വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വൃദ്ധർ വീണ്ടും യുവത്വം പ്രാപിക്കുമ്പോൾ

വൃദ്ധർ വീണ്ടും യുവത്വം പ്രാപിക്കുമ്പോൾ

ദൈവത്തോട്‌ അടുത്തുചെല്ലുക

വൃദ്ധർ വീണ്ടും യുവത്വം പ്രാപിക്കുമ്പോൾ

ചുക്കിച്ചുളിഞ്ഞ തൊലി, മങ്ങിയ കാഴ്‌ച, കേൾവിക്കുറവ്‌, ഉറയ്‌ക്കാത്ത കാൽവെപ്പുകൾ, അങ്ങനെ പോകുന്നു വാർധക്യം കൊണ്ടുവരുന്ന അരിഷ്ടതകൾ. കുറച്ചുനാൾമാത്രം യുവത്വത്തിന്റെ പ്രസരിപ്പ്‌ ആസ്വദിച്ചിട്ട്‌ പിന്നെയങ്ങോട്ട്‌ വാർധക്യത്തിന്റെ ഭയാനക വെല്ലുവിളികളുമായി കഴിഞ്ഞുകൂടേണ്ടിവരുക! ദൈവം മനുഷ്യനെ ഈ വിധത്തിൽ എന്തിനു സൃഷ്ടിച്ചു എന്ന്‌ നിങ്ങൾ ചിന്തിച്ചുപോയിട്ടുണ്ടോ? എന്നാൽ മനുഷ്യനെ സംബന്ധിച്ച ദൈവത്തിന്റെ ഉദ്ദേശ്യം ഇതല്ല എന്നറിയുമ്പോൾ നിങ്ങൾ ആശ്ചര്യപ്പെട്ടേക്കാം. വാർധക്യത്തിൽനിന്നും അതുമൂലമുണ്ടാകുന്ന പ്രശ്‌നങ്ങളിൽനിന്നും നമ്മെ വിടുവിക്കാനുള്ള ക്രമീകരണം ദൈവം ചെയ്‌തിരിക്കുന്നു. ഇയ്യോബ്‌ 33:24, 25-ൽ രേഖപ്പെടുത്തിയിരിക്കുന്ന, ഗോത്രപിതാവായ ഇയ്യോബിനോടുള്ള ദൈവത്തിന്റെ വാക്കുകൾ ശ്രദ്ധിക്കുക.

ഇയ്യോബിന്റെ സാഹചര്യത്തെക്കുറിച്ചു നമുക്ക്‌ അൽപ്പമായൊന്ന്‌ ചിന്തിക്കാം. യഹോവയുടെ ഒരു വിശ്വസ്‌ത ദാസനായിരുന്നു ഇയ്യോബ്‌. യഹോവ അവനെ അതിയായി സ്‌നേഹിച്ചിരുന്നു. അങ്ങനെയിരിക്കെ ദൈവത്തോടുള്ള ഇയ്യോബിന്റെ വിശ്വസ്‌തതയെ സാത്താൻ ചോദ്യംചെയ്‌തു. ഇയ്യോബ്‌ ദൈവത്തെ സേവിക്കുന്നത്‌ സ്വാർഥ കാരണങ്ങളാലാണെന്ന്‌ സാത്താൻ സമർഥിച്ചു. ഇയ്യോബിനെ പരീക്ഷിക്കാൻ സാത്താനെ യഹോവ അനുവദിച്ചു. എന്തുവന്നാലും ഇയ്യോബ്‌ തന്നോട്‌ വിശ്വസ്‌തനായിരിക്കുമെന്ന്‌ യഹോവയ്‌ക്ക്‌ ഉറപ്പുണ്ടായിരുന്നു. മാത്രമല്ല, സാത്താൻ ഇയ്യോബിന്‌ വരുത്തിയേക്കാവുന്ന ഏതൊരു കഷ്ടനഷ്ടങ്ങളും തുടച്ചുമാറ്റാൻ തനിക്കാവും എന്നും യഹോവയ്‌ക്ക്‌ അറിയാമായിരുന്നു. ഈ സംഭവങ്ങളൊന്നും പക്ഷേ ഇയ്യോബ്‌ അറിയുന്നുണ്ടായിരുന്നില്ല. തുടർന്ന്‌ സാത്താൻ “ഇയ്യോബിനെ ഉള്ളങ്കാൽമുതൽ നെറുകവരെ വല്ലാത്ത പരുക്കളാൽ ബാധിച്ചു.” (ഇയ്യോബ്‌ 2:7) ഇയ്യോബിന്റെ ദേഹത്തെ വ്രണങ്ങളിൽ പുഴുവരിച്ചു; അവന്റെ ചർമം വിണ്ടുപൊട്ടി പൊളിഞ്ഞുപോയി. (ഇയ്യോബ്‌ 7:5; 30:17, 30) ഇയ്യോബ്‌ അനുഭവിച്ച വേദന നിങ്ങൾക്ക്‌ ഊഹിക്കാനാകുന്നുണ്ടോ? ഈ ദുരിതങ്ങളിലും ഇയ്യോബ്‌ ദൈവത്തോടുള്ള തന്റെ വിശ്വസ്‌തത കാത്തു. ‘ഞാൻ മരിക്കുവോളം എന്റെ നിഷ്‌കളങ്കത്വം ഉപേക്ഷിക്കയില്ല’ എന്നവൻ ദൃഢനിശ്ചയം ചെയ്‌തിരുന്നു.—ഇയ്യോബ്‌ 27:5.

എന്നിരുന്നാലും ഇയ്യോബ്‌ വലിയൊരു പിഴവ്‌ വരുത്തി. മരണം മുന്നിൽ കണ്ടപ്പോൾ, തന്നെത്തന്നെ നീതീകരിക്കാൻ അവൻ വ്യഗ്രത കാണിച്ചു. ഇയ്യോബ്‌ “ദൈവത്തെക്കാൾ തന്നെത്താൻ നീതീകരി”ക്കാൻ ശ്രമിച്ചു എന്ന്‌ ബൈബിൾ പറയുന്നു. (ഇയ്യോബ്‌ 32:2) ദൈവത്തിന്റെ വക്താവായിരുന്ന എലീഹൂ ഇയ്യോബിനെ തിരുത്തി. എന്നാൽ അതോടൊപ്പം ദൈവത്തിൽനിന്നുള്ള സന്തോഷകരമായ ഒരു സന്ദേശവും എലീഹൂ ഇയ്യോബിനെ അറിയിച്ചു: “കുഴിയിൽ (ശവക്കുഴിയിൽ) ഇറങ്ങാതവണ്ണം ഇവനെ (ഇയ്യോബിനെ) രക്ഷിക്കേണമേ; ഞാൻ ഒരു മറുവില കണ്ടിരിക്കുന്നു എന്നു പറയും. അപ്പോൾ അവന്റെ ദേഹം യൌവനചൈതന്യത്താൽ പുഷ്ടിവെക്കും; അവൻ ബാല്യപ്രായത്തിലേക്കു തിരിഞ്ഞുവരും.” (ഇയ്യോബ്‌ 33:24, 25) ആ വാക്കുകൾ ഇയ്യോബിനെ എത്രയധികം ആശ്വസിപ്പിച്ചിരിക്കണം! മരണത്തോളം അവന്‌ വേദന സഹിക്കേണ്ടിവരില്ലായിരുന്നു. ഇയ്യോബ്‌ അനുതപിക്കുകയാണെങ്കിൽ, ദൈവം അവനുവേണ്ടി ഒരു മറുവില സ്വീകരിക്കുകയും എല്ലാ ദുരിതങ്ങളിൽനിന്നും അവനെ വിടുവിക്കുകയും ചെയ്യുമായിരുന്നു. a

ഇയ്യോബ്‌ തിരുത്തൽ സ്വീകരിക്കുകയും അനുതപിക്കുകയും ചെയ്‌തു. (ഇയ്യോബ്‌ 42:6) യഹോവ ഇയ്യോബിനുവേണ്ടി മറുവില സ്വീകരിച്ചതായും അങ്ങനെ അവന്റെ ലംഘനം മറയ്‌ക്കപ്പെട്ടതായും തെളിവുകൾ സൂചിപ്പിക്കുന്നു. അതിന്റെ അടിസ്ഥാനത്തിൽ ദൈവം അവനെ പൂർവസ്ഥിതിയിലാക്കി; അവന്‌ പ്രതിഫലം നൽകുകയും ചെയ്‌തു. അതെ, യഹോവ “ഇയ്യോബിന്റെ പിൻകാലത്തെ അവന്റെ മുൻകാലത്തെക്കാൾ അധികം അനുഗ്രഹിച്ചു.” (ഇയ്യോബ്‌ 42:12-17) അറപ്പുളവാക്കുന്ന രോഗം ഭേദമാകുകയും ദേഹം ‘യൗവനചൈതന്യത്താൽ പുഷ്ടിവെക്കുകയും’ ചെയ്‌തപ്പോൾ ഇയ്യോബിനുണ്ടായ സന്തോഷവും ആശ്വാസവും ചിന്തിച്ചുനോക്കൂ!

ഇയ്യോബിനുവേണ്ടി ദൈവം സ്വീകരിച്ച മറുവിലയ്‌ക്ക്‌ പരിമിതിയുണ്ടായിരുന്നു. അവനെ എന്നേക്കുമായി അപൂർണതയിൽനിന്നും മരണത്തിൽനിന്നും വിടുവിക്കാൻ അതിനു കഴിയുമായിരുന്നില്ല. അതുകൊണ്ട്‌ പിന്നീട്‌ മറ്റു മനുഷ്യരെപ്പോലെതന്നെ ഇയ്യോബും മരണമടഞ്ഞു. എന്നാൽ നമുക്കുവേണ്ടി അതിലും മഹത്തരമായ ഒരു മറുവിലയാണ്‌ നൽകപ്പെട്ടിരിക്കുന്നത്‌. യഹോവ സ്‌നേഹപൂർവം തന്റെ പുത്രനെ നമുക്ക്‌ ഒരു മറുവിലയായി തന്നിരിക്കുന്നു. (മത്തായി 20:28; യോഹന്നാൻ 3:16) ആ മറുവിലയിൽ വിശ്വാസം പ്രകടമാക്കുന്ന ഏവർക്കും ഭൂമിയിലെ പറുദീസയിൽ നിത്യം ജീവിക്കാനാകും. ആസന്നമായ ആ പുതിയ ലോകത്തിൽ വിശ്വസ്‌ത മനുഷ്യരെ വാർധക്യത്തിന്റെ സകല പ്രശ്‌നങ്ങളിൽനിന്നും ദൈവം വിടുവിക്കും. പ്രായമായവർ ‘യൗവനചൈതന്യത്താൽ പുഷ്ടിവെക്കുന്ന’ ആ സമയം കാണാൻ നിങ്ങൾക്ക്‌ ആഗ്രഹമുണ്ടോ?

[അടിക്കുറിപ്പ്‌]

a “മറുവില” എന്ന്‌ ഇവിടെ പറഞ്ഞിരിക്കുന്ന എബ്രായ പദത്തിന്റെ ക്രിയാരൂപത്തിന്‌ “മൂടുക” എന്നാണ്‌ അർഥം. ഇയ്യോബിന്റെ കാര്യത്തിൽ ഒരു മൃഗയാഗം ആയിരിക്കാം ദൈവം മറുവിലയായി സ്വീകരിച്ചത്‌. ആ പ്രായശ്ചിത്തയാഗം ഇയ്യോബിന്റെ ലംഘനത്തെ മറയ്‌ക്കുമായിരുന്നു.