വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യേശു—അവൻ എന്തിനു മരിച്ചു?

യേശു—അവൻ എന്തിനു മരിച്ചു?

‘മനുഷ്യ​പു​ത്രൻ വന്നത്‌ അനേകർക്കു​വേണ്ടി തന്റെ ജീവൻ മറുവി​ല​യാ​യി കൊടു​ക്കാ​ന​ത്രേ.’—മർക്കോസ്‌ 10:45.

തന്റെ ജീവിതം എങ്ങനെ​യു​ള്ള​താ​യി​രി​ക്കു​മെന്ന്‌ യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. അത്‌ പ്രക്ഷു​ബ്ധ​മാ​യി​രി​ക്കു​മെ​ന്നും 33-ാം വയസ്സിൽ താൻ ദാരു​ണ​മാ​യി വധിക്ക​പ്പെ​ടു​മെ​ന്നും അവൻ മുൻകൂ​ട്ടി അറിഞ്ഞി​രു​ന്നു. തന്റെ മരണത്തി​നാ​യി അവൻ മനസ്സു​കൊണ്ട്‌ ഒരുങ്ങി​യി​രു​ന്നു.

യേശു​വി​ന്റെ മരണത്തിന്‌ ബൈബിൾ വളരെ പ്രാധാ​ന്യം കൽപ്പി​ക്കു​ന്നുണ്ട്‌. ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളിൽ അഥവാ പുതിയ നിയമ​ത്തിൽ ഏതാണ്ട്‌ 175 പ്രാവ​ശ്യം യേശു​വി​ന്റെ മരണ​ത്തെ​ക്കു​റി​ച്ചുള്ള പരാമർശ​മു​ണ്ടെന്ന്‌ ഒരു ബൈബിൾ വ്യാഖ്യാ​ന ഗ്രന്ഥം പറയുന്നു. എന്നാൽ യേശു കഷ്ടം സഹിക്കു​ക​യും മരിക്കു​ക​യും ചെയ്‌തത്‌ എന്തിനാണ്‌? അതിനുള്ള ഉത്തരം നാം അറിഞ്ഞി​രി​ക്കേ​ണ്ടത്‌ പ്രധാ​ന​മാണ്‌. ആ അറിവ്‌ നമ്മുടെ ജീവി​ത​ത്തിൽ വലിയ പ്രഭാവം ചെലു​ത്തും.

യേശു​വിന്‌ എന്ത്‌ അറിയാ​മാ​യി​രു​ന്നു?

താൻ കഷ്ടപ്പാ​ടു​കൾ സഹിച്ച്‌ മരി​ക്കേ​ണ്ടി​വ​രു​മെന്ന്‌ ഭൗമിക ശുശ്രൂ​ഷ​യു​ടെ അവസാ​ന​ത്തോ​ട​ടുത്ത്‌ യേശു ശിഷ്യ​ന്മാ​രോട്‌ പലയാ​വർത്തി സൂചി​പ്പി​ക്കു​ക​യു​ണ്ടാ​യി. അവസാ​നത്തെ പെസഹാ ആഘോ​ഷി​ക്കാൻ യെരു​ശ​ലേ​മി​ലേക്ക്‌ യാത്ര​ചെ​യ്യവെ യേശു 12 അപ്പൊ​സ്‌ത​ല​ന്മാ​രോട്‌ ഇങ്ങനെ പറഞ്ഞു: “മനുഷ്യ​പു​ത്രൻ മുഖ്യ​പു​രോ​ഹി​ത​ന്മാ​രു​ടെ​യും ശാസ്‌ത്രി​മാ​രു​ടെ​യും കൈയിൽ ഏൽപ്പി​ക്ക​പ്പെ​ടും. അവർ അവനെ മരണത്തി​നു വിധിച്ച്‌ വിജാ​തീ​യർക്ക്‌ ഏൽപ്പി​ച്ചു​കൊ​ടു​ക്കും. അവർ അവനെ പരിഹ​സി​ക്കു​ക​യും തുപ്പു​ക​യും ചാട്ടയ്‌ക്ക​ടി​ക്കു​ക​യും കൊല്ലു​ക​യും ചെയ്യും.” a (മർക്കോസ്‌ 10:33, 34) ഇക്കാര്യ​ങ്ങൾ യേശു​വിന്‌ ഇത്ര നിശ്ചയ​മു​ണ്ടാ​യി​രു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

തന്റെ മരണ​ത്തെ​ക്കു​റിച്ച്‌ എബ്രായ തിരു​വെ​ഴു​ത്തു​ക​ളിൽ പറഞ്ഞി​ട്ടുള്ള പ്രവച​നങ്ങൾ യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. (ലൂക്കോസ്‌ 18:31-33) അത്തരത്തി​ലുള്ള ചില പ്രവച​ന​ങ്ങ​ളും അവ നിവൃ​ത്തി​യേ​റി​യത്‌ എങ്ങനെ​യെന്നു കാണി​ക്കുന്ന തിരു​വെ​ഴു​ത്തു​ക​ളു​മാണ്‌ താഴെ കൊടു​ത്തി​രി​ക്കു​ന്നത്‌.

മിശി​ഹാ​യെ. . .

യേശു നിവർത്തിച്ച പ്രവച​നങ്ങൾ വേറെ​യു​മുണ്ട്‌. അത്‌ അവന്‌ സ്വയം ചെയ്യാൻ കഴിയു​മാ​യി​രു​ന്നില്ല. അതെ, ഈ പ്രവചന നിവൃ​ത്തി​കൾ യേശു ദൈവ​ത്താൽ അയയ്‌ക്ക​പ്പെ​ട്ട​വ​നാണ്‌ എന്നതിന്റെ തെളി​വു​ക​ളാണ്‌. b

ആകട്ടെ, യേശു കഷ്ടപ്പാ​ടു​കൾ സഹിച്ച്‌ മരി​ക്കേ​ണ്ടി​വ​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

യേശു മരിച്ചത്‌ ചില വിവാദ വിഷയ​ങ്ങൾക്ക്‌ തീർപ്പുകൽപ്പിക്കാൻവേണ്ടി

ഏദെൻ തോട്ട​ത്തിൽ ഉയർന്നു​വന്ന വിവാ​ദ​വി​ഷ​യ​ങ്ങ​ളെ​ക്കു​റിച്ച്‌ യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. മത്സരി​യായ ഒരു ആത്മരൂ​പി​യു​ടെ സ്വാധീ​ന​ത്തി​നു വഴങ്ങി ആദാമും ഹവ്വായും ദൈവ​ത്തോട്‌ അനുസ​ര​ണ​ക്കേടു കാണിച്ചു. ദൈവ​ത്തി​ന്റെ പരമാ​ധി​കാ​ര​ത്തി​ന്റെ ഔചി​ത്യം അഥവാ ദൈവം ഭരിക്കുന്ന വിധം ആണ്‌ അതിലൂ​ടെ ചോദ്യം ചെയ്യ​പ്പെ​ട്ടത്‌. പരീക്ഷി​ക്ക​പ്പെ​ട്ടാൽ മനുഷ്യൻ ദൈവ​ത്തോട്‌ വിശ്വ​സ്‌ത​നാ​യി​രി​ക്കു​മോ എന്നുള്ള മറ്റൊരു ചോദ്യ​വും അതോ​ടൊ​പ്പം ഉയർന്നു​വന്നു.—ഉല്‌പത്തി 3:1-6; ഇയ്യോബ്‌ 2:1-5.

യഹോ​വ​യു​ടെ പരമാ​ധി​കാ​ര​വും മനുഷ്യ​ന്റെ വിശ്വ​സ്‌ത​ത​യും ഉൾപ്പെട്ട ഈ രണ്ടു വിവാ​ദ​വി​ഷ​യ​ങ്ങൾക്കും യേശു മറുപടി നൽകി, ഏറ്റവും നന്നായി. “ദണ്ഡനസ്‌തം​ഭ​ത്തി​ലെ മരണ​ത്തോ​ളം” അനുസ​ര​ണ​മു​ള്ള​വ​നാ​യി​രു​ന്നു​കൊണ്ട്‌ യേശു ദൈവ​ത്തി​ന്റെ പരമാ​ധി​കാ​രം ഉയർത്തി​പ്പി​ടി​ച്ചു. (ഫിലി​പ്പി​യർ 2:8) എത്ര കഠിന​മായ പരി​ശോ​ധ​നകൾ വന്നാലും പൂർണ​നായ ഒരു മനുഷ്യന്‌ പൂർണ​മായ അളവിൽ വിശ്വ​സ്‌തത കാണി​ക്കാ​നാ​കു​മെ​ന്നും യേശു തെളി​യി​ച്ചു.

യേശു മരിച്ചത്‌ മനുഷ്യ​വർഗത്തെ വീണ്ടെടുക്കാൻവേണ്ടി

വാഗ്‌ദത്ത മിശി​ഹാ​യു​ടെ പീഡാ​നു​ഭ​വ​വും മരണവും മനുഷ്യ​വർഗ​ത്തി​ന്റെ പാപങ്ങൾക്കുള്ള പ്രായ​ശ്ചി​ത്ത​മാ​യി​രി​ക്കു​മെന്ന്‌ യെശയ്യാ പ്രവാ​ചകൻ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു. (യെശയ്യാ​വു 53:5, 10) അത്‌ അറിയാ​മാ​യി​രുന്ന യേശു “അനേകർക്കു​വേണ്ടി തന്റെ ജീവൻ മറുവി​ല​യാ​യി” കൊടു​ക്കാൻ സന്നദ്ധനാ​യി. (മത്തായി 20:28) അവന്റെ ബലിമ​രണം അപൂർണ​രായ മനുഷ്യർക്ക്‌ യഹോ​വ​യു​മാ​യി നല്ലൊരു ബന്ധത്തി​ലേക്കു വരാനും പാപത്തിൽനി​ന്നും മരണത്തിൽനി​ന്നും മോചനം നേടാ​നു​മുള്ള വഴി തുറന്നു. ആദാമും ഹവ്വായും നഷ്ടപ്പെ​ടു​ത്തിയ പറുദീ​സ​യും നിത്യ​ജീ​വ​നും നമുക്ക്‌ തിരികെ ലഭിക്കാ​നുള്ള അവസരം പ്രദാനം ചെയ്യു​ന്ന​തും യേശു​വി​ന്റെ ബലിമ​ര​ണ​മാണ്‌. cവെളി​പാട്‌ 21:3, 4.

നിങ്ങൾ എന്തു ചെയ്യണം?

യേശു എവി​ടെ​നി​ന്നു വന്നു, എങ്ങനെ​യുള്ള ജീവിതം നയിച്ചു, എന്തിനു മരിച്ചു എന്നീ കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ബൈബിൾ എന്തു പറയു​ന്നു​വെന്ന്‌ നാം ഇതി​നോ​ടകം കണ്ടുക​ഴി​ഞ്ഞു. ഈ സത്യങ്ങൾ യേശു​വി​നെ​ക്കു​റി​ച്ചുള്ള തെറ്റി​ദ്ധാ​ര​ണകൾ അകറ്റാൻ നിങ്ങളെ സഹായി​ക്കും. ആ അറിവി​ന​നു​സ​രിച്ച്‌ പ്രവർത്തി​ക്കു​ന്ന​പക്ഷം അനേകം അനു​ഗ്ര​ഹ​ങ്ങ​ളും നിങ്ങൾക്കു കൈവ​രും. ഇപ്പോൾത്തന്നെ സന്തോ​ഷ​ക​ര​മായ ഒരു ജീവിതം നയിക്കാൻ അതു നിങ്ങളെ പ്രാപ്‌ത​രാ​ക്കും; ഭാവി​യിൽ നിത്യ​ജീ​വ​നും നേടി​ത്ത​രും. ഈ അനു​ഗ്ര​ഹങ്ങൾ പ്രാപി​ക്കാൻ നാം എന്തു ചെയ്യണ​മെന്ന്‌ ബൈബിൾ പറയു​ന്നുണ്ട്‌.

  • യേശു​വി​നെ​ക്കു​റി​ച്ചും യഹോ​വ​യു​ടെ ഉദ്ദേശ്യം നിവർത്തി​ക്കു​ന്ന​തിൽ അവൻ വഹിക്കുന്ന പങ്കി​നെ​ക്കു​റി​ച്ചും കൂടുതൽ മനസ്സി​ലാ​ക്കുക.—യോഹ​ന്നാൻ 17:3.

  • യേശു​വി​നെ രക്ഷകനാ​യി അംഗീ​ക​രി​ക്കു​ന്നു​വെന്ന്‌ ജീവി​ത​ത്തി​ലൂ​ടെ കാണി​ക്കുക. അങ്ങനെ യേശു​വിൽ വിശ്വ​സി​ക്കു​ന്നു​വെ​ന്ന​തിന്‌ തെളിവു നൽകുക.—യോഹ​ന്നാൻ 3:36; പ്രവൃ​ത്തി​കൾ 5:31.

നമുക്ക്‌ നിത്യ​ജീ​വ​നി​ലേ​ക്കുള്ള വഴി തുറന്നു​തന്ന, ദൈവ​ത്തി​ന്റെ ‘ഏകജാത പുത്ര​നായ’ യേശു​ക്രി​സ്‌തു​വി​നെ​ക്കു​റിച്ച്‌ കൂടുതൽ അറിയാൻ നിങ്ങളെ സഹായി​ക്കു​ന്ന​തിന്‌ യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ സന്തോ​ഷ​മേ​യു​ള്ളൂ.—യോഹ​ന്നാൻ 3:16. (w11-E 04/01)

a യേശു പലപ്പോ​ഴും തന്നെത്തന്നെ “മനുഷ്യ​പു​ത്രൻ” എന്നു വിശേ​ഷി​പ്പി​ച്ചി​ട്ടുണ്ട്‌. (മത്തായി 8:20) യേശു എല്ലാ അർഥത്തി​ലും ഒരു മനുഷ്യ​നാ​യി​രു​ന്നു​വെന്ന്‌ ഈ പ്രസ്‌താ​വന സൂചി​പ്പി​ക്കു​ന്നു. ഇതിനു​പു​റമേ, എബ്രായ തിരു​വെ​ഴു​ത്തു​ക​ളി​ലെ പ്രവച​ന​ങ്ങ​ളിൽ പരാമർശി​ച്ചി​രി​ക്കുന്ന ‘മനുഷ്യ​പു​ത്രൻ’ യേശു​ത​ന്നെ​യാ​ണെ​ന്നും അതു വ്യക്തമാ​ക്കു​ന്നു.—ദാനീ​യേൽ 7:13, 14.

b യേശുവിൽ നിവൃ​ത്തി​യേ​റിയ മറ്റു പ്രവച​ന​ങ്ങ​ളെ​ക്കു​റിച്ച്‌ അറിയാൻ യഹോ​വ​യു​ടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രിച്ച, ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? എന്ന പുസ്‌ത​ക​ത്തി​ലെ “യേശു​ക്രി​സ്‌തു—വാഗ്‌ദത്ത മിശിഹ” എന്ന അനുബന്ധം കാണുക.

c യേശുവിന്റെ ബലിമ​ര​ണ​ത്തി​ന്റെ മൂല്യ​ത്തെ​ക്കു​റിച്ച്‌ കൂടുതൽ അറിയാൻ ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? എന്ന പുസ്‌ത​ക​ത്തി​ന്റെ “മറുവില—ദൈവ​ത്തി​ന്റെ ഏറ്റവും വലിയ ദാനം” എന്ന 5-ാം അധ്യായം കാണുക.