വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ഇപ്പോഴാകുന്നു ആ സുപ്രസാദകാലം!”

“ഇപ്പോഴാകുന്നു ആ സുപ്രസാദകാലം!”

“ഇപ്പോഴാകുന്നു ആ സുപ്രസാദകാലം!”

“ഇതാ, ഇപ്പോഴാകുന്നു ആ സുപ്രസാദകാലം! ഇപ്പോഴാകുന്നു രക്ഷാദിവസം!” —2 കൊരി. 6:2.

1. ഒരു സമയത്ത്‌ എന്തിനാണ്‌ മുൻഗണന നൽകേണ്ടതെന്ന്‌ അറിഞ്ഞിരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

‘എല്ലാറ്റിനും ഒരു സമയമുണ്ട്‌; ആകാശത്തിൻകീഴുള്ള സകലകാര്യത്തിനും ഒരു കാലം ഉണ്ട്‌.’ (സഭാ. 3:1) കൃഷിയോ യാത്രയോ കച്ചവടമോ എന്തുമാകട്ടെ, ഓരോന്നിനും ഓരോ സമയമുണ്ടെന്നും ആ സമയത്തുതന്നെ അത്‌ ചെയ്യേണ്ടതുണ്ടെന്നും പറയുകയായിരുന്നു ശലോമോൻ. അതിന്‌, ഒരു സമയത്ത്‌ ഏതു ജോലിയാണ്‌ ആദ്യം ചെയ്‌തുതീർക്കേണ്ടതെന്ന്‌ നമുക്കു തിരിച്ചറിയാൻ കഴിയണം. മറ്റു വാക്കുകളിൽ പറഞ്ഞാൽ ഏതിനാണ്‌ മുൻഗണന നൽകേണ്ടതെന്ന്‌ അറിഞ്ഞിരിക്കണം.

2. താൻ ജീവിക്കുന്ന കാലത്തിന്റെ സവിശേഷത യേശുവിന്‌ നന്നായി അറിയാമായിരുന്നു എന്ന്‌ എന്തു കാണിക്കുന്നു?

2 താൻ ജീവിക്കുന്ന കാലത്തിന്റെ സവിശേഷതയും താൻ ചെയ്യേണ്ട കാര്യങ്ങളും ഭൂമിയിലായിരിക്കെ യേശുവിനു നന്നായി അറിയാമായിരുന്നു. മിശിഹായെക്കുറിച്ചുള്ള പ്രവചനങ്ങൾ നിവൃത്തിയേറേണ്ട സമയം വന്നെത്തിയിരിക്കുന്നു എന്ന്‌ അവൻ തിരിച്ചറിഞ്ഞു. എന്തിനാണ്‌ മുൻഗണന നൽകേണ്ടതെന്ന കാര്യത്തിൽ അവന്‌ ഒട്ടും സംശയം ഉണ്ടായിരുന്നില്ല. (1 പത്രോ. 1:11; വെളി. 19:10) താനാണ്‌ വാഗ്‌ദത്ത മിശിഹാ എന്ന്‌ ആളുകൾക്കു മനസ്സിലാക്കിക്കൊടുക്കാൻ അവൻ പലതും ചെയ്യേണ്ടിയിരുന്നു. രാജ്യസത്യത്തിനു സമഗ്രസാക്ഷ്യം നൽകുക, ദൈവരാജ്യത്തിൽ തന്നോടൊപ്പം ഭരിക്കാനുള്ളവരെ തിരഞ്ഞെടുക്കുക എന്നിവയായിരുന്നു അവനുണ്ടായിരുന്ന മറ്റു ചില ദൗത്യങ്ങൾ. ഭൂമിയുടെ അറ്റത്തോളം പ്രസംഗ-ശിഷ്യരാക്കൽ വേല നിർവഹിക്കപ്പെടേണ്ടതിന്‌ ക്രിസ്‌തീയ സഭയും അവൻ സ്ഥാപിക്കേണ്ടതുണ്ടായിരുന്നു.—മർക്കോ. 1:15.

3. താൻ ജീവിക്കുന്ന കാലത്തെക്കുറിച്ചുള്ള അവബോധം യേശുവിനെ എങ്ങനെ സ്വാധീനിച്ചു?

3 ഈ തിരിച്ചറിവ്‌ യേശുവിന്റെ ജീവിതത്തെ ശക്തമായി സ്വാധീനിച്ചു. തന്റെ പിതാവിന്റെ ഹിതം തീക്ഷ്‌ണതയോടെ ചെയ്യാൻ അത്‌ അവന്‌ ഒരു പ്രചോദനമായിരുന്നു. ശിഷ്യന്മാരോടായി അവൻ പറഞ്ഞു: “കൊയ്‌ത്ത്‌ വളരെയുണ്ട്‌ സത്യം; വേലക്കാരോ ചുരുക്കം. അതുകൊണ്ട്‌ കൊയ്‌ത്തിലേക്കു വേലക്കാരെ അയയ്‌ക്കാൻ കൊയ്‌ത്തിന്റെ യജമാനനോടു യാചിക്കുവിൻ.” (ലൂക്കോ. 10:2; മലാ. 4:5, 6) തന്റെ ശിഷ്യന്മാരിൽനിന്ന്‌ ആദ്യം 12 പേരെയും പിന്നീട്‌ 70 പേരെയും തിരഞ്ഞെടുത്ത്‌ അവൻ അവർക്ക്‌ വ്യക്തമായ നിർദേശങ്ങൾ നൽകി. അതിനുശേഷം, “സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു” എന്ന ഉദ്വേഗജനകമായ സന്ദേശം അറിയിക്കാൻ അവൻ അവരെ പറഞ്ഞയച്ചു. യേശുവിന്റെ കാര്യമോ? “തന്റെ പന്ത്രണ്ടുശിഷ്യന്മാർക്കു നിർദേശങ്ങൾ നൽകിയശേഷം മറ്റു പട്ടണങ്ങളിൽ പഠിപ്പിക്കാനും പ്രസംഗിക്കാനുമായി അവൻ അവിടെനിന്നു പുറപ്പെട്ടു” എന്നു നാം വായിക്കുന്നു.—മത്താ. 10:5-7; 11:1; ലൂക്കോ. 10:1.

4. പൗലോസ്‌ ക്രിസ്‌തുവിനെ അനുകരിച്ചത്‌ എങ്ങനെയായിരുന്നു?

4 തീക്ഷ്‌ണതയുടെയും അർപ്പണബോധത്തിന്റെയും കാര്യത്തിൽ യേശു തന്റെ അനുഗാമികൾക്ക്‌ ഉത്തമ മാതൃകയായിരുന്നു. അതുകൊണ്ടാണ്‌ സഹക്രിസ്‌ത്യാനികളോട്‌ പൗലോസ്‌ അപ്പൊസ്‌തലൻ ഇങ്ങനെ പറഞ്ഞത്‌: “ഞാൻ ക്രിസ്‌തുവിന്റെ അനുകാരിയായിരിക്കുന്നതുപോലെ നിങ്ങൾ എന്റെ അനുകാരികളാകുവിൻ.” (1 കൊരി. 11:1) പൗലോസ്‌ ക്രിസ്‌തുവിനെ അനുകരിച്ചത്‌ എങ്ങനെയായിരുന്നു? പ്രസംഗവേലയിൽ അവൻ ഊർജസ്വലതയോടെ ഏർപ്പെട്ടു, തന്റെ പരമാവധി ചെയ്‌തു. ‘അലസരാകരുത്‌,’ “യഹോവയ്‌ക്കുവേണ്ടി അടിമവേല ചെയ്യുവിൻ,” “കർത്താവിന്റെ വേലയിൽ സദാ വ്യാപൃതരായിരിക്കുവിൻ,” “നിങ്ങൾ ചെയ്യുന്നതൊക്കെയും . . . യഹോവയ്‌ക്ക്‌ എന്നപോലെ മുഴുദേഹിയോടെ ചെയ്യുവിൻ” എന്നിങ്ങനെയുള്ള ഉദ്‌ബോധനങ്ങൾ പൗലോസിന്റെ ലേഖനങ്ങളിൽ നാം കാണുന്നു. (റോമ. 12:11; 1 കൊരി. 15:58; കൊലോ. 3:23) ദമസ്‌കൊസിലേക്കുള്ള വഴിയിൽവെച്ച്‌, കർത്താവായ യേശുക്രിസ്‌തു തന്നോടു സംസാരിച്ച സംഭവം പൗലോസിന്റെ മനസ്സിൽനിന്ന്‌ ഒരിക്കലും മാഞ്ഞുപോയില്ല. “വിജാതീയരുടെയും രാജാക്കന്മാരുടെയും ഇസ്രായേൽമക്കളുടെയും മുമ്പാകെ എന്റെ നാമം വഹിക്കാൻ ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന ഒരു പാത്രമാണ്‌ ഈ മനുഷ്യൻ” എന്ന്‌ പൗലോസിനെക്കുറിച്ച്‌ യേശു ശിഷ്യനായ അനന്യാസിനോടു പറഞ്ഞിരുന്നു. ഇക്കാര്യം പിന്നീട്‌ അനന്യാസ്‌ പൗലോസിനെ അറിയിച്ചിട്ടുണ്ടാകണം. യേശുവിന്റെ ആ വാക്കുകളും അവന്റെ മനസ്സിൽ എക്കാലവും പച്ചപിടിച്ചുനിന്നു.—പ്രവൃ. 9:15; റോമ. 1:1, 5; ഗലാ. 1:16.

“ആ സുപ്രസാദകാലം”

5. തീക്ഷ്‌ണതയോടെ ശുശ്രൂഷ നിർവഹിക്കാൻ പൗലോസിനെ പ്രേരിപ്പിച്ചത്‌ എന്താണ്‌?

5 ശുശ്രൂഷയിൽ പൗലോസ്‌ കാണിച്ച ശുഷ്‌കാന്തിയും ധൈര്യവും വിളിച്ചോതുന്ന വിവരണങ്ങൾ പ്രവൃത്തികളുടെ പുസ്‌തകത്തിൽ ധാരാളമുണ്ട്‌. (പ്രവൃ. 13:9, 10; 17:16, 17; 18:5) താൻ ജീവിച്ച കാലത്തിന്റെ പ്രാധാന്യം പൗലോസിന്‌ നന്നായി അറിയാമായിരുന്നു. അതുകൊണ്ട്‌ അവൻ ഇങ്ങനെ പറഞ്ഞു: “ഇതാ, ഇപ്പോഴാകുന്നു ആ സുപ്രസാദകാലം! ഇപ്പോഴാകുന്നു രക്ഷാദിവസം!” (2 കൊരി. 6:2) പണ്ട്‌ ബാബിലോണിൽ പ്രവാസത്തിലായിരുന്നവർക്ക്‌ ബി.സി. 537 സ്വദേശത്തേക്കു മടങ്ങാനുള്ള “സുപ്രസാദകാല”മായിരുന്നു. (യെശ. 49:8, 9) എന്നാൽ പൗലോസ്‌ പറഞ്ഞ “സുപ്രസാദകാലം” എന്താണ്‌? അതിനെക്കുറിച്ചു പറയുന്നതിനുമുമ്പ്‌ അവൻ പറഞ്ഞ കാര്യങ്ങൾ ഇതിലേക്കു വെളിച്ചം വീശുന്നു.

6, 7. ഇന്ന്‌ അഭിഷിക്ത ക്രിസ്‌ത്യാനികൾക്ക്‌ ഏതു വലിയ പദവി ലഭിച്ചിരിക്കുന്നു, ഈ വേലയിൽ അവരോടൊപ്പം സഹകരിച്ചു പ്രവർത്തിക്കുന്നത്‌ ആരാണ്‌?

6 തനിക്കും മറ്റ്‌ അഭിഷിക്ത ക്രിസ്‌ത്യാനികൾക്കും ലഭിച്ച മഹത്തായ ഒരു പദവിയെക്കുറിച്ച്‌ അതേ ലേഖനത്തിൽ പൗലോസ്‌ പറഞ്ഞിരുന്നു. (2 കൊരിന്ത്യർ 5:18-20 വായിക്കുക.) “അനുരഞ്‌ജനത്തിന്റെ ശുശ്രൂഷ” നിർവഹിക്കാൻ, അതായത്‌ “ദൈവവുമായി അനുരഞ്‌ജനപ്പെടുവിൻ” എന്ന്‌ ജനങ്ങളോട്‌ യാചിക്കാൻ, ഉള്ള പദവി ദൈവം തങ്ങളെ ഭരമേൽപ്പിച്ചിരിക്കുന്നതായി അവൻ വിശദീകരിച്ചു. ദൈവവുമായുള്ള സൗഹൃദം പുനഃസ്ഥാപിക്കുക എന്നാണ്‌ ‘അനുരഞ്‌ജനപ്പെടുക’ എന്നതുകൊണ്ട്‌ പൗലോസ്‌ ഉദ്ദേശിച്ചത്‌. ആകട്ടെ, അനുരഞ്‌ജനം ആവശ്യമായിവന്നത്‌ എന്തുകൊണ്ടാണ്‌?

7 ഏദെനിലെ മത്സരത്തെത്തുടർന്ന്‌ മുഴുമനുഷ്യവർഗവും യഹോവയിൽനിന്ന്‌ അകന്നുപോയി. (റോമ. 3:10, 23) ഫലമോ? അവർ ആത്മീയ അന്ധകാരത്തിലേക്ക്‌ കൂപ്പുകുത്തി. അങ്ങനെ കഷ്ടപ്പാടും മരണവും വന്നുഭവിച്ചു. “ഇന്നോളം സർവസൃഷ്ടിയും ഒന്നടങ്കം ഞരങ്ങി വേദനപ്പെട്ടിരിക്കുന്നു” എന്ന്‌ പൗലോസ്‌ എഴുതി. (റോമ. 8:22) എന്നാൽ തന്നിലേക്കു മടങ്ങിവരാൻ അഥവാ താനുമായി അനുരഞ്‌ജനപ്പെടാൻ മനുഷ്യരെ ഉദ്‌ബോധിപ്പിക്കുന്നതിന്‌, ‘യാചിക്കുന്നതിന്‌’ ദൈവം വേണ്ടതു ചെയ്‌തു. പൗലോസിനെയും അന്നുണ്ടായിരുന്ന അഭിഷിക്ത ക്രിസ്‌ത്യാനികളെയും അവൻ ഭരമേൽപ്പിച്ചത്‌ ഈ ദൗത്യമാണ്‌. യേശുവിൽ വിശ്വാസം അർപ്പിക്കുന്നവർക്ക്‌ “ആ സുപ്രസാദകാലം” “രക്ഷാദിവസം” ആയിത്തീരുമായിരുന്നു. എല്ലാ അഭിഷിക്ത ക്രിസ്‌ത്യാനികളും അവരുടെ സഹകാരികളായ “വേറെ ആടുകളും” ഈ “സുപ്രസാദകാലം” പ്രയോജനപ്പെടുത്താൻ ആളുകളെ ഇന്നും ക്ഷണിക്കുകയാണ്‌.—യോഹ. 10:16.

8. അനുരഞ്‌ജനപ്പെടാനുള്ള ക്ഷണത്തിന്റെ വിശേഷത എന്ത്‌?

8 അനുരഞ്‌ജനപ്പെടാനുള്ള ക്ഷണത്തിന്‌ ഒരു വിശേഷതയുണ്ട്‌: ഏദെനിൽവെച്ചു മത്സരിച്ച്‌, മനുഷ്യനാണ്‌ ദൈവത്തിൽനിന്ന്‌ അകന്നത്‌; പക്ഷേ, അറ്റുപോയ ആ ബന്ധം വിളക്കിച്ചേർക്കാൻ മുൻകൈയെടുത്തത്‌ ദൈവമാണ്‌. (1 യോഹ. 4:10, 19) അവൻ എന്തു ചെയ്‌തു? പൗലോസ്‌ ഉത്തരം നൽകുന്നു: “ദൈവം ലോകത്തെ ക്രിസ്‌തു മുഖാന്തരം താനുമായി അനുരഞ്‌ജിപ്പിച്ചുപോന്നു; അവരുടെ ലംഘനങ്ങൾ അവൻ കണക്കിലെടുത്തതുമില്ല. അനുരഞ്‌ജനത്തിന്റെ വചനം അവൻ ഞങ്ങളെ ഭരമേൽപ്പിച്ചിരിക്കുന്നു.”—2 കൊരി. 5:19; യെശ. 55:6.

9. ദൈവത്തിന്റെ കരുണയെ താൻ എത്രമാത്രം വിലമതിക്കുന്നു എന്നു കാണിക്കാൻ പൗലോസ്‌ എന്തു ചെയ്‌തു?

9 മറുവിലയ്‌ക്കു വേണ്ട ക്രമീകരണങ്ങൾ ചെയ്‌തുകൊണ്ട്‌, അതിൽ വിശ്വാസം അർപ്പിക്കുന്നവരുടെ പാപങ്ങൾ മോചിക്കാനും താനുമായുള്ള സൗഹൃദം പുനഃസ്ഥാപിക്കാനും യഹോവ വഴിയൊരുക്കി. മാത്രമല്ല താനുമായി സമാധാനസന്ധി ചെയ്യാൻ എല്ലായിടത്തുമുള്ള ആളുകളെ പ്രേരിപ്പിക്കുന്നതിന്‌ അവൻ തന്റെ പ്രതിനിധികളെ അയയ്‌ക്കുകയും ചെയ്‌തു. (1 തിമൊഥെയൊസ്‌ 2:3-7എ വായിക്കുക.) ദൈവത്തിന്റെ ഹിതം മനസ്സിലാക്കുകയും താൻ ജീവിക്കുന്ന കാലത്തിന്റെ പ്രത്യേകത തിരിച്ചറിയുകയും ചെയ്‌തതിനാൽ പൗലോസ്‌ “അനുരഞ്‌ജനത്തിന്റെ ശുശ്രൂഷ”യിൽ തീക്ഷ്‌ണതയോടെ ഏർപ്പെട്ടു. യഹോവയുടെ ഹിതത്തിന്‌ മാറ്റം വന്നിട്ടില്ല. അനുരഞ്‌ജനത്തിന്റെ വാതിൽ അവൻ ഇന്നും തുറന്നിട്ടിരിക്കുന്നു. “ഇപ്പോഴാകുന്നു ആ സുപ്രസാദകാലം! ഇപ്പോഴാകുന്നു രക്ഷാദിവസം” എന്ന വാക്കുകൾ ഇന്നും അർഥവത്താണ്‌. എത്ര കരുണാമയനും ദയാലുവുമാണ്‌ യഹോവയാംദൈവം!—പുറ. 34:6, 7.

‘വ്യർഥമാക്കിക്കളയരുത്‌’

10. ആദിമകാലത്തും ഇന്നുമുള്ള അഭിഷിക്ത ക്രിസ്‌ത്യാനികൾ ‘രക്ഷാദിവസത്തെ’ എങ്ങനെ വീക്ഷിച്ചിരിക്കുന്നു?

10 ദൈവത്തിന്റെ ഈ കൃപയിൽനിന്ന്‌ ആദ്യം പ്രയോജനം നേടിയത്‌ “ക്രിസ്‌തുവിനോട്‌ ഏകീഭവിച്ചിരിക്കുന്ന”വരാണ്‌. (2 കൊരി. 5:17, 18) എ.ഡി. 33-ലെ പെന്തെക്കൊസ്‌തിലാണ്‌ അവരുടെ “രക്ഷാദിവസം” ആരംഭിച്ചത്‌. “അനുരഞ്‌ജനത്തിന്റെ വചനം” പ്രസംഗിക്കാനുള്ള ഉത്തരവാദിത്വം അന്നുമുതൽ അവരിൽ നിക്ഷിപ്‌തമായി. അഭിഷിക്ത ക്രിസ്‌ത്യാനികളിൽ ശേഷിച്ചിരിക്കുന്നവർ ഇന്നും ഈ “അനുരഞ്‌ജനത്തിന്റെ ശുശ്രൂഷ” നിർവഹിക്കുന്നു. യോഹന്നാൻ അപ്പൊസ്‌തലൻ പ്രാവചനിക ദർശനത്തിൽ കണ്ട നാലുദൂതന്മാർ, ഭൂമിയുടെമേൽ “വീശാതിരിക്കേണ്ടതിന്‌ ഭൂമിയിലെ നാലുകാറ്റും” പിടിച്ചുനിറുത്തിയിരിക്കുന്നു എന്ന വസ്‌തുത അവർക്ക്‌ അറിയാം. അതെ, നാം ഇന്നും ‘രക്ഷാദിവസത്തിലാണ്‌,’ ഇത്‌ ഇപ്പോഴും ‘സുപ്രസാദകാലമാണ്‌.’ (വെളി. 7:1-3) ഇക്കാരണത്താൽ 20-ാം നൂറ്റാണ്ടിന്റെ തുടക്കംമുതൽ അഭിഷിക്തശേഷിപ്പ്‌ ഭൂമിയുടെ അറ്റത്തോളം തീക്ഷ്‌ണതയോടെ “അനുരഞ്‌ജനത്തിന്റെ ശുശ്രൂഷ” നിർവഹിച്ചിരിക്കുന്നു.

11, 12. തങ്ങൾ ജീവിക്കുന്ന കാലത്തിന്റെ സവിശേഷത തിരിച്ചറിഞ്ഞിരിക്കുന്നു എന്ന്‌ 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അഭിഷിക്ത ക്രിസ്‌ത്യാനികൾ തെളിയിച്ചത്‌ എങ്ങനെ? (15-ാം പേജിലെ ചിത്രം കാണുക.)

11 ഉദാഹരണത്തിന്‌, 19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, “തങ്ങൾ ജീവിക്കുന്നത്‌ കൊയ്‌ത്തുകാലത്താണെന്നും ആളുകൾ വിമോചനമേകുന്ന സത്യം അറിയേണ്ടതുണ്ടെന്നും റസ്സൽ സഹോദരനും അദ്ദേഹത്തിന്റെ സഹകാരികളും ഉറച്ചുവിശ്വസിച്ചിരുന്നു” എന്ന്‌ യഹോവയുടെ സാക്ഷികൾ—ദൈവരാജ്യ ഘോഷകർ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നു. അവർ അതിനുവേണ്ടി എന്തു ചെയ്‌തു? ഇത്‌ “സുപ്രസാദകാലം” അഥവാ കൊയ്‌ത്തുകാലം ആണെന്നു മനസ്സിലാക്കിയ ആ സഹോദരങ്ങൾ യോഗങ്ങൾക്ക്‌ ആളുകളെ ക്ഷണിച്ചതുകൊണ്ടുമാത്രം തൃപ്‌തിപ്പെട്ടില്ല. ക്രൈസ്‌തവ ലോകത്തിലെ പുരോഹിതന്മാർ അതാണ്‌ കാലങ്ങളായി ചെയ്‌തുപോന്നിരുന്നത്‌. സുവാർത്ത വ്യാപിപ്പിക്കാൻ ആ അഭിഷിക്ത ക്രിസ്‌ത്യാനികൾ മറ്റു വഴികൾ അന്വേഷിക്കാൻതുടങ്ങി. തങ്ങളുടെ വേല മുന്നോട്ടു കൊണ്ടുപോകാൻ അവർ അത്യാധുനിക സാങ്കേതികവിദ്യകളും പ്രയോജനപ്പെടുത്തി.

12 ഏതാനും പേരടങ്ങുന്ന തീക്ഷ്‌ണതയുള്ള ശുശ്രൂഷകരുടെ ആ സംഘം രാജ്യസുവാർത്ത പ്രചരിപ്പിക്കാൻ ലഘുലേഖകളും ചെറുപുസ്‌തകങ്ങളും മാസികകളും പുസ്‌തകങ്ങളും ഉപയോഗിച്ചു. പ്രഭാഷണങ്ങളും ലേഖനങ്ങളും തയ്യാറാക്കി അവർ ആയിരക്കണക്കിന്‌ ദിനപത്രങ്ങൾക്ക്‌ അയച്ചുകൊടുത്തു. ദേശീയ, അന്തർദേശീയ റേഡിയോനിലയങ്ങളിലൂടെ ആത്മീയ പരിപാടികൾ പ്രക്ഷേപണംചെയ്‌തു. സിനിമാവ്യവസായം പൊതുജനങ്ങൾക്കു മുന്നിൽ ശബ്ദത്തോടുകൂടിയ ചലച്ചിത്രങ്ങൾ എത്തിക്കുന്നതിനു മുമ്പുതന്നെ ചലിക്കുന്ന ചിത്രങ്ങളും ശബ്ദവും കോർത്തിണക്കി അവർ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചു. ഈ തീവ്രമായ പരിശ്രമംകൊണ്ട്‌ എന്തു നേട്ടം ഉണ്ടായി? “ദൈവവുമായി അനുരഞ്‌ജനപ്പെടുവിൻ” എന്ന സന്ദേശത്തോടു പ്രതികരിച്ച്‌ അത്‌ പ്രതിധ്വനിപ്പിക്കുന്ന ആളുകൾ ഇന്ന്‌ ഏതാണ്ട്‌ 70 ലക്ഷത്തിലധികമായി തീർന്നിരിക്കുന്നു! അതെ, ആ ആദിമകാല ദൈവദാസന്മാർ പരിമിതികൾക്കുമധ്യേയും തീക്ഷ്‌ണതയോടെ പ്രവർത്തിച്ചു.

13. ഏതു ദൈവോദ്ദേശ്യത്തിനു ചേർച്ചയിൽ നാം പ്രവർത്തിക്കണം?

13 “ഇപ്പോഴാകുന്നു ആ സുപ്രസാദകാലം” എന്ന പൗലോസിന്റെ വാക്കുകൾ ഇന്നും സത്യമാണ്‌. അനുരഞ്‌ജനത്തിന്റെ സന്ദേശം കേൾക്കാനും അതു സ്വീകരിക്കാനും അവസരം നൽകി കൃപ കാണിച്ച യഹോവയോടു നമുക്ക്‌ നന്ദിയുണ്ട്‌. എന്നാൽ അതുകൊണ്ടു മാത്രമായോ? ‘നിങ്ങൾക്കു ലഭിച്ച ദൈവകൃപ വ്യർഥമാക്കിക്കളയരുതെന്ന്‌ ഞങ്ങൾ നിങ്ങളോട്‌ അപേക്ഷിക്കുന്നു’ എന്ന പൗലോസിന്റെ വാക്കുകൾ നാം ഗൗരവമായി എടുക്കണം. (2 കൊരി. 6:1) അതായത്‌, ‘ലോകത്തെ ക്രിസ്‌തു മുഖാന്തരം താനുമായി അനുരഞ്‌ജിപ്പിക്കുക’ എന്ന ദൈവോദ്ദേശ്യത്തിനു ചേർച്ചയിൽ നാം പ്രവർത്തിക്കണം.—2 കൊരി. 5:19.

14. പല രാജ്യങ്ങളിലും എന്തു മാറ്റം ദൃശ്യമാണ്‌?

14 ഭൂരിപക്ഷം ആളുകളെയും സാത്താൻ ഇന്ന്‌ അന്ധരാക്കിയിരിക്കുകയാണ്‌. ദൈവത്തിൽനിന്ന്‌ അകന്നവരും ദൈവകൃപയെക്കുറിച്ച്‌, അതിന്റെ ഉദ്ദേശ്യത്തെക്കുറിച്ച്‌ അറിയാത്തവരും ആണ്‌ അവർ. (2 കൊരി. 4:3, 4; 1 യോഹ. 5:19) വഷളായിക്കൊണ്ടിരിക്കുന്ന ലോകാവസ്ഥ ഇന്ന്‌ പലരെയും പിടിച്ചുലയ്‌ക്കുന്നു; മനുഷ്യർ ദൈവത്തിൽനിന്ന്‌ അകന്നുപോയതുകൊണ്ടാണ്‌ ഈ കഷ്ടപ്പാടും ദുഷ്ടതയുമെല്ലാം ഭൂമിയിലുള്ളതെന്ന്‌ അറിയുമ്പോൾ അവർ രാജ്യസന്ദേശം സ്വീകരിക്കുന്നു. നമ്മുടെ സന്ദേശത്തോടു താത്‌പര്യം കാണിക്കുന്ന ആളുകൾ കുറവായിരുന്ന പല രാജ്യങ്ങളിലും ഇപ്പോൾ പലരും നമ്മെ ശ്രദ്ധിക്കുകയും ദൈവവുമായി അനുരഞ്‌ജനപ്പെടാൻ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്‌. ഇതെല്ലാം കാണിക്കുന്നത്‌, “ദൈവവുമായി അനുരഞ്‌ജനപ്പെടുവിൻ” എന്ന്‌ മുമ്പെന്നത്തെക്കാൾ അധികം തീക്ഷ്‌ണതയോടെ ഘോഷിക്കേണ്ട സമയമാണിത്‌ എന്നല്ലേ?

15. ആശ്വാസമേകുന്ന ഒരു സന്ദേശം പ്രസംഗിക്കുന്നതിലുപരി സകലമനുഷ്യരും എന്ത്‌ അറിയണമെന്നാണ്‌ നാം ആഗ്രഹിക്കുന്നത്‌?

15 ദൈവത്തിലേക്കു തിരിഞ്ഞാൽ പ്രശ്‌നങ്ങൾക്കു പരിഹാരം ഉണ്ടാകും, മനശ്ശാന്തി ലഭിക്കും എന്നു കരുതിയാണ്‌ പലരും പള്ളിയിലും മറ്റും പോകുന്നത്‌; പള്ളിക്കാരാകട്ടെ ആളുകളുടെ ഈ ആഗ്രഹം മുതലെടുക്കുകയും ചെയ്യുന്നു. (2 തിമൊ. 4:3, 4) പ്രശ്‌നങ്ങൾ അനുഭവിക്കുന്ന ആളുകൾക്ക്‌ ആശ്വാസം പകരുന്ന ഒരു സന്ദേശമാണ്‌ നാം പ്രസംഗിക്കുന്നതെങ്കിലും നമ്മുടെ മുഖ്യസന്ദേശം മറ്റൊന്നാണ്‌. സ്‌നേഹവാനായ യഹോവ ക്രിസ്‌തുവിന്റെ മറുവിലയുടെ അടിസ്ഥാനത്തിൽ നമ്മുടെ പാപങ്ങൾ ക്ഷമിക്കാൻ ഒരുക്കമാണെന്നുള്ള സുവാർത്തയാണ്‌ മുഖ്യമായി നാം ആളുകളെ അറിയിക്കുന്നത്‌. ദൈവത്തിൽനിന്ന്‌ അകന്നുകഴിയുന്ന വ്യക്തികൾക്ക്‌ അങ്ങനെ അവനുമായി അനുരഞ്‌ജനപ്പെടാനാകും. (റോമ. 5:10; 8:32) എന്നാൽ ഈ “സുപ്രസാദകാലം” വൈകാതെ അവസാനിക്കും എന്ന കാര്യം മറക്കരുത്‌.

“ആത്മാവിൽ ജ്വലിക്കുന്നവരാകുവിൻ”

16. പൗലോസിന്റെ തീക്ഷ്‌ണതയ്‌ക്കും ധൈര്യത്തിനും പിന്നിൽ പ്രവർത്തിച്ചത്‌ എന്താണ്‌?

16 അങ്ങനെയെങ്കിൽ നമുക്കെങ്ങനെ തീക്ഷ്‌ണത വളർത്തിയെടുക്കുകയും അത്‌ കുറഞ്ഞുപോകാതെ സൂക്ഷിക്കുകയും ചെയ്യാം? ചിലർ ലജ്ജാശീലമുള്ളവരോ അധികം സംസാരിക്കാത്ത പ്രകൃതക്കാരോ ആണ്‌. അതുകൊണ്ടുതന്നെ ആളുകളുമായി ഇടപഴകാനും അവരോടു തുറന്നു സംസാരിക്കാനും അവർക്കു ബുദ്ധിമുട്ടായിരിക്കും. എന്നാൽ ഇതു മനസ്സിൽപ്പിടിക്കുക: തീക്ഷ്‌ണത എന്നത്‌ വെറും ആവേശപ്രകടനമല്ല, അത്‌ ഒരാളുടെ വ്യക്തിത്വത്തെ ആശ്രയിച്ചിരിക്കുന്നുമില്ല. എങ്കിൽപ്പിന്നെ ഒരുവന്‌ അത്‌ എങ്ങനെ നേടാനാകും? “ആത്മാവിൽ ജ്വലിക്കുന്നവരാകുവിൻ” എന്നു പറഞ്ഞപ്പോൾ പൗലോസ്‌ അതിനുള്ള ഉത്തരം നൽകുകയായിരുന്നു. (റോമ. 12:11) പ്രസംഗവേലയിൽ ധൈര്യം കാണിക്കാനും സഹിഷ്‌ണുതയോടെ തുടരാനും പൗലോസിനെ മുഖ്യമായും സഹായിച്ചത്‌ പരിശുദ്ധാത്മാവാണ്‌. യേശു പൗലോസിനെ തിരഞ്ഞെടുത്ത നാൾമുതൽ അവൻ തടവിലായി റോമിൽവെച്ചു വധിക്കപ്പെടുന്നതുവരെയുള്ള മുപ്പതിലധികം വർഷം അവന്റെ തീക്ഷ്‌ണത ജ്വലിച്ചുതന്നെനിന്നു. സഹായത്തിനായി അവൻ എപ്പോഴും ദൈവത്തിലേക്കു തിരിഞ്ഞു. പരിശുദ്ധാത്മാവിലൂടെ ദൈവം അവനെ ശക്തിപ്പെടുത്തി. പൗലോസ്‌ ഇങ്ങനെ എഴുതി: “എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം സകലവും ചെയ്യാൻ ഞാൻ പ്രാപ്‌തനാണ്‌.” (ഫിലി. 4:13) അവന്റെ മാതൃക അനുകരിക്കുന്നെങ്കിൽ നമുക്കും തീക്ഷ്‌ണത ഉള്ളവരായിരിക്കാൻ കഴിയും!

17. നമുക്കെങ്ങനെ ‘ആത്മാവിൽ ജ്വലിക്കുന്നവരായിരിക്കാൻ’ കഴിയും?

17 “ജ്വലിക്കുന്ന” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന വാക്കിന്റെ അക്ഷരാർഥം “തിളയ്‌ക്കുന്ന” എന്നാണ്‌. (കിങ്‌ഡം ഇന്റർലീനിയർ) ഒരു പാത്രത്തിൽ വെള്ളം തിളച്ചുകൊണ്ടിരിക്കണമെങ്കിൽ അതിന്റെ അടിയിൽ എപ്പോഴും തീയുണ്ടായിരിക്കണം. അതുപോലെ നാം ‘ആത്മാവിൽ ജ്വലിക്കുന്നവരായിരിക്കണമെങ്കിൽ’ നമ്മിൽ എപ്പോഴും ദൈവാത്മാവിന്റെ ഒഴുക്കുണ്ടായിരിക്കണം. അതിന്‌, നമ്മെ ആത്മീയമായി കരുത്തുറ്റവരാക്കാൻ യഹോവ നൽകുന്ന സഹായങ്ങളെല്ലാം നാം പ്രയോജനപ്പെടുത്തേണ്ടതുണ്ട്‌. അതിന്റെ അർഥം നാം കുടുംബാരാധനയും സഭായോഗങ്ങളും ഗൗരവമായി കാണണം എന്നാണ്‌. അതായത്‌, പ്രാർഥനയും വ്യക്തിപരമായ പഠനവും കുടുംബം ഒന്നിച്ചുള്ള പഠനവും സഹക്രിസ്‌ത്യാനികളോടൊപ്പമുള്ള കൂടിവരവുകളുമൊന്നും നാം മുടക്കരുത്‌. ‘ആത്മാവിൽ ജ്വലിക്കുന്നവരായിരിക്കാൻ,’ ‘തിളച്ചുകൊണ്ടിരിക്കാൻ’ വേണ്ട ‘തീ’ നമുക്ക്‌ അങ്ങനെ ലഭിക്കും.—പ്രവൃത്തികൾ 4:20; 18:25 വായിക്കുക.

18. യഹോവയ്‌ക്കു സ്വയം അർപ്പിച്ചിരിക്കുന്നവരായ നമ്മുടെ ലക്ഷ്യം എന്തായിരിക്കണം?

18 അർപ്പണബോധമുള്ള ഒരു വ്യക്തിയുടെ ശ്രദ്ധമുഴുവൻ തന്റെ ലക്ഷ്യം നേടുന്നതിലായിരിക്കും. അതിൽനിന്ന്‌ ആ വ്യക്തി എളുപ്പം വ്യതിചലിക്കില്ല. യഹോവയ്‌ക്ക്‌ സ്വയം അർപ്പിച്ചിരിക്കുന്ന നമ്മുടെ ലക്ഷ്യം അവൻ ആവശ്യപ്പെടുന്നതെല്ലാം ചെയ്യുക എന്നതാണ്‌, യേശു ചെയ്‌തതുപോലെ. (എബ്രാ. 10:7) പരമാവധി ആളുകൾ താനുമായി അനുരഞ്‌ജനപ്പെടണം എന്നതാണ്‌ യഹോവയുടെ ആഗ്രഹം. അതുകൊണ്ട്‌ യേശുവിന്റെയും പൗലോസിന്റെയും മാതൃക അനുകരിച്ചുകൊണ്ട്‌, അടിയന്തിരമായി ചെയ്‌തുതീർക്കേണ്ട സർവപ്രധാനമായ ഈ വേലയിൽ നമുക്ക്‌ തീക്ഷ്‌ണതയോടെ ഏർപ്പെടാം!

ഓർമിക്കുന്നുവോ?

• പൗലോസിനെയും മറ്റ്‌ അഭിഷിക്ത ക്രിസ്‌ത്യാനികളെയും ഏൽപ്പിച്ച “അനുരഞ്‌ജനത്തിന്റെ ശുശ്രൂഷ” ഏതാണ്‌?

• അഭിഷിക്ത ശേഷിപ്പ്‌ “സുപ്രസാദകാലം” പരമാവധി പ്രയോജനപ്പെടുത്തിയിരിക്കുന്നത്‌ എങ്ങനെ?

• ക്രിസ്‌തീയ ശുശ്രൂഷകരായ നമുക്കെങ്ങനെ ‘ആത്മാവിൽ ജ്വലിക്കുന്നവരായിരിക്കാൻ’ കഴിയും?

[അധ്യയന ചോദ്യങ്ങൾ]

[12-ാം പേജിലെ ചിത്രം]

യേശുക്രിസ്‌തു തന്നോടു സംസാരിച്ച സംഭവം പൗലോസിന്റെ മനസ്സിൽനിന്ന്‌ മാഞ്ഞുപോയില്ല