വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കാര്യഗൗരവത്തോടെ യഹോവയെ സേവിക്കുക

കാര്യഗൗരവത്തോടെ യഹോവയെ സേവിക്കുക

കാര്യഗൗരവത്തോടെ യഹോവയെ സേവിക്കുക

‘ഗൗരവബോധമുള്ളവനായിരിക്കുക.’—തീത്തൊ. 2:7, 8.

1, 2. പലരും ജീവിതത്തെ ലാഘവത്തോടെ കാണുന്നത്‌ എന്തുകൊണ്ട്‌, അത്‌ ഏതു ചോദ്യങ്ങൾ ഉയർത്തുന്നു?

മുമ്പെങ്ങുമില്ലാത്തത്ര പ്രശ്‌നങ്ങളും ദുരിതങ്ങളും നിറഞ്ഞ ജീവിതമാണ്‌ ഇന്ന്‌. യഹോവയുമായി ഒരു ഉറ്റബന്ധം ഇല്ലാത്ത ആളുകൾക്ക്‌ “വിശേഷാൽ ദുഷ്‌കരമായ” ഈ കാലത്ത്‌ ജീവിതപ്രശ്‌നങ്ങളെ നേരിടുന്നത്‌ കടുത്ത വെല്ലുവിളിയാണ്‌. (2 തിമൊ. 3:1-5) മനോധൈര്യമാണ്‌ അവരുടെ ഏക അത്താണി, അതാണ്‌ അവരിൽ ചിലരെയെങ്കിലും മുന്നോട്ടു നയിക്കുന്നത്‌. അതുകൊണ്ടുതന്നെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ അവർക്കു മിക്കപ്പോഴും കഴിയാറില്ല. ജീവിതത്തെ ലാഘവത്തോടെ കാണുകയാണ്‌ പിന്നെ അവർക്കുള്ള പോംവഴി. ദുഃഖങ്ങൾ മറക്കാൻ അവർ പുതിയപുതിയ ഉല്ലാസങ്ങൾ തേടിപ്പോകുന്നു.

2 അതെ, ജീവിതസമ്മർദങ്ങൾ നേരിടാൻ പലരും അഭയം തേടുന്നത്‌ ഉല്ലാസങ്ങളിലാണ്‌. മറ്റെന്തിനെക്കാളും അവർ വിനോദത്തിന്‌ പ്രാധാന്യം കൽപ്പിക്കുന്നു. ശ്രദ്ധിച്ചില്ലെങ്കിൽ ക്രിസ്‌ത്യാനികളും ഈ കെണിയിൽ വീണേക്കാം. നമുക്ക്‌ അതെങ്ങനെ ഒഴിവാക്കാനാകും? ഉല്ലാസങ്ങളൊന്നും ആസ്വദിക്കാത്ത ഗൗരവക്കാരായിരിക്കണം എന്നാണോ അതിനർഥം? ഉത്തരവാദിത്വങ്ങളെയും ഉല്ലാസങ്ങളെയും അതാതിന്റെ സ്ഥാനത്തു നിറുത്താൻ നമുക്ക്‌ എങ്ങനെ കഴിയും? ജീവിതത്തെ ഗൗരവത്തോടെ കാണുമ്പോൾത്തന്നെ അരസികരാകാതിരിക്കാൻ ഏതു തിരുവെഴുത്തുതത്ത്വങ്ങൾ നമ്മെ സഹായിക്കും?

സുഖഭോഗപ്രിയർക്കിടയിൽ കാര്യഗൗരവമുള്ളവരായിരിക്കുക

3, 4. കാര്യഗൗരവത്തിന്റെ പ്രാധാന്യം മനസ്സിലാക്കാൻ തിരുവെഴുത്തുകൾ സഹായിക്കുന്നത്‌ എങ്ങനെ?

3 ഈ ലോകം ‘സുഖഭോഗങ്ങൾക്ക്‌’ അമിതപ്രാധാന്യം കൽപ്പിക്കുന്നു എന്ന്‌ പ്രത്യേകം പറയേണ്ടതില്ലല്ലോ. (2 തിമൊ. 3:4) സുഖിച്ചു രസിക്കാൻ മാത്രമുള്ളതാണ്‌ ജീവിതം എന്ന മനോഭാവം ആത്മീയതയ്‌ക്ക്‌ ഒരു ഭീഷണിയാണ്‌. (സദൃ. 21:17) അതുകൊണ്ടാണ്‌ പൗലോസ്‌ അപ്പൊസ്‌തലൻ കാര്യഗൗരവം ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ തിമൊഥെയൊസിനും തീത്തൊസിനും എഴുതിയ ലേഖനങ്ങളിൽ എടുത്തുപറഞ്ഞത്‌. പൗലോസ്‌ നൽകിയ ആ ബുദ്ധിയുപദേശം ബാധകമാക്കുന്നെങ്കിൽ ജീവിതത്തെ ഗൗരവംകുറച്ചു കാണാനുള്ള ലോകത്തിന്റെ പ്രവണതയെ ചെറുക്കാൻ നമുക്കു കഴിയും.—1 തിമൊഥെയൊസ്‌ 2:1, 2; തീത്തൊസ്‌ 2:2-8 വായിക്കുക.

4 ഇടയ്‌ക്കൊക്കെ ഉല്ലാസങ്ങൾ മാറ്റിവെച്ചിട്ട്‌ ജീവിതത്തെക്കുറിച്ച്‌ ഗൗരവമായി ചിന്തിക്കാൻ സമയം കണ്ടെത്തുന്നത്‌ ഏറെ ഗുണംചെയ്യുമെന്ന്‌ നൂറ്റാണ്ടുകൾക്കുമുമ്പ്‌ ശലോമോൻ എഴുതി. (സഭാ. 3:4; 7:2-4) ജീവിതം ക്ഷണികമായതിനാൽ രക്ഷനേടാൻ നാം “കഠിനമായി യത്‌നി”ക്കേണ്ടതുണ്ട്‌. (ലൂക്കോ. 13:24) അതിന്‌ നാം ‘ഗൗരവബോധമുള്ളവരായിരിക്കണം.’ (തീത്തൊ. 2:7) ക്രിസ്‌തീയ ജീവിതത്തിന്റെ എല്ലാ വശങ്ങൾക്കും നാം ശ്രദ്ധകൊടുക്കണം എന്നാണ്‌ അതിനർഥം.

5. നാം ഗൗരവമായി കാണേണ്ട ഒരു ഉത്തരവാദിത്വം ഏത്‌?

5 ഉദാഹരണത്തിന്‌, യഹോവയെയും യേശുവിനെയും അനുകരിച്ചുകൊണ്ട്‌ ക്രിസ്‌ത്യാനികൾ കഠിനാധ്വാനം ചെയ്യാനുള്ള തങ്ങളുടെ ഉത്തരവാദിത്വത്തെ ഗൗരവമായി കാണുന്നു. (യോഹ. 5:17) അതിന്റെ ഫലമായി ക്രിസ്‌ത്യാനികൾക്ക്‌ നല്ല അധ്വാനശീലരും ആശ്രയയോഗ്യരുമായ തൊഴിലാളികൾ എന്ന ഖ്യാതി ഉണ്ട്‌. വിശേഷാൽ, കുടുംബനാഥന്മാർ കുടുംബത്തെ പോറ്റാൻ കഠിനാധ്വാനം ചെയ്യുന്നവരാണ്‌. കാരണം, കുടുംബത്തിന്റെ ഭൗതിക ആവശ്യങ്ങൾ നിറവേറ്റാത്തവൻ “അവിശ്വാസിയെക്കാൾ” അഥവാ യഹോവയെ ഉപേക്ഷിച്ചവനെക്കാൾ അധമനാണെന്നാണ്‌ തിരുവെഴുത്തുകൾ പറയുന്നത്‌.—1 തിമൊ. 5:8.

കാര്യഗൗരവത്തോടെയും സന്തോഷത്തോടെയും ഉള്ള ദൈവസേവനം

6. യഹോവയ്‌ക്കുള്ള ആരാധനയെ നാം ഗൗരവത്തോടെ കാണേണ്ടതാണെന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം?

6 യഹോവ ഒരിക്കലും ആരാധനയെ നിസ്സാരമായി കാണുന്നില്ല. ന്യായപ്രമാണ നിയമത്തിൻകീഴിലായിരുന്ന ഇസ്രായേൽജനം യഹോവയെ ആരാധിക്കുന്നതിൽനിന്നു വ്യതിചലിച്ചപ്പോൾ അവർക്കു ദാരുണമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവന്നത്‌ അതുകൊണ്ടാണ്‌. (യോശു. 23:12, 13) ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌തുശിഷ്യർക്കും സത്യാരാധനയെ ദുഷിപ്പിക്കുന്ന പഠിപ്പിക്കലുകളെയും മനോഭാവങ്ങളെയും അകറ്റിനിറുത്താൻ തീവ്രമായി യത്‌നിക്കേണ്ടതുണ്ടായിരുന്നു. (2 യോഹ. 7-11; വെളി. 2:14-16) ഇന്നും സത്യക്രിസ്‌ത്യാനികൾ തങ്ങളുടെ ആരാധനയെ ഗൗരവത്തോടെയാണ്‌ കാണുന്നത്‌.—1 തിമൊ. 6:20.

7. ശുശ്രൂഷയ്‌ക്കുവേണ്ടി പൗലോസ്‌ തയ്യാറെടുത്തത്‌ എങ്ങനെ?

7 നമുക്കു സന്തോഷം നൽകുന്ന വേലയാണ്‌ വയൽശുശ്രൂഷ. എന്നാൽ ആ ശുശ്രൂഷയിൽനിന്നു സന്തോഷം ലഭിക്കണമെങ്കിൽ നാം അതിനെ ഗൗരവത്തോടെ വീക്ഷിക്കുകയും അതിനുവേണ്ടി മുൻകൂട്ടി തയ്യാറാകുകയും വേണം. തന്റെ ശ്രോതാക്കളെ മനസ്സിൽ കണ്ടുകൊണ്ടാണ്‌ പൗലോസ്‌ പ്രസംഗവേല നിർവഹിച്ചത്‌. അതേക്കുറിച്ച്‌ അവൻ എഴുതി: “ഏതുവിധേനയും ചിലരെ നേടേണ്ടതിന്‌ ഞാൻ എല്ലാവർക്കും എല്ലാമായിത്തീർന്നു. മറ്റുള്ളവരോടൊപ്പം സുവിശേഷത്തിൽ പങ്കാളിയാകേണ്ടതിന്‌ ഞാൻ സകലവും സുവിശേഷത്തിനായി ചെയ്യുന്നു.” (1 കൊരി. 9:22, 23) ആളുകളെ ആത്മീയമായി സഹായിക്കുന്നത്‌ പൗലോസ്‌ ആസ്വദിച്ചു. കേൾവിക്കാരുടെ ആവശ്യാനുസരണം അവരെ എങ്ങനെ സഹായിക്കാമെന്ന്‌ അവൻ ഗൗരവമായി ചിന്തിച്ചു. ഇങ്ങനെയൊക്കെ ചെയ്‌തതുകൊണ്ടാണ്‌ ആളുകൾക്ക്‌ യഹോവയുടെ ആരാധകരായിത്തീരാൻവേണ്ട പ്രചോദനവും പ്രോത്സാഹനവും പകരാൻ അവനു കഴിഞ്ഞത്‌.

8. (എ) ബൈബിൾ വിദ്യാർഥികളോടുള്ള നമ്മുടെ മനോഭാവം എന്തായിരിക്കണം? (ബി) ശുശ്രൂഷയിൽ സന്തോഷം കണ്ടെത്താൻ ബൈബിളധ്യയനം സഹായിക്കുന്നത്‌ എങ്ങനെ?

8 പൗലോസ്‌ ശുശ്രൂഷയ്‌ക്ക്‌ എത്രത്തോളം പ്രാധാന്യം കൽപ്പിച്ചു? യഹോവയ്‌ക്കും സത്യത്തിന്റെ സന്ദേശം ശ്രവിക്കുന്നവർക്കും “അടിമവേല” ചെയ്യാൻ അവൻ സന്നദ്ധനായിരുന്നു! (റോമ. 12:11; 1 കൊരി. 9:19) ബൈബിളധ്യയനത്തിലോ ക്രിസ്‌തീയയോഗത്തിലോ കുടുംബാരാധനയിലോ മറ്റുള്ളവരെ ദൈവവചനം പഠിപ്പിക്കാനുള്ള ദൗത്യം ഏറ്റെടുക്കുമ്പോൾ അവരുടെ കാര്യത്തിൽ നമുക്ക്‌ ഒരു ഉത്തരവാദിത്വബോധം തോന്നാറുണ്ടോ? ക്രമമായി ഒരു ബൈബിളധ്യയനം നടത്തുക എന്നത്‌ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന്‌ ഒരുപക്ഷേ തോന്നിയേക്കാം. ശരിയാണ്‌, മിക്കപ്പോഴും നമ്മുടെ സ്വന്തം കാര്യങ്ങൾക്കുവേണ്ട സമയമാണ്‌ മറ്റുള്ളവരെ സഹായിക്കാനായി നമുക്കു വിനിയോഗിക്കേണ്ടിവരുന്നത്‌. പക്ഷേ, “വാങ്ങുന്നതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലത്രേ” എന്നല്ലേ യേശു പറഞ്ഞത്‌? (പ്രവൃ. 20:35) മറ്റുള്ളവർക്കു രക്ഷയുടെ മാർഗം കാണിച്ചുകൊടുക്കുന്നതിലൂടെ നമുക്കു ലഭിക്കുന്ന സന്തോഷം മറ്റൊന്നിനും നൽകാൻ കഴിയില്ല.

9, 10. (എ) കാര്യഗൗരവമുള്ളവരായിരിക്കണം എന്നു പറഞ്ഞാൽ ചിരിയും തമാശയും ഒന്നും പാടില്ല എന്നാണോ അർഥം? വിശദീകരിക്കുക. (ബി) മറ്റുള്ളവർക്കു സമീപിക്കാൻ കഴിയുന്ന, പ്രോത്സാഹനം പകരുന്ന വ്യക്തിയായിരിക്കാൻ ഒരു മൂപ്പന്‌ എങ്ങനെ കഴിയും?

9 കാര്യഗൗരവമുള്ളവരായിരിക്കണം എന്നു പറഞ്ഞാൽ ചിരിയും തമാശയും ഒന്നും പാടില്ലെന്നല്ല അർഥം. യേശുവിന്റെ കാര്യംതന്നെയെടുക്കുക. മറ്റുള്ളവരെ പഠിപ്പിക്കാൻ സമയം കണ്ടെത്തിയതോടൊപ്പം ആളുകളോടൊത്ത്‌ വിനോദിക്കാനും സൗഹൃദം പങ്കിടാനും അവൻ മറന്നില്ല. (ലൂക്കോ. 5:27-29; യോഹ. 12:1, 2) കാര്യഗൗരവമുള്ളവരായിരിക്കുക എന്നാൽ എപ്പോഴും ഗൗരവഭാവം ഉണ്ടായിരിക്കണം എന്നല്ല. യേശുവിന്‌ എപ്പോഴും അങ്ങനെയൊരു കർക്കശഭാവമുണ്ടായിരുന്നെങ്കിൽ ആളുകൾക്ക്‌ അവനോട്‌ അടുപ്പം തോന്നുമായിരുന്നോ? കുട്ടികൾപോലും അവനോട്‌ സ്വാതന്ത്ര്യത്തോടെയാണ്‌ ഇടപഴകിയത്‌. (മർക്കോ. 10:13-16) യേശുവിന്റെ ഈ തികവുറ്റ മാതൃക നമുക്ക്‌ എങ്ങനെ അനുകരിക്കാം?

10 ഒരു മൂപ്പനെക്കുറിച്ച്‌ ഒരു സഹോദരൻ പറഞ്ഞത്‌ ഇങ്ങനെയാണ്‌: “താൻ ചെയ്യുന്ന കാര്യങ്ങളെല്ലാം കഴിയുന്നത്ര നന്നായിരിക്കണമെന്ന്‌ അദ്ദേഹത്തിനു നിർബന്ധമുണ്ട്‌. പക്ഷേ, മറ്റുള്ളവരിൽനിന്ന്‌ അദ്ദേഹം ഒരിക്കലും പൂർണത പ്രതീക്ഷിക്കാറില്ല.” നിങ്ങളെക്കുറിച്ച്‌ ഇങ്ങനെ പറയാനാകുമോ? മറ്റുള്ളവരെക്കുറിച്ച്‌ ന്യായമായ പ്രതീക്ഷകൾ ഉണ്ടായിരിക്കുന്നതിൽ തെറ്റില്ല. ഉദാഹരണത്തിന്‌, അച്ഛനമ്മമാർ കുട്ടികൾക്കു നേടിയെടുക്കാൻ കഴിയുന്ന ലക്ഷ്യങ്ങൾ വെക്കുകയും അവയിൽ എത്തിച്ചേരാൻ സഹായിക്കുകയും ചെയ്യുമ്പോൾ കുട്ടികൾ പുരോഗമിക്കും. സമാനമായി മൂപ്പന്മാർക്ക്‌, ആത്മീയമായി പുരോഗമിക്കാൻ സഭയിലെ വ്യക്തികളെ പ്രോത്സാഹിപ്പിക്കുകയും അതിന്‌ എന്തു ചെയ്യണമെന്ന്‌ പറഞ്ഞുകൊടുക്കുകയും ചെയ്യാവുന്നതാണ്‌. തന്റെ പ്രാപ്‌തികളും പരിമിതികളും തിരിച്ചറിയുന്ന ഒരു മൂപ്പൻ ഉന്മേഷവും പ്രോത്സാഹനവും പകരുന്ന വ്യക്തിയായിരിക്കും. അദ്ദേഹത്തെ സമീപിക്കാൻ മറ്റുള്ളവർക്ക്‌ മടിതോന്നില്ല. (റോമ. 12:3) ഒരു സഹോദരി ഇങ്ങനെ അഭിപ്രായപ്പെട്ടു: “ഒരു മൂപ്പൻ എല്ലാം തമാശയായി എടുക്കുന്ന ആളായിരിക്കരുത്‌; എന്നുവെച്ച്‌ എപ്പോഴും ഗൗരവഭാവമുള്ള ആളും ആയിരിക്കരുത്‌. അങ്ങനെയൊരു മൂപ്പന്റെ അടുക്കൽ സഹായം ചോദിച്ചു ചെല്ലാൻ ബുദ്ധിമുട്ടാണ്‌.” മൂപ്പന്മാർ “ഗൗരവപ്രകൃതക്കാർ ആണെങ്കിൽ അവരോട്‌ അടുക്കാൻതന്നെ പേടിയാകും” എന്ന്‌ മറ്റൊരു സഹോദരി പറഞ്ഞു. “സന്തുഷ്ട” ദൈവമായ യഹോവയെ ആരാധിക്കുന്നത്‌ സഹോദരങ്ങൾക്ക്‌ സന്തോഷമുള്ള അനുഭവമായിരിക്കണം. അതിനു ഭംഗംവരുത്താൻ മൂപ്പന്മാർ ഒരിക്കലും ആഗ്രഹിക്കുന്നില്ല.—1 തിമൊ. 1:11, അടിക്കുറിപ്പ്‌.

സഭാ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുക

11. സഭയിൽ ഉത്തരവാദിത്വസ്ഥാനങ്ങൾക്കായി ‘യത്‌നിക്കുക’ എന്നതുകൊണ്ട്‌ എന്താണ്‌ അർഥമാക്കുന്നത്‌?

11 കൂടുതൽ ഉത്തരവാദിത്വങ്ങൾ വഹിക്കാനുള്ള യോഗ്യത നേടിയെടുക്കുന്നതിനായി സഭയിലെ പുരുഷന്മാരെ ഉദ്‌ബോധിപ്പിച്ചപ്പോൾ അധികാരമോഹത്തെ പ്രോത്സാഹിപ്പിക്കുകയായിരുന്നില്ല പൗലോസ്‌. പകരം അവൻ ഇങ്ങനെ എഴുതി: “മേൽവിചാരകപദത്തിലെത്താൻ യത്‌നിക്കുന്ന ഒരുവൻ നല്ല വേലയത്രേ ആഗ്രഹിക്കുന്നത്‌.” (1 തിമൊ. 3:1, 4) സഹോദരങ്ങളെ സേവിക്കാൻവേണ്ട ആത്മീയ ഗുണങ്ങൾ കഠിനാധ്വാനംചെയ്‌ത്‌ വളർത്തിയെടുക്കാൻ ക്രിസ്‌തീയ പുരുഷന്മാർക്ക്‌ ശക്തമായ ആഗ്രഹം ഉണ്ടായിരിക്കണം; ‘യത്‌നിക്കുക’ എന്നു പറഞ്ഞപ്പോൾ പൗലോസ്‌ ഉദ്ദേശിച്ചത്‌ അതാണ്‌. സ്‌നാനമേറ്റിട്ട്‌ കുറഞ്ഞത്‌ ഒരു വർഷമെങ്കിലും കഴിഞ്ഞ ഒരു സഹോദരൻ 1 തിമൊഥെയൊസ്‌ 3:8-13-ൽ ശുശ്രൂഷാദാസന്മാർക്കായി പറഞ്ഞിരിക്കുന്ന യോഗ്യതകളിൽ ന്യായമായ അളവിൽ എത്തിച്ചേരുന്നെങ്കിൽ അദ്ദേഹത്തെ ശുപാർശചെയ്യാവുന്നതാണ്‌. 8-ാം വാക്യം അവർക്കുവേണ്ട ഒരു യോഗ്യത എടുത്തുപറയുന്നു: “അതുപോലെ, ശുശ്രൂഷാദാസന്മാരും, കാര്യഗൗരവമുള്ളവരായിരിക്കണം.”

12, 13. ചുമതലകൾ വഹിക്കാൻവേണ്ട യോഗ്യതകൾ പ്രാപിക്കാൻ ചെറുപ്പക്കാരായ സഹോദരന്മാർക്ക്‌ എന്തെല്ലാം ചെയ്യാനാകും?

12 കൗമാരം പിന്നിടാറായ, കാര്യഗൗരവമുള്ള, സ്‌നാനമേറ്റ ഒരു സഹോദരനാണോ നിങ്ങൾ? എങ്കിൽ ഉത്തരവാദിത്വസ്ഥാനങ്ങൾക്കുവേണ്ട യോഗ്യത പ്രാപിക്കാൻ നിങ്ങൾക്കു ചില കാര്യങ്ങൾ ചെയ്യാനാകും. വയൽശുശ്രൂഷയിലെ പങ്ക്‌ വർധിപ്പിക്കുക എന്നതാണ്‌ അതിലൊന്ന്‌. വ്യത്യസ്‌ത പ്രായക്കാരായ സഹവിശ്വാസികളോടൊപ്പം വയൽസേവനത്തിൽ ഏർപ്പെടാൻ ഇഷ്ടപ്പെടുന്ന ആളാണോ നിങ്ങൾ? ഒരു ബൈബിളധ്യയനം കണ്ടെത്താൻ നിങ്ങൾ ശ്രമിക്കുന്നുണ്ടോ? ക്രിസ്‌തീയ യോഗങ്ങളിലൂടെ ലഭിക്കുന്ന നിർദേശങ്ങൾ അനുസരിച്ച്‌ ബൈബിളധ്യയനങ്ങൾ നടത്തുമ്പോൾ നിങ്ങളുടെ പഠിപ്പിക്കൽ പ്രാപ്‌തി മെച്ചപ്പെടും. കൂടാതെ, യഹോവയുടെ വഴികൾ അറിയാൻ ആഗ്രഹിക്കുന്നവരോട്‌ സമാനുഭാവം കാണിക്കാനും നിങ്ങൾ പഠിക്കും. മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്ന്‌ ബൈബിൾ വിദ്യാർഥി തിരിച്ചറിയുന്ന ഘട്ടത്തിൽ ബൈബിൾതത്ത്വങ്ങൾ ബാധകമാക്കാൻ ക്ഷമയോടും നയത്തോടും കൂടെ ആ വ്യക്തിയെ സഹായിക്കാനും യോഗങ്ങളിൽനിന്ന്‌ നിങ്ങൾക്കു പരിശീലനം ലഭിക്കും.

13 ചെറുപ്പക്കാരായ നിങ്ങൾ സഭയിലെ പ്രായമായ സഹോദരീസഹോദരന്മാർക്കുവേണ്ട സഹായങ്ങൾ ചെയ്‌തുകൊടുക്കാറുണ്ടോ? രാജ്യഹാൾ വൃത്തിയായും ഭംഗിയായും സൂക്ഷിക്കുന്ന കാര്യത്തിൽ നിങ്ങൾ താത്‌പര്യം കാണിക്കാറുണ്ടോ? ഇങ്ങനെ നിങ്ങളാലാവുന്ന വിധങ്ങളിലെല്ലാം സേവനംചെയ്യാൻ മുന്നോട്ടുവരുമ്പോൾ, ശുശ്രൂഷയെ നിങ്ങൾ ഗൗരവമായി കാണുന്നു എന്ന്‌ തെളിയിക്കുകയാണ്‌. തിമൊഥെയൊസിനെപ്പോലെ സഭയുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു പ്രവർത്തിക്കാൻ നിങ്ങൾക്കും പഠിക്കാൻ കഴിയും.—ഫിലിപ്പിയർ 2:19-22 വായിക്കുക.

14. ഉത്തരവാദിത്വസ്ഥാനങ്ങൾ വഹിക്കാൻ യുവസഹോദരന്മാർ ‘യോഗ്യരോ എന്ന്‌ പരിശോധിക്കാനാകുന്നത്‌’ എങ്ങനെ?

14 “യൗവനമോഹങ്ങളെ വിട്ടോടി” “നീതി, വിശ്വാസം, സ്‌നേഹം, സമാധാനം” എന്നിവ ഉൾപ്പെടെയുള്ള നല്ല ഗുണങ്ങൾ പിന്തുടരാൻ ശ്രമിക്കുന്ന യുവസഹോദരന്മാരെ വിവിധ വേലയ്‌ക്കായി ഉപയോഗിക്കാൻ മൂപ്പന്മാരായ നിങ്ങൾ ശ്രദ്ധിക്കാറുണ്ടോ? (2 തിമൊ. 2:22) സഭയിലെ ചില ജോലികൾ ഏൽപ്പിച്ചുകൊണ്ട്‌, ഉത്തരവാദിത്വങ്ങൾ വഹിക്കാൻ അവർ ‘യോഗ്യരോ എന്ന്‌ ആദ്യം പരിശോധിച്ചറിയുക.’ അങ്ങനെ അവരുടെ “അഭിവൃദ്ധി സകലരും കാണാൻ” ഇടവരും.—1 തിമൊ. 3:10; 4:15.

സഭയിലും കുടുംബത്തിലും കാര്യഗൗരവമുള്ളവരായിരിക്കുക

15. മറ്റുള്ളവരോട്‌ കാര്യഗൗരവത്തോടെ ഇടപെടാൻ 1 തിമൊഥെയൊസ്‌ 5:1, 2 സഹായിക്കുന്നത്‌ എങ്ങനെ?

15 കാര്യഗൗരവമുള്ളവരായിരിക്കുന്നതിൽ നമ്മുടെ സഹോദരീസഹോദരന്മാരോട്‌ ആദരവോടെ ഇടപെടുന്നതും ഉൾപ്പെടുന്നു. മറ്റുള്ളവരെ ബഹുമാനിക്കേണ്ടതിനെക്കുറിച്ച്‌ തിമൊഥെയൊസിന്‌ എഴുതിയ ലേഖനത്തിൽ പൗലോസ്‌ എടുത്തുപറയുകയുണ്ടായി. (1 തിമൊഥെയൊസ്‌ 5:1, 2 വായിക്കുക.) എതിർലിംഗത്തിൽപ്പെട്ടവരോട്‌ ഇടപെടുമ്പോൾ ഇത്‌ വിശേഷാൽ പ്രധാനമാണ്‌. സ്‌ത്രീകളെ, പ്രത്യേകിച്ച്‌ ഭാര്യയെ, ബഹുമാനിക്കുന്ന കാര്യത്തിൽ ഉത്തമ മാതൃകയാണ്‌ ഇയ്യോബ്‌. മറ്റൊരു സ്‌ത്രീയെ ലൈംഗികവികാരത്തോടെ നോക്കാതിരിക്കാൻ അവൻ ബോധപൂർവം ശ്രമിച്ചു. (ഇയ്യോ. 31:1) കാര്യഗൗരവത്തോടെ സഹോദരീസഹോദരന്മാരോട്‌ ഇടപെടുന്ന ഒരു വ്യക്തി അവരുമായി ശൃംഗരിക്കുകയോ അവർക്ക്‌ അസ്വസ്ഥത ഉളവാക്കുന്ന വിധത്തിൽ പ്രവർത്തിക്കുകയോ ചെയ്യില്ല. വിവാഹം കഴിക്കുക എന്ന ലക്ഷ്യത്തിൽ അടുത്തറിയാൻ ശ്രമിക്കുന്നവരും പരസ്‌പരം ആദരവോടെ ഇടപെടേണ്ടതുണ്ട്‌; കാര്യഗൗരവമുള്ള ഒരു ക്രിസ്‌ത്യാനി ഒരിക്കലും എതിർലിംഗത്തിൽപ്പെട്ട ഒരാളുടെ വികാരങ്ങൾകൊണ്ട്‌ പന്താടുകയില്ല.—സദൃ. 12:22.

16. ഭർത്താവിന്റെയും പിതാവിന്റെയും സ്ഥാനത്തെ ലോകം വീക്ഷിക്കുന്നത്‌ എങ്ങനെ, ബൈബിളിന്റെ വീക്ഷണം എന്ത്‌?

16 കുടുംബത്തിൽ ഓരോരുത്തർക്കും ദൈവം നൽകിയിരിക്കുന്ന സ്ഥാനത്തെ നാം ഗൗരവത്തോടെ കാണേണ്ടതുണ്ട്‌. സാത്താന്റെ ഈ ലോകം ഭർത്താവിന്റെയും പിതാവിന്റെയും സ്ഥാനത്തെ താഴ്‌ത്തിക്കെട്ടുകയാണ്‌. കുടുംബനാഥനെ വെറും കോമാളിയായി ചിത്രീകരിച്ചുകൊണ്ട്‌ ആ സ്ഥാനത്തെ അവഹേളിക്കുന്നതിൽ വിനോദവ്യവസായം രസംകണ്ടെത്തുന്നു. എന്നാൽ ഭർത്താവിന്‌ തിരുവെഴുത്തുകൾ നൽകുന്നത്‌ വലിയൊരു സ്ഥാനമാണ്‌, “ഭാര്യയുടെ ശിരസ്സ്‌” ആണ്‌ അദ്ദേഹം!—എഫെ. 5:23; 1 കൊരി. 11:3.

17. നാം നമ്മുടെ ചുമതലകൾ ഗൗരവത്തോടെ കാണുന്നു എന്ന്‌ കുടുംബാരാധനയുടെ കാര്യത്തിൽ എങ്ങനെ കാണിക്കാം?

17 ഭർത്താവ്‌ കുടുംബത്തിന്റെ ഭൗതിക ആവശ്യങ്ങൾ നിറവേറ്റുന്നുണ്ടാകും. എന്നാൽ കുടുംബത്തിനുവേണ്ട ആത്മീയ മാർഗനിർദേശം നൽകുന്നില്ലെങ്കിൽ അദ്ദേഹം ജ്ഞാനപൂർവം പ്രവർത്തിക്കുകയാണെന്ന്‌ പറയാനാകുമോ? (ആവ. 6:6, 7) സഭയിൽ കൂടുതൽ സേവനപദവികൾക്കായി യത്‌നിക്കുന്ന ഒരു കുടുംബനാഥനാണോ നിങ്ങൾ? എങ്കിൽ നിങ്ങൾ “സ്വന്തകുടുംബത്തെ നന്നായി നയിക്കുന്നവനും” നിങ്ങളുടെ “മക്കൾ തികഞ്ഞ കാര്യഗൗരവമുള്ളവരായി അനുസരണത്തിൽ” വളരുന്നവരും ആയിരിക്കണം എന്ന്‌ 1 തിമൊഥെയൊസ്‌ 3:4 പറയുന്നു. അതുകൊണ്ട്‌, ‘എല്ലാ ആഴ്‌ചയും ഞാൻ കുടുംബാരാധന നടത്തുന്നുണ്ടോ?’ എന്ന്‌ സ്വയം ചോദിക്കുക. ചില വീടുകളിൽ, ആത്മീയ കാര്യങ്ങളിൽ നേതൃത്വംവഹിക്കാൻ ഭാര്യമാർക്ക്‌ ഭർത്താക്കന്മാരെ നിർബന്ധിക്കേണ്ടിവരുന്നു എന്നത്‌ സങ്കടകരമാണ്‌. ഈ ഉത്തരവാദിത്വത്തെ താൻ എങ്ങനെയാണ്‌ കാണുന്നതെന്ന്‌ ഓരോ ഭർത്താവും വളരെ ഗൗരവമായി വിലയിരുത്തേണ്ടതുണ്ട്‌. ഭാര്യയും കുടുംബാരാധന എന്ന ക്രമീകരണത്തെ പിന്തുണയ്‌ക്കുകയും അത്‌ വിജയപ്രദമാക്കാൻ ഭർത്താവുമായി സഹകരിക്കുകയും വേണം.

18. കുട്ടികൾക്ക്‌ എങ്ങനെ കാര്യഗൗരവമുള്ളവരായി വളരാം?

18 കുട്ടികളും ജീവിതത്തെ ഗൗരവത്തോടെ കാണാൻ ശീലിക്കേണ്ടതുണ്ട്‌. (സഭാ. 12:1) കുട്ടികൾ അധ്വാനിക്കാൻ പഠിക്കുന്നതിൽ തെറ്റൊന്നുമില്ല; പ്രായത്തിനും കഴിവിനും അനുസരിച്ചുള്ള വീട്ടുജോലികൾ അവർക്കു ചെയ്യാവുന്നതാണ്‌. (വിലാ. 3:27) ദാവീദുരാജാവ്‌ ബാലനായിരുന്നപ്പോൾ നല്ലൊരു ഇടയനാകാൻ പഠിച്ചു. സംഗീതവും അഭ്യസിച്ചു; പിന്നീട്‌ ഇസ്രായേൽ രാജാവിന്റെ മുമ്പാകെ സേവിക്കാൻ അത്‌ അവനു വഴിയൊരുക്കി. (1 ശമൂ. 16:11, 12, 18-21) കുട്ടിക്കാലത്ത്‌ ദാവീദ്‌ കളിച്ചും ചിരിച്ചും രസിച്ചിട്ടുണ്ടാകുമെങ്കിലും ദൈവത്തെ സ്‌തുതിക്കാൻ പിൽക്കാലത്ത്‌ ഉപകാരപ്പെട്ട കഴിവുകൾ പലതും അതോടൊപ്പം അവൻ നേടിയെടുത്തു. ആട്ടിടയൻ എന്നനിലയിൽ അവൻ വളർത്തിയെടുത്ത വൈദഗ്‌ധ്യം ഇസ്രായേൽ ജനതയെ ക്ഷമയോടെ നയിക്കാൻ അവനെ സജ്ജനാക്കി. യുവജനങ്ങളേ, ഭാവി ചുമതലകൾ നിർവഹിക്കാനും സ്രഷ്ടാവിനെ സേവിക്കാനും നിങ്ങളെ സഹായിക്കുന്ന ഏതൊക്കെ വൈദഗ്‌ധ്യങ്ങളാണ്‌ നിങ്ങൾ ഇപ്പോൾ നേടിയെടുത്തുകൊണ്ടിരിക്കുന്നത്‌?

സമനിലയോടുകൂടിയ വീക്ഷണം

19, 20. നിങ്ങളെക്കുറിച്ചും നിങ്ങളുടെ ആരാധനയെക്കുറിച്ചും എങ്ങനെയുള്ള വീക്ഷണം ഉണ്ടായിരിക്കാനാണ്‌ നിങ്ങളുടെ തീരുമാനം?

19 നമ്മെക്കുറിച്ചുതന്നെ നമുക്ക്‌ സമനിലയുള്ള ഒരു വീക്ഷണം ഉണ്ടായിരിക്കണം, വേണ്ടതിലധികം ഗൗരവം ഭാവിക്കരുത്‌. “അതിനീതിമാനായിരി”ക്കാൻ നാം ആരും ആഗ്രഹിക്കുന്നില്ല. (സഭാ. 7:16) അൽപ്പം നർമബോധമുണ്ടെങ്കിൽ പിരിമുറുക്കം നിറഞ്ഞ അന്തരീക്ഷത്തിന്‌ അയവുവരുത്താൻ കഴിഞ്ഞേക്കും. വീട്ടിലും ജോലിസ്ഥലത്തും ക്രിസ്‌തീയ സഹോദരീസഹോദരന്മാരോട്‌ ഇടപെടുമ്പോഴും ഒക്കെ ഇത്‌ സത്യമാണ്‌. കടുത്ത വിമർശനംകൊണ്ട്‌ ഉണ്ടാകുന്ന ദോഷത്തെക്കുറിച്ച്‌ കുടുംബാംഗങ്ങൾ ബോധവാന്മാരായിരിക്കണം. അല്ലാത്തപക്ഷം വീട്ടിലെ സമാധാനത്തിനും സ്വച്ഛതയ്‌ക്കും ഭംഗംവരും. സഭയിലും നമുക്ക്‌ എല്ലാവരുമൊത്ത്‌ ചിരിച്ച്‌ സന്തോഷിക്കാനാകും; പക്ഷേ, നമ്മുടെ സംഭാഷണവും പഠിപ്പിക്കൽരീതിയും ആത്മീയവർധന വരുത്തുന്നതും നവോന്മേഷം പകരുന്നതും ആയിരിക്കണം എന്നുമാത്രം.—2 കൊരി. 13:10; എഫെ. 4:29.

20 ഇന്നത്തെ ലോകം യഹോവയ്‌ക്കും അവന്റെ നിയമങ്ങൾക്കും യാതൊരു പ്രാധാന്യവും കൽപ്പിക്കുന്നില്ല. എന്നാൽ യഹോവയുടെ ജനം അങ്ങനെയല്ല. ദൈവത്തോടുള്ള അനുസരണവും വിശ്വസ്‌തതയും അവർക്ക്‌ സർവപ്രധാനമാണ്‌. “തികഞ്ഞ കാര്യഗൗരവമുള്ളവരായി” യഹോവയെ സേവിക്കുന്ന ഈ വൻസമൂഹത്തിന്റെ ഭാഗമായിരിക്കുന്നത്‌ എത്ര ആനന്ദദായകമാണ്‌! ജീവിതത്തെയും ആരാധനയെയും കാര്യഗൗരവത്തോടെ വീക്ഷിക്കാൻ നമുക്ക്‌ നിശ്ചയിച്ചുറയ്‌ക്കാം.

ഉത്തരം പറയാമോ?

• ജീവിതത്തെ ലാഘവത്തോടെ കാണുന്ന ലോകത്തിന്റെ മനോഭാവത്തെ നാം ചെറുക്കേണ്ടത്‌ എന്തുകൊണ്ട്‌?

• കാര്യഗൗരവത്തോടും സന്തോഷത്തോടും കൂടെ നമുക്ക്‌ എങ്ങനെ ശുശ്രൂഷ നിർവഹിക്കാം?

• ചുമതലകൾ ഏറ്റെടുക്കുന്നതിനെക്കുറിച്ചുള്ള നമ്മുടെ മനോഭാവം നാം കാര്യഗൗരവമുള്ളവരാണോ എന്ന്‌ തെളിയിക്കുന്നത്‌ എങ്ങനെ?

• സഹോദരങ്ങളോടും കുടുംബാംഗങ്ങളോടും ആദരവോടെ ഇടപെടേണ്ടതിന്റെ ഗൗരവം വിശദമാക്കുക.

[അധ്യയന ചോദ്യങ്ങൾ]

[12-ാം പേജിലെ ചിത്രങ്ങൾ]

കുടുംബത്തിന്റെ ഭൗതികവും ആത്മീയവുമായ കാര്യങ്ങൾ ശ്രദ്ധിക്കാനുള്ള ഉത്തരവാദിത്വം ഭർത്താവിനുണ്ട്‌