വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദാരിദ്ര്യത്തിന്റെ ഭീകരമുഖം

ദാരിദ്ര്യത്തിന്റെ ഭീകരമുഖം

ദാരി​ദ്ര്യ​ത്തി​ന്റെ ഭീകര​മു​ഖം

കൊടിയ ദാരി​ദ്ര്യം! നൂറു​കോ​ടി​യി​ല​ധി​കം ആളുകൾ ഇന്ന്‌ അതുമാ​യി മല്ലിടു​ക​യാണ്‌. ഇന്ത്യയി​ലെ ജനസം​ഖ്യ​യോ​ളം വരുന്ന ഇവർക്കൊ​ന്നും ആവശ്യ​ത്തിന്‌ ആഹാര​മോ വെള്ളമോ ഇന്ധനമോ ഇല്ല, തലചാ​യ്‌ക്കാൻ ഒരു കൂരയില്ല, അസുഖം ബാധി​ച്ചാൽ ചികി​ത്സി​ക്കാൻ വകയില്ല, മതിയായ വിദ്യാ​ഭ്യാ​സ​മില്ല. എന്തൊരു ദുരവസ്ഥ! യാഥാർഥ്യം ഇതാ​ണെ​ങ്കി​ലും പശ്ചിമ യൂറോ​പ്പി​ലും വടക്കേ അമേരി​ക്ക​യി​ലും ഉള്ള മിക്കവർക്കും ഇത്തരം ആളുക​ളെ​ക്കു​റിച്ച്‌ കേട്ടു​കേൾവി​പോ​ലു​മില്ല! എന്നാൽ, നമുക്കി​പ്പോൾ കടുത്ത ദാരി​ദ്ര്യ​ത്തിൽ കഴിയുന്ന ചിലരെ പരിച​യ​പ്പെ​ടാം.

എമ്പാറു​ഷി​മ​യും ഭാര്യ​യും അഞ്ചുമ​ക്കൾക്കൊ​പ്പം ആഫ്രി​ക്ക​യി​ലെ റുവാ​ണ്ട​യി​ലാണ്‌ താമസി​ക്കു​ന്നത്‌. അവരുടെ ആറാമത്തെ കുട്ടി മലേറിയ പിടി​പെട്ട്‌ മരിച്ചു​പോ​യി​രു​ന്നു. അദ്ദേഹം തന്റെ അവസ്ഥ വിവരി​ക്കു​ന്നത്‌ കേൾക്കൂ: “ഞങ്ങൾ മക്കൾ ആറു​പേർക്കു​മാ​യി എന്റെ പിതാവ്‌ നിലം വീതം​വെച്ചു. എന്റെ വിഹിതം വളരെ കുറവാ​യി​രു​ന്ന​തി​നാൽ എനിക്ക്‌ കുടും​ബ​ത്തോ​ടൊ​പ്പം പട്ടണത്തി​ലേക്ക്‌ താമസം മാറേ​ണ്ടി​വന്നു. ഇവിടെ ജനലൊ​ന്നു​മി​ല്ലാത്ത ഒരു കുടു​സു​മു​റി​യി​ലാണ്‌ ഞങ്ങൾ കഴിയു​ന്നത്‌. കല്ലും മണ്ണും ചുമന്നാണ്‌ ഞാനും ഭാര്യ​യും കുടും​ബത്തെ പോറ്റു​ന്നത്‌. വെള്ളത്തി​നുള്ള ഏക ആശ്രയം പോലീസ്‌ സ്റ്റേഷനി​ലെ കിണറാണ്‌. പലപ്പോ​ഴും ഞങ്ങൾക്ക്‌ ഒരു നേരത്തെ ആഹാരം മാത്രമേ കാണാ​റു​ള്ളൂ. പണിയി​ല്ലെ​ങ്കിൽ അതും കാണില്ല; മുഴു​പ്പ​ട്ടി​ണി! കുട്ടികൾ വിശന്നു കരയു​ന്നത്‌ കണ്ടുനിൽക്കാൻ എനിക്കാ​വില്ല, അങ്ങനെ​യുള്ള ദിവസ​ങ്ങ​ളിൽ ഞാൻ വീട്ടിൽനിന്ന്‌ ഇറങ്ങി​പ്പോ​കും.”

ബിക്‌ട​റും കാർമെ​നും ചെരി​പ്പു​കു​ത്തി​ക​ളാണ്‌. ബൊളീ​വി​യ​യി​ലെ ഒറ്റപ്പെട്ട ഒരു പട്ടണത്തിൽ അഞ്ചുമ​ക്ക​ളോ​ടൊ​പ്പം അവർ താമസി​ക്കു​ന്നു. ഇടിഞ്ഞു പൊളി​യാ​റായ ഒരു കെട്ടി​ട​ത്തിൽ വാടക​യ്‌ക്കെ​ടു​ത്തി​രി​ക്കുന്ന ഒരൊറ്റ മുറി​യാണ്‌ വീടെന്നു പറയാൻ അവർക്കു​ള്ളത്‌. അതാകട്ടെ തകരം​മേഞ്ഞ, ചോർന്നൊ​ലി​ക്കുന്ന ഒന്നും; അവിടെ വൈദ്യു​തി​യും ഇല്ല. ഇനി, മക്കളുടെ വിദ്യാ​ഭ്യാ​സ​മോ? കുട്ടി​ക​ളു​ടെ എണ്ണം വളരെ​യ​ധി​ക​മാ​യ​തി​നാൽ അവിടത്തെ സ്‌കൂ​ളിൽ വേണ്ടത്ര ഇരിപ്പി​ട​ങ്ങ​ളില്ല. അതു​കൊണ്ട്‌ മകളെ സ്‌കൂ​ളിൽ അയയ്‌ക്ക​ണ​മെ​ങ്കിൽ അവൾക്കു​വേണ്ട ഇരിപ്പി​ട​വും​കൂ​ടെ ഉണ്ടാക്കി​ക്കൊ​ടു​ക്കേണ്ട ഗതി​കേ​ടാ​യി​രു​ന്നു ബിക്‌ട​റി​ന്റേത്‌. ആഹാരം പാകം​ചെ​യ്യു​ന്ന​തി​നും വെള്ളം തിളപ്പി​ക്കു​ന്ന​തി​നും വിറകു ശേഖരി​ക്ക​ണ​മെ​ങ്കിൽ അവർക്ക്‌ പത്തുകി​ലോ​മീ​റ്റർ നടക്കണം. കൂടാതെ, കാർമെൻ പറയുന്നു: “ഞങ്ങൾക്ക്‌ വീട്ടിൽ കക്കൂസി​ല്ലാ​ത്ത​തി​നാൽ താഴെ നദിക്ക​രി​കെ പോകണം. ഈ നദിയിൽത്ത​ന്നെ​യാണ്‌ ആളുകൾ കുളി​ക്കു​ന്ന​തും മാലി​ന്യ​ങ്ങൾ കൊണ്ടി​ടു​ന്ന​തും. കുട്ടി​കൾക്ക്‌ മിക്ക​പ്പോ​ഴും അസുഖ​മാണ്‌.”

ഫ്രാൻസീ​സ്‌കോ​യും ഇലീഡി​യ​യും മൊസാ​മ്പി​ക്കി​ലെ ഒരു നാട്ടിൻപു​റ​ത്താണ്‌ താമസി​ക്കു​ന്നത്‌. ആശുപ​ത്രി​യിൽ ചികിത്സ നിഷേ​ധി​ക്ക​പ്പെ​ട്ട​തി​നെ​ത്തു​ടർന്ന്‌ അവരുടെ അഞ്ചുകു​ട്ടി​ക​ളിൽ ഒരാൾ മലേറിയ പിടി​പെട്ടു മരിച്ചു. തങ്ങൾക്കുള്ള തുണ്ടു​ഭൂ​മി​യിൽ കൃഷി​ചെ​യ്‌താണ്‌ ആഹാര​ത്തി​നുള്ള വക അവർ കണ്ടെത്തു​ന്നത്‌; മൂന്നു​മാ​സ​ത്തേ​ക്കുള്ള നെല്ലും മധുര​ക്കി​ഴ​ങ്ങും അവർക്ക്‌ അതിൽനി​ന്നു കിട്ടും. പക്ഷേ, “ചില​പ്പോൾ പ്രതീ​ക്ഷിച്ച മഴ ലഭിക്കാ​തെ വരും; കള്ളന്മാ​രു​ടെ ശല്യവു​മുണ്ട്‌. അപ്പോൾ ഉദ്ദേശിച്ച വിളവു കിട്ടില്ല. അങ്ങനെ വരു​മ്പോൾ മുള വെട്ടി​വി​റ്റാണ്‌ ഞാൻ അത്യാ​വശ്യ കാര്യങ്ങൾ നടത്തു​ന്നത്‌. ഞാനും ഭാര്യ​യും രണ്ടുമ​ണി​ക്കൂർ നടന്ന്‌ കാട്ടിൽനിന്ന്‌ ഓരോ കെട്ട്‌ വിറകും കൊണ്ടു​വ​രും; ഒന്ന്‌ വിൽക്കാ​നും മറ്റൊന്ന്‌ ഒരാഴ്‌ചത്തെ വീട്ടാ​വ​ശ്യ​ത്തി​നും,” ഫ്രാൻസീ​സ്‌കോ പറയുന്നു.

ലോക​ത്തിൽ ഏഴിൽ ഒരാൾ വീതം എമ്പാറു​ഷിമ, ബിക്‌ടർ, ഫ്രാൻസീ​സ്‌കോ എന്നിവ​രെ​പ്പോ​ലെ കൊടും​ദാ​രി​ദ്ര്യ​ത്തിൽ കഴിയു​മ്പോൾ മറ്റ്‌ കോടി​ക്ക​ണ​ക്കി​നാ​ളു​കൾ സമൃദ്ധി​യിൽ ആറാടു​ന്നു! ഇത്‌ അധർമ​വും അനീതി​യു​മാ​ണെന്ന്‌ അനേകർക്കും തോന്നു​ന്ന​തിൽ യാതൊ​രു അതിശ​യോ​ക്തി​യു​മില്ല. ഇതി​നൊ​രു പരിഹാ​രം കണ്ടെത്താൻ പലരും ശ്രമി​ച്ചി​ട്ടുണ്ട്‌. ശുഭ​പ്ര​തീ​ക്ഷ​യോ​ടെ​യുള്ള അവരുടെ ശ്രമങ്ങ​ളെ​ക്കു​റിച്ച്‌ തുടർന്ന്‌ വായി​ക്കാം. (w11-E 06/01)

[2, 3 പേജു​ക​ളി​ലെ ചിത്രം]

നദിയിൽനിന്ന്‌ വെള്ള​മെ​ടു​ക്കുന്ന കാർമെ​നും മക്കളും