വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ഞാൻ വിശ്വസിക്കുന്നു”

“ഞാൻ വിശ്വസിക്കുന്നു”

അവരുടെ വിശ്വാസം അനുകരിക്കുക

“ഞാൻ വിശ്വസിക്കുന്നു”

മാർത്തയുടെ മനസ്സിൽനിന്ന്‌ ആ കല്ലറയുടെ ദൃശ്യം മായുന്നില്ല. അവളുടെ സഹോദരൻ ലാസറിന്റെ തണുത്തുറഞ്ഞ ശരീരമാണ്‌ അതിനകത്ത്‌. വേർപാടിന്റെ വേദന ആ കല്ലറയുടെ കൽപ്പാളികൾപോലെ അവളുടെ ഉള്ളിൽ ഘനീഭവിച്ചു കിടന്നു. തന്റെ സ്‌നേഹനിധിയായ കൂടെപ്പിറപ്പ്‌ തന്നെ വിട്ടുപോയെന്ന്‌ അവൾക്കു വിശ്വസിക്കാനേ കഴിയുന്നില്ല. കരച്ചിലും വിലാപവും അനുശോചനങ്ങളുമായി നാലു ദിവസങ്ങൾ കടന്നുപോയിരിക്കുന്നു.

ഇപ്പോൾ, ലാസർ ഏറ്റവും സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്‌തിരുന്ന ആളാണ്‌ മാർത്തയുടെ മുമ്പിൽ നിൽക്കുന്നത്‌. അതെ, അവർ എല്ലാവരും ഒരുപോലെ പ്രിയപ്പെട്ടിരുന്ന അവരുടെ കർത്താവ്‌, യേശു! യേശുവിനെ കാണുന്തോറും മാർത്തയുടെ മനസ്സ്‌ വിങ്ങിപ്പൊട്ടുകയാണ്‌. തന്റെ സഹോദരനെ മരണത്തിനു വിട്ടുകൊടുക്കാതിരിക്കാൻ അവനു കഴിയുമായിരുന്നല്ലോ എന്നായിരിക്കാം അവൾ ചിന്തിക്കുന്നത്‌. മാർത്തയും യേശുവും തമ്മിലുള്ള ഈ കൂടിക്കാഴ്‌ച നടക്കുന്നത്‌ ബെഥാന്യ എന്ന കൊച്ചു മലയോരപ്പട്ടണത്തിനു പുറത്തുവെച്ചാണ്‌. യേശുവിന്റെ കണ്ണുകളിൽ നിഴലിച്ചുകണ്ട കാരുണ്യവും സഹാനുഭൂതിയും മാർത്തയുടെ മനസ്സിലെ ദുഃഖം തെല്ലൊന്ന്‌ അലിയിച്ചുവോ? തന്റെ ഗുരുവിന്റെ സാമീപ്യം എന്നും അവൾക്ക്‌ മനോബലം നൽകിയിട്ടുണ്ട്‌. ഏതാനും നിമിഷംമാത്രം നീണ്ടുനിന്ന ആ കൂടിക്കാഴ്‌ചയിൽ യേശു അവളോട്‌ ചില ചോദ്യങ്ങൾ ചോദിക്കുകയുണ്ടായി. ദൈവത്തിലും പുനരുത്ഥാനത്തിലുമുള്ള അവളുടെ വിശ്വാസം ഒന്നുകൂടെ ഉറപ്പിക്കാൻ ആ ചോദ്യങ്ങൾ സഹായിച്ചു. ആ സംഭാഷണത്തിനൊടുവിൽ അവൾ ഇങ്ങനെ പ്രതിവചിച്ചു: “ലോകത്തിലേക്കു വരാനിരുന്ന ദൈവപുത്രനായ ക്രിസ്‌തു നീയാകുന്നു എന്നു ഞാൻ വിശ്വസിക്കുന്നു.” (യോഹന്നാൻ 11:27) മാർത്തയുടെ ആ വാക്കുകളുടെ അർഥവ്യാപ്‌തി വലുതായിരുന്നു!

ദൈവത്തിൽ അസാധാരണമായ വിശ്വാസം ഉണ്ടായിരുന്ന സ്‌ത്രീയായിരുന്നു മാർത്ത. ബൈബിൾ അവളെപ്പറ്റി വളരെക്കുറച്ചേ പറയുന്നുള്ളുവെങ്കിലും നമ്മുടെ വിശ്വാസത്തെ ബലിഷ്‌ഠമാക്കാൻപോന്നതാണ്‌ ആ വിവരങ്ങൾ. അത്‌ എങ്ങനെയെന്നു മനസ്സിലാക്കാൻ മാർത്തയെക്കുറിച്ചുള്ള ബൈബിൾ വിവരണങ്ങൾ നോക്കാം.

“വ്യാകുലപ്പെട്ടും മനസ്സുകലങ്ങിയുമിരിക്കുന്നു”

ലാസർ മരിക്കുന്നതിനും മാസങ്ങൾക്കുമുമ്പാണ്‌ ഈ സംഭവം നടക്കുന്നത്‌. ഒരു വിശിഷ്ടാതിഥിയെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ്‌ ലാസറിന്റെ കുടുംബം. ലാസറും സഹോദരിമാരായ മാർത്തയും മറിയയുമാണ്‌ ആ വീട്ടിലുള്ളത്‌. അതിഥികളെ സ്വീകരിക്കാൻ മുൻകൈ എടുക്കുന്നത്‌ മാർത്തയാണ്‌; വിവരണത്തിൽ ആദ്യം പേരെടുത്തു പരാമർശിച്ചിരിക്കുന്നതും അവളെയാണ്‌. ഇക്കാരണങ്ങളാൽ മാർത്തയായിരിക്കണം വീട്ടിലെ മൂത്തയാൾ എന്ന്‌ ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. (യോഹന്നാൻ 11:5) അവരിൽ ആരെങ്കിലും വിവാഹിതരായിരുന്നോ അല്ലയോ എന്ന്‌ ബൈബിൾ പറയുന്നില്ല. പക്ഷേ ഒരു കാര്യം ഉറപ്പാണ്‌: മൂന്നുപേരും യേശുവിന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു. യെഹൂദയിലെ പ്രസംഗപര്യടനത്തിനിടെ യേശു പലപ്പോഴും ഇവരുടെ വീട്ടിലാണ്‌ തങ്ങിയിരുന്നത്‌. എതിർപ്പും ശത്രുതയും നേരിടേണ്ടിവന്ന അവിടത്തെ ശുശ്രൂഷക്കാലത്ത്‌ സ്‌നേഹവും സൗഹൃദവും നിറഞ്ഞ ആ ഭവനാന്തരീക്ഷം യേശുവിന്‌ തീർച്ചയായും ആശ്വാസം നൽകിയിരിക്കണം!

വീട്ടുകാര്യങ്ങളായാലും അതിഥികളുടെ കാര്യങ്ങളായാലും എല്ലാം ശ്രദ്ധിച്ചിരുന്നത്‌ മാർത്തയായിരുന്നു. അതുകൊണ്ടുതന്നെ എപ്പോഴും എന്തെങ്കിലും പണിയുമായി തിരക്കിലായിരിക്കും അവൾ. അങ്ങനെയിരിക്കെയാണ്‌ യേശു തങ്ങളുടെ വീട്ടിലേക്കു വരുന്നു എന്ന വിവരം അവൾ അറിയുന്നത്‌. യേശുവിനോടൊപ്പം വേറെ ആളുകളും ഉണ്ടാകാനിടയുണ്ടെന്ന്‌ അവൾ ഊഹിച്ചിരിക്കണം. പെട്ടെന്നുതന്നെ അവൾ വിഭവസമൃദ്ധമായ ഒരു സദ്യയ്‌ക്കുള്ള ചിട്ടവട്ടങ്ങൾ തുടങ്ങി. അക്കാലത്ത്‌ അതിഥിസത്‌കാരത്തിന്‌ വലിയ പ്രാധാന്യം നൽകപ്പെട്ടിരുന്നു. ഒരു അതിഥി വീട്ടിലേക്കു വരുമ്പോൾ, ആതിഥേയൻ ചുംബനം നൽകി അദ്ദേഹത്തെ സ്വീകരിക്കുന്നതും അദ്ദേഹത്തിന്റെ ചെരിപ്പഴിച്ച്‌ പാദങ്ങൾ കഴുകുന്നതും തലയിൽ സുഗന്ധതൈലം പൂശുന്നതും ഒക്കെ പതിവായിരുന്നു. (ലൂക്കോസ്‌ 7:44-47) അതിഥിയുടെ താമസം, ഭക്ഷണം എന്നീ കാര്യങ്ങളിൽ ഒരു കുറവും വരാതെ നോക്കാൻ ആതിഥേയൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

തങ്ങളുടെ വിശിഷ്ടാതിഥിയെ സ്വീകരിക്കാൻ മാർത്തയ്‌ക്കും മറിയയ്‌ക്കും ഒരുപാട്‌ തയ്യാറെടുപ്പുകൾ നടത്തേണ്ടതുണ്ടായിരുന്നു. ചിന്തിച്ചുപെരുമാറുന്ന സ്വഭാവമായതുകൊണ്ടുതന്നെ മറിയ തീർച്ചയായും തന്റെ സഹോദരിയെ സഹായിച്ചിട്ടുണ്ടാകണം. എന്നാൽ യേശു വന്നുകഴിഞ്ഞപ്പോൾ അവൾ പതുക്കെ വീട്ടുജോലികളിൽനിന്നു പിൻവലിഞ്ഞു. എന്തുകൊണ്ടായിരിക്കാം അത്‌? ആളുകളുടെ ആതിഥ്യം സ്വീകരിക്കുന്ന ഇങ്ങനെയുള്ള അവസരങ്ങൾ സന്നിഹിതരായിരിക്കുന്നവരെ മൂല്യവത്തായ പലതും പഠിപ്പിക്കാനായി യേശു വിനിയോഗിച്ചിരുന്നു. ഇപ്രാവശ്യവും അവൻ ആ പതിവു തെറ്റിച്ചില്ല. അതീവ ഉത്സാഹത്തോടെ മറിയ യേശുവിന്റെ കാൽക്കൽ ചെന്നിരുന്ന്‌ അവൻ പറയുന്ന ഓരോ വാക്കും ശ്രദ്ധയോടെ കേട്ടു. അന്നത്തെ മതനേതാക്കന്മാരിൽനിന്നു വ്യത്യസ്‌തനായി, യേശു സ്‌ത്രീകളെ ആദരിച്ചിരുന്നു. അതുകൊണ്ടുതന്നെ, ദൈവരാജ്യത്തെക്കുറിച്ച്‌ അവരെ പഠിപ്പിക്കാൻ അവന്‌ യാതൊരു വൈമുഖ്യവും ഇല്ലായിരുന്നു.

ഇപ്പോൾ, മാർത്തയുടെ ഉള്ളിലെ പരിഭ്രമവും ആവലാതിയും നമുക്ക്‌ ഊഹിക്കാവുന്നതേയുള്ളൂ. വിഭവങ്ങൾ പലതുണ്ടാക്കണം, വീട്ടിൽ വന്നിരിക്കുന്നവരുടെ കാര്യങ്ങളെല്ലാം നോക്കണം. ഓർക്കുന്തോറും അവൾക്ക്‌ ആധികൂടി. വീട്ടിനകത്ത്‌ തിരക്കിട്ട്‌ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതിനിടെ, മറിയ യേശുവിന്റെ കാൽക്കലിരിക്കുന്നത്‌ അവൾ കാണുന്നുണ്ട്‌. സഹോദരി തന്നെ സഹായിക്കാത്തതിൽ അവൾക്ക്‌ അമർഷം തോന്നിയോ? തോന്നിയെങ്കിലും അതിശയിക്കാനില്ല. ഇക്കണ്ട ജോലിയെല്ലാം തനിയെ ചെയ്യുക അത്ര എളുപ്പമല്ല!

ഒടുവിൽ, ദേഷ്യവും സങ്കടവും അടക്കാനാവാതെ മാർത്ത ചെന്ന്‌ യേശുവിനോടു പറഞ്ഞു: “കർത്താവേ, ഒരുക്കങ്ങൾ ചെയ്യാൻ എന്റെ സഹോദരി എന്നെ തനിച്ചു വിട്ടിരിക്കുന്നതു നീ കാണുന്നില്ലേ? വന്ന്‌ എന്നെ സഹായിക്കാൻ അവളോടു പറഞ്ഞാലും.” (ലൂക്കോസ്‌ 10:40) അൽപ്പം ദേഷ്യത്തിലാണ്‌ മാർത്ത യേശുവിനോട്‌ ഇതു പറഞ്ഞത്‌. അതുകൊണ്ടായിരിക്കാം ചില ഭാഷാന്തരങ്ങൾ മാർത്തയുടെ ചോദ്യത്തെ, “കർത്താവേ, . . .. നിനക്ക്‌ യാതൊരു ചിന്തയുമില്ലേ?” എന്നു വിവർത്തനം ചെയ്‌തിരിക്കുന്നത്‌. ആ ചോദ്യത്തിനുശേഷം, വന്ന്‌ തന്നെ സഹായിക്കാൻ മറിയയോട്‌ ആവശ്യപ്പെടാൻ മാർത്ത യേശുവിനോട്‌ പറയുന്നു.

യേശുവിന്റെ മറുപടി കേട്ട്‌ മാർത്ത അമ്പരന്നിട്ടുണ്ടാകണം, ഈ വേദഭാഗം വായിച്ചിട്ടുള്ള പലരെയുംപോലെ. എന്തായിരുന്നു ആ മറുപടി? സ്‌നേഹവായ്‌പോടെ യേശു അവളോടു പറഞ്ഞു: “മാർത്തേ, മാർത്തേ, നീ പലതിനെച്ചൊല്ലി വ്യാകുലപ്പെട്ടും മനസ്സുകലങ്ങിയുമിരിക്കുന്നു. എന്നാൽ കുറച്ചേ വേണ്ടൂ. അല്ല, ഒന്നു മതി. മറിയ നല്ല പങ്ക്‌ തിരഞ്ഞെടുത്തിരിക്കുന്നു. അത്‌ അവളിൽനിന്ന്‌ എടുത്തുകളയുകയുമില്ല.” (ലൂക്കോസ്‌ 10:41, 42) യേശു എന്താണ്‌ ഉദ്ദേശിച്ചത്‌? ആത്മീയ കാര്യങ്ങൾക്ക്‌ ശ്രദ്ധകൊടുക്കാതെ ഭൗതിക കാര്യങ്ങളിൽ മുഴുകി ജീവിക്കുന്ന ഒരുവളാണ്‌ മാർത്ത എന്ന്‌ ധ്വനിപ്പിക്കുകയായിരുന്നോ യേശു? തന്നെ സത്‌കരിക്കാൻ അവൾ ചെയ്യുന്ന ശ്രമങ്ങളെ നിസ്സാരമാക്കിക്കാണിക്കുകയായിരുന്നോ അവൻ?

ഒരിക്കലുമല്ല. തന്നോടുള്ള അകമഴിഞ്ഞ സ്‌നേഹവും ആദരവുംകൊണ്ടാണ്‌ അവൾ അതെല്ലാം ചെയ്യുന്നതെന്ന്‌ യേശുവിനു നന്നായി അറിയാമായിരുന്നു. മാത്രമല്ല, വലിയ വിരുന്നുസത്‌കാരങ്ങളോട്‌ അവന്‌ വിപ്രതിപത്തി ഉണ്ടായിരുന്നുമില്ല. ഉണ്ടായിരുന്നെങ്കിൽ, മത്തായി ഒരുക്കിയ വിരുന്നിൽ യേശു പങ്കെടുക്കുമായിരുന്നില്ല. (ലൂക്കോസ്‌ 5:29) അതുകൊണ്ട്‌, മാർത്ത വിഭവസമൃദ്ധമായ ഒരു സദ്യ ഒരുക്കുന്നതിനെ കുറ്റപ്പെടുത്തുകയല്ലായിരുന്നു അവൻ; പിന്നെയോ അവൾ മുൻഗണന നൽകുന്നത്‌ എന്തിനാണെന്നുള്ളത്‌ അവളുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. വിരുന്നൊരുക്കുന്നതിന്റെ തിരക്കിൽ അവൾ ഏറെ പ്രാധാന്യമുള്ള ഒരു കാര്യം അവഗണിച്ചു. എന്തായിരുന്നു അത്‌?

ദൈവത്തിന്റെ ഏകജാത പുത്രനായ യേശു മാർത്തയുടെ വീട്ടിലെത്തിയത്‌ ആത്മീയ സത്യങ്ങൾ പഠിപ്പിക്കാനായിരുന്നു. യേശുവിൽനിന്ന്‌ പഠിക്കാനും അങ്ങനെ വിശ്വാസം ബലിഷ്‌ഠമാക്കാനുമുള്ള ആ അവസരം നഷ്ടമാക്കിക്കൊണ്ട്‌ മാർത്ത മറ്റ്‌ കാര്യങ്ങളിൽ വ്യാപൃതയാകുന്നത്‌ ഒട്ടും ബുദ്ധിയായിരുന്നില്ല. യേശുവിന്‌ അതിൽ കുണ്‌ഠിതം തോന്നിയെങ്കിലും അവൻ അവളെ നിർബന്ധിച്ചില്ല. എന്നാൽ ഇപ്പോൾ, മറിയയ്‌ക്കുംകൂടെ ആ അവസരം നഷ്ടമാക്കാനാണ്‌ മാർത്ത ശ്രമിക്കുന്നത്‌.

അതുകൊണ്ട്‌ യേശു അവളെ സ്‌നേഹപൂർവം തിരുത്തി. “മാർത്തേ, മാർത്തേ” എന്ന യേശുവിന്റെ ആ വിളി കേട്ടപ്പോൾത്തന്നെ അവളുടെ ദേഷ്യം അൽപ്പമൊന്നു കുറഞ്ഞിട്ടുണ്ടാകണം. ‘പലതിനെച്ചൊല്ലി വ്യാകുലപ്പെടേണ്ടതില്ല’ എന്നുകൂടെ യേശു പറഞ്ഞപ്പോൾ അവൾക്ക്‌ എത്ര ആശ്വാസം തോന്നിയിട്ടുണ്ടാകും! അതെ, വാസ്‌തവത്തിൽ ഒന്നോ രണ്ടോ വിഭവങ്ങളുടെ ആവശ്യമേ ഉണ്ടായിരുന്നുള്ളൂ! പ്രത്യേകിച്ച്‌ യേശു അത്ര വലിയ ഒരു ആത്മീയ വിരുന്ന്‌ ഒരുക്കിവെച്ചിരിക്കെ! ആ സ്ഥിതിക്ക്‌, മറിയ തിരഞ്ഞെടുത്ത “നല്ല പങ്ക്‌” യേശു അവളിൽനിന്ന്‌ എടുത്തുകളയുമോ?

മാർത്തയുടെ ഭവനത്തിൽ നടന്ന ഈ കൊച്ചുസംഭവത്തിൽനിന്ന്‌ ക്രിസ്‌തുശിഷ്യരായ നമുക്ക്‌ ധാരാളം പഠിക്കാനുണ്ട്‌. ‘ആത്മീയ ആവശ്യങ്ങൾ’ തൃപ്‌തിപ്പെടുത്തുന്നതിന്‌ യാതൊന്നും പ്രതിബന്ധമാകരുത്‌. (മത്തായി 5:3) മാർത്തയുടെ സത്‌കാരപ്രിയവും അധ്വാനശീലവും അനുകരണീയമാണെന്നതിൽ തർക്കമില്ല. എന്നാൽ നമ്മൾ അതിഥിപ്രിയം കാണിക്കുമ്പോൾ, സത്‌കാരത്തിന്റെ തിരക്കുകളിൽ മുഴുകി, പ്രാധാന്യമേറിയ കാര്യങ്ങൾ അവഗണിക്കാൻ ഇടയാകരുത്‌. ഭക്ഷണം കഴിക്കുന്നതും കഴിപ്പിക്കുന്നതും മാത്രമല്ല ആതിഥ്യത്തിൽ ഉൾപ്പെട്ടിരിക്കുന്നത്‌. പരസ്‌പരം പ്രോത്സാഹിപ്പിക്കുന്നതിനും ആത്മീയവിവരങ്ങൾ കൈമാറുന്നതിനും കൂടെയുള്ള അവസരമാണ്‌ അത്‌. (റോമർ 1:11, 12) ആയതിനാൽ അത്തരം സാഹചര്യങ്ങളിൽ ലളിതമായ തോതിലുള്ള ഭക്ഷണം മതിയാകും.

മരണം കവർന്നെടുത്ത കൂടെപ്പിറപ്പിനെ തിരികെ കിട്ടുന്നു

യേശു സ്‌നേഹപൂർവം നൽകിയ ആ തിരുത്തൽ മാർത്ത സ്വീകരിച്ചോ? അവൾ അതിൽനിന്ന്‌ പാഠം ഉൾക്കൊണ്ടോ? തീർച്ചയായും. അങ്ങനെ അനുമാനിക്കാൻ കാരണമുണ്ട്‌. മാർത്തയുടെ സഹോദരനായ ലാസറിനെക്കുറിച്ചുള്ള വിവരണം യോഹന്നാൻ അപ്പൊസ്‌തലൻ തുടങ്ങുന്നത്‌ എങ്ങനെയാണെന്നു ശ്രദ്ധിക്കുക. “യേശു മാർത്തയെയും അവളുടെ സഹോദരിയെയും ലാസറിനെയും സ്‌നേഹിച്ചിരുന്നു” എന്ന്‌ യോഹന്നാൻ രേഖപ്പെടുത്തുന്നു. (യോഹന്നാൻ 11:5) യേശുവിന്റെ അന്നത്തെ സന്ദർശത്തിന്‌ മാസങ്ങൾക്കുശേഷം നടന്ന ഒരു സംഭവമാണ്‌ അപ്പൊസ്‌തലൻ ഇവിടെ പരാമർശിക്കുന്നത്‌. അതെ, യേശു തന്നെ തിരുത്തിയതിൽ മാർത്തയ്‌ക്ക്‌ പിണക്കമോ പരിഭവമോ ഇല്ലായിരുന്നെന്നു വ്യക്തം. യേശുവിന്റെ ഉപദേശം അവൾ മനസ്സോടെ സ്വീകരിച്ചിരുന്നു. ഇക്കാര്യത്തിലും മാർത്ത നമുക്ക്‌ നല്ലൊരു മാതൃകയാണ്‌. നമുക്കും ഇടയ്‌ക്കൊക്കെ തിരുത്തൽ ആവശ്യമാണല്ലോ.

സഹോദരനായ ലാസർ രോഗശയ്യയിലായപ്പോൾ അവനെ പരിചരിക്കുന്നതിലായി മാർത്തയുടെ ശ്രദ്ധ. അവൻ സുഖം പ്രാപിക്കാൻ തന്നാലാവുന്നതെല്ലാം അവൾ ചെയ്‌തു. പക്ഷേ ലാസറിന്റെ സ്ഥിതി ഒന്നിനൊന്നു വഷളായതേ ഉള്ളൂ. സഹോദരിമാർ ഇരുവരും ദിവസങ്ങളോളം അവന്റെ കിടക്കയ്‌ക്കരികിൽനിന്നു മാറാതെ അവനെ ശുശ്രൂഷിച്ചു. തന്റെ സഹോദരന്റെ തളർന്ന മുഖത്തേക്കു നോക്കിയപ്പോഴൊക്കെ ഒരുപാട്‌ ഓർമകൾ മാർത്തയുടെ മനസ്സിലേക്ക്‌ ഓടിയെത്തിയിരിക്കാം; ഒരുമിച്ചു പങ്കിട്ട സന്തോഷങ്ങൾ, സങ്കടങ്ങൾ, അങ്ങനെ പലതും!

ലാസറിന്റെ സ്ഥിതി വഷളാകുകയാണെന്നു കണ്ട മാർത്തയും മറിയയും യേശുവിന്റെ അടുക്കൽ ആളയച്ച്‌, “കർത്താവേ, നിനക്കു പ്രിയനായവൻ രോഗിയായി കിടക്കുന്നു” എന്ന്‌ അറിയിച്ചു. (യോഹന്നാൻ 11:1, 3) ബെഥാന്യയിൽനിന്ന്‌ രണ്ടു ദിവസത്തെ വഴിദൂരമുള്ള ഒരു സ്ഥലത്ത്‌ പ്രസംഗവേലയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു യേശു അപ്പോൾ. ലാസറിനെ യേശു വളരെയേറെ സ്‌നേഹിച്ചിരുന്നുവെന്ന്‌ അറിയാമായിരുന്ന ആ സഹോദരിമാർക്ക്‌ അവനെ രക്ഷിക്കാൻ യേശു തന്നാലാവുന്നതെന്തും ചെയ്യുമെന്ന്‌ ഉറപ്പായിരുന്നു. ലാസറിന്‌ എന്തെങ്കിലും സംഭവിക്കുന്നതിനുമുമ്പുതന്നെ യേശു ഓടിയെത്തും എന്ന്‌ അവർ പ്രതീക്ഷിച്ചിട്ടുണ്ടാകുമോ? എന്തായാലും, യേശു എത്തുന്നതിനുമുമ്പേ ലാസർ മരിച്ചു!

അടക്കാനാകാത്ത സങ്കടത്തോടെ മാർത്തയും മറിയയും കൂടെപ്പിറപ്പിന്റെ സംസ്‌കാരത്തിനുവേണ്ട തയ്യാറെടുപ്പുകൾ തുടങ്ങി. വിവരമറിഞ്ഞ്‌ ബെഥാന്യയിൽനിന്നും പരിസര പ്രദേശത്തുനിന്നും ആളുകൾ അവരുടെ വീട്ടിലേക്കു പ്രവഹിച്ചുകൊണ്ടിരുന്നു. പക്ഷേ യേശുവിനെമാത്രം കണ്ടില്ല! സമയം കടന്നുപോകുന്തോറും, ‘യേശു വരാൻ വൈകുന്നതെന്ത്‌’ എന്ന ചിന്ത മാർത്തയെ കുഴക്കിയിട്ടുണ്ടാകും. ഒടുവിൽ, ലാസർ മരിച്ച്‌ നാലുദിവസം കഴിഞ്ഞപ്പോൾ, യേശു പട്ടണത്തിന്‌ അടുത്തെത്തിയിരിക്കുന്നു എന്ന വിവരം മാർത്ത കേട്ടു. അത്‌ കേട്ടപാടേ, കടുത്ത മനോവ്യഥയിൽ ആയിരുന്നിട്ടും മറിയയോടുപോലും പറയാൻ നിൽക്കാതെ അവൾ യേശുവിനെ കാണാൻ ഓടി.—യോഹന്നാൻ 11:20.

തന്റെ ഗുരുവിനെ കണ്ടതേ, ദിവസങ്ങളായി മനസ്സിൽ അടക്കിവെച്ചിരുന്ന അവളുടെ സങ്കടം അണപൊട്ടിയൊഴുകി. വേദനയോടെ അവൾ പറഞ്ഞു: “കർത്താവേ, നീ ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്റെ സഹോദരൻ മരിക്കുകയില്ലായിരുന്നു.” പക്ഷേ അപ്പോഴും അവൾ പ്രതീക്ഷ കൈവിട്ടിരുന്നില്ല. അവൾ യേശുവിനോടു പറഞ്ഞു: “ഇപ്പോൾപ്പോലും നീ ദൈവത്തോട്‌ ചോദിക്കുന്നതെന്തും അവൻ നിനക്കു തരുമെന്ന്‌ എനിക്കറിയാം.” അവളുടെ വിശ്വാസത്തെ ഉറപ്പിക്കുന്നതായിരുന്നു യേശുവിന്റെ മറുപടി: “നിന്റെ സഹോദരൻ ഉയിർത്തെഴുന്നേൽക്കും.”—യോഹന്നാൻ 11:21-23.

ഭാവിയിൽ നടക്കാനിരിക്കുന്ന പുനരുത്ഥാനത്തെക്കുറിച്ചായിരിക്കണം യേശു സംസാരിക്കുന്നതെന്ന്‌ മാർത്ത കരുതി. അതുകൊണ്ട്‌ അവൾ പറഞ്ഞു: “അവസാനനാളിലെ പുനരുത്ഥാനത്തിൽ അവൻ ഉയിർത്തെഴുന്നേൽക്കുമെന്ന്‌ എനിക്കറിയാം.” (യോഹന്നാൻ 11:24) അതെ, പുനരുത്ഥാനത്തിൽ മാർത്തയ്‌ക്ക്‌ ശക്തമായ വിശ്വാസം ഉണ്ടായിരുന്നു. പുനരുത്ഥാനം നിശ്വസ്‌ത തിരുവെഴുത്തുകളിലെ സുവ്യക്തമായ ഒരു പഠിപ്പിക്കലായിരുന്നെങ്കിലും, അന്നത്തെ യഹൂദ മതനേതാക്കന്മാരുടെ ഒരു വിഭാഗമായ സദൂക്യർ അതിൽ വിശ്വസിച്ചിരുന്നില്ല. (ദാനീയേൽ 12:13; മർക്കോസ്‌ 12:18) എന്നാൽ, യേശു പുനരുത്ഥാനത്തെക്കുറിച്ചു പഠിപ്പിച്ചിരുന്നെന്നും മരിച്ചവരെ ഉയിർപ്പിച്ചിരുന്നെന്നും—മരിച്ചിട്ട്‌ ദിവസങ്ങൾ കഴിഞ്ഞ്‌ ഒരാളെ ഉയിർപ്പിച്ച സംഭവം അതുവരെ ഉണ്ടായിട്ടില്ലെങ്കിലും—ഉള്ള കാര്യങ്ങൾ മാർത്തയ്‌ക്ക്‌ അറിയാമായിരുന്നു. എന്നിരുന്നാലും ലാസറിന്റെ കാര്യത്തിൽ യേശു എന്താണു ചെയ്യാൻ പോകുന്നതെന്ന്‌ മാർത്തയ്‌ക്ക്‌ ഒരു ഊഹവുമില്ലായിരുന്നു.

തുടർന്ന്‌ യേശു അതീവ പ്രാധാന്യമുള്ള ഒരു പ്രസ്‌താവന നടത്തി: “ഞാൻതന്നെ പുനരുത്ഥാനവും ജീവനും ആകുന്നു.” മരിച്ചവരെ ഉയിർപ്പിക്കാനുള്ള അധികാരം യഹോവയാം ദൈവം തന്റെ പുത്രനു നൽകിയിട്ടുണ്ടെന്നും ഭാവിയിൽ ഭൂവ്യാപകമായി അവൻ ആ അത്ഭുതം പ്രവർത്തിക്കും എന്നുമാണ്‌ അതിനർഥം. ആ പ്രസ്‌താവനയ്‌ക്കുശേഷം, “നീ ഇതു വിശ്വസിക്കുന്നുവോ?” എന്ന്‌ യേശു മാർത്തയോടു ചോദിച്ചു. ആ ചോദ്യത്തിന്‌ മാർത്ത നൽകിയ ഉത്തരമാണ്‌ ലേഖനത്തിന്റെ ആദ്യഭാഗത്തു നാം കണ്ടത്‌. യേശുവാണ്‌ ക്രിസ്‌തു അഥവാ മിശിഹാ എന്നും അവൻ യഹോവയാം ദൈവത്തിന്റെ പുത്രനാണെന്നും പ്രവാചകന്മാർ മുൻകൂട്ടിപ്പറഞ്ഞത്‌ അവനെക്കുറിച്ചാണെന്നും മാർത്ത വിശ്വസിച്ചിരുന്നു.—യോഹന്നാൻ 5:28, 29; 11:25-27.

മാർത്ത പ്രകടിപ്പിച്ച ആ വിശ്വാസം യഹോവയാം ദൈവവും യേശുക്രിസ്‌തുവും വിലമതിച്ചോ? തുടർന്ന്‌ അരങ്ങേറിയ സംഭവങ്ങൾ അത്‌ വ്യക്തമാക്കും. മാർത്ത തന്റെ സഹോദരിയെ വിളിച്ചുകൊണ്ടുവരാനായി തിരിച്ച്‌ വീട്ടിലേക്കോടി. ഉടനെ മറിയ മാർത്തയോടൊപ്പം യേശുവിനെ കാണാൻ പുറപ്പെട്ടു. അവരെ ആശ്വസിപ്പിക്കാനെത്തിയവരും കൂടെച്ചെന്നു. മറിയയോടും കൂടെവന്നവരോടും സംസാരിക്കവെ, യേശു വികാരാധീനനാകുന്നത്‌ മാർത്ത കണ്ടു. ലാസറിന്റെ വിയോഗം യേശുവിന്റെ ഉള്ളുലയ്‌ക്കുന്നതും അവന്റെ മനസ്സിലെ ദുഃഖം കണ്ണുനീരായി പുറത്തുവരുന്നതും അവൾക്ക്‌ കാണാമായിരുന്നു. കല്ലറ അടച്ചിരുന്ന കല്ല്‌ ഉരുട്ടിമാറ്റാൻ യേശു നിർദേശം നൽകുന്നതാണ്‌ പിന്നെ അവൾ കേട്ടത്‌.—യോഹന്നാൻ 11:28-39.

എപ്പോഴും പ്രായോഗികബുദ്ധിയോടെ പെരുമാറിയിരുന്ന മാർത്ത, യേശുവിനെ തടയാൻനോക്കി. “കർത്താവേ, നാലുദിവസമായല്ലോ; ഇപ്പോൾ അവനു നാറ്റംവെച്ചിട്ടുണ്ടാകും,” അവൾ പറഞ്ഞു. അപ്പോൾ യേശു അവളെ ഓർമപ്പെടുത്തി: “വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്ത്വം കാണുമെന്നു ഞാൻ നിന്നോടു പറഞ്ഞില്ലയോ?” അവൾ വിശ്വസിച്ചു; യഹോവയുടെ മഹത്ത്വം കാണുകയും ചെയ്‌തു. അതെ, അവിടെവെച്ച്‌, ആ നിമിഷംതന്നെ ലാസറിനെ ജീവനിലേക്കു തിരികെ കൊണ്ടുവരാൻ യഹോവ തന്റെ പുത്രനെ പ്രാപ്‌തനാക്കി! പിന്നെ നടന്ന സംഭവങ്ങൾ ജീവിതാന്ത്യംവരെ മാർത്തയുടെ മനസ്സിൽ മിഴിവോടെ നിന്നിരിക്കണം: “ലാസറേ, പുറത്തുവരുക” എന്ന്‌ യേശു ഉറക്കെ ആജ്ഞാപിക്കുന്നു. ഉടനെ കല്ലറയ്‌ക്കകത്ത്‌ ഒരു നേർത്ത ശബ്ദം കേൾക്കായി. ലാസർ എഴുന്നേൽക്കുന്ന ശബ്ദമാണ്‌ അത്‌. നിമിഷങ്ങൾക്കകം ദേഹമാസകലം ശീലകൾ ചുറ്റിയ ഒരു രൂപം മെല്ലെ നടന്ന്‌ കല്ലറയുടെ വാതിൽക്കലേക്കു വന്നു. “അവന്റെ കെട്ടഴിക്കുക; അവൻ പോകട്ടെ,” യേശു വീണ്ടും കൽപ്പിച്ചു. സംഭവങ്ങൾ വിസ്‌മയത്തോടെ കണ്ടുനിന്ന ആ സഹോദരിമാർ എല്ലാം മറന്ന്‌ തങ്ങളുടെ പ്രിയസഹോദരന്റെ നീട്ടിപ്പിടിച്ച കരങ്ങളിലേക്ക്‌ ഓടിച്ചെന്നു. ലാസർ അവരെ അണച്ചുപിടിച്ചു! (യോഹന്നാൻ 11:40-44) മാർത്തയുടെ ഉള്ളിൽ ഘനീഭവിച്ചുകിടന്ന ദുഃഖം ഒറ്റനിമിഷംകൊണ്ട്‌ അലിഞ്ഞില്ലാതായി!

മരിച്ചവരുടെ പുനരുത്ഥാനം വെറുമൊരു സ്വപ്‌നമല്ല എന്നതിന്‌ അടിവരയിടുന്നു ഈ സംഭവകഥ. പുനരുത്ഥാനം, മനസ്സിൽ പ്രത്യാശ നിറയ്‌ക്കുന്ന ഒരു ബൈബിൾ ഉപദേശമാണ്‌. ബൈബിളിലെ പുനരുത്ഥാന വിവരണങ്ങൾ കെട്ടുകഥകളല്ല, ചരിത്ര വസ്‌തുതകളാണ്‌. വിശ്വാസത്തിന്‌ പ്രതിഫലം നൽകാൻ സദാ സന്നദ്ധരാണ്‌ യഹോവയും അവന്റെ പുത്രനും. മാർത്തയും മറിയയും അവരുടെ സഹോദരനായ ലാസറും ഉൾപ്പെട്ട ഈ സംഭവം അതിനുള്ള ശക്തമായ തെളിവാണ്‌. മാർത്തയുടേതുപോലുള്ള വിശ്വാസം വളർത്തിയെടുക്കുന്നെങ്കിൽ നിങ്ങൾക്കും പ്രതിഫലം ലഭിക്കും. a

“മാർത്ത അവരെ ഉപചരിച്ചു”

മാർത്തയെക്കുറിച്ചുള്ള ഒരു വിവരണംകൂടെ ബൈബിളിലുണ്ട്‌. യേശു മരിക്കുന്ന ആഴ്‌ചയുടെ തുടക്കത്തിലാണ്‌ സംഭവം. തന്നെ കാത്തിരിക്കുന്ന കഠോര യാതനകളെക്കുറിച്ച്‌ നന്നായി അറിയാവുന്ന യേശു ഒരിക്കൽക്കൂടെ ബെഥാന്യയിലെ തന്റെ പ്രിയസുഹൃത്തുക്കളുടെ ഭവനത്തിൽ ചെന്നു. അവിടെനിന്നായിരിക്കും യേശു യെരുശലേമിലേക്കു പോകുക. ബെഥാന്യയിൽനിന്ന്‌ 3 കിലോമീറ്റർ വഴിദൂരമേയുള്ളൂ യെരുശലേമിലേക്ക്‌. ബെഥാന്യയിൽ യേശുവും ലാസറും, കുഷ്‌ഠരോഗിയായിരുന്ന ശിമോന്റെ ഭവനത്തിൽ ഭക്ഷണത്തിനിരിക്കുന്നതിനെപ്പറ്റിയുള്ള വിവരണത്തിലാണ്‌ മാർത്തയെക്കുറിച്ചുള്ള അവസാന പരാമർശം നാം കാണുന്നത്‌. “മാർത്ത അവരെ ഉപചരിച്ചു” എന്ന്‌ അവിടെ പറയുന്നു.—യോഹന്നാൻ 12:2.

ചുറുചുറുക്കോടെ ഓടിനടന്ന്‌ പണിയെടുക്കുന്ന മാർത്തയെയാണ്‌ ഇവിടെയും നാം കാണുന്നത്‌. ആദ്യം നാം അവളെ കാണുമ്പോൾ അവൾ ജോലിയിൽ വ്യാപൃതയായിരുന്നു; ഇപ്പോഴിതാ ഈ വിവരണത്തിലും, വിരുന്നുകാരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ്‌ അവരെ ഉപചരിക്കുകയാണ്‌ മാർത്ത. പിന്നീടങ്ങോട്ടും മാർത്ത ഈ സ്വഭാവഗുണങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ടാകണം. മാർത്തയെപ്പോലെ അതിഥിപ്രിയരും കരുത്തുറ്റ വിശ്വാസത്തിന്‌ ഉടമകളുമായ സ്‌ത്രീജനങ്ങളാൽ അനുഗൃഹീതമാണ്‌ ഇന്നത്തെ ക്രിസ്‌തീയ സഭയും.

ദുഷ്‌കരമായ വേറെയും പരിശോധനകൾ മാർത്തയെ കാത്തിരിക്കുന്നുണ്ടായിരുന്നു. തന്റെ പ്രിയഗുരുവിനെ സത്‌കരിച്ച്‌ ഏതാനും ദിവസങ്ങൾക്കുള്ളിൽത്തന്നെ അവൻ ദാരുണമായി വധിക്കപ്പെടുന്നത്‌ അവൾക്കു കാണേണ്ടിവന്നു. യേശുവിനെ കൊന്ന ക്രൂരരായ ആ മനുഷ്യർ ലാസറിനെയും വകവരുത്താൻ പദ്ധതിയിട്ടിരുന്നു. കാരണം ലാസറിന്റെ പുനരുത്ഥാനം പലരെയും യേശുവിൽ വിശ്വസിക്കാൻ പ്രേരിപ്പിച്ചു. (യോഹന്നാൻ 12:9-11) കാലാന്തരത്തിൽ മരണം വീണ്ടും മാർത്തയെയും അവളുടെ കൂടെപ്പിറപ്പുകളെയും തമ്മിൽ വേർപിരിച്ചു. അതേക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും നമുക്കറിയില്ല. പക്ഷേ ഒരു കാര്യം ഉറപ്പാണ്‌: അവസാനത്തോളം സഹിച്ചുനിൽക്കാൻ മാർത്തയുടെ വിശ്വാസം അവളെ സഹായിച്ചു. വിശ്വാസത്തിന്റെ കാര്യത്തിൽ മാർത്ത ക്രിസ്‌ത്യാനികൾക്ക്‌ ഒരു മാതൃകതന്നെയാണ്‌.

[അടിക്കുറിപ്പ്‌]

a പുനരുത്ഥാനം എന്ന ബൈബിൾ ഉപദേശത്തെക്കുറിച്ച്‌ കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച, ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌തകത്തിന്റെ 7-ാം അധ്യായം കാണുക.

[23-ാം പേജിലെ ചിത്രം]

കടുത്ത ദുഃഖത്തിലും വിശ്വാസത്തെ ബലപ്പെടുത്താൻ യേശു നൽകിയ സഹായം മാർത്ത സ്വീകരിച്ചു

[24-ാം പേജിലെ ചിത്രം]

മനസ്സാകെ അസ്വസ്ഥമായിരുന്നപ്പോഴും യേശു നൽകിയ തിരുത്തൽ അവൾ താഴ്‌മയോടെ സ്വീകരിച്ചു

[27-ാം പേജിലെ ചിത്രം]

യേശുവിൽ വിശ്വസിച്ചതിന്‌ മാർത്തയ്‌ക്കു പ്രതിഫലം കിട്ടി; മരിച്ചുപോയ കൂടെപ്പിറപ്പിനെ അവൾക്കു തിരികെ ലഭിച്ചു