വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളുടെ കുട്ടി എന്തു മറുപടി പറയും?

നിങ്ങളുടെ കുട്ടി എന്തു മറുപടി പറയും?

നിങ്ങളുടെ കുട്ടി എന്തു മറുപടി പറയും?

മാതാപിതാക്കളേ, 2010 ജനുവരി 15 വീക്ഷാഗോപുരത്തിന്റെ 16-20 പേജുകളിൽ കുട്ടികളോടൊത്ത്‌ പരിശീലന സെഷനുകൾ നടത്തുന്നതിനെക്കുറിച്ച്‌ പറഞ്ഞിരുന്നല്ലോ. അതിനെക്കുറിച്ചുള്ളതാണ്‌ ഈ ലേഖനം. ഇങ്ങനെയുള്ള പരിശീലന സെഷനുകളിലൂടെ, സ്‌കൂളിൽ നേരിടുന്ന പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ കുടുംബാരാധനയുടെ സമയത്ത്‌ കുട്ടികളെ പഠിപ്പിക്കാനാകും.

യഹോവയുടെ സാക്ഷികളായ കുട്ടികൾ നേരിടുന്ന വെല്ലുവിളികൾ പലതാണ്‌. പതാകയെ വന്ദിക്കാത്തത്‌ എന്തുകൊണ്ടാണ്‌, ദേശീയഗാനം പാടാത്തത്‌ എന്തുകൊണ്ടാണ്‌, പിറന്നാളും വിശേഷദിവസങ്ങളും ഒന്നും ആഘോഷിക്കാത്തത്‌ എന്തുകൊണ്ടാണ്‌ എന്നതുപോലുള്ള ചോദ്യങ്ങൾ അവർ കൂടെക്കൂടെ അഭിമുഖീകരിക്കാറുണ്ട്‌. അങ്ങനെയുള്ള ചോദ്യങ്ങൾക്ക്‌ നിങ്ങളുടെ കുട്ടി എങ്ങനെയാണ്‌ മറുപടി നൽകുന്നത്‌?

“എനിക്ക്‌ അത്‌ ചെയ്യാൻ പറ്റില്ല, അത്‌ എന്റെ വിശ്വാസത്തിന്‌ എതിരാണ്‌.” ഇതാണ്‌ സാക്ഷികളായ ചില കുട്ടികൾ നൽകുന്ന മറുപടി. ധൈര്യത്തോടെ അതു പറയുന്നതിന്‌ അവരെ അഭിനന്ദിക്കേണ്ടതാണ്‌. അത്രയും പറഞ്ഞാൽ മറ്റുള്ളവർ കൂടുതലൊന്നും ചോദിക്കില്ലായിരിക്കാം. പക്ഷേ, നമ്മുടെ വിശ്വാസങ്ങളെക്കുറിച്ച്‌ “കാരണം ചോദിക്കുന്ന ഏവനോടും പ്രതിവാദം” പറയണമെന്നാണ്‌ ബൈബിൾ ഉദ്‌ബോധിപ്പിക്കുന്നത്‌. (1 പത്രോ. 3:15) അതിന്‌, “എനിക്ക്‌ അത്‌ ചെയ്യാൻ പറ്റില്ല” എന്നുമാത്രം പറഞ്ഞാൽ മതിയാവില്ല. നമ്മുടെ നിലപാടിനു പിന്നിൽ ന്യായമായ കാരണങ്ങളുണ്ടെന്ന്‌ അറിയുമ്പോൾ ചിലരിലെങ്കിലും അത്‌ മതിപ്പുളവാക്കും.

മഹാനായ അധ്യാപകനിൽനിന്ന്‌ പഠിക്കാം! എന്നതുപോലുള്ള പ്രസിദ്ധീകരണങ്ങൾ ഉപയോഗിച്ച്‌ പല കുട്ടികളും സഹപാഠികൾക്ക്‌ മറുപടി കൊടുക്കാറുണ്ട്‌. സാക്ഷികളായ കുട്ടികൾ എന്തുകൊണ്ടാണ്‌ ചില കാര്യങ്ങൾ ചെയ്യുന്നത്‌ അല്ലെങ്കിൽ ചെയ്യാത്തത്‌ എന്നു വിശദീകരിക്കുന്ന ഭാഗങ്ങളായിരിക്കാം അവർ അതിൽനിന്ന്‌ കാണിക്കുന്നത്‌. ചില സഹപാഠികൾക്ക്‌ ആ ബൈബിൾക്കഥകൾ കേട്ടിരിക്കാൻ ഇഷ്ടമാണ്‌. ഇങ്ങനെ പല അധ്യയനങ്ങളും ആരംഭിക്കാൻ നമ്മുടെ കുട്ടികൾക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. എന്നാൽ മറ്റു ചില കുട്ടികൾക്ക്‌ ഒരു കഥ മുഴുവൻ കേട്ടിരിക്കാനുള്ള ക്ഷമ ഉണ്ടായെന്നുവരില്ല. ചില ബൈബിൾ വിവരണങ്ങൾ മുഴുവൻ വിശദീകരിച്ചില്ലെങ്കിൽ സ്‌കൂൾക്കുട്ടികൾക്ക്‌ മനസ്സിലാകാൻ ബുദ്ധിമുട്ടാണുതാനും. കൂട്ടുകാരി പിറന്നാളിന്‌ ക്ഷണിച്ചപ്പോൾ മിൻഹി (11) അവളോടു പറഞ്ഞു: “പിറന്നാൾ ആഘോഷിക്കാൻ ബൈബിൾ പറയുന്നില്ല. യോഹന്നാൻ സ്‌നാപകൻ എന്ന ബൈബിൾ കഥാപാത്രത്തെ വധിച്ചത്‌ ഒരു പിറന്നാൾ ആഘോഷത്തിനിടെയാണ്‌.” പക്ഷേ, കൂട്ടുകാരിക്ക്‌ കാര്യമായൊന്നും മനസ്സിലായില്ല എന്ന്‌ മിൻഹി ഓർക്കുന്നു.

നമ്മുടെ പ്രസിദ്ധീകരണങ്ങളിലെ ഒരു പടമോ ഒരു വിവരണമോ സഹപാഠിയെ കാണിക്കുന്നത്‌ ചിലപ്പോൾ പ്രയോജനം ചെയ്‌തേക്കാം. എന്നാൽ മതപരമായ പ്രസിദ്ധീകരണങ്ങൾ ക്ലാസ്സിൽ കൊണ്ടുവരുന്നത്‌ സ്‌കൂൾ അധികാരികൾക്ക്‌ ഇഷ്ടമല്ലെങ്കിലോ? പ്രസിദ്ധീകരണങ്ങളൊന്നും ഇല്ലാതെതന്നെ ഫലപ്രദമായി സാക്ഷീകരിക്കാൻ നമ്മുടെ കുട്ടികൾക്ക്‌ കഴിയുമോ? വിശ്വാസങ്ങൾക്കുവേണ്ടി സംസാരിക്കാൻ നിങ്ങൾക്കെങ്ങനെ മക്കളെ സഹായിക്കാം?

അവരെ പരിശീലിപ്പിക്കുക

വീട്ടിൽ പരിശീലന സെഷനുകൾ നടത്തുന്നത്‌ നന്നായിരിക്കും. സഹപാഠികളുടെ ഭാഗം മാതാപിതാക്കൾക്ക്‌ അഭിനയിക്കാവുന്നതാണ്‌. കുട്ടികൾ അവരുടെ വിശ്വാസത്തിനുവേണ്ടി സംസാരിക്കുമ്പോൾ അവരെ പ്രശംസിക്കുക, കൂടുതൽ ഫലപ്രദമായ രീതിയിൽ എങ്ങനെ സംസാരിക്കാമെന്ന്‌ കാണിച്ചുകൊടുക്കുക, അങ്ങനെ ചെയ്യേണ്ടതിന്റെ കാരണവും വിശദീകരിക്കുക. ഉദാഹരണത്തിന്‌ അവരുടെ പ്രായത്തിലുള്ളവർക്കു മനസ്സിലാകുന്ന വാക്കുകൾ ഉപയോഗിക്കാൻ പറയാവുന്നതാണ്‌. “മനസ്സാക്ഷി,” “വിശ്വസ്‌തത” പോലുള്ള വാക്കുകൾ തന്റെ സഹപാഠികൾക്ക്‌ മനസ്സിലായില്ലെന്ന്‌ ജോഷ്വ (9) പറയുന്നു. അതുകൊണ്ട്‌ അവരോടു സംസാരിച്ചപ്പോൾ കുറച്ചുകൂടി ലളിതമായ പദങ്ങൾ അവന്‌ ഉപയോഗിക്കേണ്ടിവന്നു.—1 കൊരി. 14:9.

ചില കുട്ടികൾ ചോദ്യങ്ങൾ ചോദിക്കുമെങ്കിലും ഒരു നീണ്ട ഉത്തരം കേട്ടിരിക്കാൻ അവർക്കു ക്ഷമയുണ്ടായിരിക്കില്ല. അവരെ സംഭാഷണത്തിൽ ഉൾപ്പെടുത്തിക്കൊണ്ട്‌ കാര്യകാരണങ്ങൾ വിശദീകരിക്കുന്നെങ്കിൽ അവരുടെ താത്‌പര്യം കെടാതെ സൂക്ഷിക്കാൻ കഴിഞ്ഞേക്കും. പത്തുവയസ്സുകാരിയായ ഹാന്യൂൽ പറയുന്നു: “എന്റെ കൂട്ടുകാർ നീണ്ട വിശദീകരണങ്ങൾ കേൾക്കാൻ താത്‌പര്യം കാണിക്കാറില്ല. അവരെയും ഉൾപ്പെടുത്തി സംസാരിക്കുന്നതാണ്‌ അവർക്കിഷ്ടം.” അതിന്‌ എന്തുചെയ്യാൻ പറ്റും? സഹപാഠികളോടു ചോദ്യങ്ങൾ ചോദിക്കുകയും അവരുടെ അഭിപ്രായങ്ങൾ ശ്രദ്ധിച്ചുകേൾക്കുകയുമാണ്‌ വേണ്ടത്‌.

സാക്ഷികളായ കുട്ടികൾക്ക്‌ സഹപാഠികളോട്‌ എങ്ങനെ കാര്യങ്ങൾ വിശദീകരിക്കാം എന്നു കാണിക്കുന്നതാണ്‌ താഴെക്കൊടുത്തിരിക്കുന്ന സംഭാഷണങ്ങൾ. ഇവ മനഃപാഠമാക്കേണ്ടതില്ല. കാരണം ഓരോ കുട്ടിയും വ്യത്യസ്‌തനാണ്‌. മാത്രമല്ല സാഹചര്യമനുസരിച്ചാണ്‌ മറുപടി പറയേണ്ടതും. അതുകൊണ്ട്‌ കുട്ടികൾ താഴെക്കൊടുത്തിരിക്കുന്ന സംഭാഷണങ്ങളിലെ ആശയം ഉൾക്കൊണ്ട്‌ സാഹചര്യമനുസരിച്ച്‌ സ്വന്തം വാചകത്തിൽ അവ പറയുകയാണ്‌ വേണ്ടത്‌. സ്‌കൂളിൽ പോകുന്ന മക്കൾ ഉണ്ടെങ്കിൽ മാതാപിതാക്കളായ നിങ്ങൾക്ക്‌ അവരുമായി ഇവ പറഞ്ഞു പരിശീലിക്കാവുന്നതാണ്‌.

കുട്ടികളെ പരിശീലിപ്പിക്കുന്നത്‌ ശ്രമകരമായ കാര്യമാണ്‌, അതിന്‌ സമയമെടുക്കും. ക്രിസ്‌തീയ മാതാപിതാക്കൾ തങ്ങളുടെ മക്കളിൽ ബൈബിൾ തത്ത്വങ്ങൾ ഉൾനടാനും അവ അനുസരിക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങൾ അവരെ ബോധ്യപ്പെടുത്താനും ശ്രമിക്കേണ്ടതുണ്ട്‌.—ആവ. 6:7; 2 തിമൊ. 3:14.

അടുത്ത കുടുംബാരാധനയിൽ ഇവിടെ കൊടുത്തിരിക്കുന്ന സംഭാഷണങ്ങൾ കുട്ടികളുമായി പരിശീലിക്കുക. അത്‌ തീർച്ചയായും പ്രയോജനം ചെയ്യും. ഒരു കാര്യം മറക്കരുത്‌: അതിലെ വാക്കുകൾ അതേപടി മനഃപാഠമാക്കാനുള്ളതല്ല. കൊടുത്തിരിക്കുന്ന ഓരോ സാഹചര്യവും പലവിധത്തിൽ അഭിനയിച്ചുനോക്കാവുന്നതാണ്‌. നിങ്ങളുടെ മറുപടികൾ മാറ്റിപ്പറഞ്ഞ്‌ കുട്ടികൾ അവ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നു നിരീക്ഷിക്കുക. വിശ്വാസം സമർഥിക്കാൻ ശ്രമിക്കുമ്പോൾ നയവും വിവേചനയും ഉള്ളവരായിരിക്കാൻ കുട്ടികളെ പഠിപ്പിക്കുക. കാലാന്തരത്തിൽ സഹപാഠികളോടും അയൽക്കാരോടും അധ്യാപകരോടുമെല്ലാം തങ്ങളുടെ വിശ്വാസത്തിനുവേണ്ടി സംസാരിക്കാൻ കുട്ടികൾ പ്രാപ്‌തരായിത്തീരും.

[4, 5 പേജുകളിലെ ചതുരം/ചിത്രങ്ങൾ]

പിറന്നാൾ ആഘോഷം

മീര: ജോയൽ, എന്റെ പിറന്നാളാണ്‌. നീ പാർട്ടിക്ക്‌ വരണം.

ജോയൽ: വിളിച്ചതിന്‌ താങ്ക്‌സ്‌. പക്ഷേ, ഞാൻ പിറന്നാൾ ആഘോഷിക്കാറില്ല.

മീര: അതെന്താ?

ജോയൽ: ഞാൻ യഹോവയുടെ സാക്ഷിയാണ്‌. ബൈബിൾ പറയുന്നതു ചെയ്യാനാണ്‌ എനിക്ക്‌ ഇഷ്ടം. ദൈവത്തെ അനുസരിച്ചവരാരും പിറന്നാൾ ആഘോഷിച്ചതായി ബൈബിളിൽ പറയുന്നില്ല.

മീര: അതെനിക്ക്‌ അറിയില്ലായിരുന്നു. അപ്പോൾ നിനക്ക്‌ ഡാഡിയും മമ്മിയും ഗിഫ്‌റ്റൊന്നും തരാറില്ലേ?

ജോയൽ: തരാറുണ്ട്‌. പക്ഷേ, പിറന്നാൾ ആകാനൊന്നും അവർ കാത്തിരിക്കാറില്ല. ഇഷ്ടമുള്ളപ്പോഴൊക്കെ അവർ എനിക്ക്‌ ഗിഫ്‌റ്റ്‌ തരും.

മീര: പിറന്നാൾ ആഘോഷിക്കേണ്ട, പക്ഷേ പാർട്ടിക്കു വന്നുകൂടേ?

ജോയൽ: പിറന്നാളിന്‌ പാർട്ടി നടത്തിയ രണ്ടുപേരെക്കുറിച്ചു മാത്രമേ ബൈബിളിൽ പറയുന്നുള്ളൂ. അവർ രണ്ടുപേരും ദൈവത്തിന്‌ ഇഷ്ടമില്ലാത്തവരായിരുന്നു.

മീര: ആണോ?

ജോയൽ: അവരുടെ കഥ കേൾക്കാൻ ഇഷ്ടമുണ്ടെങ്കിൽ ഞാൻ നാളെ പറഞ്ഞുതരാം.

ദേശീയഗാനം

അൽക്ക: നീതു, നീ എന്താ ദേശീയഗാനം പാടാത്തത്‌?

നീതു: ഓ, നീ അത്‌ ശ്രദ്ധിച്ചോ? ആകട്ടെ, എന്തുകൊണ്ടാ നീ ദേശീയഗാനം പാടുന്നത്‌?

അൽക്ക: എനിക്ക്‌ എന്റെ രാജ്യത്തെക്കുറിച്ച്‌ അഭിമാനമുള്ളതുകൊണ്ട്‌.

നീതു: എനിക്കും ഈ രാജ്യത്ത്‌ ജീവിക്കുന്നത്‌ ഇഷ്ടമാണ്‌. പക്ഷേ, ഒരു രാജ്യം മറ്റെല്ലാ രാജ്യങ്ങളെക്കാളും മെച്ചമാണെന്ന്‌ ഞാൻ കരുതുന്നില്ല.

അൽക്ക: പക്ഷേ, എനിക്ക്‌ എന്റെ രാജ്യമാണ്‌ ഏറ്റവും വലുത്‌.

നീതു: ദൈവം കാണുന്നതുപോലെ കാര്യങ്ങളെ കാണാനാണ്‌ ഞാൻ ശ്രമിക്കുന്നത്‌. ബൈബിൾ പറയുന്നത്‌ ദൈവത്തിന്‌ പക്ഷപാതം ഇല്ലെന്നാണ്‌. എല്ലാ ദേശക്കാരെയും ദൈവം ഒരുപോലെ സ്‌നേഹിക്കുന്നു, അവന്‌ വേർതിരിവൊന്നുമില്ല. എന്റെ രാജ്യത്തെ ഞാൻ ആദരിക്കുന്നുണ്ടെങ്കിലും ദേശീയഗാനം പാടാത്തതും പതാകയെ വന്ദിക്കാത്തതും അതുകൊണ്ടാണ്‌.

അൽക്ക: അത്രയൊക്കെ വേണോ?

നീതു: ഇത്‌ എന്റെ മാത്രം നിലപാടല്ല. ഇത്തരം ഒരു നിലപാടെടുത്ത ചില യുവാക്കളെക്കുറിച്ച്‌ ബൈബിൾ പറയുന്നുണ്ട്‌. ഒരു ദേശീയചിഹ്നത്തെ വണങ്ങാൻ ആവശ്യപ്പെട്ടപ്പോൾ അവർ വഴങ്ങിയില്ല. കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയിട്ടും അവർ അതിനെ കുമ്പിട്ടില്ല.

അൽക്ക: ശരിക്കും? ഞാൻ അതിനെക്കുറിച്ചൊന്നും കേട്ടിട്ടില്ല.

നീതു: നിനക്ക്‌ ആ കഥ കേൾക്കണമെന്നുണ്ടെങ്കിൽ ഉച്ചയ്‌ക്ക്‌ പറഞ്ഞുതരാം.

രാഷ്‌ട്രീയം

മനു: റ്റോം, വോട്ടവകാശം ഉണ്ടായിരുന്നെങ്കിൽ നീ ആർക്ക്‌ വോട്ടുചെയ്യും?

റ്റോം: ആർക്കും ചെയ്യില്ല.

മനു: അതെന്താ?

റ്റോം: ഞാൻ വോട്ടുചെയ്‌തു കഴിഞ്ഞു.

മനു: അതിന്‌ നിനക്ക്‌ പ്രായപൂർത്തിയായിട്ടില്ലല്ലോ.

റ്റോം: പ്രായപൂർത്തിയായില്ലെങ്കിലും ഈ വോട്ടു ചെയ്യാം. ഏറ്റവും നല്ല ഗവണ്മെന്റിനാണ്‌ ഞാൻ എന്റെ വോട്ടു നൽകിയിരിക്കുന്നത്‌.

മനു: അത്‌ ഏതാ അങ്ങനെയൊരു ഗവണ്മെന്റ്‌?

റ്റോം: യേശുവിന്റെ ഗവണ്മെന്റാണത്‌. അവനെക്കാൾ നല്ലൊരു ഭരണാധികാരിയില്ല. അതിന്റെ കാരണം നിനക്ക്‌ അറിയാമോ?

മനു: എനിക്കതിലൊന്നും വലിയ താത്‌പര്യമില്ല.

റ്റോം: നിനക്ക്‌ എപ്പോഴെങ്കിലും താത്‌പര്യം തോന്നുകയാണെങ്കിൽ എന്നോടു ചോദിച്ചാൽ മതി.

[ചിത്രം]

“ജോയൽ, എന്റെ പിറന്നാളാണ്‌. നീ പാർട്ടിക്ക്‌ വരണം”

[3-ാം പേജിലെ ചിത്രം]

“നീ എന്താ ദേശീയഗാനം പാടാത്തത്‌?”