വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവ നമ്മുടെ പരമാധികാരിയായ കർത്താവ്‌!

യഹോവ നമ്മുടെ പരമാധികാരിയായ കർത്താവ്‌!

യഹോവ നമ്മുടെ പരമാധികാരിയായ കർത്താവ്‌!

“അത്യുന്നതനായ യഹോവ . . . സർവ്വഭൂമിക്കും മഹാരാജാവാകുന്നു.”—സങ്കീ. 47:2.

1. “ഈ ലോകത്തിന്റെ രംഗം മാറിക്കൊണ്ടിരിക്കുന്നു” എന്നു പറഞ്ഞപ്പോൾ എന്തായിരിക്കണം പൗലോസിന്റെ മനസ്സിലുണ്ടായിരുന്നത്‌?

“ഈ ലോകത്തിന്റെ രംഗം മാറിക്കൊണ്ടിരിക്കുന്നു” എന്ന്‌ പൗലോസ്‌ അപ്പൊസ്‌തലൻ പറഞ്ഞു. (1 കൊരി. 7:31) സാധ്യതയനുസരിച്ച്‌, ലോകത്തെ ഒരു നാടകവേദിയോട്‌ ഉപമിക്കുകയായിരുന്നു അവൻ. പല രംഗങ്ങളുള്ള ഒരു നാടകം ആ വേദിയിൽ അരങ്ങേറുന്നു; നടീനടന്മാർ നല്ലതോ ചീത്തയോ ആയ കഥാപാത്രങ്ങളെ അവതരിപ്പിച്ച്‌ അരങ്ങൊഴിയുന്നു.

2, 3. (എ) യഹോവയുടെ പരമാധികാരത്തിനുനേരെയുള്ള വെല്ലുവിളിയെ എന്തിനോട്‌ ഉപമിക്കാനാകും? (ബി) ഏതെല്ലാം ചോദ്യങ്ങൾ നാം ചർച്ചചെയ്യും?

2 ഇന്ന്‌ അരങ്ങേറുന്ന ആ നാടകത്തിൽ നിങ്ങളും ഉണ്ട്‌! യഹോവയുടെ പരമാധികാരത്തിന്റെ സംസ്ഥാപനവുമായി വിശേഷാൽ ബന്ധമുള്ള ഒരു സുപ്രധാന നാടകമാണത്‌. അതിന്റെ കഥ മനസ്സിലാക്കാൻ ചില രാജ്യങ്ങളിൽ നിലനിൽക്കുന്ന ഒരു സാഹചര്യം നമുക്കു നോക്കാം. ക്രമസമാധാനം ഉറപ്പാക്കുന്ന ഔദ്യോഗിക ഗവണ്മെന്റ്‌ ഭരിക്കുമ്പോൾത്തന്നെ തട്ടിപ്പുംവെട്ടിപ്പും കൊല്ലുംകൊലയും കൊണ്ട്‌ ജനങ്ങളെ അടക്കിവാഴാൻ ശ്രമിക്കുന്ന ഒരു ഭീകരസംഘം രാജ്യത്തെ പരമാധികാര ഭരണത്തെ വെല്ലുവിളിക്കുകയാണ്‌. ഈ സംഘം ഗവണ്മെന്റിനോടുള്ള പൗരന്മാരുടെ അഖണ്ഡതയുടെ മാറ്റുരയ്‌ക്കുകയും ചെയ്യുന്നു.

3 അഖിലാണ്ഡതലത്തിലും ഇത്തരം ഒരു സാഹചര്യമാണ്‌ ഇന്നു നിലനിൽക്കുന്നത്‌. “പരമാധികാരിയായ” യഹോവയുടെ ഔദ്യോഗിക ഗവണ്മെന്റ്‌ നിലനിൽക്കുമ്പോൾത്തന്നെ ഒരു “ദുഷ്ടന്റെ” കീഴിലുള്ള ഭീകരസംഘം മനുഷ്യവർഗത്തിനു ഭീഷണിയായി നിലകൊള്ളുന്നു. (പ്രവൃ. 4:24; 1 യോഹ. 5:19) ദിവ്യഗവണ്മെന്റിനെ വെല്ലുവിളിക്കുന്ന ഈ സംഘം ദൈവത്തിന്റെ പരമാധികാര ഭരണത്തോടുള്ള സകല മനുഷ്യരുടെയും അഖണ്ഡതയുടെ മാറ്റുരയ്‌ക്കുകയും ചെയ്യുന്നു. എങ്ങനെയാണ്‌ ഇത്തരം ഒരു സാഹചര്യം ഉടലെടുത്തത്‌? എന്തുകൊണ്ടാണ്‌ ദൈവം ഇത്‌ അനുവദിച്ചിരിക്കുന്നത്‌? നമുക്ക്‌ ഓരോരുത്തർക്കും ഇക്കാര്യത്തിൽ എന്തു ചെയ്യാനാകും?

ഇതിവൃത്തം

4. പരസ്‌പര ബന്ധമുള്ള ഏതു വിഷയങ്ങളെ ആസ്‌പദമാക്കിയുള്ളതാണ്‌ പ്രപഞ്ചമാകുന്ന വേദിയിൽ അരങ്ങേറുന്ന നാടകം?

4 പ്രപഞ്ചമാകുന്ന വേദിയിൽ അരങ്ങേറുന്ന ഈ നാടകത്തിന്റെ കഥാതന്തു പരസ്‌പര ബന്ധമുള്ള രണ്ടുവിഷയങ്ങളെ ചുറ്റിപ്പറ്റിയാണ്‌ നീങ്ങുന്നത്‌: യഹോവയുടെ പരമാധികാരവും അതിനോടുള്ള മനുഷ്യന്റെ വിശ്വസ്‌തതയും. തിരുവെഴുത്തുകൾ യഹോവയെ “പരമാധികാരിയായ കർത്താവ്‌,” ‘അത്യുന്നതൻ,’ ‘മഹാരാജാവ്‌’ എന്നൊക്കെ കൂടെക്കൂടെ വിശേഷിപ്പിച്ചിരിക്കുന്നു. “അത്യുന്നതനായ യഹോവ . . . സർവ്വഭൂമിക്കും മഹാരാജാവാകുന്നു” എന്ന്‌ സങ്കീർത്തനക്കാരൻ പാടി. (സങ്കീ. 47:2) ‘അത്യുന്നതമായ’ അഥവാ പരമമായ അധികാരമാണ്‌ “പരമാധികാരം.” ഒരു പരമാധികാരിക്ക്‌ സർവതിനുംമേൽ അധികാരം ഉണ്ടായിരിക്കും. അത്യുന്നതനും പരമാധികാരിയുമായി യഹോവയാംദൈവത്തെ വീക്ഷിക്കുന്നതിന്‌ തക്കതായ കാരണങ്ങളുണ്ട്‌.—ദാനീ. 7:21.

5. നാം യഹോവയുടെ പരമാധികാരം ഉയർത്തിപ്പിടിക്കേണ്ടത്‌ എന്തുകൊണ്ട്‌?

5 യഹോവയാംദൈവമാണ്‌ സകലത്തിന്റെയും സ്രഷ്ടാവ്‌. അതുകൊണ്ട്‌ അവനാണ്‌ ഭൂമിയുടെയും മുഴുപ്രപഞ്ചത്തിന്റെയും പരമാധികാരി. (വെളിപാട്‌ 4:11 വായിക്കുക.) സാർവത്രിക ഗവണ്മെന്റിൽ നിയമങ്ങൾ നിർമിക്കുന്നതും വിധികൽപ്പിക്കുന്നതും അവ നടപ്പിലാക്കുന്നതും യഹോവയായതിനാൽ അവനാണ്‌ നമ്മുടെ ന്യായദാതാവും ന്യായാധിപനും രാജാവും. (യെശ. 33:22) നമ്മുടെ ജീവനുവേണ്ടി നാം ദൈവത്തോടു കടപ്പെട്ടിരിക്കുന്നതിനാലും അവനെക്കൂടാതെ നമുക്കു നിലനിൽപ്പില്ലാത്തതിനാലും യഹോവയെ നാം പരമാധികാരിയായി കാണേണ്ടതുണ്ട്‌. “യഹോവ തന്റെ സിംഹാസനത്തെ സ്വർഗ്ഗത്തിൽ സ്ഥാപിച്ചിരിക്കുന്നു; അവന്റെ രാജത്വം സകലത്തെയും ഭരിക്കുന്നു” എന്ന കാര്യം നാം എപ്പോഴും മനസ്സിൽപ്പിടിക്കുന്നെങ്കിൽ അവന്റെ പരമോന്നത സ്ഥാനത്തെ ഉയർത്തിപ്പിടിക്കാൻ അതു നമ്മെ പ്രേരിപ്പിക്കും.—സങ്കീ. 103:19; പ്രവൃ. 4:24.

6. എന്താണ്‌ “വിശ്വസ്‌തത?”

6 യഹോവയുടെ പരമാധികാരത്തെ പിന്തുണയ്‌ക്കാൻ നാം അവനോടു വിശ്വസ്‌തരായിരിക്കേണ്ടതുണ്ട്‌. “വിശ്വസ്‌തത” എന്നതുകൊണ്ട്‌ ഇവിടെ അർഥമാക്കുന്നത്‌ പിഴവറ്റതും തികവുറ്റതുമായ ധാർമികതയാണ്‌. ദൈവദൃഷ്ടിയിൽ വിശ്വസ്‌തനായ ഒരാൾ നിഷ്‌കളങ്കനും നേരുള്ളവനും ആയിരിക്കും. ഇയ്യോബ്‌ അത്തരത്തിലുള്ള ഒരു വ്യക്തിയായിരുന്നു.—ഇയ്യോ. 1:1.

തിരശ്ശീല ഉയരുന്നു

7, 8. സാത്താൻ എങ്ങനെയാണ്‌ യഹോവയുടെ പരമാധികാരത്തിന്റെ സാധുത ചോദ്യംചെയ്‌തത്‌?

7 ഏതാണ്ട്‌ 6,000 വർഷങ്ങൾക്കുമുമ്പ്‌ യഹോവയുടെ പരമാധികാരത്തിന്റെ സാധുത ചോദ്യംചെയ്‌തുകൊണ്ട്‌ ഒരു ആത്മരൂപി രംഗത്തുവന്നു. തന്നെ മറ്റുള്ളവർ ആരാധിക്കണം എന്ന സ്വാർഥമോഹം അവന്റെ വാക്കിലും പ്രവൃത്തിയിലും നിഴലിച്ചിരുന്നു; ആ ദുർമോഹമാണ്‌ മത്സരിക്കാൻ അവനെ പ്രേരിപ്പിച്ചത്‌. ആദ്യമനുഷ്യജോടിയായ ആദാമിനെയും ഹവ്വായെയും ദിവ്യപരമാധികാരത്തോട്‌ അവിശ്വസ്‌തരായിത്തീരാൻ പ്രേരിപ്പിച്ച ആ ആത്മരൂപി, യഹോവ നുണപറഞ്ഞു എന്ന്‌ ആരോപിച്ചുകൊണ്ട്‌ അവന്റെ സൽപ്പേരിനു കളങ്കംചാർത്താൻ ശ്രമിച്ചു. (ഉല്‌പത്തി 3:1-5 വായിക്കുക.) ആ മത്സരിയാണ്‌ പ്രതിയോഗി, സാത്താൻ (എതിരാളി), പിശാച്‌ (ദൂഷകൻ), പാമ്പ്‌ (വഞ്ചകൻ), മഹാസർപ്പം (വിഴുങ്ങിക്കളയുന്നവൻ) എന്നീ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്‌.—വെളി. 12:9.

8 സാത്താൻ സ്വയം ഒരു സമാന്തര ഭരണാധികാരിയായി പ്രഖ്യാപിച്ചു. ഈ വെല്ലുവിളിയെ പരമാധികാരിയായ യഹോവ എങ്ങനെയാണ്‌ നേരിട്ടത്‌? സാത്താൻ, ആദാം, ഹവ്വാ എന്നീ മൂന്നു മത്സരികളെയും അവൻ തത്‌ക്ഷണം നശിപ്പിച്ചോ? യഹോവയ്‌ക്ക്‌ അതിനുള്ള അധികാരവും ശക്തിയും ഉണ്ടായിരുന്നു എന്നതിന്‌ സംശയമില്ല. അവൻ അങ്ങനെ ചെയ്‌തിരുന്നെങ്കിൽ ആരാണ്‌ സർവശക്തൻ എന്ന ചോദ്യത്തിന്‌ അതോടെ ഒരു തീരുമാനമായേനെ. തന്റെ നിയമം ലംഘിച്ചാൽ ഉണ്ടാകുന്ന ഭവിഷ്യത്തിനെക്കുറിച്ച്‌ യഹോവ പറഞ്ഞത്‌ സത്യമാണെന്നും അതു തെളിയിക്കുമായിരുന്നു. പിന്നെ എന്തുകൊണ്ടാണ്‌ ദൈവം അങ്ങനെ ചെയ്യാതിരുന്നത്‌?

9. സാത്താൻ എന്താണ്‌ ചോദ്യംചെയ്‌തത്‌?

9 നുണപറഞ്ഞ്‌ ആദാമിനെയും ഹവ്വായെയും ദൈവത്തിൽനിന്ന്‌ അകറ്റിയപ്പോൾ സാത്താൻ ഉന്നയിച്ച ചോദ്യമിതായിരുന്നു: ‘മനുഷ്യർ തന്നെ അനുസരിക്കണം എന്ന്‌ പറയാൻ യഹോവയ്‌ക്ക്‌ എന്ത്‌ അവകാശമാണുള്ളത്‌?’ കൂടാതെ ദൈവത്തോട്‌ അനുസരണക്കേടു കാണിക്കാൻ അവരെ പ്രലോഭിപ്പിച്ചുകൊണ്ട്‌ ബുദ്ധിശക്തിയുള്ള സകല സൃഷ്ടികളുടെയും വിശ്വസ്‌തതയും അവൻ ചോദ്യംചെയ്‌തു. യഹോവയുടെ പരമാധികാരത്തോട്‌ കൂറുപുലർത്തിയ ഇയ്യോബിന്റെ കാര്യത്തിൽ കാണാനാകുന്നതുപോലെ ദൈവത്തിൽനിന്ന്‌ സകല മനുഷ്യരെയും അകറ്റാനാകുമെന്ന്‌ സാത്താൻ വാദിച്ചു.—ഇയ്യോ. 2:1-5.

10. തന്റെ പരമാധികാരത്തിന്റെ സാധുത തത്‌ക്ഷണം സ്ഥാപിക്കാതിരുന്നുകൊണ്ട്‌ യഹോവ എന്തിനുള്ള അവസരം നൽകി?

10 മത്സരികളെ നശിപ്പിച്ചുകൊണ്ട്‌ തത്‌ക്ഷണം തന്റെ പരമാധികാരം സ്ഥാപിക്കാൻ യഹോവ മുതിർന്നില്ല. പകരം, സാത്താന്റെ വാദം ശരിയാണോ എന്ന്‌ തെളിയിക്കാൻ യഹോവ അവന്‌ സമയം അനുവദിച്ചു. അതുപോലെതന്നെ, തന്റെ പരമാധികാരത്തോടുള്ള വിശ്വസ്‌തത പ്രകടമാക്കാൻ മനുഷ്യർക്കും അവൻ അവസരമേകി. കാലാന്തരത്തിൽ എന്താണ്‌ സംഭവിച്ചത്‌? സാത്താൻ അതിശക്തമായ ഒരു ഭീകരസംഘടന കെട്ടിപ്പൊക്കി. എന്നാൽ യഹോവ ആ സംഘടനയെ തകർത്തുനശിപ്പിക്കും, അതുപോലെതന്നെ സാത്താനെയും. അങ്ങനെ തന്റെ പരമാധികാരത്തിന്റെ സാധുത അവൻ അനിഷേധ്യമായി തെളിയിക്കും. കാര്യങ്ങൾ ഇങ്ങനെയേ പര്യവസാനിക്കൂ എന്ന്‌ യഹോവയ്‌ക്ക്‌ നല്ല ഉറപ്പുണ്ടായിരുന്നതിനാൽ ഏദെനിൽ മത്സരം മുളപൊട്ടിയപ്പോൾത്തന്നെ അവൻ ഇതു മുൻകൂട്ടിപ്പറഞ്ഞു.—ഉല്‌പ. 3:15.

11. യഹോവയുടെ പരമാധികാരത്തോടുള്ള ബന്ധത്തിൽ അനേകർ എന്തു ചെയ്‌തിരിക്കുന്നു?

11 വിശ്വാസം പ്രകടമാക്കിക്കൊണ്ട്‌ യഹോവയുടെ പരമാധികാരത്തോടും ദിവ്യനാമത്തിന്റെ വിശുദ്ധീകരണത്തോടുമുള്ള ബന്ധത്തിൽ വിശ്വസ്‌തരായി നിലകൊണ്ടവർ നിരവധിയാണ്‌. ഹാബേൽ, ഹാനോക്ക്‌, നോഹ, അബ്രാഹാം, സാറാ, മോശ, രൂത്ത്‌, ദാവീദ്‌, യേശു, ആദ്യകാല ക്രിസ്‌തുശിഷ്യന്മാർ, ഇന്നുള്ള ദശലക്ഷക്കണക്കിനു വിശ്വസ്‌തരായ സ്‌ത്രീപുരുഷന്മാർ എന്നിവർ അവരിൽ ചിലരാണ്‌. ദിവ്യപരമാധികാരത്തിന്റെ പക്ഷത്തു നിലയുറപ്പിച്ച ഇത്തരം വ്യക്തികൾ സാത്താൻ ഒരു നുണയനാണെന്നു തെളിയിക്കുന്നതിലും ദൈവത്തിൽനിന്നു സകല മനുഷ്യരെയും അകറ്റാനാകുമെന്നു വീമ്പിളക്കിക്കൊണ്ട്‌ യഹോവയുടെ നാമത്തിന്മേൽ പിശാച്‌ വരുത്തിവെച്ച നിന്ദ നീക്കുന്നതിലും പങ്കുവഹിച്ചിരിക്കുന്നു.—സദൃ. 27:11.

തിരശ്ശീല താഴുമ്പോൾ

12. ദൈവം എക്കാലവും ദുഷ്ടത വെച്ചുപൊറുപ്പിക്കില്ലെന്ന്‌ ഉറപ്പുണ്ടായിരിക്കാനാകുന്നത്‌ എന്തുകൊണ്ട്‌?

12 താനാണ്‌ പരമാധികാരിയെന്ന്‌ പെട്ടെന്നുതന്നെ യഹോവ തെളിയിക്കും. കാരണം എക്കാലവും ദുഷ്ടത വെച്ചുപൊറുപ്പിക്കുന്ന ദൈവമല്ല അവൻ. പുരാതനകാലത്ത്‌ ജലപ്രളയം വരുത്തി യഹോവ ദുഷ്ടന്മാർക്കെതിരെ നടപടി സ്വീകരിച്ചു. സൊദോം, ഗൊമോര പട്ടണങ്ങളെയും ഫറവോനെയും സൈന്യത്തെയും അവൻ നശിപ്പിച്ചു. സീസെരയ്‌ക്കും സൈന്യത്തിനും അതുപോലെ സൻഹേരീബിനും അവന്റെ അശ്ശൂർ പടയ്‌ക്കും അത്യുന്നതന്റെ മുമ്പിൽ നിൽക്കാൻ കഴിഞ്ഞില്ല. (ഉല്‌പ. 7:1, 23; 19:24, 25; പുറ. 14:30, 31; ന്യായാ. 4:15, 16; 2 രാജാ. 19:35, 36) അതുകൊണ്ട്‌ തന്റെ നാമത്തോടുള്ള അനാദരവും തന്റെ സാക്ഷികൾക്കു നേരെയുള്ള ദുഷ്‌പെരുമാറ്റവും എക്കാലവും യഹോവയാംദൈവം വെച്ചുപൊറുപ്പിക്കില്ലെന്ന്‌ നമുക്ക്‌ ഉറപ്പുണ്ടായിരിക്കാം. നാം ജീവിക്കുന്നത്‌ അന്ത്യകാലത്താണ്‌ എന്ന കാര്യവും മറക്കരുത്‌. യേശുവിന്റെ സാന്നിധ്യത്തിന്റെയും ഈ ദുഷ്ടവ്യവസ്ഥിതിയുടെ അവസാനത്തിന്റെയും അടയാളം നമുക്ക്‌ ഇന്നു കാണാം.—മത്താ. 24:3.

13. യഹോവയുടെ ശത്രുക്കളോടൊപ്പം നശിപ്പിക്കപ്പെടാതിരിക്കണമെങ്കിൽ നാം എന്തു ചെയ്യണം?

13 ദൈവത്തിന്റെ ശത്രുക്കളോടൊപ്പം നശിപ്പിക്കപ്പെടാതിരിക്കണമെങ്കിൽ നാം അവന്റെ പരമാധികാരത്തോടുള്ള കൂറ്‌ തെളിയിക്കണം. നമുക്ക്‌ അതിന്‌ എങ്ങനെ കഴിയും? സാത്താന്റെ ഭീകരഭരണവുമായി ഒരു ബന്ധവും ഉണ്ടായിരിക്കരുത്‌, അവന്റെ കയ്യാളുകളുടെ ഭീഷണിക്കു വഴങ്ങുകയുമരുത്‌. (യെശ. 52:11; യോഹ. 17:16; പ്രവൃ. 5:29) എങ്കിൽ മാത്രമേ യഹോവയുടെ പരമാധികാരം ഉയർത്തിപ്പിടിക്കാൻ നമുക്കു കഴിയൂ, യഹോവ തന്റെ നാമത്തിന്മേലുള്ള നിന്ദ നീക്കി താനാണ്‌ അഖിലാണ്ഡ പരമാധികാരിയെന്നു തെളിയിക്കുമ്പോൾ നമുക്കു സംരക്ഷണം ലഭിക്കൂ.

14. ബൈബിളിന്റെ താളുകളിൽ എന്തെല്ലാം വിശദാംശങ്ങൾ കാണാം?

14 മനുഷ്യവർഗവും യഹോവയുടെ പരമാധികാരവും—ഇതു സംബന്ധിച്ച വിശദാംശങ്ങൾ ബൈബിളിൽ ഉടനീളം നമുക്കു കാണാനാകും. ആദ്യത്തെ മൂന്ന്‌ അധ്യായങ്ങൾ സൃഷ്ടിയെക്കുറിച്ചും പാപത്തിലേക്കുള്ള മനുഷ്യന്റെ പതനത്തെക്കുറിച്ചും പറയുന്നു. അവസാനത്തെ മൂന്ന്‌ അധ്യായങ്ങൾ മനുഷ്യവർഗത്തിന്റെ ഉദ്ധാരണത്തെക്കുറിച്ചുള്ളതാണ്‌. ഇടയ്‌ക്കുള്ളവ, മനുഷ്യരാശിയെയും ഭൂമിയെയും പ്രപഞ്ചത്തെയും കുറിച്ചുള്ള തന്റെ ഉദ്ദേശ്യനിർവഹണത്തിനായി പരമാധികാരിയാം കർത്താവായ യഹോവ എന്തെല്ലാം ചെയ്‌തിരിക്കുന്നു എന്നു വിശദീകരിക്കുന്നു. ഉല്‌പത്തിപുസ്‌തകം സാത്താനും ദുഷ്ടതയും ലോകത്തിലേക്കു കടന്നുവന്നതിനെക്കുറിച്ചു പറയുമ്പോൾ, സാത്താനും ദുഷ്ടതയും അരങ്ങുനീങ്ങുന്നത്‌ എങ്ങനെയെന്നും ദൈവഹിതം സ്വർഗത്തിലെപ്പോലെ ഭൂമിയിൽ നടപ്പാക്കപ്പെടുന്നത്‌ എങ്ങനെയെന്നും വ്യക്തമാക്കുന്നവയാണ്‌ വെളിപാടുപുസ്‌തകത്തിന്റെ അവസാന അധ്യായങ്ങൾ. പാപത്തിന്റെയും മരണത്തിന്റെയും കാരണം എന്താണെന്നും അവ എങ്ങനെ എന്നെന്നേക്കുമായി പോയ്‌മറയുമെന്നും ബൈബിൾ പറയുന്നു. അതിനുശേഷം, വിശ്വസ്‌തരായവർ അതിരറ്റ ആഹ്ലാദവും നിത്യജീവനും ആസ്വദിക്കും.

15. പരമാധികാരം ഇതിവൃത്തമായ നാടകത്തിനു തിരശ്ശീല വീഴുമ്പോൾ, അനുഗ്രഹങ്ങൾ നേടാൻ നാം എന്തു ചെയ്യണം?

15 പെട്ടെന്നുതന്നെ ഈ ലോകത്തിന്റെ രംഗം മാറും. പരമാധികാരം ഇതിവൃത്തമായ നൂറ്റാണ്ടുകൾ പഴക്കമുള്ള ആ നാടകത്തിനു തിരശ്ശീല വീഴും. വധശിക്ഷ വിധിച്ച്‌ സാത്താനെ വേദിയിൽനിന്നു പിടിച്ചിറക്കി അവന്റെ വാഴ്‌ചയ്‌ക്ക്‌ അറുതിവരുത്തും. അങ്ങനെ ദൈവഹിതം നിവൃത്തിയേറും. എന്നാൽ ഇതിലൂടെ കൈവരുന്ന പ്രയോജനങ്ങൾ അനുഭവിക്കുന്നതിനും ദൈവവചനം വാഗ്‌ദാനംചെയ്‌തിരിക്കുന്ന അനുഗ്രഹങ്ങൾ ആസ്വദിക്കുന്നതിനും നാം ഇപ്പോൾ യഹോവയുടെ പരമാധികാരത്തെ പിന്തുണയ്‌ക്കണം. കയ്യാലപ്പുറത്തെ തേങ്ങപോലെ അങ്ങോട്ടു പോകണോ ഇങ്ങോട്ടു പോകണോ എന്നു സന്ദേഹിച്ചുനിൽക്കാൻ പറ്റില്ല എന്നു ചുരുക്കം. “യഹോവ എന്റെ പക്ഷത്തുണ്ട്‌” എന്നു പറയാനാകണമെങ്കിൽ നാം യഹോവയുടെ പക്ഷത്തു നിലകൊള്ളണം.—സങ്കീ. 118:6, 7.

നമുക്ക്‌ വിശ്വസ്‌തത കാത്തുസൂക്ഷിക്കാനാകും!

16. നമുക്ക്‌ ദൈവത്തോടുള്ള വിശ്വസ്‌തത കാത്തുസൂക്ഷിക്കാനാകും എന്ന്‌ ഉറപ്പോടെ പറയാനാകുന്നത്‌ എന്തുകൊണ്ട്‌?

16 നമുക്ക്‌ യഹോവയുടെ പരമാധികാരത്തെ പിന്താങ്ങാനും അതിനോടുള്ള വിശ്വസ്‌തത കാത്തുസൂക്ഷിക്കാനും കഴിയും. പൗലോസ്‌ കാരണം വിശദമാക്കി: “മനുഷ്യർക്കു നേരിട്ടിട്ടില്ലാത്ത ഒരു പ്രലോഭനവും നിങ്ങൾക്ക്‌ ഉണ്ടായിട്ടില്ല. ദൈവം വിശ്വസ്‌തൻ. നിങ്ങൾക്കു ചെറുക്കാനാവാത്ത ഒരു പ്രലോഭനം അവൻ അനുവദിക്കുകയില്ല. പ്രലോഭനം ഉണ്ടാകുമ്പോൾ നിങ്ങൾക്ക്‌ അതിനെ അതിജീവിക്കാൻ കഴിയേണ്ടതിന്‌ അവൻ അതോടൊപ്പം പോംവഴിയും ഉണ്ടാക്കും.” (1 കൊരി. 10:13) പൗലോസ്‌ പറഞ്ഞ ‘പ്രലോഭനത്തിൽ’ എന്തെല്ലാം ഉൾപ്പെടാം? ദൈവം എങ്ങനെയാണ്‌ അതിന്‌ പോംവഴി ഉണ്ടാക്കുന്നത്‌?

17-19. (എ) മരുപ്രയാണകാലത്ത്‌ ഇസ്രായേല്യർ ഏതെല്ലാം പ്രലോഭനങ്ങൾക്കു വശംവദരായി? (ബി) യഹോവയോടുള്ള വിശ്വസ്‌തത കാത്തുസൂക്ഷിക്കാൻ നമുക്കു സാധിക്കും എന്നു പറയുന്നത്‌ എന്തുകൊണ്ടാണ്‌?

17 ചില സാഹചര്യങ്ങൾ ദൈവനിയമങ്ങൾ ലംഘിക്കാൻ നമുക്കു “പ്രലോഭന”മായിത്തീർന്നേക്കാം. ഇസ്രായേല്യരുടെ മരുപ്രയാണസമയത്തു നടന്ന ചില സംഭവങ്ങൾ അതാണു കാണിക്കുന്നത്‌. (1 കൊരിന്ത്യർ 10:6-10 വായിക്കുക.) വേണമെങ്കിൽ പ്രലോഭനങ്ങളെ ചെറുത്തുനിൽക്കാൻ അവർക്കു കഴിയുമായിരുന്നു. ഒരിക്കൽ, ഒരുമാസം കഴിക്കാനുള്ള കാടപ്പക്ഷികളെ യഹോവ അത്ഭുതകരമായി അവർക്കു നൽകി. പക്ഷേ, അവർ “ദുർമോഹികൾ” ആയി, കാടപ്പക്ഷികളെ കണ്ടപ്പോൾ ആർത്തിപൂണ്ട്‌ അവ പിടിച്ചുകൂട്ടി. കഴിക്കാൻ ഇറച്ചി ലഭിച്ചിട്ട്‌ കുറച്ചുകാലമായിരുന്നെങ്കിലും വേണ്ടുവോളം മന്നാ ദൈവം അവർക്കു നൽകിയിരുന്നു. എന്നിട്ടും അവർ അത്യാഗ്രഹം എന്ന പ്രലോഭനത്തിനു വഴങ്ങി.—സംഖ്യാ. 11:19, 20, 31-35.

18 മുമ്പൊരിക്കൽ, ന്യായപ്രമാണം കൈപ്പറ്റാൻ മോശ സീനായ്‌ പർവതത്തിൽ കയറിപ്പോയപ്പോൾ കാളക്കുട്ടിയെ ആരാധിച്ചും കുടിച്ചുകൂത്താടിയും ഇസ്രായേല്യർ വിഗ്രഹാരാധനയിൽ ഏർപ്പെട്ടു. നേതാവിനെ കാണുന്നില്ലെന്നുവന്നപ്പോൾ അവർ യഥേഷ്ടം സ്വാർഥമോഹങ്ങൾക്കു വശംവദരായി. (പുറ. 32:1, 6) വാഗ്‌ദത്ത ദേശത്തു പ്രവേശിക്കുന്നതിനു തൊട്ടുമുമ്പ്‌ ആയിരക്കണക്കിന്‌ ഇസ്രായേല്യരാണ്‌ മോവാബ്യ സ്‌ത്രീകളുടെ വശീകരണത്തിൽവീണ്‌ അധാർമികതയിൽ ഏർപ്പെട്ടത്‌. തത്‌ഫലമായി ആയിരങ്ങൾ മരിച്ചുവീണു. (സംഖ്യാ. 25:1, 9) ചിലപ്പോഴൊക്കെ മത്സരപൂർവം പരാതിപറയാനുള്ള പ്രലോഭനത്തിന്‌ ഇസ്രായേല്യർ വഴങ്ങി. ഒരിക്കൽ അവർ മോശയ്‌ക്കെതിരെ, എന്തിന്‌ ദൈവത്തിനെതിരെപോലും പിറുപിറുത്തു! (സംഖ്യാ. 21:5) മത്സരികളായ കോരഹ്‌, ദാഥാൻ, അബീരാം, അവരുടെ സഹകാരികൾ എന്നിവർ നശിപ്പിക്കപ്പെടുന്നതു കണ്ടിട്ടുപോലും ഇസ്രായേല്യർ പിറുപിറുത്തു; അവരെ നശിപ്പിച്ചത്‌ ശരിയായില്ല എന്നായിരുന്നു ആ ഇസ്രായേല്യരുടെ പക്ഷം. ഫലമോ? 14,700 ഇസ്രായേല്യർ ദൈവത്തിൽനിന്നുള്ള ബാധയാൽ മരിച്ചൊടുങ്ങി.—സംഖ്യാ. 16:41, 49.

19 ഈ പ്രലോഭനങ്ങളൊന്നും ഇസ്രായേല്യർക്കു ചെറുത്തുനിൽക്കാൻ കഴിയാത്തവയായിരുന്നില്ല. പിന്നെ എന്തുകൊണ്ടാണ്‌ അവർ പ്രലോഭനത്തിനു വഴിപ്പെട്ടത്‌? അവർക്കു വിശ്വാസം കൈമോശംവന്നിരുന്നു. അവർ യഹോവയെ മറന്നുകളഞ്ഞിരുന്നു. അതെ, അവൻ അവരെ സ്‌നേഹപൂർവം പരിപാലിച്ചത്‌ അവർ വിസ്‌മരിച്ചു. അവന്റെ വഴികൾ ന്യായമാണെന്നും അത്‌ അവരുടെ നന്മയിൽ കലാശിക്കുമെന്നും അവർ ഓർത്തില്ല. ഇസ്രായേല്യരുടെ കാര്യത്തിൽ എന്നപോലെ നമുക്കു നേരിടുന്ന പ്രലോഭനങ്ങളും മനുഷ്യർക്കു സാധാരണ നേരിടുന്നവയാണ്‌. അവയെ ചെറുത്തുനിൽക്കാൻ ശ്രമിക്കുകയും സഹായത്തിനായി യഹോവയിൽ ആശ്രയിക്കുകയും ചെയ്യുന്നെങ്കിൽ നമുക്കു വിശ്വസ്‌തരായി തുടരാനാകും. ഇക്കാര്യം ഉറപ്പാണ്‌. കാരണം ‘ദൈവം വിശ്വസ്‌തനാണ്‌,’ നമുക്കു ‘ചെറുക്കാനാവാത്ത ഒരു പ്രലോഭനവും’ അവൻ അനുവദിക്കില്ല. ദൈവഹിതം ചെയ്യാൻ തീർത്തും സാധിക്കാത്ത ഒരു സാഹചര്യത്തിൽ നാം എത്തിപ്പെടാൻ അവൻ സമ്മതിക്കില്ല, അവൻ നമ്മെ അങ്ങനെയങ്ങ്‌ കൈവിടില്ല.—സങ്കീ. 94:14.

20, 21. നമുക്കു പ്രലോഭനങ്ങൾ ഉണ്ടാകുമ്പോൾ ദൈവം എങ്ങനെയാണ്‌ “പോംവഴി” കാണിച്ചുതരുന്നത്‌?

20 പ്രലോഭനങ്ങളെ ചെറുത്തുനിൽക്കാനുള്ള കരുത്തുപകർന്നുകൊണ്ട്‌ യഹോവ നമുക്ക്‌ “പോംവഴി” കാണിച്ചുതരും. ഉദാഹരണത്തിന്‌, നമ്മുടെ വിശ്വാസം തള്ളിപ്പറയാൻ നിർബന്ധിച്ചുകൊണ്ട്‌ എതിരാളികൾ നമ്മെ ശാരീരികമായി ഉപദ്രവിച്ചേക്കാം. കൂടുതൽ അടിയും ഉപദ്രവവും ഒരുപക്ഷേ മരണംപോലും ഒഴിവാക്കുന്നതിനായി വിശ്വാസത്തിൽ വിട്ടുവീഴ്‌ചചെയ്യാൻ നമുക്കു പ്രലോഭനം തോന്നിയേക്കാം. എന്നാൽ, പ്രലോഭനത്തിന്‌ ഇടയാക്കുന്ന സാഹചര്യം താത്‌കാലികമാണ്‌. 1 കൊരിന്ത്യർ 10:13-ലെ, പൗലോസിന്റെ നിശ്വസ്‌തമൊഴി ആ ഉറപ്പു നൽകുന്നു. തന്നോടുള്ള വിശ്വസ്‌തത കാത്തുസൂക്ഷിക്കാൻ കഴിയാത്ത വിധം അവസ്ഥ വഷളാകാൻ യഹോവ അനുവദിക്കില്ല. നമ്മുടെ വിശ്വാസം ബലിഷ്‌ഠമാക്കാനും വിശ്വസ്‌തത കാത്തുസൂക്ഷിക്കാൻവേണ്ട ആത്മീയ ബലം പ്രദാനംചെയ്യാനും യഹോവയ്‌ക്കു കഴിയും.

21 പരിശുദ്ധാത്മാവിനാൽ യഹോവ നമ്മെ പുലർത്തുന്നു. തക്കസമയത്ത്‌ ഉചിതമായ തിരുവെഴുത്തു ഭാഗങ്ങൾ ഓർമയിലേക്കു കൊണ്ടുവന്നുകൊണ്ട്‌ പ്രലോഭനത്തെ ചെറുത്തുനിൽക്കാൻ പരിശുദ്ധാത്മാവ്‌ നമ്മെ സഹായിക്കും. (യോഹ. 14:26) അതുകൊണ്ട്‌ അബദ്ധവശാൽ നാം തെറ്റായ ഗതിയിലേക്കു വഴുതിവീഴില്ല. ഉദാഹരണത്തിന്‌, യഹോവയുടെ പരമാധികാരവും നമ്മുടെ വിശ്വസ്‌തതയും തമ്മിൽ ബന്ധമുണ്ടെന്ന്‌ നമുക്കറിയാം. ആ അറിവുണ്ടായിരുന്നതിനാൽ യഹോവയുടെ സഹായത്താൽ അനേകരും മരണത്തോളം വിശ്വസ്‌തരായി നിലകൊണ്ടു. അവരുടെ കാര്യത്തിൽ ദൈവം കാണിച്ച പോംവഴി മരണമായിരുന്നു എന്നല്ല അതിന്റെ അർഥം. പകരം, യഹോവ നൽകിയ സഹായമാണ്‌ പ്രലോഭനത്തിനു വഴിപ്പെടാതെ അവസാനത്തോളം സഹിച്ചുനിൽക്കാൻ അവർക്കു ശക്തിയേകിയത്‌. യഹോവയ്‌ക്ക്‌ നമുക്കുവേണ്ടിയും ഇതേ രീതിയിൽ പ്രവർത്തിക്കാനാകും. നമ്മെ സഹായിക്കാൻ, “രക്ഷ പ്രാപിക്കാനുള്ളവരുടെ ശുശ്രൂഷയ്‌ക്കായി അയയ്‌ക്കപ്പെടുന്ന സേവകാത്മാക്കളെ,” അതായത്‌ വിശ്വസ്‌ത ദൂതന്മാരെയും ദൈവം ഉപയോഗിക്കുന്നു. (എബ്രാ. 1:14) അടുത്ത ലേഖനത്തിൽ കാണാനാകുന്നതുപോലെ വിശ്വസ്‌തത പാലിക്കുന്നവർക്കു മാത്രമേ സർവനിത്യതയിലും ദൈവത്തിന്റെ പരമാധികാരത്തെ പിന്തുണയ്‌ക്കാനുള്ള മഹത്തായ പദവി പ്രതീക്ഷിക്കാനാകൂ. പരമാധീശ കർത്താവായ യഹോവയോടു പറ്റിനിൽക്കുന്നെങ്കിൽ നമുക്കും അതു പ്രതീക്ഷിക്കാം.

ഉത്തരം പറയാമോ?

• നാം യഹോവയെ പരമാധികാരിയായി അംഗീകരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

• ദൈവത്തോടുള്ള വിശ്വസ്‌തത മുറുകെപ്പിടിക്കുന്നതിൽ എന്താണ്‌ ഉൾപ്പെട്ടിരിക്കുന്നത്‌?

• താനാണ്‌ പരമാധികാരിയെന്ന്‌ യഹോവ പെട്ടെന്നുതന്നെ തെളിയിക്കും എന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം?

• വിശ്വസ്‌തത കാത്തുസൂക്ഷിക്കാൻ നമുക്കാകും എന്ന്‌ 1 കൊരിന്ത്യർ 10:13 ഉറപ്പുനൽകുന്നത്‌ എങ്ങനെ?

[അധ്യയന ചോദ്യങ്ങൾ]

[24-ാം പേജിലെ ചിത്രം]

സാത്താന്റെ പ്രലോഭനത്തിൽ വീണ്‌ ആദാമും ഹവ്വായും യഹോവയോട്‌ അവിശ്വസ്‌തരായിത്തീർന്നു

[26-ാം പേജിലെ ചിത്രം]

യഹോവയുടെ പരമാധികാരത്തിന്റെ പക്ഷത്തു നിലയുറപ്പിക്കാൻ ദൃഢചിത്തരായിരിക്കുക