വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾക്ക്‌ വിശ്വാസരോഗശാന്തിയുണ്ടോ?

യഹോവയുടെ സാക്ഷികൾക്ക്‌ വിശ്വാസരോഗശാന്തിയുണ്ടോ?

വായന​ക്കാർ ചോദി​ക്കു​ന്നു

യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ വിശ്വാ​സ​രോ​ഗ​ശാ​ന്തി​യു​ണ്ടോ?

▪ യഹോ​വ​യു​ടെ സാക്ഷികൾ വിശ്വാ​സ​രോ​ഗ​ശാ​ന്തി നടത്താ​റില്ല. ദൈവ​രാ​ജ്യ​ത്തി​ന്റെ സുവി​ശേഷം പ്രസം​ഗി​ക്കുക എന്നതാണ്‌ തങ്ങളുടെ പ്രാഥ​മിക ഉത്തരവാ​ദി​ത്വം എന്ന്‌ യേശു​വി​നെ​പ്പോ​ലെ അവരും വിശ്വ​സി​ക്കു​ന്നു. അതു​പോ​ലെ സത്യ​ക്രി​സ്‌ത്യാ​നി​കളെ തിരി​ച്ച​റി​യി​ക്കു​ന്നത്‌ വിശ്വാ​സ​രോ​ഗ​ശാ​ന്തി​യല്ല, പിന്നെ​യോ അതിലു​മൊ​ക്കെ ഉത്‌കൃ​ഷ്ട​മായ ഒരു കാര്യ​മാ​ണെന്ന്‌ അവർ മനസ്സി​ലാ​ക്കി​യി​രി​ക്കു​ന്നു.

ഒന്നാം നൂറ്റാ​ണ്ടിൽ യേശു നടത്തിയ രോഗ​ശാ​ന്തി​കൾക്ക്‌ ഏറെ പ്രസക്തി​യു​ണ്ടെ​ന്നതു ശരിയാണ്‌. താൻ ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാ​വാ​യി വാഴു​മ്പോൾ പ്രജക​ളി​ലാ​രും രോഗി​ക​ളാ​യി​രി​ക്കില്ല എന്ന്‌ ഉറപ്പു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു അതിലൂ​ടെ യേശു. അതെ, അന്ന്‌ “എനിക്കു ദീനം എന്നു യാതൊ​രു നിവാ​സി​യും പറകയില്ല.”—യെശയ്യാ​വു 33:24.

എന്നാൽ ഇന്നു നടക്കുന്ന രോഗ​ശാ​ന്തി​ക​ളു​ടെ കാര്യ​മോ? അത്ഭുത രോഗ​ശാ​ന്തി നടത്തു​ന്ന​താ​യി ക്രൈ​സ്‌തവ സഭകൾ ഉൾപ്പെടെ പല മതവി​ഭാ​ഗ​ങ്ങ​ളും അവകാ​ശ​പ്പെ​ടു​ന്നുണ്ട്‌. എന്നാൽ തന്റെ നാമത്തിൽ അത്ഭുതങ്ങൾ ചെയ്യു​ന്ന​താ​യി അവകാ​ശ​പ്പെ​ടു​ന്ന​വ​രോട്‌ യേശു, “ഞാൻ ഒരിക്ക​ലും നിങ്ങളെ അറിഞ്ഞി​ട്ടില്ല! അധർമം പ്രവർത്തി​ക്കു​ന്ന​വരേ, എന്നെ വിട്ട്‌ പോകു​വിൻ” എന്നു പറയു​മെന്ന്‌ തിരു​വെ​ഴുത്ത്‌ വ്യക്തമാ​യി മുന്നറി​യി​പ്പു നൽകുന്നു. (മത്തായി 7:22, 23) അങ്ങനെ​യെ​ങ്കിൽ, ഇന്നത്തെ ‘രോഗ​ശാ​ന്തി ശുശ്രൂ​ഷ​കൾക്ക്‌’ ദൈവ​ത്തി​ന്റെ അംഗീ​കാ​ര​മു​ണ്ടെന്നു പറയാ​നാ​കു​മോ?

യേശു നടത്തിയ രോഗ​ശാ​ന്തി​ക​ളെ​ക്കു​റി​ച്ചു ചിന്തി​ക്കുക. ആ തിരു​വെ​ഴു​ത്തു വിവര​ണ​ങ്ങ​ളു​മാ​യി തട്ടിച്ചു​നോ​ക്കി​യാൽ ഇന്നത്തെ രോഗ​ശാ​ന്തി ശുശ്രൂ​ഷ​കൾക്ക്‌ ദൈവാം​ഗീ​കാ​ര​മു​ണ്ടോ എന്നു മനസ്സി​ലാ​ക്കാം.

ജനശ്രദ്ധ ആകർഷി​ക്കാ​നല്ല യേശു രോഗ​ശാ​ന്തി നടത്തി​യത്‌. വാസ്‌ത​വ​ത്തിൽ ആരു​ടെ​യും ശ്രദ്ധയിൽപ്പെ​ടാത്ത വിധത്തി​ലാണ്‌ അവൻ പലരെ​യും സൗഖ്യ​മാ​ക്കി​യത്‌. മാത്രമല്ല, ആ വിവരം ആരോ​ടും പറയരു​തെന്ന്‌ സൗഖ്യം​പ്രാ​പി​ച്ച​വ​രോട്‌ അവൻ പലപ്പോ​ഴും നിഷ്‌കർഷി​ക്കു​ക​യു​ണ്ടാ​യി.—ലൂക്കോസ്‌ 5:13, 14.

പണം വാങ്ങിയല്ല യേശു രോഗ​ശാ​ന്തി​കൾ നടത്തി​യത്‌. (മത്തായി 10:8) ഒരു സന്ദർഭ​ത്തിൽപ്പോ​ലും യേശു​വിന്‌ പരാജയം സംഭവി​ച്ചു​മില്ല. മാത്രമല്ല, വ്യക്തി​ക​ളു​ടെ വിശ്വാ​സ​ത്തി​ന്റെ അടിസ്ഥാ​ന​ത്തി​ലാ​യി​രു​ന്നില്ല അവൻ സൗഖ്യം നൽകി​യത്‌; രോഗ​സൗ​ഖ്യം തേടിവന്ന എല്ലാവർക്കും അവൻ പരിപൂർണ സൗഖ്യം നൽകി. (ലൂക്കോസ്‌ 6:19; യോഹ​ന്നാൻ 5:5-9, 13) എന്തിന്‌, യേശു മരിച്ച​വരെ ഉയിർപ്പി​ക്കു​ക​പോ​ലും ചെയ്‌തു!—ലൂക്കോസ്‌ 7:11-17; 8:40-56; യോഹ​ന്നാൻ 11:38-44.

അതെ, യേശു അത്ഭുത​രോ​ഗ​ശാ​ന്തി​കൾ നടത്തി​യെ​ന്നു​ള്ളത്‌ ശരിയാണ്‌. എന്നാൽ നാടകീയ രംഗങ്ങ​ളി​ലൂ​ടെ ആളുക​ളിൽ വൈകാ​രിക അനുഭൂ​തി​ക​ളു​ണർത്തി അവരെ അനുഗാ​മി​ക​ളാ​ക്കുക എന്നതാ​യി​രു​ന്നില്ല അവന്റെ മുഖ്യ​ല​ക്ഷ്യം. മറിച്ച്‌ ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സുവി​ശേഷം പ്രസം​ഗി​ക്കുക എന്നതാ​യി​രു​ന്നു അവന്റെ പ്രധാന ദൗത്യം. ദൈവ​രാ​ജ്യ​ത്തിൻ കീഴിൽ പൂർണ ആരോ​ഗ്യ​ത്തോ​ടെ ജീവി​ക്കാ​നാ​കും എന്ന ദൈവ​ത്തി​ന്റെ വാഗ്‌ദാ​ന​ത്തെ​ക്കു​റിച്ച്‌ ആളുകളെ പഠിപ്പിച്ച്‌ ശിഷ്യ​രാ​ക്കാ​നാണ്‌ യേശു തന്റെ അനുഗാ​മി​കളെ പരിശീ​ലി​പ്പി​ച്ചത്‌.—മത്തായി 28:19, 20.

ഒന്നാം നൂറ്റാ​ണ്ടിൽ ഉണ്ടായി​രുന്ന ചില ക്രിസ്‌തു​ശി​ഷ്യ​ന്മാർക്കും രോഗ​ശാ​ന്തി​വരം ലഭിച്ചി​രു​ന്നു. എന്നാൽ ആ വരം പിൽക്കാ​ലത്ത്‌ ഇല്ലാതാ​കു​മാ​യി​രു​ന്നു. (1 കൊരി​ന്ത്യർ 12:29, 30; 13:8, 13) ഇന്ന്‌ സത്യ​ക്രി​സ്‌ത്യാ​നി​കളെ തിരി​ച്ച​റി​യി​ക്കു​ന്നത്‌ രോഗ​ശാ​ന്തി​വ​രമല്ല മറിച്ച്‌ അവർക്കി​ട​യി​ലുള്ള ആത്മത്യാ​ഗ​പ​ര​മായ സ്‌നേ​ഹ​മാണ്‌. (യോഹ​ന്നാൻ 13:35) എന്നാൽ അത്തരം സ്‌നേ​ഹ​ത്താൽ ബന്ധിത​രായ, സകല വർഗങ്ങ​ളി​ലും പശ്ചാത്ത​ല​ങ്ങ​ളി​ലും നിന്നുള്ള ഒരു ഏകീകൃത ക്രിസ്‌തീയ സമൂഹത്തെ വാർത്തെ​ടു​ക്കാൻ ഇന്നത്തെ രോഗ​ശാ​ന്തി​ക്കാർക്ക്‌ കഴിഞ്ഞി​ട്ടില്ല.

ശ്രദ്ധേ​യ​മെ​ന്നു പറയട്ടെ, പരസ്‌പരം ആത്മാർഥ​മാ​യി സ്‌നേ​ഹി​ക്കുന്ന ഒരു കൂട്ടം ക്രിസ്‌ത്യാ​നി​കൾ ഇന്നുണ്ട്‌. അവർ സഹവി​ശ്വാ​സി​കൾക്കോ മറ്റുള്ള​വർക്കോ ഒരിക്ക​ലും ദ്രോഹം ചെയ്യില്ല. യുദ്ധങ്ങ​ളു​ടെ​യോ ആഭ്യന്തര കലഹങ്ങ​ളു​ടെ​യോ സമയത്തു​പോ​ലും അവർ സഹജീ​വി​കളെ ദ്രോ​ഹി​ക്കാൻ മുതി​രില്ല. ആരാണ്‌ അവർ? യഹോ​വ​യു​ടെ സാക്ഷികൾ! ക്രിസ്‌തു കാണി​ച്ച​തു​പോ​ലുള്ള സ്‌നേഹം പ്രകടി​പ്പി​ക്കു​ന്ന​വ​രെന്ന സത്‌പേര്‌ ലോക​മെ​മ്പാ​ടു​മുള്ള യഹോ​വ​യു​ടെ സാക്ഷി​കൾക്കുണ്ട്‌. ഭിന്ന വർഗങ്ങ​ളി​ലും ദേശങ്ങ​ളി​ലും പശ്ചാത്ത​ല​ങ്ങ​ളി​ലു​മുള്ള ആളുകൾ ഇങ്ങനെ ഏകീകൃ​ത​രാ​യി നില​കൊ​ള്ളു​ന്നത്‌ ഒരു അത്ഭുതം​ത​ന്നെ​യാണ്‌. ദൈവ​ത്തി​ന്റെ പരിശു​ദ്ധാ​ത്മാ​വി​നാൽ മാത്രം സാധ്യ​മാ​കുന്ന ഒരു കാര്യ​മാ​ണത്‌! അവരുടെ ഒരു സഭാ​യോ​ഗ​ത്തിൽ പങ്കെടു​ത്താൽ നിങ്ങൾക്ക്‌ അതു നേരിൽ കാണാ​നാ​കും.

[27-ാം പേജിലെ ചിത്രം]

ഇന്നത്തെ രോഗ​ശാ​ന്തി ശുശ്രൂ​ഷ​കർക്ക്‌ (വലത്തെ ചിത്രം) ദൈവ​ത്തി​ന്റെ പിന്തു​ണ​യു​ണ്ടോ?