വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“നിങ്ങളുടെ പരിപാലനത്തിലുള്ള ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയ്‌ക്കുവിൻ”

“നിങ്ങളുടെ പരിപാലനത്തിലുള്ള ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയ്‌ക്കുവിൻ”

“നിങ്ങളുടെ പരിപാലനത്തിലുള്ള ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയ്‌ക്കുവിൻ”

“നിങ്ങളുടെ പരിപാലനത്തിലുള്ള ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയ്‌ക്കുവിൻ; നിർബന്ധത്താലല്ല, മനസ്സോടെ.”—1 പത്രോ. 5:2.

1. പത്രോസ്‌ തന്റെ ആദ്യലേഖനം എഴുതിയപ്പോൾ ക്രിസ്‌ത്യാനികൾ എങ്ങനെയുള്ള ഒരു സാഹചര്യത്തിലായിരുന്നു?

റോമിലെ ക്രിസ്‌ത്യാനികൾക്കെതിരെ നീറോ ചക്രവർത്തി പീഡനം അഴിച്ചുവിടുന്നതിനു കുറച്ചുകാലം മുമ്പാണ്‌ പത്രോസ്‌ അപ്പൊസ്‌തലൻ അവർക്കു ആദ്യലേഖനം എഴുതുന്നത്‌. സഹവിശ്വാസികളെ ബലിഷ്‌ഠരാക്കുക എന്നതായിരുന്നു ഈ ലേഖനത്തിന്റെ ഉദ്ദേശ്യം. ക്രിസ്‌ത്യാനികളെ വിഴുങ്ങേണ്ടതിന്‌ പിശാച്‌ “ചുറ്റിനടക്കു”കയായിരുന്നതിനാൽ അവനെ നേരിടാൻ അവർ “സുബോധമുള്ളവരായി” ഉറച്ചുനിൽക്കുകയും ദൈവത്തിന്റെ “കരുത്തുറ്റ കൈക്കീഴിൽ താഴ്‌മയോടിരി”ക്കുകയും ചെയ്യേണ്ടിയിരുന്നു. (1 പത്രോ. 5:6, 8) സഭയൊന്നാകെ ഐക്യത്തിൽ ഒരുമിച്ചുനിൽക്കേണ്ടതും പ്രധാനമാണെന്ന്‌ പത്രോസ്‌ അവരെ ഓർമിപ്പിച്ചു. “പരസ്‌പരം കടിച്ചുകീറുകയും വിഴുങ്ങിക്കളയുകയും” ചെയ്യാനുള്ള സമയമല്ലായിരുന്നു അത്‌. അങ്ങനെ ചെയ്‌താൽ “ഒരുവനാൽ ഒരുവൻ നശിച്ചുപോകാൻ” ഇടവരുമായിരുന്നു.—ഗലാ. 5:15.

2, 3. നാം ആരുമായാണ്‌ പോരാടേണ്ടത്‌, ഈ ലേഖനത്തിലും അടുത്ത ലേഖനത്തിലുമായി ഏതു വിവരങ്ങൾ നാം പരിചിന്തിക്കും?

2 ഇന്ന്‌ നമ്മളും സമാനമായ ഒരു സാഹചര്യത്തിലാണ്‌. നമ്മെ വിഴുങ്ങാൻ സാത്താൻ തക്കംപാർത്തിരിക്കുന്നു. (വെളി. 12:12) “ലോകാരംഭംമുതൽ ഇന്നുവരെ സംഭവിച്ചിട്ടില്ലാത്ത . . . മഹാകഷ്ടം” പടിവാതിൽക്കൽ എത്തിനിൽക്കുകയാണ്‌. (മത്താ. 24:21) പരസ്‌പരം പോരടിക്കാതിരിക്കാൻ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികളെപ്പോലെ നമ്മളും ശ്രദ്ധിക്കണം. ചിലപ്പോൾ, യോഗ്യതയുള്ള പക്വമതികളായ പുരുഷന്മാരുടെ സഹായം ഇക്കാര്യത്തിൽ നമുക്ക്‌ വേണ്ടിവരും.

3 ‘ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയ്‌ക്കുക’ എന്നത്‌ വലിയ ഒരു പദവിയാണ്‌. ഈ പദവിയോടുള്ള വിലമതിപ്പു വർധിപ്പിക്കാൻ മൂപ്പന്മാരെ സഹായിക്കുന്ന ചില വിവരങ്ങൾ നമുക്കു പരിശോധിക്കാം. (1 പത്രോ. 5:2) തുടർന്ന്‌, ശരിയായ വിധത്തിൽ മൂപ്പന്മാർ ഇടയവേല നിർവഹിക്കേണ്ടത്‌ എങ്ങനെ എന്നും നാം ചർച്ചചെയ്യും. തങ്ങളുടെ ഇടയിൽ “അധ്വാനിക്കുകയും കർത്താവിൽ അധ്യക്ഷത വഹിക്കുകയും” ചെയ്യുന്നവരെ സഭയിലുള്ളവർക്ക്‌ എങ്ങനെ ‘ബഹുമാനിക്കാം?’ അതാണ്‌ അടുത്ത ലേഖനത്തിന്റെ ചർച്ചാവിഷയം. (1 തെസ്സ. 5:12) നമ്മുടെ മുഖ്യ എതിരാളിയായ സാത്താനുമായാണ്‌ നമുക്കു പോരാട്ടം ഉള്ളതെന്നു തിരിച്ചറിഞ്ഞ്‌ അവനെ ചെറുത്തുനിൽക്കാൻ ഈ വിവരങ്ങൾ നമ്മെ സഹായിക്കും.—എഫെ. 6:12.

ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയ്‌ക്കുക

4, 5. മൂപ്പന്മാർ ആട്ടിൻകൂട്ടത്തെ എങ്ങനെ കാണണം? ഉദാഹരിക്കുക.

4 തങ്ങളെ ഭരമേൽപ്പിച്ചിരിക്കുന്ന ആട്ടിൻകൂട്ടത്തെ ദൈവം വീക്ഷിക്കുന്നതുപോലെ വീക്ഷിക്കാൻ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌തീയ മൂപ്പന്മാരെ പത്രോസ്‌ ഉദ്‌ബോധിപ്പിച്ചു. (1 പത്രോസ്‌ 5:1, 2 വായിക്കുക.) സഭയുടെ തൂണുകളിൽ ഒരാളായി അറിയപ്പെട്ടിരുന്ന വ്യക്തിയായിരുന്നു പത്രോസ്‌. എന്നുവരികിലും മറ്റു മൂപ്പന്മാരെക്കാൾ ശ്രേഷ്‌ഠനാണെന്ന മട്ടിലല്ല അവൻ അവരോടു സംസാരിച്ചത്‌; സഹമൂപ്പന്മാരായി കണക്കാക്കി അവൻ അവരെ പ്രബോധിപ്പിച്ചു. (ഗലാ. 2:9) അതേ മനോഭാവത്തോടെ ഇന്നു ഭരണസംഘം, ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയ്‌ക്കാനുള്ള ഭാരിച്ച ഉത്തരവാദിത്വം നിർവഹിക്കുന്നതിനായി യത്‌നിക്കാൻ സഭാമൂപ്പന്മാരെ ഉദ്‌ബോധിപ്പിക്കുകയാണ്‌.

5 മൂപ്പന്മാർ തങ്ങളുടെ “പരിപാലനത്തിലുള്ള ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ” മേയ്‌ക്കേണ്ടതാണെന്ന്‌ പത്രോസ്‌ എഴുതി. ആട്ടിൻകൂട്ടത്തിന്റെ ഉടമകൾ യഹോവയും യേശുവും ആണെന്ന്‌ അവർ തിരിച്ചറിയേണ്ടത്‌ വളരെ പ്രധാനമായിരുന്നു. ദൈവത്തിന്റെ ആടുകളെ കാത്തുപരിപാലിക്കാനുള്ള ഉത്തരവാദിത്വം എങ്ങനെ നിർവഹിക്കുന്നു എന്നതിന്റെ കണക്കുബോധിപ്പിക്കാൻ ബാധ്യസ്ഥരായിരുന്നു അവർ. നിങ്ങളുടെ ഒരു ഉറ്റ സുഹൃത്ത്‌ യാത്രപോകുന്നതിനുമുമ്പ്‌ തന്റെ മക്കളെ നിങ്ങളുടെ അടുത്ത്‌ കൊണ്ടുവന്നാക്കുന്നു എന്നിരിക്കട്ടെ. അദ്ദേഹം മടങ്ങിവരുന്നതുവരെ ആ കുട്ടികൾക്കു വേണ്ടതെല്ലാം നൽകി നിങ്ങൾ അവരെ നന്നായി നോക്കുകയില്ലേ? അവരിൽ ഒരാൾക്ക്‌ എന്തെങ്കിലും അസുഖംവന്നാൽ വേണ്ട ചികിത്സതേടുകയില്ലേ? അങ്ങനെയെങ്കിൽ, “ദൈവം സ്വപുത്രന്റെ രക്തത്താൽ വിലയ്‌ക്കുവാങ്ങിയ തന്റെ സഭയെ മേയ്‌ക്കാൻ” സഭാമൂപ്പന്മാർ എത്രയധികം ശ്രദ്ധിക്കും! (പ്രവൃ. 20:28) ക്രിസ്‌തുയേശുവിന്റെ അമൂല്യ രക്തം നൽകി ദൈവം വിലയ്‌ക്കുവാങ്ങിയ ആടുകളാണ്‌ സഭയിലെ ഓരോരുത്തരും എന്ന കാര്യം മൂപ്പന്മാരുടെ മനസ്സിലുണ്ട്‌. തങ്ങൾ കണക്കുബോധിപ്പിക്കേണ്ടവരായതിനാൽ മൂപ്പന്മാർ ആട്ടിൻകൂട്ടത്തെ പോഷിപ്പിക്കുകയും സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു.

6. പുരാതന കാലത്തെ ഇടയന്മാരുടെ ഉത്തരവാദിത്വങ്ങൾ വിവരിക്കുക.

6 ബൈബിൾക്കാലങ്ങളിൽ ആട്ടിടയന്മാർക്കുണ്ടായിരുന്ന ഉത്തരവാദിത്വങ്ങളെക്കുറിച്ചു ചിന്തിക്കുക. ആടുകളെ മേയ്‌ക്കാനായി വെയിലേറ്റും മഞ്ഞുകൊണ്ടും അഹോരാത്രം അവർ അധ്വാനിച്ചു. (ഉല്‌പ. 31:40) ആടുകൾക്കുവേണ്ടി സ്വന്തം ജീവൻ അപകടപ്പെടുത്താൻപോലും അവർ തയ്യാറായി. ഇടയബാലനായിരുന്ന ദാവീദ്‌ തന്റെ ആടുകളെ ഒരിക്കൽ ഒരു സിംഹത്തിൽനിന്നും മറ്റൊരിക്കൽ ഒരു കരടിയിൽനിന്നും സംരക്ഷിച്ചു. അതിനെ രണ്ടിനെയും “താടിക്കു പിടിച്ചു അടിച്ചു കൊന്നു” എന്നാണ്‌ ദാവീദ്‌ അതേക്കുറിച്ച്‌ പറഞ്ഞത്‌. (1 ശമൂ. 17:34, 35) എന്തൊരു ധൈര്യം! ആ വന്യമൃഗത്തിന്റെ കൂർത്ത പല്ലുകൾ തൊട്ടടുത്തു കണ്ടിട്ടും അവൻ ഭയന്നു പിന്മാറിയില്ല! തന്റെ ആടിനെ രക്ഷിക്കാൻ അവൻ സധൈര്യം പോരാടി.

7. ആലങ്കാരിക അർഥത്തിൽ മൂപ്പന്മാർ സാത്താന്റെ വായിൽനിന്ന്‌ ആടുകളെ എങ്ങനെയാണ്‌ രക്ഷിക്കുന്നത്‌?

7 പിശാച്‌ സിംഹത്തെപ്പോലെ ആക്രമിക്കുമെന്നതിനാൽ മൂപ്പന്മാർ സദാ ഒരുങ്ങിയിരിക്കണം. പിശാചിന്റെ വായിൽ അകപ്പെട്ട ആടുകളെ രക്ഷിക്കാൻ ധീരതയോടെ അവർ പ്രവർത്തിക്കേണ്ടിവരും. അതിന്‌ അവർക്ക്‌ ആ കാട്ടുമൃഗത്തിന്റെ ‘താടിക്കു പിടിക്കുന്ന’ അളവോളം പോകേണ്ടിവന്നേക്കാം. അശ്രദ്ധമായി സാത്താന്റെ കെണിയിലേക്കു നീങ്ങുന്ന അങ്ങനെയുള്ള സഹോദരങ്ങളെ സുബോധത്തിലേക്കു നയിക്കാൻ അവർ അവരോടു സമയമെടുത്തു സംസാരിച്ചേക്കാം. (യൂദാ 22, 23 വായിക്കുക.) യഹോവയുടെ സഹായമില്ലാതെ മൂപ്പന്മാർക്ക്‌ ഇതു ചെയ്യാനാവില്ല എന്നതാണു വാസ്‌തവം. പരുക്കേറ്റ ഒരു ആടിന്റെ മുറിവുണക്കാൻ ആർദ്രതയോടെ അവർ ദൈവവചനമാകുന്ന ലേപം പുരട്ടി മുറിവ്‌ വെച്ചുകെട്ടുന്നു.

8. മൂപ്പന്മാർ ആടുകളെ എങ്ങോട്ടാണ്‌ നയിക്കുന്നത്‌, എങ്ങനെ?

8 ഒരു ആട്ടിടയൻ തന്റെ ആടുകളെ പുൽമേടുകളിലേക്കും നീരുറവകളിലേക്കും നയിക്കുമായിരുന്നു. സമാനമായി മൂപ്പന്മാർ ആടുകളെ സഭയിലേക്കു നയിക്കുന്നു, “തക്കസമയത്ത്‌” ആത്മീയാഹാരം കഴിച്ച്‌ പോഷിതരാകുന്നതിന്‌ ക്രമമായി യോഗങ്ങൾക്ക്‌ ഹാജരാകാൻ അവരെ പ്രോത്സാഹിപ്പിക്കുന്നു. (മത്താ. 24:45) ദൈവവചനത്തിൽനിന്നുള്ള പോഷണം സ്വീകരിക്കാൻ ആത്മീയമായി രോഗികളായവരെ സഹായിക്കുന്നതിന്‌ മൂപ്പന്മാർ അവരോടൊത്ത്‌ ഏറെ സമയം ചെലവഴിക്കേണ്ടിവന്നേക്കാം. ഇനി, കൂട്ടംവിട്ടുപോയ ഒരു ആട്‌ സഭയിലേക്കു തിരിച്ചുവരാൻ ശ്രമിക്കുന്നുണ്ടായിരിക്കാം. ആ സഹോദരനെ സംഭ്രമിപ്പിക്കുന്നതിനു പകരം മൂപ്പന്മാർ പരിഗണനയോടെ തിരുവെഴുത്തു തത്ത്വങ്ങൾ വിശദീകരിച്ചുകൊടുക്കുകയും അവ തന്റെ ജീവിതത്തിൽ എങ്ങനെ ബാധകമാക്കാമെന്ന്‌ അദ്ദേഹത്തിനു കാണിച്ചുകൊടുക്കുകയും ചെയ്യുന്നു.

9, 10. ആത്മീയമായി രോഗികളായവരെ സഹായിക്കാൻ മൂപ്പന്മാർ എന്തു ചെയ്യണം?

9 നിങ്ങൾക്കു രോഗം വരുമ്പോൾ എങ്ങനെയുള്ള ഒരു ഡോക്‌ടറെ കാണാനാണ്‌ ആഗ്രഹിക്കുക? നിങ്ങൾ പറയുന്നത്‌ ശ്രദ്ധിക്കാൻ അധികം താത്‌പര്യം കാണിക്കാതെ, അടുത്ത രോഗിയെ വിളിക്കാൻവേണ്ടി തിടുക്കത്തിൽ മരുന്നു കുറിച്ചുതരുന്ന ഡോക്‌ടറെയാണോ അതോ നിങ്ങൾ പറയുന്നതു നിതാന്തം ശ്രദ്ധിച്ച്‌ നിങ്ങളുടെ പ്രശ്‌നം എന്താണെന്നും അതിന്‌ ഏതെല്ലാം ചികിത്സകൾ ഉണ്ടെന്നും വിശദീകരിച്ചുതരുന്ന ഡോക്‌ടറെയാണോ?

10 ഇതുപോലെ, ആത്മീയമായി രോഗിയായിത്തീർന്ന വ്യക്തി പറയുന്നതു മൂപ്പന്മാർ ശ്രദ്ധിച്ചു കേൾക്കുകയും സുഖം പ്രാപിക്കാൻ അദ്ദേഹത്തെ സഹായിക്കുകയും വേണം. “യഹോവയുടെ നാമത്തിൽ അവന്റെമേൽ എണ്ണ” പൂശുന്നതുപോലെയായിരിക്കും അത്‌. (യാക്കോബ്‌ 5:14, 15 വായിക്കുക.) ഗിലെയാദിലെ സുഗന്ധതൈലംപോലെ യഹോവയുടെ വചനത്തിന്‌ രോഗികൾക്ക്‌ ആശ്വാസം പകരാനാകും. (യിരെ. 8:22; യെഹെ. 34:16) ബൈബിളിൽ അടങ്ങിയിരിക്കുന്ന തത്ത്വങ്ങൾ ബാധകമാക്കിയാൽ ആത്മീയമായി ആടിയുലയുന്നവർക്ക്‌ ഉറച്ചുനിൽക്കാൻ കഴിയും. മൂപ്പന്മാർ ‘രോഗിയായ’ വ്യക്തിയുടെ ആകുലതകൾ ശ്രദ്ധിക്കുകയും അദ്ദേഹത്തോടൊപ്പം പ്രാർഥിക്കുകയും ചെയ്‌താൽ ആ വ്യക്തിയെ സഹായിക്കുക കൂടുതൽ എളുപ്പമാകും.

നിർബന്ധത്താലല്ല, മനസ്സോടെ

11. ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മനസ്സോടെ പരിപാലിക്കാൻ മൂപ്പന്മാരെ എന്താണ്‌ പ്രേരിപ്പിക്കുന്നത്‌?

11 ഇടയവേല ചെയ്യേണ്ടത്‌ എങ്ങനെ ആയിരിക്കരുത്‌, എങ്ങനെ ആയിരിക്കണം എന്നു പത്രോസ്‌ അടുത്തതായി മൂപ്പന്മാരോടു പറയുന്നു: “നിർബന്ധത്താലല്ല, മനസ്സോടെ.” മനസ്സോടെ സഹോദരങ്ങളെ സേവിക്കാൻ മൂപ്പന്മാരെ പ്രേരിപ്പിക്കുന്നത്‌ എന്താണ്‌? ആകട്ടെ, യേശുവിന്റെ ആടുകളെ പോറ്റാനും പരിപാലിക്കാനും പത്രോസിനെ പ്രേരിപ്പിച്ചത്‌ എന്തായിരുന്നു? കർത്താവിനോടുള്ള സ്‌നേഹം, അതായിരുന്നു അവനെ പ്രേരിപ്പിച്ച മുഖ്യസംഗതി. (യോഹ. 21:15-17) ഇന്നുള്ള മൂപ്പന്മാരും ജീവിക്കുന്നത്‌ ‘തങ്ങൾക്കായിട്ടല്ല, തങ്ങൾക്കുവേണ്ടി മരിച്ചവനായിട്ടാണ്‌.’ (2 കൊരി. 5:14, 15) ക്രിസ്‌തുവിനോടുള്ള സ്‌നേഹത്തോടൊപ്പം ദൈവത്തോടും സഹോദരങ്ങളോടും ഉള്ള സ്‌നേഹമാണ്‌ തങ്ങളുടെ സമയവും ശ്രമവും ആസ്‌തികളും ആട്ടിൻകൂട്ടത്തെ സേവിക്കുന്നതിനായി വിനിയോഗിക്കാൻ അവരെ പ്രേരിപ്പിക്കുന്നത്‌. (മത്താ. 22:37-39) അവർ ഇതെല്ലാം ചെയ്യുന്നത്‌ മുറുമുറുപ്പോടെയല്ല, അർപ്പണബോധത്തോടെയും മനസ്സോടെയുമാണ്‌.

12. പൗലോസ്‌ ഇടയവേലയിൽ എത്രത്തോളം അർപ്പിതനായിരുന്നു?

12 മൂപ്പന്മാർ ഈ വേലയിൽ എത്രത്തോളം അർപ്പിതരായിരിക്കണം? ആടുകളെ പരിപാലിക്കുന്നതിൽ ക്രിസ്‌തുവിനെ അനുകരിച്ച പൗലോസിനെ മൂപ്പന്മാർ അനുകരിക്കുന്നു. (1 കൊരി. 11:1) തെസ്സലോനിക്യയിലെ സഹോദരങ്ങളോട്‌ ആർദ്രസ്‌നേഹം തോന്നിയ പൗലോസും അവന്റെ സഹകാരികളും ‘ദൈവത്തിൽനിന്നുള്ള സുവിശേഷം മാത്രമല്ല സ്വന്തം പ്രാണനുംകൂടെ’ അവർക്കു നൽകാൻ തയ്യാറായി. “ഒരമ്മ തന്റെ കുഞ്ഞുങ്ങളെ പോറ്റിപ്പുലർത്തുന്നതുപോലെ” അത്ര ആർദ്രതയോടെയാണ്‌ അവർ അവരോട്‌ ഇടപെട്ടത്‌. (1 തെസ്സ. 2:7, 8) ഒരു അമ്മയ്‌ക്കു തന്റെ കുഞ്ഞുങ്ങളോട്‌ എത്രത്തോളം വാത്സല്യമുണ്ടെന്ന്‌ പൗലോസിന്‌ അറിയാമായിരുന്നു. പാലുകൊടുക്കാനായി പാതിരാത്രിയിൽ എഴുന്നേൽക്കുന്നതുൾപ്പെടെ കുഞ്ഞിനുവേണ്ടി എന്തു ബുദ്ധിമുട്ടും സഹിക്കാൻ അവൾ തയ്യാറാകും.

13. മൂപ്പന്മാർ ഏത്‌ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിൽ സമനില പാലിക്കണം?

13 കുടുംബ ഉത്തരവാദിത്വങ്ങളും ഇടയവേലയും സമനിലയോടെ കൊണ്ടുപോകാൻ മൂപ്പന്മാർ ശ്രദ്ധിക്കണം. (1 തിമൊ. 5:8) കുടുംബത്തോടൊപ്പം ചെലവഴിക്കാനാകുന്ന വിലപ്പെട്ട സമയമാണ്‌ മൂപ്പന്മാർക്കു സഭാംഗങ്ങൾക്കുവേണ്ടി വിനിയോഗിക്കേണ്ടിവരുന്നത്‌. തന്റെ കുടുംബത്തോടൊപ്പം കുടുംബാരാധനയിൽ പങ്കെടുക്കാൻ ഇടയ്‌ക്കൊക്കെ മറ്റുള്ളവരെ ക്ഷണിക്കുന്നത്‌ സമനിലയോടെ തങ്ങളുടെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിനു മൂപ്പന്മാരെ സഹായിച്ചേക്കാം. ഏകാകികളായവരെയും ആത്മീയമായി പിതാവില്ലാത്ത കുടുംബങ്ങളെയും പല വർഷങ്ങളായി തന്റെ കുടുംബാധ്യയനത്തിനു ക്ഷണിക്കുന്ന ഒരു മൂപ്പനാണ്‌ ജപ്പാനിൽനിന്നുള്ള മസാനാവോ. അദ്ദേഹം സഹായിച്ചവരിൽ ചിലർ പിന്നീടു മൂപ്പന്മാരായി, അവരും മസാനാവോയുടെ നല്ല മാതൃക അനുകരിച്ചു.

ദുർല്ലാഭമോഹത്തോടെയല്ല, താത്‌പര്യത്തോടെ

14, 15. മൂപ്പന്മാർ“ദുർല്ലാഭമോഹ”ത്തിനെതിരെ ജാഗ്രത പാലിക്കേണ്ടത്‌ എന്തുകൊണ്ട്‌, ഇക്കാര്യത്തിൽ അവർക്ക്‌ പൗലോസിനെ എങ്ങനെ അനുകരിക്കാം?

14 “ദുർല്ലാഭമോഹത്തോടെയല്ല, താത്‌പര്യത്തോടെ” ആടുകളെ മേയ്‌ക്കാനും പത്രോസ്‌ മൂപ്പന്മാരെ പ്രോത്സാഹിപ്പിച്ചു. മൂപ്പന്മാരുടെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ ധാരാളം സമയം വേണ്ടിവരുന്നു എന്നത്‌ ശരിയാണ്‌. പക്ഷേ, അവർ അതിന്‌ എന്തെങ്കിലും സാമ്പത്തിക പ്രതിഫലം പ്രതീക്ഷിക്കുന്നില്ല. “ദുർല്ലാഭമോഹത്തോടെ” ആടുകളെ മേയ്‌ക്കുന്നതിലെ അപകടത്തെക്കുറിച്ച്‌ സഹമൂപ്പന്മാർക്കു മുന്നറിയിപ്പു നൽകേണ്ടതുണ്ടെന്ന്‌ പത്രോസ്‌ മനസ്സിലാക്കി. പലരും ദാരിദ്ര്യത്തിൽ കഴിയേണ്ടിവരുമ്പോൾ “മഹതിയാം ബാബിലോ”ണിലെ മതനേതാക്കന്മാർ നയിക്കുന്ന ആർഭാടജീവിതം പത്രോസ്‌ നൽകിയ മുന്നറിയിപ്പിന്റെ പ്രസക്തി എടുത്തുകാട്ടുന്നു. (വെളി. 18:2, 3) അത്തരം ഒരു പ്രവണതയ്‌ക്കെതിരെ ജാഗ്രത പാലിക്കാൻ ക്രിസ്‌തീയ സഭയിലെ മൂപ്പന്മാർ ശ്രദ്ധിക്കേണ്ടതാണ്‌.

15 ഇക്കാര്യത്തിൽ ക്രിസ്‌തീയ മൂപ്പന്മാർക്ക്‌ ഒരു ഉത്തമ മാതൃകയാണ്‌ പൗലോസ്‌. ഒരു അപ്പൊസ്‌തലൻ ആയിരുന്നെങ്കിലും തെസ്സലോനിക്യയിലെ ക്രിസ്‌ത്യാനികൾക്ക്‌ “ഒരു ഭാരമാകാതിരിക്കാൻ” അവൻ ശ്രദ്ധിച്ചു. “ആരുടെയും ഔദാര്യത്തിൽ” അവൻ ഒന്നും ഭക്ഷിച്ചില്ല. പകരം “രാപകലില്ലാതെ വിയർപ്പൊഴുക്കി അധ്വാനി”ച്ചു. (2 തെസ്സ. 3:8) സഞ്ചാരവേലയിലുള്ളവർ ഉൾപ്പെടെ ഇന്നുള്ള പല മൂപ്പന്മാരും ഇക്കാര്യത്തിൽ പൗലോസിനെ അനുകരിക്കുന്നവരാണ്‌. സഹവിശ്വാസികളുടെ ആതിഥ്യം സ്വീകരിക്കുമെങ്കിലും “ആർക്കും ഒരു ഭാരമാകാതിരിക്കാൻ” അവർ ശ്രദ്ധിക്കുന്നു.—1 തെസ്സ. 2:9.

16. “താത്‌പര്യത്തോടെ” ഇടയവേല ചെയ്യുക എന്നതിന്റെ അർഥമെന്ത്‌?

16 മൂപ്പന്മാർ ആടുകളെ മേയ്‌ക്കുന്നത്‌ “താത്‌പര്യത്തോടെ”യാണ്‌. ആടുകളെ സഹായിക്കാനായി ത്യാഗങ്ങൾ ചെയ്യാനുള്ള അവരുടെ മനസ്സൊരുക്കം അതിനു തെളിവാണ്‌. എന്നാൽ യഹോവയെ സേവിക്കാൻ അവർ സഹോദരങ്ങളെ നിർബന്ധിക്കുമെന്ന്‌ അതിനർഥമില്ല; മത്സരമനോഭാവത്തോടെ ദൈവത്തെ സേവിക്കാനും സ്‌നേഹനിധികളായ മൂപ്പന്മാർ പ്രോത്സാഹിപ്പിക്കുകയില്ല. (ഗലാ. 5:26) ഓരോരുത്തരും വ്യത്യസ്‌തരാണെന്ന്‌ മൂപ്പന്മാർ മനസ്സിലാക്കുന്നു. യഹോവയെ സന്തോഷത്തോടെ സേവിക്കുന്നതിന്‌ അവരെയെല്ലാം സഹായിക്കാൻ അവർ തത്‌പരരാണ്‌.

ആധിപത്യം നടത്തിക്കൊണ്ടല്ല, മാതൃകകളായിരുന്നുകൊണ്ട്‌

17, 18. (എ) യേശു താഴ്‌മയെക്കുറിച്ചു പഠിപ്പിച്ച കാര്യങ്ങൾ ഉൾക്കൊള്ളാൻ അപ്പൊസ്‌തലന്മാർക്ക്‌ ഇടയ്‌ക്കൊക്കെ ബുദ്ധിമുട്ടായിരുന്നത്‌ എന്തുകൊണ്ട്‌? (ബി) മൂപ്പന്മാരുടെ സാഹചര്യം സമാനമായിരുന്നേക്കാവുന്നത്‌ എങ്ങനെ?

17 നാം കണ്ടതുപോലെ, ആടുകൾ തങ്ങളുടെയല്ല, ദൈവത്തിന്റെയാണ്‌ എന്ന ചിന്ത മൂപ്പന്മാർക്ക്‌ എപ്പോഴും ഉണ്ടായിരിക്കണം. “ദൈവത്തിന്‌ അവകാശപ്പെട്ടവരുടെമേൽ ആധിപത്യം” നടത്താതിരിക്കാൻ അവർ ശ്രദ്ധയുള്ളവരാണ്‌. (1 പത്രോസ്‌ 5:3 വായിക്കുക.) ഇടയ്‌ക്കൊക്കെ തെറ്റായ ആന്തരത്തോടെ സ്ഥാനമാനങ്ങൾ നേടാൻ യേശുവിന്റെ അപ്പൊസ്‌തലന്മാർ ശ്രമിച്ചു; ജനതകളുടെമേൽ ആധിപത്യം നടത്തുന്നവരെപ്പോലെ അവർ ഉന്നത പദവികൾ മോഹിച്ചു.—മർക്കോസ്‌ 10:42-45 വായിക്കുക.

18 ഇന്ന്‌ “മേൽവിചാരകപദത്തിലെത്താൻ യത്‌നിക്കുന്ന”വർ തങ്ങൾ എന്തുകൊണ്ടാണ്‌ അങ്ങനെ ചെയ്യുന്നതെന്ന്‌ ഒരു ആത്മപരിശോധന നടത്തുന്നത്‌ നന്നായിരിക്കും. (1 തിമൊ. 3:1) ഇപ്പോൾത്തന്നെ മൂപ്പന്മാരായിരിക്കുന്നവരുടെ കാര്യമോ? ചില അപ്പൊസ്‌തലന്മാർക്ക്‌ ഉണ്ടായിരുന്നതുപോലെ സ്ഥാനമാനങ്ങൾക്കുള്ള ആഗ്രഹമോ അധികാരമോഹമോ തങ്ങൾക്കുണ്ടോ എന്ന്‌ അവർക്കും സത്യസന്ധമായി ഒന്നു വിലയിരുത്താനാകും. അപ്പൊസ്‌തലന്മാരിൽ ചിലർക്ക്‌ ഇക്കാര്യത്തിൽ ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിൽ മറ്റുള്ളവരുടെമേൽ അധികാരം പ്രയോഗിക്കാനുള്ള ലോകത്തിന്റെ പ്രവണത ഒഴിവാക്കാൻ മൂപ്പന്മാർ കഠിനശ്രമം ചെയ്യേണ്ടിവരും.

19. ആടുകളെ സംരക്ഷിക്കാൻവേണ്ട നടപടികൾ സ്വീകരിക്കുമ്പോൾ ഏതു കാര്യങ്ങൾ മൂപ്പന്മാർ ഓർക്കണം?

19 ചില സമയങ്ങളിൽ മൂപ്പന്മാർ ദൃഢത കാണിക്കേണ്ടതുണ്ട്‌ എന്നതു ശരിയാണ്‌. ആടുകളെ “കൊടിയ ചെന്നായ്‌ക്ക”ളിൽനിന്നു സംരക്ഷിക്കേണ്ടിവരുന്ന സാഹചര്യംതന്നെ ഉദാഹരണം. (പ്രവൃ. 20:28-30) “പൂർണ അധികാരത്തോടെ . . . പ്രബോധിപ്പിക്കുക; ശാസിക്കുക” എന്ന്‌ പൗലോസ്‌ തീത്തൊസിനോടു പറഞ്ഞു. (തീത്തൊ. 2:15) അത്തരം നടപടികൾ എടുക്കേണ്ടിവരുമ്പോഴും ഉൾപ്പെട്ടിരിക്കുന്നവരോട്‌ ആദരവോടെ ഇടപെടാൻ മൂപ്പന്മാർ ശ്രമിക്കുന്നു. കടുത്ത ഭാഷയിൽ കുറ്റപ്പെടുത്തുന്നതിലും ഏറെ ഗുണംചെയ്യുന്നത്‌ ദയയോടെ നൽകുന്ന പ്രോത്സാഹനമാണെന്ന്‌ അവർക്ക്‌ അറിയാം. മിക്കപ്പോഴും, മറ്റുള്ളവരുടെ ഹൃദയത്തെ സ്‌പർശിക്കാനും ശരിയായ ഗതി തിരഞ്ഞെടുക്കാൻ അവരെ പ്രേരിപ്പിക്കാനുമുള്ള ഫലപ്രദമായ മാർഗം ഇതാണ്‌.

20. ഉത്തമ മാതൃക വെക്കുന്നതിൽ മൂപ്പന്മാർക്ക്‌ യേശുവിനെ എങ്ങനെ അനുകരിക്കാം?

20 യേശുവിന്റെ നല്ല മാതൃക, ആടുകളെ സ്‌നേഹിക്കാൻ മൂപ്പന്മാരെ പ്രേരിപ്പിക്കുന്നു. (യോഹ. 13:12-15) പ്രസംഗ-ശിഷ്യരാക്കൽ വേലയിൽ യേശു തന്റെ ശിഷ്യന്മാരെ പഠിപ്പിച്ച വിധം ഹൃദയോഷ്‌മളമാണ്‌. അവൻ കാണിച്ച താഴ്‌മ ശിഷ്യന്മാരുടെ ഹൃദയത്തെ സ്‌പർശിച്ചു. “താഴ്‌മയോടെ മറ്റുള്ളവരെ . . . ശ്രേഷ്‌ഠരായി” കരുതി ജീവിക്കാൻ അത്‌ അവർക്കു പ്രചോദനമായി. (ഫിലി. 2:3) സമാനമായി യേശുവിന്റെ മാതൃക ഇന്ന്‌ മൂപ്പന്മാരെയും സ്വാധീനിക്കുന്നു. യേശുവിനെ അനുകരിക്കുന്ന അവർ “അജഗണത്തിനു മാതൃകകളായി”ത്തീരുന്നു.

21. മൂപ്പന്മാരെ എന്തു പ്രതിഫലം കാത്തിരിക്കുന്നു?

21 പത്രോസ്‌ മൂപ്പന്മാർക്കുള്ള തന്റെ ഉദ്‌ബോധനം ഉപസംഹരിക്കുന്നത്‌ മഹത്തായ ഒരു വാഗ്‌ദാനത്തോടെയാണ്‌. (1 പത്രോസ്‌ 5:4 വായിക്കുക.) അഭിഷിക്തരായ മേൽവിചാരകന്മാർക്ക്‌ ക്രിസ്‌തുവിനോടൊപ്പം സ്വർഗത്തിൽ “മഹത്ത്വത്തിന്റെ വാടാത്ത കിരീടം ലഭിക്കും.” “വേറെ ആടുക”ളിൽപ്പെട്ട ഇടയന്മാരുടെ കാര്യമോ? (യോഹ. 10:16) അവർ “മുഖ്യ ഇടയ”ന്റെ ഭരണത്തിൻകീഴിൽ ഭൂമിയിൽ ദൈവത്തിന്റെ ആടുകളെ മേയ്‌ക്കും. നേതൃസ്ഥാനത്ത്‌ നിയമിതരായിരിക്കുന്ന ഈ മൂപ്പന്മാരെ സഭാംഗങ്ങൾക്ക്‌ എങ്ങനെ പിന്തുണയ്‌ക്കാം? അടുത്ത ലേഖനം അതാണു ചർച്ചചെയ്യുന്നത്‌.

പുനരവലോകനം

• നിങ്ങളുടെ പരിപാലനത്തിലുള്ള ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയ്‌ക്കുവിൻ എന്ന്‌ സഹ മൂപ്പന്മാരോട്‌ പത്രോസ്‌ പറഞ്ഞത്‌ എന്തുകൊണ്ട്‌?

• ആത്മീയമായി രോഗികളായവരെ മൂപ്പന്മാർ എങ്ങനെ സഹായിക്കണം?

• തങ്ങളുടെ പരിപാലനത്തിലുള്ള ദൈവത്തിന്റെ ആടുകളെ മേയ്‌ക്കാൻ മൂപ്പന്മാരെ പ്രേരിപ്പിക്കുന്നത്‌ എന്താണ്‌?

[അധ്യയന ചോദ്യങ്ങൾ]

[21-ാം പേജിലെ ചിത്രം]

പുരാതന കാലത്തെ ഇടയന്മാരെപ്പോലെ, മൂപ്പന്മാർ തങ്ങളുടെ പരിപാലനത്തിലുള്ള ‘ആടുകളെ’ സംരക്ഷിക്കേണ്ടതാണ്‌