വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പരിപുഷ്ടിപ്പെടുത്തുന്ന ക്രിസ്‌തീയ യോഗങ്ങൾ—നിങ്ങളുടെ പങ്ക്‌

പരിപുഷ്ടിപ്പെടുത്തുന്ന ക്രിസ്‌തീയ യോഗങ്ങൾ—നിങ്ങളുടെ പങ്ക്‌

പരിപുഷ്ടിപ്പെടുത്തുന്ന ക്രിസ്‌തീയ യോഗങ്ങൾ—നിങ്ങളുടെ പങ്ക്‌

“നിങ്ങൾ കൂടിവരുമ്പോൾ . . . എല്ലാം ആത്മീയവർധനയ്‌ക്ക്‌ ഉപകരിക്കട്ടെ.”—1 കൊരി. 14:26.

1. സഭായോഗങ്ങളുടെ ഏതു മുഖ്യലക്ഷ്യത്തെക്കുറിച്ചാണ്‌ 1 കൊരിന്ത്യർ 14-ാം അധ്യായം പറയുന്നത്‌?

‘നല്ലൊരു മീറ്റിങ്ങായിരുന്നു!’ രാജ്യഹാളിലെ യോഗത്തിനുശേഷം നിങ്ങൾ എപ്പോഴെങ്കിലും അങ്ങനെ പറഞ്ഞിട്ടുണ്ടോ? പറഞ്ഞിട്ടുണ്ടാകും, തീർച്ച! വാസ്‌തവത്തിൽ സഭായോഗങ്ങളെല്ലാം പ്രോത്സാഹനം പകരുന്നവയാണ്‌. അതിൽ അതിശയിക്കാനില്ല; ആദിമ ക്രിസ്‌ത്യാനികളുടെ കാലത്തെന്നപോലെ ഇന്നും സഭായോഗങ്ങളുടെ മുഖ്യലക്ഷ്യങ്ങളിൽ ഒന്ന്‌ കൂടിവരുന്നവരെ ആത്മീയമായി ബലിഷ്‌ഠരാക്കുക എന്നതാണല്ലോ. ക്രിസ്‌തീയ യോഗങ്ങളുടെ ഈ ലക്ഷ്യത്തെക്കുറിച്ച്‌ പൗലോസ്‌ അപ്പൊസ്‌തലൻ കൊരിന്ത്യർക്കുള്ള ആദ്യലേഖനത്തിൽ എടുത്തു പറയുകയുണ്ടായി. സഭാംഗങ്ങൾക്ക്‌ ആത്മീയവർധന വരുത്തുക എന്നതായിരിക്കണം സഭായോഗങ്ങളിൽ നടക്കുന്ന ഓരോ പരിപാടിയുടെയും ലക്ഷ്യം എന്ന്‌ 14-ാം അധ്യായത്തിലുടനീളം പൗലോസ്‌ ആവർത്തിച്ചു പറഞ്ഞു. അതെ, ‘സഭയുടെ ആത്മീയോത്‌കർഷത്തിനു’ വേണ്ടിയുള്ളതാണ്‌ യോഗങ്ങൾ.—1 കൊരിന്ത്യർ 14:3, 12, 26 വായിക്കുക. *

2. (എ) യോഗങ്ങൾ പരിപുഷ്ടിപ്പെടുത്തുന്നത്‌ ആയിരിക്കുന്നതിന്റെ കാരണം എന്ത്‌? (ബി) നാം ഏതു ചോദ്യത്തിന്‌ ഉത്തരം കണ്ടെത്തും?

2 മുഖ്യമായും പരിശുദ്ധാത്മാവിന്റെ ഒഴുക്കുള്ളതിനാലാണ്‌ യോഗങ്ങൾ പരിപുഷ്ടിപ്പെടുത്തുന്നതും പ്രബോധനാത്മകവും ആയിത്തീരുന്നത്‌ എന്നു നമുക്കറിയാം. അതുകൊണ്ടാണ്‌ ഓരോ യോഗവും തുടങ്ങുന്നതിനുമുമ്പ്‌, നാം നമ്മുടെ സ്വർഗീയ പിതാവായ യഹോവയോട്‌ പരിശുദ്ധാത്മാവിനെ നൽകി നമ്മുടെ കൂടിവരവുകളെ അനുഗ്രഹിക്കാനായി അപേക്ഷിക്കുന്നത്‌. എന്നാൽ യോഗങ്ങൾ സാധ്യമാകുന്നത്ര പരിപുഷ്ടിപ്പെടുത്തുന്നതാക്കാൻ സഭയിൽ എല്ലാവർക്കും ചിലതെല്ലാം ചെയ്യാനാകും. ആകട്ടെ, നമ്മുടെ രാജ്യഹാളിൽ വാരന്തോറും നടക്കുന്ന യോഗങ്ങൾ ആത്മീയ നവോന്മേഷം പകരുന്നതും പ്രോത്സാഹജനകവും ആക്കാൻ നമുക്ക്‌ ഓരോരുത്തർക്കും എന്തൊക്കെ ചെയ്യാനാകും?

3. ക്രിസ്‌തീയ യോഗങ്ങളുടെ പ്രാധാന്യം എന്ത്‌?

3 ഉത്തരത്തിനായി നമുക്കിപ്പോൾ, യോഗപരിപാടികൾ നടത്തുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പരിശോധിക്കാം. കൂടാതെ, യോഗങ്ങൾ പരിപുഷ്ടിപ്പെടുത്തുന്നതും കൂടിവരുന്ന എല്ലാവർക്കും പ്രോത്സാഹനം പകരുന്നതും ആക്കിത്തീർക്കാൻ സഭയ്‌ക്ക്‌ ഒന്നാകെ എന്തുചെയ്യാനാകും എന്നും നാം ചർച്ചചെയ്യും. നമ്മുടെ യോഗങ്ങൾ വിശുദ്ധ കൂടിവരവുകളായതിനാൽ ഈ വിഷയം പ്രാധാന്യമർഹിക്കുന്നു. യഹോവയെ ആരാധിക്കുന്നതിനുള്ള ഒരു സുപ്രധാന മാർഗമാണ്‌ യോഗങ്ങൾക്കു ഹാജരാകുന്നതും അവയിൽ പങ്കുപറ്റുന്നതും.—സങ്കീ. 26:12; 111:1; യെശ. 66:22, 23.

ബൈബിൾ പഠിക്കാനായി ഒരു യോഗം

4, 5. വീക്ഷാഗോപുര അധ്യയനത്തിന്റെ ലക്ഷ്യമെന്ത്‌?

4 വാരന്തോറും നടക്കുന്ന വീക്ഷാഗോപുര അധ്യയനത്തിൽനിന്ന്‌ പൂർണപ്രയോജനം നേടണമെന്നാണ്‌ നമ്മുടെയെല്ലാം ആഗ്രഹം. അതുകൊണ്ട്‌ ആ യോഗത്തിന്റെ മുഖ്യ ഉദ്ദേശ്യം മനസ്സിലാക്കാനായി നമുക്കിപ്പോൾ വീക്ഷാഗോപുരം മാസികയ്‌ക്കും അതിലെ അധ്യയന ലേഖനങ്ങൾക്കും വന്നിരിക്കുന്ന ചില മാറ്റങ്ങൾ പുനരവലോകനം ചെയ്യാം.

5 വീക്ഷാഗോപുരത്തിന്റെ അധ്യയന പതിപ്പ്‌ ആരംഭിച്ചത്‌ 2008 ജനുവരി 15 ലക്കം മുതലാണ്‌. അപ്പോൾമുതൽ അതിന്റെ പുറംചട്ടയിൽവന്ന മാറ്റം നിങ്ങൾ ശ്രദ്ധിച്ചോ? നിങ്ങളുടെ കൈയിലിരിക്കുന്ന ഈ മാസികയുടെതന്നെ പുറന്താളിലൂടെ ഒന്നു കണ്ണോടിക്കുക. അവിടെ ഗോപുരത്തിന്റെ ചുവട്ടിലായി തുറന്നിരിക്കുന്ന ഒരു ബൈബിൾ നിങ്ങൾ ശ്രദ്ധിച്ചോ? ഈ മാസിക ഉപയോഗിച്ച്‌ നാം പഠിക്കുന്നത്‌ ബൈബിളാണെന്നു വ്യക്തമാക്കുന്നതല്ലേ ഈ ചിത്രം? അതെ, നെഹെമ്യാവിന്റെ കാലത്തു ചെയ്‌തതുപോലെ ഇന്ന്‌ വീക്ഷാഗോപുര അധ്യയനവേളയിൽ ദൈവവചനം ‘തെളിവായി വായിക്കുകയും’ “വായിച്ചതു ഗ്രഹിപ്പാൻതക്കവണ്ണം അർത്ഥം” വിശദീകരിക്കുകയും ചെയ്യുന്നു.—നെഹെ. 8:8; യെശ. 54:13.

6. (എ) വീക്ഷാഗോപുര അധ്യയനത്തിൽ ഏതു മാറ്റം വരുത്തുകയുണ്ടായി? (ബി) വായിക്കാനുള്ള തിരുവെഴുത്തുകളുടെ കാര്യത്തിൽ എന്തു ശ്രദ്ധിക്കണം?

6 വീക്ഷാഗോപുര അധ്യയനത്തിൽ വരുത്തിയ ഒരു മാറ്റം നിങ്ങൾ ശ്രദ്ധിച്ചുകാണും. വീക്ഷാഗോപുരം ഉപയോഗിച്ച്‌ നാം പഠിക്കുന്നത്‌ ബൈബിൾ ആയതിനാൽ പരാമർശിച്ചിരിക്കുന്ന ചില തിരുവെഴുത്തുകൾ, “വായിക്കുക” എന്ന്‌ പ്രത്യേകം എടുത്തു പറഞ്ഞിരിക്കുന്നു. അധ്യയനസമയത്ത്‌ ഈ വാക്യങ്ങൾ വായിക്കുമ്പോൾ എല്ലാവരും സ്വന്തം ബൈബിൾ തുറന്ന്‌ അതു നോക്കേണ്ടതാണ്‌. (പ്രവൃ. 17:11) എന്താണ്‌ കാരണം? ദൈവം പറയുന്ന കാര്യങ്ങൾ നാം സ്വന്തം ബൈബിളിൽനിന്നു കാണുമ്പോൾ അതു കൂടുതൽ ഫലംചെയ്യും. (എബ്രാ. 4:12) അതുകൊണ്ട്‌ ഈ വാക്യങ്ങൾ വായിക്കുന്നതിനുമുമ്പായി, ബൈബിൾ തുറക്കാൻ മതിയായ സമയം നിർവാഹകൻ സദസ്യർക്കു നൽകണം. അങ്ങനെയാകുമ്പോൾ തിരുവെഴുത്തു വായിക്കുന്ന സമയത്ത്‌ എല്ലാവർക്കും അതു നോക്കാനാകും.

അഭിപ്രായങ്ങൾ പറയാൻ കൂടുതൽ സമയം

7. വീക്ഷാഗോപുര അധ്യയനം എന്തിനുള്ള അവസരം നൽകുന്നു?

7 അടുത്തകാലത്തായി അധ്യയന ലേഖനങ്ങളുടെ ദൈർഘ്യത്തിൽ വന്നിരിക്കുന്ന മാറ്റം ശ്രദ്ധേയമാണ്‌. അവയുടെ ദൈർഘ്യം കുറവായതിനാൽ ഖണ്ഡികകളുടെ വായനയ്‌ക്ക്‌ അധികസമയം വേണ്ടിവരുന്നില്ല. അഭിപ്രായങ്ങൾ പറയാൻ അങ്ങനെ കൂടുതൽ സമയം ലഭിക്കുന്നു. അച്ചടിച്ചിരിക്കുന്ന ചോദ്യങ്ങൾക്ക്‌ ഉത്തരം പറഞ്ഞുകൊണ്ടും ചർച്ചചെയ്യുന്ന ആശയവുമായി തിരുവെഴുത്തുകൾക്കുള്ള ബന്ധം വിശദീകരിച്ചുകൊണ്ടും ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുന്നതിന്റെ പ്രയോജനം വ്യക്തമാക്കുന്ന ഹ്രസ്വമായ അനുഭവങ്ങൾ പറഞ്ഞുകൊണ്ടുമെല്ലാം തങ്ങളുടെ വിശ്വാസം പ്രകടമാക്കാൻ കൂടുതൽ പേർക്ക്‌ അവസരം ലഭിക്കുന്നു എന്നതാണ്‌ ഇതുകൊണ്ടുള്ള നേട്ടം. ചിത്രങ്ങളെക്കുറിച്ച്‌ അഭിപ്രായം പറയാനും അൽപ്പസമയം നീക്കിവെക്കേണ്ടതാണ്‌.—സങ്കീർത്തനം 22:22; 35:18; 40:9 വായിക്കുക.

8, 9. വീക്ഷാഗോപുര അധ്യയനനിർവാഹകന്റെ പങ്കെന്ത്‌?

8 ഇങ്ങനെ വിവിധ തരത്തിലുള്ള അഭിപ്രായങ്ങൾ പലരിൽനിന്ന്‌ കേൾക്കാൻ കഴിയണമെങ്കിൽ അഭിപ്രായങ്ങൾ ഹ്രസ്വമായിരിക്കുകയും അധ്യയന നിർവാഹകൻ കൂടെക്കൂടെ അഭിപ്രായം പറയാതിരിക്കുകയും വേണം. കൂടുതലായി ലഭിക്കുന്ന സമയം അങ്ങനെ പരമാവധി പ്രയോജനപ്പെടുത്താനാകും. അധ്യയനം പരിപുഷ്ടിപ്പെടുത്തുന്നതാക്കാൻ, സദസ്യർ പറയുന്ന അഭിപ്രായങ്ങൾക്കുപുറമേ താൻ എത്രമാത്രം അഭിപ്രായം പറയണം എന്നു തീരുമാനിക്കുന്നതിന്‌ അധ്യയന നിർവാഹകനെ എന്തു സഹായിക്കും?

9 ഉത്തരത്തിനായി നമുക്ക്‌ ഒരു ദൃഷ്ടാന്തം നോക്കാം. നല്ലരീതിയിൽ നടത്തപ്പെടുന്ന ഒരു വീക്ഷാഗോപുര അധ്യയനം നയനമനോഹരമായ ഒരു പൂച്ചെണ്ടുപോലെയാണ്‌. വലിയൊരു പൂച്ചെണ്ടിലെ വ്യത്യസ്‌തതരം പൂക്കൾപോലെയാണ്‌ വീക്ഷാഗോപുര അധ്യയനത്തിൽ ഓരോരുത്തരും പറയുന്ന അഭിപ്രായങ്ങൾ. പൂച്ചെണ്ടിലെ ഓരോ പൂവും നിറത്തിലും വലുപ്പത്തിലും വ്യത്യാസപ്പെട്ടിരിക്കുന്നതുപോലെ അഭിപ്രായങ്ങൾ ചെറുതോ വലുതോ ആകാം, പറയുന്ന രീതിക്കും വ്യത്യാസമുണ്ടാകും. അധ്യയനനിർവാഹകൻ ഇടയ്‌ക്കു പറയുന്ന അഭിപ്രായങ്ങൾ, പൂച്ചെണ്ടിനു ചാരുതയേകാനും തികവും രൂപഭംഗിയും നൽകാനും അങ്ങിങ്ങായി വെക്കുന്ന ഏതാനും പച്ചിലകളും തണ്ടുകളും പോലെയായിരിക്കണം. അവ അധികമായാൽ പൂച്ചെണ്ടിന്റെ ഭംഗി നഷ്ടമാകും. സമാനമായി, അധ്യയനനിർവാഹകന്റെ അഭിപ്രായങ്ങൾ കൂടിപ്പോകരുത്‌, മറിച്ച്‌ സദസ്യർ അർപ്പിക്കുന്ന സ്‌തോത്രയാഗത്തിനു പൂർണതയേകുന്നതായിരിക്കണം അവ. അതെ, സദസ്യർ നൽകുന്ന വൈവിധ്യമാർന്ന അഭിപ്രായങ്ങളും അധ്യയനനിർവാഹകൻ അവസരോചിതമായി പറയുന്ന ഏതാനും അഭിപ്രായങ്ങളും ചേരുമ്പോൾ വീക്ഷാഗോപുര അധ്യയനം മനോഹരമായ ഒരു പൂച്ചെണ്ടുപോലെ ആയിരിക്കും. വാക്കുകൾകൊണ്ട്‌ തീർത്ത ആ ചെണ്ട്‌ ഏവർക്കും ആനന്ദം പകരും.

“അധരഫലം എന്ന സ്‌തോത്രയാഗം എല്ലായ്‌പോഴും അർപ്പിക്കാം”

10. ആദിമ ക്രിസ്‌ത്യാനികൾ സഭായോഗങ്ങളെ എങ്ങനെയാണ്‌ വീക്ഷിച്ചത്‌?

10 ഒന്നാം നൂറ്റാണ്ടിൽ ക്രിസ്‌തീയ യോഗങ്ങൾ നടന്നിരുന്നത്‌ എങ്ങനെയാണെന്നു മനസ്സിലാക്കാൻ 1 കൊരിന്ത്യർ 14:26-33-ലെ പൗലോസിന്റെ വിവരണം സഹായിക്കും. ആദിമകാലത്തെ ക്രിസ്‌തീയ യോഗങ്ങളിൽ “കൂടിവന്നിരുന്ന ഏതാണ്ട്‌ എല്ലാവരുംതന്നെ തങ്ങളെക്കൊണ്ടാകുന്ന വിധത്തിൽ അതിൽ പങ്കെടുക്കുന്നതിനെ ഒരു പദവിയും കടമയുമായി വീക്ഷിച്ചിരുന്നു” എന്ന്‌ പൗലോസിന്റെ വാക്കുകളെക്കുറിച്ചു സംസാരിക്കവെ ഒരു ബൈബിൾ പണ്ഡിതൻ പറഞ്ഞു. യോഗങ്ങളുടെ ഒരു പ്രധാന സവിശേഷത ആയിരുന്നിരിക്കണം അത്‌ എന്നാണ്‌ അദ്ദേഹത്തിന്റെ അഭിപ്രായം. “വെറുതെ കേട്ടിരുന്നിട്ടു പോകാനായി ആരും അവിടെ വരുമായിരുന്നില്ല; സ്വീകരിക്കാൻ മാത്രമല്ല നൽകാനും കൂടിയാണ്‌ അവർ വന്നിരുന്നത്‌,” അദ്ദേഹം കൂട്ടിച്ചേർത്തു. അതെ, ആദിമ ക്രിസ്‌ത്യാനികൾ സഭായോഗങ്ങളെ തങ്ങളുടെ വിശ്വാസം പ്രകടിപ്പിക്കാനുള്ള വേദിയായിട്ടാണ്‌ കണ്ടിരുന്നത്‌.—റോമ. 10:10.

11. (എ) ‘സഭയുടെ ആത്മീയോത്‌കർഷത്തിന്‌’ എന്ത്‌ വഴിയൊരുക്കും, എങ്ങനെ? (ബി) യോഗങ്ങളിലെ നമ്മുടെ അഭിപ്രായങ്ങൾ മെച്ചപ്പെടുത്താൻ ഏത്‌ നിർദേശങ്ങൾ സഹായിക്കും? (അടിക്കുറിപ്പു കാണുക.)

11 യോഗങ്ങളിൽ അഭിപ്രായം പറഞ്ഞുകൊണ്ട്‌ നാം നമ്മുടെ വിശ്വാസം പ്രകടിപ്പിക്കുമ്പോൾ ‘സഭയുടെ ആത്മീയോത്‌കർഷത്തിന്‌’ അത്‌ വഴിയൊരുക്കും. വർഷങ്ങളായി യോഗങ്ങളിൽ സംബന്ധിക്കുന്നവരായിരിക്കാം നാം; എങ്കിലും നമ്മുടെ സഹോദരീസഹോദരന്മാരുടെ അഭിപ്രായങ്ങൾ കേൾക്കുന്നത്‌ നമുക്ക്‌ ഇന്നും സന്തോഷമുള്ള കാര്യമാണ്‌, ശരിയല്ലേ? പ്രായമേറിയ ഒരു വിശ്വസ്‌തസാക്ഷി തന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ ഹൃദയംഗമമായ ഒരു ഉത്തരം പറയുമ്പോൾ അത്‌ നമ്മുടെ ഉള്ളിൽത്തട്ടാറില്ലേ? സഭയുടെ ക്ഷേമത്തിലുള്ള താത്‌പര്യത്തോടെ, തന്റെ ശ്രദ്ധയിൽപ്പെട്ട ചില കാര്യങ്ങളുടെ അടിസ്ഥാനത്തിൽ ഒരു മൂപ്പൻ അഭിപ്രായം പറയുമ്പോൾ അത്‌ പരിപുഷ്ടിപ്പെടുത്തുന്നതായി തോന്നാറില്ലേ? ഒരു കൊച്ചുകുട്ടി സ്വന്തമായി ഉത്തരം പറയുമ്പോൾ, യഹോവയോടുള്ള സ്‌നേഹം തുളുമ്പുന്ന അവന്റെ വാക്കുകൾ കേൾക്കുമ്പോൾ നാം പുഞ്ചിരിതൂകാറില്ലേ? അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ട്‌ ക്രിസ്‌തീയ യോഗങ്ങളെ പരിപുഷ്ടിപ്പെടുത്തുന്നതിൽ നമുക്ക്‌ എല്ലാവർക്കും പങ്കുണ്ടെന്നല്ലേ ഇതു കാണിക്കുന്നത്‌? *

12. (എ) മോശയുടെയും യിരെമ്യാവിന്റെയും ദൃഷ്ടാന്തം എന്തു പഠിപ്പിക്കുന്നു? (ബി) അഭിപ്രായം പറയുന്നതിന്‌ പ്രാർഥന എങ്ങനെ സഹായിക്കും?

12 സ്വതവെ പേടിയോ നാണമോ ഉള്ളവർക്ക്‌ അഭിപ്രായം പറയുന്നത്‌ വലിയ ബുദ്ധിമുട്ടായിരിക്കാം. നിങ്ങൾക്കും അങ്ങനെ തോന്നുന്നുണ്ടെങ്കിൽ ഓർക്കുക, ഇക്കാര്യത്തിൽ നിങ്ങൾ തനിച്ചല്ല. മോശയെയും യിരെമ്യാവിനെയും പോലുള്ള വിശ്വസ്‌ത ദൈവദാസന്മാർക്കുപോലും മറ്റുള്ളവരുടെ മുമ്പിൽ സംസാരിക്കാൻ വേണ്ടത്ര ധൈര്യമുണ്ടായിരുന്നില്ല. (പുറ. 4:10; യിരെ. 1:6) പരസ്യമായി സംസാരിക്കാൻ പുരാതന നാളിലെ ആ ദൈവദാസന്മാരെ സഹായിച്ച യഹോവ, സ്‌തോത്രയാഗം അർപ്പിക്കാൻ നമ്മെയും സഹായിക്കും. (എബ്രായർ 13:15 വായിക്കുക.) യോഗങ്ങളിൽ അഭിപ്രായം പറയാനുള്ള ഭയത്തെ തരണംചെയ്യാൻ യഹോവ നിങ്ങളെ സഹായിക്കണമെങ്കിൽ നിങ്ങൾ എന്തു ചെയ്യണം? നന്നായി തയ്യാറാകുകയാണ്‌ ആദ്യം ചെയ്യേണ്ടത്‌. അഭിപ്രായം പറയാനുള്ള ധൈര്യം തരണമേയെന്ന്‌ രാജ്യഹാളിലേക്കു പോകുന്നതിനുമുമ്പ്‌ യഹോവയോടു പ്രാർഥിക്കുകയും ചെയ്യുക. (ഫിലി. 4:6) “തിരുഹിതപ്രകാരം” ആണ്‌ നിങ്ങൾ അപേക്ഷിക്കുന്നത്‌, അതുകൊണ്ട്‌ യഹോവ നിങ്ങളുടെ ആ യാചനയ്‌ക്ക്‌ ഉത്തരം തരുമെന്നതിനു സംശയം വേണ്ടാ.—1 യോഹ. 5:14; സദൃ. 15:29.

“പരിപുഷ്ടിപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ആശ്വസിപ്പിക്കുകയും” ചെയ്യുന്ന യോഗങ്ങൾ

13. (എ) നമ്മുടെ സഭായോഗങ്ങളുടെ ഒരു മുഖ്യ ഉദ്ദേശ്യം എന്താണ്‌? (ബി) ഏതു ചോദ്യത്തിന്‌ മൂപ്പന്മാർ പ്രത്യേക പരിഗണന കൊടുക്കണം?

13 കൂടിവരുന്നവരെ “പരിപുഷ്ടിപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ആശ്വസിപ്പിക്കുകയും” ചെയ്യുക എന്നതാണ്‌ സഭായോഗങ്ങളുടെ ഒരു മുഖ്യ ഉദ്ദേശ്യമെന്ന്‌ പൗലോസ്‌ പറയുകയുണ്ടായി. * (1 കൊരി. 14:3) തങ്ങൾ നടത്തുന്ന യോഗപരിപാടികൾ സഹോദരീസഹോദരന്മാരെ ആത്മീയമായി പരിപോഷിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നതാണെന്ന്‌ മൂപ്പന്മാർക്ക്‌ എങ്ങനെ ഉറപ്പുവരുത്താം? യേശു തന്റെ പുനരുത്ഥാനശേഷം അധികം താമസിയാതെ വിളിച്ചുകൂട്ടിയ ഒരു യോഗത്തിലേക്ക്‌ നമുക്കിപ്പോൾ ശ്രദ്ധതിരിക്കാം.

14. (എ) യേശു ഒരു യോഗം വിളിച്ചുകൂട്ടാനുണ്ടായ സാഹചര്യമെന്തായിരുന്നു? (ബി) ‘യേശു അടുക്കൽ ചെന്ന്‌’ സംസാരിച്ചപ്പോൾ അപ്പൊസ്‌തലന്മാർക്ക്‌ ആശ്വാസം തോന്നിയിരിക്കാനിടയുള്ളത്‌ എന്തുകൊണ്ട്‌?

14 ഈ യോഗം വിളിച്ചുകൂട്ടാനുണ്ടായ സാഹചര്യമെന്തായിരുന്നു? യേശുവിനെ വധിക്കുന്നതിനുമുമ്പുതന്നെ അപ്പൊസ്‌തലന്മാരെല്ലാം “അവനെ വിട്ട്‌ ഓടിപ്പോയി”രുന്നു. മുൻകൂട്ടിപ്പറഞ്ഞിരുന്നതുപോലെ അവർ “ചിതറിക്കപ്പെടുകയും . . . ഓരോരുത്തനും താന്താന്റെ ഭവനത്തിലേക്കു പോകുകയും” ചെയ്‌തു. (മർക്കോ. 14:50; യോഹ. 16:32) എന്നാൽ ഇപ്പോൾ പുനരുത്ഥാനശേഷം യേശു, കുറ്റബോധത്താൽ ദുഃഖിതരും നിരാശിതരുമായിരുന്ന തന്റെ ഈ അപ്പൊസ്‌തലന്മാരെ ഒരു പ്രത്യേക യോഗത്തിനായി ക്ഷണിക്കുന്നു. * “യേശു നിർദേശിച്ചിരുന്നതുപോലെ പതിനൊന്നുശിഷ്യന്മാർ ഗലീലയിലെ മലയിലേക്കു പോയി.” അവർ അവിടെ എത്തിയപ്പോൾ “യേശു അവരുടെ അടുക്കൽ ചെന്ന്‌ അവരോടു” സംസാരിച്ചു. (മത്താ. 28:10, 16, 18) യേശുതന്നെ അതിനു മുൻകൈയെടുത്തപ്പോൾ അവർക്ക്‌ എത്ര ആശ്വാസം തോന്നിയിട്ടുണ്ടാകും! യേശു എന്തായിരിക്കും അവരോടു പറഞ്ഞത്‌?

15. (എ) എന്തൊക്കെ കാര്യങ്ങളാണ്‌ യേശു ശിഷ്യന്മാരുമായി സംസാരിച്ചത്‌, എന്നാൽ അവൻ എന്ത്‌ ചെയ്‌തില്ല? (ബി) ആ യോഗം അപ്പൊസ്‌തലന്മാരെ എപ്രകാരം സ്വാധീനിച്ചു?

15 “സകല അധികാരവും എനിക്കു നൽകപ്പെട്ടിരിക്കുന്നു” എന്നു പറഞ്ഞുകൊണ്ടാണ്‌ യേശു ആ യോഗം ആരംഭിച്ചത്‌. “നിങ്ങൾ പോയി സകല ജനതകളിലുംപെട്ട ആളുകളെ ശിഷ്യരാക്കിക്കൊള്ളുവിൻ” എന്നൊരു നിയോഗം തുടർന്ന്‌ അവൻ അവർക്കു നൽകി. “ഞാനോ . . . എല്ലാനാളും നിങ്ങളോടുകൂടെയുണ്ട്‌” എന്ന്‌ സ്‌നേഹപൂർവം അവർക്ക്‌ അവൻ ഉറപ്പുകൊടുക്കുകയും ചെയ്‌തു. (മത്താ. 28:18-20) ആ യോഗസമയത്ത്‌ യേശു ചെയ്യാതിരുന്ന ഒരു കാര്യം നിങ്ങൾ ശ്രദ്ധിച്ചോ? അവൻ അപ്പൊസ്‌തലന്മാരെ ശകാരിച്ചില്ല. അവരുടെ വിശ്വാസത്തിൽവന്ന താത്‌കാലിക വീഴ്‌ചയെക്കുറിച്ചു പറഞ്ഞ്‌, കുറ്റബോധത്താൽ നീറുന്ന അവരുടെ മനസ്സിനെ അവൻ കൂടുതൽ വേദനിപ്പിച്ചില്ല; അവരുടെ ആന്തരത്തെ സംശയിച്ചതുമില്ല. ഗൗരവമുള്ള ഒരു ഉത്തരവാദിത്വം അവരെ ഏൽപ്പിച്ചുകൊണ്ട്‌, തനിക്കും തന്റെ പിതാവിനും ഇപ്പോഴും അവരോട്‌ സ്‌നേഹമുണ്ടെന്ന്‌ യേശു വ്യക്തമാക്കി. യേശു ഈ പറഞ്ഞതും ചെയ്‌തതുമെല്ലാം അപ്പൊസ്‌തലന്മാരെ എപ്രകാരം സ്വാധീനിച്ചു? അവരെ അത്‌ പരിപുഷ്ടിപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്‌തു. ആ യോഗം നടന്ന്‌ വൈകാതെ, മുമ്പു ചെയ്‌തിരുന്നതുപോലെ അവർ “സുവിശേഷം . . . പഠിപ്പിക്കുകയും ഘോഷിക്കുകയും” ചെയ്യാൻ തുടങ്ങി.—പ്രവൃ. 5:42.

16. ഉന്മേഷം പകരുംവിധം യോഗങ്ങൾ നടത്തുന്ന കാര്യത്തിൽ ക്രിസ്‌തീയ മൂപ്പന്മാർ ഇന്ന്‌ യേശുവിന്റെ മാതൃക അനുകരിക്കുന്നത്‌ എങ്ങനെ?

16 ക്രിസ്‌തീയ മൂപ്പന്മാർ യേശുവിനെ അനുകരിക്കുന്നവരാണ്‌. യഹോവയ്‌ക്ക്‌ തന്റെ ജനത്തോട്‌ നിലയ്‌ക്കാത്ത സ്‌നേഹമുണ്ടെന്ന്‌ സഹവിശ്വാസികൾക്ക്‌ ഉറപ്പുകൊടുക്കാനുള്ള അവസരമായിട്ടാണ്‌ അവർ യോഗങ്ങളെ വീക്ഷിക്കുന്നത്‌. (റോമ. 8:38, 39) അതുകൊണ്ട്‌ പരിപാടികൾ നടത്തുമ്പോൾ അവർ സഹോദരങ്ങളുടെ കുറവുകളിലല്ല, മറിച്ച്‌ നല്ല വശങ്ങളിലായിരിക്കും ശ്രദ്ധകേന്ദ്രീകരിക്കുക. സഹോദരങ്ങളുടെ ആന്തരത്തെ അവർ സംശയിക്കുന്നില്ല. യഹോവയെ സ്‌നേഹിക്കുകയും നല്ലതു ചെയ്യാൻ ആഗ്രഹിക്കുകയും ചെയ്യുന്ന വ്യക്തികളായിട്ടാണ്‌ തങ്ങൾ സഹോദരങ്ങളെ വീക്ഷിക്കുന്നതെന്നു തെളിയിക്കുന്നതായിരിക്കും അവരുടെ വാക്കുകൾ. (1 തെസ്സ. 4:1, 9-12) സഭയ്‌ക്കു മുഴുവനായി ചിലപ്പോൾ ചില തിരുത്തലുകൾ നൽകേണ്ടതുണ്ടായിരിക്കാം. എന്നാൽ ഏതാനും ചിലർക്കു മാത്രമാണ്‌ ബുദ്ധിയുപദേശം ആവശ്യമായിരിക്കുന്നതെങ്കിൽ അത്‌ അവർക്ക്‌ സ്വകാര്യമായി നൽകുന്നതായിരിക്കും സാധാരണഗതിയിൽ ഉചിതം. (ഗലാ. 6:1; 2 തിമൊ. 2:24-26) പ്രസംഗങ്ങളിലൂടെയും മറ്റും സാധ്യമാകുമ്പോഴെല്ലാം സഹോദരങ്ങളെ അഭിനന്ദിക്കാൻ മൂപ്പന്മാർ ശ്രദ്ധിക്കും. (യെശ. 32:2) ഹാജരായ എല്ലാവർക്കും യോഗത്തിൽ പങ്കെടുത്തുകഴിയുമ്പോൾ ഉന്മേഷവും ഉത്സാഹവും തോന്നണം; ആ വിധത്തിൽ പരിപാടികൾ നടത്തുകയാണ്‌ മൂപ്പന്മാരുടെ ലക്ഷ്യം.—മത്താ. 11:28; പ്രവൃ. 15:32.

ആശ്വാസത്തിന്റെ ഉറവ്‌

17. (എ) എന്നത്തേതിലും അധികമായി നമ്മുടെ കൂടിവരവുകൾ ആശ്വാസത്തിന്റെ ഉറവായിരിക്കേണ്ടത്‌ എന്തുകൊണ്ട്‌? (ബി) യോഗങ്ങൾ പരിപുഷ്ടിപ്പെടുത്തുന്നതാക്കാൻ നിങ്ങൾക്ക്‌ ഓരോരുത്തർക്കും എന്തു ചെയ്യാനാകും? (“യോഗങ്ങൾ പരിപുഷ്ടിപ്പെടുത്തുന്നതാക്കാൻ പത്തുവഴികൾ” എന്ന ചതുരം കാണുക.)

17 സാത്താന്റെ ലോകം മനുഷ്യനെ ഒന്നിനൊന്ന്‌ ഞെരുക്കിക്കൊണ്ടിരിക്കുകയാണ്‌. അതുകൊണ്ട്‌ നമ്മുടെ ക്രിസ്‌തീയ കൂടിവരവുകൾ എല്ലാവർക്കും ആശ്വാസം പകരുന്നതായിരിക്കണം; അതിനായി നാം ഓരോരുത്തരും ശ്രമം ചെയ്യേണ്ടതുണ്ട്‌. (1 തെസ്സ. 5:11) ഏതാനും വർഷങ്ങൾക്കുമുമ്പ്‌ ഒരു സഹോദരി പറഞ്ഞത്‌ ശ്രദ്ധിക്കുക; കഠിനമായ ഒരു പരിശോധനയിലൂടെ കടന്നുപോയവരാണ്‌ ഈ സഹോദരിയും ഭർത്താവും. സഹോദരി ഇങ്ങനെ പറഞ്ഞു: “രാജ്യഹാളിൽ ആയിരിക്കെ യഹോവയുടെ കൈക്കുമ്പിളിലാണെന്നു ഞങ്ങൾക്കു തോന്നി. സഹോദരങ്ങളോടൊപ്പം ചെലവഴിച്ച ആ സമയത്ത്‌ മനസ്സിന്‌ ശരിക്കും പ്രശാന്തത അനുഭവപ്പെട്ടിരുന്നു; യഹോവയുടെമേൽ ഭാരങ്ങൾ ഇറക്കിവെക്കാനാകുന്നതായും ഞങ്ങൾക്കു തോന്നി.” (സങ്കീ. 55:22) നമ്മുടെ സഭായോഗങ്ങളിൽ സംബന്ധിക്കുന്ന എല്ലാവർക്കും ഇതുപോലെ പ്രോത്സാഹനവും ആശ്വാസവും തോന്നാനിടയാകട്ടെ. അതുകൊണ്ട്‌ ക്രിസ്‌തീയ യോഗങ്ങൾ പരിപുഷ്ടിപ്പെടുത്തുന്നതാക്കാൻ നമുക്കു തുടർന്നും നമ്മുടെ പങ്കു നിർവഹിക്കാം.

[അടിക്കുറിപ്പ്‌]

^ ഖ. 1 ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌തീയ യോഗങ്ങളുടെ സവിശേഷതയായിരുന്ന ചില സംഗതികൾ നിന്നുപോകുമെന്ന്‌ മുൻകൂട്ടിപ്പറഞ്ഞിരുന്നു. ഉദാഹരണത്തിന്‌, നാം ഇന്ന്‌ “അന്യഭാഷകളിൽ സംസാരിക്കു”കയോ ‘പ്രവചിക്കുകയോ’ ചെയ്യുന്നില്ല. (1 കൊരി. 13:8; 14:5) എന്നിരുന്നാലും പൗലോസ്‌ അന്നു നൽകിയ ആ നിർദേശങ്ങൾ ഇന്ന്‌ ക്രിസ്‌തീയ യോഗങ്ങൾ നടത്തേണ്ട വിധം മെച്ചമായി മനസ്സിലാക്കാൻ നമ്മെ സഹായിക്കും.

^ ഖ. 11 യോഗങ്ങളിലെ നമ്മുടെ അഭിപ്രായങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കുന്ന നിർദേശങ്ങൾക്കായി 2003 സെപ്‌റ്റംബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ പേജ്‌ 19-22 കാണുക.

^ ഖ. 13 “ആശ്വസിപ്പിക്കുക,” “പ്രോത്സാഹിപ്പിക്കുക” എന്നിവ തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച്‌ വൈൻസ്‌ എക്‌സ്‌പോസിറ്ററി ഡിക്ഷണറി ഓഫ്‌ ഓൾഡ്‌ ആൻഡ്‌ ന്യൂ ടെസ്റ്റമെന്റ്‌ വേർഡ്‌സ്‌ വിശദീകരിക്കുന്നു: “(പ്രോത്സാഹിപ്പിക്കുന്നതിൽ) ഉൾപ്പെട്ടിരിക്കുന്നതിനെക്കാൾ കൂടുതൽ ആർദ്രത” ധ്വനിപ്പിക്കുന്ന ഒരു ഗ്രീക്ക്‌ പദമാണ്‌ “ആശ്വസിപ്പിക്കുക” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നത്‌.—യോഹന്നാൻ 11:19 താരതമ്യം ചെയ്യുക.

^ ഖ. 14 യേശു “അഞ്ഞൂറിലധികം സഹോദരന്മാർക്കു പ്രത്യക്ഷനായി” എന്ന്‌ പൗലോസ്‌ പിന്നീട്‌ പരാമർശിച്ചത്‌ ഈ സംഭവത്തെക്കുറിച്ചായിരിക്കാം.—1 കൊരി. 15:6.

ഉത്തരം പറയാമോ?

• ക്രിസ്‌തീയ യോഗങ്ങളുടെ പ്രാധാന്യം എന്ത്‌?

• യോഗങ്ങളിൽ അഭിപ്രായങ്ങൾ പറയുന്നത്‌ ‘സഭയുടെ ആത്മീയോത്‌കർഷത്തിന്‌’ ഇടയാക്കുന്നത്‌ എങ്ങനെ?

• യേശു വിളിച്ചുകൂട്ടിയ യോഗത്തിൽനിന്ന്‌ എന്തു പഠിക്കാനാകും?

[അധ്യയന ചോദ്യങ്ങൾ]

[22, 23 പേജുകളിലെ ചതുരം/ ചിത്രങ്ങൾ]

“യോഗങ്ങൾ പരിപുഷ്ടിപ്പെടുത്തുന്നതാക്കാൻ പത്തുവഴികൾ”

മുന്നമേ തയ്യാറാകുക. രാജ്യഹാളിൽ ചർച്ചചെയ്യാൻ പോകുന്ന വിവരങ്ങൾ നേരത്തേ പഠിക്കുന്നെങ്കിൽ നിങ്ങൾ പരിപാടികൾ കൂടുതൽ ആസ്വദിക്കും, അത്‌ നിങ്ങളിൽ കൂടുതൽ പ്രഭാവം ചെലുത്തും.

മുടങ്ങാതെ ഹാജരാകുക. എല്ലാവരും ഹാജരായിരിക്കുന്നത്‌ കാണുന്നതുതന്നെ ഒരു പ്രോത്സാഹനമാണ്‌, അതുകൊണ്ട്‌ നിങ്ങളുടെ സാന്നിധ്യവും വിലപ്പെട്ടതാണ്‌.

സമയത്ത്‌ എത്തിച്ചേരുക. പരിപാടി തുടങ്ങുന്നതിനുമുമ്പ്‌ എത്തിച്ചേരുന്നെങ്കിൽ പ്രാരംഭഗീതത്തിലും പ്രാർഥനയിലും നിങ്ങൾക്ക്‌ പങ്കെടുക്കാനാകും, ആരാധനയുടെ ഭാഗമാണല്ലോ അവ.

ബൈബിളും പ്രസിദ്ധീകരണങ്ങളും കൊണ്ടുവരുക. യോഗത്തിനു വരുമ്പോൾ ബൈബിളും പ്രസിദ്ധീകരണങ്ങളും കൊണ്ടുവരുന്നെങ്കിൽ അവ തുറന്നുനോക്കാനും അങ്ങനെ ചർച്ചചെയ്യുന്ന കാര്യങ്ങൾ കൂടുതൽ നന്നായി മനസ്സിലാക്കാനും സാധിക്കും.

ശ്രദ്ധപതറാതെ സൂക്ഷിക്കുക. ഉദാഹരണത്തിന്‌, മൊബൈൽ ഫോണിൽ വരുന്ന മെസേജുകൾ യോഗസമയത്ത്‌ നോക്കുന്നതിനുപകരം അതിനുശേഷം നോക്കുക. വ്യക്തിപരമായ കാര്യങ്ങൾ അതിന്റേതായ സ്ഥാനത്ത്‌ നിറുത്തുകയായിരിക്കും നിങ്ങൾ അപ്പോൾ.

പങ്കെടുക്കുക. കൂടുതൽ പേർ വിശ്വാസം തുളുമ്പുന്ന അഭിപ്രായങ്ങൾ പറയുമ്പോൾ അത്‌ കൂടുതൽ ആളുകൾക്ക്‌ പ്രോത്സാഹനം പകരും.

ഹ്രസ്വമായ അഭിപ്രായങ്ങൾ പറയുക. അഭിപ്രായങ്ങൾ പറയാൻ കൂടുതൽ പേർക്ക്‌ അപ്പോൾ അവസരം ലഭിക്കും.

നിയമനങ്ങൾ നിർവഹിക്കുക. ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂളിലോ സേവനയോഗത്തിലോ ലഭിക്കുന്ന നിയമനങ്ങൾ നന്നായി തയ്യാറാകുക, നേരത്തേ പരിശീലിക്കുക, അത്‌ മുടങ്ങാതിരിക്കാൻ നല്ല ശ്രമം ചെയ്യുക.

പങ്കെടുക്കുന്നവരെ അഭിനന്ദിക്കുക. പരിപാടികൾ നടത്തുകയോ അഭിപ്രായങ്ങൾ പറയുകയോ ചെയ്യുന്നവരെ അഭിനന്ദിക്കുക.

സഹവാസം ആസ്വദിക്കുക. സഹോദരങ്ങളെ അഭിവാദ്യം ചെയ്യുകയും യോഗങ്ങൾക്കു മുമ്പും പിമ്പും പരിപുഷ്ടിപ്പെടുത്തുന്ന വിധത്തിൽ അവരുമായി സംസാരിക്കുകയും ചെയ്യുന്നെങ്കിൽ യോഗങ്ങളിൽനിന്ന്‌ നിങ്ങൾ കൂടുതൽ പ്രയോജനം നേടും, അത്‌ ഏറെ സന്തോഷപ്രദവുമായിരിക്കും.