വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുട്ടികൾ സ്‌നാനമേൽക്കണമോ?

കുട്ടികൾ സ്‌നാനമേൽക്കണമോ?

കുട്ടികൾ സ്‌നാനമേൽക്കണമോ?

“എന്റെ മകൾ യഹോവയെ സേവിക്കാൻ തുടങ്ങിയതിൽ എനിക്ക്‌ വളരെ ചാരിതാർഥ്യമുണ്ട്‌. അവളും അതിൽ സന്തോഷിക്കുന്നു.” ഫിലിപ്പീൻസിലെ കാർലോസ്‌ * എന്ന സഹോദരൻ പറഞ്ഞതാണ്‌ ഇത്‌. ഗ്രീസിൽനിന്ന്‌ ഒരു പിതാവ്‌ എഴുതി: “ഞങ്ങളുടെ മൂന്നുമക്കൾ കൗമാരത്തിൽത്തന്നെ യഹോവയുടെ സാക്ഷികളായി സ്‌നാനമേറ്റു എന്നത്‌ എനിക്കും ഭാര്യക്കും ഏറെ സന്തോഷം നൽകുന്നു. അവർ ആത്മീയമായി നന്നായി പുരോഗമിക്കുന്നുണ്ട്‌, നിറഞ്ഞമനസ്സോടെ യഹോവയെ സേവിക്കുകയും ചെയ്യുന്നു.”

മക്കൾ സ്‌നാനമേൽക്കുന്നത്‌ ക്രിസ്‌തീയ മാതാപിതാക്കൾക്ക്‌ ആനന്ദം പകരുന്ന അനുഭവമാണ്‌. പക്ഷേ, അതോടൊപ്പം അവർക്ക്‌ ഉത്‌കണ്‌ഠയും ഉണ്ടായേക്കാം. “എനിക്ക്‌ ഒരേ സമയം സന്തോഷവും ആശങ്കയും തോന്നി” എന്നാണ്‌ ഒരു അമ്മ പറഞ്ഞത്‌. അതിന്റെ കാരണം അവർ പറയുന്നു: “എന്റെ മകൻ ഇനി എല്ലാറ്റിലും യഹോവയോടു കണക്കുബോധിപ്പിക്കണമല്ലോ എന്ന്‌ ഞാൻ ചിന്തിച്ചു.”

സ്‌നാനമേറ്റ ഒരു സാക്ഷിയായി യഹോവയെ സേവിക്കുക എന്നത്‌ എല്ലാ കുട്ടികൾക്കും ഉണ്ടായിരിക്കേണ്ട ഒരു ലക്ഷ്യമാണ്‌. എന്നാൽ, മാതാപിതാക്കൾ ഇങ്ങനെ ചിന്തിച്ചേക്കാം: ‘എന്റെ കുട്ടി നന്നായി പുരോഗമിച്ചിട്ടുണ്ട്‌ എന്നത്‌ ശരിയാണ്‌. പക്ഷേ, അധാർമിക പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള കടുത്ത സമ്മർദത്തെ ചെറുത്തുകൊണ്ട്‌ യഹോവയുടെ മുമ്പാകെ ശുദ്ധനായി നിലകൊള്ളാൻവേണ്ട മനക്കരുത്ത്‌ അവനുണ്ടോ?’ ‘ഭൗതിക നേട്ടങ്ങൾക്കു പിന്നാലെ പോകാനുള്ള പ്രലോഭനം ഉണ്ടാകുമ്പോഴും തീക്ഷ്‌ണതയോടും സന്തോഷത്തോടും കൂടെ എന്റെ കുട്ടി ദൈവത്തെ സേവിക്കുമോ?’ ഇതായിരിക്കാം മറ്റു ചിലരുടെ ഉത്‌കണ്‌ഠ. ആകട്ടെ, മക്കൾ സ്‌നാനമേൽക്കാറായോ എന്ന്‌ മാതാപിതാക്കൾക്ക്‌ എങ്ങനെ തിട്ടപ്പെടുത്താം? അതിനു സഹായിക്കുന്ന ചില തിരുവെഴുത്താശയങ്ങൾ നമുക്കു പരിചിന്തിക്കാം.

സർവപ്രധാനമായ യോഗ്യത—ക്രിസ്‌തുശിഷ്യനായിരിക്കുക

സ്‌നാനമേൽക്കാൻ കുറഞ്ഞത്‌ എത്ര വയസ്സുണ്ടായിരിക്കണം എന്നു ബൈബിൾ പറയുന്നില്ല; പകരം, അതിനുവേണ്ട ആത്മീയ യോഗ്യത എന്താണെന്ന്‌ അതു വ്യക്തമാക്കുന്നു. യേശു ശിഷ്യന്മാരോടു പറഞ്ഞു: “സകല ജനതകളിലുംപെട്ട ആളുകളെ ശിഷ്യരാക്കിക്കൊള്ളുവിൻ. . . . അവരെ സ്‌നാനം കഴിപ്പിക്കുകയും . . . ചെയ്യുവിൻ.” (മത്താ. 28:19, 20) ക്രിസ്‌തുവിന്റെ ശിഷ്യത്വം സ്വീകരിച്ചവരാണ്‌ സ്‌നാനമേൽക്കേണ്ടത്‌ എന്ന്‌ ഇതിൽനിന്നു മനസ്സിലാക്കാം.

ക്രിസ്‌തുവിന്റെ ശിഷ്യനാകുന്നതിൽ എന്താണ്‌ ഉൾപ്പെട്ടിരിക്കുന്നത്‌? തിരുവെഴുത്തുകളിൽനിന്നുള്ള ഉൾക്കാഴ്‌ച (ഇംഗ്ലീഷ്‌) വിശദീകരിക്കുന്നു: “ക്രിസ്‌തുവിന്റെ ഉപദേശങ്ങൾ വിശ്വസിക്കുകയും അവ പിൻപറ്റുകയും ചെയ്യുന്നവരെയാണ്‌” ക്രിസ്‌തുശിഷ്യന്മാർ എന്നതുകൊണ്ട്‌ പ്രധാനമായും അർഥമാക്കുന്നത്‌. ഈ വിധത്തിൽ ക്രിസ്‌തുവിന്റെ ശിഷ്യരാകാൻ കുട്ടികൾക്ക്‌ കഴിയുമോ? 40-തിലധികം വർഷമായി ലാറ്റിൻ അമേരിക്കയിൽ മിഷനറിയായി സേവിക്കുന്ന ഒരു സഹോദരി തന്റെയും തന്റെ രണ്ടുസഹോദരിമാരുടെയും സ്‌നാനത്തെക്കുറിച്ച്‌ ഇങ്ങനെ പറഞ്ഞു: “യഹോവയെ സേവിക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിയാൻമാത്രം അറിവും പ്രായവും ഞങ്ങൾക്ക്‌ അപ്പോൾ ഉണ്ടായിരുന്നു; പറുദീസയിൽ ജീവിക്കാനും ഞങ്ങൾ ആഗ്രഹിച്ചു. ചെറുപ്പകാലത്ത്‌ ഉണ്ടായ പ്രലോഭനങ്ങളെ ചെറുത്തുനിൽക്കാൻ സമർപ്പണം ഞങ്ങളെ കുറച്ചൊന്നുമല്ല സഹായിച്ചത്‌. ആ ചെറുപ്രായത്തിൽത്തന്നെ യഹോവയ്‌ക്കു ജീവിതം സമർപ്പിച്ചതിൽ ഞങ്ങൾ ഖേദിക്കുന്നില്ല.”

നിങ്ങളുടെ കുട്ടി ഒരു ക്രിസ്‌തുശിഷ്യനായിത്തീർന്നോ എന്ന്‌ നിങ്ങൾക്ക്‌ എങ്ങനെ അറിയാം? “തങ്ങളുടെ സ്വഭാവം നിർദ്ദോഷവും നീതിയുക്തവുമാണോ എന്നു ശിശുക്കൾപോലും സ്വന്തം പ്രവൃത്തികളിലൂടെ വെളിപ്പെടുത്തുന്നു” എന്ന്‌ ദൈവവചനം പറയുന്നു. (സുഭാ. [സദൃ.] 20:11, പി.ഒ.സി. ബൈബിൾ) മക്കൾ ക്രിസ്‌തുശിഷ്യരായി “അഭിവൃദ്ധി” നേടിയിട്ടുണ്ടോ എന്നു തിട്ടപ്പെടുത്താൻ അവരുടെ ഏതു പ്രവൃത്തികൾ നിങ്ങൾ വിലയിരുത്തണം?—1 തിമൊ. 4:15.

ശിഷ്യത്വത്തിന്റെ തെളിവ്‌

നിങ്ങളുടെ കുട്ടി അനുസരണമുള്ളവനാണോ? (കൊലോ. 3:20) നിങ്ങൾ നൽകുന്ന വീട്ടുജോലികൾ അവൻ ചെയ്യാറുണ്ടോ? കുട്ടിയായിരുന്ന യേശുവിനെക്കുറിച്ച്‌ ‘അവൻ (മാതാപിതാക്കൾക്കു) കീഴ്‌പെട്ടിരുന്നു’ എന്ന്‌ ബൈബിൾ പറയുന്നു. (ലൂക്കോ. 2:51) കുട്ടികൾക്കാർക്കുംതന്നെ മാതാപിതാക്കളെ പൂർണമായി അനുസരിക്കാൻ കഴിയുമെന്ന്‌ നമുക്കു പ്രതീക്ഷിക്കാനാകില്ല. പക്ഷേ സത്യക്രിസ്‌ത്യാനികൾ ക്രിസ്‌തുവിന്റെ “കാൽച്ചുവടുകൾ അടുത്തു പിന്തുട”രേണ്ടവരാണ്‌. അതുകൊണ്ട്‌ സ്‌നാനമേൽക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക്‌ മാതാപിതാക്കളെ അനുസരിക്കുന്നവർ എന്ന ഖ്യാതിയുണ്ടായിരിക്കണം.—1 പത്രോ. 2:21.

പിൻവരുന്ന ചോദ്യങ്ങൾ പരിചിന്തിക്കുക: ശുശ്രൂഷയിൽ ഉത്സാഹത്തോടെ പങ്കെടുത്തുകൊണ്ട്‌ എന്റെ മകൻ/മകൾ ‘ഒന്നാമത്‌ രാജ്യം അന്വേഷിക്കുന്നുണ്ടോ?’ (മത്താ. 6:33) മറ്റുള്ളവരോടു സുവാർത്ത പ്രസംഗിക്കാൻ അവൻ സന്നദ്ധനാണോ, അതോ വയൽസേവനത്തിനു പോകാനും ആളുകളോടു സംസാരിക്കാനും അവനെ നിർബന്ധിക്കേണ്ടതുണ്ടോ? സ്‌നാനമേറ്റിട്ടില്ലാത്ത ഒരു പ്രസാധകനെന്നനിലയിൽ തനിക്കുള്ള ഉത്തരവാദിത്വത്തെക്കുറിച്ച്‌ അവൻ ബോധവാനാണോ? മടക്കസന്ദർശനങ്ങൾ നടത്താൻ അവന്‌ ഉത്സാഹമുണ്ടോ? താൻ യഹോവയുടെ ഒരു സാക്ഷിയാണെന്ന്‌ കൂട്ടുകാരോടും അധ്യാപകരോടും പറയാൻ അവന്‌ മടിയുണ്ടോ?

യോഗങ്ങൾക്കു ഹാജരാകുന്നത്‌ അവന്‌ സന്തോഷം നൽകുന്ന കാര്യമാണോ? (സങ്കീ. 122:1) വീക്ഷാഗോപുര അധ്യയനത്തിനും സഭാ ബൈബിളധ്യയനത്തിനും ഉത്തരംപറയാൻ അവന്‌ ഇഷ്ടമാണോ? ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂളിൽ അവൻ ഉത്സാഹത്തോടെ പങ്കെടുക്കാറുണ്ടോ?—എബ്രാ. 10:24, 25.

സ്‌കൂളിലും പുറത്തും ചീത്ത കൂട്ടുകാരെ ഒഴിവാക്കി ധാർമികശുദ്ധി കാത്തുസൂക്ഷിക്കാൻ നിങ്ങളുടെ കുട്ടി ശ്രമിക്കുന്നുണ്ടോ? (സദൃ. 13:20) ഏതുതരത്തിലുള്ള സംഗീതവും സിനിമയും ടിവി പരിപാടിയും വീഡിയോ ഗെയിമുമാണ്‌ അവൻ തിരഞ്ഞെടുക്കുന്നത്‌? ഏതുതരം ഇന്റർനെറ്റ്‌ സൈറ്റുകളാണ്‌ അവൻ സന്ദർശിക്കുന്നത്‌? ബൈബിൾ നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കാൻ ആഗ്രഹിക്കുന്നെന്നു കാണിക്കുന്നതരം സംസാരവും പ്രവൃത്തിയുമാണോ അവന്റേത്‌?

ബൈബിളിനെക്കുറിച്ച്‌ നിങ്ങളുടെ കുട്ടിക്ക്‌ എത്ര നന്നായി അറിയാം? കുടുംബാരാധനാവേളയിൽ പഠിക്കുന്ന കാര്യങ്ങൾ സ്വന്തം വാചകത്തിൽ പറയാൻ അവനു കഴിയുന്നുണ്ടോ? അടിസ്ഥാന ബൈബിൾ സത്യങ്ങൾ വിശദീകരിക്കാൻ അവനാകുമോ? (സദൃ. 2:6-9) ബൈബിളും വിശ്വസ്‌തനും വിവേകിയുമായ അടിമ നൽകുന്ന പ്രസിദ്ധീകരണങ്ങളും വായിക്കുന്നതും പഠിക്കുന്നതും അവന്‌ ഇഷ്ടമാണോ? (മത്താ. 24:45) ബൈബിൾ ഉപദേശങ്ങളെയും വാക്യങ്ങളെയും കുറിച്ച്‌ അവൻ ചോദ്യങ്ങൾ ചോദിക്കാറുണ്ടോ?

നിങ്ങളുടെ കുട്ടിയുടെ ആത്മീയത അളക്കാൻ ഈ ചോദ്യങ്ങൾ സഹായിക്കും. ഇവയെക്കുറിച്ച്‌ ചിന്തിച്ചശേഷം, സ്‌നാനമേൽക്കുന്നതിന്‌ കുട്ടി ചില മേഖലകളിൽ പുരോഗമിക്കേണ്ടതുണ്ടെന്ന്‌ ഒരുപക്ഷേ നിങ്ങൾക്കു തോന്നിയേക്കാം. എന്നാൽ നേരെമറിച്ച്‌ ക്രിസ്‌തുശിഷ്യനാണെന്നു കാണിക്കുന്ന ഒരു ജീവിതം അവൻ നയിക്കുകയും തന്റെ ജീവിതം ദൈവത്തിനു സമർപ്പിക്കുകയും ചെയ്‌തിട്ടുണ്ടെങ്കിൽ സ്‌നാനമേൽക്കുന്നതിൽനിന്ന്‌ അവനെ തടയേണ്ടതില്ലെന്ന്‌ നിങ്ങൾ തീരുമാനിച്ചേക്കാം.

കുട്ടികൾക്ക്‌ യഹോവയെ സ്‌തുതിക്കാം

ദൈവദാസന്മാരിൽ പലരും ചെറുപ്രായത്തിൽത്തന്നെ ദൈവത്തോടു വിശ്വസ്‌തത കാണിച്ചവരാണ്‌. യോസേഫ്‌, ശമുവേൽ, യോശീയാവ്‌, യേശു എന്നിവർതന്നെ ഉദാഹരണം. (ഉല്‌പ. 37:2; 39:1-3; 1 ശമൂ. 1:24-28; 2:18-20; 2 ദിന. 34:1-3; ലൂക്കോ. 2:42-49) ഫിലിപ്പോസിന്റെ നാലുപുത്രിമാർക്കും നന്നേ ചെറുപ്പത്തിൽത്തന്നെ നല്ല പരിശീലനം ലഭിച്ചിരുന്നിരിക്കണം, അവർ പ്രവാചകമാരായിരുന്നു.—പ്രവൃ. 21:8, 9.

ഗ്രീസിലെ ഒരു സഹോദരൻ പറഞ്ഞു: “ഞാൻ 12 വയസ്സുള്ളപ്പോൾ സ്‌നാനമേറ്റയാളാണ്‌. എനിക്ക്‌ അതേക്കുറിച്ച്‌ ഒരിക്കലും ഖേദിക്കേണ്ടിവന്നിട്ടില്ല. സ്‌നാനമേറ്റിട്ട്‌ ഇപ്പോൾ 24 വർഷം കഴിഞ്ഞിരിക്കുന്നു; 23 വർഷമായി മുഴുസമയ ശുശ്രൂഷയിലാണ്‌. ചെറുപ്പക്കാർക്കു നേരിടാറുള്ള പ്രശ്‌നങ്ങൾ മറികടക്കാൻ യഹോവയോടുള്ള സ്‌നേഹം എന്നെ എപ്പോഴും തുണച്ചു. ഇന്നുള്ളത്ര തിരുവെഴുത്തു പരിജ്ഞാനം സ്‌നാനമേറ്റ സമയത്ത്‌ ഉണ്ടായിരുന്നില്ലെങ്കിലും ഞാൻ യഹോവയെ സ്‌നേഹിച്ചിരുന്നു, അവനെ എന്നും സേവിക്കാനുള്ള ആഗ്രഹവും എനിക്കുണ്ടായിരുന്നു. തന്നെ സേവിക്കുന്നതിൽ തുടരാൻ എന്നെ സഹായിച്ചിരിക്കുന്ന ദൈവത്തോട്‌ എനിക്ക്‌ നന്ദിയുണ്ട്‌.”

ക്രിസ്‌തുശിഷ്യരാണെന്നു തെളിയിക്കുന്നവരെല്ലാം സ്‌നാനമേൽക്കേണ്ടതാണ്‌, കുട്ടികളായാലും മുതിർന്നവരായാലും. പൗലോസ്‌ അപ്പൊസ്‌തലൻ എഴുതി: “ഒരുവൻ ഹൃദയംകൊണ്ടു നീതിക്കായി വിശ്വസിക്കുകയും വായ്‌കൊണ്ടു രക്ഷയ്‌ക്കായി പരസ്യപ്രഖ്യാപനം നടത്തുകയും ചെയ്യുന്നു.” (റോമ. 10:10) ക്രിസ്‌തുശിഷ്യനായ ഒരു കുട്ടി സ്‌നാനം എന്ന സുപ്രധാന പടി സ്വീകരിക്കുമ്പോൾ, അവനും അവന്റെ മാതാപിതാക്കളും ഒരു വലിയ നേട്ടം കൈവരിച്ചിരിക്കുന്നു എന്നു പറയാം. നിങ്ങളെയും മക്കളെയും കാത്തിരിക്കുന്ന ആ സന്തോഷം യാതൊരു കാരണവശാലും നഷ്ടപ്പെടുത്തരുത്‌!

[അടിക്കുറിപ്പ്‌]

^ ഖ. 2 ചില പേരുകൾ മാറ്റിയിട്ടുണ്ട്‌.

[5-ാം പേജിലെ ചതുരം]

സ്‌നാനത്തെക്കുറിച്ചുള്ള ശരിയായ വീക്ഷണം

ഏറെ പ്രയോജനങ്ങളുള്ള, എന്നാൽ അപകടസാധ്യതയുള്ള ഒരു നടപടിയായിട്ടാണ്‌ ചില മാതാപിതാക്കൾ സ്‌നാനത്തെ കാണുന്നത്‌; ഏതാണ്ട്‌ ഡ്രൈവിങ്‌ ലൈസൻസ്‌ എടുക്കുന്നതുപോലെ. എന്നാൽ സ്‌നാനവും വിശുദ്ധസേവനവും ഒരു വ്യക്തിയുടെ ഭാവിയെ ഏതെങ്കിലും വിധത്തിൽ അപകടപ്പെടുത്തുമോ? ഇല്ല എന്നാണ്‌ ബൈബിൾ നൽകുന്ന ഉത്തരം. ഒരു സദൃശവാക്യം പറയുന്നു: “കർത്താവിന്റെ അനുഗ്രഹം സമ്പത്തു നല്‌കുന്നു; അവിടുന്ന്‌ അതിൽ ദുഃഖം കലർത്തുന്നില്ല.” (സുഭാ. 10:22, പി.ഒ.സി.) യുവാവായ തിമൊഥെയൊസിന്‌ പൗലോസ്‌ എഴുതിയതും ശ്രദ്ധിക്കുക: “ഉള്ളതുകൊണ്ടു തൃപ്‌തിപ്പെടുന്നവന്‌ ദൈവഭക്തി വലിയൊരു ആദായംതന്നെ.”—1 തിമൊ. 6:6.

യഹോവയെ സേവിക്കുന്നത്‌ അത്ര എളുപ്പമല്ല എന്നത്‌ ശരിയാണ്‌. ദൈവത്തിന്റെ പ്രവാചകനായി സേവിച്ച സമയത്ത്‌ യിരെമ്യാവിന്‌ പല കഷ്ടപ്പാടുകളും സഹിക്കേണ്ടിവന്നു. എന്നാൽ ദൈവത്തെ ആരാധിക്കുന്നതിനെക്കുറിച്ച്‌ അവൻ പറഞ്ഞത്‌ ഇങ്ങനെയാണ്‌: “നിന്റെ വചനങ്ങൾ എനിക്കു സന്തോഷവും എന്റെ ഹൃദയത്തിന്നു ആനന്ദവും ആയി; സൈന്യങ്ങളുടെ ദൈവമായ യഹോവേ, നിന്റെ നാമം എനിക്കു വിളിക്കപ്പെട്ടിരിക്കുന്നുവല്ലോ.” (യിരെ. 15:16) അതെ, ദൈവസേവനമാണ്‌ തനിക്കു സന്തോഷം നൽകുന്നതെന്ന്‌ യിരെമ്യാവിന്‌ അറിയാമായിരുന്നു. എന്നാൽ, സാത്താന്റെ ലോകം കഷ്ടങ്ങളേ സമ്മാനിക്കൂ. ഈ വ്യത്യാസം തിരിച്ചറിയാൻ മാതാപിതാക്കൾ മക്കളെ സഹായിക്കണം.—യിരെ. 1:19.

[6-ാം പേജിലെ ചതുരം/ചിത്രം]

എന്റെ കുട്ടിയുടെ സ്‌നാനം നീട്ടിവെക്കണമോ?

കുട്ടി സ്‌നാനത്തിന്‌ യോഗ്യത നേടിയിട്ടുണ്ടെങ്കിലും അതു കുറച്ചുകൂടി കഴിഞ്ഞിട്ടുമതി എന്നു ചിലപ്പോൾ മാതാപിതാക്കൾ തീരുമാനിച്ചേക്കാം. എന്തായിരിക്കാം അവരെ അതിനു പ്രേരിപ്പിക്കുന്നത്‌?

എന്റെ മകൻ/മകൾ സ്‌നാനമേറ്റാൽ, അവൻ/അവൾ പിന്നീട്‌ എന്തെങ്കിലും തെറ്റുചെയ്‌തു പുറത്താക്കപ്പെട്ടേക്കാം എന്നു ഞാൻ ഭയപ്പെടുന്നു. സ്‌നാനമേൽക്കാത്ത ഒരു ചെറുപ്പക്കാരൻ ദൈവത്തോടു കണക്കുബോധിപ്പിക്കേണ്ടിവരില്ല എന്ന്‌ ചിന്തിക്കുന്നതിൽ കഴമ്പുണ്ടോ? “(നിന്റെ പ്രവൃത്തികൾ) നിമിത്തം ദൈവം നിന്നെ ന്യായവിസ്‌താരത്തിലേക്കു വരുത്തും എന്നറിക” എന്ന്‌ ശലോമോൻ യുവാക്കളോടു പറഞ്ഞു. (സഭാ. 11:9) പ്രായഭേദമെന്യേ സകലർക്കും പൗലോസ്‌ ഈ മുന്നറിയിപ്പു നൽകി: “നാം ഓരോരുത്തരും ദൈവത്തോടു കണക്കുബോധിപ്പിക്കേണ്ടവരാകുന്നു.”—റോമ. 14:12.

സ്‌നാനമേറ്റവരും അല്ലാത്തവരും ദൈവത്തോടു കണക്കുബോധിപ്പിക്കേണ്ടവരാണ്‌. യഹോവ തന്റെ ദാസന്മാരെ സംരക്ഷിക്കുമെന്നും അവർക്കു ‘ചെറുക്കാനാവാത്ത ഒരു പ്രലോഭനവും അവൻ അനുവദിക്കുകയില്ല’ എന്നും മറക്കരുത്‌. (1 കൊരി. 10:13) “സുബോധമുള്ളവരായി” പ്രലോഭനങ്ങളെ ചെറുത്തുനിൽക്കുന്നിടത്തോളം ദൈവത്തിന്റെ സഹായമുണ്ടാകും എന്ന്‌ അവർക്കു പ്രതീക്ഷിക്കാം. (1 പത്രോ. 5:6-9) ഒരമ്മ എഴുതി: “ഈ ലോകത്തിന്റെ ദുഷിച്ച കാര്യങ്ങളിൽനിന്ന്‌ അകന്നുനിൽക്കാൻ സ്‌നാനമേറ്റ കുട്ടികൾ കൂടുതൽ ശ്രദ്ധയുള്ളവരായിരിക്കും. 15-ാം വയസ്സിൽ സ്‌നാനമേറ്റ എന്റെ മകൻ സ്‌നാനത്തെ ഒരു സംരക്ഷണമായാണ്‌ കാണുന്നത്‌. ‘സ്‌നാനമേറ്റു കഴിഞ്ഞാൽ യഹോവയുടെ നിയമത്തിനു വിരുദ്ധമായി എന്തെങ്കിലും ചെയ്യുന്നതിനെക്കുറിച്ചു ചിന്തിക്കാനാകില്ല’ എന്ന്‌ ഒരിക്കൽ അവൻ പറഞ്ഞു. നീതിമാർഗത്തിലൂടെ സഞ്ചരിക്കാൻ ശക്തമായ പ്രചോദനമാണ്‌ സ്‌നാനം.”

യഹോവയെ അനുസരിക്കാൻ വാക്കുകളിലൂടെയും നിങ്ങളുടെ മാതൃകയിലൂടെയും മക്കളെ പഠിപ്പിച്ചിട്ടുണ്ടെങ്കിൽ സ്‌നാനശേഷവും അവർ അങ്ങനെ ചെയ്യും എന്ന്‌ നിങ്ങൾക്ക്‌ വിശ്വസിക്കാം. “പരമാർത്ഥതയിൽ നടക്കുന്നവൻ നീതിമാൻ; അവന്റെ ശേഷം അവന്റെ മക്കളും ഭാഗ്യവാന്മാർ” എന്ന്‌ സദൃശവാക്യങ്ങൾ 20:7 പറയുന്നു.

എന്റെ മകൻ/മകൾ ജീവിതത്തിൽ ചില ലക്ഷ്യങ്ങളിൽ എത്തിച്ചേർന്നശേഷം സ്‌നാനമേൽക്കുന്നതാണ്‌ നല്ലത്‌. മുതിരുമ്പോൾ സ്വന്തംകാലിൽ നിൽക്കാൻ കഴിയണമെങ്കിൽ കുട്ടികൾ ഒരു തൊഴിൽ അഭ്യസിക്കണം എന്നത്‌ ശരിയാണ്‌. എന്നാൽ സത്യാരാധനയ്‌ക്കു പ്രാധാന്യം നൽകുന്നതിനു പകരം വിദ്യാഭ്യാസത്തിനും സാമ്പത്തികഭദ്രതയ്‌ക്കും പ്രാധാന്യം കൽപ്പിക്കാൻ മക്കളെ പ്രോത്സാഹിപ്പിക്കുന്നത്‌ അപകടമാണ്‌. ചിലരുടെ കാര്യത്തിൽ, “വിത്ത്‌” അഥവാ രാജ്യത്തിന്റെ വചനം വളർച്ചപ്രാപിക്കാതെ പോകുന്നതിന്റെ കാരണത്തെക്കുറിച്ച്‌ യേശു പറഞ്ഞു: “മുൾച്ചെടികൾക്കിടയിൽ വിതയ്‌ക്കപ്പെട്ടതോ, ഒരുവൻ വചനം കേൾക്കുന്നെങ്കിലും ഈ ലോകത്തിന്റെ ആകുലതകളും ധനത്തിന്റെ വഞ്ചകശക്തിയും വചനത്തെ ഞെരുക്കിയിട്ട്‌ അവൻ ഫലം നൽകാതിരിക്കുന്നതാകുന്നു.” (മത്താ. 13:22) ആത്മീയതയെ പിന്തള്ളുന്ന ലൗകിക ലക്ഷ്യങ്ങൾ വെക്കാൻ കുട്ടികളെ പ്രേരിപ്പിക്കുന്നെങ്കിൽ ദൈവത്തെ സേവിക്കാനുള്ള അവരുടെ ആഗ്രഹം കെട്ടുപോയേക്കാം.

സ്‌നാനത്തിന്‌ യോഗ്യത നേടിയെങ്കിലും മാതാപിതാക്കളുടെ സമ്മതം ലഭിക്കാത്ത കുട്ടികളെക്കുറിച്ച്‌ ദീർഘകാലമായി മൂപ്പനായി സേവിക്കുന്ന ഒരു സഹോദരൻ ഇങ്ങനെ പറഞ്ഞു: “ഒരു കുട്ടി സ്‌നാനമേൽക്കുന്നത്‌ (മാതാപിതാക്കൾ) തടഞ്ഞാൽ അവന്റെ ആത്മീയ പുരോഗതിയുടെ ഗതിവേഗം കുറഞ്ഞുപോകും. അവൻ നിരുത്സാഹിതനാകാൻ അത്‌ ഇടയാക്കിയേക്കാം.” ഒരു സഞ്ചാരമേൽവിചാരകൻ എഴുതി: “കുട്ടിക്ക്‌, താൻ ആത്മീയമായി കുറവുള്ളവനാണ്‌, തനിക്ക്‌ പുരോഗമിക്കാനാകില്ല എന്ന തോന്നലുണ്ടായേക്കാം. നേട്ടങ്ങൾ കൈവരിക്കുന്നതിന്റെ സന്തോഷം അനുഭവിക്കാൻ അവൻ പിന്നെ ലോകത്തിലേക്കു തിരിയാൻ ഇടയുണ്ട്‌.”

[ചിത്രം]

വിദ്യാഭ്യാസമാണോ സർവപ്രധാനം?

[3-ാം പേജിലെ ചിത്രം]

ക്രിസ്‌തുശിഷ്യരാണെന്ന്‌ കുട്ടികൾക്ക്‌ തെളിയിക്കാനാകും

[3-ാം പേജിലെ ചിത്രങ്ങൾ]

തയ്യാറായി യോഗങ്ങളിൽ പങ്കെടുത്തുകൊണ്ട്‌

[4-ാം പേജിലെ ചിത്രം]

മാതാപിതാക്കളെ അനുസരിച്ചുകൊണ്ട്‌

[4-ാം പേജിലെ ചിത്രം]

ശുശ്രൂഷയിൽ ഏർപ്പെട്ടുകൊണ്ട്‌

[4-ാം പേജിലെ ചിത്രം]

പ്രാർഥിച്ചുകൊണ്ട്‌