വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സകലരും അറിഞ്ഞിരിക്കേണ്ട സദ്വാർത്ത!

സകലരും അറിഞ്ഞിരിക്കേണ്ട സദ്വാർത്ത!

സകലരും അറിഞ്ഞിരിക്കേണ്ട സദ്വാർത്ത!

‘സുവിശേഷം രക്ഷയിലേക്കു നയിക്കാനുള്ള ദൈവത്തിന്റെ ശക്തിയേറിയ മാർഗമാകുന്നു.’ —റോമ. 1:16.

1, 2. “രാജ്യത്തിന്റെ സുവിശേഷം” നാം പ്രസംഗിക്കുന്നത്‌ എന്തുകൊണ്ട്‌, ഏതു കാര്യങ്ങളാണ്‌ നാം ഊന്നിപ്പറയാറുള്ളത്‌?

ആളുകളോട്‌ സുവിശേഷം അറിയിക്കാൻ സന്തോഷമുള്ളവരാണ്‌ യഹോവയുടെ ദാസന്മാരായ നാം ഓരോരുത്തരും. ‘രാജ്യത്തിന്റെ സുവിശേഷം’ പ്രസംഗിക്കേണ്ടതിന്റെ പ്രാധാന്യം നമുക്കെല്ലാം നന്നായി അറിയാം. അന്ത്യകാലത്ത്‌ നമ്മൾ ചെയ്യേണ്ട ഈ വേലയെക്കുറിച്ച്‌ യേശു നടത്തിയ പ്രവചനം നമുക്കെല്ലാം മനഃപാഠമാണ്‌.—മത്താ. 24:14.

2 ഇക്കാലത്ത്‌ “രാജ്യത്തിന്റെ സുവിശേഷം” പ്രസംഗിക്കുന്ന നമ്മൾ വാസ്‌തവത്തിൽ യേശു തുടങ്ങിവെച്ച വേല തുടരുകയാണ്‌. (ലൂക്കോസ്‌ 4:43 വായിക്കുക.) ആളുകളോട്‌ സുവാർത്ത അറിയിക്കുമ്പോൾ നാം ഊന്നിപ്പറയാറുള്ള ഒരു കാര്യമാണ്‌, ദൈവം വളരെ പെട്ടെന്നുതന്നെ മനുഷ്യകാര്യാദികളിൽ ഇടപെടുമെന്നുള്ളത്‌. “മഹാകഷ്ട”ത്തിലൂടെ ദൈവം വ്യാജമതങ്ങളുടെ അന്ത്യം കുറിക്കും; അവൻ ഭൂമിയിൽനിന്ന്‌ ദുഷ്ടത തുടച്ചുനീക്കും. (മത്താ. 24:21) അതുപോലെ, ദൈവരാജ്യം ഭൂമിയെ വീണ്ടുമൊരു പറുദീസയാക്കുമെന്നും ശാന്തിയും സന്തോഷവും അവിടെ എന്നും പുലരുമെന്നുമുള്ള പുളകംകൊള്ളിക്കുന്ന വാർത്തയും നാം ആളുകളെ അറിയിക്കുന്നു. നാം ഘോഷിക്കുന്ന “രാജ്യത്തിന്റെ സുവിശേഷം” വാസ്‌തവത്തിൽ ദൈവം അബ്രാഹാമിനോട്‌ അറിയിച്ച സദ്വാർത്തയുടെ ഭാഗമാണ്‌. ദൈവം അവനോട്‌ ഇങ്ങനെ പറഞ്ഞിരുന്നു: “നീ മുഖാന്തരം സകല ജനതകളും അനുഗ്രഹിക്കപ്പെടും.”—ഗലാ. 3:8.

3. പൗലോസ്‌ തന്റെ ലേഖനത്തിൽ സുവിശേഷത്തിന്‌ പ്രാധാന്യം നൽകി എന്ന്‌ പറയുന്നത്‌ എന്തുകൊണ്ട്‌?

3 എന്നാൽ ഈ സുവിശേഷത്തിന്‌ ആളുകൾ നിശ്ചയമായും അറിഞ്ഞിരിക്കേണ്ട മറ്റൊരു സുപ്രധാന വശമുണ്ട്‌. ആ കാര്യം നാം അവരുടെ ശ്രദ്ധയിൽപ്പെടുത്താതെ പോകുന്നുണ്ടോ? പൗലോസ്‌ അപ്പൊസ്‌തലൻ റോമർക്ക്‌ എഴുതിയ ലേഖനത്തിന്റെ മൂലപാഠത്തിൽ, “ദൈവരാജ്യം” എന്ന പരാമർശം ഒരു തവണയേ ഉള്ളൂ; എന്നാൽ “സുവിശേഷം” എന്ന പദം അവൻ 12 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. (റോമർ 14:17 വായിക്കുക.) അങ്ങനെയെങ്കിൽ, സുവിശേഷത്തിന്റെ ഏതു വശത്തെക്കുറിച്ചാണ്‌ പൗലോസ്‌ തന്റെ ലേഖനത്തിൽ കൂടെക്കൂടെ പരാമർശിച്ചത്‌? അതിന്‌ അത്ര പ്രാധാന്യമുള്ളത്‌ എന്തുകൊണ്ടാണ്‌? നമ്മുടെ പ്രദേശത്തുള്ള ആളുകളോട്‌ “ദൈവത്തിൽനിന്നുള്ള സുവിശേഷം” അറിയിക്കുമ്പോൾ നമ്മൾ ഇക്കാര്യത്തിന്‌ വിശേഷശ്രദ്ധ നൽകേണ്ടത്‌ എന്തുകൊണ്ടാണ്‌?—മർക്കോ. 1:14; റോമ. 15:16; 1 തെസ്സ. 2:2.

റോമിലെ ക്രിസ്‌ത്യാനികൾ തിരിച്ചറിയേണ്ടിയിരുന്ന സുപ്രധാന സത്യം

4. റോമിൽ തടവിലായിരുന്നപ്പോൾ പൗലോസ്‌ ഏതെല്ലാം കാര്യങ്ങളെക്കുറിച്ചാണ്‌ പ്രസംഗിച്ചത്‌?

4 റോമിൽ തടവിലായ ആദ്യതവണ, തന്നെ കാണാൻ വന്ന യഹൂദന്മാരോട്‌ പൗലോസ്‌ സംസാരിച്ച വിഷയങ്ങൾ നമുക്കൊന്ന്‌ നോക്കാം. മേൽപ്പറഞ്ഞ ചോദ്യങ്ങൾക്ക്‌ ഉത്തരം കണ്ടെത്താൻ അത്‌ സഹായമാകും. തന്നെ സന്ദർശിച്ച നിരവധി യഹൂദന്മാരോട്‌ അവൻ (1) ‘ദൈവരാജ്യത്തെക്കുറിച്ച്‌ സമഗ്രമായി സാക്ഷീകരിച്ചു’ എന്നും (2) “യേശുവിനെക്കുറിച്ചു ബോധ്യപ്പെടുത്തുന്ന വാദങ്ങൾ” നടത്തി എന്നും തിരുവെഴുത്തിൽ പറയുന്നു. ശ്രോതാക്കൾ അതിനോട്‌ എങ്ങനെയാണ്‌ പ്രതികരിച്ചത്‌? “ചിലർക്ക്‌ അവൻ പറഞ്ഞ കാര്യങ്ങൾ ബോധ്യമായി; മറ്റു ചിലരോ വിശ്വസിക്കാൻ കൂട്ടാക്കിയില്ല.” അതിനുശേഷവും അവൻ “തന്റെ അടുക്കൽ വന്ന എല്ലാവരെയും ദയാപൂർവം സ്വീകരിച്ച്‌ . . . (1) ദൈവരാജ്യത്തെക്കുറിച്ച്‌ അവരോടു പ്രസംഗിക്കുകയും (2) കർത്താവായ യേശുക്രിസ്‌തുവിനെക്കുറിച്ചുള്ള കാര്യങ്ങൾ പഠിപ്പിക്കുകയും ചെയ്‌തുപോന്നു” എന്നു നാം വായിക്കുന്നു. (പ്രവൃ. 28:17, 23-31) പൗലോസ്‌ ദൈവരാജ്യത്തിലേക്ക്‌ ആളുകളുടെ ശ്രദ്ധതിരിച്ചു എന്നത്‌ സത്യമാണ്‌. പക്ഷേ, മറ്റൊരു കാര്യംകൂടി അവൻ ഊന്നിപ്പറഞ്ഞു. എന്താണത്‌? ദിവ്യോദ്ദേശ്യം സാക്ഷാത്‌കരിക്കുന്നതിൽ യേശുവിനുള്ള പങ്ക്‌. ദൈവരാജ്യം എന്ന വിഷയത്തിലെ കാതലായ വശമാണ്‌ അത്‌.

5. റോമർക്കുള്ള ലേഖനത്തിൽ പൗലോസ്‌ ഏത്‌ സുപ്രധാന കാര്യം വ്യക്തമാക്കി?

5 എല്ലാ ആളുകളും യേശുവിനെക്കുറിച്ച്‌ അറിയുകയും അവനിൽ വിശ്വാസം അർപ്പിക്കുകയും വേണം. റോമർക്കുള്ള ലേഖനത്തിൽ പൗലോസ്‌ ഇതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. ലേഖനത്തിന്റെ ആദ്യഭാഗത്ത്‌ “പുത്രനെക്കുറിച്ചുള്ള സുവിശേഷഘോഷണത്തിലൂടെ ഞാൻ സർവാത്മനാസേവിക്കുന്ന ദൈവം” എന്ന്‌ യഹോവയെക്കുറിച്ച്‌ അവൻ പറയുന്നു. തുടർന്ന്‌ അവൻ ഇങ്ങനെ പറഞ്ഞു: “സുവിശേഷത്തെക്കുറിച്ചു ഞാൻ ലജ്ജിക്കുന്നില്ല; വിശ്വസിക്കുന്ന ഏവനെയും . . . രക്ഷയിലേക്കു നയിക്കാനുള്ള ദൈവത്തിന്റെ ശക്തിയേറിയ മാർഗമാകുന്നു അത്‌.” പിന്നീട്‌, താൻ “പ്രസംഗിക്കുന്ന സുവിശേഷത്തിനനുസൃതമായി ദൈവം ക്രിസ്‌തുയേശു മുഖാന്തരം മനുഷ്യരുടെ രഹസ്യങ്ങളെ ന്യായംവിധിക്കുന്ന ദിവസ”ത്തെക്കുറിച്ച്‌ അവൻ പറയുകയുണ്ടായി. തുടർന്ന്‌ അവൻ ഇപ്രകാരം പറഞ്ഞു: “ഞാൻ യെരുശലേംമുതൽ ഇല്ലൂര്യവരെ ചുറ്റിസഞ്ചരിച്ച്‌ ക്രിസ്‌തുവിനെക്കുറിച്ചുള്ള സുവിശേഷം * സമഗ്രമായി പ്രസംഗിച്ചിരിക്കുന്നു.” (റോമ. 1:9, 16; 2:16; 15:19) റോമർക്കുള്ള ലേഖനത്തിൽ യേശുക്രിസ്‌തുവിനെക്കുറിച്ച്‌ പൗലോസ്‌ ഇത്ര പ്രാധാന്യത്തോടെ സംസാരിച്ചത്‌ എന്തുകൊണ്ടായിരിക്കാം?

6, 7. റോമിൽ ക്രിസ്‌തീയ സഭ സ്ഥാപിക്കപ്പെട്ടതിനെക്കുറിച്ചും സഭാംഗങ്ങളെക്കുറിച്ചും എന്തു പറയാം?

6 റോമിൽ ക്രിസ്‌തീയ സഭ സ്ഥാപിക്കപ്പെട്ടത്‌ എങ്ങനെയെന്ന്‌ നമുക്ക്‌ അറിയില്ല. ഒരുപക്ഷേ, എ.ഡി. 33-ലെ പെന്തെക്കൊസ്‌തിൽ യെരുശലേമിലുണ്ടായിരുന്ന യഹൂദന്മാരോ യഹൂദ മതാനുസാരികളോ ക്രിസ്‌ത്യാനിത്വം സ്വീകരിച്ച്‌ റോമിലെത്തി സഭയ്‌ക്ക്‌ തുടക്കമിട്ടതാവാം. (പ്രവൃ. 2:10) അല്ലെങ്കിൽ, ക്രിസ്‌ത്യാനികളായ വ്യാപാരികളോ സഞ്ചാരികളോ സത്യവിശ്വാസം റോമിൽ എത്തിച്ചതാകാം. എന്തായിരുന്നാലും എ.ഡി. 56-ൽ പൗലോസ്‌ റോമർക്കുള്ള ലേഖനം എഴുതുമ്പോൾ അവിടെ സഭ സ്ഥാപിക്കപ്പെട്ടിട്ട്‌ ഏറെക്കാലം ആയിരുന്നു. (റോമ. 1:8) ഏതെല്ലാം പശ്ചാത്തലങ്ങളിൽനിന്നുള്ളവരാണ്‌ അന്ന്‌ ആ സഭയിൽ ഉണ്ടായിരുന്നത്‌?

7 ചിലർ യഹൂദന്മാരായിരുന്നു. തന്റെ ലേഖനത്തിൽ പൗലോസ്‌ അന്ത്രൊനിക്കൊസിനെയും യൂനിയാവിനെയും കുറിച്ച്‌ പറയുന്നത്‌ ‘എന്റെ ബന്ധുക്കൾ’ എന്നാണ്‌. അവന്റെ ഈ ബന്ധുക്കൾ യഹൂദന്മാരായിരുന്നിരിക്കാം. റോമിൽ താമസമാക്കിയ കൂടാരപ്പണിക്കാരനായിരുന്ന അക്വിലാവും ഭാര്യ പ്രിസ്‌കില്ലയും യഹൂദന്മാരായിരുന്നു. (റോമ. 4:1; 9:3, 4; 16:3, 7; പ്രവൃ. 18:2) എന്നാൽ, പൗലോസ്‌ തന്റെ ലേഖനത്തിൽ സ്‌നേഹാന്വേഷണം അറിയിക്കുന്നവരിൽ പലരും വിജാതീയരായിരിക്കാനാണ്‌ സാധ്യത. ചില ക്രിസ്‌ത്യാനികൾ “കൈസറുടെ അരമനയിലുള്ളവർ” ആയിരുന്നിരിക്കാം; ഒരുപക്ഷേ, കൈസറുടെ ഭൃത്യന്മാരും ചെറിയ ചെറിയ ഉദ്യോഗങ്ങൾ വഹിച്ചിരുന്നവരും.—ഫിലി. 4:22; റോമ. 1:6; 11:13.

8. റോമിലെ ക്രിസ്‌ത്യാനികൾ ഏത്‌ അവസ്ഥയിലായിരുന്നു?

8 റോമിലെ ഓരോ ക്രിസ്‌ത്യാനിയും വാസ്‌തവത്തിൽ ദാരുണമായ ഒരവസ്ഥയിൽ ആയിരുന്നു. നമ്മുടെ അവസ്ഥയും ഇതിൽനിന്നു വ്യത്യസ്‌തമല്ല. പൗലോസ്‌ അതേക്കുറിച്ച്‌ പറഞ്ഞത്‌ ഇങ്ങനെയാണ്‌: “എല്ലാവരും പാപം ചെയ്‌തു ദൈവികമഹത്ത്വം ഇല്ലാത്തവരായിത്തീർന്നിരിക്കുന്നു.” (റോമ. 3:23) അതുകൊണ്ട്‌ പൗലോസിന്റെ ശ്രോതാക്കളെല്ലാം തങ്ങൾ പാപികളാണെന്ന്‌ തിരിച്ചറിയുകയും ആ ദുരവസ്ഥയിൽനിന്ന്‌ തങ്ങളെ കരകയറ്റാനുള്ള ദൈവത്തിന്റെ ക്രമീകരണത്തിൽ വിശ്വാസം അർപ്പിക്കുകയും വേണമായിരുന്നു.

പാപികളാണെന്ന്‌ തിരിച്ചറിയുക

9. സുവിശേഷത്തിലൂടെ കൈവരുന്ന ഏത്‌ അനുഗ്രഹത്തിലേക്കാണ്‌ പൗലോസ്‌ ശ്രദ്ധ ക്ഷണിച്ചത്‌?

9 താൻ ഘോഷിച്ചുകൊണ്ടിരിക്കുന്ന സുവിശേഷത്തിലൂടെ കൈവരുന്ന മഹത്തായ ഒരു അനുഗ്രഹത്തെക്കുറിച്ച്‌ റോമർക്കുള്ള ലേഖനത്തിന്റെ ആദ്യഭാഗത്ത്‌ പൗലോസ്‌ പറയുകയുണ്ടായി: “സുവിശേഷത്തെക്കുറിച്ചു ഞാൻ ലജ്ജിക്കുന്നില്ല; വിശ്വസിക്കുന്ന ഏവനെയും, ആദ്യം യഹൂദനെയും പിന്നെ ഗ്രീക്കുകാരനെയും, രക്ഷയിലേക്കു നയിക്കാനുള്ള ദൈവത്തിന്റെ ശക്തിയേറിയ മാർഗമാകുന്നു അത്‌.” അതെ, ആ സുവിശേഷത്തിലൂടെ രക്ഷ സാധ്യമായിരുന്നു. എന്നാൽ, അതിന്‌ വിശ്വാസം കൂടിയേതീരൂ. ഹബക്കൂക്ക്‌ 2:4-ൽനിന്ന്‌ പൗലോസ്‌ ഉദ്ധരിച്ച വാക്കുകൾ അതാണ്‌ ഊന്നിപ്പറയുന്നത്‌: “നീതിമാൻ വിശ്വാസത്താൽ ജീവിക്കും.” (റോമ. 1:16, 17; ഗലാ. 3:11; എബ്രാ. 10:38) എന്നാൽ രക്ഷയിലേക്കു നയിക്കുന്ന ആ സുവിശേഷവും “എല്ലാവരും പാപം ചെയ്‌തു” എന്ന വസ്‌തുതയും തമ്മിൽ എന്താണ്‌ ബന്ധം?

10, 11. റോമർ 3:23-ലെ ആശയം ചിലർക്ക്‌ പരിചിതവും മറ്റുചിലർക്ക്‌ അപരിചിതവും ആയിരിക്കുന്നത്‌ എന്തുകൊണ്ട്‌?

10 രക്ഷയിലേക്കു നയിക്കുന്ന വിശ്വാസം ആർജിച്ചെടുക്കണമെങ്കിൽ ആദ്യംതന്നെ ഒരു വ്യക്തി താൻ പാപിയാണെന്ന വസ്‌തുത അംഗീകരിച്ചേ മതിയാകൂ. ദൈവവിശ്വാസികളായി വളർന്നവർക്കും ബൈബിളിനെക്കുറിച്ച്‌ അൽപ്പമെങ്കിലും അറിവുള്ളവർക്കും ആ വസ്‌തുത അപരിചിതമല്ല. (സഭാപ്രസംഗി 7:20 വായിക്കുക.) “എല്ലാവരും പാപം ചെയ്‌തു” എന്ന്‌ പറഞ്ഞപ്പോൾ പൗലോസ്‌ ഉദ്ദേശിച്ച ആശയം മുഴുവനായി മനസ്സിലാക്കിയിട്ടില്ലെങ്കിലും അതേക്കുറിച്ച്‌ എന്തെങ്കിലുമൊരു ധാരണ അങ്ങനെയുള്ളവർക്കുണ്ടാകും. (റോമ. 3:23) എന്നാൽ അതേപ്പറ്റി യാതൊന്നും അറിയാത്ത ആളുകളെയും നാം ശുശ്രൂഷയ്‌ക്കിടയിൽ കണ്ടുമുട്ടിയേക്കാം.

11 തങ്ങൾ ജന്മനാ പാപികളാണെന്ന ചിന്ത ചില ദേശങ്ങളിലെ ആളുകൾക്ക്‌ അന്യമാണ്‌. തങ്ങൾക്ക്‌ പിഴവുകൾ പറ്റുമെന്നും അഭിലഷണീയമല്ലാത്ത സ്വഭാവരീതികൾ ഉണ്ടെന്നും ഗുരുതരമായ തെറ്റുകൾ ചെയ്‌തിട്ടുണ്ടെന്നും ഒക്കെ അവർ തിരിച്ചറിയുന്നുണ്ടാകും; അവർ നോക്കുമ്പോൾ മറ്റുള്ളവരും അങ്ങനെയൊക്കെത്തന്നെയാണ്‌. പക്ഷേ, അത്‌ എന്തുകൊണ്ടാണെന്ന്‌ അവർ തിരിച്ചറിയുന്നില്ല; അവർ വളർന്ന പശ്ചാത്തലമാണ്‌ ഇതിനുകാരണം. ചിലയിടങ്ങളിൽ, ഒരാളെക്കുറിച്ച്‌ ‘അയാൾ ഒരു പാപിയാണ്‌’ എന്ന്‌ പറഞ്ഞാൽ അയാൾ ഒരു കുറ്റവാളിയാണെന്നോ നിയമലംഘകനാണെന്നോ ഒക്കെയാണ്‌ കേൾവിക്കാർ മനസ്സിലാക്കുക. കാരണം, അവിടത്തെ ഭാഷകളിൽ അങ്ങനെയാണ്‌ അതിന്‌ അർഥം. അതുകൊണ്ട്‌ അത്തരമൊരു പശ്ചാത്തലത്തിൽനിന്നുള്ള ഒരു വ്യക്തിക്ക്‌ പൗലോസ്‌ പറഞ്ഞ അർഥത്തിൽ താൻ ഒരു പാപിയാണെന്ന തിരിച്ചറിവ്‌ ഉണ്ടായെന്നുവരില്ല.

12. എല്ലാവരും പാപികളാണെന്ന ആശയം ചിലർ അംഗീകരിക്കാത്തത്‌ എന്തുകൊണ്ട്‌?

12 ക്രൈസ്‌തവ സഭകളുടെ സ്വാധീനമുള്ള ദേശങ്ങളിൽപ്പോലും പലരും ‘തങ്ങൾ പാപികളാണ്‌’ എന്ന വസ്‌തുത അംഗീകരിക്കുന്നില്ല. എന്തുകൊണ്ട്‌? വല്ലപ്പോഴുമൊക്കെ പള്ളിയിൽ പോകുമെങ്കിലും ആദാമിനെയും ഹവ്വായെയും കുറിച്ചുള്ള ബൈബിൾവിവരണം വെറും കെട്ടുകഥയായേ അവർ കരുതുന്നുള്ളൂ. ഇനി, ദൈവവിശ്വാസം തീരെയില്ലാത്തവരും ദൈവത്തിന്റെ അസ്‌തിത്വത്തെ സംശയിക്കുന്നവരുമായ ആളുകളുണ്ട്‌. അങ്ങനെയുള്ളവർക്ക്‌, പരമോന്നതനായ ഒരാൾ മനുഷ്യർക്കുവേണ്ടി ധാർമിക നിലവാരങ്ങൾ വെക്കുന്നുവെന്നും അവ പാലിക്കാൻ പരാജയപ്പെടുന്നത്‌ പാപമായി ഗണിക്കപ്പെടുമെന്നും ഉള്ള ആശയങ്ങൾ അംഗീകരിക്കാൻ കഴിയുന്നില്ല. ഒരുതരത്തിൽ പറഞ്ഞാൽ ഇക്കൂട്ടർ, ‘പ്രത്യാശയില്ലാത്തവരും ദൈവമില്ലാത്തവരും’ എന്ന്‌ പൗലോസ്‌ വിശേഷിപ്പിച്ച ഒന്നാം നൂറ്റാണ്ടിലെ ആളുകളുടെ ഗണത്തിൽപ്പെടുന്നു.—എഫെ. 2:12.

13, 14. (എ) ദൈവത്തിൽ വിശ്വസിക്കാത്തവർക്കും തങ്ങൾ പാപികളാണെന്ന്‌ അംഗീകരിക്കാത്തവർക്കും ഒഴികഴിവ്‌ പറയാനാകില്ലാത്തതിന്റെ ഒരു കാരണം എന്ത്‌? (ബി) ഈ വിശ്വാസരാഹിത്യം അവരെ എന്തിലേക്ക്‌ നയിച്ചിരിക്കുന്നു?

13 എന്നാൽ ഇതൊന്നും തങ്ങൾ പാപികളാണെന്ന വസ്‌തുത അംഗീകരിക്കാതിരിക്കാനുള്ള ഒരു ഒഴികഴിവാകുന്നില്ല. അതിനുള്ള രണ്ടുകാരണങ്ങൾ പൗലോസ്‌ റോമർക്കുള്ള തന്റെ ലേഖനത്തിൽ എടുത്തുപറഞ്ഞു. ഇന്നും അവ പ്രസക്തമാണ്‌. ഒരു സ്രഷ്ടാവുണ്ട്‌ എന്നതിന്‌ സൃഷ്ടിതന്നെ സാക്ഷ്യംവഹിക്കുന്നു എന്നതാണ്‌ ഒന്നാമത്തെ കാരണം. (റോമർ 1:19, 20 വായിക്കുക.) പൗലോസ്‌ റോമിൽവെച്ച്‌ എബ്രായ ക്രിസ്‌ത്യാനികൾക്ക്‌ എഴുതിയ ലേഖനത്തിൽ ഇതിനെ പിന്താങ്ങുന്ന ഒരു ആശയം നാം കാണുന്നു. “ഏതു ഭവനവും നിർമിക്കാൻ ഒരാൾ വേണം; സകലവും നിർമിച്ചവനോ ദൈവംതന്നെ” എന്ന്‌ അവൻ എഴുതി. (എബ്രാ. 3:4) മുഴുപ്രപഞ്ചത്തെയും നിർമിച്ച അഥവാ അസ്‌തിത്വത്തിലേക്കു കൊണ്ടുവന്ന, ഒരു സ്രഷ്ടാവുണ്ടെന്നു സമർഥിക്കാൻ പോന്നതാണ്‌ ആ ന്യായവാദം.

14 ഒരു സ്രഷ്ടാവ്‌ ഉണ്ടായിരിക്കെ നിർജീവ വിഗ്രഹങ്ങളെ ആരാധിക്കുന്നവർക്കും (ഇസ്രായേല്യർ ഉൾപ്പെടെയുള്ള ആളുകൾക്ക്‌) സ്വന്ത ആഗ്രഹങ്ങൾക്കൊത്ത്‌ പ്രകൃതിവിരുദ്ധ ലൈംഗിക വേഴ്‌ചകളിൽ ഏർപ്പെട്ട്‌ അധമജീവിതം നയിക്കുന്നവർക്കും യാതൊരു “ഒഴികഴിവും പറയാനില്ല” എന്നു പൗലോസ്‌ പറഞ്ഞു. (റോമ. 1:22-27) അങ്ങനെ, “യഹൂദന്മാരും ഗ്രീക്കുകാരും ഒരുപോലെ പാപത്തിൻകീഴിലുള്ളവരത്രേ” എന്നു പറഞ്ഞുകൊണ്ട്‌ സകലമനുഷ്യരും പാപികളാണെന്ന്‌ പൗലോസ്‌ സമർഥിച്ചു.—റോമ. 3:9.

‘സാക്ഷ്യം നൽകുന്ന’ ഒന്ന്‌

15. എല്ലാവർക്കും ദൈവം എന്തു നൽകിയിരിക്കുന്നു, എന്താണ്‌ അതിന്റെ പ്രയോജനം?

15 തങ്ങൾ പാപികൾ ആണെന്നും ആ വിഷമസ്ഥിതിയിൽനിന്ന്‌ പുറത്തുകടക്കാൻ ഒരു മാർഗം വേണമെന്നും ആളുകൾ തിരിച്ചറിയേണ്ടതിന്റെ അടുത്ത കാരണത്തെക്കുറിച്ച്‌ പൗലോസ്‌ റോമർക്കുള്ള ലേഖനത്തിൽ വ്യക്തമാക്കി. “ന്യായപ്രമാണം ഉണ്ടായിട്ടു പാപം ചെയ്‌തവരെല്ലാം ന്യായപ്രമാണത്താൽ വിധിക്കപ്പെടും” എന്നു പറഞ്ഞിട്ട്‌ പൗലോസ്‌ ആ കാരണത്തിലേക്ക്‌ കടക്കുന്നു. (റോമ. 2:12) അവൻ പറയുന്നത്‌ ഇങ്ങനെയാണ്‌: “ന്യായപ്രമാണമില്ലാത്ത വിജാതീയർ ന്യായപ്രമാണം അനുശാസിക്കുന്ന കാര്യങ്ങൾ സഹജമായി” ചെയ്യുന്നു. ന്യായപ്രമാണം അറിയാത്ത ജനതകൾ നിഷിദ്ധ ബന്ധുവേഴ്‌ച, കുലപാതകം, മോഷണം തുടങ്ങിയവയെ തെറ്റായി വീക്ഷിക്കുന്നത്‌ എന്തുകൊണ്ടാണ്‌? അവരുടെ മനസ്സാക്ഷി നിമിത്തം. അതെ, ഇക്കാര്യങ്ങൾ തെറ്റാണെന്ന ബോധം മനസ്സാക്ഷി അവർക്കു നൽകുന്നു.—റോമർ 2:14, 15 വായിക്കുക.

16. മനസ്സാക്ഷിയുള്ളതുകൊണ്ടുമാത്രം പാപം ഒഴിവാക്കാനാകാത്തത്‌ എന്തുകൊണ്ട്‌?

16 മനസ്സാക്ഷി ഒരു വ്യക്തിയുടെ ഉള്ളിൽ സംസാരിക്കുന്നുണ്ടെങ്കിലും അയാൾ മനസ്സാക്ഷിയുടെ ശബ്ദത്തിന്‌ ചെവികൊടുക്കണമെന്നില്ല. ഇസ്രായേല്യരുടെ ചരിത്രം ഇതിനു തെളിവാണ്‌. ഇസ്രായേല്യർക്ക്‌ ദൈവം നൽകിയ മനസ്സാക്ഷിയുണ്ടായിരുന്നു; മോഷണവും വ്യഭിചാരവുമൊക്കെ വിലക്കിയിരുന്ന വ്യക്തമായ ന്യായപ്രമാണ നിയമങ്ങളും ദൈവം അവർക്കു നൽകി. പക്ഷേ, അവർ പലപ്പോഴും മനസ്സാക്ഷിയുടെ മാർഗനിർദേശത്തോടു മറുക്കുകയും യഹോവയുടെ ന്യായപ്രമാണം ലംഘിക്കുകയും ചെയ്‌തു. (റോമ. 2:21-23) അതുകൊണ്ട്‌ അവരുടെ കുറ്റം കടുത്തതായിരുന്നു, ഇരട്ടി ശിക്ഷ അവർ അർഹിച്ചു. ദൈവത്തിന്റെ നിലവാരങ്ങളിൽ എത്തിച്ചേരാനും അവന്റെ ഹിതം നിറവേറ്റാനും പരാജയപ്പെട്ട അവർ നിസ്സംശയമായും പാപികളായിരുന്നു. സ്രഷ്ടാവുമായുള്ള അവരുടെ ബന്ധത്തെ ഇത്‌ ഗുരുതരമായി ബാധിച്ചു.—ലേവ്യ. 19:11; 20:10; റോമ. 3:20.

17. റോമർക്കുള്ള ലേഖനത്തിൽ എന്തു ശുഭവാർത്ത നാം കാണുന്നു?

17 മേൽപ്പറഞ്ഞ കാര്യങ്ങളുടെ വെളിച്ചത്തിൽ നോക്കിയാൽ അത്യുന്നതന്റെ മുമ്പാകെ, നാം ഉൾപ്പെടെയുള്ള മാനവരാശിയുടെ ശോചനീയമായ ചിത്രമാണ്‌ റോമർക്കുള്ള ലേഖനം വരച്ചുകാട്ടുന്നതെന്നു തോന്നിയേക്കാം. പക്ഷേ, പൗലോസ്‌ അത്രയും പറഞ്ഞു നിറുത്തിയില്ല. സങ്കീർത്തനം 32:1, 2-ലെ ദാവീദിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്‌ അവൻ എഴുതി: “അധർമം ക്ഷമിച്ചും പാപം മറച്ചും കിട്ടിയവർ ഭാഗ്യവാന്മാർ. യഹോവ പാപം കണക്കിടാത്ത മനുഷ്യൻ ഭാഗ്യവാൻ.” (റോമ. 4:7, 8) അതെ, തന്റെ നീതിനിഷ്‌ഠമായ നിലവാരങ്ങൾ ലംഘിക്കാതെതന്നെ പാപങ്ങൾ ക്ഷമിച്ചുതരാനുള്ള ഒരു മാർഗം ദൈവം ഒരുക്കിയിട്ടുണ്ട്‌.

യേശു—സുവാർത്തയുടെ മർമം

18, 19. (എ) റോമർക്കുള്ള ലേഖനത്തിൽ സുവിശേഷത്തിന്റെ ഏതു വശത്തിനാണ്‌ ഊന്നൽ നൽകിയത്‌? (ബി) രാജ്യാനുഗ്രഹങ്ങൾ പ്രാപിക്കാൻ നാം ഏതു വസ്‌തുതകൾ അംഗീകരിക്കണം?

18 ദൈവം ഒരുക്കിയിരിക്കുന്ന ആ മാർഗത്തെക്കുറിച്ച്‌ അറിയുമ്പോൾ “അതൊരു ശുഭവാർത്തതന്നെ!” എന്നു നിങ്ങൾ പറഞ്ഞേക്കാം. അതെ, അത്‌ ഒരു നല്ല വാർത്ത തന്നെയാണ്‌. റോമർക്ക്‌ എഴുതിയ ലേഖനത്തിൽ പൗലോസ്‌ എടുത്തുപറഞ്ഞ ആ സദ്വാർത്തയിലേക്ക്‌ നമുക്ക്‌ തിരിച്ചുപോകാം. നാം മുമ്പു കണ്ടതുപോലെ, പൗലോസ്‌ ആ സുവാർത്തയെക്കുറിച്ച്‌ ഇങ്ങനെ എഴുതി: “സുവിശേഷത്തെക്കുറിച്ചു ഞാൻ ലജ്ജിക്കുന്നില്ല; . . . രക്ഷയിലേക്കു നയിക്കാനുള്ള ദൈവത്തിന്റെ ശക്തിയേറിയ മാർഗമാകുന്നു അത്‌.”—റോമ. 1:15, 16.

19 ദൈവത്തിന്റെ ഉദ്ദേശ്യം നിവർത്തിക്കുന്നതിൽ യേശുവിനുള്ള പങ്കിനെ കേന്ദ്രീകരിച്ചുള്ളതാണ്‌ ആ സുവിശേഷം. “സുവിശേഷത്തിനനുസൃതമായി ദൈവം ക്രിസ്‌തുയേശു മുഖാന്തരം മനുഷ്യരുടെ രഹസ്യങ്ങളെ ന്യായംവിധിക്കുന്ന ദിവസ”ത്തിനായി പൗലോസ്‌ കാത്തിരുന്നു. (റോമ. 2:16) അതു പറഞ്ഞപ്പോൾ “ക്രിസ്‌തുവിന്റെയും ദൈവത്തിന്റെയും രാജ്യ”ത്തിന്റെ അഥവാ ആ രാജ്യം മുഖാന്തരം ദൈവം ചെയ്യാനിരിക്കുന്ന കാര്യങ്ങളുടെ പ്രാധാന്യം കുറച്ചുകാണിക്കുകയായിരുന്നില്ല അവൻ. (എഫെ. 5:5) മറിച്ച്‌, ആ രാജ്യത്തിൻകീഴിൽ ജീവിക്കാനും അവിടെ ലഭിക്കാനിരിക്കുന്ന അനുഗ്രഹങ്ങൾ പ്രാപിക്കാനും കഴിയണമെങ്കിൽ, (1) ദൈവദൃഷ്ടിയിൽ നാം പാപികളാണെന്നും (2) പാപങ്ങൾ ക്ഷമിച്ചുകിട്ടുന്നതിന്‌ യേശുക്രിസ്‌തുവിലുള്ള വിശ്വാസം അനിവാര്യമാണെന്നും നാം അംഗീകരിക്കേണ്ടതുണ്ടെന്ന്‌ പറയുകയായിരുന്നു പൗലോസ്‌. ദിവ്യോദ്ദേശ്യത്തിന്റെ ഭാഗമായ ഈ വസ്‌തുതകൾ മനസ്സിലാക്കി അംഗീകരിക്കുകയും അതിലൂടെ എത്ര മഹനീയമായ പ്രത്യാശയാണ്‌ ലഭിക്കുന്നതെന്ന്‌ തിരിച്ചറിയുകയും ചെയ്യുന്ന ഒരു വ്യക്തി “അതെ, അതൊരു ശുഭവാർത്തതന്നെ!” എന്നു തീർച്ചയായും പറഞ്ഞുപോകും.

20, 21. ശുശ്രൂഷയിൽ, റോമർക്കുള്ള ലേഖനത്തിൽ ഊന്നിപ്പറഞ്ഞിരിക്കുന്ന സുവിശേഷം നാം മനസ്സിൽപ്പിടിക്കേണ്ടത്‌ എന്തുകൊണ്ട്‌, അങ്ങനെ ചെയ്യുന്നതുകൊണ്ടുള്ള പ്രയോജനം എന്ത്‌?

20 നമ്മുടെ ക്രിസ്‌തീയ ശുശ്രൂഷ നിർവഹിക്കുമ്പോൾ സുവാർത്തയുടെ ഈ വശം നാം വിശേഷാൽ മനസ്സിൽപ്പിടിക്കണം. “അവനിൽ വിശ്വാസം അർപ്പിക്കുന്ന ആരും നിരാശരാകുകയില്ല” എന്ന യേശുവിനെക്കുറിച്ചുള്ള യെശയ്യാവിന്റെ വാക്കുകൾ പൗലോസ്‌ ഉദ്ധരിക്കുകയുണ്ടായി. (റോമ. 10:11; യെശ. 28:16) പാപത്തെക്കുറിച്ച്‌ ബൈബിൾ പറയുന്ന കാര്യങ്ങൾ അറിയാവുന്നവർക്ക്‌ യേശുവിനെക്കുറിച്ചുള്ള അടിസ്ഥാന സത്യവും ഒരു പരിധിവരെയെങ്കിലും അറിയാമായിരിക്കും. എന്നാൽ മറ്റുചിലർക്ക്‌ ഇത്‌ തീർത്തും പുതിയ ഒരു ആശയമാണ്‌; അവർ വളർന്നുവന്ന സാംസ്‌കാരിക പശ്ചാത്തലമായിരിക്കാം കാരണം. അത്തരം ചുറ്റുപാടുകളിൽനിന്നുള്ളവർ ദൈവത്തിൽ വിശ്വാസം അർപ്പിക്കുകയും തിരുവെഴുത്തുകളെ ദൈവവചനമായി അംഗീകരിക്കുകയും ചെയ്‌തു തുടങ്ങുമ്പോൾ യേശുവിന്റെ സുപ്രധാന പങ്ക്‌ നാം അവർക്ക്‌ വിശദീകരിച്ചുകൊടുക്കണം. സുവാർത്തയുടെ ഈ വശം റോമർ 5-ാം അധ്യായം വിശദീകരിക്കുന്നത്‌ എങ്ങനെയെന്ന്‌ അടുത്ത ലേഖനത്തിൽ നാം കാണും. അതിൽ പരിചിന്തിക്കുന്ന വിവരങ്ങൾ നമുക്കു ശുശ്രൂഷയിൽ ഉപകരിക്കും.

21 റോമർക്കുള്ള ലേഖനത്തിൽ പലയാവർത്തി പരാമർശിച്ചിട്ടുള്ള സുവിശേഷം മനസ്സിലാക്കാൻ ആത്മാർഥഹൃദയരെ സഹായിക്കാനാകുന്നത്‌ എത്ര വലിയ പദവിയാണ്‌! അതെ, “വിശ്വസിക്കുന്ന ഏവനെയും, രക്ഷയിലേക്കു നയിക്കാനുള്ള ദൈവത്തിന്റെ ശക്തിയേറിയ മാർഗ”മാണ്‌ അത്‌. (റോമ. 1:16) നാം ആ സദ്വാർത്ത അറിയിക്കുമ്പോൾ അത്‌ ചെവിക്കൊള്ളുന്നവർ വിലമതിപ്പും സന്തോഷവും നിറഞ്ഞ ഹൃദയത്തോടെ റോമർ 10:15-ൽ പൗലോസ്‌ ഉദ്ധരിച്ച വാക്കുകൾ ഏറ്റുപറയും: “സുവിശേഷം ഘോഷിക്കുന്നവരുടെ പാദങ്ങൾ എത്ര മനോഹരം!”—യെശ. 52:7.

[അടിക്കുറിപ്പ്‌]

^ ഖ. 5 മർക്കോസ്‌ 1:1; പ്രവൃത്തികൾ 5:42; 1 കൊരിന്ത്യർ 9:12; ഫിലിപ്പിയർ 1:27 എന്നീ തിരുവെഴുത്തുകളിൽ സമാനമായ പ്രയോഗം കാണാം.

നിങ്ങൾ ഓർമിക്കുന്നുവോ?

• സുവിശേഷത്തിന്റെ ഏതു വശത്തിനാണ്‌ റോമർക്കുള്ള ലേഖനം ഊന്നൽ നൽകുന്നത്‌?

• ഏതു വസ്‌തുത മനസ്സിലാക്കാൻ നാം മറ്റുള്ളവരെ സഹായിക്കണം?

• “ക്രിസ്‌തുവിനെക്കുറിച്ചുള്ള സുവിശേഷം” നമുക്കും മറ്റുള്ളവർക്കും അനുഗ്രഹങ്ങൾ കൈവരുത്തുന്നത്‌ എങ്ങനെ?

[അധ്യയന ചോദ്യങ്ങൾ]

[8-ാം പേജിലെ ആകർഷകവാക്യം]

റോമാ ലേഖനത്തിൽ പറഞ്ഞിരിക്കുന്ന സുവിശേഷം ദൈവോദ്ദേശ്യത്തിലെ യേശുവിന്റെ സുപ്രധാന പങ്ക്‌ പ്രദീപ്‌തമാക്കുന്നു

[9-ാം പേജിലെ ചിത്രം]

പാപമെന്ന ഗുരുതരമായ തകരാറോടെയാണ്‌ നാം എല്ലാം ജനിച്ചത്‌!