വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യുവജനങ്ങളേ, കൂട്ടുകാരുടെ ദുസ്സ്വാധീനത്തിനു വഴങ്ങരുത്‌

യുവജനങ്ങളേ, കൂട്ടുകാരുടെ ദുസ്സ്വാധീനത്തിനു വഴങ്ങരുത്‌

യുവജനങ്ങളേ, കൂട്ടുകാരുടെ ദുസ്സ്വാധീനത്തിനു വഴങ്ങരുത്‌

“നിങ്ങളുടെ സംസാരം ഉപ്പിനാൽ രുചിവരുത്തിയതുപോലെ ഹൃദ്യമായിരിക്കട്ടെ; അങ്ങനെ, ഓരോരുത്തരോടും യഥോചിതം സംസാരിക്കാൻ അറിയുന്നവരായിരിക്കുക.”—കൊലോ. 4:6.

1, 2. മറ്റുള്ളവരിൽനിന്നു വ്യത്യസ്‌തരായി നിൽക്കുമ്പോൾ പല കുട്ടികൾക്കും എന്തു തോന്നാറുണ്ട്‌, എന്തുകൊണ്ട്‌?

തെറ്റാണെന്ന്‌ അറിയാവുന്ന എന്തെങ്കിലും ചെയ്യാൻ സമപ്രായക്കാരിലാരെങ്കിലും നിങ്ങളെ നിർബന്ധിച്ചിട്ടുണ്ടോ? ‘അവരെപ്പോലെ ആകാതെ പറ്റില്ല’ എന്നു തോന്നിയ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടോ? ‘ഉണ്ട്‌’ എന്നായിരിക്കാം നിങ്ങളുടെ മറുപടി. ആകട്ടെ, നിങ്ങൾ അപ്പോൾ എന്താണ്‌ ചെയ്‌തത്‌? 14 വയസ്സുകാരനായ ക്രിസ്റ്റഫർ പറഞ്ഞത്‌ ഇങ്ങനെയാണ്‌: “ഓടിയൊളിക്കാനാണ്‌ ചിലപ്പോൾ തോന്നുക. മറ്റു കുട്ടികളെപ്പോലെ ആയിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു എന്നും തോന്നാറുണ്ട്‌.”

2 തരപ്പടിക്കാർ നിങ്ങളെ ഏറെ സ്വാധീനിക്കാറുണ്ടോ? എന്തുകൊണ്ടാണ്‌ അങ്ങനെ? അവരുടെ അംഗീകാരം നേടാൻ നിങ്ങൾ ആഗ്രഹിക്കുന്നതുകൊണ്ടാണോ? ആ ആഗ്രഹം അതിൽത്തന്നെ തെറ്റല്ല. സത്യം പറഞ്ഞാൽ മുതിർന്നവർക്കുപോലും ആ ആഗ്രഹമുണ്ട്‌. മറ്റുള്ളവരാൽ അവഗണിക്കപ്പെടാൻ ആരുംതന്നെ ഇഷ്ടപ്പെടുന്നില്ല, ഏതു പ്രായക്കാരായാലും. ശരിചെയ്യാൻ ശ്രമിക്കുമ്പോൾ എല്ലാവരുടെയും കയ്യടി നേടാനാകില്ല എന്നത്‌ വാസ്‌തവമാണ്‌. യേശുവിനുപോലും ആ അനുഭവമുണ്ടായി. ചിലർ അവനെ അനുഗമിക്കുകയും അവന്റെ ശിഷ്യരായിത്തീരുകയും ചെയ്‌തു, എന്നാൽ മറ്റനേകർ ദൈവപുത്രനായ ‘അവനെ ആദരിച്ചില്ല.’ എന്നിട്ടും യേശു എപ്പോഴും ശരിയുടെ പക്ഷത്തായിരുന്നു.—യെശ. 53:3.

വളരെ ശക്തമായ സ്വാധീനം

3. കൂട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങുന്നത്‌ ബുദ്ധിയല്ലാത്തത്‌ എന്തുകൊണ്ട്‌?

3 കൂട്ടുകാരുടെ വെറുപ്പ്‌ സമ്പാദിക്കേണ്ടല്ലോ എന്നു വിചാരിച്ച്‌ അവർ പറയുന്നതുപോലെ ചെയ്യാൻ ചിലപ്പോൾ നിങ്ങൾക്കു തോന്നിയേക്കാം. പക്ഷേ, അത്‌ ബുദ്ധിയല്ല. ക്രിസ്‌ത്യാനികൾ ‘തിരകളിൽപ്പെട്ടെന്നപോലെ ആടിയുലയുന്നവർ ആയിരിക്കരുത്‌.’ അങ്ങനെയുള്ളവരെ ‘ശിശുക്കൾ’ എന്നാണ്‌ ബൈബിൾ വിളിക്കുന്നത്‌. (എഫെ. 4:14) ശിശുക്കളെ വശത്താക്കാൻ എളുപ്പമാണ്‌. പക്ഷേ, നിങ്ങളുടെ കാര്യം അങ്ങനെയല്ല, നിങ്ങൾ മുതിർന്നുവരുകയാണ്‌. അതുകൊണ്ട്‌ യഹോവ വെച്ചിരിക്കുന്ന നിലവാരങ്ങൾ നിങ്ങളുടെ നന്മയ്‌ക്കാണെന്നു വിശ്വസിക്കുന്നെങ്കിൽ അതിനു ചേർച്ചയിൽ ജീവിക്കുക; അതിന്റെ പ്രയോജനം നിങ്ങൾക്കുണ്ടാകും. (ആവ. 10:12, 13) എന്നാൽ മറ്റുള്ളവരുടെ സമ്മർദത്തിനു വഴങ്ങുകയാണെങ്കിൽ അവരുടെ കയ്യിലെ കളിപ്പാവകൾപോലെയാകും നിങ്ങൾ, ജീവിതത്തിന്മേലുള്ള നിയന്ത്രണം നിങ്ങൾക്കു നഷ്ടമാകും.—2 പത്രോസ്‌ 2:19 വായിക്കുക.

4, 5. (എ) അഹരോൻ സമ്മർദത്തിനു വഴിപ്പെട്ടത്‌ എങ്ങനെ, ഇതിൽനിന്ന്‌ നിങ്ങൾക്ക്‌ എന്തു പഠിക്കാം? (ബി) നിങ്ങളെക്കൊണ്ടു തെറ്റുചെയ്യിക്കാൻ തരപ്പടിക്കാർ ഏതെല്ലാം മാർഗങ്ങൾ ഉപയോഗിച്ചേക്കാം?

4 മോശയുടെ സഹോദരനായ അഹരോനും ഒരിക്കൽ മറ്റുള്ളവരുടെ നിർബന്ധത്തിനു വഴിപ്പെട്ടു. ഒരു ‘ദൈവത്തെ ഉണ്ടാക്കിക്കൊടുക്കാനുള്ള’ ഇസ്രായേല്യരുടെ നിർബന്ധത്തിന്‌ അവൻ വഴങ്ങി. അഹരോൻ ഒരു ഭീരുവായിരുന്നില്ല എന്ന്‌ ഓർക്കണം. മോശയോടൊപ്പം ഇസ്രായേല്യർക്കുവേണ്ടി ഈജിപ്‌റ്റിലെ പരമാധികാരിയായ ഫറവോനോടു സംസാരിക്കാൻ ധൈര്യം കാണിച്ച ആളാണ്‌ അഹരോൻ. ഒരു മടിയുംകൂടാതെ ധൈര്യത്തോടെ ദൈവത്തിന്റെ സന്ദേശം അന്ന്‌ അവൻ ഫറവോനെ അറിയിച്ചു. പക്ഷേ, സഹ ഇസ്രായേല്യരുടെ മുമ്പിൽ അവൻ മുട്ടുമടക്കി. നാം അടുത്ത്‌ ഇടപഴകുന്നവരിൽനിന്നുള്ള സമ്മർദത്തിന്‌ വലിയ ശക്തിയുണ്ടെന്നല്ലേ ഇത്‌ കാണിക്കുന്നത്‌? ഒന്ന്‌ ആലോചിച്ചു നോക്കൂ, ഈജിപ്‌റ്റിലെ ഭരണാധികാരിയെ നേരിടുന്നതായിരുന്നു സഹ ഇസ്രായേല്യരെ നേരിടുന്നതിനെക്കാൾ അഹരോന്‌ എളുപ്പം!—പുറ. 7:1, 2; 32:1-4.

5 അഹരോന്റെ അനുഭവം എന്താണ്‌ പഠിപ്പിക്കുന്നത്‌? മോശംകാര്യങ്ങൾ ചെയ്യാൻ പ്രവണതയുള്ളവരെയോ ചെറുപ്പക്കാരെയോ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല തരപ്പടിക്കാരിൽനിന്നുള്ള സമ്മർദം. നിങ്ങളെപ്പോലെ, നല്ലതുചെയ്യാൻ ആത്മാർഥമായി ആഗ്രഹിക്കുന്നവർക്കും അതൊരു പ്രശ്‌നമായേക്കാം. നിങ്ങളെക്കൊണ്ടു തെറ്റായ എന്തെങ്കിലും ചെയ്യിക്കാൻ തരപ്പടിക്കാർ ചിലപ്പോൾ നിങ്ങളെക്കുറിച്ച്‌ ഇല്ലാത്തതു പറയുകയോ കളിയാക്കുകയോ ഒക്കെ ചെയ്‌തെന്നുവരും. അല്ലെങ്കിൽ അപകടം പിടിച്ച ഒരു കാര്യം പറഞ്ഞിട്ട്‌ ‘ചുണയുണ്ടെങ്കിൽ ചെയ്‌തു കാണിക്ക്‌’ എന്നു വെല്ലുവിളിച്ചേക്കാം. ഇതിൽ ഏതായാലും അത്‌ നേരിടുക അത്ര എളുപ്പമുള്ള കാര്യമല്ല. നിങ്ങളുടെ വിശ്വാസം ശരിയാണെന്ന ബോധ്യം വളർത്തിയെടുക്കുന്നതാണ്‌ ചങ്കൂറ്റത്തോടെ അതിനെ നേരിടാനുള്ള ആദ്യപടി.

“നിങ്ങളെത്തന്നെ ശോധനചെയ്‌തുകൊണ്ടിരിക്കുവിൻ”

6, 7. (എ) നിങ്ങൾ വിശ്വസിക്കുന്ന കാര്യങ്ങളെക്കുറിച്ച്‌ ഉറച്ച ബോധ്യം ഉണ്ടായിരിക്കേണ്ടത്‌ എന്തുകൊണ്ട്‌, അതിന്‌ നിങ്ങൾ എന്തു ചെയ്യണം? (ബി) നിങ്ങളുടെ വിശ്വാസം ഉറപ്പുള്ളതാക്കാൻ ഏത്‌ ചോദ്യങ്ങൾ സഹായിക്കും?

6 സമപ്രായക്കാരുടെ ദുസ്സ്വാധീനങ്ങളെ ചെറുക്കാൻ ആദ്യം എന്താണ്‌ ചെയ്യേണ്ടത്‌? നിങ്ങളുടെ വിശ്വാസങ്ങളും നിങ്ങൾ പിൻപറ്റുന്ന നിലവാരങ്ങളും ശരിയാണെന്ന്‌ സ്വയം ബോധ്യമുണ്ടായിരിക്കണം. (2 കൊരിന്ത്യർ 13:5 വായിക്കുക.) നിങ്ങൾ സ്വതവെ ലജ്ജാശീലമുള്ള ആളാണെങ്കിൽപ്പോലും ധൈര്യത്തോടെ നിൽക്കാൻ ആ ബോധ്യം നിങ്ങളെ സഹായിക്കും. (2 തിമൊ. 1:7, 8) പക്ഷേ, ശരിയാണെന്ന്‌ ഉറപ്പില്ലാത്ത ഒരു കാര്യത്തിനുവേണ്ടി ഉറച്ച നിലപാടെടുക്കാൻ ധൈര്യശാലിയായ ഒരാൾക്കുപോലും എളുപ്പമായിരിക്കില്ല. അതുകൊണ്ട്‌ ബൈബിളിൽനിന്നു പഠിച്ചിരിക്കുന്ന കാര്യങ്ങൾ സത്യമാണെന്ന്‌ സ്വയം ബോധ്യപ്പെടാൻ ഒരു ശ്രമം ചെയ്യുന്നത്‌ എന്തുകൊണ്ടും നല്ലതല്ലേ? അടിസ്ഥാന കാര്യങ്ങളിൽനിന്നുതന്നെ തുടങ്ങാം. ഉദാഹരണത്തിന്‌ നിങ്ങൾക്ക്‌ ദൈവത്തിൽ വിശ്വാസമുണ്ട്‌; മാത്രമല്ല ദൈവത്തിൽ വിശ്വസിക്കുന്നത്‌ എന്തുകൊണ്ടാണെന്ന്‌ മറ്റുള്ളവർ പറയുന്നതും നിങ്ങൾ കേട്ടിട്ടുണ്ടാകും. പക്ഷേ, സ്വയം ഇങ്ങനെ ചോദിക്കുക: ‘ദൈവമുണ്ടെന്ന്‌ എനിക്ക്‌ ഉറപ്പുള്ളത്‌ എന്തുകൊണ്ടാണ്‌?’ നിങ്ങളുടെ ഉള്ളിൽ സംശയം ഉണർത്താനല്ല, മറിച്ച്‌ ദൈവത്തിലുള്ള നിങ്ങളുടെ വിശ്വാസം ഉറപ്പുള്ളതാക്കാനാണ്‌ ഈ ചോദ്യം. പിൻവരുന്ന ചോദ്യങ്ങൾക്കും ഇതുപോലെ ഉത്തരം കണ്ടെത്തുക: ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തമാണെന്ന്‌ ഞാൻ വിശ്വസിക്കുന്നത്‌ എന്തുകൊണ്ടാണ്‌?’ (2 തിമൊ. 3:16) ‘“അന്ത്യകാല”ത്താണ്‌ ജീവിക്കുന്നതെന്ന്‌ ഞാൻ ഉറച്ചു വിശ്വസിക്കാൻ എന്താണ്‌ കാരണം?’ (2 തിമൊ. 3:1-5) ‘ദിവ്യനിലവാരങ്ങൾ എന്റെ പ്രയോജനത്തിനാണ്‌ നൽകിയിരിക്കുന്നതെന്ന്‌ എനിക്കു ബോധ്യമുള്ളത്‌ എന്തുകൊണ്ട്‌?’—യെശ. 48:17, 18.

7 ഈ ചോദ്യങ്ങൾക്ക്‌ ഉത്തരം കിട്ടില്ലെന്ന പേടികാരണം അവയെക്കുറിച്ച്‌ ചിന്തിക്കാൻ നിങ്ങൾക്ക്‌ മടിയാണോ? ബൈക്കിൽ പെട്രോൾ കാണില്ലെന്ന പേടികാരണം പെട്രോൾ ഉണ്ടോ എന്നു നോക്കാൻ മടിക്കുന്നതുപോലെ ആയിരിക്കില്ലേ അത്‌! ടാങ്കിൽ പെട്രോൾ ഇല്ലെന്ന്‌ അറിഞ്ഞാലല്ലേ അത്‌ നിറയ്‌ക്കാൻ പറ്റൂ. അതുപോലെ ഏതു കാര്യത്തിലാണ്‌ നിങ്ങളുടെ വിശ്വാസം കൂടുതൽ ഉറപ്പാക്കേണ്ടത്‌ എന്ന്‌ മനസ്സിലാക്കിയാലല്ലേ അത്‌ പരിഹരിക്കാൻ കഴിയൂ.—പ്രവൃ. 17:11.

8. പരസംഗത്തിൽനിന്ന്‌ ഓടിയകലാനുള്ള ദൈവകൽപ്പന അനുസരിക്കുന്നത്‌ തികച്ചും ജ്ഞാനവത്താണെന്ന്‌ സ്വയം ബോധ്യപ്പെടുത്താൻ എന്തു ചെയ്യണം?

8 ‘പരസംഗത്തിൽനിന്ന്‌ ഓടിയകലാൻ’ ബൈബിൾ ബുദ്ധിയുപദേശിക്കുന്നു. ഇവയെക്കുറിച്ച്‌ ചിന്തിച്ചുനോക്കൂ: ‘ഈ ബുദ്ധിയുപദേശം അനുസരിക്കുന്നത്‌ എനിക്കു പ്രയോജനം ചെയ്യുന്നത്‌ എങ്ങനെ? കൂട്ടുകാരെ ഇത്തരം കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നത്‌ എന്തൊക്കെയാണ്‌? പരസംഗംചെയ്യുന്നവൻ “സ്വന്തശരീരത്തിനു വിരോധമായി പാപം ചെയ്യുന്നു” എന്നു പറയുന്നതിന്റെ കാരണങ്ങൾ ഏവയാണ്‌?’ (1 കൊരി. 6:18) ഇവയ്‌ക്കുള്ള ഉത്തരങ്ങൾ കണ്ടെത്തിയശേഷം, ‘ഏതാണ്‌ നല്ലത്‌?’ എന്ന്‌ സ്വയം ചോദിക്കുക. ‘ലൈംഗിക അധാർമികതയിൽ ഏർപ്പെടുന്നതുകൊണ്ട്‌ വാസ്‌തവത്തിൽ എന്തു നേട്ടമാണുള്ളത്‌? അധാർമികതയിൽ ഏർപ്പെട്ടാൽ അതിനുശേഷം എന്റെ മാനസികാവസ്ഥ എന്തായിരിക്കും?’ എന്നും ചിന്തിച്ചുനോക്കൂ. ആദ്യമൊക്കെ ചില കൂട്ടുകാരുടെ അംഗീകാരം നിങ്ങൾക്കു നേടാനായേക്കാം. പക്ഷേ പിന്നീട്‌ ഒരു ശുദ്ധമനസ്സാക്ഷിയോടെ ദൈവത്തോടു പ്രാർഥിക്കാൻ നിങ്ങൾക്കാകുമോ? മാതാപിതാക്കളോടും മറ്റു സഹവിശ്വാസികളോടും ഒപ്പം രാജ്യഹാളിൽ ചെന്നിരിക്കുമ്പോൾ നിങ്ങൾക്ക്‌ എന്തു തോന്നും? സഹപാഠികളെ പ്രീതിപ്പെടുത്താൻവേണ്ടി മാത്രം ദൈവമുമ്പാകെ നിങ്ങൾക്കുള്ള സൽപ്പേര്‌ കളഞ്ഞുകുളിക്കുന്നതു ബുദ്ധിമോശമല്ലേ?

9, 10. കൂട്ടുകാരോടൊപ്പം ആയിരിക്കുമ്പോൾ കൂടുതൽ ആത്മവിശ്വാസം ഉള്ളവരായിരിക്കാൻ നിങ്ങളുടെ വിശ്വാസത്തെക്കുറിച്ചുള്ള ഉറച്ച ബോധ്യം സഹായിക്കുന്നത്‌ എങ്ങനെ?

9 കൗമാരപ്രായം “കാര്യബോധത്തോടെ” ചിന്തിച്ചു പ്രവർത്തിക്കാൻ പഠിച്ചുതുടങ്ങുന്ന പ്രായമാണ്‌. (റോമർ 12:1, 2 വായിക്കുക.) നിങ്ങൾ യഹോവയുടെ സാക്ഷി ആയിരിക്കുന്നത്‌ എന്തുകൊണ്ടെന്ന്‌ ഗൗരവമായി ചിന്തിക്കേണ്ട സമയമാണിത്‌. അത്തരത്തിൽ ചിന്തിക്കുന്നത്‌ നിങ്ങളുടെ വിശ്വാസം ശക്തമാക്കാൻ സഹായിക്കും. അങ്ങനെയാകുമ്പോൾ കൂട്ടുകാരിൽനിന്നും മറ്റും പ്രശ്‌നങ്ങൾ നേരിടുന്നപക്ഷം തത്‌ക്ഷണം ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാൻ നിങ്ങൾക്കു കഴിയും. കൗമാരം പിന്നിട്ട ഒരു യുവസഹോദരി അതേക്കുറിച്ച്‌ പറഞ്ഞത്‌ ഇങ്ങനെയാണ്‌: “മറ്റുള്ളവരുടെ ഇംഗിതത്തിനു വഴങ്ങാതിരിക്കുമ്പോൾ ഞാൻ എന്റെ നിലപാട്‌ വ്യക്തമാക്കുകയാണ്‌. എന്റെ വിശ്വാസം എനിക്ക്‌ കുട്ടിക്കളിയല്ല. എന്റെ ചിന്തകളും ലക്ഷ്യങ്ങളും മൂല്യങ്ങളുമെല്ലാം, എന്തിന്‌ ജീവിതംതന്നെ അതിനെ ചുറ്റിപ്പറ്റിയാണ്‌.”

10 ശരിയെന്ന്‌ അറിയാവുന്ന കാര്യങ്ങളോടു പറ്റിനിൽക്കാൻ ശ്രമം ആവശ്യമാണ്‌. (ലൂക്കോ. 13:24) എന്നാൽ ശ്രമത്തിനുതക്ക മൂല്യം അതിനുണ്ടോ എന്ന്‌ ഒരുപക്ഷേ നിങ്ങൾ ചിന്തിച്ചേക്കാം. ഒരു കാര്യം മനസ്സിൽപ്പിടിക്കുക: നിങ്ങളുടെ നിലപാടിനെക്കുറിച്ച്‌ ആത്മവിശ്വാസത്തോടെ പറയാൻ കഴിയുന്നില്ലെങ്കിൽ, അല്ലെങ്കിൽ, നിങ്ങൾ പരുങ്ങുകയാണെങ്കിൽ മറ്റുള്ളവർ അതു മനസ്സിലാക്കും; അവർ നിങ്ങളുടെമേൽ കൂടുതൽ സമ്മർദംചെലുത്താനും ഇടയുണ്ട്‌. പക്ഷേ ബോധ്യത്തോടെ ഒന്നു സംസാരിച്ചുനോക്കൂ, അവർ പെട്ടെന്നുതന്നെ പത്തിമടക്കിക്കൊള്ളും.—ലൂക്കോസ്‌ 4:12, 13 താരതമ്യം ചെയ്യുക.

‘ആലോചിച്ച്‌ ഉത്തരം പറയുക’

11. സമപ്രായക്കാരിൽനിന്നുള്ള സമ്മർദത്തെ നേരിടാൻ ഒരുങ്ങിയിരിക്കുന്നതിന്റെ പ്രയോജനമെന്ത്‌?

11 ഒരുങ്ങിയിരിക്കുക എന്നതാണ്‌ അടുത്തപടി. (സദൃശവാക്യങ്ങൾ 15:28 വായിക്കുക.) അതായത്‌, സാഹചര്യങ്ങളെ മുൻകൂട്ടിക്കണ്ട്‌ തയ്യാറായിരിക്കുക. അൽപ്പം ദീർഘവീക്ഷണമുണ്ടെങ്കിൽ പല പ്രശ്‌നങ്ങളും ഒഴിവാക്കാവുന്നതേയുള്ളൂ. ഉദാഹരണത്തിന്‌, സ്‌കൂളിൽ കുറച്ചു കുട്ടികൾ കൂടിനിന്നു പുകവലിക്കുന്നത്‌ നിങ്ങൾ കാണുകയാണെന്നു വിചാരിക്കുക. അതുവഴി പോയാൽ അവർ നിങ്ങൾക്കും ഒരു സിഗരറ്റ്‌ വെച്ചുനീട്ടാൻ സാധ്യതയുണ്ടോ? പ്രശ്‌നം മുന്നിൽക്കണ്ട്‌ എന്തു ചെയ്യാനാകും? “വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്‌പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു” എന്ന്‌ സദൃശവാക്യങ്ങൾ 22:3 പറയുന്നു. വഴിമാറിപ്പോയാൽ പ്രശ്‌നം പാടേ ഒഴിവാക്കാനാകില്ലേ? ഇതൊരു ഒളിച്ചോട്ടമല്ല, വിവേകത്തിന്റെ ലക്ഷണമാണ്‌.

12. ആരെങ്കിലും നിങ്ങളെ കളിയാക്കുമ്പോൾ എങ്ങനെ പ്രതികരിക്കണം?

12 അങ്ങനെ ഒഴിഞ്ഞുമാറാൻ പറ്റാത്ത സാഹചര്യമാണെങ്കിലോ? ആരെങ്കിലും നിങ്ങളെ കളിയാക്കിക്കൊണ്ട്‌, ‘നിനക്ക്‌ ഇതുവരെയായിട്ടും ഒരു ഗേൾഫ്രണ്ട്‌/ബോയ്‌ഫ്രണ്ട്‌ ഇല്ലേ’ എന്ന്‌ ചോദിക്കുകയാണെന്നിരിക്കട്ടെ. നിങ്ങൾ എന്തു പറയും? കൊലോസ്യർ 4:6-ലെ ബുദ്ധിയുപദേശം അനുസരിക്കുക. “നിങ്ങളുടെ സംസാരം ഉപ്പിനാൽ രുചിവരുത്തിയതുപോലെ ഹൃദ്യമായിരിക്കട്ടെ; അങ്ങനെ, ഓരോരുത്തരോടും യഥോചിതം സംസാരിക്കാൻ അറിയുന്നവരായിരിക്കുക.” ഈ തിരുവെഴുത്ത്‌ പറയുന്നപ്രകാരം സാഹചര്യമനുസരിച്ചാണ്‌ അത്തരമൊരു ചോദ്യത്തിന്‌ എങ്ങനെ മറുപടി പറയണമെന്ന്‌ തീരുമാനിക്കേണ്ടത്‌. വിശദമായ ഒരു ബൈബിൾ പ്രഭാഷണം നടത്തേണ്ട ആവശ്യം ഉണ്ടാവില്ല. ലളിതമായ എന്നാൽ വ്യക്തമായ ഏതാനും വാക്കുകൾ പറഞ്ഞാൽ മതിയാകും. ഉദാഹരണത്തിന്‌, ഇതുവരെ ഒരു ഗേൾഫ്രണ്ടോ ബോയ്‌ഫ്രണ്ടോ ഇല്ലേ എന്ന ചോദ്യത്തിന്‌ “ഇല്ല” എന്നോ “അത്‌ എന്റെ സ്വന്തം കാര്യമാണ്‌” എന്നോ പറയാം.

13. കൂട്ടുകാരുടെ ചോദ്യത്തിനു മറുപടി കൊടുക്കണമോ എന്നു തീരുമാനിക്കാൻ വിവേചന സഹായിക്കുന്നത്‌ എങ്ങനെ?

13 കൂടുതൽ പറഞ്ഞതുകൊണ്ട്‌ വലിയ കാര്യമൊന്നുമില്ല എന്നു തോന്നിയ സന്ദർഭങ്ങളിൽ യേശുപോലും ചുരുങ്ങിയ വാക്കുകളിൽ കാര്യം ഒതുക്കി. ഹെരോദാവ്‌ ചോദ്യങ്ങൾ ചോദിച്ചപ്പോൾ യേശു വാസ്‌തവത്തിൽ ഒന്നുംതന്നെ പറഞ്ഞില്ല. (ലൂക്കോ. 23:8, 9) ചൊടിപ്പിക്കുന്ന ചോദ്യങ്ങൾക്ക്‌ മിക്കപ്പോഴും മറുപടി പറയാതിരിക്കുന്നതാണ്‌ നല്ലത്‌. (സദൃ. 26:4; സഭാ. 3:1, 7) എന്നാൽ ചിലർക്ക്‌ നിങ്ങളുടെ വിശ്വാസത്തെക്കുറിച്ച്‌ അറിയാൻ താത്‌പര്യമുണ്ടായിരിക്കും. ഒരുപക്ഷേ, ആദ്യമൊക്കെ നിങ്ങളുടെ സദാചാരനിഷ്‌ഠനിമിത്തം നിങ്ങളെ ദുഷിച്ചവരായിരിക്കാം അവർ; പക്ഷേ ഇപ്പോൾ നിങ്ങളുടെ ഈ നിലപാടിനെക്കുറിച്ച്‌ അറിയാൻ അവർക്ക്‌ ആഗ്രഹമുണ്ടാകാം. (1 പത്രോ. 4:4) സാഹചര്യം അതാണെങ്കിൽ ബൈബിളധിഷ്‌ഠിതമായ നിങ്ങളുടെ വിശ്വാസത്തെക്കുറിച്ചു വിശദീകരിക്കുന്നത്‌ ഉചിതമായിരിക്കും. അതിന്‌ ഭയം ഒരു വിലങ്ങുതടിയാകരുത്‌. ‘പ്രതിവാദം പറയാൻ സദാ ഒരുങ്ങിയിരിക്കുക.’—1 പത്രോ. 3:15.

14. ചില സാഹചര്യങ്ങളിൽ കൂട്ടുകാർ ഇങ്ങോട്ടു പ്രയോഗിക്കുന്ന തന്ത്രം നയപൂർവം അങ്ങോട്ട്‌ എങ്ങനെ പ്രയോഗിക്കാം?

14 ചില സാഹചര്യങ്ങളിൽ, അവർ ഇങ്ങോട്ടു പ്രയോഗിക്കുന്ന തന്ത്രം അങ്ങോട്ടു പ്രയോഗിക്കാനാകും. പക്ഷേ, നയപൂർവം ആകണമെന്നുമാത്രം. ഉദാഹരണത്തിന്‌, ഒരു സഹപാഠി സിഗരറ്റ്‌ വെച്ചുനീട്ടി, “ചുണയുണ്ടെങ്കിൽ നീ ഇതു വലിച്ചു കാണിക്ക്‌” എന്നു പറയുന്നെങ്കിൽ “എനിക്ക്‌ വേണ്ട” എന്നു പറഞ്ഞിട്ട്‌ “എന്നാലും നിനക്ക്‌ ഈ ദുശ്ശീലം ഉണ്ടെന്ന്‌ ഞാൻ അറിഞ്ഞില്ല!” എന്നുംകൂടി പറയുക. കാര്യം നേരെ തിരിഞ്ഞതു കണ്ടില്ലേ! എന്തുകൊണ്ടാണ്‌ പുകവലിക്കാത്തത്‌ എന്ന്‌ നിങ്ങൾക്ക്‌ ഇനി വിശദീകരിക്കേണ്ട; പകരം, സ്വന്തം ദുശ്ശീലത്തെക്കുറിച്ച്‌ കൂട്ടുകാരൻ ചിന്തിച്ചുകൊള്ളും. *

15. കൂട്ടുകാരുടെ അടുത്തുനിന്നു മാറിപ്പോകുന്നത്‌ ഉചിതമായിരിക്കുന്നത്‌ എപ്പോൾ, എന്തുകൊണ്ട്‌?

15 എത്ര ശ്രമിച്ചിട്ടും കൂട്ടുകാർക്ക്‌ നിങ്ങളെ വെറുതെവിടാൻ ഭാവമില്ലെങ്കിലോ? അവിടം വിട്ടുപോകുക; ഈ സാഹചര്യത്തിൽ അതാണ്‌ ഏറ്റവും നല്ലത്‌. കൂടുതൽ നേരം അവിടെ നിന്നാൽ ഏതെങ്കിലും വിധത്തിൽ നിങ്ങൾ അവർക്കു വഴങ്ങാൻ ഇടവന്നേക്കാം. അതു സംഭവിക്കാതിരിക്കാൻ രംഗം വിടുക. നിങ്ങൾ തോറ്റോടുകയാണെന്നു വിചാരിക്കേണ്ട; കാരണം, കടിഞ്ഞാൺ ഇപ്പോഴും നിങ്ങളുടെ കൈയിലാണ്‌. നിങ്ങൾ കൂട്ടുകാരുടെ കൈയിലെ കളിപ്പാവയായില്ല, യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കാനും നിങ്ങൾക്കു കഴിഞ്ഞു.—സദൃ. 27:11.

“ശ്രദ്ധയോടെയുള്ള പദ്ധതികൾ നേട്ടമുണ്ടാക്കും”

16. ക്രിസ്‌ത്യാനികളെന്ന്‌ അവകാശപ്പെടുന്നവരിൽനിന്ന്‌ പ്രശ്‌നങ്ങൾ ഉണ്ടായേക്കാവുന്നത്‌ എങ്ങനെ?

16 യഹോവയുടെ ദാസന്മാരെന്ന്‌ അവകാശപ്പെടുന്ന ചെറുപ്പക്കാർതന്നെയായിരിക്കാം ചിലപ്പോൾ സഭ്യമല്ലാത്ത കാര്യങ്ങൾക്കു നിങ്ങളെ പ്രേരിപ്പിക്കുന്നത്‌. ഉദാഹരണത്തിന്‌, നിങ്ങൾ ഒരു പാർട്ടിക്കോ മറ്റോ എത്തുമ്പോഴായിരിക്കും അവിടെ മേൽനോട്ടംവഹിക്കാൻ മുതിർന്നവരാരും ഇല്ലെന്നു മനസ്സിലാകുന്നത്‌. നിങ്ങൾ എന്തു ചെയ്യും? ഇനി, പേരിനുമാത്രം ക്രിസ്‌ത്യാനിയായ ഒരു ചെറുപ്പക്കാരൻ ഒരു പാർട്ടിക്ക്‌ മദ്യവുമായി എത്തുന്നു, നിങ്ങൾക്കും കൂടെയുള്ളവർക്കും മദ്യം കഴിക്കാനുള്ള നിയമപരമായ പ്രായം ആയിട്ടില്ല. നിങ്ങൾ എന്തു ചെയ്യും? ബൈബിൾ പരിശീലിത മനസ്സാക്ഷിയെ അനുസരിക്കേണ്ട പല സന്ദർഭങ്ങളും ഇതുപോലെ ഉണ്ടായെന്നുവരും. 16 വയസ്സുള്ള ഒരു സഹോദരി പറയുന്നു: “ഞങ്ങൾ കുറച്ചുപേർ ഒരു സിനിമ കാണാൻപോയി. അസഭ്യം നിറഞ്ഞതായിരുന്നു അതിലെ മിക്ക സംഭാഷണങ്ങളും. ഞാനും എന്റെ അനിയത്തിയും ഇടയ്‌ക്കുവെച്ച്‌ എഴുന്നേറ്റുപോന്നു. കൂടെയുണ്ടായിരുന്ന മറ്റുള്ളവർക്ക്‌ അത്‌ ഇഷ്ടമായില്ല, അവർ പോന്നില്ല. കാര്യം അറിഞ്ഞപ്പോൾ ഡാഡിക്കും മമ്മിക്കും സന്തോഷമായി. പക്ഷേ, ‘ഞങ്ങളെ മോശക്കാരാക്കി’ എന്നു പറഞ്ഞ്‌ കൂടെയുണ്ടായിരുന്നവർ ദേഷ്യപ്പെട്ടു.”

17. പാർട്ടിക്കോ മറ്റോ പോകുമ്പോൾ ദൈവികനിലവാരങ്ങളോടു പറ്റിനിൽക്കാൻ പ്രായോഗികമായി നിങ്ങൾക്ക്‌ എന്തൊക്കെ ചെയ്യാനാകും?

17 ഇപ്പോൾ കണ്ട സാഹചര്യത്തിലെന്നപോലെ ബൈബിൾ പരിശീലിത മനസ്സാക്ഷി അനുസരിച്ചു പ്രവർത്തിക്കുമ്പോൾ മറ്റുള്ളവരുടെ അപ്രീതി സമ്പാദിക്കേണ്ടിവന്നേക്കാം. പക്ഷേ ശരിയെന്നു തോന്നുന്നതിനോടു പറ്റിനിൽക്കുക. ഇത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ എപ്പോഴും ഒരുങ്ങിയിരിക്കുക. ഒരു പാർട്ടിക്കും മറ്റും ചെല്ലുമ്പോൾ പ്രതീക്ഷിച്ചതുപോലെയല്ല കാര്യങ്ങൾ നടക്കുന്നതെങ്കിൽ അവിടെനിന്ന്‌ എങ്ങനെ പോരും എന്ന്‌ നേരത്തേ തീരുമാനിക്കുന്നതു നല്ലതാണ്‌. ഒന്നു ഫോൺ വിളിച്ചാൽ കൂട്ടിക്കൊണ്ടുപോരാൻ വരണമെന്ന്‌ ചിലർ മാതാപിതാക്കളോട്‌ പറഞ്ഞുവെക്കാറുണ്ട്‌. (സങ്കീ. 26:4, 5) “ശ്രദ്ധയോടെയുള്ള” അത്തരം “പദ്ധതികൾ നേട്ടമുണ്ടാക്കും.”—സദൃ. 21:5, പരിശുദ്ധ ബൈബിൾ—ഈസി റ്റു റീഡ്‌ വേർഷൻ.

“നിന്റെ യൗവനത്തിൽ സന്തോഷിക്ക”

18, 19. (എ) നിങ്ങൾ സന്തോഷത്തോടെയിരിക്കാൻ യഹോവ ആഗ്രഹിക്കുന്നു എന്നു പറയുന്നത്‌ എന്തുകൊണ്ട്‌? (ബി) കൂട്ടുകാരിൽനിന്നുള്ള സമ്മർദം ചെറുത്തുനിൽക്കുന്നവർക്കുവേണ്ടി യഹോവ എന്തെല്ലാം ചെയ്യും?

18 ജീവിതം ആസ്വദിക്കാൻവേണ്ടിയാണ്‌ യഹോവ നിങ്ങളെ സൃഷ്ടിച്ചത്‌; അവൻ ആഗ്രഹിക്കുന്നത്‌ നിങ്ങൾ സന്തോഷിക്കുന്നതു കാണാനാണ്‌. (സഭാപ്രസംഗി 11:9 വായിക്കുക.) നിങ്ങളുടെ കൂട്ടുകാരിൽ പലരും ആസ്വദിക്കുന്നത്‌ ‘പാപത്തിന്റെ ക്ഷണികസുഖം’ മാത്രമാണെന്നു മറക്കരുത്‌. (എബ്രാ. 11:25) എന്നാൽ എക്കാലവും നിങ്ങൾ സന്തോഷത്തോടെയിരിക്കണം എന്നാണ്‌ ദൈവത്തിന്റെ ആഗ്രഹം. അതുകൊണ്ട്‌ ദൈവദൃഷ്ടിയിൽ തെറ്റാണെന്ന്‌ അറിയാവുന്ന ഒരു കാര്യം ചെയ്യാൻ നിങ്ങൾക്കു പ്രലോഭനമുണ്ടാകുമ്പോൾ ഇതോർക്കുക: നിങ്ങളുടെ ഭാവിക്കു നല്ലത്‌ യഹോവ ആഗ്രഹിക്കുന്ന വിധത്തിൽ പ്രവർത്തിക്കുന്നതാണ്‌.

19 നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം: ഇപ്പോൾ നിങ്ങൾ കൂട്ടുകാരുടെ അംഗീകാരം നേടിയാലും ഏതാനും വർഷങ്ങൾ കഴിഞ്ഞ്‌ അവരിൽ മിക്കവരും നിങ്ങളുടെ പേരുപോലും ഓർക്കാനിടയില്ല. എന്നാൽ ഇതിനു വിപരീതമായി, കൂട്ടുകാരിൽനിന്നുള്ള സമ്മർദം നിങ്ങൾ ചെറുത്തുനിൽക്കുന്നെങ്കിൽ യഹോവ അതു ശ്രദ്ധിക്കും; നിങ്ങളെയും നിങ്ങൾ കാണിക്കുന്ന വിശ്വസ്‌തതയും അവൻ ഒരുകാലത്തും മറക്കില്ല. അവൻ ‘ആകാശത്തിന്റെ കിളിവാതിലുകളെ തുറന്ന്‌, സ്ഥലം പോരാതെവരുവോളം നിങ്ങളുടെമേൽ അനുഗ്രഹം പകരും.’ (മലാ. 3:10) മാത്രമല്ല, ഇപ്പോൾ നിങ്ങൾക്കുള്ള ഏതു കുറവും പരിശുദ്ധാത്മാവിനെ ധാരാളമായി നൽകി അവൻ നികത്തും. അതെ, കൂട്ടുകാരുടെ ദുസ്സ്വാധീനങ്ങളെ ചെറുക്കാൻ യഹോവയ്‌ക്കു നിങ്ങളെ സഹായിക്കാനാകും!

[അടിക്കുറിപ്പ്‌]

^ ഖ. 14 യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും—വാല്യം 2 (ഇംഗ്ലീഷ്‌) പേജ്‌ 132, 133-ലെ “പിയർ പ്രഷർ പ്ലാനർ” കാണുക.

ഓർമിക്കുന്നുവോ?

• കൂട്ടുകാരിൽനിന്നുള്ള സമ്മർദത്തിന്‌ എത്രത്തോളം ശക്തിയുണ്ട്‌?

• കൂട്ടുകാരുടെ ദുസ്സ്വാധീനങ്ങൾ ചെറുക്കാൻ നിങ്ങളുടെ വിശ്വാസങ്ങളെക്കുറിച്ചുള്ള ബോധ്യം സഹായിക്കുന്നത്‌ എങ്ങനെ?

• സമ്മർദത്തിനു വഴിപ്പെടാതിരിക്കാൻ എങ്ങനെ തയ്യാറെടുക്കാം?

• നിങ്ങളുടെ വിശ്വസ്‌തത യഹോവ വിലയേറിയതായി കാണുന്നു എന്ന്‌ നിങ്ങൾക്ക്‌ എന്ത്‌ ഉറപ്പുണ്ട്‌?

[അധ്യയന ചോദ്യങ്ങൾ]

[8-ാം പേജിലെ ചിത്രം]

സ്വർണക്കാളക്കുട്ടിയെ ഉണ്ടാക്കാൻ അഹരോൻ സമ്മതിച്ചത്‌ എന്തുകൊണ്ട്‌?

[10-ാം പേജിലെ ചിത്രം]

തയ്യാറായിരിക്കുക—എന്തു പറയണമെന്ന്‌ ആലോചിച്ചുവെക്കുക