വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

“മനുഷ്യനിൽ എന്റെ ആത്മാവു സദാകാലവും വാദിച്ചുകൊണ്ടിരിക്കയില്ല; അവൻ ജഡം തന്നേയല്ലോ; എങ്കിലും അവന്റെ കാലം നൂറ്റിരുപതു സംവത്സരമാകും” എന്ന്‌ ഉല്‌പത്തി 6:3-ൽ നാം വായിക്കുന്നു. യഹോവ മനുഷ്യന്റെ ആയുസ്സ്‌ 120 വർഷമായി ചുരുക്കുകയായിരുന്നോ? പ്രളയത്തെക്കുറിച്ച്‌ നോഹ 120 വർഷം പ്രസംഗിച്ചെന്നാണോ?

രണ്ടു ചോദ്യങ്ങൾക്കും “അല്ല” എന്നാണ്‌ ഉത്തരം.

പ്രളയത്തിനു മുമ്പുള്ള കാലങ്ങളിൽ നൂറ്റാണ്ടുകളോളം ജീവിച്ച മനുഷ്യരുണ്ടായിരുന്നു. നോഹയ്‌ക്ക്‌ 600 വയസ്സുള്ളപ്പോഴാണ്‌ പ്രളയം ഉണ്ടാകുന്നത്‌. അതിനുശേഷം 950 വയസ്സുവരെ അവൻ ജീവിച്ചു. (ഉല്‌പ. 7:6; 9:29) പ്രളയത്തിനുശേഷം ജനിച്ചവരിൽപ്പോലും 120 വർഷത്തിലധികം ജീവിച്ചവരുണ്ട്‌. അർപ്പക്ഷാദ്‌ മരിച്ചത്‌ 438-ാം വയസ്സിലാണ്‌. ശാലഹ്‌ ആകട്ടെ 433 വർഷം ജീവിച്ചു. (ഉല്‌പ. 11:10-15) പക്ഷേ മോശയുടെ കാലമായപ്പോഴേക്കും ആയുർദൈർഘ്യം 70 അല്ലെങ്കിൽ 80 ആയി ചുരുങ്ങി. (സങ്കീ. 90:10) അതുകൊണ്ട്‌, മനുഷ്യന്റെ ആയുർദൈർഘ്യം 120 വർഷമായി ദൈവം വെട്ടിച്ചുരുക്കി എന്ന്‌ ഉല്‌പത്തി 6:3-ലെ വാക്കുകൾ സൂചിപ്പിക്കുന്നില്ല.

ഇനി, 120 വർഷം കഴിഞ്ഞുവരാനിരിക്കുന്ന നാശത്തെക്കുറിച്ചു മുന്നറിയിപ്പു നൽകാൻ ഉല്‌പത്തി 6:3-ൽ ദൈവം നോഹയ്‌ക്കു നിർദേശം നൽകുകയായിരുന്നോ? അല്ല. ദൈവം പല അവസരങ്ങളിലും നോഹയോടു സംസാരിച്ചിരുന്നു എന്നതു ശരിതന്നെ. അതേ അധ്യായത്തിന്റെതന്നെ 13-ാം വാക്യം ഇങ്ങനെ പറയുന്നു: “ദൈവം നോഹയോടു കല്‌പിച്ചതെന്തെന്നാൽ: സകലജഡത്തിന്റെയും അവസാനം എന്റെ മുമ്പിൽ വന്നിരിക്കുന്നു.” വർഷങ്ങൾക്കുശേഷം നോഹ പെട്ടകംപണി എന്ന അതിബൃഹത്തായ വേല പൂർത്തിയാക്കിക്കഴിഞ്ഞും യഹോവ അവനോടു സംസാരിച്ചതായി നാം വായിക്കുന്നു: “യഹോവ നോഹയോടു കല്‌പിച്ചതെന്തെന്നാൽ: നീയും സർവ്വകുടുംബവുമായി പെട്ടകത്തിൽ കടക്ക.” (ഉല്‌പ. 7:1) നോഹയോട്‌ യഹോവ സംസാരിച്ച സന്ദർഭങ്ങൾ വേറെയുമുണ്ട്‌.—ഉല്‌പ. 8:15; 9:1, 8, 17.

എന്നാൽ ഉല്‌പത്തി 6:3-ൽ യഹോവ നോഹയോടു സംസാരിക്കുകയായിരുന്നില്ല. വാസ്‌തവത്തിൽ, നോഹയെക്കുറിച്ച്‌ അവിടെ ഒരു പരാമർശവുമില്ല. മറിച്ച്‌, തന്റെ ഉദ്ദേശ്യത്തെ അഥവാ തീരുമാനത്തെ കുറിച്ച്‌ ദൈവം ഒരു പ്രസ്‌താവനനടത്തുകയായിരുന്നു അവിടെ. (ഉല്‌പത്തി 8:21 താരതമ്യം ചെയ്യുക.) ആദാമിനെ സൃഷ്ടിക്കുന്നതിന്‌ ഏറെക്കാലം മുമ്പുള്ള സംഭവങ്ങളെക്കുറിച്ചു പറയുമ്പോഴും, “എന്നു ദൈവം കല്‌പിച്ചു” എന്ന പ്രസ്‌താവന നാം കാണുന്നു. (ഉല്‌പ. 1:6, 9, 15, 20, 24) യഹോവ ഭൂമിയിലുള്ള ആരോടെങ്കിലും സംസാരിക്കുകയായിരുന്നില്ല എന്നതു വ്യക്തം, അന്ന്‌ ഭൂമിയിൽ മനുഷ്യരാരും ഉണ്ടായിരുന്നില്ലല്ലോ!

ഇതിൽനിന്ന്‌ ഉല്‌പത്തി 6:3-നെക്കുറിച്ച്‌ നമുക്ക്‌ എന്തു മനസ്സിലാക്കാം? ഭൂമിയിലെ ദുഷ്ടത തുടച്ചുനീക്കാനുള്ള തന്റെ തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു യഹോവ അവിടെ. 120 വർഷത്തിനുള്ളിൽ ആ വിധി നടപ്പാക്കാൻ യഹോവ തീരുമാനിച്ചിരുന്നു; അന്ന്‌ നോഹയ്‌ക്ക്‌ പക്ഷേ അക്കാര്യം അറിയില്ലായിരുന്നു. ദൈവം അത്രയും നീണ്ട കാലം കാത്തിരുന്നത്‌ എന്തുകൊണ്ടാണ്‌?

പത്രോസ്‌ അപ്പൊസ്‌തലൻ അതിന്റെ കാരണം വ്യക്തമാക്കി. ‘പണ്ട്‌ നോഹയുടെ കാലത്തു പെട്ടകം പണിയുന്ന സമയത്ത്‌ ദൈവം ക്ഷമയോടെ കാത്തിരുന്നു’ എന്നും “ആ പെട്ടകത്തിലുണ്ടായിരുന്ന അൽപ്പജനം, എന്നുവെച്ചാൽ എട്ടുപേർ, വെള്ളത്തിൽക്കൂടി രക്ഷ പ്രാപിച്ചു” എന്നും അവൻ എഴുതി. (1 പത്രോ. 3:20) അതെ, 120 വർഷംമുമ്പ്‌ ദൈവം തന്റെ തീരുമാനം പ്രഖ്യാപിച്ചപ്പോൾ, പൂർത്തിയാകേണ്ട പല കാര്യങ്ങളും ഉണ്ടായിരുന്നു. ദൈവം അതു പ്രഖ്യാപിച്ച്‌ ഏതാണ്ട്‌ 20 വർഷം കഴിഞ്ഞാണ്‌ നോഹയ്‌ക്ക്‌ മക്കളുണ്ടാകുന്നത്‌. (ഉല്‌പ. 5:32; 7:6) അവന്റെ മൂന്നുമക്കൾ വളർന്ന്‌ വിവാഹം കഴിച്ചപ്പോൾ ആ കുടുംബത്തിന്റെ അംഗസംഖ്യ ‘എട്ട്‌’ ആയി. പിന്നീട്‌ അവർക്ക്‌ പെട്ടകം പണിയേണ്ടതുണ്ടായിരുന്നു. പെട്ടകത്തിന്റെ വലുപ്പവും നോഹയുടെ കുടുംബാംഗങ്ങളുടെ എണ്ണവും കണക്കിലെടുക്കുമ്പോൾ അത്‌ എളുപ്പം പൂർത്തിയാക്കാവുന്ന ഒരു വേലയായിരുന്നില്ല. അതെ, ദൈവം 120 വർഷം ക്ഷമയോടെ കാത്തിരുന്നതിന്‌ തക്ക കാരണങ്ങളുണ്ടായിരുന്നു. മുകളിൽപ്പറഞ്ഞ കാര്യങ്ങളെല്ലാം സാധിക്കാനും ജീവൻ സംരക്ഷിക്കാൻവേണ്ടതെല്ലാം ഒരുക്കാനും മതിയായ സമയം അങ്ങനെ ലഭിച്ചു; വിശ്വസ്‌തരായ എട്ടുപേർക്ക്‌ ‘വെള്ളത്തിൽക്കൂടി രക്ഷ പ്രാപിക്കാനും’ കഴിഞ്ഞു.

ജലപ്രളയം വരുമെന്ന്‌ യഹോവ നോഹയോട്‌ ഏതു വർഷമാണ്‌ പറഞ്ഞതെന്ന്‌ ബൈബിളിൽ കാണുന്നില്ല. നോഹയുടെ പുത്രന്മാർ ജനിച്ച്‌ വളർന്ന്‌ വിവാഹം കഴിച്ചശേഷം, സാധ്യതയനുസരിച്ച്‌ ജലപ്രളയത്തിന്‌ 40-ഓ 50-ഓ വർഷമേ ശേഷിച്ചിരുന്നുള്ളൂ. “സകലജഡത്തിന്റെയും അവസാനം എന്റെ മുമ്പിൽ വന്നിരിക്കുന്നു” എന്ന്‌ അപ്പോൾ യഹോവ നോഹയോടു പറഞ്ഞു. ഒരു വലിയ പെട്ടകം പണിയണമെന്നും കുടുംബസമേതം അതിൽ കയറണമെന്നും ദൈവം അവനോടു കൽപ്പിച്ചു. (ഉല്‌പ. 6:13-18) നീതിമാനായി ജീവിച്ച്‌ മറ്റുള്ളവർക്കു മാതൃകയായിരുന്ന നോഹ പിന്നീടുള്ള വർഷങ്ങളിൽ ഒരു “നീതിപ്രസംഗി” കൂടിയായിരുന്നു. അവനു പ്രഖ്യാപിക്കാൻ വ്യക്തമായ ഒരു മുന്നറിയിപ്പ്‌ ഉണ്ടായിരുന്നു: അഭക്തരായ മനുഷ്യരെ നശിപ്പിക്കാൻ ദൈവം തീരുമാനിച്ചിരിക്കുന്നു! ഏതു വർഷമായിരിക്കും അത്‌ സംഭവിക്കുക എന്ന്‌ ഏറെക്കാലംമുമ്പ്‌ നോഹയ്‌ക്ക്‌ അറിയില്ലായിരുന്നെങ്കിലും അത്‌ സംഭവിക്കും എന്ന്‌ അവന്‌ ഉറപ്പായിരുന്നു. ആ വിശ്വാസം വെറുതെയായില്ല!—2 പത്രോ. 2:5.