വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ഒരുവനത്രേ നിങ്ങളുടെ നായകൻ; ക്രിസ്‌തുതന്നെ”

“ഒരുവനത്രേ നിങ്ങളുടെ നായകൻ; ക്രിസ്‌തുതന്നെ”

“ഒരുവനത്രേ നിങ്ങളുടെ നായകൻ; ക്രിസ്‌തുതന്നെ”

‘നിങ്ങൾ “നായകന്മാർ” എന്നു പേരെടുക്കരുത്‌. ഒരുവനത്രേ നിങ്ങളുടെ നായകൻ; ക്രിസ്‌തുതന്നെ.’—മത്താ. 23:9, 10.

1. ആരെയാണ്‌ തങ്ങളുടെ നേതാവായി യഹോവയുടെ സാക്ഷികൾ കരുതുന്നത്‌, എന്തുകൊണ്ട്‌?

ക്രൈസ്‌തവ മതങ്ങളെല്ലാംതന്നെ മനുഷ്യരെ നേതാക്കന്മാരായി വാഴിച്ചിരിക്കുന്നു. പൗരസ്‌ത്യ ഓർത്തഡോക്‌സ്‌ മതങ്ങളിലെ പാത്രിയർക്കീസുമാർ, മെത്രാപ്പൊലീത്തമാർ, റോമിലെ പാപ്പാ, അങ്ങനെ പോകുന്നു നേതാക്കന്മാരുടെ പട്ടിക. എന്നാൽ യഹോവയുടെ സാക്ഷികളുടെ കാര്യം വ്യത്യസ്‌തമാണ്‌. മനുഷ്യരെ ആരെയും അവർ തങ്ങളുടെ നേതാവായി കണക്കാക്കുന്നില്ല. ഒരു മനുഷ്യനേതാവിന്റെയും അനുയായികളോ ശിഷ്യന്മാരോ അല്ല അവർ. തന്റെ പുത്രനെക്കുറിച്ചുള്ള യഹോവയുടെ പിൻവരുന്ന വാക്കുകൾക്കു ചേർച്ചയിലാണ്‌ അവർ പ്രവർത്തിക്കുന്നത്‌: “ഞാൻ അവനെ ജാതികൾക്കു സാക്ഷിയും വംശങ്ങൾക്കു പ്രഭുവും (“നേതാവും,” പി.ഒ.സി. ബൈബിൾ) അധിപതിയും ആക്കിയിരിക്കുന്നു.” (യെശ. 55:4) യഹോവ നിയമിച്ചിരിക്കുന്ന വ്യക്തിയാണ്‌ അഭിഷിക്ത ക്രിസ്‌ത്യാനികളും അവരുടെ സഹകാരികളായ “വേറെ ആടുകളും” അടങ്ങിയ ലോകവ്യാപക സഭയുടെ നേതാവ്‌; മറ്റാരെയും ആ സ്ഥാനത്തു കാണാൻ അവർ ആഗ്രഹിക്കുന്നില്ല. (യോഹ. 10:16) “ഒരുവനത്രേ നിങ്ങളുടെ നായകൻ; ക്രിസ്‌തുതന്നെ” എന്ന യേശുവിന്റെ വാക്കുകൾ അവർ ശിരസ്സാവഹിക്കുന്നു.—മത്താ. 23:10.

ഇസ്രായേലിനെ നയിച്ച ദൂതൻ

2, 3. ഇസ്രായേല്യർക്കുവേണ്ടി ദൈവപുത്രൻ സജീവമായി പ്രവർത്തിച്ചത്‌ എങ്ങനെ?

2 ക്രിസ്‌തീയ സഭ സ്ഥാപിക്കുന്നതിനു നൂറ്റാണ്ടുകൾക്കുമുമ്പ്‌ തന്റെ ജനമായ ഇസ്രായേലിനെ നയിക്കാനായി യഹോവ ഒരു ദൂതനെ അവരുടെമേൽ നിയമിച്ചിരുന്നു. ഇസ്രായേല്യരെ ഈജിപ്‌റ്റിൽനിന്നു വിടുവിച്ചശേഷം യഹോവ അവരോട്‌ ഇങ്ങനെ പറഞ്ഞു: “ഇതാ, വഴിയിൽ നിന്നെ കാക്കേണ്ടതിന്നും ഞാൻ നിയമിച്ചിരിക്കുന്ന സ്ഥലത്തേക്കു നിന്നെ കൊണ്ടുപോകേണ്ടതിന്നും ഞാൻ ഒരു ദൂതനെ നിന്റെ മുമ്പിൽ അയക്കുന്നു. നീ അവനെ ശ്രദ്ധിച്ചു അവന്റെ വാക്കു കേൾക്കേണം; അവനോടു വികടിക്കരുതു; അവൻ നിങ്ങളുടെ അതിക്രമങ്ങളെ ക്ഷമിക്കയില്ല; എന്റെ നാമം അവനിൽ ഉണ്ട്‌.” (പുറ. 23:20, 21) ‘യഹോവയുടെ നാമം വഹിക്കുന്ന’ ഈ ദൂതൻ അവന്റെ ആദ്യജാതപുത്രനാണെന്നു വിശ്വസിക്കാൻ ന്യായമായ കാരണങ്ങളുണ്ട്‌.

3 ഭൂമിയിൽ മനുഷ്യനായി പിറക്കുന്നതിനുമുമ്പ്‌ തെളിവനുസരിച്ച്‌ ദൈവപുത്രന്‌ മീഖായേൽ എന്ന പേരുണ്ടായിരുന്നു. ദാനീയേൽ പുസ്‌തകത്തിൽ മീഖായേലിനെ ഇസ്രായേൽ ജനത്തിന്റെ “പ്രഭു” എന്നാണ്‌ വിശേഷിപ്പിച്ചിരിക്കുന്നത്‌. (ദാനീ. 10:21) ദാനീയേൽ ജനിക്കുന്നതിന്‌ ഏറെക്കാലംമുമ്പുതന്നെ മീഖായേൽ ഇസ്രായേല്യർക്കുവേണ്ടി പ്രവർത്തിച്ചിരുന്നു എന്ന്‌ ശിഷ്യനായ യൂദായുടെ വാക്കുകളിൽനിന്നു മനസ്സിലാക്കാം. മോശയുടെ മരണശേഷം അവന്റെ ശരീരം തന്റെ ചില ഗൂഢലക്ഷ്യങ്ങൾക്കുവേണ്ടി ഉപയോഗിക്കാൻ സാത്താൻ ഒരു ശ്രമം നടത്തി. സാധ്യതയനുസരിച്ച്‌ ഇസ്രായേല്യരെ വിഗ്രഹാരാധികളാക്കുകയായിരുന്നു അവന്റെ ലക്ഷ്യം. പക്ഷേ, മീഖായേൽ ഇടപെട്ട്‌ ആ ശ്രമം പരാജയപ്പെടുത്തി. അതേക്കുറിച്ച്‌ യൂദാ പറയുന്നു: “പ്രധാനദൂതനായ മീഖായേൽപോലും, മോശയുടെ ശരീരം സംബന്ധിച്ച്‌ പിശാചുമായി വിയോജിപ്പുണ്ടായിട്ട്‌ അവനോടു വാദിക്കുമ്പോൾ അധിക്ഷേപവാക്കുകളാൽ അവനെ കുറ്റംവിധിക്കാൻ തുനിയാതെ, ‘യഹോവ നിന്നെ ഭർത്സിക്കട്ടെ’ എന്നു പറഞ്ഞതേയുള്ളൂ.” (യൂദാ 9) ഈ സംഭവത്തിനുശേഷം അധികം വൈകാതെ, “യഹോവയുടെ സൈന്യത്തിന്റെ അധിപതി” യോശുവയ്‌ക്കു പ്രത്യക്ഷനായതായി നാം വായിക്കുന്നു. യെരീഹോ പട്ടണം ഉപരോധിക്കുന്നതിനുമുമ്പ്‌ യോശുവയ്‌ക്കു ദിവ്യപിന്തുണ വാഗ്‌ദാനംചെയ്‌ത ആ ദൂതൻ മീഖായേൽ ആയിരുന്നു എന്നതിനു സംശയമില്ല. (യോശുവ 5:13-15 വായിക്കുക.) പിന്നീടൊരിക്കൽ, ദാനീയേൽ പ്രവാചകനു കൈമാറാനുള്ള ഒരു സുപ്രധാന സന്ദേശവുമായി പുറപ്പെട്ട ദൂതനെ തടയാൻ ശക്തനായ ഒരു ദുഷ്ട ആത്മരൂപി ശ്രമിക്കുകയുണ്ടായി. അന്ന്‌ ആ ദൂതന്റെ സഹായത്തിനെത്തിയതും പ്രധാനദൂതനായ മീഖായേലാണ്‌.—ദാനീ. 10:5-7, 12-14.

അഭിഷിക്തനായ നേതാവ്‌ വരുന്നു

4. മിശിഹായുടെ വരവിനെക്കുറിച്ച്‌ എന്തു പ്രവചനമുണ്ടായിരുന്നു?

4 മേൽപ്പറഞ്ഞ സംഭവത്തിനുമുമ്പ്‌, ഒരു അഭിഷിക്ത “പ്രഭു”വിന്റെ അഥവാ നേതാവിന്റെ വരവിനെക്കുറിച്ചുള്ള പ്രവചനം ഗബ്രിയേൽ ദൂതനിലൂടെ യഹോവ ദാനീയേലിനു നൽകിയിരുന്നു. (ദാനീ. 9:21-25) * മുൻകൂട്ടിപ്പറഞ്ഞ സമയത്തുതന്നെ, അതായത്‌ എ.ഡി. 29-ലെ ശരത്‌കാലത്ത്‌ യേശു സ്‌നാനമേറ്റു; അപ്പോൾ പരിശുദ്ധാത്മാവ്‌ അവന്റെമേൽ പകരപ്പെടുകയും, അവൻ അഭിഷിക്തൻ—ക്രിസ്‌തു അഥവാ മിശിഹാ—ആയിത്തീരുകയും ചെയ്‌തു. (മത്താ. 3:13-17; യോഹ. 1:29-34; ഗലാ. 4:4) മിശിഹായായ അവൻ അതുല്യനായ ഒരു നേതാവായിത്തീരണമായിരുന്നു.

5. ഭൂമിയിലെ ശുശ്രൂഷക്കാലത്ത്‌ ക്രിസ്‌തു ഒരു നല്ല നേതാവായിരുന്നത്‌ എങ്ങനെ?

5 ഭൂമിയിലെ തന്റെ ശുശ്രൂഷയുടെ തുടക്കംമുതൽ താൻ അഭിഷിക്തനായ “പ്രഭു” അഥവാ നേതാവാണെന്ന്‌ യേശു തെളിയിച്ചു. ശുശ്രൂഷ ആരംഭിച്ച്‌ ഏതാനും ദിവസങ്ങൾക്കുള്ളിൽത്തന്നെ അവൻ ശിഷ്യന്മാരെ കൂട്ടിച്ചേർക്കുകയും തന്റെ ആദ്യ അത്ഭുതം പ്രവർത്തിക്കുകയും ചെയ്‌തു. (യോഹ. 1:35–2:11) രാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചുകൊണ്ട്‌ അവൻ പട്ടണന്തോറും ഗ്രാമന്തോറും സഞ്ചരിച്ചപ്പോൾ ശിഷ്യന്മാരും അവനോടൊപ്പം ഉണ്ടായിരുന്നു. (ലൂക്കോ. 8:1) പ്രസംഗവേലയ്‌ക്കായി അവൻ അവരെ പരിശീലിപ്പിക്കുക മാത്രമല്ല പ്രസംഗിക്കുന്നതിലും പഠിപ്പിക്കുന്നതിലും നേതൃത്വം എടുത്തുകൊണ്ട്‌ നല്ലൊരു മാതൃകവെക്കുകയും ചെയ്‌തു. (ലൂക്കോ. 9:1-6) ഇന്നത്തെ ക്രിസ്‌തീയ മേൽവിചാരകന്മാരും ക്രിസ്‌തുവെച്ച ഈ മാതൃക അനുകരിക്കേണ്ടതാണ്‌.

6. താൻ നല്ല ഇടയനും നായകനുമാണെന്ന്‌ ക്രിസ്‌തു എങ്ങനെ തെളിയിച്ചു?

6 തന്നെ സ്‌നേഹനിധിയായ ഒരു ഇടയനോട്‌ യേശു താരതമ്യം ചെയ്യുകയുണ്ടായി. തന്റെ നേതൃത്വത്തിന്റെ മറ്റൊരു സവിശേഷത എടുത്തുകാട്ടുകയായിരുന്നു അതിലൂടെ അവൻ. പൗരസ്‌ത്യ ദേശത്തെ ഇടയന്മാർ ആടുകൾക്കു മുമ്പിലായി നടന്ന്‌ അവയെ നയിക്കുക പതിവാണ്‌. ദ ലാൻഡ്‌ ആൻഡ്‌ ദ ബുക്ക്‌ എന്ന പുസ്‌തകത്തിൽ വില്യം എം. തോംസൺ ഇങ്ങനെ എഴുതി: “ഇടയൻ മുമ്പിൽ നടക്കുന്നത്‌ വഴി കാണിക്കാൻവേണ്ടി മാത്രമല്ല ആടുകൾക്കു നടക്കാൻപറ്റിയ സുരക്ഷിതമായ സ്ഥലമാണത്‌ എന്ന്‌ ഉറപ്പുവരുത്താനും കൂടിയാണ്‌. . . . (തന്റെ) കോലുകൊണ്ട്‌ അയാൾ ആടുകളെ നേർവഴിക്കു നടത്തും; അവയെ പുൽമേടുകളിലേക്കു നയിക്കുകയും ശത്രുക്കളിൽനിന്നു സംരക്ഷിക്കുകയും ചെയ്യും.” താൻ ഒരു നല്ല ഇടയനും നായകനുമാണെന്നു വ്യക്തമാക്കുന്നതാണ്‌ യേശുവിന്റെ പിൻവരുന്ന വാക്കുകൾ: “ഞാൻ നല്ല ഇടയനാകുന്നു. നല്ല ഇടയൻ ആടുകൾക്കുവേണ്ടി തന്റെ ജീവൻ വെച്ചുകൊടുക്കുന്നു. എന്റെ ആടുകൾ എന്റെ സ്വരം ശ്രദ്ധിക്കുന്നു. ഞാൻ അവയെ അറിയുന്നു; അവ എന്നെ അനുഗമിക്കുകയും ചെയ്യുന്നു.” (യോഹ. 10:11, 27) യേശു തന്റെ വാക്കിനു ചേർച്ചയിൽ പ്രവർത്തിച്ചു; തന്റെ ആടുകൾക്കുവേണ്ടി അവൻ സ്വജീവൻ ബലികഴിച്ചു. എങ്കിലും, യഹോവ “അവനെ നായകനും രക്ഷകനുമായി . . . ഉയർത്തി.”—പ്രവൃ. 5:31; എബ്രാ. 13:20.

ക്രിസ്‌തീയ സഭയുടെ മേൽവിചാരകൻ

7. യേശു ക്രിസ്‌തീയ സഭയ്‌ക്കു നേതൃത്വംവഹിക്കുന്നത്‌ എങ്ങനെ?

7 പുനരുത്ഥാനം പ്രാപിച്ച യേശു സ്വർഗാരോഹണത്തിനു തൊട്ടുമുമ്പ്‌ ശിഷ്യന്മാരോട്‌ ഇങ്ങനെ പറയുകയുണ്ടായി: “സ്വർഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നൽകപ്പെട്ടിരിക്കുന്നു.” (മത്താ. 28:18) ക്രിസ്‌തീയ വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ കഴിയേണ്ടതിന്‌ ശിഷ്യന്മാർക്ക്‌ പരിശുദ്ധാത്മാവിനെ നൽകാൻ യഹോവ യേശുവിനെ അധികാരപ്പെടുത്തി. (യോഹ. 15:26) എ.ഡി. 33-ലെ പെന്തെക്കൊസ്‌തിൽ യേശു അവരുടെമേൽ ഈ ആത്മാവിനെ വർഷിച്ചു. (പ്രവൃ. 2:33) അതോടെ ക്രിസ്‌തീയ സഭ സ്ഥാപിതമായി. സ്വർഗത്തിലിരുന്ന്‌ ഭൂമിയിലുള്ള ആ സഭയ്‌ക്കു നേതൃത്വംവഹിക്കാൻ യഹോവ തന്റെ പുത്രനെ നിയുക്തനാക്കുകയും ചെയ്‌തു. (എഫെസ്യർ 1:22; കൊലോസ്യർ 1:13, 18 വായിക്കുക.) യഹോവയുടെ പരിശുദ്ധാത്മാവിലൂടെ യേശു ഇന്നും ക്രിസ്‌തീയ സഭയെ നയിക്കുന്നു; “അവനു വിധേയമാക്കപ്പെട്ടിരിക്കുന്ന” ദൂതന്മാരുടെ സഹായവും അവനുണ്ട്‌.—1 പത്രോ. 3:22.

8. തന്റെ ശിഷ്യന്മാരെ നയിക്കാൻ ഒന്നാം നൂറ്റാണ്ടിൽ ക്രിസ്‌തു ആരെ ഉപയോഗിച്ചു, ഇന്ന്‌ അവൻ ആരെ ഉപയോഗിക്കുന്നു?

8 പരിശുദ്ധാത്മാവിലൂടെ ക്രിസ്‌തു “മനുഷ്യരാകുന്ന ദാനങ്ങളെ”യും നൽകി. അവരിൽ ചിലർ സഭയിൽ ‘ഇടയന്മാരായും ചിലർ ഉപദേഷ്ടാക്കന്മാരായും’ സേവിച്ചു. (എഫെ. 4:8, 11) ഈ ക്രിസ്‌തീയ മേൽവിചാരകന്മാരെ പൗലോസ്‌ അപ്പൊസ്‌തലൻ ഇങ്ങനെ ഉദ്‌ബോധിപ്പിക്കുകയുണ്ടായി: “നിങ്ങളെക്കുറിച്ചും ദൈവം സ്വപുത്രന്റെ രക്തത്താൽ വിലയ്‌ക്കുവാങ്ങിയ തന്റെ സഭയെ മേയ്‌ക്കാൻ പരിശുദ്ധാത്മാവ്‌ നിങ്ങളെ മേൽവിചാരകന്മാർ ആക്കിവെച്ച മുഴു ആട്ടിൻകൂട്ടത്തെക്കുറിച്ചും ശ്രദ്ധയുള്ളവരായിരിക്കുവിൻ.” (പ്രവൃ. 20:28) ക്രിസ്‌തീയ സഭയുടെ ആദ്യനാളുകളിൽ ഉണ്ടായിരുന്ന മേൽവിചാരകന്മാരെല്ലാം ആത്മാഭിഷേകം പ്രാപിച്ചവരായിരുന്നു. കൂടാതെ, അപ്പൊസ്‌തലന്മാരും യെരുശലേം സഭയിലെ മൂപ്പന്മാരും അടങ്ങുന്ന ഒരു ഭരണസംഘവും അന്നുണ്ടായിരുന്നു. ഭൂമിയിൽ തന്റെ എല്ലാ അഭിഷിക്ത ‘സഹോദരന്മാരെയും’ നയിക്കാൻ ക്രിസ്‌തു ഈ ഭരണസംഘത്തെയാണ്‌ ഉപയോഗിച്ചത്‌. (എബ്രാ. 2:11; പ്രവൃ. 16:4, 5) ഇന്ന്‌, ഈ അന്ത്യകാലത്ത്‌ ക്രിസ്‌തു തന്റെ ‘സകല സ്വത്തുക്കളും,’ അതായത്‌ ദൈവരാജ്യവുമായി ബന്ധപ്പെട്ട്‌ ഭൂമിയിലുള്ള സർവതും ഭരമേൽപ്പിച്ചിരിക്കുന്നത്‌ തന്റെ “വിശ്വസ്‌തനും വിവേകിയുമായ അടിമ”യെയും അവരുടെ പ്രതിനിധികളായ ആത്മാഭിഷിക്ത പുരുഷന്മാരടങ്ങിയ ഭരണസംഘത്തെയുമാണ്‌. (മത്താ. 24:45-47) ഭരണസംഘത്തിന്റെ നേതൃത്വത്തിനു കീഴ്‌പെടുമ്പോൾ നായകനായ ക്രിസ്‌തുവിനാണ്‌ വാസ്‌തവത്തിൽ കീഴ്‌പെടുന്നത്‌ എന്ന്‌ അഭിഷിക്തരും അവരുടെ സഹകാരികളായ വേറെ ആടുകളും തിരിച്ചറിയുന്നു.

ക്രിസ്‌തു ആഗോള പ്രസംഗവേലയ്‌ക്കു തുടക്കം കുറിക്കുന്നു

9, 10. രാജ്യസുവാർത്തയുടെ വ്യാപനത്തിനായി ക്രിസ്‌തു പ്രവർത്തിച്ചത്‌ എങ്ങനെ?

9 ലോകവ്യാപക പ്രസംഗ-പഠിപ്പിക്കൽ വേലയ്‌ക്ക്‌ തുടക്കംമുതൽ യേശു നേരിട്ട്‌ മേൽനോട്ടം വഹിച്ചിരുന്നു. രാജ്യസുവാർത്ത ആരോട്‌ എപ്പോൾ അറിയിക്കണം എന്നു നിർണയിച്ചത്‌ അവനാണ്‌. തന്റെ ശുശ്രൂഷക്കാലത്ത്‌ അവൻ അപ്പൊസ്‌തലന്മാർക്ക്‌ ഈ നിർദേശം നൽകി: “വിജാതീയരുടെ അടുക്കലേക്കു പോകുകയോ ശമര്യക്കാരുടെ പട്ടണത്തിൽ കടക്കുകയോ അരുത്‌; ഇസ്രായേൽഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കുതന്നെ പോകുവിൻ. നിങ്ങൾ പോകുമ്പോൾ, ‘സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു’ എന്നു പ്രസംഗിക്കുവിൻ.” (മത്താ. 10:5-7) ഈ നിർദേശത്തിനു ചേർച്ചയിൽ അവർ യഹൂദന്മാരോടും യഹൂദമതം സ്വീകരിച്ചവരോടും തീക്ഷ്‌ണതയോടെ പ്രസംഗിച്ചു; വിശേഷിച്ച്‌ എ.ഡി. 33-ലെ പെന്തെക്കൊസ്‌തുമുതൽ.—പ്രവൃ. 2:4, 5, 10, 11; 5:42; 6:7.

10 പിന്നീട്‌, പരിശുദ്ധാത്മാവിനെ ഉപയോഗിച്ച്‌ ആദ്യം ശമര്യക്കാരുടെയും തുടർന്നു വിജാതീയരുടെയും പക്കൽ യേശു രാജ്യസുവാർത്ത എത്തിച്ചു. (പ്രവൃ. 8:5, 6, 14-17; 10:19-22, 44, 45) വിജാതീയരുടെ ഇടയിൽ ഊർജിതമായി സുവാർത്ത പ്രചരിപ്പിക്കുന്നതിന്‌ യേശു തർസൊസുകാരനായ ശൗലിനെ തിരഞ്ഞെടുക്കുകയുണ്ടായി. യേശു നേരിട്ട്‌ അവനോടു സംസാരിച്ചു; ക്രിസ്‌ത്യാനി ആയിത്തീരാൻ അത്‌ ശൗലിനെ പ്രേരിപ്പിച്ചു. തുടർന്ന്‌, ശിഷ്യനായ അനന്യാസിന്‌ യേശു ഈ നിർദേശം നൽകി: “എഴുന്നേറ്റ്‌ നേർവീഥി എന്ന തെരുവിലുള്ള യൂദായുടെ ഭവനത്തിൽച്ചെന്ന്‌ തർസൊസിൽനിന്നുള്ള ശൗലിനെ അന്വേഷിക്കുക. . . . വിജാതീയരുടെയും രാജാക്കന്മാരുടെയും ഇസ്രായേൽമക്കളുടെയും മുമ്പാകെ എന്റെ നാമം വഹിക്കാൻ ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന ഒരു പാത്രമാണ്‌ ഈ മനുഷ്യൻ.” (പ്രവൃ. 9:3-6, 10, 11, 15) “ഈ മനുഷ്യൻ” ആണ്‌ പിന്നീട്‌ അപ്പൊസ്‌തലനായ പൗലോസ്‌ ആയിത്തീർന്നത്‌.—1 തിമൊ. 2:7.

11. പ്രസംഗവേലയുടെ വ്യാപനത്തിനായി ക്രിസ്‌തു പരിശുദ്ധാത്മാവിലൂടെ പ്രവർത്തിച്ചത്‌ എങ്ങനെ?

11 രാജ്യപ്രസംഗവേല യഹൂദേതരരായ ജനതകളിലേക്കു വ്യാപിക്കേണ്ട സമയമായപ്പോൾ ഏഷ്യാമൈനറിലേക്കും യൂറോപ്പിലേക്കും മിഷനറിയാത്രകൾ നടത്താൻ പൗലോസിന്‌ പരിശുദ്ധാത്മാവിലൂടെ നിർദേശം ലഭിച്ചു. പ്രവൃത്തികളുടെ പുസ്‌തകത്തിൽ ലൂക്കോസ്‌ ഇങ്ങനെ എഴുതി: “അവർ (സിറിയയിലെ അന്ത്യൊക്യ സഭയിലുള്ള പ്രവാചകന്മാരും ഉപദേഷ്ടാക്കളും) ഉപവസിച്ചും യഹോവയ്‌ക്കായി ശുശ്രൂഷ ചെയ്‌തും ഇരിക്കവെ, പരിശുദ്ധാത്മാവ്‌ അവരോട്‌, ‘ബർന്നബാസിനെയും ശൗലിനെയും ഞാൻ അവരെ വിളിച്ചിരിക്കുന്ന വേലയ്‌ക്കുവേണ്ടി എനിക്കായി വേർതിരിക്കുക’ എന്നു പറഞ്ഞു. അങ്ങനെ, അവർ ഉപവസിക്കുകയും പ്രാർഥിക്കുകയും അവരുടെമേൽ കൈവെപ്പു നടത്തുകയും ചെയ്‌തശേഷം അവരെ പറഞ്ഞയച്ചു.” (പ്രവൃ. 13:2, 3) ജനതകൾക്കു മുമ്പാകെ തന്റെ നാമം വഹിക്കാൻ തർസൊസുകാരനായ ശൗലിനെ യേശു നേരിട്ട്‌ ‘തിരഞ്ഞെടുക്കുകയായിരുന്നു.’ അതുകൊണ്ട്‌ സുവാർത്തയുടെ വ്യാപനത്തിനായുള്ള ഈ നിർദേശവും വന്നത്‌ ക്രിസ്‌തീയ സഭയുടെ നായകനായ ക്രിസ്‌തുവിൽനിന്നാണ്‌. ഈ വേലയെ നയിക്കാനായി യേശു പരിശുദ്ധാത്മാവിനെ ഉപയോഗിക്കുന്നു എന്ന കാര്യം പൗലോസിന്റെ രണ്ടാം മിഷനറി യാത്രയിൽ വ്യക്തമായി. എവിടെ, എപ്പോൾ പോകണമെന്ന്‌ “യേശുവിന്റെ ആത്മാവ്‌”—അതായത്‌ യേശു പരിശുദ്ധാത്മാവിനെ ഉപയോഗിച്ചുകൊണ്ട്‌—പൗലോസിനും സഹയാത്രികർക്കും നിർദേശം നൽകി; യൂറോപ്പിലേക്കു പോകാൻ ഒരു ദർശനം അവരെ പ്രേരിപ്പിച്ചു.—പ്രവൃത്തികൾ 16:6-10 വായിക്കുക.

യേശു തന്റെ സഭയെ നയിക്കുന്നു

12, 13. ഓരോ സഭയിലും നടക്കുന്ന കാര്യങ്ങൾ യേശു അടുത്തു നിരീക്ഷിക്കുന്നു എന്ന്‌ വെളിപാടു പുസ്‌തകം വ്യക്തമാക്കുന്നത്‌ എങ്ങനെ?

12 തന്റെ അഭിഷിക്ത അനുഗാമികൾ അംഗങ്ങളായുള്ള ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌തീയ സഭകളിൽ നടക്കുന്ന കാര്യങ്ങൾ യേശു അടുത്തു നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഓരോ സഭയുടെയും ആത്മീയസ്ഥിതി അവനു വ്യക്തമായി അറിയാമായിരുന്നു എന്ന്‌ വെളിപാടു പുസ്‌തകത്തിന്റെ രണ്ട്‌, മൂന്ന്‌ അധ്യായങ്ങൾ വായിക്കുമ്പോൾ നമുക്ക്‌ മനസ്സിലാകും. അവിടെ ഏഷ്യാമൈനറിലെ ഏഴുസഭകളെ അവൻ പേരെടുത്തു പരാമർശിക്കുന്നുണ്ട്‌. (വെളി. 1:11) തന്റെ അനുഗാമികൾ അടങ്ങിയ അക്കാലത്തെ മറ്റു സഭകളുടെ ആത്മീയ അവസ്ഥയും അവന്‌ അത്രതന്നെ പരിചിതമായിരുന്നു എന്നു വിശ്വസിക്കാൻ മതിയായ കാരണമുണ്ട്‌.—വെളിപാട്‌ 2:23 വായിക്കുക.

13 സഹിഷ്‌ണുത കാണിക്കുകയും പരിശോധനകളിൽ വിശ്വസ്‌തരായിരിക്കുകയും തന്റെ വചനം മുറുകെപ്പിടിക്കുകയും വിശ്വാസത്യാഗികൾക്കെതിരെ ഉറച്ച നിലപാടെടുക്കുകയും ചെയ്‌തതിനെപ്രതി അതിൽ ചില സഭകളെ യേശു പ്രശംസിക്കുകയുണ്ടായി. (വെളി. 2:2, 9, 13, 19; 3:8) എന്നാൽ അതേസമയം, തന്നോടുള്ള സ്‌നേഹം തണുത്തുപോയ, വിഗ്രഹാരാധനയും പരസംഗവും വിഭാഗീയതയും ഒക്കെ വെച്ചുപൊറുപ്പിച്ച സഭകളെ അവൻ ശക്തമായി ശാസിക്കുകയും ചെയ്‌തു. (വെളി. 2:4, 14, 15, 20; 3:15, 16) സ്‌നേഹമുള്ള ആത്മീയ ഇടയനായ യേശു താൻ ശാസിച്ചവ ഉൾപ്പെടെയുള്ള എല്ലാ സഭകളോടുമായി ഇങ്ങനെ പറഞ്ഞു: “എനിക്കു പ്രിയമുള്ളവരെ ഒക്കെയും ഞാൻ ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നു. ആകയാൽ തീക്ഷ്‌ണതയുള്ളവനായിരിക്കുക; മാനസാന്തരപ്പെടുക.” (വെളി. 3:19) സ്വർഗത്തിലായിരുന്നെങ്കിലും യേശു ഭൂമിയിലുള്ള തന്റെ ശിഷ്യന്മാർ അടങ്ങുന്ന സഭകളെ പരിശുദ്ധാത്മാവിലൂടെ നയിക്കുന്നുണ്ടായിരുന്നു. സഭകൾക്കുള്ള സന്ദേശത്തിനൊടുവിൽ അവൻ ഇങ്ങനെ പ്രഖ്യാപിച്ചു: “ആത്മാവ്‌ സഭകളോടു പറയുന്നത്‌ ചെവിയുള്ളവൻ കേൾക്കട്ടെ.”—വെളി. 3:22.

14-16. (എ) യഹോവയുടെ ജനത്തിന്റെ വീരനായകനാണ്‌ താനെന്ന്‌ യേശു തെളിയിച്ചത്‌ എങ്ങനെ? (ബി) “യുഗസമാപ്‌തിയോളം എല്ലാനാളും” യേശു തന്റെ ശിഷ്യന്മാരോടു “കൂടെ” ഉള്ളതിനാൽ എന്തു നേട്ടം കൈവരിക്കാനായിരിക്കുന്നു? (സി) അടുത്ത ലേഖനത്തിൽ നാം എന്തു പഠിക്കും?

14 മീഖായേൽ ദൂതൻ (യേശു) ഇസ്രായേൽ ജനതയുടെ വീരനായകനായിരുന്നത്‌ എങ്ങനെയെന്ന്‌ നാം കാണുകയുണ്ടായി. പിന്നീട്‌, തന്റെ ആദിമകാല ശിഷ്യന്മാർക്ക്‌ യേശു ധീരനായ നേതാവും സ്‌നേഹസമ്പന്നനായ ഇടയനുമായിരുന്നു. ഭൂമിയിലെ തന്റെ ശുശ്രൂഷക്കാലത്ത്‌ അവൻ പ്രസംഗവേലയ്‌ക്കു നേതൃത്വം നൽകി; പുനരുത്ഥാനശേഷം രാജ്യസുവാർത്തയുടെ വ്യാപനത്തിന്‌ സജീവമായി അവൻ മേൽനോട്ടം വഹിച്ചു.

15 യേശു പരിശുദ്ധാത്മാവിനെ ഉപയോഗിച്ച്‌ സാക്ഷീകരണവേല ക്രമേണ ഭൂമിയിലെമ്പാടും വ്യാപിപ്പിക്കുമായിരുന്നു. സ്വർഗാരോഹണത്തിനുമുമ്പ്‌ യേശു തന്റെ ശിഷ്യന്മാരോടായി പറഞ്ഞു: “പരിശുദ്ധാത്മാവ്‌ നിങ്ങളുടെമേൽ വരുമ്പോൾ നിങ്ങൾക്കു ശക്തി ലഭിച്ചിട്ട്‌ നിങ്ങൾ യെരുശലേമിലും യെഹൂദ്യയിൽ എല്ലായിടത്തും ശമര്യയിലും ഭൂമിയുടെ അറ്റംവരെയും എനിക്കു സാക്ഷികൾ ആയിരിക്കും.” (പ്രവൃ. 1:8; 1 പത്രോസ്‌ 1:12 വായിക്കുക.) ക്രിസ്‌തുവിന്റെ മേൽനോട്ടത്തിൽ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾക്ക്‌ ബൃഹത്തായ ഒരു സാക്ഷ്യം നൽകാനായി.—കൊലോ. 1:23.

16 ഈ വേല അന്ത്യത്തോളം തുടരുമെന്ന്‌ യേശുതന്നെ സൂചിപ്പിച്ചിരുന്നു. സകല ജനതകളോടും പ്രസംഗിക്കാനും അവരെ ശിഷ്യരാക്കാനും അനുഗാമികളോടു കൽപ്പിച്ചശേഷം യേശു അവർക്ക്‌ ഈ ഉറപ്പു നൽകി: “ഞാനോ യുഗസമാപ്‌തിയോളം എല്ലാനാളും നിങ്ങളോടുകൂടെയുണ്ട്‌.” (മത്താ. 28:19, 20) 1914-ൽ രാജ്യാധികാരം ലഭിച്ചതുമുതൽ ക്രിസ്‌തു മുമ്പെന്നത്തെക്കാൾ അധികം തന്റെ ശിഷ്യന്മാരോടു “കൂടെയുണ്ട്‌;” അവരുടെ നേതാവെന്നനിലയിൽ അവൻ സജീവമായി പ്രവർത്തിക്കുന്നു. 1914 മുതൽ ക്രിസ്‌തു ഊർജിതമായി പ്രവർത്തിക്കുന്നത്‌ എങ്ങനെയെന്ന്‌ അടുത്ത ലേഖനം വിശദീകരിക്കും.

[അടിക്കുറിപ്പ്‌]

^ ഖ. 4 ഈ പ്രവചനത്തെക്കുറിച്ച്‌ കൂടുതൽ അറിയാൻ ദാനീയേൽ പ്രവചനത്തിനു ശ്രദ്ധ കൊടുപ്പിൻ! എന്ന പുസ്‌തകത്തിന്റെ 11-ാം അധ്യായം കാണുക.

പുനരവലോകനം

• ഇസ്രായേല്യർക്കുവേണ്ടി ദൈവപുത്രൻ സജീവമായി പ്രവർത്തിച്ചത്‌ എങ്ങനെ?

• ക്രിസ്‌തു ഭൂമിയിലെ തന്റെ സഭയെ നയിക്കുന്നത്‌ എങ്ങനെ?

• സുവാർത്തയുടെ വ്യാപനത്തിന്‌ യേശു എപ്രകാരം മേൽനോട്ടം വഹിച്ചിരിക്കുന്നു?

• ഓരോ സഭയുടെയും ആത്മീയ അവസ്ഥ ക്രിസ്‌തു അടുത്തു നിരീക്ഷിക്കുന്നുണ്ടെന്ന്‌ എന്തു തെളിയിക്കുന്നു?

[അധ്യയന ചോദ്യങ്ങൾ]

[21-ാം പേജിലെ ചിത്രം]

“ഞാൻ ഒരു ദൂതനെ നിന്റെ മുമ്പിൽ അയക്കുന്നു”

[23-ാം പേജിലെ ചിത്രം]

കഴിഞ്ഞ കാലത്തെന്നപോലെ ഇന്നും തന്റെ ആടുകളെ മേയ്‌ക്കാൻ ക്രിസ്‌തു “മനുഷ്യരാകുന്ന ദാനങ്ങളെ” ഉപയോഗിക്കുന്നു