വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അബ്രാഹാമിനു സ്വന്തമായി ഒട്ടകങ്ങൾ ഉണ്ടായിരുന്നോ?

അബ്രാഹാമിനു സ്വന്തമായി ഒട്ടകങ്ങൾ ഉണ്ടായിരുന്നോ?

അബ്രാഹാമിനു സ്വന്തമായി ഒട്ടകങ്ങൾ ഉണ്ടായിരുന്നോ?

ഫറവോൻ അബ്രാഹാമിനു കൊടുത്ത മൃഗങ്ങളിൽ ഒട്ടകങ്ങളും ഉണ്ടായിരുന്നതായി തിരുവെഴുത്തുകൾ രേഖപ്പെടുത്തുന്നു. (ഉല്‌പ. 12:16) അതുപോലെ, അബ്രാഹാമിന്റെ ദാസൻ മെസൊപ്പൊട്ടേമിയയിലേക്ക്‌ ഒരു ദീർഘയാത്ര പോയപ്പോൾ, “തന്റെ യജമാനന്റെ ഒട്ടകങ്ങളിൽ പത്തു ഒട്ടകങ്ങളെ” അവൻ കൂടെക്കൊണ്ടുപോയതായും പറഞ്ഞിരിക്കുന്നു. അതെ, ബി.സി. രണ്ടാം സഹസ്രാബ്ദത്തിന്റെ തുടക്കത്തിൽത്തന്നെ അബ്രാഹാമിന്‌ ഒട്ടകങ്ങൾ ഉണ്ടായിരുന്നുവെന്ന്‌ ബൈബിൾ വളരെ വ്യക്തമായി പറയുന്നു.—ഉല്‌പ. 24:10.

എന്നാൽ ചിലർ ഇത്‌ അംഗീകരിക്കുന്നില്ല. ന്യൂ ഇന്റർനാഷണൽ വേർഷൻ ആർക്കിയോളജിക്കൽ സ്റ്റഡി ബൈബിൾ ഇങ്ങനെ റിപ്പോർട്ടുചെയ്യുന്നു: “ഒട്ടകങ്ങളെക്കുറിച്ചുള്ള ഈ പരാമർശങ്ങൾ ശരിയാണോ എന്ന കാര്യത്തിൽ പണ്ഡിതന്മാർക്കിടയിൽ ഭിന്നാഭിപ്രായമുണ്ട്‌. അബ്രാഹാം മരിച്ച്‌ ഏറെക്കാലം കഴിഞ്ഞാണ്‌, അതായത്‌ ബി.സി. 1200-ഓടെയാണ്‌, ഒട്ടകങ്ങളെ വളർത്തുന്ന രീതി വ്യാപകമായതെന്ന്‌ അവരിൽ പലരും വിശ്വസിക്കുന്നു.” ഈ പണ്ഡിതമതം ശരിയാണെങ്കിൽ ഒട്ടകങ്ങളെ സംബന്ധിച്ച്‌ ഈ കാലത്തിനുമുമ്പുള്ള ബൈബിൾ പരാമർശങ്ങൾ തെറ്റാണെന്നുവരും.

എന്നാൽ വേറെ ചില പണ്ഡിതരുടെ അഭിപ്രായം മറിച്ചാണ്‌. ഒട്ടകങ്ങളെ വളർത്തുന്ന രീതി വ്യാപകമായത്‌ ബി.സി. രണ്ടാം സഹസ്രാബ്ദത്തിന്റെ അവസാനത്തോടെയാണെങ്കിലും അതിനുമുമ്പും ഒട്ടകങ്ങളെ ഉപയോഗിച്ചിരുന്നു എന്നാണ്‌ അവരുടെ പക്ഷം. സിവിലൈസേഷൻസ്‌ ഓഫ്‌ ദി ഏൻഷ്യന്റ്‌ നിയർ ഈസ്റ്റ്‌ എന്ന പുസ്‌തകം പറയുന്നു: “തെക്കുകിഴക്കൻ അറേബ്യയിൽ ബി.സി. മൂന്നാം സഹസ്രാബ്ദത്തോടെതന്നെ ഒട്ടകങ്ങളെ വളർത്താൻ തുടങ്ങിയിരുന്നതായി സമീപകാല പഠനങ്ങൾ സൂചിപ്പിക്കുന്നു. പാൽ, രോമം, തോൽ, മാംസം എന്നിവയ്‌ക്കുവേണ്ടിയായിരിക്കാം ആദ്യകാലങ്ങളിൽ അവയെ വളർത്തിയിരുന്നത്‌. പക്ഷേ, ചുമടുചുമക്കാനും അവയെ ഉപയോഗിക്കാമെന്ന്‌ വൈകാതെ മനുഷ്യർ തിരിച്ചറിഞ്ഞിട്ടുണ്ടാകണം.” പുരാവസ്‌തു ഗവേഷകർ കണ്ടെടുത്തിരിക്കുന്ന എല്ലിൻശകലങ്ങളും മറ്റും, അബ്രാഹാമിന്റെ കാലത്തിനുമുമ്പേ ഒട്ടകങ്ങൾ ഉണ്ടായിരുന്നു എന്ന വസ്‌തുതയെ പിന്താങ്ങുന്നു.

ഇതിന്‌ പിൻബലമേകുന്ന ലിഖിതരേഖകളുമുണ്ട്‌. മേൽപ്പറഞ്ഞ ഗ്രന്ഥം കൂട്ടിച്ചേർക്കുന്നു: “മെസൊപ്പൊട്ടേമിയയിൽനിന്നു ലഭിച്ചിട്ടുള്ള ചില ക്യൂണിഫോം രേഖകളിൽ, ഈ മൃഗത്തെക്കുറിച്ചുള്ള പരാമർശമുണ്ട്‌. അവയുടെ ചിത്രീകരണങ്ങളുള്ള നിരവധി മുദ്രയടയാളങ്ങളും കണ്ടെടുക്കപ്പെട്ടിരിക്കുന്നു. ബി.സി. രണ്ടാം സഹസ്രാബ്ദത്തിന്റെ തുടക്കത്തിൽത്തന്നെ (അതായത്‌, അബ്രാഹാമിന്റെ കാലത്ത്‌) ഈ മൃഗം മെസൊപ്പൊട്ടേമിയയിൽ എത്തിയിരിക്കാം എന്നതിന്റെ സൂചനയാണിത്‌.”

തെക്കേ അറേബ്യയിലെ സുഗന്ധദ്രവ്യ വ്യാപാരികൾ മരുഭൂമിയിലൂടെ ചരക്കു കൊണ്ടുപോകാനും ഒട്ടകങ്ങളെ ഉപയോഗിച്ചിരുന്നതായി ചില പണ്ഡിതന്മാർ കരുതുന്നു. ഈജിപ്‌റ്റ്‌, സിറിയ എന്നീ ദേശങ്ങളിൽ ഒട്ടകങ്ങൾ എത്തിയത്‌ ഇങ്ങനെയായിരിക്കാമത്രേ. സുഗന്ധദ്രവ്യങ്ങളുടെ ഈ വ്യാപാരം ബി.സി. രണ്ടായിരത്തിൽത്തന്നെ വ്യാപകമായിരുന്നിരിക്കാം. ശ്രദ്ധേയമായി, ഒട്ടകപ്പുറത്ത്‌ സുഗന്ധദ്രവ്യങ്ങൾ കയറ്റിക്കൊണ്ടുപോകുകയായിരുന്ന യിശ്‌മായേല്യരെക്കുറിച്ചുള്ള ഒരു പരാമർശം ഉല്‌പത്തി 37:25-28-ൽ കാണുന്നു. അബ്രാഹാം മരിച്ച്‌ ഏതാണ്ട്‌ നൂറുവർഷം കഴിഞ്ഞു നടന്ന സംഭവമാണിത്‌.

ബി.സി. രണ്ടാം സഹസ്രാബ്ദത്തിന്റെ തുടക്കത്തിൽ ഒട്ടകങ്ങളുടെ ഉപയോഗം മധ്യപൂർവദേശങ്ങളിൽ അത്ര വ്യാപകമായിരുന്നില്ലെങ്കിലും അക്കാലത്ത്‌ ഒട്ടകങ്ങൾ അവിടെ ഉണ്ടായിരുന്നുവെന്നുതന്നെയാണ്‌ തെളിവുകൾ സൂചിപ്പിക്കുന്നത്‌. അങ്ങനെ, ദി ഇന്റർനാഷണൽ സ്റ്റാൻഡേർഡ്‌ ബൈബിൾ എൻസൈക്ലോപീഡിയ ഈ നിഗമനത്തിൽ എത്തിയിരിക്കുന്നു: “ഗോത്രപിതാക്കന്മാരോടു ബന്ധപ്പെട്ട വിവരണങ്ങളിൽ കാണുന്ന, ഒട്ടകങ്ങളെക്കുറിച്ചുള്ള പരാമർശം തെറ്റാണെന്ന്‌ കരുതാനാവില്ല. കാരണം, ഗോത്രപിതാക്കന്മാരുടെ കാലത്തിനുമുമ്പുതന്നെ മനുഷ്യർ ഒട്ടകങ്ങളെ വളർത്തിയിരുന്നു എന്നതിന്‌ ധാരാളം തെളിവുകൾ പുരാവസ്‌തുശാസ്‌ത്രം കണ്ടെത്തിയിട്ടുണ്ട്‌.”