വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഏവർക്കും സ്വാഗതം!

ഏവർക്കും സ്വാഗതം!

ഏവർക്കും സ്വാഗതം!

എവിടേക്ക്‌? യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ചോഫീസിലേക്ക്‌. ബെഥേൽ എന്നാണ്‌ സാധാരണ അത്‌ അറിയപ്പെടുന്നത്‌. ലോകമെമ്പാടുമായി അത്തരത്തിലുള്ള 118 ബ്രാഞ്ചോഫീസുകളുണ്ട്‌. ബെഥേൽ സന്ദർശിക്കുന്നവർ പലപ്പോഴും അവിടത്തെ പ്രവർത്തനങ്ങൾ കണ്ട്‌ അത്ഭുതപ്പെടുകയും അതിനോടുള്ള വിലമതിപ്പു പ്രകടിപ്പിക്കുകയും ചെയ്യാറുണ്ട്‌.

ഒരിക്കൽ ഒരു യുവ ബൈബിൾ വിദ്യാർഥി മെക്‌സിക്കോയിലെ ബ്രാഞ്ചോഫീസ്‌ സന്ദർശിച്ചു. അവിടെ അവൻ കണ്ടത്‌ കഠിനാധ്വാനികളായ സ്വമേധാസേവകരെയാണ്‌. യഹോവയെ സേവിക്കുന്ന അവരുടെ മുഖത്തെ പ്രസരിപ്പും സന്തോഷവും അവനെ അങ്ങേയറ്റം ആകർഷിച്ചു. “ഇവിടെ താമസിക്കാൻ ഞാൻ എന്തു ചെയ്യണം?” എന്ന്‌ അവൻ ചോദിച്ചു. “അതിന്‌ ആദ്യം സ്‌നാനപ്പെടേണ്ടതുണ്ട്‌. എന്നിട്ട്‌ കുറച്ചുകാലം ഒരു പയനിയറായി അഥവാ മുഴുസമയ രാജ്യഘോഷകനായി സേവിക്കുന്നതു നല്ലതാണ്‌,” ഇതായിരുന്നു അവനു കിട്ടിയ മറുപടി. അവൻ ആ നിർദേശങ്ങൾ അനുസരിച്ചു. ഫലമോ? വെറും രണ്ടുവർഷം കഴിഞ്ഞപ്പോൾ അവൻ ആ ബെഥേലിലെത്തി; കഴിഞ്ഞ 20 വർഷമായി അവിടെ സേവിക്കുന്നു.

എന്താണ്‌ ബെഥേൽ?

എബ്രായ ഭാഷയിൽ “ബേഥേൽ” എന്ന പദത്തിന്റെ അർഥം ദൈവത്തിന്റെ ഭവനം എന്നാണ്‌. (ഉല്‌പ. 28:19) ലോകമെമ്പാടുമുള്ള യഹോവയുടെ സാക്ഷികളുടെ 1,00,000-ത്തിലധികംവരുന്ന സഭകൾക്കാവശ്യമായ ബൈബിളും ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങളും അച്ചടിക്കുകയും ആത്മീയസഹായങ്ങൾ എത്തിച്ചുകൊടുക്കുകയും ചെയ്യുകയാണ്‌ ബ്രാഞ്ചോഫീസുകളുടെ ധർമം. യഹോവയെയും തങ്ങളുടെ ക്രിസ്‌തീയ സഹോദരങ്ങളെയും മുഴുസമയം നിസ്സ്വാർഥം സേവിക്കുന്ന, വ്യത്യസ്‌ത സാംസ്‌കാരിക-സാമൂഹിക പശ്ചാത്തലങ്ങളിൽപ്പെട്ട 20,000-ത്തോളം സ്‌ത്രീപുരുഷന്മാർ ബ്രാഞ്ചോഫീസുകളിൽ സേവിക്കുന്നുണ്ട്‌. വർഷങ്ങളോളം ഈ ക്രിസ്‌തീയ പ്രവർത്തനങ്ങൾക്കായി ജീവിതം ചെലവഴിച്ചവരും ചുറുചുറുക്കുള്ള യുവാക്കളും തോളോടുതോൾ ചേർന്നു പ്രവർത്തിക്കുന്നു. ബെഥേൽ കുടുംബാംഗങ്ങൾ അവരുടെ സായാഹ്നങ്ങളും വാരാന്തങ്ങളും അടുത്തുള്ള സഭകളോടൊത്ത്‌ ക്രിസ്‌തീയ ശുശ്രൂഷയിലും യോഗങ്ങളിലും പങ്കെടുക്കുന്നതിനാണ്‌ ഉപയോഗിക്കുന്നത്‌. ഒഴിവുസമയങ്ങൾ ബൈബിൾ പഠനത്തിനും വിനോദത്തിനും വ്യക്തിപരമായ മറ്റു കാര്യങ്ങൾക്കും വേണ്ടി അവർ നീക്കിവെക്കുന്നു.

ബെഥേൽ കുടുംബാംഗങ്ങൾക്ക്‌ അവരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനുവേണ്ട ഒരു ചെറിയ തുക മാസന്തോറും ലഭിക്കും. സ്വാദിഷ്‌ഠവും പോഷകസമൃദ്ധവുമായ ഭക്ഷണവും വൃത്തിയും വെടിപ്പുമുള്ള നല്ല താമസസൗകര്യവും ബെഥേലിന്റെ പ്രത്യേകതകളാണ്‌. ആഡംബരപൂർണമല്ലെങ്കിലും ആവശ്യങ്ങൾക്കിണങ്ങുന്ന താമസസ്ഥലങ്ങളാണ്‌ ബെഥേലിലുള്ളത്‌. സംഘടനയുടെ സുഗമമായ പ്രവർത്തനരീതിയും ഭംഗിയായി സൂക്ഷിച്ചിരിക്കുന്ന കെട്ടിടങ്ങളും മനോഹരമായ പൂന്തോട്ടങ്ങളും മാത്രമല്ല, ബെഥേൽ അംഗങ്ങളുടെ സൗമ്യതയും സഹകരണ മനോഭാവവും സന്ദർശകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നു. തിരക്കോടെ ജോലിചെയ്യുന്നവരാണെങ്കിലും സ്‌നേഹവും പരിഗണനയും കാണിക്കാനാവാത്തവിധം തിരക്കുള്ളവരല്ല അവർ. സാമൂഹിക ഉച്ചനീചത്വങ്ങൾക്കു ബെഥേലിൽ സ്ഥാനമില്ല; ബെഥേലിലെ ജോലിയുടെ അടിസ്ഥാനത്തിൽ ആരും മറ്റുള്ളവരെക്കാൾ ഉയർന്നവരോ താണവരോ അല്ല. ശുചീകരണമോ പൂന്തോട്ടപരിപാലനമോ പാചകമോ, അച്ചടിശാലയിലോ ഓഫീസിലോ ഉള്ള ജോലിയോ എന്തുമായിക്കൊള്ളട്ടെ, അവയെല്ലാം അവിടെ പ്രധാനപ്പെട്ടതാണ്‌. ബെഥേൽ അംഗങ്ങൾ എല്ലാവരും യഹോവയുടെ സാക്ഷികളുടെ ശുശ്രൂഷയെ പിന്തുണയ്‌ക്കാനായി ഒത്തൊരുമിച്ചു പ്രവർത്തിക്കുന്നു.—കൊലോ. 3:23.

ചില ബെഥേൽ അംഗങ്ങളെ പരിചയപ്പെടുക

ഈ അന്താരാഷ്‌ട്ര കുടുംബത്തിൽപ്പെട്ട ഏതാനും ചിലരെ നമുക്കിപ്പോൾ പരിചയപ്പെടാം. ബെഥേലിൽ സേവിക്കാൻ അവർക്കു പ്രചോദനമേകിയത്‌ എന്താണ്‌? മാരിയോയുടെ കാര്യമെടുക്കുക. പേരുകേട്ട ഒരു ജർമൻ കമ്പനിയിൽ നല്ല ശമ്പളത്തിൽ ജോലിചെയ്യുകയായിരുന്നു മാരിയോ; സ്ഥാനക്കയറ്റത്തിനുള്ള സാധ്യതയുമുണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ്‌ അദ്ദേഹം സ്‌നാനമേറ്റ്‌ യഹോവയുടെ സാക്ഷിയായിത്തീരുന്നത്‌. തുടർന്ന്‌ അദ്ദേഹം ജർമൻ ബെഥേലിൽ ഒരാഴ്‌ച സേവിക്കാൻ തീരുമാനിച്ചു; അച്ചടിശാലയിലായിരുന്നു നിയമനം. കമ്പനിയിലെ സഹജോലിക്കാരും ബെഥേലിൽ തന്നോടൊപ്പം ജോലിചെയ്‌തവരും തമ്മിലുള്ള അന്തരം മാരിയോയ്‌ക്കു കാണാനായി. അത്‌ അദ്ദേഹത്തിന്‌ ബെഥേലിൽ മുഴുസമയം സേവിക്കാനുള്ള പ്രചോദനമേകി. പല ബന്ധുക്കൾക്കും സഹപ്രവർത്തകർക്കും മാരിയോയുടെ തീരുമാനത്തോടു യോജിക്കാൻ കഴിഞ്ഞില്ലെങ്കിലും അദ്ദേഹം ബെഥേൽ സേവനം തിരഞ്ഞെടുത്തു, ഇപ്പോഴും അവിടെ സസന്തോഷം സേവിക്കുന്നു.

ബെഥേൽ സേവനത്തിനായി വരുന്ന പലരും വലിയ വിദ്യാഭ്യാസമോ വൈദഗ്‌ധ്യമോ ഇല്ലാത്തവരാണ്‌. അത്തരം ഒരാളാണ്‌ മെക്‌സിക്കോയിലെ ബെഥേലിൽ 15 വർഷമായി സേവിക്കുന്ന ഏബെൽ. അദ്ദേഹം പറയുന്നു: “എന്നെ സംബന്ധിച്ചിടത്തോളം ബെഥേൽ ഒരു സ്‌കൂൾപോലെയാണ്‌. അത്യാധുനികമായ അച്ചടിയന്ത്രങ്ങൾ പ്രവർത്തിപ്പിക്കാൻ ഞാൻ ഇവിടെനിന്നു പഠിച്ചിരിക്കുന്നു. ബെഥേലിനു വെളിയിൽ പോകുകയാണെങ്കിൽ ഈ അറിവ്‌ ഉപയോഗിച്ച്‌ എനിക്ക്‌ ധാരാളം പണം സമ്പാദിക്കാനാകും; പക്ഷേ, ഇവിടെ ആസ്വദിക്കുന്ന സമാധാനവും സംതൃപ്‌തിയും എനിക്കു ലഭിക്കില്ലെന്നു മാത്രമല്ല, ഇന്നു സാധാരണമായിരിക്കുന്ന മത്സരവും ഉത്‌കണ്‌ഠകളുമായി മല്ലിടുകയും ചെയ്യേണ്ടിവരും. ലഭിക്കാവുന്നതിൽവെച്ച്‌ ഏറ്റവും നല്ല വിദ്യാഭ്യാസമാണ്‌ എനിക്ക്‌ ഇവിടെ ലഭിച്ചിരിക്കുന്നത്‌. ആത്മീയവും ബൗദ്ധികവുമായി മെച്ചപ്പെടാൻ അതെന്നെ ഏറെ സഹായിച്ചു. ലോകത്തിലുള്ള ഒരു സർവകലാശാലയ്‌ക്കും ഇത്ര മികച്ച വിദ്യാഭ്യാസം നൽകാൻ കഴിയില്ല.”

ബെഥേൽ സന്ദർശനം വഴിത്തിരിവായേക്കാം

ഒരു വ്യക്തിയുടെ ആത്മീയതയെ ക്രിയാത്മകമായി സ്വാധീനിക്കാൻ ബെഥേൽ സന്ദർശനം ഇടയാക്കിയേക്കാം. മെക്‌സിക്കോയിലെ ഒമറിന്റെ അനുഭവം അതാണ്‌ കാണിക്കുന്നത്‌. അവനെ അമ്മ ബൈബിൾസത്യങ്ങൾ പഠിപ്പിച്ചിരുന്നു. പക്ഷേ 17 വയസ്സായപ്പോൾ അവൻ ക്രിസ്‌തീയ യോഗങ്ങൾക്കു ഹാജരാകാതെയായി, പരസ്യശുശ്രൂഷയും നിറുത്തിക്കളഞ്ഞു. ക്രമേണ, ഭൗതികാസക്തവും വഴിവിട്ടതുമായ ഒരു ജീവിതഗതി അവൻ തിരഞ്ഞെടുത്തു. പിന്നീട്‌, വാർത്താവിനിമയ രംഗത്തു പ്രവർത്തിക്കുന്ന ഒരു കമ്പനിയിൽ ജോലിചെയ്യവെ ചില ഉപകരണങ്ങളുടെ പ്രവർത്തനവിധം കാണിച്ചുകൊടുക്കാൻ ഒമർ മറ്റു ചിലരോടൊപ്പം മെക്‌സിക്കോയിലെ ബെഥേലിൽ ചെന്നു. അതേക്കുറിച്ച്‌ ഒമർ പറയുന്നു: “ജോലി തീർന്നശേഷം ബെഥേൽ ചുറ്റിക്കാണാൻ ഞങ്ങൾക്ക്‌ അവസരം ലഭിച്ചു. ഞാൻ അവിടെ കണ്ട കാര്യങ്ങളും അവരുടെ ദയാപുരസ്സരമായ പെരുമാറ്റവും എന്റെ കണ്ണുതുറപ്പിച്ചു; ദൈവത്തിൽനിന്ന്‌ അന്യപ്പെട്ട എന്റെ ജീവിതത്തെക്കുറിച്ചു ചിന്തിക്കാനും അത്‌ എനിക്കു പ്രേരണയേകി. പെട്ടെന്നുതന്നെ ഞാൻ യോഗങ്ങൾക്കു ഹാജരാകാനും ബൈബിൾ പഠിക്കാനും തുടങ്ങി. ബെഥേൽ സന്ദർശിച്ച്‌ ആറുമാസത്തിനുശേഷം ഞാൻ സ്‌നാനമേറ്റു. ആ ബെഥേൽ സന്ദർശനത്തിലൂടെ എനിക്കു ലഭിച്ച പ്രോത്സാഹനത്തെപ്രതി ഞാൻ യഹോവയോട്‌ തികച്ചും നന്ദിയുള്ളവനാണ്‌.”

ജപ്പാനിലെ മസാഹികൊയും ഒരു സാക്ഷിക്കുടുംബത്തിലാണ്‌ വളർന്നുവന്നത്‌. എങ്കിലും ക്രിസ്‌ത്യാനിയായുള്ള ജീവിതം ശ്വാസംമുട്ടിക്കുന്നതായി അവനു തോന്നി. പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്കായി സമയം മുഴുവൻ ചെലവഴിക്കാൻ തുടങ്ങിയ അവൻ യോഗങ്ങൾക്കു പോകാതെയായി; പ്രസംഗപ്രവർത്തനത്തിലും പങ്കെടുക്കാതായി. അങ്ങനെയിരിക്കെ, മസാഹികൊയുടെ വീട്ടുകാരും സഭയിലെ ചില സഹോദരങ്ങളും ബെഥേൽ സന്ദർശിക്കാൻ തീരുമാനിച്ചു. അദ്ദേഹം പറയുന്നു: “വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി ഞാനും കൂടെപ്പോയി. മുമ്പൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത ഒരു പ്രത്യേക അനുഭൂതിയായിരുന്നു ആ ബെഥേൽ സന്ദർശനം. സഹോദരങ്ങളോടൊത്തുള്ള സഹവാസവും ഞാൻ ശരിക്കും ആസ്വദിച്ചു. സാക്ഷികളല്ലാത്ത സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവിടുന്നത്‌ ഒരിക്കലും ഇത്രമാത്രം രസകരമായിരുന്നിട്ടില്ല. അങ്ങനെ, ക്രിസ്‌തീയ മാർഗത്തിൽ ചരിക്കാനുള്ള ആഗ്രഹം എന്റെയുള്ളിൽ മുളപൊട്ടി. വീണ്ടും ബൈബിൾ പഠിക്കാൻ ഞാൻ തീരുമാനിച്ചു.” മസാഹികൊ ഇപ്പോൾ സഭയിൽ ഒരു മുഴുസമയ ശുശ്രൂഷകനായി സേവിക്കുന്നു.

ഫ്രാൻസിൽനിന്നുള്ള ഒരു സാക്ഷി ജോലിക്കായി മോസ്‌കോയിലേക്കു പോയി. അവിടെച്ചെന്ന അവൾക്ക്‌ സാക്ഷികളുമായി ഒരു ബന്ധവുമില്ലായിരുന്നു. അങ്ങനെ ആത്മീയമായി തണുത്തുപോയ അവൾ വഴിപിഴച്ച ജീവിതത്തിലേക്കു തിരിഞ്ഞു. അവസാനം, സാക്ഷിയല്ലാത്ത ഒരാളെ വിവാഹം കഴിച്ചു. പിന്നീട്‌, ഫ്രാൻസിൽനിന്നുള്ള ഒരു സഹോദരി അവളെ കാണാൻ ചെന്നു. അവർ ഇരുവരും റഷ്യയിലെ സെന്റ്‌ പീറ്റേഴ്‌സ്‌ബർഗിലുള്ള ബെഥേൽ സന്ദർശിക്കാൻ പോയി. തുടർന്ന്‌ അവൾ എഴുതി: “ബെഥേലിൽ ഹാർദമായ സ്വീകരണമാണ്‌ ഞങ്ങൾക്കു ലഭിച്ചത്‌. അത്‌ എന്റെ ഉള്ളിൽ തട്ടി. തികച്ചും പ്രശാന്തമായ അന്തരീക്ഷം. അവിടെ യഹോവയുടെ ആത്മാവുള്ളതായി എനിക്ക്‌ അനുഭവപ്പെട്ടു. യഹോവയുടെ സംഘടനയിൽനിന്ന്‌ അകന്നുമാറാൻ എനിക്ക്‌ എങ്ങനെ തോന്നി? ആ സന്ദർശനത്തിനുശേഷം സഹായത്തിനായി ഞാൻ യഹോവയോടു പ്രാർഥിച്ചു. ഒരു പുത്തൻ ഉണർവോടെ, എന്റെ കുട്ടികളെ ബൈബിൾ പഠിപ്പിക്കാൻ ഞാൻ തീരുമാനിച്ചു.” ആത്മീയമായി തണുത്തുപോയിരുന്ന ആ സഹോദരിക്ക്‌, ലഭിച്ച മറ്റ്‌ ആത്മീയ സഹായങ്ങൾക്കു പുറമേ ബെഥേൽ സന്ദർശനം പുതുജീവൻ പകർന്നു, അവൾ നന്നായി പുരോഗമിച്ചു.

യഹോവയുടെ സാക്ഷികളെ പരിചയമില്ലാത്തവർ ബെഥേൽ സന്ദർശിക്കുകയാണെങ്കിലോ? അത്‌ അവരിൽ എത്രമാത്രം മാറ്റം ഉണ്ടാക്കിയേക്കാമെന്നു കാണിക്കുന്നതാണ്‌ ആൽബർട്ടോയുടെ അനുഭവം. രാഷ്‌ട്രീയത്തിൽ സജീവമായി പ്രവർത്തിച്ചിരുന്ന അദ്ദേഹം 1988-ൽ ബ്രസീലിലെ ബെഥേൽ സന്ദർശിക്കുകയുണ്ടായി. അവിടത്തെ അടുക്കും ചിട്ടയും വൃത്തിയുള്ള ചുറ്റുപാടുകളും അദ്ദേഹത്തിൽ മതിപ്പുളവാക്കി. എന്നാൽ ബെഥേലിലെ പ്രവർത്തനങ്ങളൊന്നും രഹസ്യത്തിലല്ല ചെയ്‌തിരുന്നത്‌ എന്ന സംഗതിയാണ്‌ അദ്ദേഹത്തെ ഏറ്റവും അധികം ആകർഷിച്ചത്‌. ബെഥേൽ സന്ദർശിക്കുന്നതിനു കുറച്ചുമുമ്പ്‌ ആൽബർട്ടോ ഒരു സെമിനാരി സന്ദർശിച്ചിരുന്നു. അവിടത്തെ ഒരു പുരോഹിതനായിരുന്നു അദ്ദേഹത്തിന്റെ അളിയൻ. സെമിനാരിയും ബെഥേലും തമ്മിലുള്ള വ്യത്യാസം വ്യക്തമായി ആൽബർട്ടോയ്‌ക്കു കാണാനായി. “സെമിനാരിയിൽ നടക്കുന്നതെല്ലാം പരമരഹസ്യമാണ്‌,” അദ്ദേഹം പറയുന്നു. ബെഥേൽ സന്ദർശിച്ച്‌ അധികം താമസിയാതെ ആൽബർട്ടോ ബൈബിൾ പഠിക്കാൻ തുടങ്ങി. രാഷ്‌ട്രീയത്തോടു വിടപറഞ്ഞ്‌ സാക്ഷിയായിത്തീർന്ന അദ്ദേഹം ഇന്ന്‌ ക്രിസ്‌തീയ സഭയിൽ ഒരു മൂപ്പനായി സേവിക്കുന്നു.

വരൂ, ബെഥേൽ സന്ദർശിക്കൂ!

അനേകരെ സംബന്ധിച്ചിടത്തോളം ബ്രാഞ്ചോഫീസ്‌ സന്ദർശിക്കുക എന്നത്‌ അത്ര എളുപ്പമായിരിക്കില്ല. അതിനു നല്ല ആസൂത്രണവും ശ്രമവും വേണ്ടിവന്നേക്കാം. ഉദാഹരണത്തിന്‌ ബ്രസീലിലുള്ള പൗലോയ്‌ക്കും ഔഷാനിയയ്‌ക്കും ബെഥേൽ സന്ദർശിക്കാൻ നാലുവർഷം പണം സ്വരുക്കൂട്ടിവെക്കേണ്ടിവന്നു. പിന്നെ 3,000 കിലോമീറ്റർ നീണ്ട രണ്ടുദിവസത്തെ ബസ്‌യാത്ര! ആ സന്ദർശനത്തിനുശേഷം അവർ പറയുന്നതു കേൾക്കൂ: “ബെഥേൽ സന്ദർശനം ശ്രമത്തിനുതക്ക മൂല്യമുള്ളതായിരുന്നു. യഹോവയുടെ സംഘടനയെ ഞങ്ങൾക്ക്‌ അടുത്തറിയാനായി. ബെഥേലിലെ പ്രവർത്തനങ്ങളെക്കുറിച്ച്‌ ബൈബിൾ വിദ്യാർഥികളോടു പറയുമ്പോൾ, ‘നിങ്ങൾ എന്നെങ്കിലും അവിടെ പോയിട്ടുണ്ടോ?’ എന്ന്‌ അവർ ചിലപ്പോഴൊക്കെ ചോദിക്കാറുണ്ട്‌. ഞങ്ങൾ പോയിട്ടുണ്ടെന്ന്‌ ഇപ്പോൾ ധൈര്യമായി പറയാനാകും.”

നിങ്ങളുടെ രാജ്യത്തെ (അല്ലെങ്കിൽ അയൽ രാജ്യത്തെ) ബെഥേൽ ഭവനം നിങ്ങൾ സന്ദർശിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഞങ്ങൾ നിങ്ങളെ ഹാർദമായി ക്ഷണിക്കുന്നു. ഊഷ്‌മളമായ ഒരു സ്വീകരണം നിങ്ങൾക്കു ലഭിക്കുമെന്നു തീർച്ച. നിരവധി ആത്മീയ അനുഗ്രഹങ്ങളാണ്‌ നിങ്ങളെ കാത്തിരിക്കുന്നത്‌!

[18-ാം പേജിലെ ചിത്രം]

മാരിയോ

[18-ാം പേജിലെ ചിത്രം]

ഏബെൽ

[18-ാം പേജിലെ ചിത്രം]

ജർമനി

[18-ാം പേജിലെ ചിത്രം]

ജപ്പാൻ

[18-ാം പേജിലെ ചിത്രം]

ബ്രസീൽ