വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അവൻ യഹോവയോട്‌ കരുണയ്‌ക്കായി യാചിച്ചു

അവൻ യഹോവയോട്‌ കരുണയ്‌ക്കായി യാചിച്ചു

ദൈവ​ത്തോട്‌ അടുത്തു​ചെ​ല്ലു​ക

അവൻ യഹോ​വ​യോട്‌ കരുണ​യ്‌ക്കാ​യി യാചിച്ചു

ദൈവ​ഭ​ക്തി​യുള്ള ഒരു കുടും​ബ​ത്തി​ലാണ്‌ അയാൾ വളർന്നത്‌. പക്ഷേ, ദൈവി​ക​നി​ല​വാ​ര​ങ്ങളെ പുറന്തള്ളി അയാൾ സ്വന്ത ഇഷ്ടപ്ര​കാ​രം ജീവിച്ചു. പിന്നീട്‌, തിരി​ഞ്ഞു​വ​രാ​നുള്ള നടപടി​കൾ സ്വീക​രി​ച്ചെ​ങ്കി​ലും ദൈവം തന്നോടു ക്ഷമിക്കില്ല എന്നായി​രു​ന്നു അയാളു​ടെ ചിന്ത. “എനിക്ക്‌ വല്ലാത്ത ആത്മനിന്ദ തോന്നി,” അയാൾ പറയുന്നു. എന്നാൽ ആത്മാർഥ​മാ​യി പശ്ചാത്ത​പിച്ച ഈ മനുഷ്യന്‌ മനശ്ശെ​യെ​ക്കു​റി​ച്ചുള്ള ബൈബിൾ വിവരണം ആശ്വാസം പകർന്നു. 2 ദിനവൃ​ത്താ​ന്തം 33:1-17-ലാണ്‌ ആ വിവരണം ഉള്ളത്‌. കഴിഞ്ഞ​കാല പാപങ്ങ​ളെ​പ്രതി നിങ്ങൾക്ക്‌ എന്നെങ്കി​ലും ആത്മനിന്ദ തോന്നി​യി​ട്ടു​ണ്ടോ? എങ്കിൽ മനശ്ശെ​യു​ടെ ജീവി​താ​നു​ഭവം പരിചി​ന്തി​ക്കു​ന്നത്‌ നിങ്ങൾക്കും ആശ്വാ​സ​മേ​കും.

ദൈവ​ഭ​ക്തി​യുള്ള ഒരു കുടും​ബ​ത്തി​ലാ​യി​രു​ന്നു മനശ്ശെ​യും വളർന്നത്‌. അവന്റെ പിതാ​വായ ഹിസ്‌കീ​യാവ്‌ യെഹൂ​ദ​യി​ലെ നല്ല രാജാ​ക്ക​ന്മാ​രിൽ ഒരാളാ​യി​രു​ന്നു. ഒരു പ്രത്യേക സാഹച​ര്യ​ത്തിൽ യഹോവ ഹിസ്‌കീ​യാ​വി​ന്റെ ആയുസ്സ്‌ നീട്ടി​ക്കൊ​ടു​ക്കു​ന്നു. അതിനു​ശേഷം ഏതാണ്ട്‌ മൂന്നു​വർഷം കഴിഞ്ഞാണ്‌ മനശ്ശെ​യു​ടെ ജനനം. (2 രാജാ​ക്ക​ന്മാർ 20:1-11) തന്റെ ഈ മകനെ ദൈവ​ത്തി​ന്റെ കാരു​ണ്യ​ത്താൽ ലഭിച്ച സമ്മാന​മാ​യി ഹിസ്‌കീ​യാവ്‌ കരുതി​യി​ട്ടു​ണ്ടാ​കണം. ദൈവ​ഭ​ക്ത​നായ ഈ പിതാവ്‌ സത്യാ​രാ​ധ​ന​യോ​ടുള്ള സ്‌നേഹം മകനിൽ ഉൾനട്ടി​രി​ക്കു​മെ​ന്ന​തിൽ സംശയ​മില്ല. പക്ഷേ, മനശ്ശെ അതൊ​ന്നും വിലമ​തി​ച്ചില്ല, അവൻ സ്വന്ത ഇഷ്ടപ്ര​കാ​രം നടന്നു. ദൈവ​ഭ​ക്ത​രായ മാതാ​പി​താ​ക്ക​ളു​ടെ സംരക്ഷ​ണ​യിൽ വളർന്നി​ട്ടും ചില മക്കൾ വഴിപി​ഴ​ച്ചു​പോ​കു​ന്നുണ്ട്‌ എന്നത്‌ സങ്കടക​ര​മാണ്‌. മനശ്ശെ​യും അതുത​ന്നെ​യാണ്‌ ചെയ്‌തത്‌.

മനശ്ശെക്ക്‌ ഏതാണ്ട്‌ 12 വയസ്സു​ള്ള​പ്പോൾ അവന്റെ പിതാവ്‌ മരിച്ചു. തുടർന്നു രാജ്യാ​ധി​കാ​ര​ത്തിൽ വന്ന അവൻ “യഹോ​വെക്കു അനിഷ്ട​മാ​യു​ള്ളതു ചെയ്‌തു” എന്ന്‌ തിരു​വെ​ഴുത്ത്‌ പറയുന്നു. (1, 2 വാക്യങ്ങൾ) സത്യാ​രാ​ധ​ന​യ്‌ക്ക്‌ യാതൊ​രു വിലയും കൽപ്പി​ക്കാത്ത ഉപദേ​ശ​ക​രു​ടെ സ്വാധീ​ന​മാ​യി​രു​ന്നോ ഈ യുവരാ​ജാ​വി​നെ വഴി​തെ​റ്റി​ച്ചത്‌? ബൈബിൾ അതേക്കു​റിച്ച്‌ ഒന്നും പറയു​ന്നില്ല. എന്നാൽ, മ്ലേച്ഛമായ വിഗ്ര​ഹാ​രാ​ധ​ന​യും ഞെട്ടി​ക്കുന്ന പാതക​ങ്ങ​ളും ചെയ്‌തു​കൊണ്ട്‌ മനശ്ശെ ഒന്നി​നൊന്ന്‌ അധഃപ​തി​ച്ചു എന്ന്‌ വിവര​ണ​ത്തിൽ കാണുന്നു. അവൻ വ്യാജ​ദേ​വ​ന്മാർക്ക്‌ ബലിപീ​ഠങ്ങൾ പണിതു, അവയ്‌ക്ക്‌ തന്റെ പുത്ര​ന്മാ​രെ ബലിക​ഴി​ച്ചു; ആഭിചാ​ര​ങ്ങ​ളും ക്ഷുദ്ര​ങ്ങ​ളും പ്രയോ​ഗി​ച്ചു. എന്തിന്‌, യെരു​ശ​ലേ​മി​ലെ യഹോ​വ​യു​ടെ ആലയത്തിൽപ്പോ​ലും അവൻ ഒരു വിഗ്ര​ഹത്തെ പ്രതി​ഷ്‌ഠി​ച്ചു. യഹോവ ആവർത്തിച്ച്‌ മുന്നറി​യി​പ്പു കൊടു​ത്തി​ട്ടും ധിക്കാ​രി​യായ മനശ്ശെ അതൊ​ന്നും വകവെ​ച്ചില്ല. വാസ്‌ത​വ​ത്തിൽ, അവൻ ജനിക്കാൻ ഇടയാ​യ​തു​തന്നെ യഹോ​വ​യു​ടെ കാരു​ണ്യ​ത്താ​ലാ​യി​രു​ന്നു എന്നോർക്കണം.—3-10 വാക്യങ്ങൾ.

മനശ്ശെ​യു​ടെ വഴിവിട്ട ചെയ്‌തി​ക​ളു​ടെ പരിണതി എന്തായി​രു​ന്നു? ശത്രുക്കൾ അവനെ ചങ്ങലയാൽ ബന്ധിച്ച്‌ ബാബി​ലോ​ണി​ലേക്കു പിടി​ച്ചു​കൊ​ണ്ടു​പോ​കാൻ യഹോവ അനുവ​ദി​ച്ചു. അവിടെ പ്രവാ​സ​ത്തി​ലാ​യി​രി​ക്കെ മനശ്ശെ താൻ ചെയ്‌തു​കൂ​ട്ടിയ കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കാ​നി​ട​യാ​യി. ഒരുപക്ഷേ, താൻ ആരാധി​ച്ചി​രുന്ന വിഗ്ര​ഹ​ങ്ങൾക്ക്‌ തന്നെ സംരക്ഷി​ക്കാ​നുള്ള ശക്തിയി​ല്ലെന്ന്‌ അവന്‌ അപ്പോൾ മനസ്സി​ലാ​യി​ട്ടു​ണ്ടാ​കാം. അല്ലെങ്കിൽ, ദൈവ​ഭ​ക്ത​രായ മാതാ​പി​താ​ക്കൾ ഉപദേ​ശി​ച്ചു​ത​ന്നി​രുന്ന കാര്യ​ങ്ങ​ളെ​ല്ലാം അവന്റെ മനസ്സി​ലേക്കു വന്നിട്ടു​ണ്ടാ​കാം. എന്തായി​രു​ന്നാ​ലും മനശ്ശെക്കു മനഃപ​രി​വർത്തനം ഉണ്ടായി. തുടർന്ന്‌ അവൻ എന്താണ്‌ ചെയ്‌തത്‌? വിവര​ണ​ത്തിൽ നാം ഇങ്ങനെ വായി​ക്കു​ന്നു: “അവൻ തന്റെ ദൈവ​മായ കർത്താ​വി​നോ​ടു (യഹോ​വ​യോ​ടു) കരുണ​യ്‌ക്കു​വേണ്ടി യാചി​ക്കു​ക​യും . . . തന്നെത്തന്നെ അത്യധി​കം എളിമ​പ്പെ​ടു​ത്തു​ക​യും ചെയ്‌തു. അവൻ ദൈവ​ത്തോ​ടു പ്രാർഥി​ച്ചു.” (12, 13 വാക്യങ്ങൾ, പി.ഒ.സി. ബൈബിൾ) എന്നാൽ കൊടും​പാ​പങ്ങൾ ചെയ്‌ത മനശ്ശെ​യോട്‌ ക്ഷമിക്കാൻ ദൈവം മനസ്സു​കാ​ണി​ച്ചോ?

മനശ്ശെ​യു​ടെ ആത്മാർഥ​മായ പശ്ചാത്താ​പം കണ്ട്‌ യഹോ​വ​യു​ടെ മനസ്സലി​ഞ്ഞു. കരുണ​യ്‌ക്കു​വേ​ണ്ടി​യുള്ള അവന്റെ അപേക്ഷ യഹോവ കൈ​ക്കൊണ്ട്‌ അവനെ ‘വീണ്ടും യെരു​ശ​ലേ​മിൽ അവന്റെ രാജത്വ​ത്തി​ലേക്കു തിരിച്ചു വരുത്തി.’ (13-ാം വാക്യം) പശ്ചാത്താ​പ​ത്തി​നൊത്ത പ്രായ​ശ്ചി​ത്ത​വും മനശ്ശെ ചെയ്‌തു: തന്റെ രാജ്യ​ത്തു​നിന്ന്‌ വിഗ്ര​ഹാ​രാ​ധന തുടച്ചു​നീ​ക്കി; ‘യഹോ​വയെ സേവി​ക്കാൻ’ അവൻ ജനത്തോ​ടു കൽപ്പിച്ചു.—15-17 വാക്യങ്ങൾ.

കഴിഞ്ഞ​കാല പാപങ്ങ​ളെ​പ്രതി ആത്മനിന്ദ തോന്നു​ന്നെ​ങ്കിൽ, ദൈവം അവ ക്ഷമിച്ചു തരില്ല എന്ന ചിന്തയു​ണ്ടെ​ങ്കിൽ, മനശ്ശെ​യു​ടെ ജീവി​ത​ക​ഥ​യിൽനിന്ന്‌ ആശ്വാസം കൈ​ക്കൊ​ള്ളുക. ദൈവ​ത്തി​ന്റെ നിശ്വസ്‌ത വചനത്തി​ന്റെ ഭാഗമാണ്‌ ഈ ജീവി​താ​നു​ഭ​വ​വും. (റോമർ 15:4) താൻ “ക്ഷമിക്കുന്ന”വനാണെന്ന കാര്യം നാം അറിയാൻ യഹോവ ആഗ്രഹി​ക്കു​ന്നു. (സങ്കീർത്തനം 86:5) പാപമല്ല പാപി​യു​ടെ ഹൃദയ​നി​ല​യാണ്‌ അവൻ കണക്കി​ലെ​ടു​ക്കു​ന്നത്‌. പാപം ചെയ്‌ത ഒരു വ്യക്തി മനശ്ശെ​യെ​പ്പോ​ലെ, പശ്ചാത്താ​പ​ത്തോ​ടെ പ്രാർഥി​ക്കു​ക​യും തന്റെ തെറ്റായ വഴി ഉപേക്ഷി​ക്കു​ക​യും ശരിയാ​യതു ചെയ്യാൻ ആത്മാർഥ​മാ​യി ശ്രമി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ യഹോ​വ​യു​ടെ കരുണ അയാൾക്കു ലഭിക്കും.—യെശയ്യാ​വു 1:18; 55:6, 7.