വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യേശു ദൈവത്തിന്റെ നീതിയെ ഉയർത്തിക്കാട്ടി

യേശു ദൈവത്തിന്റെ നീതിയെ ഉയർത്തിക്കാട്ടി

യേശു ദൈവത്തിന്റെ നീതിയെ ഉയർത്തിക്കാട്ടി

“വിശ്വാസത്താൽ ലഭ്യമാകേണ്ടതും അവന്റെ (യേശുക്രിസ്‌തുവിന്റെ) രക്തത്താലുള്ളതുമായ പാപപരിഹാരത്തിന്ന്‌, ദൈവം അവനെ നിയോഗിച്ചു. ദൈവത്തിന്റെ നീതി കാണിച്ചുകൊടുക്കാനായിരുന്നു ഇത്‌.”—റോമ. 3:25, ഓശാന ബൈബിൾ.

1, 2. (എ) മനുഷ്യന്റെ അവസ്ഥയെക്കുറിച്ച്‌ ബൈബിൾ എന്തു പറയുന്നു? (ബി) ഈ ലേഖനത്തിൽ നാം എന്തെല്ലാം ചോദ്യങ്ങൾ പരിചിന്തിക്കും?

ഏദെൻതോട്ടത്തിലെ മത്സരത്തെക്കുറിച്ചുള്ള ബൈബിൾ വിവരണം നമുക്കെല്ലാം സുപരിചിതമാണ്‌. അന്ന്‌ ആദാം ചെയ്‌ത പാപത്തിന്റെ ഫലം അനുഭവിക്കുന്നവരാണ്‌ നാം ഓരോരുത്തരും. റോമർ 5:12 ഇങ്ങനെ പറയുന്നു: “ഏകമനുഷ്യനിലൂടെ പാപവും പാപത്തിലൂടെ മരണവും ലോകത്തിൽ കടന്നു. അങ്ങനെ, എല്ലാവരും പാപം ചെയ്‌തതിനാൽ മരണം സകലമനുഷ്യരിലേക്കും വ്യാപിച്ചു.” നാം എത്രതന്നെ ശ്രമിച്ചാലും നമുക്കു തെറ്റുപറ്റുന്നു. എന്തിന്‌, അപ്പൊസ്‌തലനായ പൗലോസുപോലും ഇങ്ങനെ വിലപിച്ചു: “ഇച്ഛിക്കുന്ന നന്മയല്ല, ഇച്ഛിക്കാത്ത തിന്മയത്രേ ഞാൻ പ്രവർത്തിക്കുന്നത്‌. ഞാനോ അരിഷ്ടമനുഷ്യൻ!” (റോമ. 7:19, 24) അതെ, നമുക്കെല്ലാം ദൈവത്തിന്റെ ക്ഷമ ആവശ്യമാണ്‌.

2 സകലമനുഷ്യരും പാപികളാണെന്ന വസ്‌തുത കണക്കിലെടുക്കുമ്പോൾ ചില സുപ്രധാന ചോദ്യങ്ങൾ ഉയർന്നുവരുന്നു: ആദാമ്യപാപമില്ലാതെ ജനിക്കാൻ നസറായനായ യേശുവിനു സാധിച്ചത്‌ എങ്ങനെയാണ്‌? അവൻ സ്‌നാനമേറ്റത്‌ എന്തിനാണ്‌? യേശു തന്റെ ജീവിതത്തിലൂടെ ദൈവത്തിന്റെ നീതിയെ ഉയർത്തിക്കാട്ടിയത്‌ എങ്ങനെ? എല്ലാറ്റിലും ഉപരി, യേശുവിന്റെ മരണംകൊണ്ട്‌ എന്തു സാധ്യമായി?

യഹോവയുടെ നീതിയെ ചോദ്യംചെയ്യുന്നു

3. സാത്താൻ ഹവ്വായെ വഞ്ചിച്ചത്‌ എങ്ങനെ?

3 ആദ്യമാതാപിതാക്കളായ ആദാമും ഹവ്വായും ബുദ്ധിശൂന്യമായി പ്രവർത്തിച്ചു. അവർ ദൈവത്തിന്റെ പരമാധികാരത്തെ തള്ളിക്കളഞ്ഞ്‌ ‘പിശാച്‌ എന്നും സാത്താൻ എന്നും പേരുള്ളവനായ ആ പഴയ പാമ്പിന്റെ’ ഭരണം തിരഞ്ഞെടുത്തു. (വെളി. 12:9) എങ്ങനെയാണ്‌ ഇതു സംഭവിച്ചത്‌? യഹോവയാംദൈവം ഭരണംനടത്തുന്ന വിധത്തെ സാത്താൻ ചോദ്യംചെയ്‌തു, അത്‌ നീതിയോടെയല്ല എന്നായിരുന്നു അവന്റെ വാദം. “തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങൾ തിന്നരുതെന്നു ദൈവം വാസ്‌തവമായി കല്‌പിച്ചിട്ടുണ്ടോ” എന്ന്‌ അവൻ ഹവ്വായോട്‌ ചോദിച്ചു. മരിക്കാതിരിക്കേണ്ടതിന്‌ തോട്ടത്തിലുള്ള ഒരു വൃക്ഷത്തെമാത്രം തൊടരുതെന്ന്‌ ദൈവം വ്യക്തമായി കൽപ്പിച്ചിട്ടുള്ളതായി ഹവ്വാ പറഞ്ഞു. ദൈവം പറഞ്ഞത്‌ നുണയാണെന്നായി സാത്താൻ. “നിങ്ങൾ മരിക്കയില്ല നിശ്ചയം,” പിശാച്‌ അവളോടു പറഞ്ഞു. ദൈവം നല്ലത്‌ എന്തോ അവരിൽനിന്നു പിടിച്ചുവെച്ചിരിക്കുകയാണെന്നും ആ ഫലം തിന്നാൽ നന്മതിന്മകളെ അറിയുന്നവരായി അവർ ദൈവത്തെപ്പോലെ ആകുമെന്നും ഹവ്വായെ അവൻ വിശ്വസിപ്പിച്ചു. അവളെ വഞ്ചിക്കുകയായിരുന്നു അവൻ.—ഉല്‌പ. 3:1-5.

4. മനുഷ്യവർഗം മത്സരിയായ സാത്താന്റെ ഭരണത്തിൻകീഴിലായത്‌ എങ്ങനെ?

4 ദൈവത്തിന്റെ അധികാരത്തിൽനിന്നു സ്വതന്ത്രരായാൽ മനുഷ്യർ കൂടുതൽ സന്തുഷ്ടരായിരിക്കുമെന്നാണ്‌ സാത്താൻ പറഞ്ഞതിന്റെ ധ്വനി. യഹോവയുടെ നീതിയുള്ള പരമാധികാരം ഉയർത്തിപ്പിടിക്കുന്നതിനു പകരം ആദാം തന്റെ ഭാര്യയുടെ വാക്കുകേട്ട്‌ വിലക്കപ്പെട്ട കനി ഭക്ഷിച്ചു. അങ്ങനെ ആദാം ദൈവമുമ്പാകെ തനിക്കുണ്ടായിരുന്ന പൂർണത കൈവിട്ടുകളഞ്ഞു, നമ്മെയെല്ലാം പാപത്തിന്റെയും മരണത്തിന്റെയും അടിമകളുമാക്കി. അതോടൊപ്പം മനുഷ്യവർഗം “ഈ ലോകത്തിന്റെ ദൈവ”വും മത്സരിയുമായ സാത്താന്റെ ഭരണത്തിൻകീഴിലായി.—2 കൊരി. 4:4; റോമ. 7:14.

5. (എ) യഹോവ തന്റെ വാക്കിനു ചേർച്ചയിൽ പ്രവർത്തിച്ചത്‌ എങ്ങനെ? (ബി) ആദാമിന്റെയും ഹവ്വായുടെയും സന്തതികൾക്ക്‌ ദൈവം എന്തു പ്രത്യാശ നൽകി?

5 താൻ പറഞ്ഞിരുന്നതുപോലെതന്നെ ദൈവം ആദാമിനെയും ഹവ്വായെയും മരണത്തിനു വിധിച്ചു. (ഉല്‌പ. 3:16-19) അതിന്റെ അർഥം ദൈവത്തിന്റെ ഉദ്ദേശ്യം പരാജയപ്പെട്ടു എന്നാണോ? ഒരിക്കലുമല്ല. വാസ്‌തവത്തിൽ, സംഭവിച്ചത്‌ മറിച്ചാണ്‌! ആദാമിനും ഹവ്വായ്‌ക്കും ശിക്ഷവിധിച്ചെങ്കിലും അവരുടെ ഭാവിസന്താനങ്ങൾക്ക്‌ യഹോവ ഒരു മഹത്തായ പ്രത്യാശ നൽകി. താൻ ഒരു “സന്തതി”യെ എഴുന്നേൽപ്പിക്കുമെന്ന്‌ യഹോവ വാഗ്‌ദാനംചെയ്‌തു. സാത്താൻ വാഗ്‌ദത്ത സന്തതിയുടെ കുതികാൽ തകർക്കുമായിരുന്നെങ്കിലും ആ ക്ഷതം ഭേദപ്പെട്ടശേഷം “സന്തതി” സാത്താന്റെ “തല തകർക്കു”മെന്ന്‌ യഹോവ മുൻകൂട്ടിപ്പറഞ്ഞു. (ഉല്‌പ. 3:15) ഈ വിഷയം വിശദീകരിച്ചുകൊണ്ട്‌ ബൈബിൾ ഇങ്ങനെ പറയുന്നു: “പിശാചിന്റെ പ്രവൃത്തികളെ തകർക്കാനത്രേ ദൈവപുത്രൻ വന്നത്‌.” (1 യോഹ. 3:8) അങ്ങനെയെങ്കിൽ, യേശുവിന്റെ ജീവിതവും മരണവും ദൈവത്തിന്റെ നീതിയെ ഉയർത്തിക്കാട്ടിയത്‌ എങ്ങനെയാണ്‌?

യേശുവിന്റെ സ്‌നാനത്തിന്റെ അർഥം

6. യേശുവിന്‌ ആദാമിൽനിന്നുള്ള പാപമില്ലാതെ ജനിക്കാൻ കഴിഞ്ഞത്‌ എന്തുകൊണ്ട്‌?

6 മുതിർന്നുകഴിയുമ്പോൾ യേശു, ഒരിക്കൽ പൂർണനായിരുന്ന ആദാമിനു തുല്യനാകേണ്ടിയിരുന്നു. (റോമ. 5:14; 1 കൊരി. 15:45) യേശു പൂർണനായി ജനിക്കണം എന്നായിരുന്നു അതിന്റെ അർഥം. അത്‌ എങ്ങനെ സാധിക്കുമായിരുന്നു? യേശുവിന്റെ അമ്മയായ മറിയയോട്‌ ഗബ്രിയേൽ ദൂതൻ ഇക്കാര്യം വിശദീകരിച്ചു: “പരിശുദ്ധാത്മാവ്‌ നിന്റെമേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെമേൽ നിഴലിടും. ആകയാൽ ജനിക്കാനിരിക്കുന്ന ശിശു വിശുദ്ധനെന്ന്‌, ദൈവത്തിന്റെ പുത്രനെന്ന്‌ വിളിക്കപ്പെടും.” (ലൂക്കോ. 1:35) യേശു കുട്ടിയായിരുന്നപ്പോൾ അവന്റെ ജനനത്തെക്കുറിച്ചുള്ള ചില കാര്യങ്ങൾ മറിയ അവനോടു പറഞ്ഞിരിക്കാം. അതുകൊണ്ടാണ്‌ ബാലനായിരുന്ന യേശു ഒരിക്കൽ ദൈവാലയത്തിൽവെച്ച്‌ മറിയയോടും തന്റെ വളർത്തുപിതാവായ യോസേഫിനോടും ഇങ്ങനെ ചോദിച്ചത്‌: “ഞാൻ എന്റെ പിതാവിന്റെ ഭവനത്തിൽ ആയിരിക്കേണ്ടതാണെന്നു നിങ്ങൾക്ക്‌ അറിയില്ലയോ?” (ലൂക്കോ. 2:49) അതെ, താൻ ദൈവപുത്രനാണെന്ന്‌ യേശുവിനു ചെറുപ്പംമുതലേ അറിയാമായിരുന്നു. അതുകൊണ്ടുതന്നെ, ദൈവത്തിന്റെ നീതി ഉയർത്തിപ്പിടിക്കുന്നത്‌ യേശുവിനു വളരെ പ്രധാനപ്പെട്ട കാര്യമായിരുന്നു.

7. യേശുവിന്റെ പക്കൽ വിലപ്പെട്ടതായി എന്തൊക്കെ ഉണ്ടായിരുന്നു?

7 ആരാധനയ്‌ക്കുള്ള യോഗങ്ങളിൽ ക്രമമായി സംബന്ധിച്ചുകൊണ്ട്‌ ആത്മീയകാര്യങ്ങളിൽ തനിക്കുണ്ടായിരുന്ന താത്‌പര്യം യേശു പ്രകടമാക്കി. അവന്റെ മാനസിക പ്രാപ്‌തികളെല്ലാം പൂർണമായിരുന്നു; അതിനാൽ എബ്രായ തിരുവെഴുത്തുകളിൽനിന്ന്‌ അവൻ കേട്ടതും വായിച്ചതുമായ കാര്യങ്ങളെല്ലാം അവന്‌ അതേപടി സ്വാംശീകരിക്കാൻ കഴിഞ്ഞിരിക്കണം. (ലൂക്കോ. 4:16) എന്നാൽ അവന്റെ പക്കൽ വിലപ്പെട്ട മറ്റൊന്നുകൂടെ ഉണ്ടായിരുന്നു—മനുഷ്യവർഗത്തിനുവേണ്ടി ബലിയർപ്പിക്കാൻ കഴിയുമായിരുന്ന പൂർണ മനുഷ്യശരീരം. ഇതേക്കുറിച്ചു പറയുന്ന സങ്കീർത്തനം 40:6-8-ലെ പ്രാവചനിക വാക്കുകളായിരിക്കണം സ്‌നാനസമയത്ത്‌ പ്രാർഥിച്ചപ്പോൾ സാധ്യതയനുസരിച്ച്‌ യേശുവിന്റെ മനസ്സിലുണ്ടായിരുന്നത്‌.—ലൂക്കോ. 3:21; എബ്രായർ 10:5-10 വായിക്കുക. *

8. സ്‌നാനമേൽക്കാൻ വന്ന യേശുവിനെ യോഹന്നാൻ സ്‌നാപകൻ പിന്തിരിപ്പിക്കാൻ ശ്രമിച്ചത്‌ എന്തുകൊണ്ട്‌?

8 സ്‌നാനമേൽക്കാൻ വന്ന യേശുവിനെ പിന്തിരിപ്പിക്കാനാണ്‌ ആദ്യം യോഹന്നാൻ സ്‌നാപകൻ ശ്രമിച്ചത്‌. എന്തായിരുന്നു കാരണം? ന്യായപ്രമാണത്തിന്‌ എതിരായി ചെയ്യുന്ന പാപത്തിൽനിന്നുള്ള മാനസാന്തരത്തിന്റെ പ്രതീകമായിട്ടാണ്‌ യോഹന്നാൻ യഹൂദന്മാരെ സ്‌നാനം കഴിപ്പിച്ചിരുന്നത്‌. യേശു നീതിമാനാണെന്നും അതുകൊണ്ട്‌ അവന്‌ അനുതാപത്തിന്റെ ആവശ്യമില്ലെന്നും അവന്റെ അടുത്തബന്ധുവായ യോഹന്നാന്‌ അറിയാമായിരുന്നിരിക്കണം. എന്നാൽ, “ഇങ്ങനെ നീതിയായതെല്ലാം നിവർത്തിക്കുന്നത്‌ നമുക്ക്‌ ഉചിതം” എന്നു പറഞ്ഞുകൊണ്ട്‌, താൻ സ്‌നാനമേൽക്കേണ്ടതാണെന്ന്‌ യേശു യോഹന്നാനെ ബോധ്യപ്പെടുത്തി.—മത്താ. 3:15.

9. യേശുവിന്റെ സ്‌നാനം എന്തിനെ പ്രതീകപ്പെടുത്തി?

9 ആദാമിനെപ്പോലെ പൂർണമനുഷ്യനായതിനാൽ പൂർണതയുള്ള ഒരു മനുഷ്യസമൂഹത്തിനു ജന്മംനൽകാൻ തനിക്കാകുമെന്ന്‌ യേശുവിനു നിഗമനം ചെയ്യാൻ കഴിയുമായിരുന്നു. എന്നാൽ അങ്ങനെയൊന്ന്‌ യേശു ഒരിക്കലും ആഗ്രഹിച്ചില്ല. തന്നെക്കുറിച്ചുള്ള ദൈവഹിതം അതല്ലെന്ന്‌ അവന്‌ അറിയാമായിരുന്നു. വാഗ്‌ദത്തസന്തതിയുടെ അഥവാ മിശിഹായുടെ ഭാഗധേയം നിവർത്തിക്കാനാണ്‌ യഹോവ യേശുവിനെ ഭൂമിയിലേക്ക്‌ അയച്ചത്‌. യേശു തന്റെ പൂർണമനുഷ്യജീവൻ ബലിയർപ്പിക്കുന്നത്‌ അതിൽ ഉൾപ്പെട്ടിരുന്നു. (യെശയ്യാവു 53:5, 6, 12 വായിക്കുക.) നമുക്ക്‌ അറിയാവുന്നതുപോലെ, നമ്മുടെ സ്‌നാനത്തിന്റെ അർഥമല്ല യേശുവിന്റെ സ്‌നാനത്തിനുണ്ടായിരുന്നത്‌. ദൈവത്തിന്റെ സമർപ്പിതജനതയായ ഇസ്രായേലിലെ ഒരു അംഗമായിരുന്നതിനാൽ യഹോവയ്‌ക്കുള്ള സമർപ്പണത്തിന്റെ പ്രതീകമായിട്ടല്ല യേശു സ്‌നാനമേറ്റത്‌. മറിച്ച്‌ യേശുവിന്റെ സ്‌നാനം, മിശിഹായെക്കുറിച്ച്‌ തിരുവെഴുത്തുകളിൽ മുൻകൂട്ടിപ്പറഞ്ഞ കാര്യങ്ങളെല്ലാം നിവർത്തിക്കാനും അങ്ങനെ തന്റെ പിതാവിന്റെ ഹിതം ചെയ്യാനുമായി തന്നെത്തന്നെ വിട്ടുകൊടുക്കുന്നതിനെ അർഥമാക്കി.

10. മിശിഹായെക്കുറിച്ചുള്ള ദൈവഹിതത്തിൽ എന്ത്‌ ഉൾപ്പെട്ടിരുന്നു, യേശു ആ ഉത്തരവാദിത്വങ്ങളെ എങ്ങനെയാണ്‌ വീക്ഷിച്ചത്‌?

10 രാജ്യത്തിന്റെ സുവാർത്ത പ്രസംഗിക്കുക, ശിഷ്യരെ ഉളവാക്കുക, ഭാവി ശിഷ്യരാക്കൽ വേലയ്‌ക്കായി ഇവരെ പരിശീലിപ്പിക്കുക; ഇതൊക്കെ യേശു ചെയ്യണമെന്നത്‌ യഹോവയുടെ ഹിതമായിരുന്നു. യഹോവയുടെ നീതിനിഷ്‌ഠമായ പരമാധികാരത്തെ പിന്തുണയ്‌ക്കാനായി പീഡനവും ക്രൂരമായ മരണവും സഹിക്കാനുള്ള സന്നദ്ധതയും തന്നെത്തന്നെ വിട്ടുകൊടുത്തപ്പോൾ യേശുവിനുണ്ടായിരുന്നു. തന്റെ സ്വർഗീയ പിതാവിനെ യേശു ആത്മാർഥമായി സ്‌നേഹിച്ചതിനാൽ അവന്റെ ഹിതം ചെയ്യുന്നതും തന്നെത്തന്നെ യാഗമായി അർപ്പിക്കുന്നതും യേശുവിന്‌ സന്തോഷവും സംതൃപ്‌തിയും നൽകി. (യോഹ. 14:31) പാപത്തിന്റെയും മരണത്തിന്റെയും അടിമത്തത്തിൽനിന്ന്‌ നമ്മെ വീണ്ടെടുക്കാനുള്ള മറുവിലയായി തന്റെ ജീവന്റെ മൂല്യം ദൈവത്തിനു സമർപ്പിക്കാനാകുമെന്ന കാര്യവും യേശുവിന്‌ ഏറെ സന്തോഷം പകർന്നു. ഈ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ യേശു മുന്നോട്ടുവന്നപ്പോൾ യഹോവ എങ്ങനെയാണ്‌ അതിനെ വീക്ഷിച്ചത്‌? അവൻ അത്‌ അംഗീകരിച്ചോ? നിശ്ചയമായും!

11. യേശുവിനെ വാഗ്‌ദത്തമിശിഹാ അഥവാ ക്രിസ്‌തു ആയി താൻ അംഗീകരിച്ചിരിക്കുന്നു എന്ന്‌ യഹോവ പ്രകടമാക്കിയത്‌ എങ്ങനെ?

11 യേശു യോർദാൻ നദിയിൽ സ്‌നാനമേറ്റ ഉടനെ, താൻ അവനെ അംഗീകരിക്കുന്നുവെന്ന്‌ യഹോവയാംദൈവം പ്രകടമാക്കിയതായി നാലു സുവിശേഷ എഴുത്തുകാരും രേഖപ്പെടുത്തിയിരിക്കുന്നു. “ആത്മാവ്‌ പ്രാവുപോലെ സ്വർഗത്തിൽനിന്ന്‌ ഇറങ്ങിവരുന്നതു ഞാൻ കണ്ടു; അത്‌ (യേശുവിന്റെമേൽ) ആവസിച്ചു” എന്ന്‌ യോഹന്നാൻ സ്‌നാപകൻ സാക്ഷ്യപ്പെടുത്തി. “ഞാൻ അതു കാണുകയും ഇവൻ ദൈവപുത്രനാകുന്നു എന്നു സാക്ഷ്യം നൽകുകയും ചെയ്‌തിരിക്കുന്നു” എന്ന്‌ അവൻ പറഞ്ഞു. (യോഹ. 1:32-34) “ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” എന്ന്‌ ആ അവസരത്തിൽ യഹോവയും പ്രഖ്യാപിച്ചു.—മത്താ. 3:17; മർക്കോ. 1:11; ലൂക്കോ. 3:22.

മരണത്തോളം വിശ്വസ്‌തൻ

12. സ്‌നാനത്തെത്തുടർന്നുള്ള മൂന്നരവർഷക്കാലം യേശു എന്തു ചെയ്‌തു?

12 തന്റെ പിതാവിനെക്കുറിച്ചും അവന്റെ നീതിനിഷ്‌ഠമായ പരമാധികാരത്തെക്കുറിച്ചും ആളുകളെ പഠിപ്പിക്കുന്നതിനായി സ്‌നാനത്തെത്തുടർന്നുള്ള മൂന്നരവർഷക്കാലം യേശു ഉഴിഞ്ഞുവെച്ചു. വാഗ്‌ദത്തദേശത്തുടനീളം കാൽനടയായി സഞ്ചരിച്ചത്‌ അവനെ ക്ഷീണിപ്പിച്ചിരുന്നെങ്കിലും സത്യത്തിനു സമഗ്രസാക്ഷ്യം നൽകുന്നതിന്‌ അതൊന്നും അവനൊരു തടസ്സമായിരുന്നില്ല. (യോഹ. 4:6, 34; 18:37) ദൈവരാജ്യത്തെക്കുറിച്ച്‌ അവൻ മറ്റുള്ളവരെ പഠിപ്പിച്ചു. മാത്രമല്ല അവൻ രോഗികളെ സുഖപ്പെടുത്തി, വിശന്നവരെ പോഷിപ്പിച്ചു, മരിച്ചവരെ ഉയിർപ്പിച്ചു; ഈ അത്ഭുതങ്ങളെല്ലാം പ്രവർത്തിച്ചപ്പോൾ, ദൈവരാജ്യം മനുഷ്യവർഗത്തിനുവേണ്ടി എന്തെല്ലാം ചെയ്യുമെന്നു കാണിക്കുകയായിരുന്നു അവൻ.—മത്താ. 11:4, 5.

13. പ്രാർഥനയെക്കുറിച്ച്‌ യേശു എന്തു പഠിപ്പിച്ചു?

13 താൻ പഠിപ്പിച്ച കാര്യങ്ങളും താൻ ചെയ്‌ത അത്ഭുതപ്രവൃത്തികളും സ്വന്തം കഴിവുകൊണ്ടാണെന്ന്‌ യേശു ഒരിക്കലും അവകാശപ്പെട്ടില്ല. അവൻ താഴ്‌മയോടെ സകല മഹത്ത്വവും യഹോവയ്‌ക്കു നൽകിക്കൊണ്ട്‌ വിശിഷ്ടമായ മാതൃകവെച്ചു. (യോഹ. 5:19; 11:41-44) നാം പ്രാർഥിക്കേണ്ട ഏറ്റവും പ്രധാനമായ വിഷയങ്ങൾ ഏതാണെന്നും യേശു പഠിപ്പിച്ചു. യഹോവ എന്ന ദൈവനാമം ‘വിശുദ്ധീകരിക്കപ്പെടാനും’ സാത്താന്റെ ദുഷ്‌ഭരണത്തിന്റെ സ്ഥാനത്ത്‌ ദൈവത്തിന്റെ നീതിനിഷ്‌ഠമായ ഭരണം നിലവിൽവരാനും അങ്ങനെ ദൈവത്തിന്റെ ‘ഇഷ്ടം സ്വർഗത്തിലെപ്പോലെ ഭൂമിയിൽ ആകാനും’ നാം പ്രാർഥിക്കണം. (മത്താ. 6:9, 10) “ഒന്നാമത്‌ രാജ്യവും (ദൈവത്തിന്റെ) നീതിയും അന്വേഷി”ച്ചുകൊണ്ട്‌ അത്തരം പ്രാർഥനകൾക്കു ചേർച്ചയിൽ പ്രവർത്തിക്കാനും യേശു നമ്മെ പ്രോത്സാഹിപ്പിച്ചു.—മത്താ. 6:33.

14. യേശു പൂർണനായിരുന്നെങ്കിലും ദൈവോദ്ദേശ്യത്തിലെ തന്റെ ഭാഗധേയം നിവർത്തിക്കാൻ അവന്റെ ഭാഗത്ത്‌ ശ്രമം ആവശ്യമായിരുന്നത്‌ എന്തുകൊണ്ട്‌?

14 ബലിമരണത്തിന്റെ സമയം അടുക്കുന്തോറും, താൻ വഹിക്കുന്ന ഭാരിച്ച ഉത്തരവാദിത്വത്തെക്കുറിച്ചുള്ള ചിന്ത യേശുവിനെ അലട്ടാൻതുടങ്ങി. പിതാവിന്റെ സത്‌പേരും അവന്റെ ഉദ്ദേശ്യനിവൃത്തിയും, താൻ അന്യായമായ വിചാരണയും ക്രൂരമായ മരണവും സഹിക്കുന്നതിനെ ആശ്രയിച്ചാണിരിക്കുന്നതെന്ന്‌ യേശുവിന്‌ അറിയാമായിരുന്നു. മരണത്തിന്‌ അഞ്ചുദിവസംമുമ്പ്‌ യേശു ഇങ്ങനെ പ്രാർഥിച്ചു: “ഇപ്പോൾ എന്റെ ഉള്ളം കലങ്ങിയിരിക്കുന്നു. ഞാൻ എന്തു പറയേണ്ടൂ? പിതാവേ, ഈ നാഴികയിൽനിന്ന്‌ എന്നെ രക്ഷിക്കേണമേ. അല്ല, ഇതിനുവേണ്ടിത്തന്നെയല്ലോ ഞാൻ ഈ നാഴികയിലേക്കു വന്നിരിക്കുന്നത്‌.” സ്വാഭാവികമായ മാനുഷിക വികാരങ്ങളാണ്‌ അവന്റെ ഈ വാക്കുകളിൽ കാണുന്നത്‌. പക്ഷേ യേശു പെട്ടെന്നുതന്നെ ഏറെ പ്രധാനപ്പെട്ട വിഷയത്തിലേക്ക്‌ തന്റെ ശ്രദ്ധതിരിച്ചു. അവൻ നിസ്സ്വാർഥമായി ഇപ്രകാരം പ്രാർഥിച്ചു: “പിതാവേ, നിന്റെ നാമത്തെ മഹത്ത്വപ്പെടുത്തേണമേ.” ഉടനടി യഹോവ മറുപടി നൽകി: “ഞാൻ അതിനെ മഹത്ത്വപ്പെടുത്തിയിരിക്കുന്നു; ഇനിയും മഹത്ത്വപ്പെടുത്തും.” (യോഹ. 12:27, 28) ഒരു മനുഷ്യനും നേരിട്ടിട്ടില്ലാത്ത, വിശ്വസ്‌തതയുടെ കഠിനപരിശോധന നേരിടാൻ യേശുവിനു മനസ്സായിരുന്നു എന്നതിനു സംശയമില്ല. എന്നാൽ തന്റെ സ്വർഗീയ പിതാവിന്റെ ആ വാക്കുകൾ യേശുവിനു കൂടുതൽ ആത്മവിശ്വാസം പകർന്നു; യഹോവയുടെ പരമാധികാരം സംസ്ഥാപിക്കുന്നതിലും അത്‌ ഉയർത്തിപ്പിടിക്കുന്നതിലും താൻ വിജയിക്കുമെന്ന്‌ അത്‌ അവന്‌ ഉറപ്പുനൽകി. അവൻ വിജയിക്കുകതന്നെ ചെയ്‌തു!

യേശുവിന്റെ മരണം എന്ത്‌ സാധ്യമാക്കി?

15. തന്റെ മരണത്തിനു തൊട്ടുമുമ്പ്‌ “സകലവും പൂർത്തിയായിരിക്കുന്നു” എന്ന്‌ യേശു പറഞ്ഞത്‌ എന്തുകൊണ്ട്‌?

15 ദണ്ഡനസ്‌തംഭത്തിൽ തറയ്‌ക്കപ്പെട്ട യേശു അതിവേദനയോടെ അന്ത്യശ്വാസം വലിക്കുന്നതിനു തൊട്ടുമുമ്പ്‌ ഇങ്ങനെ പറഞ്ഞു: “സകലവും പൂർത്തിയായിരിക്കുന്നു.” (യോഹ. 19:30) തന്റെ സ്‌നാനംമുതൽ മരണംവരെയുള്ള മൂന്നരവർഷക്കാലത്ത്‌ ദൈവത്തിന്റെ സഹായത്താൽ മഹത്തായ എത്രയോ കാര്യങ്ങളാണ്‌ യേശുവിനു പൂർത്തിയാക്കാനായത്‌! യേശു മരിച്ച ഉടനെ ഉണ്ടായ വലിയ ഭൂകമ്പം കണ്ടപ്പോൾ അവനെ വധിക്കാൻ ചുമതലയുണ്ടായിരുന്ന സൈനികോദ്യോഗസ്ഥൻ, “ഇവൻ ദൈവപുത്രനായിരുന്നു നിശ്ചയം” എന്നു സമ്മതിച്ചുപറഞ്ഞു. (മത്താ. 27:54) ദൈവപുത്രനാണെന്നു പറഞ്ഞതിന്റെ പേരിൽ ആളുകൾ യേശുവിനെ കളിയാക്കിയത്‌ ഈ ഉദ്യോഗസ്ഥൻ കണ്ടിരിക്കണം. ഇതെല്ലാം സഹിക്കേണ്ടിവന്നിട്ടും യേശു തന്റെ വിശ്വസ്‌തത കൈവെടിഞ്ഞില്ല. അങ്ങനെ സാത്താൻ ക്രൂരനും നീചനുമായ ഒരു നുണയനാണെന്ന്‌ യേശു തെളിയിച്ചു. യഹോവയുടെ പരമാധികാരത്തിനുവേണ്ടി നിലകൊള്ളുന്നവരെക്കുറിച്ച്‌ സാത്താൻ ഇങ്ങനെ പറഞ്ഞിരുന്നു: “സ്വജീവനുവേണ്ടി മനുഷ്യൻ തനിക്കുള്ളതെല്ലാം കൈവെടിയും.” (ഇയ്യോ. 2:4, ഓശാന ബൈബിൾ) ആദാമിനും ഹവ്വായ്‌ക്കും നേരിട്ട പരീക്ഷ താരതമ്യേന എളുപ്പമുള്ള ഒന്നായിരുന്നു. അവർക്ക്‌ അതിൽ വിജയിക്കാനാകുമായിരുന്നു എന്ന്‌ വിശ്വസ്‌തത കാത്തുസൂക്ഷിച്ചതിലൂടെ യേശു തെളിയിച്ചു. എല്ലാറ്റിലും ഉപരി, തന്റെ ജീവിതത്തിലൂടെയും മരണത്തിലൂടെയും യേശു യഹോവയുടെ നീതിനിഷ്‌ഠമായ പരമാധികാരത്തെ പ്രകീർത്തിക്കുകയും ഉയർത്തിപ്പിടിക്കുകയും ചെയ്‌തു. (സദൃശവാക്യങ്ങൾ 27:11 വായിക്കുക.) യേശുവിന്റെ മരണം മറ്റെന്തെങ്കിലും സാധ്യമാക്കിയോ? ഉവ്വ്‌. അത്‌ എന്താണെന്നു നോക്കാം.

16, 17. (എ) ക്രിസ്‌തുവിനു മുമ്പുള്ള യഹോവയുടെ സാക്ഷികൾക്ക്‌ ദൈവമുമ്പാകെ നീതിമാന്മാരായിരിക്കാൻ കഴിഞ്ഞത്‌ എന്തിന്റെ അടിസ്ഥാനത്തിലാണ്‌? (ബി) യഹോവ തന്റെ പുത്രന്റെ വിശ്വസ്‌തതയ്‌ക്കു പ്രതിഫലം നൽകിയത്‌ എങ്ങനെ, കർത്താവായ യേശുക്രിസ്‌തു എന്തു ചെയ്യുന്നതിൽ തുടരുന്നു?

16 യേശു ഭൂമിയിൽ വരുന്നതിനുമുമ്പു ജീവിച്ചിരുന്ന അനേകം ദൈവദാസന്മാരുണ്ട്‌. യഹോവ അവരെ നീതിമാന്മാരായി കണക്കാക്കി; അവൻ അവർക്ക്‌ പുനരുത്ഥാന പ്രത്യാശയും നൽകി. (യെശ. 25:8; ദാനീ. 12:13) എന്നാൽ വിശുദ്ധനായ യഹോവയാംദൈവം പാപികളായ മനുഷ്യർക്ക്‌ ഇത്ര വലിയ അനുഗ്രഹം നൽകിയത്‌ എന്തിന്റെ അടിസ്ഥാനത്തിലാണ്‌? ബൈബിൾ അതിന്‌ ഉത്തരം നൽകുന്നു: “(യേശുക്രിസ്‌തുവിന്റെ) രക്തത്തിൽ വിശ്വസിക്കുന്നവർക്കുവേണ്ടി ദൈവം അവനെ ഒരു അനുരഞ്‌ജനയാഗമായി നൽകി; താൻ ക്ഷമയോടെ കാത്തിരുന്ന മുൻകാലങ്ങളിൽ മനുഷ്യരുടെ പാപങ്ങൾ ക്ഷമിച്ചത്‌ നീതിയാണെന്നു വരേണ്ടതിനും ഇക്കാലത്ത്‌ യേശുവിൽ വിശ്വസിക്കുന്ന മനുഷ്യനെ നീതീകരിക്കുമ്പോൾ അതും നീതിയാണെന്നു വരേണ്ടതിനും ദൈവം അങ്ങനെചെയ്‌തു.”—റോമ. 3:25, 26. *

17 യഹോവ യേശുവിനു തക്ക പ്രതിഫലം നൽകി. അവനെ പുനരുത്ഥാനപ്പെടുത്തുകയും ഭൂമിയിൽ വരുന്നതിനുമുമ്പ്‌ ഉണ്ടായിരുന്നതിനെക്കാൾ ഉന്നതമായ ഒരു സ്ഥാനം അവനു നൽകുകയും ചെയ്‌തു. തേജസ്സുള്ള ഒരു ആത്മജീവിയായി ഉയിർപ്പിക്കപ്പെട്ട യേശു ഇപ്പോൾ അമർത്യതയുള്ളവനാണ്‌. (എബ്രാ. 1:3) മഹാപുരോഹിതനും രാജാവുമായ യേശുക്രിസ്‌തു ദൈവത്തിന്റെ നീതിയെ കീർത്തിക്കാൻ തന്റെ അനുഗാമികളെ സഹായിക്കുന്നതിൽ തുടരുന്നു. ഇപ്രകാരം തന്റെ നീതിയെ കീർത്തിക്കുകയും തന്റെ പുത്രനെ അനുകരിച്ചുകൊണ്ട്‌ വിശ്വസ്‌തതയോടെ തന്നെ സേവിക്കുകയും ചെയ്യുന്നവർക്ക്‌ യഹോവ നിശ്ചയമായും പ്രതിഫലം നൽകും. അതേപ്രതി നാം യഹോവയോട്‌ എത്ര നന്ദിയുള്ളവരായിരിക്കണം!—സങ്കീർത്തനം 34:3; എബ്രായർ 11:6 വായിക്കുക.

18. അടുത്ത ലേഖനം ഏതു വിഷയം ചർച്ചചെയ്യും?

18 ഹാബേൽ മുതലുള്ള വിശ്വസ്‌ത മനുഷ്യർക്ക്‌ വിശ്വാസവും, വാഗ്‌ദത്ത സന്തതി വരുമെന്നും പ്രവചനങ്ങൾ നിവർത്തിക്കുമെന്നും ഉള്ള ഉറപ്പും ഉണ്ടായിരുന്നതിനാൽ അവർക്ക്‌ യഹോവയുമായി ഒരു ഉറ്റബന്ധം ആസ്വദിക്കാനായി. തന്റെ പുത്രൻ വിശ്വസ്‌തത പാലിക്കുമെന്നും അവന്റെ മരണത്തിന്‌ “ലോകത്തിന്റെ പാപം” നീക്കാനാകുമെന്നും യഹോവയ്‌ക്ക്‌ അറിയാമായിരുന്നു. (യോഹ. 1:29) യേശുവിന്റെ മരണം ഇന്നു ജീവിക്കുന്നവർക്കും പ്രയോജനം ചെയ്യുന്നു. (റോമ. 3:26) അങ്ങനെയെങ്കിൽ ക്രിസ്‌തുവിന്റെ മറുവില നിങ്ങൾക്ക്‌ എന്ത്‌ അനുഗ്രഹങ്ങൾ കൈവരുത്തും? അടുത്ത ലേഖനം ഈ വിഷയം ചർച്ചചെയ്യും.

[അടിക്കുറിപ്പ്‌]

^ ഖ. 7 അപ്പൊസ്‌തലനായ പൗലോസ്‌ സങ്കീർത്തനം 40:6-8 ഇവിടെ ഉദ്ധരിക്കുന്നത്‌ ഗ്രീക്ക്‌ സെപ്‌റ്റുവജിന്റിൽനിന്നാണ്‌. അതിൽ, “നീ എനിക്കായി ഒരു ശരീരം ഒരുക്കി” എന്ന വാക്കുകളും ഉൾപ്പെടുത്തിയിരിക്കുന്നു. എന്നാൽ പുരാതന എബ്രായ തിരുവെഴുത്തുകളുടെ ഇപ്പോൾ ലഭ്യമായിരിക്കുന്ന കയ്യെഴുത്തുപ്രതികളിലൊന്നും ഈ ഭാഗം കാണുന്നില്ല.

നിങ്ങളുടെ ഉത്തരം എന്താണ്‌?

• ദൈവത്തിന്റെ നീതി ചോദ്യംചെയ്യപ്പെട്ടത്‌ എങ്ങനെ?

• യേശുവിന്റെ സ്‌നാനം എന്തിന്റെ പ്രതീകമായിരുന്നു?

• യേശുവിന്റെ മരണം എന്തു സാധ്യമാക്കി?

[അധ്യയന ചോദ്യങ്ങൾ]

[9-ാം പേജിലെ ചിത്രം]

യേശുവിന്റെ സ്‌നാനം എന്തിന്റെ പ്രതീകമായിരുന്നു എന്ന്‌ അറിയാമോ?