വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എന്തിനാണ്‌ പ്രാർഥിക്കുന്നത്‌?

എന്തിനാണ്‌ പ്രാർഥിക്കുന്നത്‌?

ആളുകൾക്ക്‌ ഏറ്റവും കൂടുതൽ അറിയാൻ താത്‌പ​ര്യ​വും കൗതു​ക​വും ഉള്ള ഒന്നാണ്‌ പ്രാർഥന. പ്രാർഥ​ന​യെ​ക്കു​റിച്ച്‌ സാധാ​ര​ണ​യാ​യി ആളുകൾ ചോദി​ക്കാ​റുള്ള ഏഴു ചോദ്യ​ങ്ങ​ളെ​ക്കു​റിച്ച്‌ നമുക്ക്‌ നോക്കാം. ഈ ചോദ്യ​ങ്ങൾക്ക്‌ ബൈബിൾ തരുന്ന ഉത്തരം എന്താ​ണെ​ന്നും നമുക്ക്‌ കാണാം. എങ്ങനെ പ്രാർഥിച്ച്‌ തുടങ്ങാം എന്നും പ്രാർഥി​ക്കുന്ന കാര്യ​ത്തിൽ എങ്ങനെ മെച്ച​പ്പെ​ടാം എന്നും ഈ ലേഖനങ്ങൾ നമുക്കു കാണി​ച്ചു​ത​രു​ന്നു.

ലോകത്തിലെ എല്ലാ സംസ്‌കാ​ര​ങ്ങ​ളി​ലും മതങ്ങളി​ലും ഉള്ള ആളുകൾ പ്രാർഥി​ക്കു​ന്നു. ആളുകൾ ഒറ്റയ്‌ക്കി​രു​ന്നും കൂട്ടമാ​യും പ്രാർഥി​ക്കാ​റുണ്ട്‌. പള്ളികൾ, ക്ഷേത്രങ്ങൾ, സിന​ഗോ​ഗു​കൾ, മോസ്‌കു​കൾ മറ്റ്‌ പുണ്യ​സ​ങ്കേ​തങ്ങൾ എന്നിവി​ട​ങ്ങ​ളിൽ ആളുകൾ പ്രാർഥി​ക്കു​ന്നു. പ്രാർഥി​ക്കാ​നാ​യി വിരികൾ, ജപമാ​ല​മ​ണി​കൾ, പ്രാർഥ​നാ​ചി​ത്രങ്ങൾ, രൂപങ്ങൾ, പുസ്‌ത​കങ്ങൾ, കൊളു​ത്തു​ക​ളിൽ തൂക്കി​യി​ട്ടി​രി​ക്കുന്ന പ്രാർഥ​നാ​കു​റി​പ്പു​കൾ തുടങ്ങി​യവ ഒക്കെ ഉപയോ​ഗി​ക്കു​ന്നു.

മറ്റു ജീവി​ക​ളിൽനിന്ന്‌ മനുഷ്യ​രെ വ്യത്യ​സ്‌ത​രാ​ക്കി നിറു​ത്തുന്ന ഒരു കാര്യ​മാണ്‌ പ്രാർഥന. മനുഷ്യർക്കും മൃഗങ്ങൾക്കും ഇടയിൽ സമാന​തകൾ ഉണ്ട്‌ എന്നത്‌ ശരിയാണ്‌. ഭക്ഷണം, വെള്ളം, വായു ഇവ രണ്ടു കൂട്ടർക്കും വേണം. മനുഷ്യ​നെ​പ്പോ​ലെ​തന്നെ മൃഗങ്ങ​ളും ജനിക്കു​ന്നു, ജീവി​ക്കു​ന്നു, മരിക്കു​ന്നു. (സഭാ​പ്ര​സം​ഗകൻ 3:19) പക്ഷേ മനുഷ്യർ മാത്രമേ പ്രാർഥി​ക്കു​ന്നു​ള്ളൂ. അത്‌ എന്തു​കൊ​ണ്ടാണ്‌?

കാരണം പ്രാർഥന നമുക്ക്‌ ആവശ്യ​മാണ്‌. ദൈവ​ത്തോട്‌ അടുക്കാൻ കഴിയുന്ന ഒരു വഴി പ്രാർഥന ആണെന്ന്‌ ആളുകൾ വിചാ​രി​ക്കു​ന്നു. വിശു​ദ്ധ​വും പവി​ത്ര​വും നിത്യം പ്രയോ​ജനം ചെയ്യു​ന്ന​തും ആയിട്ടാണ്‌ അവർ അതിനെ കരുതു​ന്നത്‌. ഈ ഒരു ആഗ്രഹ​ത്തോ​ടെ​യാണ്‌ നമ്മളെ സൃഷ്ടി​ച്ചി​രി​ക്കു​ന്നത്‌ എന്ന്‌ ബൈബിൾ പറയുന്നു. (സഭാ​പ്ര​സം​ഗകൻ 3:11) യേശു അതെക്കു​റിച്ച്‌ പറഞ്ഞത്‌ ഇങ്ങനെ​യാണ്‌: “ആത്മീയ​കാ​ര്യ​ങ്ങൾക്കാ​യി ദാഹി​ക്കു​ന്നവർ സന്തുഷ്ടർ.”—മത്തായി 5:3.

മതങ്ങളുടെ കെട്ടി​ട​ങ്ങ​ളും അവയിലെ ചിത്ര​പ്പ​ണി​ക​ളും മണിക്കൂ​റു​ക​ളോ​ളം ഉള്ള ആളുക​ളു​ടെ പ്രാർഥ​ന​ക​ളും എല്ലാം എന്താണ്‌ കാണി​ക്കു​ന്നത്‌? ആളുകൾക്ക്‌ ‘ആത്മീയ​കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള’ ദാഹം അല്ലെങ്കിൽ ദൈവ​വു​മാ​യുള്ള ഒരു ബന്ധത്തി​ലേ​ക്കു​വ​രാ​നുള്ള ആഗ്രഹം ഉണ്ട്‌ എന്നല്ലേ? ചിലർ സ്വന്തമാ​യി അവരുടെ ആത്മീയ ആവശ്യങ്ങൾ തൃപ്‌തി​പ്പെ​ടു​ത്താൻ നോക്കു​ന്നു. ഇനി വേറെ ചിലർ മറ്റുള്ള​വരെ അതിനു​വേണ്ടി ആശ്രയി​ക്കു​ന്നു. മറ്റുള്ള​വർക്ക്‌ എപ്പോ​ഴും നമ്മളെ വേണ്ട വിധത്തിൽ സഹായി​ക്കാൻ കഴിയു​മെന്ന്‌ തോന്നു​ന്നു​ണ്ടോ? കാരണം ദുർബ​ല​രായ നമുക്ക്‌ ആയുസ്സു കുറവാണ്‌, കാര്യങ്ങൾ മുൻകൂ​ട്ടി​ക്കാ​ണാ​നും കഴിയില്ല. നമ്മളെ​ക്കാൾ ജ്ഞാനവും ശക്തിയും ആയുസ്സും ഉള്ള ഒരാളു​ടെ സഹായം നമുക്കു കൂടിയേ തീരൂ. പ്രാർഥി​ക്കേ​ണ്ട​തി​ന്റെ ആവശ്യം അല്ലേ ഇതൊക്കെ കാണി​ക്കു​ന്നത്‌?

ശരിയായ മാർഗ​നിർദേശം കിട്ടാ​നാ​യി എന്തു ചെയ്യാം? എന്റെ ചോദ്യ​ങ്ങൾക്കുള്ള തൃപ്‌തി​ക​ര​മായ ഉത്തരം എവി​ടെ​നിന്ന്‌ കിട്ടും? ഇങ്ങനെ​യൊ​ക്കെ നിങ്ങൾ എപ്പോ​ഴെ​ങ്കി​ലും ചിന്തി​ച്ചി​ട്ടു​ണ്ടോ? ഇനി, ഒരു കനത്ത നഷ്ടം നിങ്ങളെ വിഷമി​പ്പി​ച്ച​പ്പോൾ ആശ്വാസം വേണ​മെന്ന്‌ തോന്നി​യി​ട്ടി​ല്ലേ? തീരു​മാ​നം എടുക്കാ​നാ​കാ​തെ കഷ്ടപ്പെ​ട്ടി​രുന്ന ഒരു സമയത്ത്‌ ആരെങ്കി​ലും ഒരു വഴി കാണി​ച്ചു​ത​ന്നി​രു​ന്നെ​ങ്കിൽ എന്ന്‌ നിങ്ങൾ ആശിച്ചി​ട്ടു​ണ്ടോ? ഞാൻ ചെയ്‌ത ആ തെറ്റ്‌ അവരൊന്ന്‌ ക്ഷമിച്ചി​രു​ന്നെ​ങ്കിൽ എന്ന്‌ എപ്പോ​ഴെ​ങ്കി​ലും തോന്നി​യി​ട്ടു​ണ്ടോ?

ഇതുപോലുള്ള കാര്യ​ങ്ങൾക്കു​വേണ്ടി പ്രാർഥി​ക്കാ​മെ​ന്നാണ്‌ ബൈബിൾ പറയു​ന്നത്‌. പ്രാർഥ​ന​യെ​ക്കു​റിച്ച്‌ മനസ്സി​ലാ​ക്കാൻ സഹായി​ക്കുന്ന ഏറ്റവും നല്ല പുസ്‌ത​ക​മാണ്‌ ബൈബിൾ. അതിൽ വിശ്വ​സ്‌ത​രായ ധാരാളം സ്‌ത്രീ​പു​രു​ഷ​ന്മാ​രു​ടെ പ്രാർഥ​നകൾ രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. അവർ ആശ്വാ​സ​ത്തി​നു​വേ​ണ്ടി​യും മാർഗ​നിർദേ​ശ​ത്തി​നു​വേ​ണ്ടി​യും ക്ഷമയ്‌ക്കാ​യും ഇനി അവരെ വിഷമി​പ്പിച്ച ചോദ്യ​ങ്ങൾക്കുള്ള ഉത്തരങ്ങൾക്കാ​യും പ്രാർഥി​ച്ചി​രു​ന്നു.—സങ്കീർത്തനം 23:3; 71:21; ദാനി​യേൽ 9:4, 5, 19; ഹബക്കൂക്ക്‌ 1:3.

അവരുടെ ഓരോ​രു​ത്ത​രു​ടെ​യും പ്രാർഥ​നകൾ വ്യത്യ​സ്‌ത​മാ​യി​രു​ന്നെ​ങ്കി​ലും അവയിൽ ചില പൊതു​വായ കാര്യങ്ങൾ നമുക്ക്‌ കാണാം. ദൈവം ശ്രദ്ധി​ക്കുന്ന തരത്തി​ലാ​യി​രു​ന്നു ഇവരു​ടെ​യെ​ല്ലാം യാചനകൾ. ആരോ​ടാണ്‌ പ്രാർഥി​ക്കേ​ണ്ടത്‌ എന്ന്‌ വിശ്വ​സ്‌ത​രായ ആ ദൈവ​ദാ​സ​ന്മാർക്ക്‌ അറിയാ​മാ​യി​രു​ന്നു. എന്നാൽ ഇന്നു പലരും പ്രാർഥി​ക്കേ​ണ്ടത്‌ ആരോ​ടാണ്‌ എന്ന കാര്യ​ത്തിന്‌ വലിയ പ്രാധാ​ന്യം ഒന്നും കൊടു​ക്കു​ന്നില്ല.