വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എങ്ങനെ ‘വിജയം വരിക്കാം?’

എങ്ങനെ ‘വിജയം വരിക്കാം?’

എങ്ങനെ ‘വിജയം വരിക്കാം?’

“വിജയം!” കാതിന്‌ ഇമ്പമേകുന്ന വാക്ക്‌. ചിലർ തൊഴിൽമേഖലയിൽ ഒന്നിനുപുറകെ ഒന്നായി സ്ഥാനമാനങ്ങൾ കൈപ്പിടിയിലാക്കുകയും പണവും പ്രശസ്‌തിയും നേടുകയും ചെയ്‌തിരിക്കുന്നു. എന്നാൽ, നേട്ടങ്ങളുടെ പടവുകൾ കയറുന്നതു സ്വപ്‌നംകണ്ടുകഴിഞ്ഞ മറ്റു ചിലരെ കാത്തിരുന്നതോ പരാജയവും.

ഒരു വ്യക്തി ജീവിതത്തിൽ വിജയിക്കുമോ എന്നത്‌ അയാൾ ജീവിതത്തിൽ എന്തിനാണ്‌ പ്രാധാന്യം നൽകുന്നത്‌ എന്നതിനെ ആശ്രയിച്ചിരിക്കും. അയാൾ തന്റെ സമയവും ഊർജവും ജ്ഞാനപൂർവം വിനിയോഗിക്കുകയും മുന്നിട്ടിറങ്ങി പ്രവർത്തിക്കുകയും വേണം.

മുഴുസമയ ശുശ്രൂഷയിലായിരിക്കുന്നത്‌ ഏറെ സംതൃപ്‌തി നൽകുന്നതായി പല ക്രിസ്‌ത്യാനികളും കണ്ടെത്തിയിട്ടുണ്ട്‌. അതു തങ്ങളുടെ ജീവിതവൃത്തിയാക്കിയ ചെറുപ്പക്കാരും പ്രായമായവരും വിജയത്തിന്റെ മധുരം നുണഞ്ഞിരിക്കുന്നു. എന്നാൽ ചിലർക്ക്‌ ശുശ്രൂഷയിൽ പങ്കെടുക്കുന്നതു ബോറടിപ്പിക്കുന്ന അനുഭവമാണ്‌. അതുകൊണ്ട്‌ അതിനെ പിന്തള്ളി മറ്റു ലക്ഷ്യങ്ങൾക്കു പിന്നാലെ അവർ പോകുന്നു. എന്തുകൊണ്ടാണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌? യഥാർഥ മൂല്യമുള്ള കാര്യങ്ങളിൽനിന്ന്‌ ശ്രദ്ധപതറാതിരിക്കാൻ നിങ്ങൾക്ക്‌ എന്തു ചെയ്യാം? ‘വിജയം വരിക്കാൻ’ എങ്ങനെ കഴിയും?—യോശു. 1:8, പി.ഒ.സി. ബൈബിൾ.

പാഠ്യേതര പ്രവർത്തനങ്ങളും ഹോബികളും

പാഠ്യേതര പ്രവർത്തനങ്ങളെ അതിന്റെ സ്ഥാനത്തു നിറുത്തി ദൈവസേവനത്തിനു പ്രഥമസ്ഥാനം നൽകാൻ ക്രിസ്‌തീയ യുവാക്കൾ ശ്രദ്ധയുള്ളവരായിരിക്കണം. അങ്ങനെ ചെയ്യുന്നവർ പ്രശംസ അർഹിക്കുന്നു; അവർ വിജയസോപാനമേറും.

എന്നാൽ ചില യുവാക്കൾ പാഠ്യേതര പ്രവർത്തനങ്ങൾക്കായും ഹോബികൾക്കായും ധാരാളം സമയം ചെലവഴിക്കുന്നു. അത്തരം പ്രവർത്തനങ്ങൾ അതിൽത്തന്നെ തെറ്റല്ലായിരിക്കാം. എന്നിരുന്നാലും യുവക്രിസ്‌ത്യാനികൾ പിൻവരുന്ന കാര്യങ്ങൾ പരിചിന്തിക്കണം: ‘ഈ പ്രവർത്തനങ്ങൾ എത്രമാത്രം സമയം കവരുന്നുണ്ട്‌? ആരുമായാണ്‌ ഞാൻ ഈ പ്രവർത്തനങ്ങൾക്കിടയിൽ സഹവസിക്കുന്നത്‌? അവർ ഏതു തരക്കാരാണ്‌? എന്റെ ജീവിതത്തിലെ പ്രഥമസ്ഥാനം ഇത്‌ കൈയടക്കുമോ?’ ഈവക കാര്യങ്ങളിൽ മുഴുകിയാൽ ദൈവവുമായുള്ള ബന്ധം നിലനിറുത്താൻ വേണ്ട സമയവും ഊർജവും ഇല്ലാതെപോകാൻ ഇടയുണ്ട്‌ എന്ന്‌ ഓർക്കുക. ജീവിതത്തിൽ മുൻഗണനകൾ വെക്കേണ്ടത്‌ പ്രധാനമാണെന്നല്ലേ ഇതു കാണിക്കുന്നത്‌?—എഫെ. 5:15-17.

വിക്‌ടറിന്റെ * കാര്യംതന്നെ എടുക്കാം. അവൻ തന്റെ അനുഭവം വിവരിക്കുന്നു: “12-ാം വയസ്സിൽ ഞാൻ ഒരു വോളിബോൾ ക്ലബിൽ ചേർന്നു. കാലാന്തരത്തിൽ എനിക്ക്‌ പല സമ്മാനങ്ങളും അവാർഡുകളും ലഭിച്ചു. ഒരു താരമായിത്തീരാൻ എനിക്കാകുമായിരുന്നു.” പക്ഷേ, കളിയിൽ കൂടുതൽ ശ്രദ്ധിച്ചതിനാൽ തന്റെ ആത്മീയത കുറഞ്ഞുവരുന്നതായി അവൻ മനസ്സിലാക്കി; അവനു മനസ്സാക്ഷിക്കുത്ത്‌ തോന്നി. ഒരു ദിവസം ബൈബിൾ വായിക്കുന്നതിനിടയിൽ അവൻ ഉറങ്ങിപ്പോയി. വയൽസേവനത്തിൽ ഏർപ്പെടുന്നത്‌ കാര്യമായ സന്തോഷം നൽകാതെയുമായി. അവൻ പറയുന്നു: “കളി കഴിഞ്ഞുവന്നാൽ മറ്റൊന്നും ചെയ്യാനുള്ള ശക്തി എനിക്കുണ്ടായിരുന്നില്ല. അത്‌ ആത്മീയ പ്രവർത്തനങ്ങളിലുള്ള എന്റെ തീക്ഷ്‌ണതയും കവരുകയാണെന്ന്‌ വൈകാതെ ഞാൻ തിരിച്ചറിഞ്ഞു. എന്നെക്കൊണ്ട്‌ കഴിയുന്നതെല്ലാം ഞാൻ ചെയ്യുന്നില്ല എന്ന്‌ എനിക്ക്‌ അറിയാമായിരുന്നു.”

ഉന്നത വിദ്യാഭ്യാസം

കുടുംബത്തിനുവേണ്ടി കരുതാനുള്ള ഉത്തരവാദിത്വം ഒരു ക്രിസ്‌ത്യാനിക്കുണ്ട്‌; കുടുംബത്തിന്റെ ഭൗതിക ആവശ്യങ്ങൾ നിറവേറ്റുന്നതും അതിൽ ഉൾപ്പെടുന്നു. (1 തിമൊ. 5:8) എന്നാൽ ഇതിന്‌ ഒരു സർവകലാശാലാ ബിരുദം വേണമെന്നുണ്ടോ?

ഉന്നത വിദ്യാഭ്യാസം നേടുന്നത്‌ ദൈവവുമായുള്ള ബന്ധത്തെ എങ്ങനെ ബാധിക്കുമെന്ന്‌ ചിന്തിക്കേണ്ടതുണ്ട്‌. അതു മനസ്സിലാക്കാൻ ഒരു ബൈബിൾ ദൃഷ്ടാന്തം പരിചിന്തിക്കാം.

യിരെമ്യാവിന്റെ സെക്രട്ടറിയായിരുന്നു ബാരൂക്‌. യഹോവയുടെ സേവനത്തിൽ തനിക്കുള്ള പദവികൾ വിലമതിക്കാൻ ഒരു ഘട്ടത്തിൽ അവനു കഴിഞ്ഞില്ല; ലോകത്തിലെ വലിയ കാര്യങ്ങൾ അവൻ ആശിച്ചു. ഇക്കാര്യം ശ്രദ്ധിച്ച യഹോവ യിരെമ്യാവിലൂടെ ബാരൂക്കിന്‌ ഈ മുന്നറിയിപ്പു നൽകി: “നീ നിനക്കായിട്ടു വലിയ കാര്യങ്ങളെ ആഗ്രഹിക്കുന്നുവോ? ആഗ്രഹിക്കരുത്‌.”—യിരെ. 45:5.

ബാരൂക്‌ ആഗ്രഹിച്ച ‘വലിയ കാര്യങ്ങൾ’ എന്തായിരുന്നു? അന്നത്തെ യഹൂദന്മാർക്കിടയിൽ പേരും പ്രശസ്‌തിയും നേടാൻ അവൻ ആഗ്രഹിച്ചിരിക്കാം. അല്ലെങ്കിൽ, സ്വത്തു സമ്പാദിക്കാനായിരിക്കും അവൻ ഇച്ഛിച്ചത്‌. എന്തായിരുന്നാലും, അവൻ ആത്മീയ മൂല്യമുള്ള പ്രാധാന്യമേറിയ കാര്യങ്ങൾക്കു മുൻതൂക്കം നൽകാതെയായി. (ഫിലി. 1:10) എന്നാൽ യഹോവ യിരെമ്യാവിലൂടെ നൽകിയ മുന്നറിയിപ്പ്‌ ബാരൂക്‌ ശ്രദ്ധിച്ചു. അതുകൊണ്ട്‌ അവന്‌ തന്റെ ജീവൻ രക്ഷിക്കാനായി.—യിരെ. 43:6.

ഈ വിവരണത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം? ബാരൂക്കിന്റെ ചിന്താഗതിക്ക്‌ എന്തോ പ്രശ്‌നമുണ്ടായിരുന്നു എന്ന്‌ അവനു ലഭിച്ച ബുദ്ധിയുപദേശത്തിൽനിന്നു മനസ്സിലാക്കാം. അതെ, അവൻ തനിക്കായി വലിയ കാര്യങ്ങൾ ആഗ്രഹിച്ചു. ജീവിക്കാൻ വകയുണ്ടെങ്കിൽ നിങ്ങൾ വീട്ടുകാരുടെയും ബന്ധുക്കളുടെയും ആഗ്രഹത്തിനു വഴങ്ങി, അല്ലെങ്കിൽ, നേട്ടങ്ങൾ കൈവരിച്ചു എന്ന്‌ സ്വയം അഭിമാനിക്കാനായി സമയവും പണവും ചെലവഴിച്ച്‌ കൂടുതൽ വിദ്യാഭ്യാസം നേടാൻ കഷ്ടപ്പെടേണ്ടതുണ്ടോ?

ജോർജ്‌ ഒരു കമ്പ്യൂട്ടർ പ്രോഗ്രാമറാണ്‌. സഹജോലിക്കാരുടെ നിർബന്ധത്തിനു വഴങ്ങി ജോലിയുമായി ബന്ധപ്പെട്ട ഒരു പ്രത്യേക മേഖലയിൽ കൂടുതൽ വൈദഗ്‌ധ്യം നേടാൻ സഹായിക്കുന്ന ഒരു കോഴ്‌സിന്‌ അദ്ദേഹം ചേർന്നു. അതോടെ ആത്മീയ പ്രവർത്തനങ്ങൾക്കു സമയമില്ലാതായി. അദ്ദേഹം പറയുന്നു: “നിന്നുതിരിയാൻ എനിക്കു നേരമില്ലായിരുന്നു. ഞാൻ വെച്ച ആത്മീയ ലക്ഷ്യങ്ങളിലൊന്നും എത്തിച്ചേരാൻ കഴിഞ്ഞിരുന്നില്ല. അത്‌ എന്നെ വല്ലാതെ അലട്ടി.”

‘ജോലിയേ ശരണം’

തൊഴിലാളികളായാലും തൊഴിലുടമകളായാലും സത്യക്രിസ്‌ത്യാനികൾ കഠിനാധ്വാനികളും ഉത്തരവാദിത്വബോധമുള്ളവരും ആയിരിക്കണമെന്നാണ്‌ ദൈവവചനം പറയുന്നത്‌. പൗലോസ്‌ എഴുതി: “നിങ്ങൾ ചെയ്യുന്നതൊക്കെയും മനുഷ്യർക്ക്‌ എന്നപോലെയല്ല, യഹോവയ്‌ക്ക്‌ എന്നപോലെ മുഴുദേഹിയോടെ ചെയ്യുവിൻ.” (കൊലോ. 3:22, 23) കഠിനാധ്വാനം ശ്ലാഘനീയമാണെങ്കിലും അതിലും പ്രധാനമാണ്‌ സ്രഷ്ടാവുമായുള്ള ഉറ്റബന്ധം. (സഭാ. 12:13) ‘ജോലിയേ ശരണം’ എന്നമട്ടിൽ ജീവിച്ചാൽ ഒരു ക്രിസ്‌ത്യാനിയുടെ ആത്മീയ പ്രവർത്തനങ്ങൾ അവതാളത്തിലാകും.

ജോലിയിൽ ആമഗ്നനാകുന്ന ഒരു ക്രിസ്‌ത്യാനിക്ക്‌ സ്വന്തം ആത്മീയത നിലനിറുത്താനും കുടുംബത്തിനുവേണ്ട പിന്തുണ നൽകാനും ശേഷി ഉണ്ടാവില്ല. ‘രണ്ടു കയ്യും നിറയെയുള്ള അദ്ധ്വാനം’ മിക്കപ്പോഴും “വൃഥാപ്രയത്‌ന”മായിത്തീരുമെന്ന്‌ ശലോമോൻ പറയുകയുണ്ടായി. ഒരു പരിധിവിട്ട്‌ ജോലിയിൽ മുഴുകുന്ന വ്യക്തിക്ക്‌ ദീർഘകാലം നീണ്ടുനിൽക്കുന്ന കടുത്ത മാനസിക സമ്മർദം അനുഭവപ്പെട്ടേക്കാം. അയാൾ ജോലിക്ക്‌ അടിമപ്പെട്ട്‌ സർവശക്തിയും ചോർന്ന അവസ്ഥയിലാകാനിടയുണ്ട്‌. ഇങ്ങനെയൊരു അവസ്ഥയിൽ ആയിത്തീർന്ന വ്യക്തി “തന്റെ സകലപ്രയത്‌നംകൊണ്ടും സുഖം അനുഭവി”ക്കുന്നു എന്ന്‌ പറയാനാകുമോ? (സഭാ. 3:12, 13; 4:6) കുടുംബ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാനും ആത്മീയ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും വേണ്ട ശാരീരികവും മാനസികവുമായ ത്രാണി അദ്ദേഹത്തിന്‌ ഉണ്ടാകുമോ?

കിഴക്കൻ യൂറോപ്പിൽ താമസിക്കുന്ന യാനുഷ്‌ ബിസിനസ്സിൽ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. അദ്ദേഹം ഓർക്കുന്നു: “പുതിയ സംരംഭങ്ങൾ തുടങ്ങാനും ഉത്തരവാദിത്വങ്ങൾ ഭംഗിയായി ചെയ്‌തുതീർക്കാനും ഉള്ള എന്റെ കഴിവിനെ ആളുകൾ പ്രശംസിച്ചിരുന്നു. പക്ഷേ എന്റെ ആത്മീയത ക്ഷയിച്ചു. ഞാൻ വയൽസേവനത്തിനു പോകാതെയായി. വൈകാതെ യോഗങ്ങളും ഉപേക്ഷിച്ചു. മൂപ്പന്മാരുടെ ബുദ്ധിയുപദേശം സ്വീകരിക്കാനുള്ള താഴ്‌മ എനിക്കുണ്ടായിരുന്നില്ല. അങ്ങനെ ഞാൻ സഭയിൽനിന്ന്‌ അകന്നുപോയി.”

നിങ്ങൾക്ക്‌ വിജയം നേടാനാകും!

പരിധിവിട്ടാൽ ഒരു വ്യക്തിയുടെ ആത്മീയതയെ അപകടത്തിലാക്കിയേക്കാവുന്ന മൂന്നുകാര്യങ്ങളെക്കുറിച്ചു നാം ചർച്ചചെയ്‌തു. ഇതിൽ ഏതിലെങ്കിലും നിങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ? ഉണ്ടെങ്കിൽ, പിൻവരുന്ന ചോദ്യങ്ങളും തിരുവെഴുത്തുകളും അഭിപ്രായങ്ങളും ശ്രദ്ധിക്കുക. നിങ്ങൾ വിജയവീഥിയിൽത്തന്നെയാണോ സഞ്ചരിക്കുന്നതെന്നു തിട്ടപ്പെടുത്താൻ അതു സഹായിക്കും.

പാഠ്യേതര പ്രവർത്തനങ്ങളും ഹോബികളും: ഇവയിൽ നിങ്ങൾ എത്രമാത്രം ഉൾപ്പെടുന്നുണ്ട്‌? ആത്മീയ കാര്യങ്ങൾക്കായി മുമ്പത്തെയത്ര സമയം വിനിയോഗിക്കാനാകാത്ത അവസ്ഥയാണോ ഇപ്പോൾ? സഹവിശ്വാസികളോടൊത്തു സഹവസിക്കാനുള്ള താത്‌പര്യം കുറഞ്ഞിട്ടുണ്ടോ? എങ്കിൽ, “ഞാൻ നടക്കേണ്ടുന്ന വഴി എന്നെ അറിയിക്കേണമേ” എന്ന്‌ ദാവീദിനെപ്പോലെ യഹോവയോടു യാചിക്കുക.—സങ്കീ. 143:8.

തുടക്കത്തിൽ പരാമർശിച്ച വിക്‌ടറിനെ ഒരു സഞ്ചാരമേൽവിചാരകൻ സഹായിച്ചു. അദ്ദേഹം പറഞ്ഞു: “നിനക്കു വോളിബോളിനെക്കുറിച്ചു പറയുമ്പോൾ നൂറുനാവാണല്ലോ.” “ആ വാക്കുകൾ എന്നെ ഇരുത്തി ചിന്തിപ്പിച്ചു. കളിയിൽ ഞാൻ എത്രമാത്രം മുഴുകിപ്പോയി എന്നു മനസ്സിലായത്‌ അപ്പോഴാണ്‌. പെട്ടെന്നുതന്നെ ലോകക്കാരുമായുള്ള ചങ്ങാത്തം ഉപേക്ഷിച്ച്‌ സഭയിൽ കൂട്ടുകാരെ കണ്ടെത്തി,” വിക്‌ടർ ഓർക്കുന്നു. വിക്‌ടർ ഇന്ന്‌ സഭയിൽ തീക്ഷ്‌ണതയോടെ പ്രവർത്തിക്കുന്ന ഒരാളാണ്‌. അദ്ദേഹത്തിനു പറയാനുള്ളത്‌ ഇതാണ്‌: “കൂട്ടുകാരോടോ മാതാപിതാക്കളോടോ മൂപ്പന്മാരോടോ ‘പാഠ്യേതര പ്രവർത്തനങ്ങൾ എന്നെ ദൈവത്തിൽനിന്ന്‌ അകറ്റിക്കൊണ്ടുപോകുന്നതായി ശ്രദ്ധിച്ചിട്ടുണ്ടോ?’ എന്ന്‌ ചോദിച്ചു നോക്കുക.”

ദൈവസേവനത്തിൽ കൂടുതൽ പദവികൾക്കായി പരിശ്രമിക്കാൻ സന്നദ്ധനാണെന്ന്‌ നിങ്ങൾക്കു മൂപ്പന്മാരോടു പറയാവുന്നതാണ്‌. സാധനങ്ങൾ വാങ്ങാനും വീട്ടുജോലികൾ ചെയ്യാനും സഭയിലെ പ്രായമായവരെ സഹായിക്കാനാകുമോ? നിങ്ങൾ ചെറുപ്പമാണെങ്കിൽപ്പോലും സുവാർത്ത മറ്റുള്ളവരുമായി പങ്കുവെച്ചുകൊണ്ട്‌ മുഴുസമയ ശുശ്രൂഷയുടെ സന്തോഷം ആസ്വദിക്കാനുള്ള അവസരങ്ങൾ നിങ്ങളുടെ മുമ്പാകെ തുറന്നുകിടക്കുന്നുണ്ട്‌.

ഉന്നത വിദ്യാഭ്യാസം: “സ്വന്തം കീർത്തിക്കായി ശ്രമിക്കു”ന്നതിനെ യേശു കുറ്റംവിധിച്ചു. (യോഹ. 7:18) എത്രത്തോളം ലൗകിക വിദ്യാഭ്യാസം നേടണമെന്നു തീരുമാനിക്കുന്നതിനുമുമ്പ്‌ നിങ്ങൾ ‘പ്രാധാന്യമേറിയ കാര്യങ്ങൾ ഉറപ്പാക്കണം.’—ഫിലി. 1:9, 10.

കമ്പ്യൂട്ടർ പ്രോഗ്രാമറായ ജോർജ്‌ തന്റെ ജീവിതത്തിൽ ചില മാറ്റങ്ങൾ വരുത്തി. അദ്ദേഹം പറയുന്നു: “മൂപ്പന്മാരുടെ ബുദ്ധിയുപദേശം അനുസരിച്ച്‌ ഞാൻ എന്റെ ജീവിതം ലളിതമാക്കി; കൂടുതൽ പഠിക്കേണ്ടതില്ല എന്നു തീരുമാനിച്ചു. എന്റെ സമയം അത്‌ കവർന്നെടുക്കുമെന്നും മറ്റു കാര്യങ്ങൾ ചെയ്യാനുള്ള ശേഷിയെ ബാധിക്കുമെന്നും ഞാൻ തിരിച്ചറിഞ്ഞു.” ജോർജ്‌ സഭയിൽ കൂടുതൽ സജീവമായി പ്രവർത്തിക്കാൻ തുടങ്ങി. ഏകാകികളായ സഹോദരന്മാർക്കുള്ള ബൈബിൾ സ്‌കൂൾ എന്ന്‌ ഇപ്പോൾ അറിയപ്പെടുന്ന ശുശ്രൂഷാ പരിശീലന സ്‌കൂളിൽ പങ്കെടുക്കുകയും ചെയ്‌തു. അതെ, ദൈവിക വിദ്യാഭ്യാസം കൂടുതലായി നേടാൻ അദ്ദേഹം ‘സമയം വിലയ്‌ക്കുവാങ്ങി.’—എഫെ. 5:16, അടിക്കുറിപ്പ്‌.

ജോലി: ജോലിക്കായി നിങ്ങൾ കണക്കിലേറെ സമയം ചെലവഴിക്കുന്നുണ്ടോ? അതുനിമിത്തം ആത്മീയ കാര്യങ്ങളിൽ ഉപേക്ഷ വിചാരിക്കാൻ ഇടവരുന്നുണ്ടോ? കുടുംബാംഗങ്ങളോടു സംസാരിക്കാൻ നിങ്ങൾക്കു വേണ്ടത്ര സമയം കണ്ടെത്താനാകുന്നുണ്ടോ? സഭയിൽ ലഭിക്കുന്ന പരിപാടികളുടെ കാര്യമോ? ഓരോ തവണയും കൂടുതൽ നന്നായി അവ നിർവഹിക്കാൻ നിങ്ങൾക്കു കഴിയുന്നുണ്ടോ? മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാൻ നിങ്ങൾക്കാകുന്നുണ്ടോ? “ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്‌പനകളെ പ്രമാണി”ച്ചാൽ യഹോവ നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കും; സ്വന്തം ‘പ്രയത്‌നത്താൽ സുഖം അനുഭവിക്കാനും’ കഴിയും.—സഭാ. 2:24; 12:13.

മുമ്പു പറഞ്ഞ യാനുഷിന്‌ വിജയം കൊയ്യാനായില്ല, അദ്ദേഹത്തിന്റെ ബിസിനസ്സ്‌ തകരുകയാണുണ്ടായത്‌. കടത്തിൽ മുങ്ങി വരുമാനമില്ലാതായപ്പോൾ അദ്ദേഹം യഹോവയിലേക്കു തിരിഞ്ഞു; ജീവിതം ക്രമപ്പെടുത്തി. തന്നിമിത്തം ഒരു സാധാരണ പയനിയറായും മൂപ്പനായും സേവിക്കാൻ അദ്ദേഹത്തിന്‌ ഇപ്പോൾ കഴിയുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധിക്കുക: “ഉള്ളതു മതി എന്നു ചിന്തിച്ച്‌ ആത്മീയ കാര്യങ്ങളിൽ ശ്രദ്ധപതിപ്പിക്കുന്നതിനാൽ എനിക്ക്‌ ഇപ്പോൾ മനസ്സമാധാനം ഉണ്ട്‌.”—ഫിലി. 4:6, 7.

നിങ്ങളുടെ മനോഭാവവും മുൻഗണനകളും സത്യസന്ധമായൊന്നു വിലയിരുത്തുക. യഹോവയെ സേവിക്കുന്നതാണ്‌ ജീവിതവിജയത്തിനുള്ള മാർഗം. നിങ്ങളുടെ ജീവിതത്തിൽ അതിനായിരിക്കട്ടെ പ്രഥമസ്ഥാനം!

“നല്ലതും സ്വീകാര്യവും പരിപൂർണവുമായ ദൈവഹിതം” തിരിച്ചറിയാൻ നിങ്ങളുടെ ജീവിതത്തിൽ ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ടായിരിക്കാം; ചില കാര്യങ്ങൾ പാടേ ഒഴിവാക്കേണ്ടതായുംവരും. (റോമ. 12:2) അങ്ങനെ മുഴുദേഹിയോടെ ദൈവത്തെ സേവിക്കുന്നെങ്കിൽ നിങ്ങൾക്കു ‘വിജയം വരിക്കാനാകും,’ നിശ്ചയം!

[അടിക്കുറിപ്പ്‌]

^ ഖ. 8 ചില പേരുകൾ മാറ്റിയിരിക്കുന്നു.

[31-ാം പേജിലെ ചതുരം/ചിത്രം]

വിജയം വരിക്കാൻ എങ്ങനെ കഴിയും?

നിങ്ങളുടെ സമയം കവരുന്ന പലതും ഉള്ളപ്പോൾ മൂല്യമുള്ള കാര്യങ്ങൾ അവഗണിക്കപ്പെടുന്നില്ലെന്ന്‌ എങ്ങനെ ഉറപ്പുവരുത്താം? പിൻവരുന്ന ചോദ്യങ്ങൾ ഉപയോഗിച്ച്‌ നിങ്ങളുടെ ആന്തരവും മുൻഗണനകളും പരിശോധിക്കുക.

പാഠ്യേതര പ്രവർത്തനങ്ങളും ഹോബികളും

▪ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ മറ്റുള്ളവരുടെ ഏതു മനോഭാവങ്ങൾ നിങ്ങളെ സ്വാധീനിക്കാൻ ഇടയുണ്ട്‌?

▪ അവയ്‌ക്കുവേണ്ടി എത്രമാത്രം സമയം നിങ്ങൾ ചെലവഴിക്കുന്നുണ്ട്‌?

▪ നിങ്ങളുടെ ജീവിതത്തിലെ പ്രധാനസംഗതിയായി അവ മാറുമോ?

▪ ആത്മീയ കാര്യങ്ങൾക്കായി മുമ്പത്തെയത്ര സമയം വിനിയോഗിക്കാനാകാത്ത അവസ്ഥയാണോ ഇപ്പോൾ?

▪ ഏതുതരം ആളുകളോടൊപ്പമാണ്‌ സഹവസിക്കേണ്ടിവരുന്നത്‌?

▪ അവർ സഹവിശ്വാസികളെക്കാൾ ഇടപെടാൻ കൊള്ളാവുന്നവരാണ്‌ എന്ന്‌ നിങ്ങൾക്കു തോന്നാറുണ്ടോ?

ഉന്നത വിദ്യാഭ്യാസം

▪ ജീവിക്കാൻ വകയുണ്ടെങ്കിൽ സമയവും പണവും ചെലവഴിച്ച്‌ കൂടുതൽ വിദ്യാഭ്യാസം നേടാൻ കഷ്ടപ്പെടേണ്ടതുണ്ടോ?

▪ സ്വന്തം കാലിൽ നിൽക്കാൻ ഒരു സർവകലാശാലാ ബിരുദം വേണമെന്നുണ്ടോ?

▪ യോഗങ്ങൾ മുടങ്ങാൻ സാധ്യതയുണ്ടോ?

▪ നിങ്ങൾ ‘പ്രാധാന്യമേറിയ കാര്യങ്ങൾ ഉറപ്പാക്കിയിട്ടുണ്ടോ?’

▪ നിങ്ങൾക്കുവേണ്ടി കരുതാൻ യഹോവ പ്രാപ്‌തനാണെന്ന വിശ്വാസം ശക്തമാക്കേണ്ടതുണ്ടോ?

ജോലി

▪ സ്വന്തം ‘പ്രയത്‌നത്തിന്റെ സുഖം അനുഭവിക്കാൻ’ സഹായിക്കുന്ന ജോലിയാണോ നിങ്ങളുടേത്‌?

▪ ജോലി കഴിഞ്ഞു വന്നശേഷം കുടുംബ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാനും ആത്മീയ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും വേണ്ട ശാരീരികവും മാനസികവുമായ ശേഷി നിങ്ങൾക്ക്‌ ഉണ്ടോ?

▪ കുടുംബാംഗങ്ങളോടു സംസാരിക്കാൻ നിങ്ങൾക്കു വേണ്ടത്ര സമയം കണ്ടെത്താനാകുന്നുണ്ടോ?

▪ ജോലിക്കായി കണക്കിലേറെ സമയം ചെലവഴിക്കുന്നതു കാരണം ആത്മീയ കാര്യങ്ങളിൽ ഉപേക്ഷ വിചാരിക്കാൻ ഇടവരുന്നുണ്ടോ?

▪ സഭയിൽ ലഭിക്കുന്ന പരിപാടികൾ നന്നായി നിർവഹിക്കാൻ നിങ്ങൾക്കു കഴിയുന്നുണ്ടോ?

[30-ാം പേജിലെ ചിത്രം]

വലിയ കാര്യങ്ങൾ ആഗ്രഹിക്കരുതെന്ന്‌ യഹോവ ബാരൂക്കിന്‌ മുന്നറിയിപ്പു നൽകി