വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മറ്റുള്ളവരെ ബഹുമാനിക്കാൻ മക്കളെ പഠിപ്പിക്കുക

മറ്റുള്ളവരെ ബഹുമാനിക്കാൻ മക്കളെ പഠിപ്പിക്കുക

മറ്റുള്ളവരെ ബഹുമാനിക്കാൻ മക്കളെ പഠിപ്പിക്കുക

ആരുടെയെങ്കിലും വീട്ടിലേക്കു കയറിച്ചെല്ലുമ്പോഴോ മറ്റുള്ളവരെ അഭിവാദ്യം ചെയ്യുമ്പോഴോ പുരുഷന്മാർ ആദരസൂചകമായി തൊപ്പി ഊരി കൈയിൽ പിടിക്കുന്ന രീതി ചില ദേശങ്ങളിൽ ഉണ്ടായിരുന്നു. അങ്ങനെ ചെയ്യുന്ന ഒരാളെ മറ്റുള്ളവർ ബഹുമാനിച്ചു. ഇന്നും മര്യാദയോടെ പെരുമാറുന്നവർ മറ്റുള്ളവരുടെ ആദരവ്‌ പിടിച്ചുപറ്റും.

നല്ല മര്യാദയുള്ള കുട്ടികളെ ആർക്കാണ്‌ ഇഷ്ടമല്ലാത്തത്‌! വീടുതോറുമുള്ള വേലയിൽ വിവിധപ്രായക്കാരോടൊപ്പം പ്രവർത്തിക്കാറുള്ള ഹോണ്ടുറാസിലെ ഒരു സഞ്ചാരമേൽവിചാരകൻ പറഞ്ഞത്‌ ഇങ്ങനെയാണ്‌: “എന്റെ വാക്കുകളെക്കാൾ പലപ്പോഴും വീട്ടുകാരനെ ആകർഷിക്കുന്നത്‌ ഒപ്പം വരുന്ന കുട്ടിയുടെ അച്ചടക്കവും മര്യാദയുമാണ്‌.”

മറ്റുള്ളവരോടുള്ള ബഹുമാനം കുറഞ്ഞുവരുന്ന ഇക്കാലത്ത്‌ ആളുകളോട്‌ ഇടപെടാൻ പഠിക്കേണ്ടത്‌ പ്രധാനമാണ്‌; അതുകൊണ്ട്‌ പല പ്രയോജനങ്ങളുണ്ട്‌. തന്നെയുമല്ല, “ക്രിസ്‌തുവിന്റെ സുവിശേഷത്തിനു യോഗ്യമാംവണ്ണംമാത്രം വർത്തിക്കുവിൻ” എന്ന്‌ തിരുവെഴുത്തുകൾ നമ്മെ ഉപദേശിക്കുകയും ചെയ്യുന്നു. (ഫിലി. 1:27; 2 തിമൊ. 3:1-5) മറ്റുള്ളവരെ ബഹുമാനിക്കാൻ നാം കുട്ടികളെ പഠിപ്പിക്കണം എന്നു സാരം. ആളുകളുടെ മതിപ്പുനേടാനായിരിക്കരുത്‌ കുട്ടികൾ മര്യാദ കാണിക്കുന്നത്‌, അത്‌ അവരുടെ ഉള്ളിൽനിന്നു വരണം. അതിന്‌ മാതാപിതാക്കളായ നാം എന്തു ചെയ്യണം? *

നിങ്ങളുടെ മാതൃക കുട്ടികളെ വഴിനടത്തട്ടെ

മറ്റുള്ളവർ ചെയ്യുന്നതു കണ്ടാണ്‌ കുട്ടികൾ പലതും പഠിക്കുന്നത്‌. അതുകൊണ്ട്‌ മറ്റുള്ളവരോട്‌ എങ്ങനെയാണ്‌ പെരുമാറേണ്ടതെന്ന്‌ മാതാപിതാക്കൾ സ്വന്തം ജീവിതത്തിലൂടെ മക്കൾക്കു കാണിച്ചുകൊടുക്കണം. അതാണ്‌ കുട്ടികളിൽ നല്ല ശീലങ്ങൾ വളർത്താൻ അവർ ആദ്യം ചെയ്യേണ്ടത്‌. (ആവ. 6:6, 7) നല്ല പെരുമാറ്റശീലങ്ങളെക്കുറിച്ച്‌ കുട്ടികൾക്ക്‌ ഇടയ്‌ക്കിടെ പറഞ്ഞുകൊടുക്കേണ്ടതുണ്ടെങ്കിലും അതുമാത്രം പോരാ. നിങ്ങളുടെ നല്ല മാതൃക പ്രധാനമാണ്‌.

പൗളയെ * അവളുടെ അമ്മ ഒറ്റയ്‌ക്കാണ്‌ വളർത്തിയത്‌. എല്ലാവരോടും മര്യാദയോടെ ഇടപെടുന്നത്‌ അവളുടെ ശീലമായിത്തീർന്നു. എങ്ങനെ? അവൾ പറയുന്നു: “ഇക്കാര്യത്തിൽ അമ്മ നല്ലൊരു മാതൃകയായിരുന്നു. സ്വാഭാവികമായി ഞങ്ങൾക്കും അത്‌ പകർന്നുകിട്ടി.” വോൾട്ടർ എന്ന സഹോദരൻ തന്റെ ആൺമക്കളെ, വിശ്വാസത്തിൽ ഇല്ലാത്ത അവരുടെ അമ്മയോട്‌ ആദരവോടെ ഇടപെടാൻ പഠിപ്പിച്ചു. അദ്ദേഹം പറയുന്നു: “ഞാൻ ഭാര്യയെക്കുറിച്ച്‌ ആദരവോടെ മാത്രമേ സംസാരിക്കുമായിരുന്നുള്ളൂ. എന്റെ ആ മാതൃക കണ്ടുവളർന്ന കുട്ടികൾ അമ്മയെ ബഹുമാനിക്കാൻ പഠിച്ചു.” കൂടാതെ, ആ പിതാവ്‌ മക്കളെ ദൈവികകാര്യങ്ങൾ പഠിപ്പിച്ചു, സഹായത്തിനായി യഹോവയോട്‌ പ്രാർഥിക്കുകയും ചെയ്‌തു. ഇന്ന്‌ അവരിൽ ഒരാൾ യഹോവയുടെ സാക്ഷികളുടെ ഒരു ബ്രാഞ്ചോഫീസിൽ സേവിക്കുന്നു, മറ്റേയാൾ പയനിയറാണ്‌. മാതാപിതാക്കളെ ഇരുവരെയും അവർ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു.

“ദൈവം കലക്കത്തിന്റെ ദൈവമല്ല, സമാധാനത്തിന്റെ ദൈവമത്രേ” എന്ന്‌ ബൈബിൾ പറയുന്നു. (1 കൊരി. 14:33) യഹോവ എല്ലാം അടുക്കും ചിട്ടയോടും കൂടിയാണ്‌ ചെയ്യുന്നത്‌. അവനെ അനുകരിക്കാൻ ശ്രമിക്കുന്നവരായ നാം നമ്മുടെ വീട്‌ അടുക്കും ചിട്ടയുമുള്ളതായി സൂക്ഷിക്കണം. വസ്‌ത്രങ്ങൾ അതാതിന്റെ സ്ഥാനത്തു വെക്കാനും വീട്ടുജോലികളിൽ സഹായിക്കാനും രാവിലെ എഴുന്നേറ്റ ഉടനെ മെത്ത വിരിച്ചിടാനും ചില മാതാപിതാക്കൾ മക്കളെ പഠിപ്പിക്കുന്നു. വീട്ടിൽ മൊത്തത്തിൽ വൃത്തിയും വെടിപ്പുമുള്ള ഒരു അന്തരീക്ഷമാണെങ്കിൽ അതുകണ്ട്‌ സാധാരണഗതിയിൽ കുട്ടികൾ സ്വന്തം മുറിയും സാധനസാമഗ്രികളും അടുക്കോടെയും ചിട്ടയോടെയും സൂക്ഷിക്കും.

സ്‌കൂളിൽനിന്നു പഠിക്കുന്ന കാര്യങ്ങളെ നിങ്ങളുടെ മക്കൾ എങ്ങനെയാണ്‌ വീക്ഷിക്കുന്നത്‌? അധ്യാപകരോട്‌ നന്ദി കാണിക്കുന്ന ശീലം മക്കൾക്കുണ്ടോ? മാതാപിതാക്കളായ നിങ്ങൾ അധ്യാപകരെക്കുറിച്ച്‌ വിലമതിപ്പോടെയാണോ സംസാരിക്കുന്നത്‌? കുട്ടികളുടെ പഠനകാര്യങ്ങളോടും അധ്യാപകരോടും ഉള്ള നിങ്ങളുടെ വീക്ഷണമായിരിക്കും കുട്ടികളും അനുകരിക്കുക. അധ്യാപകരോട്‌ നന്ദി പറയുന്നത്‌ ഒരു ശീലമാക്കാൻ മക്കളെ പഠിപ്പിക്കേണ്ടതല്ലേ? അധ്യാപകർ, ഡോക്‌ടർമാർ, കച്ചവടക്കാർ, അങ്ങനെ നമുക്കു സഹായവും സേവനവും നൽകുന്നവരോടെല്ലാം നന്ദി പറയുന്നത്‌ അവരെ ആദരിക്കാനുള്ള നല്ലൊരു മാർഗമാണ്‌. (ലൂക്കോ. 17:15, 16) സഹപാഠികളെ അപേക്ഷിച്ച്‌ നല്ല പെരുമാറ്റശീലങ്ങളും വിനയവുമുള്ള നമ്മുടെ കുട്ടികൾ അഭിനന്ദനം അർഹിക്കുന്നു.

ക്രിസ്‌തീയ സഭയിലെ അംഗങ്ങൾ ഇക്കാര്യത്തിൽ മാതൃകകളായിരിക്കണം. “നന്ദി” പോലുള്ള ഉപചാരവാക്കുകൾ ശീലമാക്കിയിരിക്കുന്ന കുട്ടികളോടൊത്ത്‌ യോഗങ്ങൾക്കു കൂടിവരുന്നത്‌ എത്ര നല്ലൊരു അനുഭവമാണ്‌! യോഗങ്ങളിൽ ലഭിക്കുന്ന നിർദേശങ്ങൾ ശ്രദ്ധയോടെ കേൾക്കുകയും അങ്ങനെ യഹോവയോട്‌ ആദരവു പ്രകടമാക്കുകയും ചെയ്യുന്ന മുതിർന്നവരെ കാണുമ്പോൾ അവരെ അനുകരിക്കാൻ കുട്ടികൾക്കു പ്രചോദനം തോന്നും. രാജ്യഹാളിൽ ഇത്തരം നല്ല ശീലങ്ങൾ നിരീക്ഷിക്കുന്ന കുട്ടികൾ മറ്റുള്ളവരെ ബഹുമാനിക്കാൻ പഠിക്കും. നാലുവയസ്സുകാരനായ ആൻഡ്രൂ ഇതിന്‌ നല്ലൊരു ഉദാഹരണമാണ്‌. മുതിർന്നവർ നിൽക്കുമ്പോൾ അനുവാദം ചോദിച്ചിട്ടേ അവൻ അവർക്കിടയിലൂടെ കടന്നുപോകൂ.

കുട്ടികളെ സദ്‌ശീലങ്ങൾ പഠിപ്പിക്കാൻ മാതാപിതാക്കൾക്ക്‌ മറ്റെന്തു ചെയ്യാനാകും? ദൈവവചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന നിരവധി ദൃഷ്ടാന്തങ്ങളും അവയിൽ അടങ്ങിയിരിക്കുന്ന സാരോപദേശങ്ങളും കുട്ടികളുമായി പങ്കിടാം. അങ്ങനെ ചെയ്യാൻ മാതാപിതാക്കൾ സമയം കണ്ടെത്തണം.—റോമ. 15:4.

ബൈബിൾ ദൃഷ്ടാന്തങ്ങൾ ഉപയോഗിക്കുക

യാക്കോബ്‌ കുടുംബസമേതം കനാനിലേക്കു മടങ്ങുന്ന സാഹചര്യമൊന്നെടുക്കുക. വഴിയിൽവെച്ച്‌ ഏശാവിനെ കണ്ടുമുട്ടുമ്പോൾ യാക്കോബിന്റെ മക്കൾ അവനെ നമസ്‌കരിക്കുന്നതായി നാം വായിക്കുന്നു. സാധ്യതയനുസരിച്ച്‌ യാക്കോബ്‌ മക്കളെ അക്കാര്യം പഠിപ്പിച്ചിരിക്കാം. (ഉല്‌പ. 33:3, 6, 7) ഇതുപോലെ നിങ്ങൾക്കും നിങ്ങളുടെ മക്കളെ, “ഗുഡ്‌ മോർണിംഗ്‌,” “ഗുഡ്‌ ആഫ്‌റ്റർനൂൺ,” “ഗുഡ്‌ ഈവനിംഗ്‌” എന്നിവയോ പ്രദേശത്ത്‌ സാധാരണ ഉപയോഗിക്കാറുള്ള മറ്റ്‌ ഉപചാരവാക്കുകളോ ശീലിപ്പിക്കാൻ കഴിയുമോ? നന്നായി പെരുമാറുന്ന കുട്ടികൾ യഹോവയ്‌ക്കു മഹത്ത്വം കരേറ്റും. അവർ മാതാപിതാക്കളുടെ അഭിമാനവുമായിരിക്കും.

എന്താണ്‌ ആദരവ്‌, എന്താണ്‌ അനാദരവ്‌ എന്നു പഠിപ്പിക്കാൻ നിങ്ങൾക്ക്‌ ബൈബിൾ വിവരണങ്ങൾ ഉപയോഗിക്കാം. ഇസ്രായേലിലെ ദുഷ്ടനായ അഹസ്യാ രാജാവ്‌ ഒരിക്കൽ ഏലിയാ പ്രവാചകനെ വിളിപ്പിക്കാൻ “അമ്പതുപേർക്കു അധിപതിയായ ഒരുവനെയും അവന്റെ അമ്പതു ആളെയും” അയച്ചു. തന്നോടൊപ്പം വരാൻ ആ ഉദ്യോഗസ്ഥൻ പ്രവാചകനോട്‌ കൽപ്പിച്ചു. ദൈവത്തിന്റെ പ്രതിനിധിയായി പ്രവർത്തിക്കുന്ന ഒരാളോടു സംസാരിക്കേണ്ടത്‌ എങ്ങനെയെന്ന്‌ അയാൾക്ക്‌ അറിയില്ലായിരുന്നു. എന്തായിരുന്നു ഏലിയാവിന്റെ മറുപടി? “ഞാൻ ദൈവപുരുഷനെങ്കിൽ ആകാശത്തുനിന്നു തീ ഇറങ്ങി നിന്നെയും നിന്റെ അമ്പതു ആളെയും ദഹിപ്പിക്കട്ടെ,” അവൻ പറഞ്ഞു. അങ്ങനെതന്നെ സംഭവിച്ചു. “ആകാശത്തുനിന്നു തീ ഇറങ്ങി അവനെയും അവന്റെ അമ്പതു ആളെയും ദഹിപ്പിച്ചുകളഞ്ഞു.”—2 രാജാ. 1:9, 10.

50 പേർക്ക്‌ അധിപതിയായ മറ്റൊരുവനെയും രാജാവ്‌ ഏലിയാവിന്റെ അടുക്കലേക്ക്‌ അയച്ചു. തന്നോടൊപ്പം വരാൻ ആ ഉദ്യോഗസ്ഥനും പ്രവാചകനോട്‌ ആജ്ഞാപിച്ചു. ആകാശത്തുനിന്നു തീ ഇറങ്ങി അവരെയും ദഹിപ്പിച്ചുകളഞ്ഞു. 50 പേർക്ക്‌ അധിപതിയായ ഒരാളെക്കൂടി രാജാവ്‌ അയയ്‌ക്കുകയുണ്ടായി. അയാൾ പ്രവാചകനോട്‌ ആദരവോടെയാണ്‌ ഇടപ്പെട്ടത്‌. ആജ്ഞാപിക്കുന്നതിനു പകരം അയാൾ പ്രവാചകന്റെ മുമ്പിൽ മുട്ടുകുത്തി അവനോട്‌ ഇങ്ങനെ അപേക്ഷിച്ചു: “ദൈവപുരുഷനായുള്ളോവേ, എന്റെ പ്രാണനെയും നിന്റെ ദാസന്മാരായ ഈ അമ്പതു ആളുകളുടെ പ്രാണനെയും ആദരിക്കേണമേ. ആകാശത്തുനിന്നു തീ ഇറങ്ങി അമ്പതുപേർക്കു അധിപതിയായ മുമ്പിലത്തെ രണ്ടുപേരെയും അവരുടെ അമ്പതീതു ആളെയും ദഹിപ്പിച്ചുകളഞ്ഞുവല്ലോ; എന്നാൽ എന്റെ പ്രാണനെ ആദരിക്കേണമേ.” തന്നോട്‌ ഇത്ര ഭയാദരവോടെ സംസാരിക്കുന്ന ഒരാളെ തീ ഇറക്കി ദഹിപ്പിക്കാൻ ദൈവത്തിന്റെ പ്രവാചകൻ മുതിരുമോ? ഒരിക്കലുമില്ല! ആ ഉദ്യോഗസ്ഥനോടൊപ്പം ചെല്ലാൻ യഹോവയുടെ ദൂതൻ ഏലിയാവിനോട്‌ പറഞ്ഞു. (2 രാജാ. 1:11-15) ആദരവോടെ ഇടപെടേണ്ടതിന്റെ പ്രാധാന്യമല്ലേ ഈ അനുഭവം കാണിക്കുന്നത്‌?

പൗലോസ്‌ അപ്പൊസ്‌തലനെ റോമൻ പടയാളികൾ ആലയത്തിൽനിന്ന്‌ പിടികൂടിയപ്പോൾ, സഹസ്രാധിപനോടു സംസാരിക്കാൻ അവൻ അനുവാദം ചോദിച്ചു. അവൻ ആദരപൂർവം ഇങ്ങനെ അഭ്യർഥിച്ചു: “എനിക്കു നിന്നോട്‌ ഒരു കാര്യം പറയാമോ?” തന്റെ ഭാഗം വാദിക്കാൻ അങ്ങനെ പൗലോസിന്‌ അവസരം ലഭിച്ചു.—പ്രവൃ. 21:37-40.

വിചാരണവേളയിൽ ഭടന്മാരിലൊരാൾ യേശുവിന്റെ ചെകിട്ടത്ത്‌ അടിക്കുകയുണ്ടായി. നയപൂർവം തന്റെ ഭാഗം പറയാൻ യേശുവിന്‌ അറിയാമായിരുന്നു. “ഞാൻ പറഞ്ഞതു തെറ്റാണെങ്കിൽ ആ തെറ്റ്‌ തെളിയിക്കുക; ശരിയാണു പറഞ്ഞതെങ്കിൽ നീ എന്നെ അടിക്കുന്നത്‌ എന്തിന്‌?” അവൻ ഈ പറഞ്ഞതിൽ ആർക്കും ഒരു കുറ്റവും കാണാൻ കഴിഞ്ഞില്ല.—യോഹ. 18:22, 23.

നമ്മുടെ തെറ്റ്‌ ചൂണ്ടിക്കാണിച്ച്‌ ആരെങ്കിലും നമ്മെ തിരുത്തുമ്പോൾ എങ്ങനെ പ്രതികരിക്കണം, നമുക്ക്‌ പറ്റിയ അബദ്ധങ്ങളും തെറ്റുകളും ആദരപൂർവം എങ്ങനെ ഏറ്റുപറയണം, എന്നു കാണിക്കുന്ന ദൃഷ്ടാന്തങ്ങൾ ദൈവവചനത്തിലുണ്ട്‌. (ഉല്‌പ. 41:9-13; പ്രവൃ. 8:20-24) ദാവീദിനോട്‌ അപമര്യാദയായി പെരുമാറിയ തന്റെ ഭർത്താവായ നാബാലിനുവേണ്ടി അബീഗയിൽ ക്ഷമ ചോദിച്ചു. അതുകൂടാതെ, അവൾ ധാരാളം സമ്മാനവും ദാവീദിനു നൽകി. അബീഗയിലിന്റെ പെരുമാറ്റം ദാവീദിന്‌ വളരെ ഇഷ്ടമായി. അതുകൊണ്ടാണ്‌ നാബാലിന്റെ മരണശേഷം അവൻ അവളെ ഭാര്യയായി എടുത്തത്‌.—1 ശമൂ. 25:23-41.

വളരെ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിൽ ആയിരിക്കുമ്പോഴും അല്ലാത്തപ്പോഴും മര്യാദയോടെ പെരുമാറാൻ കുട്ടികളെ പഠിപ്പിക്കുക. ഇങ്ങനെ ‘നമ്മുടെ വെളിച്ചം മനുഷ്യരുടെ മുമ്പിൽ പ്രകാശിക്കുമ്പോൾ’ ‘സ്വർഗസ്ഥനായ നമ്മുടെ പിതാവിന്‌ മഹത്ത്വം’ കൈവരും.—മത്താ. 5:16.

[അടിക്കുറിപ്പുകൾ]

^ ഖ. 4 മുതിർന്നവരെ ബഹുമാനിക്കുക എന്നാൽ അവർ പറയുന്ന എന്തിനും വഴങ്ങുക എന്ന്‌ അർഥമില്ല. ഇക്കാര്യവും മക്കളെ പഠിപ്പിക്കാൻ മാതാപിതാക്കൾ മറക്കരുത്‌. 2007 ഒക്‌ടോബർ ലക്കം ഉണരുക!യുടെ 3-11 പേജുകൾ കാണുക.

^ ഖ. 7 ചില പേരുകൾ മാറ്റിയിട്ടുണ്ട്‌.