വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവമഹത്ത്വത്തിനായി ‘ആത്മാവിന്റെ ഫലം’ വളർത്തിയെടുക്കുക

ദൈവമഹത്ത്വത്തിനായി ‘ആത്മാവിന്റെ ഫലം’ വളർത്തിയെടുക്കുക

ദൈവമഹത്ത്വത്തിനായി ‘ആത്മാവിന്റെ ഫലം’ വളർത്തിയെടുക്കുക

‘നിങ്ങൾ വളരെ ഫലം കായ്‌ക്കുന്നതുകൊണ്ട്‌ എന്റെ പിതാവ്‌ മഹത്ത്വപ്പെടുന്നു.’—യോഹ. 15:8.

1, 2. (എ) ഏതൊക്കെ അവസരങ്ങളിൽ നമുക്ക്‌ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാം? (ബി) യഹോവയിൽനിന്നുള്ള ഏതു സമ്മാനം അവനെ മെച്ചമായി സേവിക്കാൻ നമ്മെ സഹായിക്കും?

ഒരു യുവസഹോദരി എന്തോ ആലോചിച്ചു വിഷമിച്ചിരിക്കുകയാണ്‌. അത്‌ മറ്റൊരു സഹോദരിയുടെ ശ്രദ്ധയിൽപ്പെട്ടു. തന്നോടൊപ്പം വയൽസേവനത്തിനു വരാൻ അവർ ആ യുവസഹോദരിയെ ക്ഷണിക്കുന്നു. തന്നെ അലട്ടുന്ന കാര്യത്തെക്കുറിച്ച്‌ വയൽസേവനത്തിലായിരിക്കെ അവൾ ആ സഹോദരിയോടു പറഞ്ഞു. പക്വതയുള്ള ആ സഹോദരി കാണിച്ച താത്‌പര്യം അവളെ ഏറെ സഹായിച്ചു. തക്കസമയത്തു തനിക്കു ലഭിച്ച ഈ സഹായത്തിന്‌ അവൾ യഹോവയ്‌ക്കു നന്ദിനൽകി. ഇനി മറ്റൊരു സാഹചര്യം: അന്യനാട്ടിൽ മുഴുസമയ സേവനത്തിലായിരിക്കുന്ന ഒരു ദമ്പതികൾ സ്വദേശത്തു മടങ്ങിയെത്തിയിരിക്കുകയാണ്‌. ഒരു വിരുന്നുസത്‌കാരത്തിൽ അവർ തങ്ങളുടെ അനുഭവങ്ങൾ ആവേശത്തോടെ വിവരിക്കുന്നത്‌ ഒരു യുവസഹോദരൻ ശ്രദ്ധിച്ചു കേൾക്കുന്നു. വർഷങ്ങൾക്കുശേഷം, അന്യനാട്ടിലുള്ള തന്റെ നിയമനപ്രദേശത്തേക്കു പോകാനൊരുങ്ങുന്ന ആ സഹോദരൻ, തനിക്കു പ്രചോദനമേകിയ ആ പഴയ സംഭാഷണത്തെക്കുറിച്ച്‌ ഓർക്കുന്നു.

2 മേൽപ്പറഞ്ഞ സാഹചര്യങ്ങൾ നിങ്ങളിൽ ചില സ്‌മരണകൾ ഉണർത്തിയേക്കാം. നിങ്ങളുടെ ജീവിതത്തെ സ്‌പർശിച്ച ഒരു വ്യക്തിയെക്കുറിച്ച്‌ അല്ലെങ്കിൽ മറ്റൊരാളുടെ ജീവിതത്തിനു വെളിച്ചംപകരാൻ നിങ്ങൾക്കു കഴിഞ്ഞതിനെക്കുറിച്ച്‌ ഓർക്കാൻ കഴിയുന്നുണ്ടാകും. ഒരൊറ്റ സംഭാഷണംകൊണ്ട്‌ ഒരാളുടെ ജീവിതം മാറിമറിയുന്നത്‌ വിരളമായിരിക്കാം. എന്നാൽ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനും ബലപ്പെടുത്താനും ദിവസേന നമുക്ക്‌ ധാരാളം അവസരങ്ങൾ ലഭിക്കുന്നുണ്ട്‌. സഹവിശ്വാസികളെ പ്രോത്സാഹിപ്പിക്കുന്നതിലും ദൈവത്തെ സേവിക്കുന്നതിലും മെച്ചപ്പെടാൻ നമ്മെ സഹായിക്കുന്ന ഗുണങ്ങളും കഴിവുകളും വളർത്തിയെടുക്കാൻ എന്താണ്‌ മാർഗം? വാസ്‌തവത്തിൽ അതിനു സഹായിക്കുന്ന ഒരു ദാനം യഹോവ നമുക്ക്‌ നൽകുന്നുണ്ട്‌. അവന്റെ പരിശുദ്ധാത്മാവാണ്‌ അത്‌. (ലൂക്കോ. 11:13) ദൈവാത്മാവ്‌ നമ്മുടെമേൽ പ്രഭാവംചെലുത്തുമ്പോൾ ദൈവസേവനത്തിന്റെ വിവിധ വശങ്ങളിൽ കൂടുതൽ ഫലപ്രദരാകാൻ സഹായിക്കുന്ന വിശിഷ്ടഗുണങ്ങൾ വളർത്താൻ അത്‌ ഇടയാക്കും. എത്ര മഹത്തായ സമ്മാനം!—ഗലാത്യർ 5:22, 23 വായിക്കുക.

3. (എ) നാം ‘ആത്മാവിന്റെ ഫലം’ വളർത്തിയെടുക്കുന്നത്‌ ദൈവത്തിനു മഹത്ത്വം കരേറ്റുന്നത്‌ എങ്ങനെ? (ബി) ഏതു ചോദ്യങ്ങൾ നാം പരിചിന്തിക്കും?

3 പരിശുദ്ധാത്മാവിന്റെ സഹായത്താൽ ശ്രേഷ്‌ഠമായ ഗുണങ്ങൾ വളർത്തിയെടുക്കുമ്പോൾ അതിന്റെ ഉറവിടമായ യഹോവയാംദൈവത്തിന്റെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുകയായിരിക്കും നാം. (കൊലോ. 3:9, 10) ക്രിസ്‌ത്യാനികൾ ഈ വിധത്തിൽ ദൈവത്തെ അനുകരിക്കേണ്ടത്‌ എന്തുകൊണ്ടാണ്‌? അതിന്റെ പ്രധാന കാരണം യേശു അപ്പൊസ്‌തലന്മാരോട്‌ പറയുകയുണ്ടായി: ‘നിങ്ങൾ വളരെ ഫലം കായ്‌ക്കുന്നതുകൊണ്ട്‌ എന്റെ പിതാവ്‌ മഹത്ത്വപ്പെടുന്നു.’ * (യോഹ. 15:8) നാം ‘ആത്മാവിന്റെ ഫലം’ വളർത്തിയെടുക്കുന്നെങ്കിൽ നമ്മുടെ സംസാരത്തിലും പ്രവൃത്തിയിലും മാറ്റം ദർശിക്കാനാകും; അത്‌ ദൈവത്തിനു മഹത്ത്വം കരേറ്റുകയും ചെയ്യും. (മത്താ. 5:16) ആത്മാവിന്റെ ഫലം സാത്താന്യ ലോകത്തിന്റെ സ്വഭാവവിശേഷങ്ങളിൽനിന്നു വ്യത്യാസപ്പെട്ടിരിക്കുന്നത്‌ എങ്ങനെയാണ്‌? നമുക്ക്‌ എങ്ങനെ ആത്മാവിന്റെ ഫലം വളർത്തിയെടുക്കാം? അത്‌ അത്ര എളുപ്പമല്ലാത്തത്‌ എന്തുകൊണ്ട്‌? ആത്മാവിന്റെ ഫലത്തിന്റെ മൂന്നുസവിശേഷതകളായ സ്‌നേഹം, സന്തോഷം, സമാധാനം എന്നിവയെക്കുറിച്ചു ചർച്ചചെയ്യുമ്പോൾ ഈ ചോദ്യങ്ങൾക്ക്‌ ഉത്തരം ലഭിക്കും.

ഉദാത്തമായ സ്‌നേഹം

4. ഏതു തരത്തിലുള്ള സ്‌നേഹം കാണിക്കാനാണ്‌ യേശു തന്റെ അനുഗാമികളോടു പറഞ്ഞത്‌?

4 പരിശുദ്ധാത്മാവ്‌ ഉളവാക്കുന്ന സ്‌നേഹത്തിന്‌ ഇന്നു ലോകത്തിൽ കാണുന്ന സ്‌നേഹത്തിൽനിന്ന്‌ കാര്യമായ വ്യത്യാസമുണ്ട്‌. കാരണം, ആ സ്‌നേഹം ഉദാത്തമായ ഒരു തത്ത്വത്തിൽ അധിഷ്‌ഠിതമാണ്‌. തന്റെ ഗിരിപ്രഭാഷണത്തിൽ യേശു ആ വ്യത്യാസം എടുത്തുപറഞ്ഞു. (മത്തായി 5:43-48 വായിക്കുക.) തങ്ങളെ സ്‌നേഹിക്കുന്നവരെ പാപികൾപോലും സ്‌നേഹിക്കാറുണ്ടെന്ന കാര്യം അവൻ തന്റെ ശ്രോതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തി. പക്ഷേ അതു വെറും ‘കടംവീട്ടലാണ്‌,’ അതിൽ ത്യാഗം ഉൾപ്പെട്ടിട്ടുണ്ടെന്നു പറയാനാവില്ല. ‘സ്വർഗസ്ഥനായ നമ്മുടെ പിതാവിനു പുത്രന്മാരായിത്തീരാൻ’ ആഗ്രഹിക്കുന്നെങ്കിൽ നമ്മുടെ സ്‌നേഹം അത്തരത്തിലുള്ളതായിരിക്കരുത്‌. മറ്റുള്ളവർ നമ്മോടു പെരുമാറുന്നതുപോലെയല്ല മറിച്ച്‌ യഹോവ അവരോടു പെരുമാറുന്നതുപോലെ, അവരെ വീക്ഷിക്കുന്നതുപോലെ, ആണ്‌ നാം അവരോട്‌ ഇടപെടുകയും അവരെ വീക്ഷിക്കുകയും ചെയ്യേണ്ടത്‌. എന്നാൽ യേശു കൽപ്പിച്ചതുപോലെ നമുക്ക്‌ ശത്രുക്കളെ എങ്ങനെ സ്‌നേഹിക്കാൻ കഴിയും?

5. നമ്മെ ദ്രോഹിക്കുന്നവരെ നമുക്ക്‌ എങ്ങനെ സ്‌നേഹിക്കാം?

5 ബൈബിൾ പറയുന്ന ഒരു ഉദാഹരണം നോക്കാം. ഫിലിപ്പിയിൽ പ്രസംഗിക്കവെ പൗലോസും ശീലാസും അറസ്റ്റുചെയ്യപ്പെട്ടു. അവരെ ക്രൂരമായി മർദിച്ചശേഷം കാരാഗൃഹത്തിന്റെ ഉള്ളറയിലാക്കി കാലുകൾ ആമത്തിലിട്ടു പൂട്ടി. ഇതിനിടയ്‌ക്ക്‌ കാരാഗൃഹപ്രമാണിയും അവരെ ഉപദ്രവിച്ചിട്ടുണ്ടാകണം. എന്നാൽ അപ്രതീക്ഷിതമായി ഉണ്ടായ ഭൂകമ്പത്തിൽ അവർ സ്വതന്ത്രരാക്കപ്പെട്ടപ്പോൾ കാരാഗൃഹപ്രമാണിയോടു പകരംവീട്ടാൻ അവർക്കു തോന്നിയോ? ഇല്ല. അയാളുടെ ക്ഷേമത്തിൽ അവർക്കുണ്ടായിരുന്ന ആത്മാർഥ താത്‌പര്യം അഥവാ അയാളോടു തോന്നിയ ആത്മത്യാഗ സ്‌നേഹം നിമിത്തം അയാളുടെ ജീവൻ രക്ഷിക്കാൻ അവർ പെട്ടെന്നുതന്നെ പ്രവർത്തിച്ചു. കാരാഗൃഹപ്രമാണിയും അദ്ദേഹത്തിന്റെ ഭവനത്തിലുള്ളവരും സത്യം സ്വീകരിക്കാൻ അത്‌ വഴിയൊരുക്കി. (പ്രവൃ. 16:19-34) ആധുനിക കാലത്തും ഇങ്ങനെ പല സഹോദരങ്ങളും തങ്ങളെ ‘പീഡിപ്പിക്കുന്നവരെ അനുഗ്രഹിച്ചിരിക്കുന്നു.’—റോമ. 12:14.

6. നമുക്ക്‌ എങ്ങനെ നമ്മുടെ സഹോദരങ്ങളോട്‌ ആത്മത്യാഗ സ്‌നേഹം കാണിക്കാം? (21-ാം പേജിലെ ചതുരം കാണുക.)

6 സഹവിശ്വാസികളോട്‌ നാം കാണിക്കുന്ന സ്‌നേഹം ഒരുപടികൂടി കടന്നതാണ്‌. “സഹോദരന്മാർക്കുവേണ്ടി ജീവൻ അർപ്പിക്കാൻ നാമും ബാധ്യസ്ഥരാകുന്നു” എന്ന്‌ യോഹന്നാൻ അപ്പൊസ്‌തലൻ എഴുതി. (1 യോഹന്നാൻ 3:16-18 വായിക്കുക.) അതിനുള്ള അവസരങ്ങൾ വിരളമായിരിക്കാം. എന്നാൽ ചെറിയചെറിയ വിധങ്ങളിൽ സ്‌നേഹം കാണിക്കാനുള്ള അവസരങ്ങൾ കൂടെക്കൂടെ നമുക്ക്‌ ലഭിക്കാറുണ്ട്‌. ഉദാഹരണത്തിന്‌, ഒരു സഹോദരനെ വേദനിപ്പിക്കുന്നവിധത്തിൽ നാം സംസാരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്‌തെന്നു കരുതുക. അദ്ദേഹവുമായി രമ്യതയിലാകാൻ മുൻകൈയെടുത്തുകൊണ്ട്‌ നമുക്ക്‌ സ്‌നേഹം പ്രകടിപ്പിക്കാനാകും. (മത്താ. 5:23, 24) ഇനി, നമ്മെ ആരെങ്കിലും വേദനിപ്പിച്ചാലോ? നാം ‘ക്ഷമിക്കാൻ’ മനസ്സുകാണിക്കുമോ, അതോ ചിലപ്പോഴെങ്കിലും നീരസം വെച്ചുകൊണ്ടിരിക്കുമോ? (സങ്കീ. 86:5) പരിശുദ്ധാത്മാവ്‌ നമ്മിൽ ഉളവാക്കുന്ന ഉറ്റസ്‌നേഹം, മറ്റുള്ളവരുടെ കൊച്ചുകൊച്ചു തെറ്റുകൾ കണ്ടില്ലെന്നുവെക്കാനും ‘യഹോവ നമ്മോട്‌ ഉദാരമായി ക്ഷമിച്ചതുപോലെ’ ക്ഷമിക്കാനും നമ്മെ പ്രേരിപ്പിക്കും.—കൊലോ. 3:13, 14; 1 പത്രോ. 4:8.

7, 8. (എ) ആളുകളോടുള്ള സ്‌നേഹവും ദൈവത്തോടുള്ള സ്‌നേഹവും പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നത്‌ എങ്ങനെ? (ബി) യഹോവയോടുള്ള സ്‌നേഹം നമുക്കെങ്ങനെ കൂടുതൽ ശക്തമാക്കാം? (ചുവടെ കൊടുത്തിരിക്കുന്ന ചിത്രം കാണുക.)

7 സഹോദരങ്ങളോട്‌ ആത്മത്യാഗ സ്‌നേഹം കാണിക്കുന്നവരായിത്തീരാൻ നാം എന്തു ചെയ്യണം? ദൈവത്തോടുള്ള നമ്മുടെ സ്‌നേഹം കരുത്തുറ്റതാക്കണം. (എഫെ. 5:1, 2; 1 യോഹ. 4:9-11, 20, 21) ബൈബിൾ വായിക്കുകയും ധ്യാനിക്കുകയും പ്രാർഥിക്കുകയും ചെയ്‌തുകൊണ്ട്‌ നമ്മുടെ സ്വർഗീയ പിതാവുമൊത്ത്‌ തനിച്ചു ചെലവിടുന്ന വിലയേറിയ നിമിഷങ്ങൾ നമ്മുടെ ഹൃദയത്തിൽ നല്ല ചിന്തകൾ നിറയ്‌ക്കും, അവനോടുള്ള നമ്മുടെ സ്‌നേഹം കൂടുതൽ ശക്തമാക്കും. പക്ഷേ, ഈ വിധത്തിൽ ദൈവത്തോട്‌ അടുത്തു ചെല്ലാൻ നാം മറ്റു കാര്യങ്ങളിൽനിന്ന്‌ സമയം വിലയ്‌ക്കുവാങ്ങേണ്ടതുണ്ട്‌.

8 ഉദാഹരണത്തിന്‌, യഹോവയോടു പ്രാർഥിക്കാനും അവന്റെ വചനം വായിക്കാനും വായിക്കുന്ന കാര്യങ്ങൾ ധ്യാനിക്കാനും ദിവസത്തിൽ ഒരു പ്രത്യേകസമയത്തു മാത്രമേ നിങ്ങൾക്കു കഴിയുകയുള്ളൂ എന്നിരിക്കട്ടെ. യഹോവയുമൊത്ത്‌ സ്വകാര്യമായി ചെലവഴിക്കാൻ ലഭിക്കുന്ന ആ സമയം നിങ്ങൾക്ക്‌ ഏറ്റവും പ്രിയപ്പെട്ടതായിരിക്കില്ലേ? മറ്റൊന്നും ആ സമയം കവർന്നെടുക്കാതിരിക്കാൻ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കില്ലേ? എപ്പോൾ വേണമെങ്കിലും നമുക്ക്‌ ദൈവത്തോടു പ്രാർഥിക്കാം എന്നത്‌ സത്യമാണ്‌; അതിൽനിന്ന്‌ നമ്മെ തടയാൻ ആർക്കും കഴിയില്ല. ആഗ്രഹിക്കുമ്പോഴൊക്കെ ബൈബിൾ വായിക്കാനും നമ്മിൽ മിക്കവർക്കും കഴിയുമായിരിക്കും. അങ്ങനെയാണെങ്കിൽക്കൂടി, ദൈവത്തോടൊത്ത്‌ ചെലവിടാൻ നാം മാറ്റിവെച്ചിരിക്കുന്ന സ്വകാര്യനിമിഷങ്ങൾ തട്ടിയെടുക്കാൻ അനുദിന ജീവിതത്തിരക്കുകളെ അനുവദിക്കരുത്‌. യഹോവയുമായി കൂടുതൽ അടുക്കുന്നതിന്‌ ദിവസവും കഴിയുന്നത്ര സമയം ‘വിലയ്‌ക്കുവാങ്ങാൻ’ നിങ്ങൾ ശ്രമിക്കാറുണ്ടോ?

‘പരിശുദ്ധാത്മാവിൽനിന്നുള്ള സന്തോഷം’

9. പരിശുദ്ധാത്മാവ്‌ ഉളവാക്കുന്ന സന്തോഷത്തിന്റെ പ്രത്യേകത എന്ത്‌?

9 പരിശുദ്ധാത്മാവിന്റെ ഫലത്തിന്റെ ഒരു പ്രധാന സവിശേഷത, എന്തൊക്കെ സംഭവിച്ചാലും അത്‌ നഷ്ടമാകാതെ സൂക്ഷിക്കാൻ നമുക്കാകും എന്നതാണ്‌. സന്തോഷം എന്ന ഗുണംതന്നെ ഉദാഹരണം. പ്രതികൂല കാലാവസ്ഥയിലും തഴച്ചുവളരുന്ന ഒരു ചെടിയോട്‌ അതിനെ ഉപമിക്കാം. “വളരെ ക്ലേശങ്ങൾ സഹിക്കേണ്ടിവന്നെങ്കിലും . . . പരിശുദ്ധാത്മാവിൽനിന്നുള്ള സന്തോഷത്തോടെ വചനം സ്വീകരി”ച്ച നിരവധി ദൈവദാസന്മാർ ലോകമെങ്ങുമുണ്ട്‌. (1 തെസ്സ. 1:6) ദുഃഖങ്ങളിലൂടെയും ദുരിതങ്ങളിലൂടെയും കടന്നുപോകുന്നവരാണ്‌ മറ്റു ചിലർ. എങ്കിലും “സന്തോഷത്തോടെ സകല സഹിഷ്‌ണുതയും ദീർഘക്ഷമയും കാണിക്കേണ്ടതിന്‌” യഹോവ തന്റെ ആത്മാവിലൂടെ അവരെ ബലപ്പെടുത്തുന്നു. (കൊലോ. 1:11) അവർക്കു സന്തോഷം നൽകുന്നത്‌ എന്താണെന്ന്‌ അറിയാമോ?

10. നമുക്കു സന്തോഷിക്കാൻ കഴിയുന്നത്‌ എന്തുകൊണ്ട്‌?

10 സാത്താന്റെ ലോകത്തിലെ ‘അസ്ഥിരമായ ധനം’ പോലെയല്ല യഹോവയിൽനിന്നു നമുക്കു ലഭിച്ചിരിക്കുന്ന ആത്മീയ നിക്ഷേപങ്ങൾ; അവയുടെ മൂല്യം ഒരിക്കലും കുറഞ്ഞുപോകില്ല. (1 തിമൊ. 6:17; മത്താ. 6:19, 20) അനന്തജീവിതമാണ്‌ യഹോവ നമുക്കായി ഒരുക്കിവെച്ചിരിക്കുന്നത്‌, എത്ര ആനന്ദദായകമായ ഒരു പ്രത്യാശയാണ്‌ അത്‌! ലോകമെമ്പാടുമുള്ള ക്രിസ്‌തീയ സഹോദരവർഗത്തിന്റെ ഭാഗമായിരിക്കുന്നതിന്റെ സന്തോഷം വേറെയും. ഇതിലെല്ലാം ഉപരി നമ്മെ സന്തോഷിപ്പിക്കുന്ന മറ്റൊന്നുണ്ട്‌: യഹോവയുമായുള്ള ബന്ധം. ദാവീദിന്റെ കാര്യമെടുക്കുക. അഭയാർഥിയായി കഴിയേണ്ടിവന്നിട്ടും അവൻ ദൈവത്തെ ഇങ്ങനെ പാടിപ്പുകഴ്‌ത്തി: “നിന്റെ ദയ ജീവനെക്കാൾ നല്ലതാകുന്നു; എന്റെ അധരങ്ങൾ നിന്നെ സ്‌തുതിക്കും. എന്റെ ജീവകാലം ഒക്കെയും ഞാൻ അങ്ങനെ നിന്നെ വാഴ്‌ത്തും.” (സങ്കീ. 63:3, 4) ദുരിതങ്ങളുടെ നീർച്ചുഴിയിൽ അകപ്പെടുമ്പോഴും ഹൃദയാനന്ദത്തോടെ ദൈവത്തെ സ്‌തുതിക്കാൻ ദാവീദിനെപ്പോലെ നമുക്കും കഴിയും.

11. നാം സന്തോഷത്തോടെ യഹോവയെ സേവിക്കേണ്ടത്‌ എന്തുകൊണ്ട്‌?

11 പൗലോസ്‌ അപ്പൊസ്‌തലൻ ക്രിസ്‌ത്യാനികൾക്ക്‌ ഈ ഉദ്‌ബോധനം നൽകി: “കർത്താവിൽ എപ്പോഴും സന്തോഷിക്കുവിൻ! ഞാൻ വീണ്ടും പറയുന്നു: സന്തോഷിക്കുവിൻ!” (ഫിലി. 4:4) ക്രിസ്‌ത്യാനികൾ ദൈവത്തെ സന്തോഷത്തോടെ സേവിക്കണമെന്നു പറയുന്നത്‌ എന്തുകൊണ്ടാണ്‌? യഹോവയുടെ പരമാധികാരത്തോടു ബന്ധപ്പെട്ട്‌ സാത്താൻ ഉയർത്തിയ വെല്ലുവിളിതന്നെ കാരണം. നിറഞ്ഞ മനസ്സോടെ ആരും ദൈവത്തെ സേവിക്കില്ല എന്നതാണ്‌ സാത്താന്റെ വാദം. (ഇയ്യോ. 1:9-11) വെറുമൊരു കടമനിർവഹണംപോലെ തെല്ലും സന്തോഷമില്ലാതെയാണ്‌ നാം യഹോവയെ സേവിക്കുന്നതെങ്കിൽ നമ്മുടെ സ്‌തോത്രയാഗം അന്യൂനമായിരിക്കില്ല, അതിന്‌ പോരായ്‌മയുണ്ടായിരിക്കും. അതുകൊണ്ട്‌ നമുക്ക്‌ സങ്കീർത്തനക്കാരന്റെ ആഹ്വാനത്തിനു ചെവികൊടുക്കാം: “സന്തോഷത്തോടെ യഹോവയെ സേവിപ്പിൻ; സംഗീതത്തോടെ അവന്റെ സന്നിധിയിൽ വരുവിൻ.” (സങ്കീ. 100:2) അത്യാഹ്ലാദത്തോടും നിറഞ്ഞ മനസ്സോടും കൂടെ നാം ദൈവത്തെ സേവിക്കുമ്പോൾ അത്‌ അവനു മഹത്ത്വം കരേറ്റും.

12, 13. അനാവശ്യ ചിന്തകൾ മനസ്സിൽ ഇടംനേടാതിരിക്കാൻ നമുക്ക്‌ എന്തു ചെയ്യാനാകും?

12 തീക്ഷ്‌ണതയുള്ള ദൈവദാസർക്കുപോലും ചിലപ്പോഴൊക്കെ നിരുത്സാഹം തോന്നിയേക്കാം എന്നതാണ്‌ സത്യം. കാര്യങ്ങളെ ശരിയാംവണ്ണം വീക്ഷിക്കാൻ അവർക്കു നന്നേ പണിപ്പെടേണ്ടിവന്നേക്കാം. (ഫിലി. 2:25-30) അത്തരം സമയങ്ങളിൽ എന്തു ചെയ്യാനാകും? എഫെസ്യർ 5:19 അതിന്‌ ഉത്തരം നൽകുന്നു: “ആത്മാവു നിറഞ്ഞവരായി . . . സങ്കീർത്തനങ്ങളും സ്‌തുതികളും ആത്മീയഗീതങ്ങളും ആലപിക്കുവിൻ; നിങ്ങളുടെ ഹൃദയങ്ങളിൽനിന്ന്‌ യഹോവയ്‌ക്കായി ഗാനവും സംഗീതവും ഉയരട്ടെ.” ഈ നിർദേശം നമുക്ക്‌ എങ്ങനെ ബാധകമാക്കാം?

13 അനാവശ്യ ചിന്തകൾ നമ്മെ വരിഞ്ഞുമുറുക്കുമ്പോൾ യഹോവയുടെ മുമ്പാകെ ഹൃദയം പകരുക. ‘പ്രശംസാർഹമായ’ കാര്യങ്ങൾ മനനംചെയ്യുക. (ഫിലിപ്പിയർ 4:6-9 വായിക്കുക.) നമ്മുടെ രാജ്യഗീതങ്ങളുടെ റെക്കോർഡിങ്ങിനൊപ്പം അതിന്റെ ഈരടികൾ മൂളുന്നത്‌ മനസ്സിന്‌ കുളിരേകുന്നതായി, ചിന്തകളെ നേരായ മാർഗത്തിലേക്കു തിരിച്ചുവിടാൻ സഹായിക്കുന്നതായി പലരും അനുഭവിച്ചറിഞ്ഞിരിക്കുന്നു. വലിയൊരു പരിശോധനയെ നേരിട്ട ഒരു സഹോദരന്റെ അനുഭവം നോക്കുക. അക്കാലത്ത്‌ പലപ്പോഴും അദ്ദേഹം വൈകാരികമായി തളർന്നുപോയിരുന്നു. അദ്ദേഹം ഓർക്കുന്നു: “ഞാൻ പതിവായി ദൈവത്തോട്‌ ഹൃദയംതുറന്ന്‌ പ്രാർഥിക്കുകയും ഒപ്പം ചില രാജ്യഗീതങ്ങൾ മനഃപാഠമാക്കുകയും ചെയ്‌തു. യഹോവയെ സ്‌തുതിക്കുന്ന മനോഹരമായ ഈ ഗീതങ്ങൾ ഞാൻ ഉറക്കെ പാടുമായിരുന്നു, ചിലപ്പോൾ മൃദുസ്വരത്തിലും. മനസ്സിനെ ശാന്തമാക്കാൻ അത്‌ സഹായിച്ചു. ഏതാണ്ട്‌ ആ സമയത്താണ്‌ യഹോവയോട്‌ അടുത്തു ചെല്ലുവിൻ എന്ന പുസ്‌തകം പുറത്തിറങ്ങിയത്‌. അത്‌ കിട്ടി ഒരു വർഷത്തിനുള്ളിൽ രണ്ടുവട്ടം ഞാൻ വായിച്ചുതീർത്തു. മനശ്ശാന്തിയേകുന്ന ഒരു ഔഷധം പോലെയായിരുന്നു അത്‌. എന്റെ ശ്രമങ്ങളെ യഹോവ അനുഗ്രഹിക്കുന്നത്‌ ഞാൻ തിരിച്ചറിഞ്ഞു.”

“സമാധാനബന്ധം”

14. പരിശുദ്ധാത്മാവ്‌ കൈവരുത്തുന്ന സമാധാനത്തിന്റെ ഒരു സവിശേഷതയെന്ത്‌?

14 നമ്മുടെ അന്താരാഷ്‌ട്ര കൺവെൻഷനുകളിൽ നാനാദേശങ്ങളിൽനിന്നുള്ള സഹോദരീസഹോദരന്മാർ ഹൃദയോഷ്‌മളമായ ക്രിസ്‌തീയ സഹവാസം ആസ്വദിക്കാറുണ്ട്‌. ദൈവജനം ആസ്വദിക്കുന്ന ഈ ആഗോള ഐക്യം അവർക്കിടയിലുള്ള സമാധാനത്തിന്റെ ഒരു സവിശേഷതയാണ്‌. ശത്രുക്കളെന്നു കരുതുന്ന ആളുകൾ “സമാധാനബന്ധം കാത്തുകൊണ്ട്‌ ആത്മാവിനാലുള്ള ഐക്യം നിലനിറുത്താൻ യത്‌നിക്കു”ന്നതു കാണുമ്പോൾ ലോകം അത്ഭുതംകൂറുന്നു. (എഫെ. 4:3) ഈ ഐക്യം കാത്തുസൂക്ഷിക്കാൻ വ്യക്തികൾ എത്രമാത്രം മാറ്റംവരുത്തിയിരിക്കുന്നു എന്നു ചിന്തിക്കുമ്പോഴാണ്‌ അതിന്റെ വിശേഷത മനസ്സിലാകുന്നത്‌.

15, 16. (എ) ചെറുപ്പംമുതൽ പത്രോസ്‌ എന്തായിരിക്കാം വിശ്വസിച്ചിരുന്നത്‌, അത്‌ അവന്‌ ഒരു പ്രശ്‌നമായിത്തീർന്നത്‌ എങ്ങനെ? (ബി) മനോഭാവത്തിനു മാറ്റംവരുത്താൻ യഹോവ പത്രോസിനെ സഹായിച്ചത്‌ എങ്ങനെ?

15 വ്യത്യസ്‌ത പശ്ചാത്തലങ്ങളിൽനിന്നുള്ള ജനങ്ങളെ ഒന്നിപ്പിക്കുക നിസ്സാരകാര്യമല്ല. ഈ ഐക്യം കൈവരിക്കാൻ എന്തൊക്കെ കടമ്പകൾ കടക്കേണ്ടിവരുമെന്നു മനസ്സിലാക്കാൻ പത്രോസ്‌ അപ്പൊസ്‌തലന്റെ കാര്യംതന്നെ നോക്കാം. പരിച്ഛേദനയേൽക്കാത്ത വിജാതീയരെ അവൻ എങ്ങനെയാണ്‌ വീക്ഷിച്ചിരുന്നതെന്നു വ്യക്തമാക്കുന്നതാണ്‌ അവന്റെ ഈ വാക്കുകൾ: “ഒരു യഹൂദൻ അന്യജാതിക്കാരന്റെ അടുക്കൽ ചെല്ലുന്നതും അവനോടു സഹവസിക്കുന്നതും നിഷിദ്ധമാണെന്നു നിങ്ങൾക്കു നന്നായി അറിയാമല്ലോ; എന്നാൽ ഒരു മനുഷ്യനെയും മലിനനെന്നോ അശുദ്ധനെന്നോ വിളിക്കരുതെന്ന്‌ ദൈവം എനിക്കു കാണിച്ചുതന്നിരിക്കുന്നു.” (പ്രവൃ. 10:24-29; 11:1-3) സഹയഹൂദന്മാരെമാത്രം സ്‌നേഹിക്കാനാണ്‌ ന്യായപ്രമാണം പറയുന്നത്‌ എന്നായിരിക്കാം പത്രോസ്‌ ചെറുപ്പംമുതൽ വിശ്വസിച്ചിരുന്നത്‌. അതായിരുന്നു അക്കാലത്ത്‌ പൊതുവെയുണ്ടായിരുന്ന വീക്ഷണം. വിജാതീയരെ വെറുക്കത്തക്കവരും ശത്രുക്കളുമായി വീക്ഷിക്കുന്നതിൽ അവൻ ഒരു തെറ്റും കണ്ടിരിക്കാനിടയില്ല. *

16 കൊർന്നേല്യൊസിന്റെ ഭവനത്തിലേക്കു കാലെടുത്തുവെച്ചപ്പോൾ പത്രോസിന്‌ തോന്നിയ വല്ലായ്‌മ നിങ്ങൾക്ക്‌ ഊഹിക്കാൻ കഴിയുന്നുണ്ടോ? വിജാതീയരെ മോശക്കാരായി കരുതിയിരുന്ന ഒരു മനുഷ്യന്‌ അവരുമായി എന്നെങ്കിലും ‘സമാധാനബന്ധത്തിലാകാനും’ ഒരു ശരീരത്തിലെ അവയവങ്ങൾപോലെ “സംയോജിത”മാകാനും കഴിയുമായിരുന്നോ? (എഫെ. 4:3, 16) ഉവ്വ്‌. മനോഭാവത്തിനു മാറ്റംവരുത്തിത്തുടങ്ങാനും മുൻവിധി തരണംചെയ്യാനും കഴിയേണ്ടതിന്‌ ഏതാനും ദിവസങ്ങൾക്കുമുമ്പ്‌ പരിശുദ്ധാത്മാവ്‌ പത്രോസിന്റെ ഹൃദയം തുറന്നു. വംശത്തിന്റെയോ ദേശത്തിന്റെയോ അടിസ്ഥാനത്തിലല്ല ദൈവം ആളുകളെ വിലയിരുത്തുന്നതെന്ന്‌ ഒരു ദർശനത്തിലൂടെ യഹോവ അവനു വ്യക്തമാക്കിക്കൊടുത്തു. (പ്രവൃ. 10:10-15) “ദൈവം പക്ഷപാതമുള്ളവനല്ലെന്നും ഏതൊരു ജനതയിലും അവനെ ഭയപ്പെടുകയും നീതി പ്രവർത്തിക്കുകയും ചെയ്യുന്ന മനുഷ്യൻ അവനു സ്വീകാര്യനാണെന്നും നിശ്ചയമായും ഞാൻ മനസ്സിലാക്കുന്നു” എന്ന്‌ പത്രോസിന്‌ കൊർന്നേല്യൊസിനോടു പറയാനായത്‌ അതുകൊണ്ടാണ്‌. (പ്രവൃ. 10:34, 35) അതെ, പത്രോസിന്റെ കാഴ്‌ചപ്പാടിനു മാറ്റംവന്നു. “മുഴുസഹോദരവർഗ”വുമായി ഐക്യത്തിൽ സേവിക്കാൻ അവൻ പഠിച്ചു.—1 പത്രോ. 2:17.

17. ദൈവജനത്തിനിടയിലെ ഐക്യം ശ്രദ്ധേയമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

17 എത്ര വലിയ പരിവർത്തനമാണ്‌ ഇന്ന്‌ ദൈവജനത്തിനിടയിൽ നടക്കുന്നതെന്ന്‌ തിരിച്ചറിയാൻ പത്രോസിന്റെ അനുഭവം നമ്മെ സഹായിക്കുന്നു. (യെശയ്യാവു 2:3, 4 വായിക്കുക.) “സകല ജനതകളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലും നിന്നുള്ള” ദശലക്ഷങ്ങളാണ്‌ “നല്ലതും സ്വീകാര്യവും പരിപൂർണവുമായ ദൈവഹിത”ത്തിനൊത്തവിധം തങ്ങളുടെ വീക്ഷണത്തിനു മാറ്റംവരുത്തിയിരിക്കുന്നത്‌. (വെളി. 7:9; റോമ. 12:2) സാത്താന്റെ ലോകത്തിന്റെ മുഖമുദ്രയായ ഭിന്നിപ്പും വിദ്വേഷവും ശത്രുതയും വെച്ചുപുലർത്തിയിരുന്നവരാണ്‌ അവരിൽ പലരും. പക്ഷേ ദൈവവചനം പഠിക്കുകയും പരിശുദ്ധാത്മാവിന്റെ സഹായം സ്വീകരിക്കുകയും ചെയ്‌ത അവർ ‘സമാധാനത്തിന്‌ ഉതകുന്ന കാര്യങ്ങൾ പിൻപറ്റാൻ’ പഠിച്ചിരിക്കുന്നു. (റോമ. 14:19) ഇതിന്റെ ഫലമായി കൈവന്നിരിക്കുന്ന ഐക്യം ദൈവത്തിനു മഹത്ത്വം കരേറ്റുകയാണ്‌.

18, 19. (എ) സഭയുടെ ഐക്യവും സമാധാനവും കാത്തുസൂക്ഷിക്കാൻ നമുക്കോരോരുത്തർക്കും എന്തു ചെയ്യാനാകും? (ബി) അടുത്ത ലേഖനത്തിൽ നാം എന്തു പഠിക്കും?

18 ദൈവജനത്തിനിടയിലെ ഐക്യവും സമാധാനവും കാത്തുസൂക്ഷിക്കാൻ നമുക്കോരോരുത്തർക്കും എന്തു ചെയ്യാനാകും? പല സഭകളിലും അന്യദേശത്തുനിന്നു വന്നിട്ടുള്ളവരുണ്ട്‌. അവരിൽ പലരുടെയും സംസ്‌കാരം നമ്മുടേതിൽനിന്ന്‌ വ്യത്യസ്‌തമായിരിക്കും. നമ്മുടെ ഭാഷ അവർ നന്നായി സംസാരിച്ചെന്നുവരില്ല. അങ്ങനെയുള്ളവരെ അടുത്തറിയാൻ നാം ശ്രമിക്കാറുണ്ടോ? ദൈവവചനം അതിനാണ്‌ നമ്മെ പ്രോത്സാഹിപ്പിക്കുന്നത്‌. യഹൂദന്മാരും വിജാതീയരും അടങ്ങിയ റോമിലെ സഭയോട്‌ പൗലോസ്‌ പറഞ്ഞു: “ദൈവത്തിന്റെ മഹത്ത്വത്തിനായി ക്രിസ്‌തു നമ്മെ കൈക്കൊണ്ടതുപോലെ നിങ്ങളും അന്യോന്യം കൈക്കൊള്ളുവിൻ.” (റോമ. 15:7) നിങ്ങൾ ഇനിയും അടുത്തറിഞ്ഞിട്ടില്ലാത്ത ആരെങ്കിലും നിങ്ങളുടെ സഭയിലുണ്ടോ?

19 നമ്മുടെ ജീവിതത്തിൽ പരിശുദ്ധാത്മാവിന്റെ ഒഴുക്കുണ്ടാകണമെങ്കിൽ നാം മറ്റെന്തെല്ലാം ചെയ്യണം? ആത്മാവിന്റെ ഫലത്തിന്റെ ശേഷിച്ച വശങ്ങളെക്കുറിച്ച്‌ അടുത്ത ലേഖനത്തിൽ വിശകലനം ചെയ്യുമ്പോൾ നമുക്ക്‌ ഈ ചോദ്യത്തിനുള്ള ഉത്തരം ലഭിക്കും.

[അടിക്കുറിപ്പുകൾ]

^ ഖ. 3 യേശു പരാമർശിച്ച ഫലത്തിൽ ‘ആത്മാവിന്റെ ഫലവും’ പ്രസംഗവേലയിൽ ഏർപ്പെടുമ്പോൾ ക്രിസ്‌ത്യാനികൾ ദൈവത്തിന്‌ അർപ്പിക്കുന്ന ‘അധരഫലവും’ ഉൾപ്പെടുന്നു.—എബ്രാ. 13:15.

^ ഖ. 15 ലേവ്യപുസ്‌തകം 19:18 പറയുന്നു: “നിന്റെ ജനത്തിന്റെ മക്കളോടു പക വെക്കരുതു; കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്‌നേഹിക്കേണം.” ‘നിന്റെ ജനത്തിന്റെ മക്കൾ’ എന്നും ‘കൂട്ടുകാരൻ’ എന്നും പറഞ്ഞിരിക്കുന്നത്‌ യഹൂദന്മാരെക്കുറിച്ചു മാത്രമാണ്‌ എന്നായിരുന്നു യഹൂദമതനേതാക്കന്മാരുടെ പക്ഷം. ഇസ്രായേല്യർ മറ്റു ജനതകളിൽനിന്ന്‌ വേർപെട്ടവരായിരിക്കണമെന്ന്‌ ന്യായപ്രമാണം നിഷ്‌കർഷിച്ചിരുന്നു. പക്ഷേ, യഹൂദന്മാരല്ലാത്തവരെല്ലാം നികൃഷ്ടരാണെന്നും അവർ ശത്രുക്കളാണെന്നും ഉള്ള ഒന്നാം നൂറ്റാണ്ടിലെ മതനേതാക്കന്മാരുടെ വീക്ഷണം ന്യായപ്രമാണത്തിനു നിരക്കുന്നതായിരുന്നില്ല.

ഉത്തരം പറയാമോ?

• നമുക്ക്‌ എങ്ങനെ സഹോദരങ്ങളോട്‌ ആത്മത്യാഗ സ്‌നേഹം കാണിക്കാം?

• സന്തോഷത്തോടെ നാം ദൈവത്തെ സേവിക്കേണ്ടത്‌ എന്തുകൊണ്ട്‌?

• സഭയുടെ ഐക്യവും സമാധാനവും കാത്തുസൂക്ഷിക്കാൻ നമുക്ക്‌ എന്തു ചെയ്യാം?

[അധ്യയന ചോദ്യങ്ങൾ]

[21-ാം പേജിലെ ചതുരം]

“ഇവരാണ്‌ യഥാർഥ ക്രിസ്‌ത്യാനികൾ”

നൊയിയെൻഗാമ തടങ്കൽപ്പാളയത്തിൽവെച്ച്‌ യഹോവയുടെ സാക്ഷികളെ താൻ ആദ്യമായി കണ്ടുമുട്ടിയതിനെക്കുറിച്ചുള്ള ഒരു യഹൂദ യുവാവിന്റെ വിവരണമാണ്‌ ചുവടെ:

“ഡാക്കൗ തടങ്കൽപ്പാളയത്തിൽനിന്ന്‌ യഹൂദന്മാരായ ഞങ്ങൾ വന്ന ഉടനെ (നൊയിയെൻഗാമ തടങ്കൽപ്പാളയത്തിൽ) ഉണ്ടായിരുന്ന മറ്റ്‌ യഹൂദന്മാർ തങ്ങളുടെ പക്കലുണ്ടായിരുന്ന ഭക്ഷണസാധനങ്ങളെല്ലാം ഒളിപ്പിക്കാൻ തുടങ്ങി. ഞങ്ങൾക്കുംകൂടി തരേണ്ടിവരുമെന്ന ഭയമായിരുന്നു അവർക്ക്‌. . . . (തടങ്കൽപ്പാളയത്തിനു) പുറത്തായിരുന്നപ്പോൾ പരസ്‌പരം എല്ലാം നൽകി സഹായിച്ചിരുന്നവരാണ്‌. പക്ഷേ ജീവനും മരണത്തിനും ഇടയ്‌ക്കുള്ള നൂൽപ്പാലത്തിലൂടെ നീങ്ങുന്ന ആ സമയത്ത്‌ എല്ലാവർക്കും സ്വന്തം കാര്യമായിരുന്നു പ്രധാനം. മറ്റുള്ളവരെക്കുറിച്ചു ചിന്തിക്കാൻ അവർക്കു കഴിഞ്ഞില്ല. പക്ഷേ, ബൈബിൾ വിദ്യാർഥികൾ ഇതിന്‌ ഒരു അപവാദമായിരുന്നു. കേടായ പൈപ്പുകൾ നന്നാക്കുന്ന കഷ്ടപ്പാടുള്ള പണിയായിരുന്നു ആ സമയത്ത്‌ അവർക്ക്‌. ശൈത്യകാലത്ത്‌ ദിവസം മുഴുവനും തണുത്തുറഞ്ഞ വെള്ളത്തിൽ നിന്നുവേണമായിരുന്നു ജോലിചെയ്യാൻ. അവർക്ക്‌ എങ്ങനെ പിടിച്ചുനിൽക്കാൻ കഴിഞ്ഞു എന്നത്‌ ഒരു ചോദ്യചിഹ്നമായിരുന്നു. യഹോവ ശക്തി നൽകുന്നു എന്നായിരുന്നു അവരുടെ മറുപടി. ഞങ്ങളെപ്പോലെതന്നെ അവരും വിശന്നുവലഞ്ഞിരുന്നു എന്നത്‌ ഉറപ്പാണ്‌. അതുകൊണ്ടുതന്നെ, ലഭിച്ച റൊട്ടി വേണ്ടെന്നുവെക്കാൻ അവർക്ക്‌ ആകുമായിരുന്നില്ല. പക്ഷേ അവർ എന്താണ്‌ ചെയ്‌തതെന്നോ? എല്ലാവർക്കും കിട്ടിയ റൊട്ടി ശേഖരിച്ച്‌ അതിൽ പകുതി ഡാക്കൗവിൽനിന്നു വന്ന തങ്ങളുടെ സഹവിശ്വാസികൾക്കായി മാറ്റിവെച്ചു. അവരെ ആശ്ലേഷിച്ച്‌ സസന്തോഷം സ്വാഗതംചെയ്‌തശേഷം എല്ലാവരും പ്രാർഥിച്ച്‌ ഭക്ഷണം കഴിച്ചു. അവരുടെയെല്ലാം മുഖത്തു നിഴലിച്ച സന്തോഷവും സംതൃപ്‌തിയും കാണേണ്ടതുതന്നെയായിരുന്നു. തങ്ങൾക്കു വിശക്കുന്നില്ലെന്നാണ്‌ അവരെല്ലാം പറഞ്ഞത്‌. ‘ഇവരാണ്‌ യഥാർഥ ക്രിസ്‌ത്യാനികൾ’ എന്ന്‌ ഞാൻ ചിന്തിച്ചുപോയതിൽ അതിശയിക്കാനുണ്ടോ?” (ബിറ്റ്‌വീൻ റെസിസ്റ്റൻസ്‌ ആൻഡ്‌ മാർറ്റിഡം—ജെഹോവാസ്‌ വിറ്റ്‌നസസ്സ്‌ ഇൻ ദ തേർഡ്‌ റൈക്ക്‌ എന്ന പുസ്‌തകത്തിൽ നിന്നെടുത്തത്‌.)

[19-ാം പേജിലെ ചിത്രങ്ങൾ]

യഹോവയോട്‌ അടുത്തു ചെല്ലാൻ നിങ്ങൾ ദിവസവും മറ്റു കാര്യങ്ങളിൽനിന്ന്‌ സമയം വിലയ്‌ക്കു വാങ്ങാറുണ്ടോ?