വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നന്മകളാൽ സമൃദ്ധമായ ഒരു ജീവിതം

നന്മകളാൽ സമൃദ്ധമായ ഒരു ജീവിതം

നന്മകളാൽ സമൃദ്ധമായ ഒരു ജീവിതം

ആർതർ ബോണോ പറഞ്ഞപ്രകാരം

ഞാനും ഭാര്യ ഈഡിത്തും ഒരു ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനിൽ സംബന്ധിക്കുകയായിരുന്നു. 1951-ലായിരുന്നു അത്‌. മിഷനറി സേവനത്തിന്‌ താത്‌പര്യമുള്ളവർക്കായി ഒരു യോഗം സംഘടിപ്പിച്ചിട്ടുണ്ടെന്ന അറിയിപ്പ്‌ ഞങ്ങൾ അവിടെ കേൾക്കാനിടയായി.

“നമുക്കൊന്നു പോയി നോക്കിയാലോ?” ഞാൻ ആവേശത്തോടെ പറഞ്ഞു.

“ആർതർ, നമ്മളെക്കൊണ്ട്‌ അത്‌ പറ്റുമെന്ന്‌ തോന്നുന്നില്ല,” എന്നായിരുന്നു ഈഡിത്തിന്റെ മറുപടി.

“സാരമില്ല, നമുക്ക്‌ അവിടംവരെയൊന്നു പോകാം,” ഞാൻ പറഞ്ഞു.

ആ യോഗം കഴിഞ്ഞപ്പോൾ ഞങ്ങൾക്ക്‌ ഗിലെയാദ്‌ സ്‌കൂളിൽ പങ്കെടുക്കാനുള്ള അപേക്ഷ ലഭിച്ചു.

“നമുക്ക്‌ ഏതായാലും ഇത്‌ പൂരിപ്പിക്കാം” എന്നായി ഞാൻ.

“പക്ഷേ, നമ്മുടെ വീട്ടുകാരുടെ കാര്യമോ?” ഈഡിത്ത്‌ ചോദിച്ചു.

ആ കൺവെൻഷൻ നടന്ന്‌ ഏതാണ്ട്‌ ഒന്നരവർഷത്തിനുശേഷം ഞങ്ങൾ ഗിലെയാദ്‌ സ്‌കൂളിൽ സംബന്ധിച്ചു. തെക്കെ അമേരിക്കയിലെ ഇക്വഡോറിലേക്കാണ്‌ ഞങ്ങളെ നിയമിച്ചത്‌.

മനസ്സുവെച്ചാൽ എല്ലാം സാധിക്കും എന്നു വിശ്വസിക്കുകയും എന്തിനും മുന്നിട്ടിറങ്ങുകയും ചെയ്യുന്ന കൂട്ടത്തിലായിരുന്നു ഞാൻ. പക്ഷേ, സ്വന്തം പരിമിതികൾ മനസ്സിലാക്കി, സാവകാശം ചിന്തിച്ചു പ്രവർത്തിക്കുന്ന ആളായിരുന്നു ഈഡിത്ത്‌. അന്ന്‌ ആ കൺവെൻഷൻ സ്ഥലത്തുവെച്ചുനടന്ന സംഭാഷണത്തിൽനിന്ന്‌ നിങ്ങൾക്ക്‌ അത്‌ മനസ്സിലായിട്ടുണ്ടാകണം. യു.എസ്‌.എ.-യിലെ പെൻസിൽവേനിയയിലുള്ള എലിസബെത്ത്‌ എന്ന ഒരു ചെറിയ പട്ടണത്തിലായിരുന്നു അവൾ വളർന്നുവന്നത്‌. വീടുവിട്ട്‌ അത്ര ദൂരെയൊന്നും അതുവരെ അവൾ പോയിട്ടുണ്ടായിരുന്നില്ല; വിദേശികളെയാരെയും കണ്ടു പരിചയവുമില്ലായിരുന്നു. വീട്ടുകാരെയെല്ലാം വിട്ട്‌ മറ്റൊരു സ്ഥലത്തേക്കു പോകുന്ന കാര്യം അവൾക്ക്‌ ആലോചിക്കാൻപോലും കഴിയുമായിരുന്നില്ല. എന്നിട്ടും ഒരു അന്യനാട്ടിൽപ്പോയി സേവിക്കാനുള്ള നിയമനം ലഭിച്ചപ്പോൾ നിറഞ്ഞ മനസ്സോടെ അവൾ അത്‌ സ്വീകരിച്ചു. അങ്ങനെ 1954-ൽ ഞങ്ങൾ ഇക്വഡോറിലെത്തി. അന്നുമുതൽ ഇന്നുവരെ മിഷനറിമാരായി ഞങ്ങൾ അവിടെത്തന്നെയാണ്‌. ഇക്കാലമത്രയും പല നല്ല മുഹൂർത്തങ്ങൾക്കും ഞങ്ങൾ സാക്ഷ്യം വഹിച്ചിട്ടുണ്ട്‌. അവയിൽ ചിലത്‌ കേൾക്കാൻ നിങ്ങൾക്കും ആഗ്രഹമില്ലേ?

ചില മധുരസ്‌മരണകൾ

ആൻഡീസ്‌ പർവതനിരകളിൽ സ്ഥിതിചെയ്യുന്ന കിറ്റോ ആയിരുന്നു ഞങ്ങളുടെ ആദ്യ നിയമനപ്രദേശം. ഇക്വഡോറിന്റെ തലസ്ഥാനമായ ഈ നഗരം സമുദ്രനിരപ്പിൽനിന്ന്‌ ഏതാണ്ട്‌ 9,000 അടി ഉയരത്തിലാണ്‌. തീരദേശനഗരമായ ഗ്വയാകീലിൽനിന്ന്‌ ട്രെയിനിലും ട്രക്കിലുമായി രണ്ടുദിവസം യാത്ര ചെയ്‌താണ്‌ ഞങ്ങൾ അവിടെ എത്തിയത്‌. ഇന്നാണെങ്കിൽ വിമാനമാർഗം വെറും അരമണിക്കൂറുകൊണ്ട്‌ അവിടെ എത്തിച്ചേരാം! ഏതാണ്ട്‌ നാലുവർഷം ഞങ്ങൾ കിറ്റോയിൽ സേവിച്ചു. ഇന്നും ആ കാലം ഞങ്ങളുടെ മനസ്സിൽ പച്ചപിടിച്ചുനിൽക്കുന്നു. 1958-ൽ മറ്റൊരു സന്തോഷവാർത്ത ഞങ്ങളെ തേടിയെത്തി: സഞ്ചാരശുശ്രൂഷയ്‌ക്കായുള്ള നിയമനമായിരുന്നു അത്‌.

അന്ന്‌ ആ രാജ്യത്ത്‌ ആകെ രണ്ടു ചെറിയ സർക്കിട്ടുകളാണ്‌ ഉണ്ടായിരുന്നത്‌. അതുകൊണ്ട്‌ സഭകൾ സന്ദർശിക്കുന്നതു കൂടാതെ വർഷത്തിൽ നല്ലൊരു പങ്ക്‌ അവിടെയുള്ള ചെറുപട്ടണങ്ങളിൽ സാക്ഷീകരിക്കാനായി ഞങ്ങൾ നീക്കിവെച്ചു. അവിടെ സാക്ഷികളാരും ഉണ്ടായിരുന്നില്ല. ജാലകങ്ങളൊന്നും ഇല്ലാത്ത ഇടുങ്ങിയ മുറികളായിരുന്നു ആ കോളനികളിൽ ഉണ്ടായിരുന്നത്‌. ഒരു കട്ടിൽ ആയിരുന്നു അവിടെ ഉണ്ടായിരുന്ന ഏക ആഡംബരം. മണ്ണെണ്ണ സ്റ്റൗവും പാചകം ചെയ്യാൻ ഒരു പാത്രവും കുറച്ചു പ്ലേറ്റുകളും ഒരു ചരുവവും ഏതാനും പുതപ്പുകളും കൊതുകുവലയും വസ്‌ത്രങ്ങളും പഴയ കുറെ പത്രക്കടലാസുകളും അത്യാവശ്യംവേണ്ട മറ്റുചില സാധനങ്ങളും ഒരു തടിപ്പെട്ടിയിലാക്കി ഞങ്ങൾ കൂടെക്കരുതിയിരുന്നു. ഭിത്തിയിലുള്ള ദ്വാരങ്ങൾ അടയ്‌ക്കാൻ പത്രക്കടലാസുകൾ ഉപകാരപ്പെട്ടു. അതോടെ എലികൾക്കു പണിയായി; അകത്തുകടക്കാൻ അവയ്‌ക്കു പണിപ്പെടേണ്ടിവന്നു.

ആ കുടുസ്സുമുറിയിലെ കട്ടിലിൽ വൈകുന്നേരങ്ങളിൽ അരണ്ടവെളിച്ചത്തിലിരുന്നു സംസാരിക്കുന്നതും മണ്ണെണ്ണ സ്റ്റൗവിൽ പാകംചെയ്‌ത ലഘുവായ ഭക്ഷണം കഴിക്കുന്നതും ഇന്നും ഞങ്ങളുടെ മനസ്സിൽ തെളിഞ്ഞുനിൽക്കുന്ന മധുരസ്‌മരണകളാണ്‌. മുന്നും പിന്നും നോക്കാതെ സംസാരിക്കുന്ന പ്രകൃതമായിരുന്നു എന്റേത്‌. അതുകൊണ്ട്‌, സഹോദരങ്ങളോട്‌ കുറച്ചുകൂടി നയപൂർവം സംസാരിക്കാൻ പറ്റുന്നത്‌ എങ്ങനെയെന്ന്‌ ഇത്തരം പ്രശാന്തമായ നിമിഷങ്ങളിൽ ഈഡിത്ത്‌ പറഞ്ഞുതരുമായിരുന്നു. അവൾ പറഞ്ഞതെല്ലാം ഞാൻ മുഖവിലയ്‌ക്കെടുത്തു. അതോടെ, എന്റെ സന്ദർശനങ്ങൾ സഹോദരങ്ങൾക്ക്‌ കൂടുതൽ നവോന്മേഷം പകരുന്ന അനുഭവമായിത്തീർന്നു. ഞാൻ ആരെയെങ്കിലുംകുറിച്ച്‌ മോശമായി, ചിന്താശൂന്യമായി സംസാരിച്ചാൽ അവൾ അതിൽ പങ്കുചേരുമായിരുന്നില്ല. സഹോദരങ്ങളുടെ നല്ല ഗുണങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ അത്‌ എന്നെ സഹായിച്ചു. വീക്ഷാഗോപുരത്തിലെ ചില ലേഖനങ്ങളോ അന്നേ ദിവസത്തെ വയൽസേവന അനുഭവങ്ങളോ ആയിരുന്നു ഞങ്ങളുടെ സംഭാഷണങ്ങളിലേറെയും സ്ഥാനം പിടിച്ചിരുന്നത്‌; ഞങ്ങൾക്കുണ്ടായ പല അനുഭവങ്ങളും കോരിത്തരിപ്പിക്കുന്നവയായിരുന്നു.

കാർലോസിനെ കണ്ടുപിടിക്കുന്നു

ഇക്വഡോറിന്റെ പടിഞ്ഞാറുള്ള ഒരു പട്ടണമാണ്‌ ഹീപ്പീഹാപ്പ. അവിടെ താമസിക്കുന്ന ഒരു താത്‌പര്യക്കാരന്റെ പേരുമാത്രം ഞങ്ങൾക്കു കിട്ടി—കാർലോസ്‌ മീഹീയ. അദ്ദേഹത്തെ അന്വേഷിച്ച്‌ രാവിലെ ഞങ്ങൾ വീട്ടിൽനിന്ന്‌ ഇറങ്ങി. മേൽവിലാസം അറിയില്ലാത്തതിനാൽ എവിടെപ്പോയി അന്വേഷിക്കുമെന്ന്‌ ഒരു എത്തുംപിടിയുമില്ലായിരുന്നു. ഒരു ഊഹംവെച്ച്‌ ഞങ്ങൾ നടന്നു. തലേദിവസം പെയ്‌ത മഴയിൽ നിരത്തുകളെല്ലാം ചെളിക്കുഴികളായി മാറിയിരുന്നു. അവ ചാടിക്കടന്നു വേണമായിരുന്നു മുന്നോട്ടു പോകാൻ. ഞാനാണ്‌ മുമ്പിൽ നടന്നിരുന്നത്‌. പെട്ടെന്ന്‌ പുറകിൽനിന്നൊരു ദീനരോദനം; ഈഡിത്താണ്‌. ഞാൻ തിരിഞ്ഞുനോക്കിയപ്പോഴുണ്ട്‌ അവൾ മുട്ടറ്റം ചെളിയിൽ നിൽക്കുന്നു! അവളുടെ കരയുന്ന മുഖം കണ്ടതുകൊണ്ടു മാത്രമാണ്‌ എനിക്കു ചിരി അടക്കാനായത്‌.

ഞാൻ അവളെ ഒരുവിധം പിടിച്ചുകയറ്റിയെങ്കിലും അവളുടെ ഷൂസ്‌ ചെളിയിൽ പൂണ്ടുപോയി. ഇതെല്ലാം കണ്ടുകൊണ്ട്‌ രണ്ടുകുട്ടികൾ അവിടെ നിൽക്കുന്നുണ്ടായിരുന്നു, ഒരാൺകുട്ടിയും പെൺകുട്ടിയും. “ഈ ഷൂസ്‌ എടുത്തുതന്നാൽ പൈസ തരാം,” ഞാൻ അവരോടു പറഞ്ഞു. പറയേണ്ട താമസം അവർ ഷൂസ്‌ പൊക്കിയെടുത്തു. ചെളി കഴുകിക്കളയാൻ ഈഡിത്തിന്‌ ഒരു സ്ഥലം വേണമായിരുന്നു. ഈ രംഗം കണ്ട കുട്ടികളുടെ അമ്മ ഞങ്ങളെ വീട്ടിലേക്കു വിളിച്ച്‌ കാലുകഴുകാൻ ഈഡിത്തിനെ സഹായിച്ചു. ആ സമയംകൊണ്ട്‌ കുട്ടികൾ ചെളിപിടിച്ച ഷൂസ്‌ വൃത്തിയാക്കിയെടുത്തു. ഞങ്ങൾ അവിടെനിന്നു പോരാൻ തുടങ്ങിയപ്പോൾ, കാർലോസ്‌ മീഹീയ എന്നൊരാളെ അറിയാമോ എന്നു ഞാൻ ആ സ്‌ത്രീയോട്‌ ചോദിച്ചു. “അത്‌ എന്റെ ഭർത്താവാണല്ലോ,” തെല്ലൊരു അത്ഭുതത്തോടെ അവൾ പറഞ്ഞു. ഞങ്ങൾക്കും അത്ഭുതമായി. അവരുമൊത്ത്‌ ബൈബിളധ്യയനം തുടങ്ങി. ക്രമേണ ആ വീട്ടിലെ എല്ലാവരും സ്‌നാനമേറ്റു. വർഷങ്ങൾക്കുശേഷം കാർലോസും ഭാര്യയും അവരുടെ മക്കളിൽ രണ്ടുപേരും പ്രത്യേക പയനിയർമാരായി.

സാഹസികയാത്രകളും ഹൃദയോഷ്‌മളമായ സ്വീകരണവും

സാഹസികത നിറഞ്ഞതായിരുന്നു സർക്കിട്ട്‌ സന്ദർശനങ്ങൾക്കായുള്ള യാത്രകൾ. ബസ്സിലും ട്രെയിനിലും ട്രക്കിലും വള്ളത്തിലും ചെറുവിമാനങ്ങളിലുമൊക്കെയായി ഞങ്ങൾ യാത്ര ചെയ്‌തു. ഒരിക്കൽ കൊളംബിയയുടെ അതിർത്തിയിലുള്ള മുക്കുവഗ്രാമങ്ങളിലേക്ക്‌ ഞങ്ങൾ പ്രസംഗ പര്യടനത്തിനായി പുറപ്പെട്ടു. ഡിസ്‌ട്രിക്‌റ്റ്‌ മേൽവിചാരകനായ ജോൺ മാക്ലിനേക്കൻ സഹോദരനും ഭാര്യ ഡൊറോത്തിയും ഒപ്പമുണ്ടായിരുന്നു. മോട്ടോർ ഘടിപ്പിച്ച ഒരു വള്ളത്തിലായിരുന്നു യാത്ര. ഞങ്ങളുടെ വള്ളത്തിന്റെ അത്ര വലിപ്പമുള്ള സ്രാവുകൾ വള്ളത്തെ തൊട്ടുതൊട്ടില്ല എന്നമട്ടിൽ നീങ്ങുന്ന കാഴ്‌ച ഞങ്ങളെ ഭയചകിതരാക്കി. പരിചയസമ്പന്നനായ വള്ളക്കാരൻപോലും സ്രാവുകളുടെ വലിപ്പം കണ്ട്‌ പേടിച്ചുപോയി. അയാൾ പെട്ടെന്നുതന്നെ വള്ളം കരയ്‌ക്ക്‌ അടുപ്പിച്ചു.

സഞ്ചാരവേലയിൽ ഞങ്ങൾ കണ്ടുമുട്ടിയ സഹോദരങ്ങൾ നൽകിയ സ്വീകരണംവെച്ചു നോക്കുമ്പോൾ ഞങ്ങൾക്ക്‌ നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകൾ അത്ര വലുതായി തോന്നിയില്ല. പല വീടുകളിലും ഒരു നേരത്തേക്കുള്ള ഭക്ഷണത്തിനേ വകയുണ്ടായിരുന്നുള്ളൂ. പക്ഷേ മൂന്നുനേരം ഭക്ഷണം കഴിക്കാൻ അവർ ഞങ്ങളെ നിർബന്ധിച്ചു. ആകെയുള്ള കട്ടിൽ ഞങ്ങൾക്ക്‌ തന്നിട്ട്‌ അവർ നിലത്തുകിടന്നു. “ജീവിക്കാൻ വളരെ കുറച്ചു സാധനങ്ങൾ മതിയെന്ന്‌ ഇവരെ കാണുമ്പോൾ എനിക്ക്‌ തോന്നുന്നു,” ഈഡിത്ത്‌ കൂടെക്കൂടെ പറയുമായിരുന്നു.

‘അതു വേണ്ടെന്നുവെച്ചില്ല’

1960-ൽ മറ്റൊരു നല്ല കാര്യം ഞങ്ങളുടെ ജീവിതത്തിലുണ്ടായി: ഗ്വയാകീലിലെ ബ്രാഞ്ച്‌ ഓഫീസിൽ സേവിക്കാൻ ഞങ്ങൾക്ക്‌ ക്ഷണം ലഭിച്ചു. ഓഫീസ്‌ കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള നിയമനമായിരുന്നു എനിക്ക്‌. ബ്രാഞ്ചിന്‌ അടുത്തുള്ള ഒരു സഭയുടെ പ്രദേശത്ത്‌ ഈഡിത്ത്‌ പ്രവർത്തിച്ചു. ഓഫീസ്‌ ജോലി ചെയ്യാൻ പറ്റിയ ആളാണ്‌ ഞാനെന്ന്‌ എനിക്ക്‌ ഒരിക്കലും തോന്നിയിരുന്നില്ല. അതുകൊണ്ടുതന്നെ ഈ നിയമനം സ്വീകരിക്കാൻ ബുദ്ധിമുട്ടായിരുന്നു. പക്ഷേ എബ്രായർ 13:21 പറയുന്നതുപോലെ “തന്റെ ഇഷ്ടം ചെയ്യാൻ തക്കവണ്ണം സകല നന്മകളാലും” നമ്മെ നിറയ്‌ക്കാൻ ദൈവത്തിനു കഴിയും. രണ്ടുവർഷത്തിനുശേഷം, ന്യൂയോർക്കിലെ ബ്രുക്ലിനിലുള്ള ബെഥേലിൽ നടക്കുന്ന പത്തുമാസത്തെ ഒരു ഗിലെയാദ്‌ കോഴ്‌സിൽ സംബന്ധിക്കാൻ എനിക്കു ക്ഷണം ലഭിച്ചു. ആ സമയത്ത്‌ ഭാര്യമാരെ കൂടെക്കൊണ്ടുപോകാൻ കഴിയുമായിരുന്നില്ല. പത്തുമാസത്തേക്ക്‌ ഭർത്താവിനെ പിരിഞ്ഞിരിക്കാൻ കഴിയുമോ എന്ന്‌ ചിന്തിച്ചുനോക്കാൻ ആവശ്യപ്പെട്ടുകൊണ്ട്‌ ബ്രുക്ലിനിൽനിന്ന്‌ ഈഡിത്തിന്‌ ഒരു കത്ത്‌ കിട്ടി.

അവൾ മറുപടി അയച്ചു: “ഇക്കാര്യം എനിക്കത്ര എളുപ്പമല്ല. പക്ഷേ, ഉണ്ടായേക്കാവുന്ന ഏതൊരു ബുദ്ധിമുട്ടിനെയും തരണംചെയ്യാൻ യഹോവ സഹായിക്കുമെന്ന്‌ ഞങ്ങൾക്ക്‌ ഉറപ്പുണ്ട്‌. . . . ഞങ്ങൾക്കായി വെച്ചുനീട്ടുന്ന പദവികളോ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻവേണ്ട പരിശീലനമോ വേണ്ടെന്നുവെക്കാൻ ഞങ്ങൾക്ക്‌ ആഗ്രഹമില്ല.” ഞാൻ ബ്രുക്ലിനിലായിരുന്നപ്പോൾ എല്ലാ ആഴ്‌ചയും അവൾ എനിക്ക്‌ കത്തെഴുതുമായിരുന്നു.

വിശ്വസ്‌തരായ സഹോദരങ്ങൾക്കൊപ്പം

ആരോഗ്യപ്രശ്‌നങ്ങൾമൂലം 1966-ൽ ഞങ്ങൾ കിറ്റോയിലേക്ക്‌ മിഷനറിമാരായി മടങ്ങി. അവിടെ ഞങ്ങളോടൊപ്പം സേവിച്ച സഹോദരീസഹോദരന്മാരുടെ വിശ്വസ്‌തത ഇന്നും ഞങ്ങൾ സ്‌മരിക്കാറുണ്ട്‌.

ഒരു സഹോദരിയുടെ അവിശ്വാസിയായ ഭർത്താവ്‌ മിക്കവാറും അവരെ പ്രഹരിച്ചിരുന്നു. വളരെ വിശ്വസ്‌തയായ ഒരു സഹോദരിയായിരുന്നു അവർ. ആ സഹോദരിക്ക്‌ വീണ്ടും അടികിട്ടിയ വിവരം ഒരു ദിവസം രാവിലെതന്നെ ഞങ്ങൾ അറിയാനിടയായി. കേട്ട ഉടനെ ഞാൻ ആ സഹോദരിയുടെ വീട്ടിലേക്ക്‌ ഓടി. അവിടെ കണ്ട കാഴ്‌ച ഭീകരമായിരുന്നു. ദേഹമാസകലം ചതഞ്ഞ്‌, നീരുവെച്ച്‌ അവർ കിടക്കുന്നതാണ്‌ ഞാൻ കണ്ടത്‌. നീണ്ട ചൂലിന്റെ പിടികൊണ്ട്‌ അത്‌ രണ്ടായി ഒടിയുംവരെ ഭർത്താവ്‌ അവരെ പൊതിരെ തല്ലിയിരുന്നു. അന്നുതന്നെ അദ്ദേഹത്തെ കണ്ട്‌ ചെയ്‌തതു മോശമായിപ്പോയി എന്ന്‌ ഞാൻ പറഞ്ഞു. അദ്ദേഹം ഒരുപാട്‌ ക്ഷമചോദിച്ചു.

എന്റെ ആരോഗ്യം മെച്ചപ്പെട്ടതിനെത്തുടർന്ന്‌ 1970-കളുടെ ആരംഭത്തിൽ ഞങ്ങൾ സർക്കിട്ട്‌ വേല പുനരാരംഭിച്ചു. ഇബാറ എന്ന പട്ടണം ഞങ്ങളുടെ സർക്കിട്ടിന്റെ ഭാഗമായിരുന്നു. 1950-കളുടെ ഒടുവിൽ ഞങ്ങൾ ആ പട്ടണം സന്ദർശിച്ചപ്പോൾ ഒരു മിഷനറിയും പ്രദേശത്തെ ഒരു സഹോദരനും ഉൾപ്പെടെ രണ്ടുസാക്ഷികളേ അവിടെ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട്‌ ആ സഭയിലെ മറ്റു പുതിയ സഹോദരങ്ങളെ കാണാൻ ഞങ്ങൾക്ക്‌ ആകാംക്ഷയായി.

അവിടെ ഞങ്ങൾ സംബന്ധിച്ച ആദ്യയോഗത്തിൽ റോഡ്രിഗോ വാക്കാ സഹോദരന്റെ ഒരു പരിപാടിയുണ്ടായിരുന്നു. അദ്ദേഹം സ്റ്റേജിൽനിന്ന്‌ ചോദ്യം ചോദിച്ച ഉടനെ സദസ്സിലുള്ളവർ കൈ ഉയർത്തുന്നതിനുപകരം “യോ, യോ” (ഞാൻ, ഞാൻ) എന്ന്‌ വിളിച്ചുകൂവുന്നതാണ്‌ ഞങ്ങൾ കണ്ടത്‌. ഞങ്ങൾക്കൊന്നും മനസ്സിലായില്ല. ‘എന്താണീ നടക്കുന്നത്‌?’ ഞാൻ ചിന്തിച്ചുപോയി. വാക്കാ സഹോദരൻ അന്ധനാണെന്നും പക്ഷേ സഭയിലുള്ളവരുടെയെല്ലാം ശബ്ദം അദ്ദേഹത്തിനു തിരിച്ചറിയാനാകുമെന്നും പിന്നീടാണ്‌ അറിഞ്ഞത്‌. ശരിക്കും ആടുകളുടെ സ്വരം അറിയുന്ന ഇടയൻ! തന്റെ ആടുകളെ അറിയുന്ന നല്ല ഇടയനെക്കുറിച്ചും ഇടയനെ അറിയുന്ന ആടുകളെക്കുറിച്ചും ഉള്ള യോഹന്നാൻ 10:3, 4, 14-ലെ വിവരണമാണ്‌ അപ്പോൾ ഞാൻ ഓർത്തത്‌. ഇന്ന്‌ ഇബാറയിൽ ആറ്‌ സ്‌പാനിഷ്‌ സഭകളും ഒരു കിച്വ സഭയും ഒരു ആംഗ്യഭാഷാ സഭയും ഉണ്ട്‌. വാക്കാ സഹോദരൻ ഇപ്പോഴും ഒരു മൂപ്പനായും പ്രത്യേക പയനിയറായും സേവിക്കുന്നു. *

നന്ദിപൂർവം

1974-ൽ യഹോവയിൽനിന്ന്‌ ഞങ്ങൾക്ക്‌ മറ്റൊരു അനുഗ്രഹം ലഭിച്ചു; ഞങ്ങളെ ബെഥേലിലേക്ക്‌ തിരിച്ചുവിളിച്ചത്‌ ആ വർഷമാണ്‌. ഓഫീസ്‌ കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള നിയമനമാണ്‌ എനിക്ക്‌ ഇപ്രാവശ്യവും ലഭിച്ചത്‌. പിന്നീട്‌ ഞാൻ ബ്രാഞ്ച്‌ കമ്മിറ്റി അംഗമായി. ഈഡിത്ത്‌ ആദ്യം പാചകശാലയിലായിരുന്നു, പിന്നീട്‌ കത്തുകൾ കൈകാര്യം ചെയ്യുന്ന ജോലിയായി. ഇന്നുവരെ അതു തുടരുന്നു.

വർഷങ്ങളിലുടനീളം നൂറുകണക്കിന്‌ ഗിലെയാദ്‌ മിഷനറിമാരെ ഈ രാജ്യത്തേക്ക്‌ സ്വാഗതം ചെയ്യാനുള്ള പദവി ഞങ്ങൾക്ക്‌ ഉണ്ടായിട്ടുണ്ട്‌. അവർ പോകുന്ന സഭകളിലെല്ലാം അവരുടെ തീക്ഷ്‌ണതയും പക്വതയും ഒരു മുതൽക്കൂട്ടാണ്‌. 30-തിലധികം രാജ്യങ്ങളിൽനിന്ന്‌ ഇവിടെ സേവിക്കാനെത്തിയിരിക്കുന്ന ആയിരക്കണക്കിന്‌ സഹോദരീസഹോദരന്മാരും ഞങ്ങൾക്ക്‌ ഏറെ പ്രോത്സാഹനം പകർന്നിരിക്കുന്നു. അവർ സസന്തോഷം ചെയ്‌ത ത്യാഗങ്ങൾ ഞങ്ങൾക്ക്‌ മറക്കാനാവില്ല! ആവശ്യം കൂടുതലുള്ള പ്രദേശത്തു സേവിക്കാൻ എത്തിയ പലരും തങ്ങളുടെ വീടും ബിസിനസ്സുമെല്ലാം വിറ്റിട്ടു വന്നവരാണ്‌. എത്തിപ്പെടാൻ പ്രയാസമുള്ള സ്ഥലങ്ങളിൽ പ്രസംഗിക്കാൻ അവർ വണ്ടി വാങ്ങി. അവർ പുതിയ സഭകൾ സ്ഥാപിച്ചു, രാജ്യഹാൾ നിർമാണത്തിൽ സഹായിച്ചു. വിദേശത്തുനിന്ന്‌ ഇവിടെ വന്ന്‌ പയനിയറിങ്‌ ചെയ്യുന്ന ഏകാകികളായ സഹോദരിമാരെയും മറന്നുകൂടാ. തീക്ഷ്‌ണതയുള്ള സമർഥരായ വേലക്കാരാണ്‌ അവർ!

അതെ, ദൈവത്തെ സേവിച്ച വർഷങ്ങളിലുടനീളം ഞാൻ അനേകം നന്മകൾ ആസ്വദിച്ചിരിക്കുന്നു. യഹോവയുമായി എനിക്കുള്ള ഉറ്റബന്ധമാണ്‌ അതിൽ ഏറ്റവും വലുത്‌. ഈഡിത്തിനെ എനിക്കു “തുണ”യായി നൽകിയതിനും ഞാൻ അവനോട്‌ കടപ്പെട്ടിരിക്കുന്നു. (ഉല്‌പ. 2:18) ഞങ്ങൾ ഒരുമിച്ചു പിന്നിട്ട കഴിഞ്ഞ 69 വർഷത്തെക്കുറിച്ച്‌ ഓർക്കുമ്പോൾ എന്റെ മനസ്സിലേക്കുവരുന്നത്‌ ഈ വാക്യമാണ്‌: “ഉത്തമയായ ഭാര്യയെ കണ്ടെത്തുന്നവൻ ഭാഗ്യവാൻ; അത്‌ കർത്താവിന്റെ അനുഗ്രഹമാണ്‌.” (സുഭാ. [സദൃ.] 18:22, പി.ഒ.സി. ബൈബിൾ) ഈഡിത്തിനോടൊപ്പമുള്ള ജീവിതം അന്നും ഇന്നും സന്തോഷം നിറഞ്ഞതാണ്‌. അവൾ എന്നെ അനേകം വിധങ്ങളിൽ സഹായിച്ചിട്ടുണ്ട്‌. അവളുടെ അമ്മയ്‌ക്ക്‌ അവൾ നല്ലൊരു മകളുമായിരുന്നു. ഇക്വഡോറിൽ എത്തിയ നാൾമുതൽ ഈഡിത്ത്‌ അമ്മയ്‌ക്ക്‌ എല്ലാ ആഴ്‌ചയും മുടങ്ങാതെ കത്തെഴുതുമായിരുന്നു; 1990-ൽ 97-ാം വയസ്സിൽ അമ്മ മരിക്കുന്നതുവരെ അവൾ അത്‌ തുടർന്നു.

എനിക്കിപ്പോൾ 90 വയസ്സുണ്ട്‌, ഈഡിത്തിന്‌ 89-ഉം. യഹോവയെ അറിയാൻ ഏതാണ്ട്‌ 70 പേരെ സഹായിക്കാൻ ഞങ്ങൾക്കു കഴിഞ്ഞിരിക്കുന്നു. 60 വർഷം മുമ്പ്‌ ഗിലെയാദ്‌ സ്‌കൂളിലേക്കുള്ള ആ അപേക്ഷകൾ പൂരിപ്പിച്ചത്‌ എത്ര നന്നായി എന്ന്‌ ഞങ്ങൾ ഓർക്കാറുണ്ട്‌. നന്മകളാൽ സമൃദ്ധമായ ഒരു ജീവിതം ഞങ്ങൾക്ക്‌ നേടാനായത്‌ അതുകൊണ്ടാണല്ലോ!

[അടിക്കുറിപ്പ്‌]

^ ഖ. 29 വാക്കാ സഹോദരന്റെ അനുഭവം 1985 സെപ്‌റ്റംബർ 8 ലക്കം ഉണരുക!-യിൽ (ഇംഗ്ലീഷ്‌) കാണാം.

[29-ാം പേജിലെ ചിത്രം]

ഞങ്ങളുടെ ഗിലെയാദ്‌ ക്ലാസ്സിലുണ്ടായിരുന്ന മിഷനറിമാരോടൊപ്പം 1958-ൽ ന്യൂയോർക്കിലെ യാങ്കീ സ്റ്റേഡിയത്തിൽ

[31-ാം പേജിലെ ചിത്രം]

സഞ്ചാരവേലയിലായിരിക്കെ 1959-ൽ ഒരു സാക്ഷിക്കുടുംബത്തെ സന്ദർശിക്കുന്നു

[32-ാം പേജിലെ ചിത്രം]

2002-ൽ ഇക്വഡോർ ബ്രാഞ്ചിൽ