വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘നിന്റെ രാജത്വം എന്റെ മുമ്പാകെ സ്ഥിരമായിരിക്കും’

‘നിന്റെ രാജത്വം എന്റെ മുമ്പാകെ സ്ഥിരമായിരിക്കും’

ദൈവത്തോട്‌ അടുത്തുചെല്ലുക

‘നിന്റെ രാജത്വം എന്റെ മുമ്പാകെ സ്ഥിരമായിരിക്കും’

2 ശമൂവേൽ 7:1-16

അധികാരസ്ഥാനങ്ങളിൽനിന്ന്‌ ഭ്രഷ്ടരാക്കപ്പെട്ട അനേകം മാനുഷഭരണാധിപന്മാരുടെ പേരുകൾ ചരിത്രത്തിൽ കാണാം. ചിലർക്ക്‌ ജനപിന്തുണ നഷ്ടമായതിന്റെ പേരിൽ സ്ഥാനം ഒഴിയേണ്ടിവന്നതാണ്‌. മറ്റു ചിലർക്കാകട്ടെ അട്ടിമറിയിലൂടെ സ്ഥാനം നഷ്ടപ്പെടുകയായിരുന്നു. എന്നാൽ ദൈവത്തിന്റെ സ്വർഗീയരാജ്യത്തിന്റെ രാജാവായ യേശുക്രിസ്‌തുവിനെക്കുറിച്ച്‌ എന്തു പറയാൻ കഴിയും? ദൈവം അവനു നിയമിച്ചുകൊടുത്തിരിക്കുന്ന ആ സ്ഥാനത്തുനിന്ന്‌ അവനെ നീക്കാൻ ആർക്കെങ്കിലും സാധിക്കുമോ? പുരാതന ഇസ്രായേലിന്റെ രാജാവായ ദാവീദിനോട്‌ യഹോവ പറഞ്ഞ വാക്കുകളിൽ അതിനുള്ള ഉത്തരമുണ്ട്‌. 2 ശമൂവേൽ 7-ാം അധ്യായത്തിൽ അതു കാണാം.

ദാവീദ്‌ രാജാവിനെ വ്യസനിപ്പിച്ചിരുന്ന ഒരു കാര്യത്തെക്കുറിച്ചാണ്‌ 7-ാം അധ്യായത്തിന്റെ തുടക്കത്തിൽ പറയുന്നത്‌. കേവലം മനുഷ്യനായ താൻ മനോഹരമായ അരമനയിൽ വസിക്കുമ്പോൾ ദൈവത്തിന്റെ നിയമപെട്ടകം വെറുമൊരു കൂടാരത്തിലിരിക്കുന്നു! * അതാണ്‌ ദാവീദിനെ ദുഃഖിപ്പിച്ചത്‌. അതുകൊണ്ട്‌ യഹോവയ്‌ക്കു വസിക്കാൻ മനോഹരമായ ഒരു ആലയം പണിയാൻ ദാവീദ്‌ ആഗ്രഹം പ്രകടിപ്പിക്കുന്നു. (2-ാം വാക്യം) എന്നാൽ ദാവീദല്ല, അവന്റെ മകനായിരിക്കും തനിക്ക്‌ ആലയം പണിയുന്നത്‌ എന്ന്‌ നാഥാൻ പ്രവാചകനിലൂടെ യഹോവ അവനോടു പറഞ്ഞു.​—⁠4, 5, 12, 13 വാക്യങ്ങൾ.

എന്നുവരികിലും ദാവീദിന്റെ ഹൃദയാഭിലാഷം യഹോവയെ സംപ്രീതനാക്കി. ദാവീദിന്റെ ഭക്തി കണക്കിലെടുത്ത്‌, തന്റെ ഉദ്ദേശ്യത്തിനു ചേർച്ചയിൽ ദൈവം ദാവീദിനോട്‌ ഒരു ഉടമ്പടി ചെയ്യുന്നു. ദാവീദിന്റെ രാജവംശത്തിൽനിന്നുള്ള ഒരുവൻ എന്നേക്കും ഭരിക്കും എന്നതായിരുന്നു അത്‌. നാഥാൻ പ്രവാചകൻ ദൈവത്തിന്റെ ആ വാഗ്‌ദാനം ദാവീദിനെ അറിയിക്കുന്നു: “നിന്റെ ഗൃഹവും നിന്റെ രാജത്വവും എന്റെ മുമ്പാകെ എന്നേക്കും സ്ഥിരമായിരിക്കും; നിന്റെ സിംഹാസനവും എന്നേക്കും ഉറെച്ചിരിക്കും.” (16-ാം വാക്യം) എന്നേക്കും ഭരണംനടത്തുന്ന ആ അവകാശി ആരാണ്‌?—സങ്കീർത്തനം 89:20, 29, 34-36.

നസറായനായ യേശു ദാവീദിന്റെ ഒരു പിൻഗാമിയായിരുന്നു. യേശുവിന്റെ ജനനത്തെക്കുറിച്ച്‌ അറിയിച്ച ദൂതൻ ഇങ്ങനെ പറഞ്ഞു: “ദൈവമായ യഹോവ, അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവനു കൊടുക്കും. അവൻ യാക്കോബുഗൃഹത്തിന്മേൽ എന്നേക്കും രാജാവായി വാഴും. അവന്റെ രാജ്യത്തിന്‌ അവസാനം ഉണ്ടാകുകയില്ല.” (ലൂക്കോസ്‌ 1:32, 33) അങ്ങനെ ദാവീദുമായുള്ള ഉടമ്പടി യേശുക്രിസ്‌തുവിൽ നിവൃത്തിയേറിയിരിക്കുന്നു. അതുകൊണ്ട്‌ യേശുവിനെ രാജാവായി വാഴിച്ചിരിക്കുന്നത്‌ ഏതെങ്കിലും മനുഷ്യനല്ല, ദൈവമാണ്‌. ദൈവം ദാവീദുമായി ചെയ്‌ത ആ ഉടമ്പടിപ്രകാരം, എന്നേക്കും ഭരിക്കാനുള്ള അവകാശം യേശുവിനു ലഭിച്ചിരിക്കുന്നു. ദൈവത്തിന്റെ വാഗ്‌ദാനം ഒരിക്കലും നിറവേറാതെ പോകില്ല എന്ന കാര്യം നമുക്ക്‌ മറക്കാതിരിക്കാം.

2 ശമൂവേൽ 7-ാം അധ്യായത്തിൽനിന്ന്‌ പ്രധാനപ്പെട്ട രണ്ടുവസ്‌തുതകൾ നമുക്കു പഠിക്കാനാകും. ഒന്ന്‌, യേശുവിന്റെ വാഴ്‌ചയെ തടയാൻ ആർക്കും സാധിക്കില്ല. ദൈവേഷ്ടം സ്വർഗത്തിലെപ്പോലെ ഭൂമിയിലും നിറവേറ്റുകയെന്നതാണ്‌ യേശുവിന്റെ ഭരണോദ്ദേശ്യം. അത്‌ അവൻ നിവർത്തിക്കുകതന്നെ ചെയ്യും.—മത്തായി 6:9, 10.

രണ്ടാമതായി, യഹോവ എങ്ങനെയുള്ള ഒരു ദൈവമാണെന്ന്‌ ഈ വിവരണം നമുക്കു കാണിച്ചുതരുന്നു. ദാവീദിന്റെ ഹൃദയവിചാരങ്ങൾ യഹോവ തിരിച്ചറിഞ്ഞെന്നുമാത്രമല്ല, അവ വിലമതിക്കുകയും ചെയ്‌തു. യഹോവയോടുള്ള നമ്മുടെ ഭക്തി അവൻ വിലയേറിയതായി കാണുന്നു എന്ന അറിവ്‌ നമ്മെ സന്തോഷിപ്പിക്കുന്നില്ലേ? ചിലപ്പോൾ അനാരോഗ്യവും വാർധക്യവുംപോലെ നമ്മുടെ നിയന്ത്രണത്തിന്‌ അതീതമായ കാര്യങ്ങൾനിമിത്തം, ആഗ്രഹിക്കുന്ന അളവിൽ നമുക്ക്‌ ദൈവസേവനത്തിൽ ഏർപ്പെടാൻ കഴിഞ്ഞെന്നുവരില്ല. അപ്പോൾ ഒന്നോർക്കുക: യഹോവയോടുള്ള നമ്മുടെ ഭക്തിയും സ്‌നേഹവും അവൻ കാണുന്നുണ്ട്‌!

[അടിക്കുറിപ്പ്‌]

^ ഖ. 5 യഹോവ നൽകിയ രൂപരേഖയനുസരിച്ച്‌ അവന്റെ നിർദേശപ്രകാരം പണികഴിപ്പിച്ച ഒരു വിശുദ്ധപേടകമായിരുന്നു നിയമപെട്ടകം. അത്‌ പുരാതന ഇസ്രായേലിൽ യഹോവയുടെ സാന്നിധ്യത്തെ പ്രതീകപ്പെടുത്തി.—പുറപ്പാടു 25:22.