യേശു പറഞ്ഞതിന്റെ സാരം അവൻ ഉൾക്കൊണ്ടോ? നമുക്ക്‌ ക്ഷമ ലഭിക്കേണ്ടത്‌ അനിവാര്യമായിവരുന്ന ഒരു സാഹചര്യത്തിലായിരിക്കും മറ്റുള്ളവരോട്‌ ക്ഷമിക്കേണ്ടതിന്റെ പ്രാധാന്യം നാം തിരിച്ചറിയുന്നത്‌. യേശുവിന്റെ മരണത്തിനു തൊട്ടുമുമ്പ്‌ നടന്ന ചില സംഭവങ്ങൾ നമുക്കിപ്പോൾ നോക്കാം. ആ നിർണായക നിമിഷങ്ങളിൽ, യേശുവിൽനിന്ന്‌ ക്ഷമ ലഭിക്കേണ്ട പല വീഴ്‌ചകളും പത്രോസിന്റെ ഭാഗത്തുനിന്നുണ്ടായി.

പിഴവുകൾ ഒന്നിനുപുറകേ ഒന്നായി. . .

അവിസ്‌മരണീയമായ ഒരു രാത്രിയായിരുന്നു അത്‌. ഭൂമിയിലെ യേശുവിന്റെ ജീവിതത്തിലെ ഒടുവിലത്തെ നിമിഷങ്ങൾ. ഇനിയും പല കാര്യങ്ങളും യേശുവിന്‌ തന്റെ അപ്പൊസ്‌തലന്മാരെ പഠിപ്പിക്കാനുണ്ടായിരുന്നു. താഴ്‌മയെക്കുറിച്ചുള്ള പാഠമായിരുന്നു അതിലൊന്ന്‌. ശിഷ്യന്മാരുടെ കാലുകൾ കഴുകിക്കൊണ്ടാണ്‌ യേശു ആ പാഠം പഠിപ്പിച്ചത്‌. പരിചാരകരിൽ ഏറ്റവും എളിയവനായ ദാസൻ ചെയ്യേണ്ടിയിരുന്ന ഒരു കാര്യമായിരുന്നു അത്‌. യേശുവിന്റെ ആ പ്രവൃത്തിയെ ചോദ്യം ചെയ്യാനാണ്‌ പത്രോസ്‌ ആദ്യം ശ്രമിച്ചത്‌. പിന്നെ, തന്റെ കാൽ കഴുകുന്നതിൽനിന്ന്‌ അവൻ യേശുവിനെ വിലക്കി. തുടർന്ന്‌ യേശു തന്റെ കാലുകൾ മാത്രമല്ല, കൈയും തലയും കൂടെ കഴുകണമെന്ന്‌ അവൻ ശഠിച്ചു! യേശു പക്ഷേ ശാന്തനായി താൻ ചെയ്‌തതിന്റെ അർഥവും പ്രാധാന്യവും വിശദീകരിച്ചുകൊടുക്കുകയാണുണ്ടായത്‌.—യോഹന്നാൻ 13:1-17.

എന്നാൽ അധികം കഴിയുന്നതിനുമുമ്പ്‌, കൂട്ടത്തിൽ ആരാണ്‌ വലിയവൻ എന്നതിനെച്ചൊല്ലി അപ്പൊസ്‌തലന്മാർ തർക്കിക്കാൻ തുടങ്ങി. ലജ്ജാകരമായ ആ സംഭവത്തിൽ പത്രോസും ഉൾപ്പെട്ടിരുന്നുവെന്നതിനു സംശയമില്ല. യേശുവാകട്ടെ അവരെ സ്‌നേഹപൂർവം തിരുത്തുകയും അവർ ചെയ്‌ത നല്ല കാര്യത്തെപ്രതി—വിശ്വസ്‌തതയോടെ തന്നോടൊപ്പം നിന്നതിന്‌—അവരെ അനുമോദിക്കുകയും ചെയ്‌തു. എന്നിരുന്നാലും അവർ എല്ലാവരും തന്നെ ഉപേക്ഷിച്ചുപോകുമെന്ന്‌ യേശു അവരോടു പറഞ്ഞു. പക്ഷേ മരിക്കേണ്ടിവന്നാലും താൻ അങ്ങനെ ചെയ്യില്ലെന്നായി പത്രോസ്‌. അപ്പോൾ, കോഴി രണ്ടുവട്ടം കൂകുംമുമ്പേ പത്രോസ്‌ മൂന്നുവട്ടം തന്നെ തള്ളിപ്പറയുമെന്ന്‌ യേശു അവനോടു പറഞ്ഞു. ആരെല്ലാം യേശുവിനെ തള്ളിപ്പറഞ്ഞാലും താൻ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്ന്‌ പത്രോസ്‌ വീമ്പിളക്കി!—മത്തായി 26:31-35; മർക്കോസ്‌ 14:27-31; ലൂക്കോസ്‌ 22:24-28.

പത്രോസിന്റെ ഈ പ്രവൃത്തികൾ കണ്ട്‌ യേശുവിന്റെ ക്ഷമ നശിച്ചോ? ഒരിക്കലുമില്ല. വാസ്‌തവത്തിൽ, അപൂർണരായ അപ്പൊസ്‌തലന്മാരിലെ നന്മ കാണാനാണ്‌ യേശു എപ്പോഴും ശ്രമിച്ചത്‌. പത്രോസ്‌ തന്നെ തള്ളിപ്പറയുമെന്ന്‌ അറിയാമായിരുന്നിട്ടും യേശു പറഞ്ഞത്‌ ഇതാണ്‌: “നിന്റെ വിശ്വാസം പൊയ്‌പോകാതിരിക്കാൻ ഞാൻ നിനക്കുവേണ്ടി പ്രാർഥിച്ചു. നീ തിരിഞ്ഞുവന്നശേഷം നിന്റെ സഹോദരന്മാരെ ബലപ്പെടുത്തണം.” (ലൂക്കോസ്‌ 22:32) പത്രോസ്‌ തന്റെ തെറ്റുമനസ്സിലാക്കി തിരിഞ്ഞുവരുമെന്ന്‌ പൂർണ വിശ്വാസമുണ്ടായിരുന്നു യേശുവിന്‌. എത്ര നല്ല മാതൃക!

ഗെത്ത്‌ശെമന തോട്ടത്തിൽവെച്ച്‌ പത്രോസിന്റെ ഭാഗത്തുനിന്ന്‌ വീണ്ടും വീഴ്‌ചകളുണ്ടായി. താൻ പ്രാർഥിക്കുന്ന സമയത്ത്‌ ഉണർന്നിരിക്കാൻ യേശു പത്രോസിനോടും യാക്കോബിനോടും യോഹന്നാനോടും പറഞ്ഞിരുന്നു. യേശു കടുത്ത മനോവ്യഥയിലായിരുന്നതിനാൽ അവന്‌ വൈകാരികമായ പിന്തുണ ആവശ്യമായിരുന്നു. എന്നാൽ അങ്ങനെയൊരു സമയത്ത്‌ അവർ ഉറങ്ങുകയാണു ചെയ്‌തത്‌, തന്നോടൊപ്പം ഉണർന്നിരിക്കാൻ പലപ്രാവശ്യം യേശു ആവശ്യപ്പെട്ടിട്ടും. അപ്പോഴും, അവരെ കുറ്റപ്പെടുത്തുന്നതിനുപകരം യേശു സമാനുഭാവം കാണിച്ചു. “ആത്മാവ്‌ ഒരുക്കമുള്ളത്‌; ജഡമോ ബലഹീനമത്രേ” എന്ന്‌ അവൻ പറഞ്ഞു.—മർക്കോസ്‌ 14:32-38.

അധികം താമസിയാതെ പന്തങ്ങളും വാളും വടിയുമായി ഒരു സംഘം ആളുകൾ അവിടെയെത്തി. തികഞ്ഞ വിവേകത്തോടെ പ്രവർത്തിക്കേണ്ട ഒരു സമയമായിരുന്നു അത്‌. പക്ഷേ പത്രോസ്‌ സംയമനം പാലിക്കാതെ, വാളൂരി മഹാപുരോഹിതന്റെ ദാസനായ മൽക്കൊസിന്റെ കാതറുത്തു. യേശു പക്ഷേ ശാന്തനായി പത്രോസിനെ തിരുത്തുകയും മൽക്കൊസിനെ സുഖപ്പെടുത്തുകയും ചെയ്‌തു. അക്രമത്തെ നിരുത്സാഹപ്പെടുത്തിക്കൊണ്ട്‌ ആ സന്ദർഭത്തിൽ യേശു പറഞ്ഞ തത്ത്വം ഇന്നും അവന്റെ അനുഗാമികൾക്ക്‌ ഒരു വഴികാട്ടിയാണ്‌. (മത്തായി 26:47-55; ലൂക്കോസ്‌ 22:47-51; യോഹന്നാൻ 18:10, 11) ഇതിനോടകം പത്രോസ്‌ പല വീഴ്‌ചകളും വരുത്തിയെന്ന്‌ ഓർക്കണം. “നാമെല്ലാം പലതിലും തെറ്റിപ്പോകുന്നു” എന്ന്‌ ബൈബിൾ പറയുന്നത്‌ എത്രയോ ശരി! (യാക്കോബ്‌ 3:2) ദൈവത്തിൽനിന്നുള്ള ക്ഷമ ആവശ്യമില്ലാത്ത ഒരു ദിവസംപോലുമില്ല നമ്മുടെ ജീവിതത്തിൽ! പക്ഷേ പത്രോസിനെ സംബന്ധിച്ചിടത്തോളം ആ രാത്രി പിഴവുകളുടെ ഒരു രാത്രിയായിരുന്നു. കൂടുതൽ ഗുരുതരമായത്‌ സംഭവിക്കാനിരിക്കുകയായിരുന്നു!

പത്രോസ്‌ ചെയ്‌ത ഏറ്റവും വലിയ തെറ്റ്‌

യേശുവിനെ പിടിക്കാൻവന്ന ജനക്കൂട്ടത്തോട്‌ അവൻ, തന്നെയാണ്‌ തിരയുന്നതെങ്കിൽ തന്റെ അപ്പൊസ്‌തലന്മാരെ വെറുതെവിട്ടേക്കുക എന്നു പറഞ്ഞു. ജനക്കൂട്ടം യേശുവിനെ പിടിച്ചുകെട്ടി കൊണ്ടുപോകുന്നത്‌ പത്രോസ്‌ നിസ്സഹായനായി നോക്കിനിന്നു. പിന്നെ മറ്റ്‌ അപ്പൊസ്‌തലന്മാരെപ്പോലെ അവനും അവിടെനിന്ന്‌ ഓടിപ്പോയി.

മുൻമഹാപുരോഹിതനായിരുന്ന ഹന്നാവിന്റെ വീടിനടുത്ത്‌ എത്തിയപ്പോഴായിരിക്കണം, പത്രോസും യോഹന്നാനും ഓട്ടം നിറുത്തി. യേശുവിനെ ചോദ്യംചെയ്യാൻ ആദ്യം അവിടേക്കാണു കൊണ്ടുപോയത്‌. യേശുവിനെ അവിടെനിന്ന്‌ കൊണ്ടുപോയപ്പോൾ “കുറെ അകലെയായി” പത്രോസും യോഹന്നാനും അവനെ പിന്തുടർന്നു. (മത്തായി 26:58; യോഹന്നാൻ 18:12, 13) യേശുവിനെ പിടിച്ചുകൊണ്ടുപോയ ജനക്കൂട്ടത്തിന്റെ കൈയിൽ ആയുധങ്ങളുണ്ടായിരുന്നു എന്നോർക്കുക; പത്രോസാണെങ്കിൽ അവരിൽ ഒരാളെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്‌തിരുന്നു. എന്നിട്ടും പത്രോസ്‌ അവരെ പിന്തുടർന്നു. അവൻ ഒരു ഭീരുവല്ലായിരുന്നു എന്നു വ്യക്തം. എങ്കിലും, മരിക്കേണ്ടിവന്നാലും ഗുരുവിനോടൊപ്പം നിൽക്കും എന്ന വാക്ക്‌ പാലിക്കാൻ അവനു കഴിഞ്ഞില്ല.—മർക്കോസ്‌ 14:31.

പത്രോസിനെപ്പോലുള്ള അനേകർ ഇന്നുമുണ്ട്‌. മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടാതെ ‘കുറെ അകലംപാലിച്ച്‌’ യേശുവിനെ അനുഗമിക്കാൻ ശ്രമിക്കുന്നവർ. എന്നാൽ യേശുവിനെ അനുഗമിക്കുകയെന്നാൽ അവന്റെ കാൽച്ചുവടുകൾ അടുത്തുപിന്തുടരുക എന്നാണ്‌ അർഥമെന്ന്‌ പത്രോസുതന്നെ പിന്നീട്‌ പറയുകയുണ്ടായി, ഭവിഷ്യത്തുകൾ എന്തുതന്നെയായാലും! —1 പത്രോസ്‌ 2:21.

ഒളിച്ചും പാത്തും പത്രോസ്‌ വന്നെത്തിയത്‌ ഒരു മഹാസൗധത്തിന്റെ മുമ്പിലാണ്‌; ധനികനും പ്രതാപിയുമായ മഹാപുരോഹിതൻ കയ്യഫാവിന്റെ അരമനമുറ്റത്ത്‌. സാധാരണ ഇത്തരം അരമനകൾക്ക്‌ മുമ്പിലൊരു പടിവാതിലും ഒരു നടുമുറ്റവും കാണും. പടിവാതിൽക്കലെത്തിയ പത്രോസിനെ കാവൽക്കാരി അകത്തേക്കു കടത്തിവിട്ടില്ല. അകത്തു കടന്നുപറ്റിയ യോഹന്നാൻ വന്ന്‌ കാവൽക്കാരിയെ സമ്മതിപ്പിച്ച്‌ പത്രോസിനെയും അകത്തു കയറ്റി. അകത്ത്‌ എത്തിപ്പെട്ട പത്രോസ്‌ പിന്നെ യോഹന്നാന്റെ അടുത്തെങ്ങും നിന്നിട്ടുണ്ടാവില്ല. അരമനയ്‌ക്കകത്തു കടന്ന്‌ യേശുവിന്റെ കൂടെനിൽക്കാനും അവൻ ശ്രമിച്ചില്ല. മുറ്റത്തു തീകാഞ്ഞുകൊണ്ടിരുന്ന പരിചാരകരോടൊപ്പം അവനും കൂടി. യേശുവിനെതിരെ കള്ളസാക്ഷ്യം പറയാൻ ആളുകൾ വന്നുപോകുന്നത്‌ അവർക്കു കാണാമായിരുന്നു. ആ സമയത്ത്‌ അകത്ത്‌ യേശുവിന്റെ വിചാരണ നടക്കുകയായിരുന്നു.—മർക്കോസ്‌ 14:54-57; യോഹന്നാൻ 18:15, 16, 18.

പത്രോസിനെ അകത്തു കടത്തിവിട്ട പരിചാരിക തീയുടെ വെട്ടത്തിൽ അവന്റെ മുഖം വ്യക്തമായി കണ്ടു. അവനെ അവൾക്ക്‌ നേരത്തേതന്നെ പരിചയമുണ്ടായിരുന്നു. പത്രോസിനെ തിരിച്ചറിഞ്ഞപ്പോൾ “ഗലീലക്കാരനായ യേശുവിന്റെകൂടെ നീയും ഉണ്ടായിരുന്നല്ലോ” എന്ന്‌ അവൾ പറഞ്ഞു. നിനച്ചിരിക്കാതെ അങ്ങനെയൊന്നു കേട്ടപ്പോൾ പത്രോസ്‌ ഞെട്ടിപ്പോയി. യേശുവിനെ അറിയുകയേ ഇല്ലെന്ന്‌ അവൻ പറഞ്ഞു. എന്തിന്‌, ആ പെൺകുട്ടി പറയുന്നത്‌ മനസ്സിലാകുന്നില്ലെന്നുപോലും അവൻ പറഞ്ഞു. ആരും ഇനി തന്നെ തിരിച്ചറിയാതിരിക്കാൻ അവൻ പടിവാതിൽക്കലേക്കു പോയി. പക്ഷേ അവിടെ മറ്റൊരു പെൺകുട്ടി അവനെ തിരിച്ചറിഞ്ഞു. “ഈ മനുഷ്യൻ നസറായനായ യേശുവിനോടൊപ്പം ഉണ്ടായിരുന്നവനാണ്‌” എന്ന്‌ അവളും പറഞ്ഞു. പത്രോസാകട്ടെ, “ആ മനുഷ്യനെ ഞാൻ അറിയുകയില്ല” എന്ന്‌ ആണയിട്ടു. (മത്തായി 26:69-72) ഇപ്പോഴായിരിക്കണം കോഴി ഒന്നാംവട്ടം കൂകിയത്‌. പത്രോസ്‌ അതു കേട്ടെങ്കിലും, മനസ്സ്‌ പതറിയ അവസ്ഥയിലായിരുന്നതുകൊണ്ട്‌ ഏതാനും മണിക്കൂർമുമ്പ്‌ യേശു പറഞ്ഞ ആ വാക്കുകൾ അവന്റെ ഓർമയിലേക്കു വന്നിരിക്കാനിടയില്ല.

ആരുടെയും ശ്രദ്ധയിൽപ്പെടാതിരിക്കാൻ പത്രോസ്‌ പിന്നെയും ശ്രമിച്ചെങ്കിലും നടുമുറ്റത്ത്‌ ഉണ്ടായിരുന്ന ഒരുകൂട്ടം ആളുകൾ അവനെ തിരിച്ചറിഞ്ഞു. അവരിൽ ഒരാൾ പത്രോസ്‌ വെട്ടിപ്പരിക്കേൽപ്പിച്ച മൽക്കൊസിന്റെ ബന്ധുവായിരുന്നു. അയാൾ പത്രോസിനോട്‌ “ഞാൻ നിന്നെ അവന്റെകൂടെ തോട്ടത്തിൽവെച്ചു കണ്ടല്ലോ” എന്നു പറഞ്ഞു. അവർക്ക്‌ തെറ്റുപറ്റിയതാണെന്ന്‌ എങ്ങനെയും അവരെ ബോധ്യപ്പെടുത്തണം. അതുമാത്രമായിരുന്നു അപ്പോഴത്തെ അവന്റെ ചിന്ത. അതിനുവേണ്ടി സ്വയം ശപിച്ചുകൊണ്ട്‌ അവൻ ആണയിട്ടു. താൻ പറയുന്നത്‌ നുണയാണെങ്കിൽ അതിന്റെ ശാപം തന്റെമേൽ വരട്ടേയെന്നായിരിക്കാം ഒരുപക്ഷേ അവൻ പറഞ്ഞത്‌. ആണയിട്ടതും കോഴി രണ്ടാംതവണയും കൂകി.—യോഹന്നാൻ 18:26, 27; മർക്കോസ്‌ 14:71, 72.

ആ സമയത്ത്‌ യേശു മട്ടുപ്പാവിൽ വന്ന്‌ നിൽപ്പുണ്ടായിരുന്നു. അവിടെ നിന്നാൽ നടുമുറ്റം ശരിക്കു കാണാം. അപ്പോഴാണ്‌ തുടക്കത്തിൽ പറഞ്ഞതുപോലെ, പത്രോസിന്റെയും യേശുവിന്റെയും കണ്ണുകൾ തമ്മിലിടഞ്ഞത്‌. തന്റെ പ്രിയഗുരുവിനോട്‌ താൻ എത്ര വലിയ തെറ്റാണ്‌ ചെയ്‌തതെന്ന്‌ അപ്പോൾ പത്രോസിനു മനസ്സിലായി. കുറ്റഭാരം താങ്ങാനാകാതെ, ഹൃദയം നുറുങ്ങി പത്രോസ്‌ നടന്നുനീങ്ങി. നേരം പുലരാറായിരുന്നു. വിടപറയാൻ മടിച്ച്‌ പൂർണചന്ദ്രൻ അപ്പോഴും ആകാശത്തുണ്ടായിരുന്നു. പത്രോസിന്റെ കണ്ണുകളിൽ കണ്ണീർ പൊടിഞ്ഞു. പലപല കാഴ്‌ചകൾ കണ്മുന്നിലൂടെ കടന്നുപോയിട്ടും അവൻ ഒന്നും കണ്ടില്ല. ഒടുവിൽ, ദുഃഖം താങ്ങാനാകാതെ അവൻ പൊട്ടിക്കരഞ്ഞു.—മർക്കോസ്‌ 14:72; ലൂക്കോസ്‌ 22:61, 62.

ഇത്തരമൊരു തിരിച്ചറിവിനുശേഷം, മാപ്പ്‌ അർഹിക്കാത്ത തെറ്റാണ്‌ താൻ ചെയ്‌തതെന്ന്‌ ഒരു വ്യക്തി ചിന്തിച്ചുപോകുക സ്വാഭാവികമാണ്‌. പത്രോസിനും അങ്ങനെയായിരിക്കാം തോന്നിയത്‌. എന്നാൽ അത്‌ ശരിയായിരുന്നോ?

മാപ്പ്‌ അർഹിക്കാത്ത അപരാധമോ?

പിറ്റേന്ന്‌ സംഭവങ്ങൾ ചുരുളഴിയാൻ തുടങ്ങിയപ്പോൾ പത്രോസിന്‌ എത്ര വേദന തോന്നിക്കാണുമെന്ന്‌ നമുക്ക്‌ ഊഹിക്കാൻപോലുമാവില്ല. മണിക്കൂറുകൾ നീണ്ടുനിന്ന പീഡനങ്ങൾക്കൊടുവിൽ അന്ന്‌ മധ്യാഹ്നത്തിൽ യേശു മരിച്ചപ്പോൾ പത്രോസിന്റെ ഹൃദയം എത്ര നീറിയിട്ടുണ്ടാകണം! അവസാനനിമിഷങ്ങളിൽ തന്റെ പ്രിയഗുരുവിന്‌ വേദനയാണല്ലോ താൻ സമ്മാനിച്ചത്‌ എന്നോർത്ത്‌ എത്രവട്ടം അവൻ സ്വയം ശപിച്ചിരിക്കണം! എന്നാൽ തീവ്രമായ ആ വേദനയിലും അവൻ നിരാശയ്‌ക്കു വഴിപ്പെട്ടില്ല. താമസിയാതെ അവൻ വീണ്ടും തന്റെ ആത്മീയ സഹോദരന്മാരോടൊപ്പം കൂടിവന്നത്‌ അതിനു തെളിവാണ്‌. (ലൂക്കോസ്‌ 24:33) കർത്താവിനോട്‌ അവന്റെ അവസാനരാത്രിയിൽ തങ്ങൾ എത്ര വലിയ അപരാധമാണ്‌ ചെയ്‌തത്‌ എന്നോർത്ത്‌ അപ്പൊസ്‌തലന്മാർ എല്ലാവരും വേദനിച്ചിരിക്കണം. ഒരുമിച്ചുകൂടിയപ്പോൾ തീർച്ചയായും അവർ പരസ്‌പരം ആശ്വസിപ്പിച്ചിട്ടുണ്ടാകും.

ഈ അവസരത്തിൽ ഒരു നല്ല മാതൃകയാണ്‌ പത്രോസ്‌ വെച്ചത്‌. ദൈവത്തിന്റെ ഒരു ദാസൻ വീണുപോകുമ്പോൾ, അയാൾ എത്ര താഴ്‌ചയിലേക്കു വീണു എന്നതല്ല, വീണിടത്തുനിന്ന്‌ എഴുന്നേൽക്കാനും കാര്യങ്ങൾ നേരെയാക്കാനും അയാൾ എത്ര ശ്രമം ചെയ്യുന്നു എന്നതാണ്‌ പ്രധാനം. (സദൃശവാക്യങ്ങൾ 24:16) നിരാശയും കുറ്റബോധവും തോന്നിയെങ്കിലും സഹോദരന്മാരോടൊത്ത്‌ കൂടിവന്നത്‌ പത്രോസിന്റെ അചഞ്ചലമായ വിശ്വാസത്തിന്റെ തെളിവാണ്‌. സങ്കടവും വിഷമവുമൊക്കെയുള്ളപ്പോൾ ഒറ്റപ്പെട്ടു നടക്കാനായിരിക്കും നമുക്ക്‌ തോന്നുക. പക്ഷേ അത്‌ അപകടമാണ്‌. (സദൃശവാക്യങ്ങൾ 18:1) സഹവിശ്വാസികളോട്‌ ചേർന്നുനിന്നുകൊണ്ട്‌ ആത്മീയബലം വീണ്ടെടുക്കുന്നതാണ്‌ ഉത്തമം.—എബ്രായർ 10:24, 25.

മറ്റ്‌ ക്രിസ്‌തുശിഷ്യന്മാരോടൊപ്പം ആയിരുന്ന പത്രോസ്‌ യേശുവിന്റെ ശരീരം കല്ലറയിൽ ഇല്ലെന്ന വാർത്ത കേൾക്കാനിടയായി. അതുകേട്ടപാടെ പത്രോസും യോഹന്നാനും കല്ലറയ്‌ക്കലേക്ക്‌ ഓടി. യോഹന്നാൻ ചെറുപ്പമായിരുന്നതിനാൽ ആദ്യം ഓടിയെത്തിയത്‌ അവനാണ്‌. എന്നാൽ കല്ലറയുടെ വാതിൽ തുറന്നുകിടക്കുന്നതു കണ്ട്‌ അവൻ അകത്തു കടക്കാതെ മടിച്ചുനിന്നു. ഓടിക്കിതച്ചെത്തിയ പത്രോസാകട്ടെ നേരെ കല്ലറയ്‌ക്കകത്ത്‌ കയറി. പക്ഷേ കല്ലറ ശൂന്യമായിരുന്നു!—യോഹന്നാൻ 20:3-9.

യേശു പുനരുത്ഥാനം പ്രാപിച്ചെന്ന്‌ പത്രോസ്‌ വിശ്വസിച്ചോ? ആദ്യമൊന്നും അവൻ വിശ്വസിച്ചില്ല, യേശു ഉയിർത്തെഴുന്നേറ്റതായി ദൈവദൂതന്മാർ തങ്ങളെ അറിയിച്ചെന്ന്‌ വിശ്വസ്‌തരായ ചില സ്‌ത്രീകൾ പറഞ്ഞിട്ടുപോലും. (ലൂക്കോസ്‌ 23:55–24:11) എന്നാൽ വൈകുന്നേരമായപ്പോഴേക്കും പത്രോസിന്റെ ഹൃദയത്തിലെ സങ്കടവും സന്ദേഹവുമെല്ലാം ഉരുകിപ്പോയിരുന്നു. യേശു ജീവിച്ചിരിക്കുന്നു, ശക്തനായ ഒരു ആത്മരൂപിയായി! എല്ലാ അപ്പൊസ്‌തലന്മാർക്കും അവൻ പ്രത്യക്ഷനായി. എന്നാൽ അതിനുമുമ്പ്‌ യേശു സ്വകാര്യമായി ഒരാളെ സന്ദർശിച്ചു. അതേക്കുറിച്ച്‌ അപ്പൊസ്‌തലന്മാർ ഇങ്ങനെ പറഞ്ഞതായി ബൈബിൾ രേഖപ്പെടുത്തുന്നു: “കർത്താവ്‌ നിശ്ചയമായും ഉയിർപ്പിക്കപ്പെട്ടിരിക്കുന്നു; അവൻ ശിമോനു പ്രത്യക്ഷനായി.” (ലൂക്കോസ്‌ 24:34) യേശു “കേഫായ്‌ക്കും പിന്നെ പന്തിരുവർക്കും പ്രത്യക്ഷനായി” എന്ന്‌ പൗലോസ്‌ അപ്പൊസ്‌തലനും പിന്നീട്‌ എഴുതുകയുണ്ടായി. (1 കൊരിന്ത്യർ 15:5) കേഫാ, ശിമോൻ എന്നീ പേരുകൾ പത്രോസിന്റെ മറുപേരുകളാണ്‌.

പത്രോസ്‌ തനിച്ചായിരിക്കുമ്പോഴായിരിക്കണം യേശു അവന്‌ പ്രത്യക്ഷപ്പെട്ടത്‌. ആ സ്വകാര്യ സംഗമത്തെക്കുറിച്ച്‌ ഒന്നുംതന്നെ ബൈബിൾ പറയുന്നില്ല. എങ്കിലും ചിലതൊക്കെ നമുക്ക്‌ അനുമാനിക്കാനാകും. തന്റെ പ്രിയപ്പെട്ട കർത്താവിനെ വീണ്ടും ജീവനോടെ കാണാനും ചെയ്‌ത തെറ്റിന്‌ മാപ്പിരക്കാനും അവസരം ലഭിച്ചപ്പോൾ പത്രോസിനുണ്ടായ സന്തോഷം നമുക്ക്‌ ഊഹിക്കാനാകും. ക്ഷമിച്ചു എന്നൊരു വാക്ക്‌! അതുമാത്രമാണ്‌ പത്രോസ്‌ ആഗ്രഹിച്ചത്‌. യേശു പത്രോസിനോട്‌ ക്ഷമിച്ചോ എന്ന ചോദ്യത്തിനുപോലും പ്രസക്തിയില്ല. തീർച്ചയായും അവൻ ക്ഷമിച്ചു, അതും ഉദാരമായി! പാപത്തിൽ വീണുപോകുന്ന ക്രിസ്‌ത്യാനികൾക്ക്‌ പത്രോസിന്റെ അനുഭവം ഓർക്കാനാകും. ദൈവത്തിന്റെ ക്ഷമ ലഭിക്കാൻ അർഹതയില്ലാത്ത അവസ്ഥയിലാണു നാം എന്ന്‌ ഒരിക്കലും ചിന്തിക്കരുത്‌! “ധാരാളം ക്ഷമിക്കു”ന്നവനായ തന്റെ പിതാവിനെയാണ്‌ യേശു ഇവിടെ പകർത്തിക്കാണിച്ചത്‌.—യെശയ്യാവു 55:7.

മാപ്പ്‌ ലഭിച്ചുവെന്നതിന്‌ കൂടുതൽ തെളിവുകൾ

ഉയിർത്തെഴുന്നേറ്റശേഷം ഗലീലയിൽവെച്ച്‌ ശിഷ്യന്മാരെ വീണ്ടും കാണുമെന്ന്‌ യേശു അവരോട്‌ പറഞ്ഞിരുന്നു. അതനുസരിച്ച്‌ ശിഷ്യന്മാർ ഗലീലയിലേക്കു പോയി. അവിടെയെത്തിയ പത്രോസ്‌ മീൻപിടിക്കാനായി ഗലീലക്കടലിലേക്കു തിരിച്ചു. മറ്റുചിലരും അവനോടൊപ്പം കൂടി. ഒരു മീൻപിടിത്തക്കാരനെന്നനിലയിൽ പത്രോസ്‌ തന്റെ ജീവിതത്തിന്റെ നല്ലൊരുപങ്കും ചെലവഴിച്ചത്‌ ഈ തടാകത്തിലാണെന്നു പറയാം. തുഴയുടെ ശബ്ദം, ചെറുതിരകളുടെ അലയടി, കൈയിലെ വലയുടെ പരുപരുപ്പ്‌ എല്ലാം ആ പഴയകാലത്തേക്ക്‌ അവനെ കൂട്ടിക്കൊണ്ടുപോയിട്ടുണ്ടാകണം. യേശുവിന്റെ ഭൗമിക ശുശ്രൂഷ അവസാനിച്ച സ്ഥിതിക്ക്‌, ‘ഇനിയങ്ങോട്ട്‌ എന്ത്‌?’ എന്ന്‌ അവൻ ചിന്തിച്ചുകാണുമോ? ആ പഴയ തൊഴിൽ ഒരിക്കൽക്കൂടെ അവനെ ആകർഷിച്ചിരിക്കുമോ? എന്തായാലും, അന്നുരാത്രി അവർക്ക്‌ മീനൊന്നും കിട്ടിയില്ല.—മത്തായി 26:32; യോഹന്നാൻ 21:1-3.

പ്രഭാതമായപ്പോൾ തീരത്ത്‌ ആരോ നിൽക്കുന്നതായി അവർ കണ്ടു. വള്ളത്തിന്റെ മറ്റേവശത്ത്‌ വലയിറക്കാൻ ആ വ്യക്തി അവർക്കു നിർദേശം നൽകി. അതനുസരിച്ച്‌ വലയിറക്കിയപ്പോൾ വലിച്ചുകയറ്റാനാകാത്തവിധം അത്രയധികം മീൻ അവരുടെ വലയിൽപ്പെട്ടു, 153 മത്സ്യങ്ങൾ! അതാരാണെന്നു മനസ്സിലാക്കാൻ പത്രോസിനു ബുദ്ധിമുട്ടുണ്ടായില്ല! അത്‌ യേശുവായിരുന്നു. പത്രോസ്‌ വള്ളത്തിൽനിന്ന്‌ ചാടി തീരത്തേക്കു നീന്തി. കരയിലെത്തിയ ശിഷ്യന്മാർക്കു ഭക്ഷിക്കാൻ യേശു കനലിൽ ചുട്ടെടുത്ത മത്സ്യം നൽകി.

പിന്നെ പത്രോസിനോടായി യേശു ചോദിച്ചു: “നീ ഇവയെക്കാൾ എന്നെ സ്‌നേഹിക്കുന്നുവോ?” അവർ അപ്പോൾ പിടിച്ചുകൊണ്ടുവന്ന മത്സ്യക്കൂട്ടത്തെ ചൂണ്ടിയായിരിക്കണം യേശു അതു ചോദിച്ചത്‌. പത്രോസ്‌ എന്തിനായിരിക്കും മുൻതൂക്കം നൽകുക? തന്റെ തൊഴിലിനോ അതോ കർത്താവിനോ? തന്നെ മൂന്നു പ്രാവശ്യം തള്ളിപ്പറഞ്ഞ പത്രോസിന്‌ യേശു ഇപ്പോൾ, തന്നോടുള്ള സ്‌നേഹം വ്യക്തമാക്കാൻ മൂന്ന്‌ അവസരങ്ങൾ നൽകുന്നു, അവന്റെ സുഹൃത്തുക്കളുടെ മുമ്പാകെ. യേശുവിനെ താൻ സ്‌നേഹിക്കുന്നുണ്ടെന്ന്‌ മൂന്നു പ്രാവശ്യവും പത്രോസ്‌ തറപ്പിച്ചുപറഞ്ഞു. തന്നോടുള്ള സ്‌നേഹം എങ്ങനെയാണ്‌ കാണിക്കേണ്ടതെന്ന്‌ യേശു പത്രോസിനു പറഞ്ഞുകൊടുത്തു: ദൈവസേവനത്തിന്‌ ജീവിതത്തിൽ ഒന്നാം സ്ഥാനം നൽകുക; ക്രിസ്‌തുവിന്റെ ആട്ടിൻകൂട്ടത്തെ, അവന്റെ അനുഗാമികളെ, പോഷിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുക.—യോഹന്നാൻ 21:4-17.

പത്രോസിനെ തനിക്കും പിതാവിനും ആവശ്യമുണ്ടെന്ന്‌ കാണിക്കുകയായിരുന്നു യേശു. ക്രിസ്‌തുവിന്റെ മേൽനോട്ടത്തിൻകീഴിൽ പത്രോസിന്‌ ക്രിസ്‌തീയ സഭയിൽ വലിയ ഉത്തരവാദിത്വങ്ങൾ വഹിക്കാനുണ്ടായിരുന്നു. യേശു അവന്റെ അപരാധങ്ങൾ പൂർണമായി ക്ഷമിച്ചുവെന്നതിന്‌ അതിനെക്കാൾ വലിയ തെളിവു വേണമായിരുന്നോ? യേശു കാണിച്ച കരുണ പത്രോസിന്റെ ഹൃദയത്തെ സ്‌പർശിച്ചു!

പത്രോസ്‌ വർഷങ്ങളോളം വിശ്വസ്‌തമായി തന്റെ നിയമനം നിർവഹിച്ചു. യേശു മരണത്തിന്റെ തലേന്ന്‌ ആവശ്യപ്പെട്ടിരുന്നതുപോലെ, പത്രോസ്‌ തന്റെ സഹോദരന്മാരെ ബലപ്പെടുത്തി; ക്രിസ്‌തുശിഷ്യന്മാരെ ക്ഷമയോടും ആർദ്രതയോടുംകൂടെ പരിപാലിക്കുകയും പോഷിപ്പിക്കുകയും ചെയ്‌തു. ശിമോൻ എന്ന ആ മനുഷ്യൻ യേശു തനിക്ക്‌ നൽകിയ പേര്‌ അന്വർഥമാക്കി. പത്രോസ്‌ എന്ന പേരിന്റെ അർഥം പാറ എന്നാണ്‌. അതെ, വിശ്വാസത്തിൽ അചഞ്ചലനായി, കരുത്തോടെ നിലകൊണ്ട പത്രോസ്‌ ക്രിസ്‌തീയസഭയ്‌ക്ക്‌ ഒരു താങ്ങും തൂണുമായിരുന്നു. ബൈബിളിന്റെ ഭാഗമായിത്തീർന്ന പത്രോസിന്റെ രണ്ടു ലേഖനങ്ങൾ അതിന്‌ സാക്ഷ്യപത്രങ്ങളാണ്‌. ക്ഷമിക്കുന്നതിനെക്കുറിച്ച്‌ യേശുവിൽനിന്നു താൻ പഠിച്ച പാഠം പത്രോസ്‌ ഒരിക്കലും മറന്നില്ലെന്നതിന്റെ തെളിവുകൂടെയാണ്‌ ആ ലേഖനങ്ങൾ.—1 പത്രോസ്‌ 3:8, 9; 4:8.

നമുക്കും ആ പാഠം ഹൃദയത്തിൽ സൂക്ഷിക്കാം. നമ്മുടെ അനവധിയായ പിഴവുകൾക്ക്‌ ദിവസേന നാം ദൈവത്തോട്‌ മാപ്പിരക്കാറുണ്ടോ? ദൈവം നമ്മോടു ക്ഷമിച്ചിരിക്കുന്നുവെന്നും ആ പാപങ്ങളിൽനിന്ന്‌ നമ്മെ കഴുകി വെടിപ്പാക്കിയിരിക്കുന്നുവെന്നും ഉള്ള വിശ്വാസം നമുക്കുണ്ടോ? സഹമനുഷ്യരോട്‌ നാം ക്ഷമിക്കാറുണ്ടോ? ഉണ്ടെങ്കിൽ, പത്രോസിന്റെ വിശ്വാസവും അവന്റെ ഗുരുവിന്റെ കാരുണ്യവും പകർത്തുകയായിരിക്കും നാം.

[22-ാം പേജിലെ ആകർഷക വാക്യം]

പത്രോസിന്‌ പല വീഴ്‌ചകളും സംഭവിച്ചു. നാമോരോരുത്തരും അതുപോലെ ദിവസവും പിഴവുകൾ വരുത്താറില്ലേ?

[23-ാം പേജിലെ ചിത്രം]

“അപ്പോൾ കർത്താവ്‌ തിരിഞ്ഞ്‌ പത്രോസിനെ നോക്കി”

[24-ാം പേജിലെ ചിത്രം]

“കർത്താവ്‌ . . . ശിമോനു പ്രത്യക്ഷനായി”