വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പുരുഷന്മാരേ, നിങ്ങൾ ക്രിസ്‌തുവിന്റെ ശിരഃസ്ഥാനത്തിന്‌ കീഴ്‌പെട്ടിരിക്കുന്നുവോ?

പുരുഷന്മാരേ, നിങ്ങൾ ക്രിസ്‌തുവിന്റെ ശിരഃസ്ഥാനത്തിന്‌ കീഴ്‌പെട്ടിരിക്കുന്നുവോ?

പുരുഷന്മാരേ, നിങ്ങൾ ക്രിസ്‌തുവിന്റെ ശിരഃസ്ഥാനത്തിന്‌ കീഴ്‌പെട്ടിരിക്കുന്നുവോ?

“ഏതു പുരുഷന്റെയും ശിരസ്സ്‌ ക്രിസ്‌തു.”—1 കൊരി. 11:3.

1. യഹോവ ‘കലക്കത്തിന്റെ ദൈവമല്ല, സമാധാനത്തിന്റെ ദൈവമാണെന്ന്‌’ എന്തു കാണിക്കുന്നു?

“ഞങ്ങളുടെ ദൈവമായ യഹോവേ, നീ സകലവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഹിതപ്രകാരം ഉളവായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്ത്വവും ബഹുമാനവും ശക്തിയും കൈക്കൊള്ളുവാൻ നീ യോഗ്യൻ” എന്ന്‌ വെളിപാട്‌ 4:11-ൽ നാം വായിക്കുന്നു. സകലത്തിന്റെയും സ്രഷ്ടാവായതുകൊണ്ട്‌ യഹോവയാം ദൈവത്തിന്‌ തന്റെ സൃഷ്ടികളുടെമേലെല്ലാം അധികാരമുണ്ട്‌, അവനാണ്‌ അഖിലാണ്ഡപരമാധികാരി. തന്റെ ദൂതഗണത്തെ യഹോവ സംഘടിപ്പിച്ചിരിക്കുന്ന വിധത്തിൽനിന്ന്‌ അവൻ ‘കലക്കത്തിന്റെ ദൈവമല്ല, സമാധാനത്തിന്റെ ദൈവമാണ്‌’ എന്നു മനസ്സിലാക്കാൻ കഴിയും.—1 കൊരി. 14:33; യെശ. 6:1-3; എബ്രാ. 12:22, 23.

2, 3. (എ) ആരാണ്‌ യഹോവയുടെ ആദ്യ സൃഷ്ടി? (ബി) പിതാവിനോടുള്ള ബന്ധത്തിൽ ആദ്യജാതന്റെ സ്ഥാനമെന്ത്‌?

2 സൃഷ്ടിക്രിയ തുടങ്ങുന്നതിനുമുമ്പ്‌ അനന്തകോടി വർഷങ്ങൾ ദൈവം തനിച്ചുണ്ടായിരുന്നു. ദൈവത്തിന്റെ ആദ്യ സൃഷ്ടി ഒരു ആത്മജീവിയായിരുന്നു. ദൈവത്തിന്റെ വക്താവായി പ്രവർത്തിച്ചിരുന്നതിനാൽ അവൻ “വചനം” എന്നറിയപ്പെട്ടു. മറ്റെല്ലാം അസ്‌തിത്വത്തിൽ വന്നത്‌ “വചനം” മുഖാന്തരമാണ്‌. പിന്നീട്‌ ഈ വചനം യേശു എന്ന പേരിൽ പൂർണമനുഷ്യനായി ഭൂമിയിൽ വന്നു.—യോഹന്നാൻ 1:1-3, 14 വായിക്കുക.

3 ദൈവത്തിന്റെയും അവന്റെ ആദ്യജാതനായ പുത്രന്റെയും സ്ഥാനത്തെക്കുറിച്ച്‌ തിരുവെഴുത്തുകൾ എന്താണ്‌ പറയുന്നത്‌? നിശ്വസ്‌തതയിൽ പൗലോസ്‌ അപ്പൊസ്‌തലൻ ഇങ്ങനെ എഴുതി: “ഏതു പുരുഷന്റെയും ശിരസ്സ്‌ ക്രിസ്‌തു; സ്‌ത്രീയുടെ ശിരസ്സ്‌ പുരുഷൻ; ക്രിസ്‌തുവിന്റെ ശിരസ്സ്‌ ദൈവം. ഇതു നിങ്ങൾ മനസ്സിലാക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു.” (1 കൊരി. 11:3) ക്രിസ്‌തു പിതാവിന്റെ ശിരഃസ്ഥാനത്തിൻകീഴിലാണ്‌. വാസ്‌തവത്തിൽ, ബുദ്ധിശക്തിയുള്ള സൃഷ്ടികൾക്കിടയിൽ സമാധാനവും ക്രമവും നിലനിൽക്കണമെങ്കിൽ ശിരഃസ്ഥാനവും അതിനോടുള്ള കീഴ്‌പെടലും അനിവാര്യമാണ്‌. മറ്റെല്ലാം സൃഷ്ടിക്കപ്പെട്ടത്‌ ആരു മുഖാന്തരമാണോ ആ പുത്രൻപോലും ദൈവത്തിന്റെ ശിരഃസ്ഥാനത്തിനു കീഴ്‌പെട്ടിരിക്കണം.—കൊലോ. 1:16.

4, 5. യഹോവയുടെ ശിരഃസ്ഥാനത്തിനു കീഴ്‌പെട്ടിരിക്കുന്നതിനെ യേശു എങ്ങനെയാണ്‌ വീക്ഷിച്ചത്‌?

4 യഹോവയുടെ ശിരഃസ്ഥാനത്തിനു കീഴ്‌പെട്ടുകൊണ്ട്‌ ഭൂമിയിലേക്കു വരുന്നതിനെക്കുറിച്ച്‌ യേശുവിന്‌ എന്താണ്‌ തോന്നിയത്‌? “അവൻ ദൈവസ്വരൂപത്തിൽ ആയിരുന്നിട്ടും ദൈവത്തോടു സമത്വം സ്വന്തമാക്കണമെന്നു ചിന്തിക്കാതെ തനിക്കുള്ളതെല്ലാം വിട്ട്‌ ദാസരൂപം എടുത്ത്‌ മനുഷ്യനായിത്തീർന്നു. മനുഷ്യരൂപത്തിൽ ആയിരിക്കെ അവൻ തന്നെത്തന്നെ താഴ്‌ത്തി മരണത്തോളം, ദണ്ഡനസ്‌തംഭത്തിലെ മരണത്തോളംതന്നെ അനുസരണമുള്ളവനായിത്തീർന്നു” എന്ന്‌ ബൈബിളിൽ നാം വായിക്കുന്നു.—ഫിലി. 2:5-8.

5 യേശു എല്ലായ്‌പോഴും താഴ്‌മയോടെ പിതാവിന്റെ ഇഷ്ടത്തിനു കീഴ്‌പ്പെട്ടു. അവൻ ഇങ്ങനെ പറഞ്ഞു: “എനിക്കു സ്വയമായി ഒന്നും ചെയ്യാൻ കഴിയുന്നതല്ല. . . . എന്റെ വിധി നീതിയുള്ളതാകുന്നു; എന്തെന്നാൽ ഞാൻ എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്യാൻ ഇച്ഛിക്കുന്നത്‌.” (യോഹ. 5:30) ‘ഞാൻ എപ്പോഴും അവനു (എന്റെ പിതാവിനു) പ്രസാദകരമായതു ചെയ്യുന്നു’ എന്ന്‌ അവൻ പ്രസ്‌താവിച്ചു. (യോഹ. 8:29) തന്റെ ഭൗമിക ജീവിതത്തിന്റെ അവസാനത്തോടടുത്ത്‌ അവൻ പിതാവിനോട്‌ ഇങ്ങനെ പ്രാർഥിച്ചു: “നീ എനിക്കു ചെയ്യാൻ തന്ന വേല പൂർത്തിയാക്കിക്കൊണ്ട്‌ ഞാൻ ഭൂമിയിൽ നിന്നെ മഹത്ത്വപ്പെടുത്തിയിരിക്കുന്നു.” (യോഹ. 17:4) പിതാവിന്റെ ശിരഃസ്ഥാനം അംഗീകരിക്കുന്നതിനും അതിനു കീഴ്‌പെട്ടിരിക്കുന്നതിനും യേശുവിന്‌ ഒരു ബുദ്ധിമുട്ടും തോന്നിയിരുന്നില്ല എന്നാണ്‌ ഇതെല്ലാം കാണിക്കുന്നത്‌.

പിതാവിനോടുള്ള കീഴ്‌പെടൽ കൈവരുത്തിയ പ്രയോജനങ്ങൾ

6. യേശു പ്രകടമാക്കിയ ഹൃദ്യമായ ചില ഗുണങ്ങളേവ?

6 ഭൂമിയിലായിരിക്കെ യേശു ഹൃദ്യമായ പല ഗുണങ്ങളും പ്രകടമാക്കി. അതിലൊന്ന്‌, പിതാവിനോട്‌ അവനുണ്ടായിരുന്ന ആഴമായ സ്‌നേഹമാണ്‌. “ഞാൻ പിതാവിനെ സ്‌നേഹിക്കുന്നു” എന്ന്‌ അവൻ പറഞ്ഞു. (യോഹ. 14:31) ആളുകളോടും അവന്‌ ആഴമായ സ്‌നേഹമുണ്ടായിരുന്നു. (മത്തായി 22:35-40 വായിക്കുക.) അവൻ ദയയും പരിഗണനയും ഉള്ളവനായിരുന്നു. ആളുകളോട്‌ അവൻ പരുഷമായി പെരുമാറുകയോ അവരുടെമേൽ മേധാവിത്വംപുലർത്തുകയോ ചെയ്‌തില്ല. “ക്ലേശിതരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങൾക്ക്‌ ഉന്മേഷം പകരും. എന്റെ നുകം ഏറ്റുകൊണ്ട്‌ എന്നിൽനിന്നു പഠിക്കുവിൻ. ഞാൻ സൗമ്യതയും താഴ്‌മയും ഉള്ളവനാകയാൽ നിങ്ങൾ ഉന്മേഷം കണ്ടെത്തും; എന്തെന്നാൽ എന്റെ നുകം മൃദുവും എന്റെ ചുമട്‌ ലഘുവും ആകുന്നു,” അവൻ പറഞ്ഞു. (മത്താ. 11:28-30) ചെമ്മരിയാടുതുല്യരായവർക്ക്‌, വിശേഷാൽ അടിച്ചമർത്തപ്പെട്ടിരുന്നവർക്ക്‌, പ്രായഭേദമെന്യേ യേശുവിന്റെ ഊഷ്‌മളമായ വ്യക്തിത്വവും സന്ദേശവും ഏറെ ആശ്വാസംപകർന്നു.

7, 8. രക്തസ്രാവമുണ്ടായിരുന്ന സ്‌ത്രീക്ക്‌ ന്യായപ്രമാണ നിയമമനുസരിച്ച്‌ എന്തു വിലക്കുണ്ടായിരുന്നു? എന്നാൽ യേശു എങ്ങനെയാണ്‌ അവളോട്‌ ഇടപെട്ടത്‌?

7 യേശു സ്‌ത്രീകളോട്‌ ഇടപെട്ടിരുന്നത്‌ എങ്ങനെയെന്നു ചിന്തിക്കുക. പുരുഷന്മാരിൽ പലരും സ്‌ത്രീകളോട്‌ മോശമായി പെരുമാറിയതിന്റെ ചരിത്രമാണുള്ളത്‌. പുരാതന ഇസ്രായേലിലെ മതനേതാക്കന്മാരുടെ കാര്യവും വ്യത്യസ്‌തമായിരുന്നില്ല. എന്നാൽ യേശു സ്‌ത്രീകളോട്‌ ആദരവോടെയാണ്‌ പെരുമാറിയത്‌. 12 വർഷമായി രക്തസ്രാവത്താൽ വലഞ്ഞിരുന്ന ഒരു സ്‌ത്രീയോട്‌ യേശു ഇടപെട്ട വിധം ഇതിന്‌ ഒരു ഉദാഹരണമാണ്‌. അവൾ പല വൈദ്യന്മാരുടെയും അടുത്തു പോയി “വളരെ കഷ്ടപ്പെടുകയും” തനിക്കുള്ളതെല്ലാം ചികിത്സയ്‌ക്കായി ചെലവഴിക്കുകയും ചെയ്‌തു. ഇതെല്ലാം ചെയ്‌തിട്ടും ‘പ്രയോജനമൊന്നും ഉണ്ടായില്ല.’ ന്യായപ്രമാണമനുസരിച്ച്‌ അവൾ അശുദ്ധയായിരുന്നു. അവളെ ആരെങ്കിലും തൊട്ടാൽ അവരും അശുദ്ധരാകുമായിരുന്നു.—ലേവ്യ. 15:19, 25.

8 യേശു രോഗങ്ങൾ സൗഖ്യമാക്കുന്നുവെന്നു കേട്ടറിഞ്ഞ അവൾ ജനക്കൂട്ടത്തിനിടയിലൂടെ അവന്റെ അടുത്തെത്തി. “അവന്റെ വസ്‌ത്രത്തിലൊന്നു തൊട്ടാൽ മതി ഞാൻ സുഖം പ്രാപിക്കും” എന്ന്‌ അവളുടെ മനസ്സു പറഞ്ഞു. യേശുവിനെ തൊട്ട ഉടനെ അവളുടെ അസുഖംമാറി. അവൾ തന്റെ വസ്‌ത്രത്തിൽ തൊടാൻ പാടില്ലാത്തതാണെന്ന്‌ യേശുവിന്‌ അറിയാമായിരുന്നു. എന്നിട്ടും അവൻ അവളോട്‌ ദേഷ്യപ്പെട്ടില്ല. പകരം അവൻ അവളോട്‌ ദയാപൂർവം ഇടപെട്ടു. അത്രയും നാൾ ഈ രോഗവുമായി മല്ലിട്ടിരുന്ന അവളുടെ മാനസികാവസ്ഥ യേശു മനസ്സിലാക്കി. ഏതുവിധേനയും സുഖംപ്രാപിക്കാനുള്ള അവളുടെ ആഗ്രഹം യേശു തിരിച്ചറിഞ്ഞു. അനുകമ്പയോടെ യേശു അവളോട്‌ ഇങ്ങനെ പറഞ്ഞു: “മകളേ, നിന്റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു. സമാധാനത്തോടെ പൊയ്‌ക്കൊള്ളുക; . . . ആരോഗ്യത്തോടെ ജീവിക്കുക.”—മർക്കോ. 5:25-34.

9. കുട്ടികൾ തന്റെ അടുത്തുവരുന്നത്‌ ശിഷ്യന്മാർ വിലക്കിയപ്പോൾ യേശു എങ്ങനെ പ്രതികരിച്ചു?

9 കുട്ടികൾക്കുപോലും യേശുവിന്റെ അടുക്കൽ സ്വാതന്ത്ര്യം തോന്നിയിരുന്നു. ഒരിക്കൽ ആളുകൾ കുട്ടികളെ അവന്റെ അടുക്കൽ കൊണ്ടുവന്നപ്പോൾ ശിഷ്യന്മാർ അവരെ ശാസിച്ചു. കുട്ടികൾ യേശുവിന്‌ ഒരു ശല്യമായിത്തോന്നും എന്നായിരിക്കാം ശിഷ്യന്മാർ കരുതിയത്‌. പക്ഷേ യേശു അങ്ങനെയല്ല കരുതിയത്‌. തിരുവെഴുത്തു വിവരണം ഇങ്ങനെ പറയുന്നു: “ഇതുകണ്ട്‌ അമർഷം തോന്നി യേശു അവരോടു (ശിഷ്യന്മാരോടു) പറഞ്ഞത്‌: ‘ശിശുക്കൾ എന്റെ അടുക്കൽ വന്നുകൊള്ളട്ടെ; അവരെ തടയരുത്‌. ദൈവരാജ്യം ഇങ്ങനെയുള്ളവരുടേതത്രേ.’” പിന്നെ “അവൻ കുട്ടികളെ കൈകളിലെടുത്ത്‌ അവരുടെമേൽ കൈവെച്ച്‌ അവരെ അനുഗ്രഹിച്ചു.” യേശുവിന്‌ കുട്ടികൾ ശല്യമായി തോന്നിയില്ലെന്നു മാത്രമല്ല അവൻ അവരോടു വാത്സല്യത്തോടെ ഇടപെടുകയും ചെയ്‌തു.—മർക്കോ. 10:13-16.

10. ഭൂമിയിലായിരിക്കെ യേശു പ്രകടിപ്പിച്ച ഗുണങ്ങൾ അവൻ എങ്ങനെയാണ്‌ നേടിയെടുത്തത്‌?

10 ഭൂമിയിലായിരിക്കെ യേശു പ്രകടിപ്പിച്ച ഗുണങ്ങൾ അവൻ എങ്ങനെയാണ്‌ നേടിയെടുത്തത്‌? മനുഷ്യനാകുന്നതിനുമുമ്പ്‌ യുഗങ്ങളോളം തന്റെ സ്വർഗീയ പിതാവിനെ അടുത്തു നിരീക്ഷിക്കാനുള്ള അവസരം യേശുവിനുണ്ടായിരുന്നു. അങ്ങനെ അവൻ ദൈവത്തിന്റെ വഴികൾ പഠിച്ചെടുത്തു. (സദൃശവാക്യങ്ങൾ 8:22, 23, 30 വായിക്കുക.) യഹോവ തന്റെ സകല സൃഷ്ടികളുടെയുംമേൽ സ്‌നേഹപുരസ്സരം ശിരഃസ്ഥാനം പ്രയോഗിക്കുന്നത്‌ എങ്ങനെയെന്ന്‌ സ്വർഗത്തിലായിരിക്കെ യേശു നിരീക്ഷിച്ചു, അവൻ ആ രീതി സ്വായത്തമാക്കി. യഹോവയ്‌ക്ക്‌ കീഴ്‌പെട്ടിരുന്നില്ലായിരുന്നെങ്കിൽ യേശുവിന്‌ അതിനു കഴിയുമായിരുന്നോ? പിതാവിന്‌ കീഴ്‌പെട്ടിരിക്കുന്നത്‌ യേശുവിന്‌ സന്തോഷമുള്ള കാര്യമായിരുന്നു. ഇങ്ങനെയൊരു പുത്രനോടൊപ്പമായിരിക്കുന്നതിൽ യഹോവയും സന്തോഷിച്ചു. പിന്നീട്‌, ഭൂമിയിൽ വന്നപ്പോൾ യേശു തന്റെ സ്വർഗീയ പിതാവിന്റെ അനുപമമായ ഗുണങ്ങൾ പൂർണമായും പ്രതിഫലിപ്പിച്ചു. സ്വർഗീയ രാജ്യത്തിന്റെ രാജാവായി ദൈവം നിയമിച്ചിരിക്കുന്ന ഈ ക്രിസ്‌തുവിന്‌ കീഴ്‌പെട്ടിരിക്കുക എന്നത്‌ എത്ര വലിയൊരു പദവിയാണ്‌!

ക്രിസ്‌തുവിന്റെ ഗുണങ്ങൾ അനുകരിക്കുക

11. (എ) ആരെ അനുകരിക്കാൻ നാം നല്ല ശ്രമം ചെയ്യണം? (ബി) യേശുവിനെ അനുകരിക്കാൻ ക്രിസ്‌തീയ പുരുഷന്മാർ പ്രത്യേകം ശ്രമിക്കേണ്ടത്‌ എന്തുകൊണ്ട്‌?

11 ക്രിസ്‌തുവിന്റെ ഗുണങ്ങൾ അനുകരിക്കാൻ സഭയിലെ എല്ലാ അംഗങ്ങളും, പ്രത്യേകിച്ച്‌ പുരുഷന്മാർ നല്ല ശ്രമം ചെയ്യണം. കാരണം, നാം മുമ്പു കണ്ടതുപോലെ, “ഏതു പുരുഷന്റെയും ശിരസ്സ്‌ ക്രിസ്‌തു”വാണെന്ന്‌ ബൈബിൾ പറയുന്നു. ക്രിസ്‌തു തന്റെ ശിരസ്സായ സത്യദൈവത്തെ അനുകരിച്ചതുപോലെ ക്രിസ്‌തീയ പുരുഷന്മാർ അവരുടെ ശിരസ്സായ ക്രിസ്‌തുവിനെ അനുകരിക്കേണ്ടതുണ്ട്‌. ക്രിസ്‌ത്യാനിയായിത്തീർന്നശേഷം പൗലോസ്‌ അപ്പൊസ്‌തലൻ അതാണ്‌ ചെയ്‌തത്‌. “ഞാൻ ക്രിസ്‌തുവിന്റെ അനുകാരിയായിരിക്കുന്നതുപോലെ നിങ്ങൾ എന്റെ അനുകാരികളാകുവിൻ” എന്ന്‌ അവൻ സഹവിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു. (1 കൊരി. 11:1) “അതിനായിട്ടല്ലോ നിങ്ങളെ വിളിച്ചിരിക്കുന്നത്‌; എന്തെന്നാൽ ക്രിസ്‌തുവും നിങ്ങൾക്കുവേണ്ടി കഷ്ടം സഹിക്കുകയും നിങ്ങൾ അവന്റെ കാൽച്ചുവടുകൾ അടുത്തു പിന്തുടരുവാൻ ഒരു മാതൃക വെക്കുകയും ചെയ്‌തിരിക്കുന്നു” എന്ന്‌ അപ്പൊസ്‌തലനായ പത്രോസും എഴുതി. (1 പത്രോ. 2:21) ക്രിസ്‌തുവിനെ അനുകരിക്കാനുള്ള ഉദ്‌ബോധനത്തിന്‌ പുരുഷന്മാർ വിശേഷാൽ ശ്രദ്ധനൽകണം എന്നു പറയാൻ മറ്റൊരു കാരണവുമുണ്ട്‌: മൂപ്പന്മാരും ശുശ്രൂഷാദാസന്മാരും ആകാനുള്ളവരാണ്‌ അവർ. യഹോവയെ അനുകരിക്കുന്നതിൽ യേശു സന്തോഷം കണ്ടെത്തിയതുപോലെ ക്രിസ്‌തുവിനെ അനുകരിക്കുന്നതിലും അവന്റെ ഗുണങ്ങൾ പകർത്തുന്നതിലും ക്രിസ്‌തീയ പുരുഷന്മാർ സന്തോഷം കണ്ടെത്തണം.

12, 13. തങ്ങളുടെ പരിരക്ഷണയിലുള്ള ആടുകളോട്‌ മൂപ്പന്മാർ എങ്ങനെ ഇടപെടണം?

12 മൂപ്പന്മാർക്ക്‌ ക്രിസ്‌തുവിനെ അനുകരിക്കാനുള്ള കടപ്പാടുണ്ട്‌. പത്രോസ്‌ അവർക്ക്‌ പിൻവരുന്ന നിർദേശം നൽകി: “നിങ്ങളുടെ പരിപാലനത്തിലുള്ള ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയ്‌ക്കുവിൻ; നിർബന്ധത്താലല്ല, മനസ്സോടെയും ദുർല്ലാഭമോഹത്തോടെയല്ല, താത്‌പര്യത്തോടെയും ദൈവത്തിന്‌ അവകാശപ്പെട്ടവരുടെമേൽ ആധിപത്യം നടത്തിക്കൊണ്ടല്ല, അജഗണത്തിനു മാതൃകകളായിക്കൊണ്ടുംതന്നെ.” (1 പത്രോ. 5:1-3) ക്രിസ്‌തീയ മൂപ്പന്മാർ സ്വേച്ഛാധിപതികളെപ്പോലെ മേധാവിത്വംപുലർത്തുന്നവരോ കടുംപിടുത്തക്കാരോ പരുഷമായി പെരുമാറുന്നവരോ ആയിരിക്കരുത്‌. തങ്ങളുടെ സംരക്ഷണയിലുള്ള ആടുകളോട്‌ ഇടപെടുമ്പോൾ, ക്രിസ്‌തുവിനെ അനുകരിച്ചുകൊണ്ട്‌ സ്‌നേഹവും പരിഗണനയും താഴ്‌മയും ദയയും ഉള്ളവരായിരിക്കാൻ അവർ ശ്രമിക്കും.

13 സഭയിൽ നേതൃത്വമെടുക്കുന്ന പുരുഷന്മാർ അപൂർണരാണ്‌; അവർ എപ്പോഴും അക്കാര്യം മനസ്സിൽപ്പിടിക്കണം. (റോമ. 3:23) അതുകൊണ്ട്‌ യേശുവിനെക്കുറിച്ച്‌ പഠിക്കാനും അവന്റെ സ്‌നേഹം അനുകരിക്കാനും അവർ ഉത്സാഹമുള്ളവരായിരിക്കണം. ദൈവവും ക്രിസ്‌തുവും ആളുകളോട്‌ ഇടപെടുന്ന വിധത്തെക്കുറിച്ച്‌ അവർ ചിന്തിക്കുകയും ആ മാതൃക പിൻപറ്റാൻ ശ്രമിക്കുകയും വേണം. പത്രോസ്‌ ഈ നിർദേശം നൽകി: “അന്യോന്യം ഇടപെടുന്നതിൽ നിങ്ങൾ എല്ലാവരും താഴ്‌മ ധരിച്ചുകൊള്ളുവിൻ; എന്തെന്നാൽ ദൈവം ഗർവികളോട്‌ എതിർത്തു നിൽക്കുന്നു; താഴ്‌മയുള്ളവരുടെമേൽ അവൻ കൃപ ചൊരിയുന്നു.”—1 പത്രോ. 5:5.

14. മൂപ്പന്മാർ മറ്റുള്ളവരെ ഏതളവോളം ബഹുമാനിക്കണം?

14 ദൈവത്തിന്റെ ആട്ടിൻകൂട്ടത്തോട്‌ ഇടപെടുമ്പോൾ സഭയിലെ നിയമിത പുരുഷന്മാർ സദ്‌ഗുണങ്ങൾ പ്രകടമാക്കണം. “സഹോദരസ്‌നേഹത്തിൽ അന്യോന്യം ആർദ്രതയുള്ളവരായിരിക്കുവിൻ. പരസ്‌പരം ബഹുമാനിക്കുന്നതിൽ മുന്നിട്ടുനിൽക്കുവിൻ” എന്ന്‌ റോമർ 12:10 പറയുന്നു. മൂപ്പന്മാരും ശുശ്രൂഷാദാസന്മാരും മറ്റുള്ളവരോട്‌ ആദരവോടെ ഇടപെടണം. “ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്‌മയോടെ മറ്റുള്ളവരെ നിങ്ങളെക്കാൾ ശ്രേഷ്‌ഠരായി കരുതുവിൻ” എന്ന ക്രിസ്‌ത്യാനികൾക്കുള്ള ബുദ്ധിയുപദേശം ഇവരും ബാധകമാക്കണം. (ഫിലി. 2:3) നേതൃത്വമെടുക്കുന്നവർ മറ്റുള്ളവരെ തങ്ങളെക്കാൾ ശ്രേഷ്‌ഠരായി വീക്ഷിക്കണം. അങ്ങനെ ചെയ്യുന്നെങ്കിൽ പൗലോസിന്റെ ഈ നിർദേശത്തിനു ചേർച്ചയിൽ പ്രവർത്തിക്കുകയായിരിക്കും അവർ: “ശക്തരായ നാം അശക്തരുടെ ബലഹീനതകളെ ചുമക്കണം; നമ്മെത്തന്നെ പ്രീതിപ്പെടുത്തുകയല്ല വേണ്ടത്‌. നാം ഓരോരുത്തരും അയൽക്കാരന്റെ നന്മയ്‌ക്കായി, അവന്റെ ആത്മീയവർധനയ്‌ക്കായിത്തന്നെ പ്രവർത്തിച്ചുകൊണ്ട്‌ അവനെ പ്രസാദിപ്പിക്കണം. ക്രിസ്‌തുതന്നെയും സ്വയം പ്രീതിപ്പെടുത്തിയില്ല.”—റോമ. 15:1-3.

‘ഭാര്യമാരെ ആദരിക്കുക’

15. ഭർത്താവ്‌ ഭാര്യയോട്‌ ഇടപെടേണ്ടത്‌ എങ്ങനെയാണ്‌?

15 വിവാഹിതരായ പുരുഷന്മാർക്ക്‌ പത്രോസ്‌ ഈ നിർദേശം നൽകി: “ഭർത്താക്കന്മാരേ, നിങ്ങളുടെ പ്രാർഥനകൾ തടസ്സപ്പെടാതിരിക്കേണ്ടതിന്‌ സ്‌ത്രീജനം ഏറെ ബലഹീനമായ പാത്രം എന്നോർത്ത്‌ അവരെ (നിങ്ങളുടെ ഭാര്യമാരെ) ആദരിച്ച്‌ വിവേകപൂർവം അവരോടൊപ്പം വസിക്കുവിൻ.” (1 പത്രോ. 3:7) ഒരാളെ ആദരിക്കുക എന്നു പറഞ്ഞാൽ, വിലപ്പെട്ട ഒരാളായി ആ വ്യക്തിയെ കാണുക എന്നാണ്‌ അർഥം. അങ്ങനെയാകുമ്പോൾ നിങ്ങൾ അയാളുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും ആഗ്രഹങ്ങളും പരിഗണിക്കും; തക്കതായ കാരണമൊന്നുമില്ലെങ്കിൽ അതിനു വഴങ്ങിക്കൊടുക്കും. ഒരു ഭർത്താവ്‌ ഭാര്യയോട്‌ ഇടപെടേണ്ടത്‌ ഇങ്ങനെയാണ്‌.

16. ദൈവവചനം ഭർത്താക്കന്മാർക്ക്‌ എന്തു മുന്നറിയിപ്പു നൽകുന്നു?

16 ഭർത്താക്കന്മാരോട്‌, അവരുടെ “പ്രാർഥനകൾ തടസ്സപ്പെടാതിരിക്കേണ്ടതിന്‌” ഭാര്യമാരെ ആദരിക്കാൻ പത്രോസ്‌ പറയുന്നു. (1 പത്രോ. 3:7) ഭർത്താവ്‌ ഭാര്യയോട്‌ എങ്ങനെ പെരുമാറുന്നു എന്നതിനെ യഹോവ എത്ര ഗൗരവമായി കാണുന്നുവെന്ന്‌ ഈ വാക്കുകൾ വ്യക്തമാക്കുന്നു. പത്രോസ്‌ നൽകുന്ന മുന്നറിയിപ്പ്‌ ഇതാണ്‌: ഭാര്യക്ക്‌ ആദരവുനൽകിയില്ലെങ്കിൽ ഭർത്താവിന്റെ പ്രാർഥന തടസ്സപ്പെടാം! മാത്രമല്ല, ഭർത്താക്കന്മാർ ആദരവോടെ ഇടപെടുമ്പോൾ ഭാര്യമാർ നല്ല പെരുമാറ്റം കാഴ്‌ചവെക്കാനുള്ള സാധ്യത കൂടുതലാണ്‌, ശരിയല്ലേ?

17. ഭർത്താവ്‌ ഭാര്യയെ എത്രത്തോളം സ്‌നേഹിക്കണം?

17 ഭർത്താവ്‌ ഭാര്യയെ സ്‌നേഹിക്കേണ്ടത്‌ എങ്ങനെയെന്ന്‌ ദൈവവചനം പറയുന്നു: “ഭർത്താക്കന്മാരും തങ്ങളുടെ ഭാര്യമാരെ സ്വന്തം ശരീരത്തെപ്പോലെ സ്‌നേഹിക്കേണ്ടതാകുന്നു. . . . ആരും ഒരിക്കലും സ്വന്തം ശരീരത്തെ വെറുക്കുകയില്ലല്ലോ; ക്രിസ്‌തു സഭയെ എന്നതുപോലെ അതിനെ പരിപോഷിപ്പിക്കുകയും പരിപാലിക്കുകയുമത്രേ ചെയ്യുന്നത്‌. . . . നിങ്ങളിൽ ഓരോരുത്തനും തന്റെ ഭാര്യയെ തന്നെപ്പോലെതന്നെ സ്‌നേഹിക്കണം.” (എഫെ. 5:28, 29, 33) ഭർത്താവ്‌ ഭാര്യയെ എത്രത്തോളം സ്‌നേഹിക്കണം? പൗലോസിന്റെ വാക്കുകൾ ശ്രദ്ധിക്കുക: “ഭർത്താക്കന്മാരേ, ക്രിസ്‌തു സഭയെ സ്‌നേഹിച്ചതുപോലെ നിങ്ങളുടെ ഭാര്യമാരെ സ്‌നേഹിക്കുവിൻ.” ക്രിസ്‌തു “സഭയ്‌ക്കുവേണ്ടി തന്നെത്തന്നെ ഏൽപ്പിച്ചുകൊടുത്തു.” (എഫെ. 5:25, 27) അതെ, ഭർത്താവ്‌ ഭാര്യക്കുവേണ്ടി ജീവൻ വെടിയാൻപോലും തയ്യാറായിരിക്കണം, ക്രിസ്‌തു ചെയ്‌തതുപോലെ. ഒരു ക്രിസ്‌തീയ ഭർത്താവ്‌ ഭാര്യയോട്‌ ആർദ്രതയോടും പരിഗണനയോടും നിസ്സ്വാർഥതയോടും കൂടെ ഇടപെടുന്നെങ്കിൽ അദ്ദേഹത്തിന്റെ ശിരഃസ്ഥാനത്തിനു കീഴ്‌പെട്ടിരിക്കാൻ ഭാര്യക്ക്‌ എളുപ്പമായിരിക്കും.

18. വൈവാഹിക ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ പുരുഷന്മാർക്ക്‌ എന്തു സഹായമുണ്ട്‌?

18 ഭാര്യമാരെ ഈ വിധത്തിൽ ആദരിക്കുന്നത്‌ ഭർത്താക്കന്മാർക്കു സാധിക്കാത്ത ഒരു കാര്യമാണോ? അല്ല. നമുക്ക്‌ അസാധ്യമായ ഒരു കാര്യം ചെയ്യാൻ യഹോവ ഒരിക്കലും ആവശ്യപ്പെടില്ല. തന്നെയുമല്ല, യഹോവയുടെ ആരാധകർക്ക്‌ അഖിലാണ്ഡത്തിലെ ഏറ്റവും പ്രബലശക്തിയായ പരിശുദ്ധാത്മാവിന്റെ സഹായവും ലഭിക്കും. യേശു പറഞ്ഞു: “മക്കൾക്കു നല്ല ദാനങ്ങൾ നൽകാൻ ദോഷികളായ നിങ്ങൾക്ക്‌ അറിയാമെങ്കിൽ സ്വർഗസ്ഥനായ പിതാവ്‌ തന്നോടു ചോദിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ എത്രയധികം നൽകും!” (ലൂക്കോ. 11:13) ഭാര്യയോടും മറ്റുള്ളവരോടും നന്നായി ഇടപെടാനുള്ള സഹായത്തിനായി പരിശുദ്ധാത്മാവിനെ നൽകാൻ ഭർത്താക്കന്മാർക്ക്‌ യഹോവയോടു പ്രാർഥിക്കാവുന്നതാണ്‌.—പ്രവൃത്തികൾ 5:32 വായിക്കുക.

19. അടുത്ത ലേഖനത്തിൽ എന്തു ചർച്ചചെയ്യും?

19 ക്രിസ്‌തുവിനു കീഴ്‌പെട്ടിരിക്കാനും അവൻ ശിരഃസ്ഥാനം പ്രയോഗിച്ച വിധം അനുകരിക്കാനുമുള്ള വലിയൊരു ഉത്തരവാദിത്വമാണ്‌ പുരുഷന്മാർക്കുള്ളത്‌. എന്നാൽ സ്‌ത്രീകൾക്ക്‌, വിശേഷാൽ, ഭാര്യമാർക്ക്‌ എന്ത്‌ ഉത്തരവാദിത്വമുണ്ട്‌? യഹോവയുടെ ക്രമീകരണത്തിൽ സ്‌ത്രീകളുടെ പങ്കെന്താണ്‌? അടുത്ത ലേഖനത്തിൽ ഇതാണ്‌ ചർച്ചചെയ്യുന്നത്‌.

നിങ്ങൾ ഓർമിക്കുന്നുവോ?

• യേശുവിന്റെ ഏതെല്ലാം ഗുണങ്ങൾ നാം അനുകരിക്കണം?

• മൂപ്പന്മാർ ആടുകളോട്‌ എങ്ങനെ ഇടപെടണം?

• ഭർത്താവ്‌ ഭാര്യയോട്‌ ഇടപെടേണ്ടത്‌ എങ്ങനെ?

[അധ്യയന ചോദ്യങ്ങൾ]

[10-ാം പേജിലെ ചിത്രങ്ങൾ]

മറ്റുള്ളവർക്ക്‌ ആദരവു നൽകിക്കൊണ്ട്‌ യേശുവിനെ അനുകരിക്കുക