വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘പ്രാർത്ഥന കേൾക്കുന്നവൻ’

‘പ്രാർത്ഥന കേൾക്കുന്നവൻ’

ദൈവ​ത്തോട്‌ അടുത്തു​ചെ​ല്ലു​ക

‘പ്രാർത്ഥന കേൾക്കു​ന്നവൻ’

1 ദിനവൃ​ത്താ​ന്തം 4:9, 10

തന്റെ ഭക്തന്മാ​രു​ടെ പ്രാർഥ​ന​കൾക്ക്‌ യഹോ​വ​യാം ദൈവം ഉത്തരം നൽകു​മോ? യഹോവ ‘പ്രാർഥന കേൾക്കു​ന്ന​വ​നാണ്‌’ എന്ന വസ്‌തു​ത​യ്‌ക്ക്‌ അടിവ​ര​യി​ടു​ന്നു യബ്ബേസി​നെ​ക്കു​റി​ച്ചുള്ള ബൈബിൾ വിവരണം. (സങ്കീർത്തനം 65:2) ഈ വ്യക്തി​യെ​ക്കു​റിച്ച്‌ നമുക്ക്‌ അധിക​മൊ​ന്നും അറിയില്ല. യബ്ബേസി​നെ​ക്കു​റി​ച്ചുള്ള വിവരണം നാം കാണു​ന്നത്‌ തീരെ പ്രതീ​ക്ഷി​ക്കാത്ത ഒരു തിരു​വെ​ഴു​ത്തു​ഭാ​ഗ​ത്താണ്‌—1 ദിനവൃ​ത്താ​ന്ത​ത്തി​ന്റെ ആദ്യഭാ​ഗത്തു തുടങ്ങുന്ന വംശാ​വ​ലി​പ്പ​ട്ടി​ക​യിൽ. 1 ദിനവൃ​ത്താ​ന്തം 4:9, 10-ലെ ഹ്രസ്വ​മായ ആ വിവരണം നമു​ക്കൊ​ന്നു നോക്കാം.

ഈ രണ്ടുവാ​ക്യ​ങ്ങ​ളിൽ കാണുന്ന വിവരങ്ങൾ മാത്രമേ യബ്ബേസി​നെ​ക്കു​റിച്ച്‌ നമുക്ക​റി​യാ​വൂ. അവന്റെ അമ്മ, “ഞാൻ അവനെ വ്യസന​ത്തോ​ടെ പ്രസവി​ച്ചു എന്നു പറഞ്ഞു അവന്നു യബ്ബേസ്‌ a എന്നു പേരിട്ടു” എന്ന്‌ 9-ാം വാക്യം പറയുന്നു. അവൾ എന്തു​കൊ​ണ്ടാണ്‌ മകന്‌ അങ്ങനെ​യൊ​രു പേരി​ട്ടത്‌? അതിക​ഠി​ന​മായ ഈറ്റു​നോ​വോ​ടെ അവനെ പ്രസവി​ച്ച​തു​കൊ​ണ്ടാ​ണോ? അതോ ആ സമയത്ത്‌ അവൾ വിധവ​യാ​യി​രു​ന്നോ, കുഞ്ഞിനെ കാണാൻ അവന്റെ പിതാവ്‌ ഇല്ലല്ലോ എന്ന ദുഃഖ​മാ​യി​രു​ന്നോ അവൾക്ക്‌? ബൈബിൾ അതേക്കു​റി​ച്ചൊ​ന്നും പറയു​ന്നില്ല. എന്നാൽ ഒരുനാൾ ഈ മകൻ അവളുടെ അഭിമാ​ന​മാ​കു​മാ​യി​രു​ന്നു. യബ്ബേസി​ന്റെ കൂടെ​പ്പി​റ​പ്പു​കൾ നല്ലവരാ​യി​രു​ന്നി​രി​ക്കാം. എങ്കിലും യബ്ബേസ്‌ “അവന്റെ സഹോ​ദ​രൻമാ​രെ​ക്കാൾ ബഹുമാ​ന്യ​നാ​യി​രു​ന്നു” (പി.ഒ.സി.ബൈബിൾ) എന്നാണ്‌ വിവരണം പറയു​ന്നത്‌.

ദൈവ​ത്തോട്‌ ആത്മാർഥ​മാ​യി പ്രാർഥി​ച്ചി​രുന്ന ഒരു വ്യക്തി​യാ​യി​രു​ന്നു യബ്ബേസ്‌. തന്നെ അനു​ഗ്ര​ഹി​ക്ക​ണമേ എന്ന അപേക്ഷ​യോ​ടെ​യാണ്‌ യബ്ബേസ്‌ തന്റെ പ്രാർഥന തുടങ്ങു​ന്നത്‌. പിന്നെ, അവൻ മൂന്നു​കാ​ര്യ​ങ്ങൾക്കു​വേണ്ടി അപേക്ഷി​ച്ചു; ശക്തമായ വിശ്വാ​സം പ്രതി​ഫ​ലി​ക്കു​ന്ന​വ​യാ​യി​രു​ന്നു ആ അപേക്ഷകൾ.

തന്റെ ‘അതിർ വിസ്‌താ​ര​മാ​ക്കണം’ എന്നതാ​യി​രു​ന്നു യബ്ബേസി​ന്റെ ആദ്യത്തെ അപേക്ഷ. (10-ാം വാക്യം) മറ്റൊ​രാ​ളു​ടെ ഭൂസ്വത്ത്‌ തട്ടി​യെ​ടു​ക്കാൻ ആഗ്രഹിച്ച ഒരു അത്യാ​ഗ്ര​ഹി​യ​ല്ലാ​യി​രു​ന്നു യബ്ബേസ്‌. അതു​കൊണ്ട്‌ അവന്റെ അപേക്ഷ കേവലം ഭൂസ്വത്ത്‌ വർധി​പ്പി​ക്കുക എന്ന ലക്ഷ്യത്തി​ലു​ള്ള​താ​യി​രി​ക്കാൻ വഴിയില്ല. സത്യ​ദൈ​വത്തെ ആരാധി​ക്കു​ന്ന​വ​രായ കൂടുതൽ ആളുകൾ തന്റെ ദേശത്ത്‌ വന്നുപാർക്കാൻ ഇടയാ​കും​വി​ധം അതു കൂടുതൽ വിസ്‌തൃ​ത​മാ​ക്കി​ത്ത​ര​ണ​മെ​ന്നാ​യിരി​ക്കാം അവൻ ദൈവ​ത്തോട്‌ അപേക്ഷി​ച്ചത്‌. b

ദൈവ​ത്തി​ന്റെ “കൈ” തന്നോ​ടു​കൂ​ടെ ഇരിക്ക​ണമേ എന്നതാ​യി​രു​ന്നു യബ്ബേസി​ന്റെ രണ്ടാമത്തെ അപേക്ഷ. തന്റെ ദാസന്മാ​രെ തുണയ്‌ക്കാൻ ദൈവം ഉപയോ​ഗി​ക്കുന്ന തന്റെ ശക്തി​യെ​യാണ്‌ ആലങ്കാ​രി​ക​മാ​യി അവന്റെ “കൈ” എന്നു പരാമർശി​ച്ചി​രി​ക്കു​ന്നത്‌. (1 ദിനവൃ​ത്താ​ന്തം 29:12) തന്റെ ഹൃദയ​ത്തി​ലെ ആഗ്രഹം നിറ​വേ​റ്റി​ക്കി​ട്ടാൻ യബ്ബേസ്‌ യഹോ​വ​യിൽ ആശ്രയി​ച്ചു; തന്നിൽ വിശ്വ​സി​ക്കു​ന്ന​വരെ തുണയ്‌ക്കാൻ പ്രാപ്‌ത​നും സന്നദ്ധനു​മായ ദൈവ​ത്തിൽ.—യെശയ്യാ​വു 59:1.

യബ്ബേസി​ന്റെ മൂന്നാ​മത്തെ അപേക്ഷ ഇതായി​രു​ന്നു: ‘അനർത്ഥം എനിക്കു വ്യസന​കാ​ര​ണ​മാ​യി തീരാ​ത​വണ്ണം എന്നെ കാക്കേ​ണമേ.’ ‘എനിക്കു വ്യസന​കാ​ര​ണ​മാ​യി തീരാതെ കാക്കേ​ണമേ’ എന്ന്‌ അവൻ പറഞ്ഞത്‌, ദുരനു​ഭ​വങ്ങൾ ഒന്നും തനിക്ക്‌ ഉണ്ടാകാ​തെ കാക്കണം എന്ന അർഥത്തി​ലല്ല, കഷ്ടങ്ങളിൽ കാലി​ട​റാ​തെ​യും അതിദുഃ​ഖ​ത്തി​ലാ​ണ്ടു​പോ​കാ​തെ​യും കാത്തു​കൊ​ള്ളണം എന്ന അർഥത്തി​ലാണ്‌.

സത്യാ​രാ​ധ​ന​യോ​ടുള്ള ആത്മാർഥ​ത​യും പ്രാർഥന കേൾക്കു​ന്ന​വ​നായ ദൈവ​ത്തി​ലുള്ള വിശ്വാ​സ​വും ആശ്രയ​വും എടുത്തു​കാ​ട്ടു​ന്ന​താ​യി​രു​ന്നു യബ്ബേസി​ന്റെ പ്രാർഥന. യഹോവ ആ പ്രാർഥന കേട്ടോ? തീർച്ച​യാ​യും! “അവൻ അപേക്ഷി​ച്ച​തി​നെ ദൈവം അവന്നു നൽകി” എന്ന്‌ വിവര​ണ​ത്തി​ന്റെ അവസാ​ന​ഭാ​ഗത്തു പറയുന്നു.

പ്രാർഥന കേൾക്കു​ന്ന​വ​നായ യഹോ​വ​യാം ദൈവ​ത്തിന്‌ ഇന്നും ഒരു മാറ്റവും വന്നിട്ടില്ല. തന്റെ ഭക്തന്മാ​രു​ടെ പ്രാർഥ​നകൾ കേൾക്കാൻ അവനു സന്തോ​ഷ​മേ​യു​ള്ളൂ. അവനിൽ വിശ്വാ​സ​മർപ്പി​ക്കു​ക​യും ആശ്രയി​ക്കു​ക​യും ചെയ്യു​ന്ന​വർക്ക്‌ പിൻവ​രുന്ന ഉറപ്പു​ണ്ടാ​യി​രി​ക്കാ​നാ​കും: “തിരു​ഹി​ത​പ്ര​കാ​രം നാം എന്ത്‌ അപേക്ഷി​ച്ചാ​ലും അവൻ നമ്മുടെ അപേക്ഷ കേൾക്കു​ന്നു.”—1 യോഹ​ന്നാൻ 5:14.

[അടിക്കു​റി​പ്പു​കൾ]

a “വേദന” എന്ന്‌ അർഥം വരാവുന്ന ഒരു പദത്തിൽനി​ന്നാണ്‌ യബ്ബേസ്‌ എന്ന പേരിന്റെ ഉത്ഭവം.

b ടാർഗം (എബ്രായ തിരു​വെ​ഴു​ത്തു​ക​ളു​ടെ അരാമ്യ​യി​ലുള്ള പരാവർത്തനം) യബ്ബേസി​ന്റെ വാക്കു​കളെ ഇങ്ങനെ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു: “മക്കളെ നൽകി എന്നെ അനു​ഗ്ര​ഹി​ക്കേ​ണമേ; കൂടുതൽ ശിഷ്യ​ന്മാ​രെ നൽകി എന്റെ അതിരു​കളെ വിസ്‌തൃ​ത​മാ​ക്കേ​ണമേ.”