വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എപ്പോൾ, എവിടെവെച്ച്‌ പ്രാർഥിക്കാം?

എപ്പോൾ, എവിടെവെച്ച്‌ പ്രാർഥിക്കാം?

പല പ്രമുഖ മതങ്ങൾക്കും വലിയ പ്രാർഥ​നാ​മു​റി​ക​ളും പ്രാർഥ​ന​യ്‌ക്കു പ്രത്യേക സമയങ്ങ​ളും ഉള്ള കാര്യം നിങ്ങൾക്ക്‌ അറിയാ​മാ​യി​രി​ക്കും. ഏതെങ്കി​ലും ഒരു പ്രത്യേക സ്ഥലത്ത്‌ ഒരു പ്രത്യേക സമയത്ത്‌ പ്രാർഥി​ക്ക​ണ​മെന്ന്‌ ബൈബിൾ പറയു​ന്നു​ണ്ടോ?

പ്രാർഥിക്കേണ്ട ചില സമയങ്ങ​ളെ​ക്കു​റിച്ച്‌ ബൈബിൾ പറയു​ന്നുണ്ട്‌ എന്നത്‌ ശരിയാണ്‌. ഉദാഹ​ര​ണ​ത്തിന്‌, ശിഷ്യ​ന്മാ​രോ​ടൊ​പ്പം ഭക്ഷണത്തി​നി​രു​ന്ന​പ്പോൾ ദൈവ​ത്തോട്‌ നന്ദി പറഞ്ഞു​കൊണ്ട്‌ യേശു പ്രാർഥി​ച്ചു. (ലൂക്കോസ്‌ 22:17) ഇനി, ശിഷ്യ​ന്മാർ ആരാധ​ന​യ്‌ക്കു​വേണ്ടി ഒരുമിച്ച്‌ കൂടി​വ​ന്ന​പ്പോ​ഴും അവർ പ്രാർഥി​ച്ചു. അവരുടെ ആ രീതി​യാ​യി​രു​ന്നു ജൂതന്മാ​രു​ടെ സിന​ഗോ​ഗു​ക​ളി​ലും യരുശ​ലേ​മി​ലെ ആലയത്തി​ലും ഉണ്ടായി​രു​ന്നത്‌. ദൈവം തന്റെ ആലയം സകല ജനതകൾക്കു​മുള്ള പ്രാർഥ​നാ​ലയം ആയി ഉപയോ​ഗി​ക്കാൻ ആഗ്രഹി​ച്ചു.—മർക്കോസ്‌ 11:17.

ദൈവത്തിന്റെ ദാസന്മാർ ഒരുമി​ച്ചു​കൂ​ടി പ്രാർഥി​ക്കു​മ്പോൾ അവരുടെ അപേക്ഷ​കൾക്കു നല്ല ഫലം ഉണ്ടാകും. ഒത്തൊ​രു​മ​യോ​ടും ബൈബിൾ പറയുന്ന നിർദേ​ശങ്ങൾ അനുസ​രി​ച്ചും അവർ പ്രാർഥി​ക്കു​ക​യാ​ണെ​ങ്കിൽ തീർച്ച​യാ​യും ദൈവം അതു കേൾക്കും. ചില​പ്പോൾ താൻ ചെയ്യാൻ പോകുന്ന കാര്യ​ങ്ങൾക്ക്‌ മാറ്റം വരുത്താൻപോ​ലും ദൈവം തയ്യാറാ​യേ​ക്കാം. (എബ്രായർ 13:18, 19) യഹോ​വ​യു​ടെ സാക്ഷികൾ മീറ്റി​ങ്ങു​കൾക്കു കൂടി​വ​രു​മ്പോ​ഴെ​ല്ലാം പ്രാർഥി​ക്കും. അത്‌ നേരിട്ട്‌ കേൾക്കാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ നിങ്ങളു​ടെ അടുത്തുള്ള ഒരു രാജ്യ​ഹാ​ളി​ലേക്കു ദയവായി ചെല്ലുക. ഞങ്ങൾ നിങ്ങളെ ക്ഷണിക്കു​ന്നു!

ഏതെങ്കിലും ഒരു പ്രത്യേക സ്ഥലത്തോ സമയത്തോ മാത്രമേ പ്രാർഥി​ക്കാൻ പാടുള്ളൂ എന്നൊ​ന്നും ബൈബിൾ പറയു​ന്നില്ല. വ്യത്യസ്‌ത സ്ഥലങ്ങളി​ലും സമയങ്ങ​ളി​ലും ദൈവ​ത്തോട്‌ പ്രാർഥിച്ച ദൈവ​ദാ​സ​ന്മാ​രെ​ക്കു​റിച്ച്‌ ബൈബിൾ പറയു​ന്നുണ്ട്‌. യേശു പറഞ്ഞു: “പ്രാർഥി​ക്കു​മ്പോൾ മുറി​യിൽ കടന്ന്‌ വാതിൽ അടച്ച്‌ രഹസ്യ​ത്തി​ലുള്ള നിന്റെ പിതാ​വി​നോ​ടു പ്രാർഥി​ക്കുക. അപ്പോൾ, രഹസ്യ​ത്തി​ലു​ള്ള​തും കാണുന്ന പിതാവ്‌ നിങ്ങൾക്കു പ്രതി​ഫലം തരും.”—മത്തായി 6:6.

നമുക്ക്‌ ഏതു സമയത്തും എവി​ടെ​വെ​ച്ചും പ്രാർഥിക്കാം

യേശുവിന്റെ ആ ക്ഷണം എത്ര നല്ലതാ​ണല്ലേ? ഈ പ്രപഞ്ചം ഉണ്ടാക്കിയ പരമാ​ധി​കാ​രി​യായ ദൈവ​ത്തോട്‌ നിങ്ങൾക്ക്‌ സ്വകാ​ര്യ​മാ​യി ഏതു സമയത്തും പ്രാർഥി​ക്കാം. പ്രാർഥി​ക്കു​മ്പോൾ ദൈവം നിങ്ങളെ പൂർണ​മാ​യി ശ്രദ്ധി​ക്കു​ന്നു. യേശു മിക്ക​പ്പോ​ഴും ഒറ്റയ്‌ക്ക്‌ മാറി​യി​രുന്ന്‌ പ്രാർഥി​ച്ചത്‌ എന്തു​കൊ​ണ്ടാ​ണെന്ന്‌ മനസ്സി​ലാ​യി​ല്ലേ? വളരെ പ്രധാ​ന​പ്പെട്ട ഒരു തീരു​മാ​നം എടുക്കു​ന്ന​തി​നു​മുമ്പ്‌ വേണ്ട മാർഗ​നിർദേശം ലഭിക്കു​ന്ന​തി​നു​വേണ്ടി ഒരു രാത്രി മുഴുവൻ യേശു ദൈവ​ത്തോട്‌ പ്രാർഥി​ച്ച​താ​യി ബൈബിൾ പറയുന്നു.—ലൂക്കോസ്‌ 6:12, 13.

ധാരാളം സ്‌ത്രീ-പുരു​ഷ​ന്മാർ, ഗൗരവ​മുള്ള തീരു​മാ​നങ്ങൾ എടുക്കേണ്ട സാഹച​ര്യ​ങ്ങ​ളി​ലും ആശങ്ക​പ്പെ​ടു​ത്തുന്ന സന്ദർഭ​ങ്ങ​ളി​ലും പ്രാർഥി​ച്ച​താ​യി ബൈബി​ളിൽ എഴുതി​വെ​ച്ചി​ട്ടുണ്ട്‌. ചിലർ ഉറക്കെ പ്രാർഥി​ച്ചി​ട്ടുണ്ട്‌, ചിലർ മൗനമാ​യി പ്രാർഥി​ച്ചി​ട്ടുണ്ട്‌. വേറെ ചിലർ ഒരു കൂട്ട​ത്തോ​ടൊ​പ്പ​മാ​യി​രു​ന്ന​പ്പോൾ പ്രാർഥി​ച്ചി​ട്ടുണ്ട്‌, ഒറ്റയ്‌ക്കാ​യി​രു​ന്ന​പ്പോ​ഴും പ്രാർഥി​ച്ചി​ട്ടുണ്ട്‌. പ്രധാ​ന​പ്പെട്ട കാര്യം, അവർ പ്രാർഥി​ച്ചു എന്നതാണ്‌. “ഇടവി​ടാ​തെ പ്രാർഥി​ക്കാൻ,” ദൈവം നമ്മളെ ക്ഷണിക്കു​ന്നു. (1 തെസ്സ​ലോ​നി​ക്യർ 5:17) തന്റെ ഇഷ്ടം ചെയ്യു​ന്ന​വ​രു​ടെ പ്രാർഥന കേൾക്കാൻ ദൈവ​ത്തിന്‌ യാതൊ​രു മടുപ്പു​മില്ല. ദൈവ​ത്തി​ന്റെ സ്‌നേഹം എത്ര വലുതാ​ണല്ലേ?

നന്ദി കാണി​ക്കാത്ത ഒരു ലോക​മാണ്‌ ഇന്നത്തേത്‌. പ്രാർഥ​ന​യി​ലൂ​ടെ ദൈവ​ത്തോട്‌ നന്ദി പറയു​ന്നത്‌ എന്തിനാ​ണെന്ന്‌ പലരും ചിന്തി​ക്കു​ന്നു​ണ്ടാ​കും. നിങ്ങളും ചില​പ്പോൾ ഇങ്ങനെ ചോദി​ച്ചേ​ക്കാം. ‘പ്രാർഥി​ക്കു​ന്ന​തു​കൊണ്ട്‌ എന്തെങ്കി​ലും കാര്യ​മു​ണ്ടോ?’